വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

താരുണ്യത്തിൽ ആത്മവി​ശ്വാ​സ​ത്തോ​ടെ...

താരുണ്യത്തിൽ ആത്മവി​ശ്വാ​സ​ത്തോ​ടെ...

 “താരു​ണ്യം പെൺകു​ട്ടി​കൾക്ക്‌ അത്ര രസകര​മാ​യ ഒന്നല്ല. അസ്വസ്ഥ​ത​യു​ണ്ടാ​ക്കു​ന്ന, ആകെപ്പാ​ടെ കുഴഞ്ഞു​മ​റി​ഞ്ഞ വല്ലാ​ത്തൊ​രു അവസ്ഥതന്നെ!”—ഒക്‌സാ​നാ.

 “ചില​പ്പോൾ എനിക്കു സന്തോഷം തോന്നും. അടുത്ത നിമിഷം സങ്കടവും. എല്ലാ ചെറുപ്പക്കാർക്കും അങ്ങനെ​ത​ന്നെ​യാ​ണോ എന്ന്‌ എനിക്ക്‌ അറിയില്ല. പക്ഷേ, എനിക്ക്‌ അങ്ങനെ തോന്നി.”—ബ്രയൻ.

 അമ്യൂസ്‌മെന്റ്‌ പാർക്കിലെ പൊങ്ങി​ത്താ​ണു പായുന്ന ഒരു റൈഡു​പോ​ലെ​യാ​ണു താരു​ണ്യം എന്നു പറയാം. ഒരേ സമയം ആവേശ​വും പേടി​യും തോന്നാം. എന്നാൽ താരുണ്യത്തിന്റെ ഏറ്റിറ​ക്ക​ങ്ങ​ളെ ആത്മവി​ശ്വാ​സ​ത്തോ​ടെ എങ്ങനെ കൈകാ​ര്യം ചെയ്യാം?

 എന്താണു താരു​ണ്യം?

 ലളിത​മാ​യി പറഞ്ഞാൽ, നിങ്ങളെ പ്രായപൂർത്തിയിലേക്ക്‌ എത്തിക്കുന്ന വേഗത​യേ​റി​യ മാറ്റങ്ങ​ളു​ടെ ഒരു കാലഘ​ട്ട​മാ​ണു താരു​ണ്യം. ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ പരിവർത്തനങ്ങളുടെ ഈ സമയത്ത്‌ ദ്രുത​ഗ​തി​യി​ലു​ള്ള ശരീരവളർച്ചയും ഹോർമോൺ മാറ്റങ്ങ​ളും സംഭവി​ക്കു​ന്നു. അതു പ്രത്യു​ത്‌പാ​ദ​ന​ത്തി​നും കുഞ്ഞു​ങ്ങ​ളെ പ്രസവി​ക്കു​ന്ന​തി​നും നിങ്ങളു​ടെ ശരീരത്തെ ഒരുക്കു​ക​യാണ്‌.

 എന്നാൽ ഇതിന്റെ അർഥം നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആകാറാ​യി എന്നല്ല. നിങ്ങൾ ബാല്യം കടക്കു​ക​യാണ്‌ എന്നതിന്റെ ഒരു അടയാ​ള​മാ​ണു താരു​ണ്യം—ഓർക്കുമ്പോൾ സങ്കടവും അതേ സമയം പ്രതീ​ക്ഷ​യും കൊണ്ടു​വ​രു​ന്ന ഒന്ന്‌.

 ചോദ്യം: താഴെ പറയുന്നതിൽ ഏതാണു താരു​ണ്യം ആരംഭി​ക്കേണ്ട സാധാ​ര​ണ​പ്രാ​യ​മാ​യി നിങ്ങൾക്കു തോന്നു​ന്നത്‌?

  •  8

  •  9

  •  10

  •  11

  •  12

  •  13

  •  14

  •  15

  •  16

 ഉത്തരം: ഇതെല്ലാം താരു​ണ്യം ആരംഭി​ക്കേണ്ട സാധാ​ര​ണ​പ്രാ​യ​മാ​യാ​ണു കണക്കാ​ക്കു​ന്നത്‌.

 ഇതിന്റെ അർഥം നിങ്ങൾ കൗമാരത്തിൻറെ മധ്യത്തി​ലാ​യി​ട്ടും താരു​ണ്യം ആരംഭിച്ചിട്ടില്ലെങ്കിൽ അതെക്കു​റിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല എന്നാണ്‌. ഇനി അതല്ല, പത്തു വയസ്സിനു മുമ്പേ​ത​ന്നെ താരു​ണ്യം ആരംഭി​ച്ചെ​ങ്കി​ലോ? അതും കാര്യ​മാ​ക്കേ​ണ്ട​തി​ല്ല. കാരണം താരു​ണ്യം തുടങ്ങാൻ നമ്മുടെ ശരീര​ത്തിന്‌ അതിന്റേതായ സമയപ്പ​ട്ടി​ക​യുണ്ട്‌; അതു നിങ്ങളു​ടെ പരിധിയിൽപ്പെടുന്ന കാര്യ​മ​ല്ല​താ​നും.

അമ്യൂസ്‌മെന്റ്‌ പാർക്കിലെ പൊങ്ങി​ത്താ​ണു പായുന്ന റൈഡു​പോ​ലെ, ആവേശ​വും അതേ സമയം സംഭ്ര​മ​വും നിറയ്‌ക്കു​ന്ന​താ​ണു താരു​ണ്യം—അതിന്റെ ഏറ്റിറ​ക്ക​ങ്ങ​ളെ നിങ്ങൾക്കു വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാ​നാ​കും

 ശാരീരികമാറ്റങ്ങൾ

 താരു​ണ്യ​ത്തി​ലെ ഏറ്റവും പ്രകട​മാ​യ മാറ്റം ഒരുപക്ഷേ ശരീരവളർച്ചയിലുണ്ടാകുന്ന കുതി​പ്പാണ്‌. എന്നാൽ പ്രശ്‌നം എന്താണെന്നുവെച്ചാൽ, നിങ്ങളു​ടെ ശരീര​ഭാ​ഗ​ങ്ങ​ളെ​ല്ലാം വളരു​ന്നത്‌ ഒരേ അനുപാ​ത​ത്തി​ലാ​യി​രി​ക്കില്ല എന്നതാണ്‌. അതു​കൊണ്ട്‌ ചലനങ്ങ​ളി​ലും മറ്റും ഒരൽപ്പം അപാകത തോന്നിയാൽ അതിൽ അതിശ​യി​ക്കേ​ണ്ട​തി​ല്ല. ക്രമേണ അതെല്ലാം ശരിയാ​യി​ക്കൊ​ള്ളും.

 താരു​ണ്യ​ത്തി​ലു​ണ്ടാ​കുന്ന മറ്റു ചില ശാരീ​രി​ക​മാ​റ്റ​ങ്ങൾ.

 ആൺകുട്ടികളിൽ:

  •   ലൈം​ഗി​കാ​വ​യ​വ​ങ്ങ​ളു​ടെ വളർച്ച

  •   കക്ഷം, ഗുഹ്യ​ഭാ​ഗ​ങ്ങൾ, മുഖം എന്നിവി​ട​ങ്ങ​ളി​ലെ രോമവളർച്ച

  •   ശബ്ദത്തിന്‌ ഉണ്ടാകുന്ന മാറ്റം

  •   അറിയാ​തെ ഉണ്ടാകുന്ന ഉദ്ധാര​ണ​വും സ്വപ്‌ന​സ്‌ഖ​ല​ന​വും

 പെൺകുട്ടികളിൽ:

  •   സ്‌തനവളർച്ച

  •   കക്ഷം, ഗുഹ്യ​ഭാ​ഗ​ങ്ങൾ എന്നിവി​ട​ങ്ങ​ളി​ലെ രോമവളർച്ച

  •   ആർത്തവാരംഭം

 പൊതു​വാ​യു​ള്ളത്‌:

  •   ശരീരദുർഗന്ധം: ഇതു വിയർപ്പും ബാക്‌ടീ​രി​യ​യും ചേരു​മ്പോൾ ഉണ്ടാകു​ന്ന​താണ്‌.

     പൊടി​ക്കൈ: ഇടയ്‌ക്കി​ടെ നന്നായി കഴുകു​ന്ന​തും, സുഗന്ധ​വ​സ്‌തു​ക്ക​ളോ (Deodorant) വിയർപ്പിനെ തടയുന്ന വസ്‌തു​ക്ക​ളോ (Antiperspirant) ഉപയോ​ഗി​ക്കു​ന്ന​തും ശരീരദുർഗന്ധം അകറ്റും.

  •   മുഖക്കു​രു: എണ്ണഗ്രന്ഥികളിൽ കുടു​ങ്ങു​ന്ന ബാക്‌ടീ​രി​യ കാരണ​മാണ്‌ ഇത്‌ ഉണ്ടാകു​ന്നത്‌.

     പൊടി​ക്കൈ: മുഖക്കു​രു നിയ​ന്ത്രി​ക്കു​ക എളുപ്പ​മ​ല്ലെ​ങ്കി​ലും മുഖം ഇടയ്‌ക്കി​ടെ കഴുകു​ന്ന​തും ചർമം ശുചി​യാ​ക്കാ​നു​ള്ള ഏതെങ്കി​ലും വസ്‌തു​ക്കൾ ഉപയോ​ഗി​ക്കു​ന്ന​തും പ്രയോ​ജ​നം ചെയ്യും.

 വൈകാരികമാറ്റങ്ങൾ

 താരു​ണ്യ​ത്തി​ലെ ശാരീ​രി​ക​മാ​റ്റ​ങ്ങൾക്കു കാരണ​മാ​കു​ന്ന ഹോർമോൺ വ്യതി​യാ​ന​ങ്ങൾ നിങ്ങളെ വൈകാ​രി​ക​മാ​യി അസ്വസ്ഥ​രാ​ക്കി​യേ​ക്കാം. ഒരുപക്ഷേ, ഇടയ്‌ക്കി​ടെ വിഷമം തോന്നി​യെ​ന്നു വരാം. ചില​പ്പോൾ അതു വളരെ ശക്തമാ​കാ​നും ഇടയുണ്ട്‌.

 “ഒരു ദിവസം കരച്ചിലെങ്കിൽ പിറ്റേന്ന്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ ഒരു കുഴപ്പ​വും തോന്നി​ല്ലാ​യി​രി​ക്കും. ഇപ്പോൾ കോപമെങ്കിൽ അടുത്ത നിമിഷം നിങ്ങൾ വിഷാ​ദിച്ച്‌ മുറിയിൽ കയറി അടച്ചു​പൂ​ട്ടി ഇരിക്കു​ക​യാ​യി​രി​ക്കും.”—ഒക്‌സാ​നാ.

 കാണു​ന്ന​വ​രെ​ല്ലാം തങ്ങളെ നിരീ​ക്ഷി​ക്കു​ന്നുണ്ട്‌, വിലയി​രു​ത്തു​ന്നുണ്ട്‌ എന്നൊക്കെ താരുണ്യത്തിൽ മിക്ക യുവജ​ന​ങ്ങൾക്കും തോന്നാ​റുണ്ട്‌. നിങ്ങൾ ആവശ്യ​ത്തി​ല​ധി​കം നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ ചിന്തി​ക്കു​ന്ന​താണ്‌ ഇതിനു കാരണം. നിങ്ങളു​ടെ ശരീര​ത്തി​നു മാറ്റങ്ങൾ വരുന്ന സമയമാണ്‌ ഇത്‌ എന്ന വസ്‌തുത നിങ്ങൾക്ക്‌ അറിയാ​മെ​ങ്കി​ലും ഇത്തരം ചിന്തകൾ സ്വാഭാ​വി​കം മാത്ര​മാണ്‌.

 “മുതിർന്നുതുടങ്ങിയപ്പോൾ ഞാൻ അറിഞ്ഞു​കൊ​ണ്ടു​ത​ന്നെ കുനി​ഞ്ഞു​ന​ട​ക്കാ​നും അയഞ്ഞ ഉടുപ്പു​കൾ ഇടാനും തുടങ്ങി. ശരീര​ത്തിന്‌ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും എനിക്ക്‌ അസ്വസ്ഥ​ത​യും ചമ്മലും തോന്നി. എല്ലാം എനിക്കു വിചി​ത്ര​മാ​യി അനുഭ​വ​പ്പെ​ട്ടു.”—ജാനിസ്‌.

 എതിർലിംഗവർഗത്തിൽപ്പെട്ടവരെ ഒരു പുതിയ കണ്ണിലൂ​ടെ കണ്ടുതു​ട​ങ്ങു​ന്ന​താ​കാം ഒരുപക്ഷേ നിങ്ങൾക്കു​ണ്ടാ​കു​ന്ന ഏറ്റവും വലിയ വൈകാ​രി​ക​മാ​റ്റം.

 “ആൺകു​ട്ടി​കൾ എല്ലാവ​രും ശല്യക്കാ​രാ​ണെന്ന്‌ അടച്ചു​പ​റ​യു​ന്ന​തു ഞാൻ നിറുത്തി. ചില​രൊ​ക്കെ ശരിക്കും കൊള്ളാ​മെ​ന്നും പ്രേമി​ക്കു​ന്നത്‌ അത്ര വലിയ തെറ്റൊ​ന്നു​മ​ല്ലെ​ന്നും തോന്നി​ത്തു​ട​ങ്ങി. ആരൊക്കെ തമ്മിലാണ്‌ ഇഷ്ടം എന്ന കാര്യം ഞങ്ങൾക്കി​ട​യി​ലെ ഒരു സ്ഥിരം ചർച്ചാവിഷയമായി.”—അലക്‌സിസ്‌.

 താരുണ്യത്തിൽ ചില ആൺകു​ട്ടി​കൾക്ക്‌ ആൺകു​ട്ടി​ക​ളോ​ടും പെൺകു​ട്ടി​കൾക്കു പെൺകു​ട്ടി​ക​ളോ​ടും ആകർഷണം തോന്നി​യെ​ന്നു​വ​രാം. ഇങ്ങനെ തോന്നിയാൽ നിങ്ങൾ ഒരു സ്വവർഗാനുരാഗിയാണെന്നു നിഗമനം ചെയ്യരുത്‌. മിക്ക​പ്പോ​ഴും കാലം കടന്നു​പോ​കു​മ്പോൾ അത്തരം വികാ​ര​ങ്ങൾ കെട്ടട​ങ്ങി​ക്കൊ​ള്ളും.

 “മറ്റ്‌ ആൺകു​ട്ടി​ക​ളു​മാ​യി ഞാൻ എന്നെ കണക്കി​ലേ​റെ താരത​മ്യം ചെയ്‌ത​തു​കൊണ്ട്‌ എനിക്ക്‌ അവരോട്‌ ആകർഷണം തോന്നി. ചെറുപ്പം കുറെ പിന്നി​ട്ട​തി​നു ശേഷമാണ്‌ എനിക്കു പെൺകു​ട്ടി​ക​ളോട്‌ ആകർഷണം തോന്നി​ത്തു​ട​ങ്ങി​യത്‌. എന്നാൽ സ്വവർഗാനുരാഗചിന്തകൾ എനിക്ക്‌ ഇന്ന്‌ ഒരു പഴങ്കഥ മാത്ര​മാണ്‌.”—അലൻ.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   കാര്യ​ങ്ങ​ളു​ടെ നല്ല വശം കാണാൻ ശ്രമി​ക്കു​ക. വാസ്‌തവത്തിൽ, താരു​ണ്യ​ത്തി​ലെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ പരിവർത്തനങ്ങൾ നിങ്ങൾക്ക്‌ ആവശ്യ​മാ​യ ഒന്നാണ്‌. സങ്കീർത്തനക്കാരനായ ദാവീദിന്റെ പിൻവരുന്ന വാക്കുകളിൽനിന്ന്‌ നിങ്ങൾക്ക്‌ ആത്മവി​ശ്വാ​സം ആർജിക്കാൻ കഴിയും. ദാവീദ്‌ ഇങ്ങനെ പറഞ്ഞു: ‘ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്കു​ന്നു’—സങ്കീർത്ത​ന​ങ്ങൾ 139:14.

  •   മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​ന്നത്‌ ഒഴിവാ​ക്കു​ക, നിങ്ങളു​ടെ ആകാരത്തിൽ അമിത​മാ​യി ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നു​ള്ള പ്രവണത ചെറു​ക്കു​ക. ബൈബിൾ പറയുന്നു: “മനുഷ്യൻ കണ്ണിന്നു കാണു​ന്ന​തു നോക്കുന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.”—1 ശമുവേൽ 16:7.

  •   മതിയായ വ്യായാ​മ​വും വിശ്ര​മ​വും വേണം. നിങ്ങൾക്ക്‌ ആവശ്യ​ത്തിന്‌ ഉറക്കം കിട്ടിയാൽ, ഉണർന്നിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥ​ത​യും സമ്മർദവും വിഷാ​ദ​ചി​ന്ത​ക​ളും കുറയ്‌ക്കാം.

  •   നിങ്ങളു​ടെ ‘ഉള്ളിലെ വിമർശകനോടു’ പൊരു​തു​ക. ശരിക്കും, നിങ്ങൾ കരുതു​ന്ന​ത്ര​യും മറ്റുള്ളവർ നിങ്ങളെ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ വളർച്ചയെയും മാറ്റങ്ങ​ളെ​യും കുറിച്ച്‌ ആളുകൾ അഭി​പ്രാ​യ​ങ്ങൾ പറഞ്ഞാ​ലും അതി​നൊ​ന്നും കണക്കി​ല​ധി​കം പ്രാധാ​ന്യം കൊടു​ക്കേ​ണ്ട​തി​ല്ല. “പറഞ്ഞു​കേൾക്കു​ന്ന സകലവാ​ക്കി​ന്നും നീ ശ്രദ്ധ​കൊ​ടു​ക്ക​രുത്‌” എന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു.—സഭാ​പ്ര​സം​ഗി 7:21.

  •   ലൈം​ഗി​ക​വി​കാ​ര​ങ്ങളെ നിയന്ത്രിക്കാൻ പഠിക്കുക. അങ്ങനെയായാൽ നിങ്ങൾ അവയ്‌ക്കു വഴങ്ങില്ല. ബൈബിൾ പറയുന്നു: “പരസം​ഗ​ത്തിൽനിന്ന്‌ ഓടിയകലുവിൻ. . . . പരസം​ഗം​ചെ​യ്യു​ന്ന​വൻ സ്വന്തശ​രീ​ര​ത്തി​നു വിരോ​ധ​മാ​യി പാപം ചെയ്യുന്നു.”—1 കൊരി​ന്ത്യർ 6:18.

  •   നിങ്ങളു​ടെ മാതാപിതാക്കളിൽ ഒരാ​ളോ​ടോ വിശ്വ​സി​ക്കാ​വു​ന്ന ഒരു മുതിർന്ന വ്യക്തി​യോ​ടോ സംസാ​രി​ക്കു​ക. ആദ്യം അല്‌പം ജാള്യത തോന്നി​യേ​ക്കാം എന്നതു ശരിതന്നെ. പക്ഷേ നിങ്ങൾക്കു ലഭിക്കുന്ന സഹായം ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

 ചുരുക്കത്തിൽ: താരു​ണ്യ​ത്തിന്‌ അതി​ന്റേ​താ​യ വെല്ലു​വി​ളി​ക​ളുണ്ട്‌. അതേ സമയം, അതു ശാരീ​രി​ക​മാ​യി മാത്രമല്ല മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും വളരാ​നു​ള്ള ഒരു വലിയ വാതിൽ നിങ്ങളു​ടെ മുന്നിൽ തുറന്നി​ടു​ക​യാണ്‌.—1 ശമുവേൽ 2:26.