വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?

എന്റെ കോപം നിയന്ത്രിക്കാൻ എങ്ങനെ കഴിയും?

 ക്വിസ്‌

  •  എത്ര കൂടെ​ക്കൂ​ടെ നിങ്ങൾ കോപി​ക്കാ​റുണ്ട്‌?

    •  ഒരിക്കലുംതന്നെയില്ല

    •  വല്ലപ്പോഴും

    •  ദിവസവും

  •  നിങ്ങളു​ടെ എത്ര​ത്തോ​ളം കോപി​ക്കാ​റുണ്ട്‌?

    •  കുറച്ച്‌

    •  കൂടുതൽ

    •  അത്യധികം

  •  സാധാ​ര​ണ​ഗ​തി​യിൽ ആരോ​ടാ​ണു കോപി​ക്കാറ്‌?

    •  മാതാ​പി​താ​ക്ക​ളിൽ ഒരാ​ളോട്‌

    •  കൂടപ്പി​റ​പ്പു​ക​ളിൽ ഒരാ​ളോട്‌

    •  കൂട്ടു​കാ​രിൽ ഒരാ​ളോട്‌

 കോപം നിയ​ന്ത്രി​ക്കേ​ണ്ട​തു​ണ്ടെന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ ഈ ലേഖനം നിങ്ങളെ സഹായി​ക്കും. ആദ്യം, ദേഷ്യം തോന്നി​യാ​ലും ശാന്തത കൈവിടാതിരിക്കേണ്ടതിന്റെ കാരണം പരിചി​ന്തി​ക്കാം.

 അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 നിങ്ങളു​ടെ​ത​ന്നെ നന്മ. സദൃശ​വാ​ക്യ​ങ്ങൾ 14:30 പറയുന്നു: “ശാന്തമ​ന​സ്സു ദേഹത്തി​നു ജീവൻ.” എന്നാൽ കോപ​മോ? “കോപം ഹൃദയധമനീരോഗങ്ങൾ ഉണ്ടാകു​ന്ന​തി​നു വലിയ ഒരു കാരണ​മാണ്‌”എന്നു ദ ജേർണൽ ഓഫ്‌ മെഡിസിൻ ആന്റ്‌ ലൈഫ്‌ എന്ന മാസിക പറയുന്നു.

 നിങ്ങളു​ടെ കൂട്ടുകാർ. ബൈബിൾ പറയുന്നു: “കോപ​ശീ​ല​നോ​ടു സഖിത്വമരുതു; ക്രോ​ധ​മു​ള്ള മനുഷ്യ​നോ​ടു​കൂ​ടെ നടക്കയും അരുതു.” (സദൃശവാക്യങ്ങൾ 22:24) കോപി​ക്കു​ന്ന ഒരാളാ​ണു നിങ്ങളെങ്കിൽ നിങ്ങളോടൊപ്പമായിരിക്കാൻ ആളുകൾ ഇഷ്ടപ്പെ​ടി​ല്ല. “കോപം അടക്കാൻ പഠിക്കുന്നില്ലെങ്കിൽ നല്ല സൗഹൃദങ്ങൾ നിങ്ങൾ നഷ്ടപ്പെ​ടു​ത്തും” എന്നു ചെറു​പ്പ​ക്കാ​രി​യാ​യ ജാസ്‌മിൻ പറയുന്നു.

 നിങ്ങളു​ടെ സത്‌പേര്‌. “നിങ്ങൾ കോപി​ക്കു​ന്ന ഒരാളാണെങ്കിൽ നിങ്ങളു​ടെ ആ സ്വഭാവം ആളുകൾ അറിയും. നിങ്ങ​ളെ​ക്കു​റിച്ച്‌ അങ്ങനെ​യൊ​രു ചിത്ര​മാ​യി​രി​ക്കും അവരുടെ മനസ്സിൽ വരുന്നത്‌” എന്ന്‌ 17 വയസ്സു​കാ​ര​നാ​യ ഈഥൻ പറയുന്നു. നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: “എങ്ങനെ അറിയ​പ്പെ​ടാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌, ‘പെട്ടെന്നു ചൂടാ​കാ​ത്ത’ ഒരു സമാധാ​ന​പ്രി​യ​നാ​യി​ട്ടാ​ണോ അതോ ഏതു നിമി​ഷ​വും പൊട്ടി​ത്തെ​റി​ക്കു​ന്ന ഒരാളാ​യി​ട്ടാ​ണോ?” ബൈബിൾ പറയുന്നു: “ദീർഘ​ക്ഷ​മ​യു​ള്ള​വൻ മഹാബുദ്ധിമാൻ; മുൻകോ​പി​യോ ഭോഷ​ത്വം ഉയർത്തുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 14:29.

പൊട്ടിത്തെറിക്കുന്ന ഒരാളു​ടെ കൂടെയായിരിക്കാൻ നമ്മൾ ആരും ആഗ്രഹി​ക്കു​ക​യി​ല്ല

 നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

 പിൻവരുന്ന തിരു​വെ​ഴു​ത്തു​ക​ളും അഭി​പ്രാ​യ​ങ്ങ​ളും വായി​ച്ച​ശേ​ഷം അതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കു​ന്ന ചോദ്യങ്ങൾ സ്വയം ചോദി​ക്കു​ക.

  •   സദൃശ​വാ​ക്യ​ങ്ങൾ 29:22: “കോപ​മു​ള്ള​വൻ വഴക്കുണ്ടാക്കുന്നു; ക്രോ​ധ​മു​ള്ള​വൻ അതി​ക്ര​മം വർദ്ധിപ്പിക്കുന്നു.”

     “കൗമാരപ്രായത്തിന്റെ തുടക്ക​ത്തി​ലൊ​ക്കെ ദേഷ്യം അടക്കാൻ എനിക്കു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അച്ഛന്റെ കുടും​ബ​ക്കാ​രും ദേഷ്യ​പ്പെ​ടു​ന്ന പ്രകൃ​ത​ക്കാ​രാണ്‌. ഞങ്ങളുടെ രക്തത്തി​ലു​ള്ള​താ​ണത്‌. ദേഷ്യം അടക്കാൻ ഞങ്ങൾക്കു ശരിക്കും ബുദ്ധി​മു​ട്ടാണ്‌.”—കെറി.

     കോപ​പ്ര​കൃ​ത​മുള്ള ഒരാളാ​ണോ ഞാൻ? അത്‌ എനിക്കു പാരമ്പ​ര്യ​മാ​യി കിട്ടി​യ​താ​ണെ​ന്നു പറഞ്ഞ്‌ ഞാൻ ഒഴിക​ഴിവ്‌ പറയാ​റു​ണ്ടോ? എങ്കിൽ അതു ന്യായ​മാ​ണോ? കാരണം എന്റെ നല്ല ഗുണങ്ങ​ളെ​പ്പ​റ്റി ആരെങ്കി​ലും പ്രശംസിച്ചാൽ ഞാൻതന്നെയല്ലേ അതിന്റെ മേന്മ എടുക്കാറ്‌?

  •   സദൃശ​വാ​ക്യ​ങ്ങൾ 15:1: “മൃദു​വാ​യ ഉത്തരം ക്രോ​ധ​ത്തെ ശമിപ്പിക്കുന്നു; കഠിന​വാ​ക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.”

     “നിങ്ങളു​ടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കു​ന്ന​താണ്‌ എല്ലാത്തിന്റെയും താക്കോൽ. ശാന്തമായ ഒരു വ്യക്തി​ത്വം വളർത്തുകയും നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്യുന്നെങ്കിൽ നിങ്ങളു​ടെ വികാരങ്ങൾ നിയ​ന്ത്രി​ക്കു​ന്നത്‌ ഒരു പ്രശ്‌ന​മ​ല്ലാ​താ​യി​ത്തീ​രും.”—ഡാരിൽ.

     ദേഷ്യം തോന്നിയാൽ ഞാൻ ആദ്യം പ്രതി​ക​രി​ക്കു​ന്ന വിധം ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  •   സദൃശ​വാ​ക്യ​ങ്ങൾ 26:20: “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു​പോ​കും.”

     “ഞാൻ ദയയോ​ടെ ഇടപെടുമ്പോൾ അതു മറ്റെയാ​ളെ ശാന്തനാ​ക്കു​ക​യും ദേഷ്യ​പ്പെ​ടാ​തെ ഞങ്ങൾക്കു പരസ്‌പ​രം സംസാരിക്കാൻ കഴിയു​ക​യും ചെയ്യുന്നു.”—ജാസ്‌മിൻ.

     എന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും എരിതീയിൽ എണ്ണ ഒഴിക്കു​ന്ന​തു​പോ​ലെ ആയിത്തീർന്നേക്കാവുന്നത്‌ എങ്ങനെ?

  •   സദൃശ​വാ​ക്യ​ങ്ങൾ 22:3: “വിവേ​ക​മു​ള്ള​വൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേതപ്പെടുന്നു.”

     “ചിലപ്പോൾ കോപം വരുന്ന സമയത്ത്‌ ഞാൻ അവി​ടെ​നിന്ന്‌ മാറി​പ്പോ​കും. എന്നിട്ട്‌ എന്താണു സംഭവി​ച്ച​തെ​ന്നു ചിന്തി​ക്കും. പിന്നീട്‌ ശാന്തനാകുമ്പോൾ പ്രശ്‌നം കൈകാ​ര്യം ചെയ്യും.”—ഗാരി.

     മറ്റേയാ​ളെ പുച്ഛി​ക്കു​ക​യാ​ണെ​ന്നു തോന്നി​പ്പി​ക്കാ​തെ പിരി​മു​റു​ക്കം നിറഞ്ഞ ഒരു സാഹചര്യത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എപ്പോൾ മാറിപ്പോകാൻ കഴിയും?

  •   യാക്കോബ്‌ 3:2: “നാമെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്നു​വ​ല്ലോ.”

     “നമ്മുടെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ നമ്മൾ പശ്ചാത്ത​പി​ക്ക​ണം. എന്നാൽ അതു മാത്രം പോരാ. അവയിൽനിന്ന്‌ പാഠം ഉൾക്കൊള്ളുകയും വേണം. തെറ്റു പറ്റിയാൽ ഉടനടി തിരു​ത്തു​ക​യും അടുത്ത തവണ ശരിയാ​യി കാര്യങ്ങൾ ചെയ്യു​മെ​ന്നു തീരു​മാ​നി​ക്കു​ക​യും ചെയ്യുക.” —കെറി.

 ടിപ്പ്‌: ഒരു ലക്ഷ്യം വെക്കുക. ഒരു നിശ്ചിത സമയ​ത്തേക്ക്‌, ഒരുപക്ഷേ ഒരു മാസ​ത്തേ​ക്കോ മറ്റോ, എപ്പോ​ഴും ശാന്തനാ​യി നില​കൊ​ള്ളു​മെ​ന്നു ദൃഢനി​ശ്ച​യം ചെയ്യുക. നിങ്ങൾ വരുത്തുന്ന പുരോ​ഗ​തി ഒരു ഡയറിയിൽ കുറി​ച്ചു​വെ​ക്കു​ക.