വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഡേറ്റിങ്ങ്‌—ഭാഗം 1: ഞാൻ ഡേറ്റിങ്ങ്‌ ചെയ്യാ​റാ​യോ?

ഡേറ്റിങ്ങ്‌—ഭാഗം 1: ഞാൻ ഡേറ്റിങ്ങ്‌ ചെയ്യാ​റാ​യോ?

 എന്താണ്‌ ഡേറ്റിങ്ങ്‌?

 ചില ആളുകൾ, വെറുതെ ഒരു രസത്തിന്‌ ചെയ്യുന്ന കാര്യ​മാ​യി​ട്ടാണ്‌ ഡേറ്റി​ങ്ങി​നെ കാണു​ന്നത്‌. എന്നാൽ ഈ ലേഖന​ത്തിൽ “ഡേറ്റിങ്ങ്‌” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌, രണ്ടു വ്യക്തികൾ അവർ യോജിച്ച വിവാ​ഹ​യി​ണകൾ ആയിരി​ക്കു​മോ എന്ന്‌ അറിയാൻ ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കു​ന്ന​തി​നെ​യാണ്‌. അതു​കൊണ്ട്‌ ഡേറ്റി​ങ്ങിന്‌ ഒരു ലക്ഷ്യമുണ്ട്‌. അല്ലാതെ എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ മാത്ര​മുള്ള ഒരു നേര​മ്പോ​ക്കല്ല അത്‌.

 ഡേറ്റി​ങ്ങി​ന്റെ അവസാനം നിങ്ങൾ ഒരു തീരു​മാ​ന​ത്തി​ലെ​ത്തണം—വിവാഹം കഴിക്ക​ണോ അല്ലെങ്കിൽ ഈ ബന്ധം അവസാ​നി​പ്പി​ക്ക​ണോ എന്ന്‌. അതു​കൊണ്ട്‌ ഡേറ്റിങ്ങ്‌ തുടങ്ങു​മ്പോൾ ഇതിൽ ഏതെങ്കി​ലും ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും എന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഒരു വിവാ​ഹ​ത്തി​നാ​യി നിങ്ങൾ ഒരുക്ക​മാ​ണെ​ങ്കിൽ മാത്രമേ ഡേറ്റിങ്ങ്‌ ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​വൂ.

വിവാഹം എന്ന ലക്ഷ്യമി​ല്ലാ​തെ ഡേറ്റിങ്ങ്‌ ചെയ്യു​ന്നത്‌, ജോലി നേടുക എന്ന ലക്ഷ്യമി​ല്ലാ​തെ ഒരു ഇന്റർവ്യൂ​വിന്‌ പോകു​ന്ന​തു​പോ​ലെ​യാണ്‌

 നിങ്ങൾക്കു ഡേറ്റി​ങ്ങി​നുള്ള സമയമാ​യോ?

 സാധ്യ​ത​യ​നു​സ​രിച്ച്‌ ഡേറ്റി​ങ്ങി​ന്റെ അവസാനം നിങ്ങൾ വിവാഹം കഴിക്കാൻ തീരു​മാ​നി​ച്ചേ​ക്കാം. അതു​കൊണ്ട്‌ ഒരു ബന്ധത്തിന്‌ ഗുണം ചെയ്യു​ന്ന​തോ ദോഷം ചെയ്യു​ന്ന​തോ ആയ എന്തൊക്കെ സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളാണ്‌ നിങ്ങൾക്കു​ള്ളത്‌ എന്ന്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌:

  •   കുടും​ബ​ബ​ന്ധങ്ങൾ. നിങ്ങൾ എങ്ങനെ​യാണ്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ​ടും കൂടപ്പി​റ​പ്പു​ക​ളോ​ടും ഇടപെ​ടു​ന്നത്‌, പ്രത്യേ​കി​ച്ചും നിങ്ങൾ ടെൻഷ​നി​ലാ​യി​രി​ക്കു​മ്പോൾ? മിക്കവാ​റും ആ രീതി​യിൽത്ത​ന്നെ​യാ​യി​രി​ക്കും ഭാവി​യിൽ നിങ്ങൾ വിവാ​ഹ​യി​ണ​യോട്‌ ഇടപെ​ടാൻപോ​കു​ന്നത്‌.

     ബൈബിൾത​ത്ത്വം: “എല്ലാ തരം പകയും കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും അസഭ്യ​സം​സാ​ര​വും ഹാനി​ക​ര​മായ എല്ലാ കാര്യ​ങ്ങ​ളും നിങ്ങളിൽനിന്ന്‌ നീക്കി​ക്ക​ള​യുക.”—എഫെസ്യർ 4:31.

     സ്വയം ചോദി​ക്കുക: ‘ഞാൻ ആദര​വോ​ടെ​യാണ്‌ വീട്ടിൽ ഇടപെ​ടു​ന്ന​തെന്ന്‌ എന്റെ മാതാ​പി​താ​ക്ക​ളും കൂടപ്പി​റ​പ്പു​ക​ളും പറയു​മോ? അവരിൽ ആരെങ്കി​ലു​മാ​യി എന്തെങ്കി​ലും അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായാൽ ഞാൻ അതു ശാന്തമാ​യി​ട്ടാ​ണോ കൈകാ​ര്യം ചെയ്യു​ന്നത്‌? അതോ ഞാൻ ദേഷ്യ​പ്പെട്ട്‌ അവരോട്‌ പൊട്ടി​ത്തെ​റി​ക്കു​ക​യാ​ണോ ചെയ്യാറ്‌?’

    നിങ്ങൾക്ക്‌ മാതാ​പി​താ​ക്ക​ളു​മാ​യി പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ വിവാ​ഹ​യി​ണ​യു​മാ​യി അതിനു കഴിയു​മെന്ന്‌ തോന്നു​ന്നു​ണ്ടോ?

  •   ആത്മത്യാ​ഗം. നിങ്ങൾ വിവാഹം കഴിക്കു​മ്പോൾ ഇണയുടെ ഇഷ്ടാനി​ഷ്ടങ്ങൾ മനസ്സി​ലാ​ക്കി അതിന​നു​സ​രിച്ച്‌ നിങ്ങൾ ചില ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം.

     ബൈബിൾത​ത്ത്വം: “തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”—1 കൊരി​ന്ത്യർ 10:24.

     സ്വയം ചോദി​ക്കുക: ‘എന്റെ ഇഷ്ടത്തി​ന​നു​സ​രിച്ച്‌ കാര്യങ്ങൾ നീങ്ങണ​മെ​ന്നാ​ണോ ഞാൻ എപ്പോ​ഴും ചിന്തി​ക്കു​ന്നത്‌? വിട്ടു​വീഴ്‌ച കാണി​ക്കാൻ മനസ്സുള്ള ഒരാളാ​യി​ട്ടാ​ണോ മറ്റുള്ളവർ എന്നെ കാണു​ന്നത്‌? എന്റെ ഇഷ്ടങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ ഇഷ്ടങ്ങൾക്കാണ്‌ ഞാൻ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തെന്ന്‌ ഏതൊക്കെ വിധങ്ങ​ളിൽ ഞാൻ കാണി​ച്ചി​ട്ടുണ്ട്‌?’

  •   താഴ്‌മ. ഒരു നല്ല വിവാ​ഹ​യി​ണ​യാ​ണെ​ങ്കിൽ തെറ്റുകൾ പറ്റു​മ്പോൾ അതു സമ്മതി​ക്കു​ക​യും ആത്മാർഥ​മാ​യി ക്ഷമ ചോദി​ക്കു​ക​യും ചെയ്യും.

     ബൈബിൾത​ത്ത്വം: “നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റാറു​ണ്ട​ല്ലോ.”—യാക്കോബ്‌ 3:2, അടിക്കു​റിപ്പ്‌.

     സ്വയം ചോദി​ക്കുക: ‘എന്റെ തെറ്റുകൾ ഞാൻ പെട്ടെ​ന്നു​തന്നെ സമ്മതി​ക്കാ​റു​ണ്ടോ? അതോ ഞാൻ ന്യായീ​ക​രി​ക്കാ​നാ​ണോ ശ്രമി​ക്കു​ന്നത്‌? ആരെങ്കി​ലും ഉപദേശം തരു​മ്പോൾ എനിക്ക്‌ ബുദ്ധി​മു​ട്ടും ദേഷ്യ​വും ആണോ തോന്നാറ്‌?’

  •   പണം കൈകാ​ര്യം ചെയ്യു​ന്നത്‌. ഉത്തരവാ​ദി​ത്വ​ത്തോ​ടെ പണം കൈകാ​ര്യം ചെയ്യു​ന്നെ​ങ്കിൽ വിവാ​ഹ​ജീ​വി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​വുന്ന പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നാ​കും.

     ബൈബിൾത​ത്ത്വം: “നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന്‌ അറിയാൻ ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​ല്ലേ?”—ലൂക്കോസ്‌ 14:28.

     സ്വയം ചോദി​ക്കുക: ‘എനിക്ക്‌ എന്റെ ചെലവു​കൾ നിയ​ന്ത്രി​ക്കാ​നാ​കു​ന്നു​ണ്ടോ? അതോ ഞാൻ കൂടെ​ക്കൂ​ടെ കടത്തി​ലാ​കു​ക​യാ​ണോ? പണം ഉത്തരവാ​ദി​ത്വ​ത്തോ​ടെ​യാണ്‌ കൈകാ​ര്യം ചെയ്യു​ന്ന​തെന്ന്‌ ഞാൻ എങ്ങനെ​യെ​ല്ലാം കാണി​ച്ചി​ട്ടുണ്ട്‌?’

  •   ആത്മീയ​ദി​ന​ചര്യ. നിങ്ങൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെ​ങ്കിൽ നിങ്ങൾ ക്രമമാ​യി ബൈബിൾ പഠിക്കു​ക​യും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കുപ​റ്റു​ക​യും വേണം.

     ബൈബിൾത​ത്ത്വം: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ.”—മത്തായി 5:3.

     സ്വയം ചോദി​ക്കുക: ‘ആത്മീയാ​രോ​ഗ്യം നിലനി​റു​ത്താൻ ഞാൻ നല്ല ശ്രമം ചെയ്യു​ന്നു​ണ്ടോ? ആത്മീയ​കാ​ര്യ​ങ്ങൾക്കാ​ണോ ഞാൻ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌, മറ്റു കാര്യങ്ങൾ അതിന്‌ തടസ്സമാ​കു​ന്നു​ണ്ടോ?’

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങൾക്ക്‌ നല്ലൊരു വിവാ​ഹ​പ​ങ്കാ​ളി​യെ കിട്ടണ​മെ​ങ്കിൽ നിങ്ങൾതന്നെ നല്ല ഗുണങ്ങ​ളുള്ള ഒരു വിവാ​ഹ​പ​ങ്കാ​ളി​യാ​കാൻ ശ്രമി​ക്കണം. കാരണം നിങ്ങളു​ടെ നല്ല ഗുണങ്ങൾ കാണു​മ്പോൾ അതു​പോ​ലുള്ള ഒരാൾക്ക്‌ നിങ്ങ​ളോട്‌ ഇഷ്ടം തോന്നാൻ ഇടയുണ്ട്‌.