വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കുന്ന നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്ക്‌ അവരോട്‌ എങ്ങനെ സംസാരിക്കാം?

മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കുന്ന നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്ക്‌ അവരോട്‌ എങ്ങനെ സംസാരിക്കാം?

 പതിനഞ്ചു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ മാതാ​പി​താ​ക്കൾ വെച്ചി​രുന്ന നിയമങ്ങൾ എനിക്കു വേണ്ടതു​ത​ന്നെ​യാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ എനിക്കു വയസ്സു 19 ആയി. എനിക്കു കുറച്ചു​കൂ​ടി സ്വാത​ന്ത്ര്യം വേണം.—സിൽവിയ.

 സിൽവി​യ​യെ​പ്പോ​ലെ നിങ്ങൾക്കും തോന്നു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ അതെക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കാൻ ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 മാതാ​പി​താ​ക്ക​ളോട്‌ അവർ വെച്ചി​രി​ക്കുന്ന നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ പിൻവ​രുന്ന കാര്യങ്ങൾ ശ്രദ്ധി​ക്കുക:

  •  നിയമ​ങ്ങ​ളി​ല്ലാ​ത്ത ജീവിതം അലങ്കോ​ല​മാ​യി​രി​ക്കും. തിരക്കുള്ള ഒരു റോഡ്‌ സങ്കല്‌പി​ക്കുക. ട്രാഫിക്‌ ബോർഡു​ക​ളോ ട്രാഫിക്‌ സിഗ്നലു​ക​ളോ വേഗപ​രി​ധി​ക​ളോ ഒന്നുമി​ല്ലെ​ങ്കിൽ എന്തായി​രി​ക്കും സ്ഥിതി? റോഡി​ലാ​ണെ​ങ്കി​ലും വീട്ടി​ലാ​ണെ​ങ്കി​ലും കാര്യ​ങ്ങ​ളെ​ല്ലാം ചിട്ടയാ​യി​പ്പോ​ക​ണ​മെ​ങ്കിൽ നിയമങ്ങൾ വേണം.

  •  മാതാ​പി​താ​ക്കൾക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ വിചാ​ര​മു​ണ്ടെ​ന്ന​തി​ന്റെ തെളി​വാ​ണു നിയമങ്ങൾ. അവർ പ്രത്യേ​കിച്ച്‌ നിയമ​ങ്ങ​ളൊ​ന്നും വെക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു സംഭവി​ച്ചാ​ലും അവർക്കു വലിയ കുഴപ്പ​മൊ​ന്നു​മി​ല്ലെന്നു വരും. അങ്ങനെ​യു​ള്ളവർ ശരിക്കും നല്ല മാതാ​പി​താ​ക്ക​ളാ​ണോ?

 നിങ്ങൾക്ക്‌ അറിയാ​മോ? മാതാ​പി​താ​ക്കൾ അനുസ​രി​ക്കേണ്ട ചില നിയമങ്ങളുമുണ്ട്‌! സംശയ​മു​ണ്ടോ? ഉണ്ടെങ്കിൽ ഉൽപത്തി 2:24; ആവർത്തനം 6:6, 7; എഫെസ്യർ 6:4; 1 തിമൊ​ഥെ​യൊസ്‌ 5:8 എന്നീ ബൈബിൾഭാ​ഗങ്ങൾ ഒന്നു വായി​ച്ചു​നോ​ക്കൂ.

 മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കുന്ന നിയമങ്ങൾ അന്യാ​യ​മാ​ണെ​ന്നാ​ണോ ഇപ്പോ​ഴും നിങ്ങൾക്കു തോന്നു​ന്നത്‌?

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ ഇതൊന്നു ചിന്തി​ക്കുക. മാതാ​പി​താ​ക്കൾ വെക്കുന്ന നിയമങ്ങൾ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ നിങ്ങൾ എങ്ങനെ​യുണ്ട്‌? അത്ര പോ​രെ​ങ്കിൽ ഇപ്പോൾ സംസാ​രി​ക്കാ​തി​രി​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌. “എനിക്ക്‌ എങ്ങനെ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാം?” എന്ന ലേഖനം ആദ്യം ഒന്നു വായി​ക്കു​ന്നതു നന്നായി​രി​ക്കും.

 ഇനി നിങ്ങൾ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ മിടു​ക്ക​രാ​ണെ​ങ്കിൽ, എന്താണു മാതാ​പി​താ​ക്ക​ളോ​ടു പറയാൻപോ​കു​ന്ന​തെന്ന്‌ ഒന്നു തയ്യാറാ​കുക. പറയാൻപോ​കുന്ന കാര്യം മുൻകൂ​ട്ടി മനസ്സിൽ ഒന്നു ചിന്തി​ക്കു​ന്നെ​ങ്കിൽ അതിൽ എത്ര​ത്തോ​ളം ന്യായ​മു​ണ്ടെന്നു നിങ്ങൾക്കു മനസ്സി​ലാ​കും. അടുത്ത​താ​യി സ്വസ്ഥമാ​യി എപ്പോൾ, എവി​ടെ​വെച്ച്‌ ഇതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ പറ്റു​മെന്നു മാതാ​പി​താ​ക്ക​ളോ​ടു ചോദി​ക്കുക. എന്നിട്ട്‌ സംസാ​രി​ക്കുന്ന സമയത്ത്‌ ഇക്കാര്യ​ങ്ങൾ മനസ്സിൽപ്പി​ടി​ക്കുക:

 ആദര​വോ​ടെ സംസാ​രി​ക്കുക. “പരുഷ​മായ വാക്കുകൾ കോപം ആളിക്ക​ത്തി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 15:1) ഇക്കാര്യം മനസ്സിൽപ്പി​ടി​ക്കുക: നിങ്ങൾ മാതാ​പി​താ​ക്ക​ളോ​ടു വാദി​ച്ചു​ജ​യി​ക്കാ​നോ അവർ കാണി​ക്കു​ന്നത്‌ അന്യാ​യ​മാ​ണെന്നു പറഞ്ഞ്‌ അവരെ കുറ്റ​പ്പെ​ടു​ത്താ​നോ പോയാൽ സംസാരം എങ്ങു​മെ​ങ്ങും എത്തില്ല.

 “മാതാ​പി​താ​ക്കളെ ഞാൻ എത്ര​ത്തോ​ളം ആദരി​ക്കു​ന്നോ അത്ര​ത്തോ​ളം ആദരവ്‌ അവർ എനിക്കും തരുന്നു. പരസ്‌പരം ആദര​വോ​ടെ ഇടപെ​ടു​ന്ന​തു​കൊണ്ട്‌ പെട്ടെന്ന്‌ ഒരു തീരു​മാ​ന​ത്തി​ലെ​ത്താൻ ഞങ്ങൾക്കു പറ്റുന്നു.”—ബിയാൻക, 19.

 ശ്രദ്ധി​ച്ചു​കേൾക്കുക. “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌” എന്നാണു ബൈബിൾ പറയു​ന്നത്‌. (യാക്കോബ്‌ 1:19) ഓർക്കുക: നിങ്ങൾ മാതാ​പി​താ​ക്ക​ളു​മാ​യി ഒരു കാര്യം ചർച്ച ചെയ്യു​ക​യാണ്‌, അല്ലാതെ അവരോ​ടു പ്രസം​ഗി​ക്കു​കയല്ല.

 “കുറച്ച്‌ വലുതാ​യി​ക്ക​ഴി​യു​മ്പോൾ മാതാ​പി​താ​ക്ക​ളെ​ക്കാൾ ഒരുപാട്‌ അറിവു​ണ്ടെന്നു നമു​ക്കൊ​രു തോന്ന​ലു​ണ്ടാ​കും. പക്ഷേ അതു വെറു​മൊ​രു തോന്ന​ലാണ്‌. ശരിക്കും നമ്മൾ അവർ പറയു​ന്നതു കേൾക്കണം.”—ഡെവാൻ, 20

 മാതാ​പി​താ​ക്ക​ളു​ടെ സ്ഥാനത്തു​നിന്ന്‌ ചിന്തി​ക്കുക. “സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം” എന്നാണ​ല്ലോ ബൈബിൾ പറയു​ന്നത്‌. അതു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളു​ടെ താത്‌പ​ര്യം​കൂ​ടെ നോക്കണം.—ഫിലി​പ്പി​യർ 2:4.

കാര്യം നടക്കാൻ ഇതിൽ ഏതായി​രി​ക്കും നല്ലത്‌?

 “മാതാ​പി​താ​ക്കളെ എന്റെ ടീമി​ലു​ള്ള​വ​രെ​പ്പോ​ലെയല്ല, എതിർ ടീമി​ലു​ള്ള​വ​രെ​പ്പോ​ലെ​യാ​ണു ഞാൻ കണ്ടിരു​ന്നത്‌. നല്ലൊരു വ്യക്തി​യാ​കാൻ ഞാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ നല്ല മാതാ​പി​താ​ക്ക​ളാ​കാൻ അവരും ശ്രമി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ ഇപ്പോ​ഴാണ്‌ എനിക്കു മനസ്സി​ലാ​യത്‌. അവർ ചെയ്യു​ന്ന​തെ​ല്ലാം എന്നോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാണ്‌.”—ജോഷ്വ, 21.

 പരിഹാ​ര​മാർഗങ്ങൾ മുന്നോ​ട്ടു​വെ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ഇങ്ങനെ​യൊ​രു സാഹച​ര്യം ചിന്തി​ക്കുക: നിങ്ങൾക്ക്‌ ഒരു പാർട്ടി​ക്കു പോകണം, അവിടെ എത്താൻ ഒരു മണിക്കൂർ വണ്ടി ഓടി​ക്കു​ക​യും വേണം. പക്ഷേ മാതാ​പി​താ​ക്കൾ നിങ്ങ​ളോ​ടു പോ​കേ​ണ്ടെന്നു പറയുന്നു. എന്തായി​രി​ക്കും അതിന്റെ കാരണം? പ്രശ്‌നം, നിങ്ങൾ വണ്ടി ഓടി​ക്കു​ന്ന​താ​ണോ അതോ ആ പാർട്ടി​യാ​ണോ?

  •   വണ്ടി ഓടി​ക്കു​ന്ന​താ​ണു പ്രശ്‌ന​മെ​ങ്കിൽ, നന്നായി ഡ്രൈവ്‌ ചെയ്യുന്ന ഒരു കൂട്ടു​കാ​ര​നോ​ടൊ​പ്പം പോകാൻ തീരു​മാ​നി​ച്ചാൽ പ്രശ്‌നം പരിഹ​രി​ക്കാൻ പറ്റുമോ?

  •   പാർട്ടി​യാ​ണു പ്രശ്‌ന​മെ​ങ്കിൽ, അവിടെ ആരൊക്കെ വരും, ആരാണ്‌ അതിനു മേൽനോ​ട്ടം നടത്തു​ന്നത്‌ എന്നീ കാര്യങ്ങൾ അവരോ​ടു പറഞ്ഞു​കൊണ്ട്‌ പ്രശ്‌നം പരിഹ​രി​ക്കാ​നാ​കു​മോ?

 ആദര​വോ​ടെ സംസാ​രി​ക്കാൻ എപ്പോ​ഴും ശ്രദ്ധി​ക്കുക. മാതാ​പി​താ​ക്കൾക്കു പറയാ​നു​ള്ളതു ക്ഷമയോ​ടെ കേൾക്കുക. “അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കു”ന്നുണ്ടെന്നു വാക്കി​ലും പ്രവൃ​ത്തി​യി​ലും കാണി​ക്കുക. (എഫെസ്യർ 6:2, 3) അവർ എന്തെങ്കി​ലും വിട്ടു​വീഴ്‌ച ചെയ്യു​മോ? ചില​പ്പോൾ ചെയ്‌തേ​ക്കാം, ചില​പ്പോൾ ഇല്ലായി​രി​ക്കാം. എന്തായാ​ലും . . .

 മാതാ​പി​താ​ക്ക​ളു​ടെ തീരു​മാ​നം മനസ്സോ​ടെ സ്വീക​രി​ക്കുക. അതു വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. പക്ഷേ മിക്ക​പ്പോ​ഴും ചെറു​പ്പ​ക്കാർ അതിന്‌ അത്ര പ്രാധാ​ന്യം കൊടു​ക്കാ​റില്ല. നിങ്ങൾ വിചാ​രി​ച്ച​തു​പോ​ലെ കാര്യങ്ങൾ നടക്കാ​ത്ത​തി​ന്റെ പേരിൽ മാതാ​പി​താ​ക്ക​ളോ​ടു തർക്കി​ക്കാൻ പോയാൽ അടുത്ത തവണ ഒരു ആവശ്യം വരു​മ്പോൾ കാര്യം ഇതിലും കഷ്ടമാ​യി​രി​ക്കും. എന്നാൽ മനസ്സോ​ടെ അവരുടെ തീരു​മാ​നം അംഗീ​ക​രി​ച്ചാൽ, ഇപ്പോൾ വെച്ചി​രി​ക്കുന്ന ചില നിയമ​ങ്ങ​ളിൽ മാതാ​പി​താ​ക്കൾ അയവ്‌ വരുത്താൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.