വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഡേറ്റിങ്ങ്‌—ഭാഗം 2: ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌ ഞാൻ എന്താണു പ്രതീ​ക്ഷി​ക്കേ​ണ്ടത്‌?

ഡേറ്റിങ്ങ്‌—ഭാഗം 2: ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌ ഞാൻ എന്താണു പ്രതീ​ക്ഷി​ക്കേ​ണ്ടത്‌?

 നിങ്ങൾ ഒരാളെ കണ്ടുമു​ട്ടു​ന്നു, ആ വ്യക്തിയെ ഇഷ്ടപ്പെ​ടു​ന്നു. ഭാവി​യിൽ വിവാ​ഹി​ത​രാ​കാൻ കഴിയു​മോ എന്നു മനസ്സി​ലാ​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ ഡേറ്റിങ്ങ്‌ ചെയ്യാൻ തീരു​മാ​നി​ക്കു​ന്നു. അങ്ങനെ അടുത്ത​റി​യാൻ ശ്രമി​ക്കു​മ്പോൾ നിങ്ങൾ എന്തു പ്രതീ​ക്ഷി​ക്കണം?

ഈ ലേഖന​ത്തിൽ

 തുറന്ന്‌ സംസാ​രി​ക്കേ​ണ്ടി​വ​രും

 നിങ്ങളും നിങ്ങൾ ഡേറ്റ്‌ ചെയ്യുന്ന ആളും ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കു​മ്പോൾ പരസ്‌പരം പലതും മനസ്സി​ലാ​ക്കും. ഓരോ സാഹച​ര്യ​ത്തി​ലും ആ വ്യക്തി ഇടപെ​ടുന്ന രീതി​യിൽനി​ന്നു​തന്നെ അയാ​ളെ​ക്കു​റിച്ച്‌ പല കാര്യ​ങ്ങ​ളും അറിയാ​നാ​കും.

 എങ്കിലും നിങ്ങൾ ചില കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കേ​ണ്ടി​വ​രും. അങ്ങനെ ചെയ്യു​മ്പോൾ ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കണം: നിങ്ങൾ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടത്‌ വസ്‌തു​ത​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കണം. അല്ലാതെ മറ്റേ വ്യക്തി​യോ​ടുള്ള വികാ​ര​ങ്ങ​ളു​ടെ പുറത്താ​യി​രി​ക്ക​രുത്‌.

 നിങ്ങൾ സംസാ​രി​ക്കേണ്ട ചില വിഷയങ്ങൾ:

  •   സാമ്പത്തി​കം. നിങ്ങൾക്ക്‌ എന്തെങ്കി​ലും കടബാ​ധ്യ​ത​യു​ണ്ടോ? പൈസ ചിന്തിച്ച്‌ ചെലവാ​ക്കു​ന്നത്‌ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​ണോ? വിവാഹം കഴിയു​മ്പോൾ വരവു​ചെ​ല​വു​ക​ളെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ തീരു​മാ​നം എങ്ങനെ​യാ​യി​രി​ക്കും?

  •   ആരോ​ഗ്യം. നിങ്ങളു​ടെ ആരോ​ഗ്യം എങ്ങനെ​യുണ്ട്‌? മുമ്പ്‌ എന്തെങ്കി​ലും ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നം ഉണ്ടായി​ട്ടു​ണ്ടോ?

  •   ലക്ഷ്യങ്ങൾ. ജീവി​ത​ത്തിൽ നിങ്ങൾക്കുള്ള ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാണ്‌? നിങ്ങളു​ടേ​തു​പോ​ലുള്ള ലക്ഷ്യങ്ങൾത​ന്നെ​യാ​ണോ മറ്റേ വ്യക്തി​ക്കും ഉള്ളത്‌? വിവാ​ഹ​ത്തി​നു ശേഷം നിങ്ങളു​ടെ സാഹച​ര്യ​ത്തിന്‌ എന്തെങ്കി​ലും മാറ്റം വന്നതു​കൊണ്ട്‌ ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​യി​ല്ലെ​ങ്കിൽ നിങ്ങൾ സന്തോ​ഷ​ത്തോ​ടെ തുടരു​മോ?

  •   കുടും​ബം. നിങ്ങൾക്ക്‌ ഏതെങ്കി​ലും കുടും​ബാം​ഗ​ങ്ങളെ നോക്കേണ്ട ഉത്തരവാ​ദി​ത്വ​മു​ണ്ടോ? ഭാവി​യിൽ അത്തര​മൊ​രു ഉത്തരവാ​ദി​ത്വം ഉണ്ടാകാ​നുള്ള സാധ്യത നിങ്ങൾ കാണു​ന്നു​ണ്ടോ? നിങ്ങൾക്കു കുട്ടികൾ വേണോ, എങ്കിൽ എത്ര?

 ഈ വിഷയങ്ങൾ ചർച്ച ചെയ്യു​മ്പോൾ ഒരു മറയു​മി​ല്ലാ​തെ തുറന്ന്‌ സംസാ​രി​ക്കുക. മറ്റേ ആളുടെ ഇഷ്ടം നേടു​ന്ന​തിന്‌ വസ്‌തു​തകൾ മറച്ചു​വെ​ക്കു​ക​യോ വളച്ചൊ​ടി​ക്കു​ക​യോ ചെയ്യരുത്‌.—എബ്രായർ 13:18.

 ചിന്തി​ക്കാ​നാ​യി: ഡേറ്റ്‌ ചെയ്യുന്ന വ്യക്തി​യെ​ക്കു​റിച്ച്‌ നിങ്ങൾ എന്താണ്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌? ആ വ്യക്തി നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തെല്ലാം അറിഞ്ഞി​രി​ക്കണം? ഇപ്പോൾ എല്ലാം തുറന്ന്‌ സംസാ​രി​ക്കു​ന്നത്‌ ഭാവി​യിൽ നിങ്ങൾ വിവാ​ഹി​ത​രാ​കു​ക​യാ​ണെ​ങ്കിൽ പരസ്‌പരം സത്യസ​ന്ധ​രാ​യി​രി​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 ബൈബിൾത​ത്ത്വം: “ഓരോ​രു​ത്ത​രും . . . സത്യം സംസാ​രി​ക്കണം.”—എഫെസ്യർ 4:25.

 “ചില​പ്പോൾ പെൺകു​ട്ടി ചിന്തി​ക്കു​ന്നത്‌, ‘ആറുമാ​സം​കൊണ്ട്‌ വിവാ​ഹ​ത്തി​ന്റെ കാര്യ​ത്തിൽ ഒരു തീരു​മാ​ന​മാ​ക്കാം’ എന്നായി​രി​ക്കാം. പക്ഷേ ആൺകു​ട്ടി​യു​ടെ ചിന്ത ഒരു വർഷമാ​യി​രി​ക്കും. അങ്ങനെ വരു​മ്പോൾ പെൺകു​ട്ടിക്ക്‌ ഫീലാ​കാ​നും കൺഫ്യൂ​ഷൻ തോന്നാ​നും സാധ്യ​ത​യുണ്ട്‌. കാരണം അവൾ ആഗ്രഹി​ക്കു​ന്നത്‌ വിവാഹം വെച്ചു​താ​മ​സി​പ്പി​ക്കാ​തെ പെട്ടെ​ന്നു​തന്നെ നടത്താ​നാ​യി​രി​ക്കും. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ രണ്ടു പേരും എന്താണു ചിന്തി​ക്കു​ന്ന​തെന്ന്‌ പരസ്‌പരം അറിഞ്ഞി​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌.”—അരിയേന, വിവാഹം കഴിച്ചിട്ട്‌ ഒരു വർഷം.

 വ്യത്യസ്‌ത കാഴ്‌ച​പ്പാ​ടു​കൾ ഉണ്ടാ​യേ​ക്കാം

 ഓരോ വ്യക്തി​യു​ടെ​യും ചിന്ത വ്യത്യ​സ്‌ത​മാണ്‌. അതു​കൊണ്ട്‌ നിങ്ങളും നിങ്ങൾ ഡേറ്റ്‌ ചെയ്യുന്ന വ്യക്തി​യും എല്ലാ കാര്യ​ത്തി​ലും യോജി​ക്കു​മെ​ന്നും എല്ലാ വിഷയ​ത്തി​ലും ഒരു​പോ​ലെ ചിന്തി​ക്കു​മെ​ന്നും പ്രതീ​ക്ഷി​ക്ക​രുത്‌. നിങ്ങൾ വളർന്നു​വന്ന സാഹച​ര്യ​ങ്ങ​ളും സംസ്‌കാ​ര​വും എല്ലാം നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടു​കളെ സ്വാധീ​നി​ക്കും.

 ചിന്തി​ക്കാ​നാ​യി: ചെറി​യ​ചെ​റിയ വിഷയ​ങ്ങ​ളിൽ ചില​പ്പോൾ നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടു​കൾ വ്യത്യ​സ്‌ത​മാ​യി​രി​ക്കും. ആ സമയത്ത്‌ വ്യക്തമായ ബൈബിൾത​ത്ത്വ​ങ്ങൾ ഇല്ലെങ്കിൽ സമാധാ​ന​ത്തി​നാ​യി വിട്ടു​വീഴ്‌ച ചെയ്യാൻ നിങ്ങൾ രണ്ടു പേരും തയ്യാറാ​ണോ?

 ബൈബിൾത​ത്ത്വം: “വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള നിങ്ങളു​ടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ.”—ഫിലി​പ്പി​യർ 4:5.

 “നിങ്ങൾ തമ്മിൽ നല്ല ചേർച്ച​യാ​ണെന്ന്‌ തോന്നി​യാ​ലും അപ്പോ​ഴും വ്യത്യാ​സ​ങ്ങ​ളു​ണ്ടാ​കും. നല്ല ഒത്തൊ​രുമ ഉണ്ടായി​രി​ക്കു​ന്നത്‌ പ്രധാ​ന​മാ​ണെ​ങ്കി​ലും അതിലും പ്രധാ​ന​മാണ്‌ വ്യത്യ​സ്‌ത​തകൾ ഉണ്ടാകു​മ്പോൾ അതിനെ കൈകാ​ര്യം ചെയ്യാൻ നിങ്ങൾ കാണി​ക്കുന്ന ഗുണങ്ങൾ.”—മാത്യു, വിവാഹം കഴിച്ചിട്ട്‌ അഞ്ചു വർഷം.

 പിരി​മു​റു​ക്കം തോന്നി​യേ​ക്കാം

 ഡേറ്റിങ്ങ്‌ ചെയ്യാൻ നിങ്ങൾക്കു ധാരാളം സമയം വേണം. അതു​പോ​ലെ ആ സമയത്ത്‌ ടെൻഷ​നും ഉണ്ടാ​യേ​ക്കാം. നിങ്ങൾക്ക്‌ എന്തു ചെയ്യാം?

 ന്യായ​മാ​യ പരിധി​കൾ വെക്കുക. നിങ്ങളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും മാറ്റി​വെ​ച്ചു​കൊണ്ട്‌ ഡേറ്റിങ്ങ്‌ മാത്ര​മാ​യി​രി​ക്ക​രുത്‌ നിങ്ങളു​ടെ ചിന്ത. വിവാഹം കഴിഞ്ഞ്‌ അഞ്ചു വർഷമായ അലന പറയുന്നു: “വിവാ​ഹ​ത്തിന്‌ ശേഷവും നിങ്ങൾക്കു സുഹൃ​ത്തു​ക്കളെ ആവശ്യ​മാണ്‌. അവർക്കു നിങ്ങ​ളെ​യും വേണം. അതു​കൊണ്ട്‌ ഡേറ്റിങ്ങ്‌ ചെയ്യാൻ തുടങ്ങി എന്നതിന്റെ പേരിൽ അവരെ മറന്നു​ക​ള​യ​രുത്‌.”

 ഓർക്കുക, വിവാ​ഹ​ത്തി​നു ശേഷം ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളും ചെയ്യാൻ നിങ്ങൾക്കു സമയവും ശ്രദ്ധയും വേണം. അതു​കൊണ്ട്‌ ഡേറ്റി​ങ്ങി​ന്റെ സമയത്തു​തന്നെ എല്ലാ കാര്യ​ങ്ങ​ളും ഒരു​പോ​ലെ കൊണ്ടു​പോ​കാൻ നിങ്ങൾക്ക്‌ എന്തു​കൊണ്ട്‌ ശ്രമി​ച്ചു​കൂ​ടാ?

 ചിന്തി​ക്കാ​നാ​യി: ഡേറ്റ്‌ ചെയ്യുന്ന വ്യക്തി​യിൽനിന്ന്‌ നിങ്ങൾ ന്യായ​മ​ല്ലാത്ത രീതി​യിൽ സമയവും ശ്രദ്ധയും ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ? നിങ്ങളിൽനിന്ന്‌ ആ വ്യക്തി അങ്ങനെ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടോ? മറ്റേ വ്യക്തിക്കു വീർപ്പു​മു​ട്ടൽ തോന്നാ​ത്ത​വി​ധം നിങ്ങൾക്ക്‌ എങ്ങനെ സമനി​ല​യോ​ടെ കാര്യങ്ങൾ കൊണ്ടു​പോ​കാ​നാ​കും?

 ബൈബിൾത​ത്ത്വം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌. . . . ഓരോ കാര്യ​ത്തി​നും ഒരു സമയമുണ്ട്‌.”—സഭാ​പ്ര​സം​ഗകൻ 3:1.

 “ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌ വിനോ​ദ​ത്തിൽ മാത്ര​മാണ്‌ ഏർപ്പെ​ടു​ന്ന​തെ​ങ്കിൽ അവസാനം വിവാ​ഹ​ജീ​വി​തം അവർക്ക്‌ എടുത്തു​പൊ​ക്കാൻ പറ്റാത്ത ഒരു ഭാരമാ​യി തോന്നാം. ഷോപ്പിങ്ങ്‌, വീട്ടു​ജോ​ലി​കൾ, ആത്മീയ​കാ​ര്യ​ങ്ങൾ ഇതു​പോ​ലുള്ള ദൈനം​ദി​ന​കാ​ര്യ​ങ്ങൾ അവർ ഒരുമിച്ച്‌ ചെയ്യു​ന്നത്‌ നല്ലതാണ്‌. കാരണം അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ വിവാ​ഹ​ത്തിന്‌ ശക്തമായ ഒരു അടിസ്ഥാ​ന​മി​ടാൻ അവർക്കാ​കും.”—ഡാനി​യേൽ, വിവാഹം കഴിഞ്ഞ്‌ രണ്ടു വർഷം.

 ഓർക്കുക, ഡേറ്റിങ്ങ്‌ എന്നത്‌ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പുള്ള ചെറിയ ഒരു കാലഘ​ട്ട​മാണ്‌. ഒന്നുകിൽ വിവാഹം കഴിക്കും, അല്ലെങ്കിൽ നിങ്ങൾ ആ ബന്ധം അവസാ​നി​പ്പി​ക്കും. ഈ പരമ്പര​യു​ടെ 3-ാം ഭാഗം അത്തര​മൊ​രു തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ ചിന്തി​ക്കേണ്ട ചില കാര്യങ്ങൾ ചർച്ച ചെയ്യും.