വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

അപ്രതീ​ക്ഷി​ത​മാ​യ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരി​ടാം?

അപ്രതീ​ക്ഷി​ത​മാ​യ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരി​ടാം?

 ദുരന്തങ്ങൾ ആരെ വേണ​മെ​ങ്കി​ലും ബാധി​ക്കാം. ബൈബിൾ പറയുന്നു: “വേഗതയുള്ളവർ ഓട്ടത്തി​ലും വീരന്മാർ യുദ്ധത്തി​ലും നേടു​ന്നി​ല്ല ... അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കു​ന്നത്‌ (“എല്ലാം യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്ന​താണ്‌,” പി.ഒ.സി.).” (സഭാപ്രസംഗി 9:11) ദുരന്തങ്ങൾ യുവജ​ന​ങ്ങ​ളെ​യും ബാധി​ക്കാ​റുണ്ട്‌. അപ്പോൾ അവർ എങ്ങനെയാണ്‌ അത്തരം സാഹച​ര്യങ്ങൾ കൈകാ​ര്യം ചെയ്യുക? നമുക്കു രണ്ട്‌ ഉദാഹരണങ്ങൾ നോക്കാം.

 റിബേക്ക

 എനിക്ക്‌ 14 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി.

 അവർ വിവാ​ഹ​മോ​ച​നം നടത്തു​ക​യ​ല്ലെന്ന്‌ ഞാൻ എന്നോ​ടു​ത​ന്നെ പറഞ്ഞു. ഒരുപക്ഷേ, ഡാഡിക്ക്‌ ഒറ്റയ്‌ക്കായിരിക്കാൻ അല്‌പം സമയം വേണം, അത്രമാ​ത്രം. മമ്മിയെ ഡാഡിക്ക്‌ ഇഷ്ടമാണ്‌—പിന്നെ എന്തിനാണ്‌ മമ്മിയെ പിരി​യു​ന്നത്‌, എന്നെ പിരി​യു​ന്നത്‌?

 സംഭവി​ക്കു​ന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റാരോടെങ്കിലും പറയാൻ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതെക്കുറിച്ച്‌ ചിന്തിക്കാനേ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ ദേഷ്യത്തിലായിരുന്നു, പക്ഷേ അന്നു ഞാൻ അക്കാര്യം തിരിച്ചറിഞ്ഞില്ല. ഉത്‌ക​ണ്‌ഠകൊണ്ടുള്ള പ്രശ്‌നങ്ങൾ എനിക്ക്‌ ഉണ്ടായി. ഉറക്കവും നഷ്ടപ്പെട്ടു.

 എനിക്ക്‌ 19 വയസ്സുള്ളപ്പോൾ കാൻസർ മൂലം മമ്മിയെ നഷ്ടപ്പെട്ടു. മമ്മി എന്റെ ഏറ്റവും അടുത്ത കൂട്ടു​കാ​രി​യാ​യി​രു​ന്നു.

 മാതാ​പി​താ​ക്ക​ളു​ടെ വേർപിരിയൽ ഒരു ഞെട്ടലാ​യി​രു​ന്നു, മമ്മിയു​ടെ മരണം കൂടിയായപ്പോൾ ഞാനാകെ തകർന്നുപോയി. ഉറക്കം ഇല്ല, എപ്പോ​ഴും ഉത്‌ക​ണ്‌ഠ. ഇപ്പോ​ഴും ഞാനതു മറിക​ട​ന്നി​ട്ടി​ല്ല.

 അതേസ​മ​യം, സഹായ​ക​മാ​യ മറ്റ്‌ അനേകം കാര്യ​ങ്ങ​ളും ഞാൻ കണ്ടെത്തി. അതി​ലൊ​ന്നാണ്‌, സ്വയം ഒറ്റപ്പെ​ടു​ത്തു​ന്ന​തിന്‌ എതി​രെ​യു​ള്ള സദൃശവാക്യങ്ങൾ 18:1-ലെ മുന്നറി​യിപ്പ്‌. അതിലെ ബുദ്ധി​യു​പ​ദേ​ശം അനുസരിക്കാൻ ഞാൻ തീരു​മാ​നി​ച്ചു.

 ഒരു യഹോ​വ​യു​ടെ സാക്ഷി എന്നനിലയിൽ പ്രോ​ത്സാ​ഹ​നം പകരുന്ന നമ്മുടെ ബൈബി​ള​ധി​ഷ്‌ഠി​ത പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ഞാൻ ശ്രമി​ക്കു​ന്നു. മാതാപിതാക്കൾ സമയത്ത്‌ എന്നെ ഏറെ സഹായിച്ച ഒരു പുസ്‌ത​ക​മാ​യി​രു​ന്നു യുവജനങ്ങൾ ചോദി​ക്കു​ന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മാ​യ ഉത്തരങ്ങ​ളും, വാല്യം 2 (ഇംഗ്ലീഷ്‌). അതിലെ “മാതാപിതാക്കളിൽ ഒരാൾ മാത്ര​മു​ള്ള കുടുംബത്തിൽ സന്തുഷ്ടരായിരിക്കാൻ കഴിയു​മോ?” എന്ന അധ്യായം വായി​ച്ചത്‌ ഞാൻ ഇപ്പോ​ഴും ഓർക്കുന്നു.

 ഉത്‌ക​ണ്‌ഠ കുറയ്‌ക്കാൻ സഹായിച്ച പ്രിയ​പ്പെട്ട ഒരു തിരു​വെ​ഴു​ത്താണ്‌ മത്തായി 6:25-34-ലെ 27-ാം വാക്യം. അവിടെ യേശു ചോദി​ക്കു​ന്നു: “ഉത്‌കണ്‌ഠപ്പെടുന്നതിനാൽ ആയുസ്സി​നോട്‌ ഒരു മുഴം a കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?”

 എല്ലാവർക്കും മോശ​മാ​യ കാര്യങ്ങൾ സംഭവി​ക്കു​ന്നുണ്ട്‌. മമ്മിയിൽനിന്നും ഞാൻ ഒരു കാര്യം പഠിച്ചു: പരി​ശോ​ധ​ന​ക​ളെ നമ്മൾ നേരി​ടു​ന്ന വിധം പ്രധാ​ന​മാണ്‌. മമ്മി അനേകം ദുരന്ത​ങ്ങ​ളെ നേരിട്ടു—വിവാ​ഹ​മോ​ച​നം, അതിനു പിന്നാലെ മാരക​മാ​യ രോഗം. എന്നാൽ ആ സമയങ്ങ​ളി​ലെ​ല്ലാം മമ്മി ശുഭ​പ്ര​തീ​ക്ഷ​യോ​ടെ​യുള്ള ഒരു മനോ​ഭാ​വം വെച്ചുപുലർത്തി. ദൈവ​ത്തി​ലു​ള്ള വിശ്വാ​സം മമ്മി അവസാ​നം​വ​രെ ശക്തമാക്കി നിറുത്തി. യഹോ​വ​യെ​ക്കു​റിച്ച്‌ മമ്മി പഠിപ്പി​ച്ചു​തന്ന കാര്യങ്ങൾ ഞാൻ ഒരിക്ക​ലും മറക്കില്ല.

 ചിന്തിക്കാൻ: ദുരന്തങ്ങൾ നേരിടാൻ ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്നത്‌ നമ്മെ എങ്ങനെ സഹായി​ക്കും?—സങ്കീർത്തനം 94:19.

 കോർഡെൽ

 17 വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം ഞാൻ നേരിൽ കണ്ടു. എന്റെ ജീവി​ത​ത്തി​ലു​ണ്ടാ​യ ഏറ്റവും മോശം കാര്യ​മാ​യി​രു​ന്നു അത്‌. ഞാനാകെ തകർന്നുപോയി.

 അച്ഛൻ മരിച്ചി​ട്ടി​ല്ല, ആ തുണിയിൽ പൊതി​ഞ്ഞി​രി​ക്കു​ന്നത്‌ അച്ഛന്റെ ശരീരമല്ല എന്നൊക്കെ എനിക്ക്‌ തോന്നി. ഞാൻ എന്നോ​ടു​ത​ന്നെ പറഞ്ഞു: ‘അച്ഛൻ നാളെ ഉണരും.’ വല്ലാത്ത ശൂന്യ​ത​യും നഷ്ടബോ​ധ​വും എനിക്ക്‌ അനുഭ​വ​പ്പെ​ട്ടു.

 ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. അച്ഛൻ മരിച്ച സാഹചര്യത്തിൽ സഭയിൽനിന്ന്‌ ഞങ്ങൾക്ക്‌ എല്ലാ പിന്തു​ണ​യും കിട്ടി. അവർ ഭക്ഷണം തന്നു, ഞങ്ങളോ​ടൊ​പ്പം താമസി​ക്കാ​നും കൂടെ​യാ​യി​രി​ക്കാ​നും ശ്രമിച്ചു—കുറച്ചു ദിവസ​ത്തേ​ക്കല്ല ഏറെ നാള​ത്തേക്ക്‌. അവർ നല്‌കിയ ആ പിന്തുണ, യഹോ​വ​യു​ടെ സാക്ഷികൾ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ എന്നെ ബോധ്യ​പ്പെ​ടു​ത്തി.—യോഹന്നാൻ 13:35.

 എന്നെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ച തിരു​വെ​ഴു​ത്താണ്‌ 2 കൊരിന്ത്യർ 4:17, 18. അവിടെ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ക്ഷണിക​വും നിസ്സാ​ര​വു​മാ​യ കഷ്ടത അത്യന്തം ഗാംഭീര്യമാർന്ന നിത്യ​തേ​ജസ്സ്‌ ഞങ്ങൾക്കു നേടിത്തരുന്നു. കാണുന്നവയിൽ അല്ല, കാണാത്തവയിൽത്തന്നെ ഞങ്ങൾ ദൃഷ്ടിയൂന്നുന്നു. കാണുന്നവ താത്‌കാലികം; കാണാ​ത്ത​വ​യോ നിത്യം.”

 എന്നെ ഏറ്റവും അധികം സ്‌പർശിച്ചത്‌ അതിന്റെ അവസാ​ന​ഭാ​ഗ​മാണ്‌. അച്ഛൻ അനുഭ​വി​ച്ച ദുരന്തങ്ങൾ താത്‌കാ​ലി​ക​മാണ്‌; പക്ഷേ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന ഭാവികാര്യങ്ങൾ എന്നേക്കു​മു​ള്ള​വ​യാണ്‌. ജീവിതം എങ്ങനെ ആയിരി​ക്ക​ണം, ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കണം എന്നെല്ലാം ചിന്തിക്കാൻ അച്ഛന്റെ മരണം കാരണ​മാ​യി.

 ചിന്തിക്കാൻ: നിങ്ങൾക്കുണ്ടായ ഒരു ദുരന്തം ജീവി​ത​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു മാറി ചിന്തിക്കാൻ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?—1 യോഹന്നാൻ 2:17.

a ഒരു മുഴം ഏകദേശം 45 സെന്റിമീറ്റർ (1.5 അടി) ആണ്‌.