വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സ്‌പോർട്‌സിനെക്കുറിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞി​രി​ക്ക​ണം?

സ്‌പോർട്‌സിനെക്കുറിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞി​രി​ക്ക​ണം?

 സ്‌പോർട്‌സ്‌ ഒന്നുകിൽ ഗുണം ചെയ്യും, അല്ലെങ്കിൽ ദോഷം ചെയ്യും. നിങ്ങൾ എന്തു കളിക്കു​ന്നു, എങ്ങനെ കളിക്കു​ന്നു, എത്ര സമയം കളിക്കു​ന്നു എന്നിവയെ ആശ്രയി​ച്ചാണ്‌ ഇത്‌ നിർണയിക്കുന്നത്‌.

 പ്രയോജനങ്ങൾ എന്തെല്ലാ​മാണ്‌?

 സ്‌പോർട്‌സ്‌ ആരോ​ഗ്യ​ത്തിന്‌ ഗുണം ചെയ്യും. ‘കായി​ക​പ​രി​ശീ​ല​നം പ്രയോ​ജ​ന​മു​ള്ളത്‌’ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 4:8) ചെറു​പ്പ​ക്കാ​ര​നാ​യ റയാൻ പറയുന്നു: “ഊർജസ്വലരായിരിക്കാനുള്ള ഒരു നല്ല മാർഗമാണ്‌ സ്‌പോർട്‌സ്‌. കുത്തി​യി​രുന്ന്‌ വീഡി​യോ ഗെയിമുകൾ കളിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ്‌ അത്‌!”

 കൂട്ടായ പ്രവർത്തനത്തിനും ആത്മശി​ക്ഷ​ണ​ത്തി​നും സ്‌പോർട്‌സ്‌ ഉപകരി​ക്കു​ന്നു. ഒരു സ്‌പോർട്‌സ്‌ ഇനത്തെ​ക്കു​റി​ച്ചു​ള്ള ദൃഷ്ടാന്തം പറഞ്ഞു​കൊണ്ട്‌ ബൈബിൾ ഗുണക​ര​മാ​യ ഒരു പാഠം പഠിപ്പി​ക്കു​ന്നു. അത്‌ ഇങ്ങനെ പറയുന്നു: “ഓട്ടമ​ത്സ​ര​ത്തിൽ ഓട്ടക്കാർ എല്ലാവ​രും ഓടു​മെ​ങ്കി​ലും ഒരാൾക്കേ സമ്മാനം കിട്ടു​ക​യു​ള്ളൂ. . . ഒരു മത്സരത്തിൽ പങ്കെടു​ക്കു​ന്ന​വ​രെ​ല്ലാം എല്ലാ കാര്യ​ങ്ങ​ളി​ലും ആത്മനി​യ​ന്ത്ര​ണം പാലി​ക്കു​ന്നു.” (1 കൊരി​ന്ത്യർ 9:24, 25) എന്താണ്‌ പാഠം? നിയമങ്ങൾ അനുസ​രിച്ച്‌ ഒരു കളിയിൽ ഏർപ്പെടുന്നതിന്‌ ആത്മനി​യ​ന്ത്ര​ണ​വും സഹകര​ണ​വും ആവശ്യ​മാണ്‌. കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള അബീഗയിൽ പറയു​ന്നത്‌ ശ്രദ്ധിക്കൂ: “സ്‌പോർട്‌സിൽ ഏർപ്പെട്ടതിലൂടെ മറ്റുള്ള​വ​രു​മാ​യി സഹകരി​ക്കു​ന്ന​തും ആശയവി​നി​മ​യം നടത്തു​ന്ന​തും എങ്ങനെ​യാ​ണെന്ന്‌ ഞാൻ പഠിച്ചു.”

 നല്ല സുഹൃ​ത്തു​ക്ക​ളെ നേടാൻ സ്‌പോർട്‌സ്‌ സഹായി​ക്കു​ന്നു. മിക്ക കളിക​ളും ആളുകളെ ഒന്നിച്ചു നിൽക്കാൻ സഹായി​ക്കു​ന്നു. യുവ​പ്രാ​യ​ത്തി​ലു​ള്ള ജോർഡൻ പറയുന്നു: “ഏതാണ്ട്‌ എല്ലാ കളിക​ളി​ലും ഒരള​വോ​ളം മത്സരം ഉൾപ്പെടുന്നുണ്ട്‌. ഒരു രസമാ​യിട്ട്‌ കാണുന്നെങ്കിൽ സുഹൃ​ത്തു​ക്ക​ളെ നേടാ​നു​ള്ള ഒരു നല്ല മാർഗമാണ്‌ അത്‌.”

 ദോഷങ്ങൾ എന്തെല്ലാ​മാണ്‌?

 എന്തു കളിക്കു​ന്നു. ബൈബിൾ പറയു​ന്നത്‌: “യഹോവ നീതി​മാ​നെ​യും ദുഷ്ട​നെ​യും പരി​ശോ​ധി​ക്കു​ന്നു. അക്രമം ഇഷ്ടപ്പെ​ടു​ന്ന​വ​നെ ദൈവം വെറു​ക്കു​ന്നു.”—സങ്കീർത്ത​നം 11:5.

 ചില സ്‌പോർട്‌സിൽ അക്രമം ഉൾപ്പെടുന്നു എന്നത്‌ വ്യക്തമാണ്‌. ചെറു​പ്പ​ക്കാ​രി​യാ​യ ലോറൻ പറയുന്നു: “എതിരാ​ളി​യെ ഇടിക്കു​ന്ന​താണ്‌ ബോക്‌സിങിൽ പ്രധാ​ന​മാ​യും നടക്കു​ന്നത്‌. ക്രിസ്‌ത്യാനികൾ പോരാട്ടത്തിൽനിന്ന്‌ വിട്ടുനിൽക്കേണ്ടവരാണ്‌. പിന്നെ എന്തിനാണ്‌ മറ്റൊ​രാ​ളെ ഇടിച്ചു വീഴ്‌ത്തു​ന്ന ഒരു കളി കണ്ട്‌ ആസ്വദി​ക്കു​ന്നത്‌?”

 ചിന്തിക്കാൻ: അക്രമാ​സ​ക്ത​മാ​യ അത്തരം സ്‌പോർട്‌സിൽ ഏർപ്പെടുന്നതുകൊണ്ടോ അതു കാണു​ന്ന​തു​കൊ​ണ്ടോ ഒന്നും അക്രമപ്രവർത്തനങ്ങളിലേക്ക്‌ ഞാൻ പോകു​ക​യി​ല്ല എന്നു പറഞ്ഞു​കൊണ്ട്‌ നമ്മൾ സ്വയം ന്യായീ​ക​രി​ക്കാ​റു​ണ്ടോ? എന്നാൽ ഇത്‌ ഓർക്കുക: അക്രമം ചെയ്യുന്ന ആളെയല്ല, “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വ​നെ” യഹോവ വെറു​ക്കു​ന്നു എന്നാണ്‌ സങ്കീർത്ത​നം 11:5-ൽ പറഞ്ഞി​രി​ക്കു​ന്നത്‌.

 എങ്ങനെ കളിക്കു​ന്നു. ബൈബിൾ പറയു​ന്നത്‌: “വഴക്കു​ണ്ടാ​ക്കാ​നു​ള്ള ഉദ്ദേശ്യ​ത്തോ​ടെ​യോ ദുരഭി​മാ​ന​ത്തോ​ടെ​യോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ മറ്റുള്ള​വ​രെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക.”—ഫിലി​പ്പി​യർ 2:3.

 എതിർടീമുള്ള ഏതൊരു കളിയി​ലും ഒരള​വോ​ളം മത്സരം ഉൾപ്പെടുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നാൽ എന്തു വില കൊടു​ത്തും ജയിക്കുക എന്ന മനോ​ഭാ​വം കളിയു​ടെ രസം കെടു​ത്തി​ക്ക​ള​യും. കൗമാ​ര​ക്കാ​രി​യാ​യ ബ്രയാൻ പറയുന്നു: “ഒരു മത്സരമ​നോ​ഭാ​വം പെട്ടെന്ന്‌ നിങ്ങളെ കീഴ്‌പെ​ടു​ത്തി​യേ​ക്കാം. നന്നായി കളിക്കാൻ എത്ര​ത്തോ​ളം ശ്രമി​ക്കു​ന്നു​വോ താഴ്‌മ വളർത്തിയെടുക്കാനും അത്ര​ത്തോ​ളം​ത​ന്നെ ശ്രമി​ക്ക​ണം.”

 ചിന്തിക്കാൻ: “ഓരോ ആഴ്‌ച​യി​ലും ഞങ്ങൾ ഫുട്‌ബോൾ കളിക്കു​ന്നു, അപ്പോ​ഴെ​ല്ലാം പരിക്കും പറ്റാറുണ്ട്‌” എന്ന്‌ ചെറു​പ്പ​ക്കാ​ര​നാ​യ ക്രിസ്‌ സമ്മതി​ക്കു​ന്നു. സ്വയം ചോദി​ക്കു​ക: ‘മിക്ക​പ്പോ​ഴും പരിക്ക്‌ പറ്റാനുള്ള കാരണം എന്താണ്‌? പരിക്കി​ന്റെ ആഘാതം കുറയ്‌ക്കാൻ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും?’

 എത്ര സമയം കളിക്കു​ന്നു. ബൈബിൾ പറയു​ന്നത്‌: ‘കൂടുതൽ പ്രാധാ​ന്യ​മു​ള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്താൻ കഴിവു​ള്ള​വ​രാ​കു​ക’ എന്നാണ്‌.—ഫിലി​പ്പി​യർ 1:10.

 മുൻഗണനകൾ നിശ്ചയി​ക്കു​ക. ആത്മീയകാര്യങ്ങൾ ഒന്നാം സ്ഥാനത്ത്‌ വരണം. പല കളിക​ളും മണിക്കൂറുകൾ കവർന്നെടുക്കുന്നു, കളിച്ചാ​ലും ശരി, കണ്ടാലും ശരി! “നന്നായി ഉപയോ​ഗി​ക്കേണ്ട എത്രയോ സമയമാണ്‌ ടിവിയിൽ ഗെയിം കളിക്കാൻ ഞാൻ പാഴാ​ക്കു​ന്ന​തെ​ന്നു പറഞ്ഞ്‌ അമ്മ മിക്ക​പ്പോ​ഴും എന്നോട്‌ വഴക്കി​ടാ​റുണ്ട്‌.”—ഡാരിയ എന്ന പെൺകുട്ടി.

സ്‌പോർട്‌സിന്‌ കണക്കി​ല​ധി​കം പ്രാധാ​ന്യം നല്‌കുന്നത്‌ ആഹാരത്തിൽ കണക്കി​ല​ധി​കം ഉപ്പ്‌ ചേർക്കുന്നതുപോലെയാണ്‌

 ചിന്തിക്കാൻ: പ്രാധാ​ന്യ​മേ​റി​യ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മാതാപിതാക്കൾ തരുന്ന ഉപദേശം നിങ്ങൾ ശ്രദ്ധി​ക്കാ​റു​ണ്ടോ? ട്രിനാ പറയുന്നു: “ചെയ്യേണ്ട പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ചെയ്യാതെ ഞാനും എന്റെ കൂടെ​പ്പി​റ​പ്പു​ക​ളും സ്‌പോർട്‌സ്‌ പരിപാടികൾ കണ്ടിരിക്കുമ്പോൾ അമ്മ മിക്ക​പ്പോ​ഴും ഞങ്ങളോട്‌ ചോദി​ക്കാ​റുണ്ട്‌: ‘നമ്മൾ കണ്ടാലും കണ്ടി​ല്ലെ​ങ്കി​ലും കളിക്കാർക്ക്‌ കിട്ടേണ്ട പണം അവർക്കു കിട്ടും. എന്നാൽ നിങ്ങൾക്ക്‌ എന്തു കിട്ടും?’ അമ്മ പറയു​ന്ന​തി​ന്റെ അർഥം ഇതായി​രു​ന്നു: കളിക്കാ​രു​ടെ ജോലി​യാണ്‌ അത്‌. പക്ഷേ, ഹോംവർക്കുകളും മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒന്നും ചെയ്യാതെ അലസമാ​യി നടന്നാൽ ഭാവിയിൽ നിങ്ങൾക്ക്‌ വേണ്ട പണം എങ്ങനെ കിട്ടും? കളിക്കു​ന്ന​തോ കളി കാണു​ന്ന​തോ ഒന്നും ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളാ​ക​രുത്‌ എന്നായി​രു​ന്നു അമ്മ പറഞ്ഞതി​ന്റെ സാരം.”