യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ ഒറ്റയ്ക്കു താമസിക്കാറായോ?
വീട്ടിൽനിന്ന് മാറി താമസിക്കുന്നതിനെക്കുറിച്ചുള്ള ചിന്തതന്നെ ഒരേ സമയം രസകരവും എന്നാൽ പേടിപ്പിക്കുന്നതും ആയേക്കാം. ഒറ്റയ്ക്കു താമസിക്കാറായോ എന്നു നിങ്ങൾക്ക് എങ്ങനെ അറിയാം?
കാരണങ്ങൾ പരിശോധിക്കുക
മാറി താമസിക്കാൻ അനേകം കാരണങ്ങൾ കണ്ടേക്കാം. ചിലത് ശുദ്ധ മണ്ടത്തരമായേക്കാം! ഉദാഹരണത്തിന് ചെറുപ്പക്കാരനായ മാരിയോ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഞാൻ മാറി താമസിക്കാൻ ആഗ്രഹിച്ചത് വീട്ടിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് രക്ഷപ്പെടാനായിരുന്നു.”
മാറി താമസിച്ചാൽ നിങ്ങളുടെ സ്വാതന്ത്ര്യം കുറയാനാണു സാധ്യത. 18 വയസ്സുള്ള ഒണിയ പറയുന്നു: “മാറി താമസിക്കുകയാണെങ്കിൽ നിങ്ങൾതന്നെ താമസിക്കുന്ന സ്ഥലം നോക്കണം, ഭക്ഷണത്തിന്റെ കാര്യം നോക്കണം, ബില്ലുകളെല്ലാം അടയ്ക്കണം. നിങ്ങളെ സഹായിക്കാൻ മാതാപിതാക്കളെ കിട്ടില്ല.”
ചുരുക്കിപ്പറഞ്ഞാൽ: വീട്ടിൽനിന്ന് മാറി താമസിക്കാറായോ എന്ന് അറിയുന്നതിന്, മാറി താമസിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ആദ്യം നിങ്ങൾ മനസ്സിലാക്കണം.
ചെലവ് കണക്കാക്കുക
യേശു പറഞ്ഞു: “നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയിലുണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കില്ലേ?” (ലൂക്കോസ് 14:28) മാറി താമസിച്ചാൽ ഉണ്ടാകുന്ന ‘ചെലവ് കണക്കുകൂട്ടിനോക്കാൻ’ നിങ്ങൾക്ക് എന്തു ചെയ്യാം? പിൻവരുന്ന മേഖലകളിൽ നിങ്ങൾ എങ്ങനെയുണ്ടെന്ന് വിലയിരുത്തുക.
പണം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?
ബൈബിൾ പറയുന്നു: ‘പണം ഒരു സംരക്ഷണമാണ്.’—സഭാപ്രസംഗകൻ 7:12.
കാശു മിച്ചം പിടിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണോ?
നിങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ കാശു ചെലവാക്കുന്നയാളാണോ?
നിങ്ങൾ കൂടെക്കൂടെ കടം വാങ്ങുന്നയാളാണോ?
ഇതിൽ ഏതെങ്കിലും ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ ഒറ്റയ്ക്കു താമസിക്കാനുള്ള നിങ്ങളുടെ സ്വപ്നം ഒരു പേടിസ്വപ്നമായേക്കാം.
“19-ാം വയസ്സിൽ എന്റെ ചേട്ടൻ വീടു വിട്ടു. ഒരു വർഷത്തിനുള്ളിൽ കാശെല്ലാം തീർന്നു, ബാങ്കുകാർ കാർ കൊണ്ടുപോയി, ആരും കടം കൊടുക്കാതായി. അവസാനം വീട്ടിൽ തിരിച്ചുവരാൻ കെഞ്ചാൻ തുടങ്ങി.”—ഡാനിയേൽ.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്: ഒരു മാസത്തെ വീട്ടുചെലവ് എത്രയാണെന്ന് മാതാപിതാക്കളോടു ചോദിക്കുക. ഏതൊക്കെ ബില്ലാണ് വരുന്നത്, അത് അടയ്ക്കാൻ ശമ്പളത്തിൽനിന്ന് അവർ കാശു മാറ്റിവെക്കുന്നത് എങ്ങനെയാണ്? അവർ കാശു മിച്ചം പിടിക്കുന്നത് എങ്ങനെയാണ്?
ചുരുക്കിപ്പറഞ്ഞാൽ: ഇപ്പോൾ വീട്ടിൽ താമസിക്കുമ്പോൾത്തന്നെ കാശു നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ ഒറ്റയ്ക്കു താമസിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടാൻ നിങ്ങൾക്കു കഴിയും.
നിങ്ങളുടെ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടോ?
ബൈബിൾ പറയുന്നു: “ഓരോരുത്തരും സ്വന്തം ചുമടു ചുമക്കണമല്ലോ.”—ഗലാത്യർ 6:5.
നിങ്ങൾ കാര്യങ്ങൾ നീട്ടിവെക്കുന്നയാളാണോ?
വീട്ടുകാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾ ഓർമിപ്പിച്ചാൽ മാത്രമേ നിങ്ങൾ അത് ചെയ്യുകയുള്ളോ?
മാതാപിതാക്കൾ പറഞ്ഞിരിക്കുന്ന സമയത്തിലും വൈകിയാണോ നിങ്ങൾ മിക്കപ്പോഴും വീട്ടിൽ എത്തുന്നത്?
ഇതിൽ ഏതെങ്കിലും ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ ഒറ്റയ്ക്കു താമസിക്കുമ്പോൾ ഉത്തരവാദിത്വബോധം കാണിക്കാൻ നിങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടായിരിക്കും.
“ഒറ്റയ്ക്കു താമസിക്കുമ്പോൾ നിങ്ങൾക്കു രസം തോന്നാത്ത കാര്യങ്ങൾപോലും ചെയ്യാൻ സമയം കണ്ടെത്തേണ്ടിവരും. ‘അതു ചെയ്യ്, ഇതു ചെയ്യ്’ എന്നൊന്നും ആരും പറയാനുണ്ടാകില്ല. അതുകൊണ്ടുതന്നെ അതൊക്കെ സ്വയം തോന്നി ചെയ്യാൻ നിങ്ങൾക്കു നല്ലൊരു ദിനചര്യ വേണ്ടിവരും.”—ജെസീക്ക.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്: ഒരു മാസത്തേക്കു വീട്ടിലെ പരമാവധി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ചെയ്യുക. ഉദാഹരണത്തിന്, ഒറ്റയ്ക്കു വീടു വൃത്തിയാക്കുക, നിങ്ങളുടെ തുണി അലക്കുക, പലചരക്കു സാധനങ്ങൾ വാങ്ങുക, എല്ലാ രാത്രിയും ഭക്ഷണം പാകം ചെയ്തു കഴിക്കുക, പാത്രങ്ങൾ കഴുകിവെക്കുക. ഒറ്റയ്ക്കു താമസിക്കുമ്പോൾ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള ഒരു ധാരണ അപ്പോൾ നിങ്ങൾക്കു കിട്ടും.
ചുരുക്കിപ്പറഞ്ഞാൽ: ഒറ്റയ്ക്ക് താമസിക്കുന്നതിന് ജീവിതത്തിൽ അടുക്കും ചിട്ടയും അത്യാവശ്യമാണ്.
നിങ്ങൾ മറ്റുള്ളവരുമായി ഒത്തുപോകുന്നവരാണോ?
ബൈബിൾ പറയുന്നു: “ക്രോധം, കോപം, വഷളത്തം, അസഭ്യസംസാരം എന്നിവയെല്ലാം ഉപേക്ഷിക്കാനുള്ള സമയമായി.”—കൊലോസ്യർ 3:8.
നിങ്ങൾക്ക് മറ്റുള്ളവരുമായി ചേർന്നുപോകാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?
ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ?
എപ്പോഴും കാര്യങ്ങൾ നിങ്ങൾ വിചാരിക്കുന്ന വിധത്തിൽ നടക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഇതിൽ ഏതെങ്കിലും ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം ഉണ്ട് എന്നാണെങ്കിൽ മറ്റൊരാളോടൊപ്പം താമസിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും. പിന്നീട് വിവാഹജീവിതത്തിലും ഇതൊരു പ്രശ്നമാകും.
“ഒരു റൂംമേറ്റിന്റെ കൂടെ താമസിച്ചപ്പോഴാണ് എന്റെ കുറവുകൾ എനിക്കു മനസ്സിലാകാൻ തുടങ്ങിയത്. എന്റെ മൂഡ് മാറുമ്പോൾ മറ്റുള്ളവർ അത് സഹിച്ച് ജീവിക്കണമെന്ന് ഞാൻ വിചാരിക്കാൻ പാടില്ലെന്ന് എനിക്കു മനസ്സിലായി. ഇതു പരിഹരിക്കാൻ ഞാൻ ഒരു നല്ല വഴി കണ്ടുപിടിക്കണമായിരുന്നു.”—ഹെലന.
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്: മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും കൂടെ ഒത്തുപോകാൻ പഠിക്കുക. ഇപ്പോൾ നിങ്ങളോടൊപ്പമുള്ളവരുടെ കുറവുകളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽനിന്ന് ഭാവിയിൽ നിങ്ങളുടെകൂടെ ജീവിക്കുന്നവരുടെ കുറവുകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു മനസ്സിലാക്കാം.
ചുരുക്കിപ്പറഞ്ഞാൽ: ഒറ്റയ്ക്കു ജീവിക്കുന്നത് ഒരു രക്ഷപ്പെടൽ അല്ല. അത് പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു കഴിവാണ്. ഇക്കാര്യത്തിൽ വിജയിച്ചവരോടു കാര്യങ്ങൾ ചോദിച്ചുകൂടേ? നിങ്ങൾക്ക് ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ എന്തൊക്കെ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുമായിരുന്നു? അല്ലെങ്കിൽ, ഇപ്പോൾ അറിയാവുന്ന ഏതു കാര്യമാണ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നെന്ന് അവർക്കു തോന്നുന്നത്? ഏതൊരു പ്രധാനതീരുമാനം എടുക്കുമ്പോഴും ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.