വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂ​ട്ടാ​ത്തത്‌?

മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂ​ട്ടാ​ത്തത്‌?

 “മറ്റുള്ള​വ​രു​ടെ​കൂ​ടെ കൂടി​യി​ല്ലെ​ങ്കിൽ നമ്മൾ ഒറ്റപ്പെ​ടും. കൂട്ടു​കാ​രും കാണില്ല, നമ്മുടെ ഭാവി​യും നശിക്കും. നിങ്ങ​ളെ​ക്കു​റിച്ച്‌ ആർക്കും ഒരു ചിന്തയും ഉണ്ടാവില്ല.”—കാൾ.

  ഇത്‌ കുറച്ച്‌ പെരു​പ്പിച്ച്‌ പറയു​ന്ന​തല്ലേ? അങ്ങനെ തോന്നി​യേ​ക്കാം. എന്നാൽ കാളി​നു​ണ്ടാ​യ​പോ​ലൊ​രു അനുഭവം പല യുവജ​ന​ങ്ങൾക്കും ഉണ്ടായി​ട്ടുണ്ട്‌. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ അവർ എന്തും ചെയ്യും. നിങ്ങളു​ടെ കാര്യം എങ്ങനെ​യാണ്‌? ഈ ലേഖനം നിങ്ങളെ ഒരുപാട്‌ സഹായി​ക്കും.

 എന്തു​കൊ​ണ്ടാണ്‌ ആളുകൾ ‘കൂട്ടത്തിൽക്കൂ​ടാൻ’ ആഗ്രഹി​ക്കു​ന്നത്‌?

  •   ആരും ഒറ്റപ്പെ​ടാൻ ആഗ്രഹി​ക്കു​ന്നില്ല. “എന്നെ കൂട്ടാതെ കൂട്ടു​കാർ എവി​ടെ​യെ​ങ്കി​ലും പോയ​തി​ന്റെ​യോ എന്തെങ്കി​ലും ചെയ്‌ത​തി​ന്റെ​യോ ചിത്രങ്ങൾ സമൂഹ​മാ​ധ്യ​മ​ത്തിൽ ഇടാറുണ്ട്‌. അതു കാണു​മ്പോൾ എനിക്കു തോന്നും ‘എനി​ക്കെന്താ കുഴപ്പം’ ‘എന്നെ അവരുടെ കൂട്ടത്തിൽക്കൂ​ട്ടാൻ അവർക്ക്‌ ഇഷ്ടമി​ല്ലാ​യി​രി​ക്കും.’”—നഥാലി.

     ചിന്തി​ക്കാ​നാ​യി: ആരെങ്കി​ലും നിങ്ങളെ ഒഴിവാ​ക്കു​ന്ന​താ​യി തോന്നി​യി​ട്ടു​ണ്ടോ? എന്തു ചെയ്‌താൽ അവർ നിങ്ങളെ കൂട്ടത്തിൽക്കൂ​ട്ടും?

  •   വ്യത്യ​സ്‌ത​രാ​യി നിൽക്കാൻ ആഗ്രഹി​ക്കു​ന്നില്ല. “അച്ഛനും അമ്മയും എനിക്കു മൊ​ബൈൽ വാങ്ങി​ത്ത​രില്ല. കൂട്ടു​കാർ എന്റെ ഫോൺ നമ്പർ ചോദി​ക്കു​മ്പോൾ, ‘എനിക്ക്‌ ഫോണില്ല’ എന്നു പറയേ​ണ്ടി​വ​രും. അപ്പോൾ അവർ ചോദി​ക്കും: ‘ഇല്ലേ? നിനക്ക്‌ വയസ്സ്‌ എത്രയാ​യി.’ ‘13’ എന്നു ഞാൻ പറയു​മ്പോൾ, അവർ എന്നെ സഹതാ​പ​ത്തോ​ടു​കൂ​ടി ഒന്നു നോക്കും.”—മേരി.

     ചിന്തി​ക്കാ​നാ​യി: മാതാ​പി​താ​ക്ക​ളു​ടെ ഏതു നിയമ​ങ്ങ​ളാ​ണു നിങ്ങളെ മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​ക്കി നിറു​ത്തു​ന്നത്‌? നിങ്ങൾ എങ്ങനെ​യാണ്‌ ഈ നിയമ​ങ്ങ​ളു​മാ​യി ഒത്തു​പോ​കു​ന്നത്‌?

  •   കളിയാ​ക്കൽ ഇഷ്ടപ്പെ​ടു​ന്നില്ല. “വ്യത്യ​സ്‌ത​മാ​യി കാര്യങ്ങൾ ചെയ്യുന്ന, വ്യത്യ​സ്‌ത​മാ​യി സംസാ​രി​ക്കുന്ന, വ്യത്യ​സ്‌ത​മാ​യി ആരാധി​ക്കുന്ന കുട്ടി​കളെ സ്‌കൂ​ളി​ലെ മറ്റു കുട്ടി​കൾക്ക്‌ ഇഷ്ടമല്ല. നമ്മൾ അവരുടെ കൂട്ടത്തിൽക്കൂ​ടി​യി​ല്ലെ​ങ്കിൽ അവർ നമ്മളെ കളിയാ​ക്കി കൊല്ലും.”—ഒലീവിയ

     ചിന്തി​ക്കാ​നാ​യി: നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ ഒരു അനുഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടോ? അപ്പോൾ നിങ്ങൾ എന്താണ്‌ ചെയ്‌തത്‌?

  •   കൂട്ടു​കാ​രെ നഷ്ടപ്പെ​ടാൻ ആഗ്രഹി​ക്കു​ന്നില്ല. “ആരുടെ ഒപ്പം നിൽക്കു​ന്നോ ഞാൻ അവരെ​പ്പോ​ലെ​യ​ങ്ങാ​കും. അവരെ​പ്പോ​ലെ സംസാ​രി​ക്കും. ചിരി​ക്കാൻ ഒന്നുമി​ല്ലാത്ത തമാശ​യ്‌ക്കു​പോ​ലും ചിരി​ച്ചു​കൊ​ടു​ക്കും. മറ്റൊരു കുട്ടിയെ കളിയാ​ക്കു​മ്പോൾ ആ കുട്ടിക്ക്‌ വിഷമം തോന്നു​ന്നുണ്ട്‌ എന്ന്‌ അറിയാ​മെ​ങ്കി​ലും ഞാനും കളിയാ​ക്കു​ന്ന​വ​രു​ടെ​കൂ​ടെ കൂടും.”—റെയ്‌ച്ചെൽ

     ചിന്തി​ക്കാ​നാ​യി: കൂട്ടു​കാ​രു​ടെ പ്രീതി പിടി​ച്ചു​പ​റ്റു​ന്ന​തി​നു നിങ്ങൾ എത്ര പ്രാധാ​ന്യം കൊടു​ക്കു​ന്നുണ്ട്‌? കൂട്ടത്തിൽക്കൂ​ടാൻവേണ്ടി, കൂട്ടു​കാർ വർത്തമാ​നം പറയു​ന്ന​തു​പോ​ലെ പറയാ​നും അവർ ചെയ്യു​ന്ന​തു​പോ​ലെ ചെയ്യാ​നും നിങ്ങൾ ശ്രമി​ക്കാ​റു​ണ്ടോ?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  •   നിങ്ങൾ നിങ്ങളാ​യി​രി​ക്കുക. എന്തു​കൊണ്ട്‌? നിങ്ങൾ ആരെ​യെ​ങ്കി​ലും പകർത്താൻ ശ്രമി​ച്ചാൽ നിങ്ങൾ ചെയ്യു​ന്നത്‌ വെറും അഭിന​യ​മാ​ണെന്നു മറ്റുള്ള​വർക്കു മനസ്സി​ലാ​കും. “ഞാൻ മറ്റൊ​രാ​ളെ അനുക​രിച്ച്‌ കാര്യങ്ങൾ ചെയ്യു​മ്പോൾ എന്റെ സഹപാ​ഠി​കൾ എന്നെ ഒഴിവാ​ക്കും. നമ്മൾ നമ്മളാ​യി​രി​ക്കു​ന്ന​താണ്‌ നല്ലത്‌. അല്ലെങ്കിൽ അവർ നമ്മളെ വിശ്വ​സി​ക്കില്ല” എന്ന്‌ 20 വയസ്സുള്ള ബ്രയാൻ പറയുന്നു.

     പരിഹാ​രം? ശരിക്കും നിങ്ങൾക്ക്‌ എന്താണ്‌ പ്രധാനം എന്ന്‌ ചിന്തി​ക്കുക. ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’ (ഫിലി​പ്പി​യർ 1:10) സ്വയം ചോദി​ക്കുക: “‘ഏതാണ്‌ പ്രധാനം? എന്റെ മൂല്യ​ങ്ങൾക്കു വില കല്‌പി​ക്കാ​ത്ത​വ​രു​ടെ കൂട്ടത്തിൽക്കൂ​ട​ണോ അതോ ഒറ്റയ്‌ക്ക്‌ നിൽക്ക​ണോ?’”

     “മറ്റുള്ള​വ​രെ​പ്പോ​ലെ​യാ​കാൻ ശ്രമി​ക്കു​ന്നതു ശുദ്ധമ​ണ്ട​ത്ത​ര​മാണ്‌. അതു​കൊ​ണ്ടൊ​ന്നും ആളുകൾ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെ​ടില്ല. അത്‌ നിങ്ങളെ ഒരു നല്ല വ്യക്തി​യാ​ക്കു​ക​യു​മില്ല.”—ജയിംസ്‌.

  •   നിങ്ങളു​ടെ വ്യക്തി​ത്വം നഷ്ടമാ​കും. “എല്ലാവ​രെ​യും പ്രീതി​പ്പെ​ടു​ത്താൻ” ശ്രമി​ക്കു​ന്ന​യാൾ എന്ന ഒരു പേര്‌ നിങ്ങൾക്കു കിട്ടും. നിങ്ങൾ ആരായി​രി​ക്ക​ണ​മെന്ന കാര്യം തീരു​മാ​നി​ക്കു​ന്നതു മറ്റുള്ള​വ​രാ​യി​രി​ക്കും. ചെറു​പ്പ​ക്കാ​ര​നായ ജെറെമി പറയുന്നു: “കൂട്ടത്തിൽക്കൂ​ടാൻവേണ്ടി ഞാൻ എന്റെ നല്ല പേര്‌ കളഞ്ഞു​കു​ളി​ച്ചി​ട്ടുണ്ട്‌. മറ്റുള്ളവർ ചരടു​വ​ലി​ക്കു​ന്നി​ടത്തു നിൽക്കുന്ന ഒരു കളിപ്പാ​വ​യെ​പ്പോ​ലെ​യാ​യി​രു​ന്നു ഞാൻ.”

     പരിഹാ​രം? മൂല്യങ്ങൾ മനസ്സി​ലാ​ക്കി അതിനു ചേർച്ച​യിൽ ജീവി​ക്കുക. ഓന്തി​നെ​പ്പോ​ലെ സാഹച​ര്യ​ത്തി​ന​നു​സ​രിച്ച്‌ നിറം മാറരുത്‌. ബൈബിൾ അതു​കൊ​ണ്ടാണ്‌ ഇങ്ങനെ പറയു​ന്നത്‌: “ബഹുജ​ന​ത്തി​നു പിന്നാലെ പോയി തിന്മ ചെയ്യരുത്‌.”—പുറപ്പാട്‌ 23:2.

     “മറ്റുള്ളവർ ഇഷ്ടപ്പെ​ടുന്ന സംഗീതം, കളി, വസ്‌ത്രം, സിനിമ, മേക്കപ്പ്‌ എന്നിവ​യെ​ല്ലാം ഇഷ്ടപ്പെ​ടാൻ ഞാൻ ശ്രമിച്ചു. അങ്ങനെ ഞാനും അവരെ​പ്പോ​ലെ ആകാൻ നോക്കി. അവരെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നത്‌ അവർക്കു മനസ്സി​ലാ​കു​ന്നു​ണ്ടെന്നു ഞാൻ കരുതി. എനിക്കാ​കെ നിരാ​ശ​യും ഒറ്റപ്പെ​ട​ലും തോന്നി. ഞാൻ ആളാകെ മാറി​പ്പോ​യി. എനിക്ക്‌ വ്യക്തി​ത്വം നഷ്ടപ്പെ​ട്ട​തു​പോ​ലെ​യാ​യി. നമ്മൾ കാണുന്ന എല്ലാവ​രു​ടെ​യും കൂട്ടത്തിൽക്കൂ​ടാൻ നമുക്ക്‌ പറ്റില്ല. അവർക്കെ​ല്ലാം നമ്മളെ ഇഷ്ടമാ​യെ​ന്നും വരില്ല. അതിനർഥം നിങ്ങൾ കൂട്ടു​കാ​രെ സമ്പാദി​ക്കാൻ നോക്ക​രുത്‌ എന്നല്ല. കൂട്ടു​കാ​രെ നേടാ​നും പക്വത പ്രാപി​ക്കാ​നും സമയ​മെ​ടു​ക്കും എന്ന കാര്യം മനസ്സി​ലാ​ക്കുക.”—മെലിൻഡ.

  •   നിങ്ങളു​ടെ സ്വഭാവം മാറും. ക്രിസ്‌ എന്ന യുവാവ്‌ തന്റെ ബന്ധുവി​നു സംഭവിച്ച ഒരു കാര്യം പറയുന്നു: “കൂട്ടു​കാ​രു​ടെ കൂട്ടത്തിൽക്കൂ​ടാൻവേണ്ടി എന്റെ ബന്ധു മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി. അവസാനം അതിന്‌ അടിമ​യാ​യി, ജീവിതം നശിപ്പി​ച്ചു.”

     പരിഹാ​രം? മാന്യ​ത​യി​ല്ലാ​തെ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​വരെ കൂട്ടു​കാ​രാ​ക്കാ​തി​രി​ക്കുക. ബൈബിൾ പറയുന്നു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.”—സുഭാഷിതങ്ങൾ 13:20.

     “ചില സമയത്ത്‌ നല്ല ശ്രമം ചെയ്‌ത്‌ കൂട്ടത്തിൽക്കൂ​ടാൻ ശ്രമി​ക്കു​ന്നതു നല്ലതാണ്‌. എന്നാൽ ശരിയാ​ണെന്നു നിങ്ങൾക്കു ബോധ്യ​മുള്ള കാര്യ​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യരുത്‌. നിങ്ങൾ എങ്ങനെ​യാ​ണോ അങ്ങനെ​തന്നെ സ്വീക​രി​ക്കാൻ ശരിക്കുള്ള കൂട്ടു​കാർ തയ്യാറാ​യി​രി​ക്കും.”—മെലിനാ.

     ചെയ്യാ​നാ​കു​ന്നത്‌: ആരെങ്കി​ലു​മാ​യി കൂട്ടു​കൂ​ടാൻ നോക്കു​മ്പോൾ അവരുടെ താത്‌പ​ര്യ​ങ്ങൾ നിങ്ങളു​ടെ താത്‌പ​ര്യ​ങ്ങ​ളു​മാ​യി യോജി​ക്കു​ന്നു എന്ന ഒറ്റക്കാ​ര​ണ​ത്താൽ അവരെ കൂട്ടു​കാ​രാ​ക്കാൻ ശ്രമി​ക്ക​രുത്‌. നിങ്ങളു​ടെ മൂല്യ​ങ്ങൾക്ക്‌, അതായത്‌ ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തി​നും ധാർമി​ക​ത​യ്‌ക്കും മനഃസാ​ക്ഷി​ക്കും വില കല്‌പി​ക്കു​ന്ന​വ​രെ​യാണ്‌ നിങ്ങൾ കൂട്ടു​കാ​രാ​ക്കാൻ നോ​ക്കേ​ണ്ടത്‌.

    ചില വസ്‌ത്രങ്ങൾ നിങ്ങൾക്കു നന്നായി ഇണങ്ങില്ല. അതു​പോ​ലെ ചിലരു​ടെ രീതികൾ പകർത്തു​ന്നതു നിങ്ങൾക്കു ഗുണം ചെയ്യില്ല