യോഹ​ന്നാൻ എഴുതി​യത്‌ 13:1-38

13  ഈ ലോകം വിട്ട്‌ പിതാവിന്റെ അടു​ത്തേക്കു പോകാ​നുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാ​പ്പെ​രു​ന്നാ​ളി​നു മുമ്പു​തന്നെ യേശു​വിന്‌ അറിയാമായിരുന്നു.+ ഈ ലോക​ത്തിൽ തനിക്കു സ്വന്തമാ​യു​ള്ള​വരെ യേശു സ്‌നേഹിച്ചു, അവസാ​നം​വരെ സ്‌നേഹിച്ചു.+  അവർ അത്താഴം കഴിക്കുകയായിരുന്നു.* യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ പിശാച്‌ ശിമോന്റെ മകനായ യൂദാസ്‌ ഈസ്‌കര്യോത്തിന്റെ+ ഹൃദയ​ത്തിൽ തോന്നിച്ചിരുന്നു.+  പിതാവ്‌ എല്ലാം തന്റെ കൈയിൽ തന്നിരി​ക്കു​ന്നെ​ന്നും ദൈവത്തിന്റെ അടുത്തു​നിന്ന്‌ വന്ന താൻ ദൈവത്തിന്റെ അടു​ത്തേ​ക്കു​തന്നെ പോകു​ന്നെ​ന്നും അറിയാ​മാ​യി​രുന്ന യേശു,+  അത്താഴ​ത്തിന്‌ ഇടയിൽ എഴു​ന്നേറ്റ്‌ പുറങ്കു​പ്പാ​യം അഴിച്ചു​വെച്ച്‌ ഒരു തോർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റി.+  പിന്നെ ഒരു പാത്ര​ത്തിൽ വെള്ളം എടുത്ത്‌ ശിഷ്യ​ന്മാ​രു​ടെ കാലു* കഴുകി അരയിൽ ചുറ്റി​യി​രുന്ന തോർത്തു​കൊണ്ട്‌ തുടയ്‌ക്കാൻതുടങ്ങി.+  യേശു ശിമോൻ പത്രോസിന്റെ അടുത്ത്‌ വന്നപ്പോൾ പത്രോസ്‌, “കർത്താവേ, അങ്ങ്‌ എന്റെ കാലു കഴുകാൻപോ​കു​ന്നോ” എന്നു ചോദിച്ചു.  യേശു പറഞ്ഞു: “ഞാൻ ചെയ്യു​ന്നതു നിനക്ക്‌ ഇപ്പോൾ മനസ്സിലാകില്ല, എല്ലാം കഴിയു​മ്പോൾ മനസ്സിലാകും.”  പത്രോസ്‌ യേശുവിനോട്‌, “അങ്ങ്‌ എന്റെ കാലു കഴുകാൻ ഞാൻ ഒരിക്ക​ലും സമ്മതി​ക്കില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ+ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവു​മില്ല” എന്നു പറഞ്ഞു.  ശിമോൻ പത്രോസ്‌ യേശുവിനോട്‌, “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകി​ക്കോ” എന്നു പറഞ്ഞു. 10  യേശു പത്രോ​സി​നോ​ടു പറഞ്ഞു: “കുളി കഴിഞ്ഞ​യാ​ളു​ടെ കാലു മാത്രം കഴുകി​യാൽ മതി. അയാൾ മുഴു​വ​നും ശുദ്ധിയുള്ളയാളാണ്‌.+ നിങ്ങൾ ശുദ്ധിയുള്ളവരാണ്‌. എന്നാൽ എല്ലാവരുമല്ല.” 11  തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌+ “നിങ്ങൾ എല്ലാവ​രും ശുദ്ധി​യു​ള്ള​വരല്ല” എന്നു യേശു പറഞ്ഞത്‌. 12  അവരുടെ കാലു കഴുകി​യ​ശേഷം യേശു പുറങ്കു​പ്പാ​യം ധരിച്ച്‌ വീണ്ടും മേശയു​ടെ മുന്നിൽ ഇരുന്നു. യേശു അവരോ​ടു പറഞ്ഞു: “ഞാൻ എന്താണു ചെയ്‌ത​തെന്നു നിങ്ങൾക്കു മനസ്സിലായോ? 13  നിങ്ങൾ എന്നെ ‘ഗുരു’+ എന്നും ‘കർത്താവ്‌’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്‌. കാരണം ഞാൻ നിങ്ങളു​ടെ ഗുരു​വും കർത്താ​വും ആണ്‌.+ 14  കർത്താ​വും ഗുരു​വും ആയ ഞാൻ നിങ്ങളു​ടെ കാലു കഴുകിയെങ്കിൽ+ നിങ്ങളും തമ്മിൽത്ത​മ്മിൽ കാലു കഴുകണം.+ 15  ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്‌.+ 16  സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അടിമ യജമാ​ന​നെ​ക്കാൾ വലിയവനല്ല. അയയ്‌ക്ക​പ്പെ​ട്ടവൻ അയച്ചവ​നെ​ക്കാൾ വലിയവനുമല്ല.+ 17  ഈ കാര്യ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോഷമുള്ളവരായിരിക്കും.+ 18  നിങ്ങൾ എല്ലാവ​രെ​യും​കു​റി​ച്ചല്ല ഞാൻ ഇതു പറയുന്നത്‌. ഞാൻ തിര​ഞ്ഞെ​ടു​ത്ത​വരെ എനിക്ക്‌ അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നു​ന്നവൻ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു’+ എന്ന തിരു​വെ​ഴു​ത്തു നിറവേറണമല്ലോ.+ 19  സംഭവി​ക്കാൻപോ​കു​ന്നതു ഞാൻ നിങ്ങ​ളോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തിന്‌ ഒരു കാരണമുണ്ട്‌.+ അതു സംഭവി​ക്കു​ന്നതു കാണുമ്പോൾ, എഴുത​പ്പെ​ട്ടി​രു​ന്നത്‌ എന്നെക്കു​റി​ച്ചാ​യി​രു​ന്നെന്നു നിങ്ങൾ വിശ്വസിക്കുമല്ലോ. 20  സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഞാൻ അയയ്‌ക്കു​ന്ന​വനെ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീകരിക്കുന്നു.+ എന്നെ സ്വീക​രി​ക്കു​ന്ന​വ​നോ എന്നെ അയച്ച വ്യക്തി​യെ​യും സ്വീകരിക്കുന്നു.”+ 21  ഇതു പറഞ്ഞ​ശേഷം യേശു ഹൃദയ​വേ​ദ​ന​യോ​ടെ ഇങ്ങനെ പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 22  യേശു ആരെക്കു​റി​ച്ചാണ്‌ ഇതു പറഞ്ഞ​തെന്നു മനസ്സി​ലാ​കാ​തെ ശിഷ്യ​ന്മാർ പരസ്‌പരം നോക്കി.+ 23  യേശു സ്‌നേ​ഹിച്ച ശിഷ്യൻ+ യേശു​വി​നോ​ടു ചേർന്ന്‌ ഇരിപ്പുണ്ടായിരുന്നു. 24  ശിമോൻ പത്രോസ്‌ അദ്ദേഹത്തെ തലകൊണ്ട്‌ ആംഗ്യം കാണിച്ച്‌, “യേശു ആരെക്കു​റി​ച്ചാ​ണു പറഞ്ഞത്‌” എന്നു ചോദിച്ചു. 25  അപ്പോൾ ആ ശിഷ്യൻ യേശുവിന്റെ മാറി​ലേക്കു ചാഞ്ഞ്‌, “കർത്താവേ, അത്‌ ആരാണ്‌” എന്നു ചോദിച്ചു.+ 26  യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.”+ എന്നിട്ട്‌ യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്‌കര്യോത്തിന്റെ മകനായ യൂദാ​സി​നു കൊടുത്തു. 27  അപ്പക്കഷണം വാങ്ങി​ക്ക​ഴി​ഞ്ഞ​പ്പോൾ യൂദാ​സിൽ സാത്താൻ കടന്നു.+ യേശു യൂദാസിനോട്‌, “നീ ചെയ്യു​ന്നതു കുറച്ചു​കൂ​ടെ പെട്ടെന്നു ചെയ്‌തു​തീർക്കുക” എന്നു പറഞ്ഞു. 28  എന്നാൽ യേശു ഇതു യൂദാ​സി​നോ​ടു പറഞ്ഞത്‌ എന്തിനാ​ണെന്നു ഭക്ഷണത്തിന്‌ ഇരുന്ന ആർക്കും മനസ്സിലായില്ല. 29  പണപ്പെട്ടി യൂദാസിന്റെ കൈയിലായിരുന്നതുകൊണ്ട്‌,+ “നമുക്ക്‌ ഉത്സവത്തി​നു വേണ്ടതു വാങ്ങുക” എന്നോ ദരി​ദ്രർക്ക്‌ എന്തെങ്കി​ലും കൊടു​ക്കണം എന്നോ മറ്റോ ആയിരി​ക്കും യേശു പറഞ്ഞ​തെന്നു ചിലർ വിചാരിച്ചു. 30  അപ്പക്കഷണം വാങ്ങിയ ഉടനെ യൂദാസ്‌ പുറ​ത്തേക്കു പോയി. അപ്പോൾ രാത്രിയായിരുന്നു.+ 31  യൂദാസ്‌ പോയ​ശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യ​പു​ത്രൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.+ മനുഷ്യ​പു​ത്രൻ മുഖാ​ന്തരം ദൈവ​ത്തി​നും മഹത്ത്വം ലഭിച്ചിരിക്കുന്നു. 32  ദൈവം​തന്നെ മനുഷ്യ​പു​ത്രനെ മഹത്ത്വപ്പെടുത്തും;+ പെട്ടെ​ന്നു​തന്നെ മഹത്ത്വപ്പെടുത്തും. 33  കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസ​മയം മാത്രമേ നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ‘ഞാൻ പോകു​ന്നി​ട​ത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’+ എന്നു ഞാൻ ജൂതന്മാ​രോ​ടു പറഞ്ഞതു​പോ​ലെ ഇപ്പോൾ നിങ്ങ​ളോ​ടും പറയുന്നു. 34  നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുകയാണ്‌. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ+ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേഹിക്കണം.+ 35  നിങ്ങളു​ടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”+ 36  അപ്പോൾ ശിമോൻ പത്രോസ്‌, “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്നത്‌” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകു​ന്നി​ട​ത്തേക്ക്‌ എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+ 37  പത്രോസ്‌ യേശു​വി​നോ​ടു ചോദിച്ചു: “കർത്താവേ, ഇപ്പോൾ എനിക്ക്‌ അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത്‌ എന്താണ്‌? അങ്ങയ്‌ക്കു​വേണ്ടി ഞാൻ എന്റെ ജീവൻപോ​ലും കൊടുക്കും.”+ 38  അപ്പോൾ യേശു ചോദിച്ചു: “എനിക്കുവേണ്ടി ജീവൻ കൊടുക്കുമോ? സത്യം​സ​ത്യ​മാ​യി ഞാൻ നിന്നോ​ടു പറയുന്നു: കോഴി കൂകുംമുമ്പ്‌, നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പറയും.”+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അത്താഴം തയ്യാറാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.”
അക്ഷ. “പാദങ്ങൾ.”

പഠനക്കുറിപ്പുകൾ

പെസഹ: ഇവിടെ പറഞ്ഞി​രി​ക്കുന്ന പെസഹ ആഘോഷം നടന്നതു യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആദ്യഭാ​ഗത്ത്‌ ആയിരു​ന്ന​തു​കൊണ്ട്‌ അത്‌ എ.ഡി. 30-ലെ വസന്തകാ​ലത്ത്‌ (അതായത്‌, മാർച്ചി​ലോ ഏപ്രി​ലി​ലോ) ആയിരി​ക്കാം നടന്നത്‌. കാരണം എ.ഡി. 29-ലെ ശരത്‌കാ​ലത്ത്‌ (അതായത്‌, സെപ്‌റ്റം​ബ​റി​ലോ ഒക്ടോ​ബ​റി​ലോ) സ്‌നാ​ന​മേറ്റ യേശു തന്റെ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യത്‌ അതിനു ശേഷമാണ്‌. (ലൂക്ക 3:1-ന്റെ പഠനക്കു​റി​പ്പും അനു. എ7-ഉം കാണുക.) നാലു സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്‌താൽ യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ നാലു പെസഹ ആഘോ​ഷങ്ങൾ നടന്നെന്നു മനസ്സി​ലാ​ക്കാം. യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ദൈർഘ്യം മൂന്നര വർഷമാ​യി​രു​ന്നു എന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ത്തിൽ യേശു മരിച്ച അവസാ​നത്തെ പെസഹാ​ദി​ന​ത്തെ​ക്കു​റിച്ച്‌ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മൂന്നു പെസഹ​ക​ളെ​ക്കു​റിച്ച്‌ പ്രത്യേ​കം എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. (യോഹ 2:13; 6:4; 11:55) ഇനി, നാലാ​മ​ത്തേ​തി​നെ​യാ​ണു സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ യോഹ 5:1-ൽ ‘ജൂതന്മാ​രു​ടെ ഉത്സവം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വ്യക്തമായ ഒരു ചിത്രം കിട്ടാൻ സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​മാണ്‌ ഇത്‌ എടുത്തു​കാ​ട്ടു​ന്നത്‌.​—യോഹ 5:1; 6:4; 11:55 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പെസഹാ​പ്പെ​രു​ന്നാൾ: അതായത്‌, എ.ഡി. 33-ലെ പെസഹ.​—യോഹ 2:13-ന്റെ പഠനക്കു​റി​പ്പു കാണുക.

സ്‌നേ​ഹി​ച്ചു: യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലെ തുടർന്നുള്ള അധ്യാ​യ​ങ്ങ​ളിൽ തെളി​ഞ്ഞു​നിൽക്കുന്ന ഒരു വിഷയം സ്‌നേ​ഹ​മാണ്‌. ആദ്യത്തെ 12 അധ്യാ​യ​ങ്ങ​ളി​ലും​കൂ​ടെ അഗപാഓ (സ്‌നേ​ഹി​ക്കുക) എന്ന ഗ്രീക്കു ക്രിയാ​പ​ദ​വും അഗാപേ (സ്‌നേഹം) എന്ന നാമപ​ദ​വും ആകെ 8 തവണയേ കാണു​ന്നു​ള്ളൂ എങ്കിലും 13 മുതൽ 21 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ ഈ പദങ്ങൾ 36 തവണ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. വാസ്‌ത​വ​ത്തിൽ, പിതാ​വി​നോ​ടും ശിഷ്യ​ന്മാ​രോ​ടും യേശു​വി​നു​ണ്ടാ​യി​രുന്ന ആഴമായ സ്‌നേഹം ഇത്ര വ്യക്തമാ​യി വരച്ചു​കാ​ട്ടുന്ന മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളില്ല. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യോ​ടു യേശു​വി​നുള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ നാലു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളി​ലും പറയു​ന്നു​ണ്ടെ​ങ്കി​ലും, ‘ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നുണ്ട്‌’ എന്നു യേശു വ്യക്തമാ​യി പ്രസ്‌താ​വി​ച്ച​തി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ മാത്രമേ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. (യോഹ 14:31) ഇനി, യഹോവ തന്നെ സ്‌നേ​ഹി​ക്കു​ന്നെന്നു പറഞ്ഞിട്ട്‌ യേശു അതിന്റെ കാരണ​വും​കൂ​ടെ വിശദീ​ക​രി​ക്കു​ന്ന​തും യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതാകട്ടെ, യേശു ശിഷ്യ​ന്മാ​രെ പിരി​യുന്ന സമയത്ത്‌ പറഞ്ഞ വാക്കു​ക​ളി​ലാ​ണു കാണു​ന്നത്‌.​—യോഹ 15:9, 10.

അവസാ​നം​വരെ സ്‌നേ​ഹി​ച്ചു: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗം, സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ മനുഷ്യ​ജീ​വി​ത​ത്തി​ന്റെ അവസാ​ന​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. എന്നാൽ “അവരെ പൂർണ​മാ​യി (മുഴു​വ​നാ​യി) സ്‌നേ​ഹി​ക്കുക; അവരെ തുടർന്നും സ്‌നേ​ഹി​ക്കുക” എന്നൊ​ക്കെ​യാണ്‌ ഇവിടെ ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അർഥ​മെന്നു ചിലർ പറയുന്നു.

അരയിൽ ചുറ്റി: അഥവാ “അര കെട്ടി.” ആരു​ടെ​യെ​ങ്കി​ലും കാൽ കഴുകി തുടയ്‌ക്കു​ന്നത്‌ ഒരു അടിമ ചെയ്യുന്ന തരംതാഴ്‌ന്ന പണിയാ​യി​ട്ടാ​ണു പൊതു​വേ കണ്ടിരു​ന്നത്‌. (യോഹ 13:12-17) വാസ്‌ത​വ​ത്തിൽ അത്തര​മൊ​രു കാര്യം ചെയ്‌ത​തി​ലൂ​ടെ യേശു തന്റെ ശിഷ്യ​ന്മാ​രെ ശക്തമായ ഒരു പാഠം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. യഹോവ തന്റെ ദാസന്മാ​രിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന മനോ​ഭാ​വ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പാഠമാ​യി​രു​ന്നു അത്‌. യേശു ഇക്കാര്യം പഠിപ്പിച്ച രാത്രി​യിൽ പത്രോസ്‌ അപ്പോ​സ്‌ത​ല​നും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. “താഴ്‌മ ധരിച്ച്‌ (അഥവാ “താഴ്‌മ അരയ്‌ക്കു കെട്ടി”) വേണം നിങ്ങൾ അന്യോ​ന്യം ഇടപെ​ടാൻ” എന്നു പിൽക്കാ​ലത്ത്‌ അദ്ദേഹം സഹവി​ശ്വാ​സി​കളെ ഉപദേ​ശി​ച്ചത്‌ ഈ സംഭവം മനസ്സിൽവെ​ച്ചാ​യി​രി​ക്കാം.​—1പത്ര 5:5.

ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി: പണ്ട്‌ ഇസ്രാ​യേ​ലിൽ ആളുകൾ പൊതു​വേ പാദര​ക്ഷ​യാ​യി അണിഞ്ഞി​രു​ന്നതു വള്ളി​ച്ചെ​രി​പ്പു​ക​ളാണ്‌. അത്തരം ചെരി​പ്പു​കൾക്കു പ്രധാ​ന​മാ​യും ഒരു അടി​ത്തോ​ലും (sole) അതു പാദത്തി​ലും കാൽക്കു​ഴ​യി​ലും ബന്ധിപ്പി​ച്ചു​നി​റു​ത്താ​നുള്ള വള്ളിക​ളും മാത്ര​മാണ്‌ ഉണ്ടായി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ യാത്ര കഴിഞ്ഞ്‌ എത്തു​മ്പോ​ഴേ​ക്കും വഴിയി​ലെ​യും പറമ്പി​ലെ​യും പൊടി​യും ചെളി​യും ഒക്കെ പറ്റി കാൽ ആകെ അഴുക്കാ​യി​ട്ടു​ണ്ടാ​കും. ഇക്കാര​ണ​ത്താൽ ആളുകൾ സാധാ​ര​ണ​യാ​യി ചെരിപ്പ്‌ ഊരി, കാൽ കഴുകി​യി​ട്ടാ​ണു വീട്ടിൽ കയറി​യി​രു​ന്നത്‌. നല്ലൊരു ആതി​ഥേയൻ അതിഥി​ക​ളു​ടെ കാലു കഴുകാൻ വേണ്ട ക്രമീ​ക​രണം ചെയ്യു​മാ​യി​രു​ന്നു. ഈ സമ്പ്രദാ​യ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ പലയി​ട​ത്തും പറയു​ന്നുണ്ട്‌. (ഉൽ 18:4, 5; 24:32; 1ശമു 25:41; ലൂക്ക 7:37, 38, 44) യേശു ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി​യ​പ്പോൾ, താഴ്‌മ കാണിക്കേണ്ടതിന്റെയും പരസ്‌പരം സേവനങ്ങൾ ചെയ്‌തുകൊടുക്കേണ്ടതിന്റെയും പ്രാധാ​ന്യം അവരെ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു.

അരയിൽ ചുറ്റി​യി​രുന്ന: അഥവാ “അരയിൽ കെട്ടി​യി​രുന്ന.”—യോഹ 13:4-ന്റെ പഠനക്കു​റി​പ്പു കാണുക.

അരയിൽ ചുറ്റി: അഥവാ “അര കെട്ടി.” ആരു​ടെ​യെ​ങ്കി​ലും കാൽ കഴുകി തുടയ്‌ക്കു​ന്നത്‌ ഒരു അടിമ ചെയ്യുന്ന തരംതാഴ്‌ന്ന പണിയാ​യി​ട്ടാ​ണു പൊതു​വേ കണ്ടിരു​ന്നത്‌. (യോഹ 13:12-17) വാസ്‌ത​വ​ത്തിൽ അത്തര​മൊ​രു കാര്യം ചെയ്‌ത​തി​ലൂ​ടെ യേശു തന്റെ ശിഷ്യ​ന്മാ​രെ ശക്തമായ ഒരു പാഠം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. യഹോവ തന്റെ ദാസന്മാ​രിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന മനോ​ഭാ​വ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പാഠമാ​യി​രു​ന്നു അത്‌. യേശു ഇക്കാര്യം പഠിപ്പിച്ച രാത്രി​യിൽ പത്രോസ്‌ അപ്പോ​സ്‌ത​ല​നും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. “താഴ്‌മ ധരിച്ച്‌ (അഥവാ “താഴ്‌മ അരയ്‌ക്കു കെട്ടി”) വേണം നിങ്ങൾ അന്യോ​ന്യം ഇടപെ​ടാൻ” എന്നു പിൽക്കാ​ലത്ത്‌ അദ്ദേഹം സഹവി​ശ്വാ​സി​കളെ ഉപദേ​ശി​ച്ചത്‌ ഈ സംഭവം മനസ്സിൽവെ​ച്ചാ​യി​രി​ക്കാം.​—1പത്ര 5:5.

അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌: മറ്റുള്ള​വ​രു​ടെ ചിന്തക​ളും മനോ​ഭാ​വ​ങ്ങ​ളും മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നുള്ള കഴിവ്‌ യേശു​വി​നു​ണ്ടാ​യി​രു​ന്നു. യേശു യൂദാ​സി​നെ അപ്പോ​സ്‌ത​ല​നാ​യി തിര​ഞ്ഞെ​ടുത്ത സമയത്ത്‌ അയാളിൽ വഞ്ചനാ​മ​നോ​ഭാ​വം ഇല്ലായി​രു​ന്നെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. (മത്ത 9:4; മർ 2:8; യോഹ 2:24, 25) എന്നാൽ പിന്നീട്‌ യൂദാ​സിൽ മോശ​മായ മനോ​ഭാ​വം വളർന്നു​തു​ട​ങ്ങി​യ​പ്പോൾത്തന്നെ യേശു അതു തിരി​ച്ച​റി​ഞ്ഞു. തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നത്‌ ആരാ​ണെന്ന്‌ അങ്ങനെ യേശു​വി​നു മനസ്സി​ലാ​യി. യൂദാസ്‌ തന്നെ ഒറ്റി​ക്കൊ​ടു​ക്കു​മെന്ന്‌ അറിഞ്ഞി​ട്ടും യേശു ആ വഞ്ചകന്റെ കാലുകൾ കഴുകി.​—യോഹ 6:64; 6:70 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പരദൂ​ഷണം പറയു​ന്ന​വ​നാണ്‌: അഥവാ “ഒരു പിശാ​ചാണ്‌.” ഇവിടെ കാണുന്ന ഡിയാ​ബൊ​ലൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “പരദൂ​ഷ​ണ​ക്കാ​രൻ” എന്നാണ്‌. മിക്ക​പ്പോ​ഴും പിശാ​ചി​നെ കുറി​ക്കാ​നാണ്‌ ഈ പദം ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും, ഈ വാക്യ​ത്തി​ലും മറ്റു ചില വാക്യ​ങ്ങ​ളി​ലും കാണു​ന്ന​തു​പോ​ലെ (2തിമ 3:3; 1തിമ 3:11; തീത്ത 2:3) ‘പരദൂ​ഷണം പറയുന്ന‘ ആളുകളെ കുറി​ക്കാ​നും അത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ പദം പിശാ​ചി​നെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഏതാണ്ട്‌ എല്ലാ സന്ദർഭ​ങ്ങ​ളി​ലും​തന്നെ അതിനു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. (മത്ത 4:1-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “നിശ്ചായക ഉപപദം” എന്നതും കാണുക.) ഇവിടെ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ഉള്ളിൽ ഒരു ദുർഗു​ണം വളരാൻ അനുവ​ദിച്ച യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നെ കുറി​ക്കാ​നാണ്‌. യൂദാസ്‌ തെറ്റായ ഒരു വഴിയി​ലേക്കു നീങ്ങി​ത്തു​ട​ങ്ങി​യതു സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ സമയമാ​യ​പ്പോ​ഴേ​ക്കും യേശു തിരി​ച്ച​റി​ഞ്ഞു​കാ​ണും. തെറ്റായ വഴിയി​ലൂ​ടെ​യുള്ള യൂദാ​സി​ന്റെ ഈ പോക്കു പിന്നീടു സാത്താൻ മുത​ലെ​ടു​ത്തു. അങ്ങനെ യേശു​വി​നെ കൊല്ലാ​നാ​യി സാത്താൻ അയാളെ കൂട്ടു​പി​ടി​ച്ചു.​—യോഹ 13:2, 11.

തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെ​ന്നും . . . യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു: യേശു ഇവിടെ യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌. ഒരു രാത്രി മുഴുവൻ പിതാ​വി​നോ​ടു പ്രാർഥി​ച്ച​ശേ​ഷ​മാ​ണു യേശു 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തത്‌. (ലൂക്ക 6:12-16) യൂദാസ്‌ തുടക്ക​ത്തിൽ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കു​മെന്നു യേശു എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​ങ്ങ​ളിൽനിന്ന്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശു​വി​നു ഹൃദയ​വും ചിന്തക​ളും വായി​ക്കാ​നുള്ള കഴിവു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യൂദാസ്‌ തെറ്റായ ഒരു വഴിയി​ലേക്കു തിരി​യാൻ തുടങ്ങി​യ​പ്പോൾത്തന്നെ യേശു ആ മാറ്റം വായി​ച്ചെ​ടു​ത്തു. (മത്ത 9:4) ദൈവ​ത്തി​നു ഭാവി​കാ​ര്യ​ങ്ങൾ അറിയാൻ കഴിവു​ള്ള​തു​കൊണ്ട്‌, ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്തു​തന്നെ യേശു​വി​നെ വഞ്ചിക്കു​മെന്നു ദൈവം മനസ്സി​ലാ​ക്കി. എന്നാൽ വഞ്ചകനാ​യി​ത്തീ​രു​ന്നതു യൂദാസ്‌ ആയിരി​ക്കു​മെന്നു ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ചി​രു​ന്നു എന്ന വാദം ദൈവത്തിന്റെ ഗുണങ്ങ​ളു​മാ​യി ഒട്ടും ചേരില്ല. മുൻകാ​ല​ങ്ങ​ളിൽ ദൈവം മറ്റുള്ള​വ​രോട്‌ ഇടപെട്ട വിധം പരി​ശോ​ധി​ച്ചാ​ലും ദൈവ​ത്തിന്‌ അങ്ങനെ​യൊ​രു കാര്യം ചെയ്യാ​നാ​കില്ല എന്നു വ്യക്തമാ​കും. അതെ, യൂദാസിന്റെ ഭാവി ദൈവം മുൻകൂ​ട്ടി വിധി​ച്ച​താ​യി​രു​ന്നില്ല.

കഴുകണം: അഥവാ “കഴുകാൻ ബാധ്യ​സ്ഥ​രാണ്‌.” ഇവിടെ ബാധ്യ​സ്ഥ​തയെ സൂചി​പ്പി​ക്കുന്ന ഗ്രീക്കു​ക്രിയ, സാമ്പത്തി​ക​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടാ​ണു പലപ്പോ​ഴും ഉപയോ​ഗി​ക്കാ​റു​ള്ളത്‌. അതിന്റെ അടിസ്ഥാ​നാർഥം “ഒരാൾക്കു കടം കൊടു​ത്തു​തീർക്കാ​നു​ണ്ടാ​യി​രി​ക്കുക; ഒരാൾക്ക്‌ എന്തെങ്കി​ലും കടപ്പെ​ട്ടി​രി​ക്കുക” എന്നൊ​ക്കെ​യാണ്‌. (മത്ത 18:28, 30, 34; ലൂക്ക 16:5, 7) എന്നാൽ ഇവി​ടെ​യും മറ്റു ചില വാക്യ​ങ്ങ​ളി​ലും അതു കുറെ​ക്കൂ​ടെ വിശാ​ല​മായ അർഥത്തിൽ ബാധ്യ​സ്ഥ​തയെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—1യോഹ 3:16; 4:11; 3യോഹ 8.

അയയ്‌ക്ക​പ്പെ​ട്ടവൻ: അഥവാ “സന്ദേശ​വാ​ഹകൻ (പ്രതി​നി​ധി); അപ്പോ​സ്‌തലൻ.” ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ അപ്പോ​സ്‌തൊ​ലൊസ്‌ (“പറഞ്ഞയ​യ്‌ക്കുക” എന്ന്‌ അർഥം​വ​രുന്ന അപ്പോ​സ്‌തെ​ലൊ എന്ന ഗ്രീക്കു​ക്രി​യ​യിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌.) എന്ന ഗ്രീക്കു​പദം, 80-ൽ 78 പ്രാവ​ശ്യ​വും “അപ്പോ​സ്‌തലൻ,” “അപ്പോ​സ്‌ത​ല​ന്മാർ” എന്നൊ​ക്കെ​യാ​ണു പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌. (ഫിലി 2:25-ൽ ഈ പദം തർജമ ചെയ്‌തി​രി​ക്കു​ന്നത്‌ “പ്രതി​നി​ധി” എന്നാണ്‌.) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഇവിടെ മാത്രമേ ഈ ഗ്രീക്കു​പദം കാണു​ന്നു​ള്ളൂ.​—മത്ത 10:5; ലൂക്ക 11:49; 14:32; മത്ത 10:2; മർ 3:14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “അപ്പോ​സ്‌തലൻ” എന്നതും കാണുക.

അപ്പോ​സ്‌ത​ല​ന്മാർ: അഥവാ “അയയ്‌ക്ക​പ്പെ​ട്ടവർ.” അപ്പോ​സ്‌തൊ​ലൊസ്‌ എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയ​യ്‌ക്കുക” എന്ന്‌ അർഥം​വ​രുന്ന അപ്പോ​സ്‌തെ​ലൊ എന്ന ഗ്രീക്കു​ക്രി​യ​യിൽനി​ന്നാണ്‌. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാ​നാർഥം യോഹ 13:16-ലെ യേശു​വി​ന്റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നു. അവിടെ അത്‌ “അയയ്‌ക്ക​പ്പെ​ട്ടവൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

അപ്പോസ്‌തലന്മാർ: അഥവാ “അയയ്‌ക്കപ്പെട്ടവർ.” ഇതിന്റെ ഗ്രീക്കുപദമായ അപ്പോസ്‌തൊലൊസ്‌ വന്നിരിക്കുന്നത്‌ അപ്പോസ്‌തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്‌. ആ ക്രിയാപദം ഈ വാക്യത്തിന്റെ അവസാനഭാഗത്ത്‌ വരുന്നുണ്ട്‌. അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ “പറഞ്ഞയയ്‌ക്കുമ്പോൾ” എന്നാണ്‌.​—മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.

എന്റെ അപ്പം തിന്നു​ന്നവൻ: ആരു​ടെ​യെ​ങ്കി​ലും കൂടെ​യി​രുന്ന്‌ അപ്പം തിന്നു​ന്നത്‌ അഥവാ ഭക്ഷണം കഴിക്കു​ന്നത്‌ അയാളു​മാ​യുള്ള സൗഹൃ​ദ​ത്തി​ന്റെ ഒരു അടയാ​ള​മാ​യി​രു​ന്നു. അതിഥി ആതി​ഥേ​യ​നു​മാ​യി സമാധാ​ന​ത്തി​ലാ​ണെ​ന്നാണ്‌ അതു സൂചി​പ്പി​ച്ചി​രു​ന്നത്‌. (ഉൽ 31:54; പുറ 2:20 18:12 എന്നീ വാക്യ​ങ്ങ​ളിൽ “അപ്പം തിന്നുക” എന്ന്‌ അർഥമുള്ള എബ്രാ​യ​പ​ദ​പ്ര​യോ​ഗം “ഭക്ഷണം കഴിക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.) കൂടെ ഇരുന്ന്‌ ഭക്ഷണം കഴിച്ചിട്ട്‌, ആതി​ഥേ​യനെ ദ്രോ​ഹി​ക്കു​ന്നത്‌ അയാ​ളോ​ടു ചെയ്യാ​വു​ന്ന​തി​ലേ​ക്കും ഏറ്റവും വലിയ ചതിയാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌.​—സങ്ക 41:9.

എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു: അക്ഷ. “എന്റെ നേരെ ഉപ്പൂറ്റി ഉയർത്തി​യി​രി​ക്കു​ന്നു.” യേശു ഇവിടെ സങ്ക 41:9-ലെ പ്രാവ​ച​നി​ക​വാ​ക്കു​കൾ ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. ആ പ്രാവ​ച​നി​ക​വാ​ക്കു​ക​ളു​ടെ അക്ഷരാർഥ​പ​രി​ഭാഷ, “എനിക്ക്‌ എതിരെ അവൻ ഉപ്പൂറ്റി ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു” എന്നാണ്‌. കൂടെ നടന്ന്‌ തന്നെ വഞ്ചിച്ച ഒരാ​ളെ​ക്കു​റിച്ച്‌ ദാവീദ്‌ അവിടെ ആലങ്കാ​രി​ക​ഭാ​ഷ​യിൽ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. ‘ദാവീ​ദി​ന്റെ ഉപദേ​ഷ്ടാ​വാ​യി​രുന്ന’ അഹി​ഥോ​ഫെ​ലി​നെ​ക്കു​റി​ച്ചാ​യിരി​ക്കാം ദാവീദ്‌ അങ്ങനെ പറഞ്ഞത്‌. (2ശമു 15:12) യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നെ​ക്കു​റിച്ച്‌ പറയാൻ യേശു​വും അതേ വാക്കുകൾ ഉപയോ​ഗി​ച്ചു. ഇവി​ടെ​യും, ഒരാൾക്കെ​തി​രെ ഉപ്പൂറ്റി ‘ഉയർത്തുക’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌, അയാളെ ദ്രോ​ഹി​ക്കുക എന്ന ലക്ഷ്യത്തിൽ വഞ്ചകമാ​യി പ്രവർത്തി​ക്കുക എന്ന അർഥത്തിൽത്ത​ന്നെ​യാണ്‌.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാ​നുള്ള ഒരു കാരണം, ഈ സുവി​ശേ​ഷ​ത്തിൽ എവി​ടെ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ല എന്നതാണ്‌. ആകെക്കൂ​ടെ യോഹ 21:2-ൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “ശിഷ്യൻ” യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്‌നേ​ഹിച്ച ശിഷ്യൻത​ന്നെ​യാണ്‌’ ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​രൻ എന്ന്‌ അവിടെ പറഞ്ഞി​ട്ടുണ്ട്‌. മാത്രമല്ല ആ അപ്പോ​സ്‌ത​ല​നെ​ക്കു​റിച്ച്‌, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു യേശു ചോദി​ക്കു​ന്ന​താ​യും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോ​സ്‌തലൻ, പത്രോ​സി​നെ​ക്കാ​ളും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും എല്ലാം കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​മെ​ന്നാണ്‌ ഇതു സൂചി​പ്പി​ച്ചത്‌. അത്തരത്തിൽ ദീർഘ​കാ​ലം ജീവി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​നും യോഹ​ന്നാൻത​ന്നെ​യാണ്‌.​—യോഹ തലക്കെ​ട്ടി​ന്റെ​യും യോഹ 1:6; 21:20 എന്നിവ​യു​ടെ​യും പഠനക്കു​റി​പ്പു​കൾ കാണുക.

ചേർന്ന്‌: അക്ഷ. “മാറോ​ടു ചേർന്ന്‌.” യേശു​വി​ന്റെ കാലത്ത്‌ ആളുകൾ ഭക്ഷണ​മേ​ശ​യ്‌ക്കൽ ഇരുന്നി​രുന്ന രീതി വർണി​ക്കുന്ന ഒരു പദപ്ര​യോ​ഗ​മാണ്‌ ഇത്‌. ഒരു കുഷ്യ​നി​ലേക്ക്‌ ഇട​ങ്കൈ​മുട്ട്‌ ഊന്നി ചാരി​യി​രി​ക്കു​ന്ന​താ​യി​രു​ന്നു അവരുടെ രീതി. അങ്ങനെ ഇരിക്കു​മ്പോൾ ഒരാൾക്കു തൊട്ട​ടു​ത്തി​രി​ക്കുന്ന സുഹൃ​ത്തി​ന്റെ മാറി​ലേക്ക്‌ അഥവാ നെഞ്ചി​ലേക്കു ചാരി​ക്കി​ടന്ന്‌ സ്വകാ​ര്യ​സം​ഭാ​ഷ​ണങ്ങൾ നടത്താ​മാ​യി​രു​ന്നു. (യോഹ 13:25) ഒരാ​ളോ​ടു ‘ചേർന്ന്‌’ അഥവാ ഒരാളു​ടെ ‘മാറോ​ടു ചേർന്ന്‌’ ഇരിക്കു​ന്നത്‌, അയാ​ളോ​ടുള്ള പ്രത്യേ​ക​മായ ഇഷ്ടത്തെ​യോ അടുത്ത സൗഹൃ​ദ​ത്തെ​യോ ഒക്കെയാ​ണു സൂചി​പ്പി​ച്ചി​രു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ രീതി​യിൽനി​ന്നാണ്‌, ലൂക്കോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ കാണുന്ന ഈ പദപ്ര​യോ​ഗം വന്നിരി​ക്കു​ന്നത്‌.​—ലൂക്ക 16:22; 23; യോഹ 1:18 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രായപേരിന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.” ഈ സുവി​ശേഷം എഴുതി​യത്‌ ആരാ​ണെന്ന്‌ ഇതിൽ പറയു​ന്നില്ല. എന്നാൽ ഇത്‌ എഴുതി​യത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ആണെന്ന്‌ എ.ഡി. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളാ​യ​പ്പോ​ഴേ​ക്കും പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ സുവി​ശേ​ഷ​ത്തിൽ യോഹ​ന്നാൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ ഉദ്ദേശി​ച്ചാണ്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ ഇതിൽ ഒരിട​ത്തും കാണു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തെ​യും സഹോ​ദ​ര​നായ യാക്കോ​ബി​നെ​യും ഇതിൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കു​റി​പ്പു കാണുക.) സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​വാ​ക്യ​ങ്ങ​ളിൽ എഴുത്തു​കാ​രൻ തന്നെക്കു​റിച്ച്‌ “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. (യോഹ 21:20-24) ഈ പദപ്ര​യോ​ഗം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെന്നു ചിന്തി​ക്കാൻ ന്യായ​മായ കാരണ​ങ്ങ​ളുണ്ട്‌.​—യോഹ 13:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യോഹ​ന്നാൻ: അതായത്‌, സ്‌നാ​പ​ക​യോ​ഹ​ന്നാൻ. ഈ സുവി​ശേ​ഷ​ത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ 19 തവണ പറയു​ന്നുണ്ടെങ്കിലും ഇതിന്റെ എഴുത്തു​കാ​ര​നായ യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഒരിക്കൽപ്പോ​ലും അദ്ദേഹത്തെ “സ്‌നാ​പകൻ” എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടില്ല. എന്നാൽ മറ്റു സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ അദ്ദേഹത്തെ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നും “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (മത്ത 3:1; മർ 1:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യോഹ​ന്നാൻ അപ്പോ​സ്‌തലൻ തന്റെ സുവി​ശേ​ഷ​ത്തിൽ മൂന്നു മറിയ​മാ​രെ വേർതി​രി​ച്ചു​കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും (യോഹ 11:1, 2; 19:25; 20:1) അദ്ദേഹ​ത്തിന്‌ ഒരിക്കൽപ്പോ​ലും സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ കാര്യ​ത്തിൽ ഇങ്ങനെ​യൊ​രു വ്യത്യാ​സം കല്‌പി​ക്കേ​ണ്ടി​വ​ന്നി​ട്ടില്ല. കാരണം, അപ്പോ​സ്‌തലൻ തന്റെ സ്വന്തം പേര്‌ സുവി​ശേ​ഷ​ത്തിൽ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ ഏതു യോഹ​ന്നാ​നെ​ക്കു​റി​ച്ചാണ്‌ അദ്ദേഹം സംസാ​രി​ക്കു​ന്ന​തെന്ന്‌ ആർക്കും സംശയം തോന്നില്ല. യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാണ്‌ ഈ സുവി​ശേഷം എഴുതി​യത്‌ എന്നതിന്റെ മറ്റൊരു തെളി​വാണ്‌ ഇത്‌.​—“യോഹ​ന്നാൻ​ആമുഖം” എന്നതും യോഹ​ന്നാൻ തലക്കെ​ട്ടി​ന്റെ പഠനക്കു​റി​പ്പും കാണുക.

യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ അവസാ​ന​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2) “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ”തന്നെയാണ്‌ ‘ഈ കാര്യങ്ങൾ (അതായത്‌ യോഹ​ന്നാ​ന്റെ സുവി​ശേഷം) എഴുതി​യത്‌’ എന്നു യോഹ 21:20-24 സൂചി​പ്പി​ക്കു​ന്നു.​—യോഹ തലക്കെട്ട്‌; 1:6; 13:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

അബ്രാ​ഹാ​മി​ന്റെ അടുത്ത്‌: അക്ഷ. “അബ്രാ​ഹാ​മി​ന്റെ മാറോ​ടു ചേർത്ത്‌.” തനിക്കു പ്രത്യേ​ക​മായ ഇഷ്ടമു​ള്ള​വ​രെ​യോ തന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളെ​യോ ആണ്‌ ഒരാൾ തന്റെ മാറോ​ടു ചേർത്ത്‌ ഇരുത്തി​യി​രു​ന്നത്‌. (യോഹ 1:18-ന്റെ പഠനക്കു​റി​പ്പു കാണുക.) പണ്ട്‌ ആളുകൾ ഭക്ഷണം കഴിക്കാ​നാ​യി മേശയ്‌ക്കു ചുറ്റും ഇരിക്കു​മ്പോൾ അവർ ഉറ്റസു​ഹൃ​ത്തു​ക്ക​ളു​ടെ മാറി​ലേക്ക്‌ അഥവാ നെഞ്ചി​ലേക്കു ചാരി​ക്കി​ട​ക്കു​മാ​യി​രു​ന്നു. അതിൽനിന്ന്‌ ഉത്ഭവിച്ച ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌ ഇത്‌.​—യോഹ. 13:23-25.

അബ്രാ​ഹാ​മി​ന്റെ അടുത്ത്‌: അക്ഷ. “അബ്രാ​ഹാ​മി​ന്റെ മാറോ​ടു ചേർന്ന്‌.”​—ലൂക്ക 16:22-ന്റെ പഠനക്കു​റി​പ്പു കാണുക.

പിതാ​വി​ന്റെ അരികി​ലുള്ള: അക്ഷ. “പിതാ​വി​ന്റെ മാറോ​ടു ചേർന്നി​രി​ക്കുന്ന.” തനിക്കു പ്രത്യേ​ക​മായ ഇഷ്ടമു​ള്ള​വ​രെ​യോ തന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളെ​യോ ആണ്‌ ഒരാൾ തന്റെ മാറോ​ടു ചേർത്ത്‌ ഇരുത്തി​യി​രു​ന്നത്‌. പണ്ട്‌ ആളുകൾ ഭക്ഷണം കഴിക്കാൻ ഇരിക്കു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഉറ്റസു​ഹൃ​ത്തു​ക്ക​ളു​ടെ മാറി​ലേക്ക്‌ അഥവാ നെഞ്ചി​ലേക്കു ചാരി​ക്കി​ട​ക്കു​മാ​യി​രു​ന്നു. അതിൽനിന്ന്‌ ഉത്ഭവിച്ച ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാ​യി​രി​ക്കാം ഇത്‌. (യോഹ 13:23-25) അതു​കൊണ്ട്‌ യേശു പിതാ​വി​ന്റെ അരികിൽ അഥവാ മാറോ​ടു ചേർന്ന്‌ ഇരിക്കു​ന്നു എന്ന പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നതു യേശു ദൈവ​ത്തി​ന്റെ ഏറ്റവും അടുത്ത സുഹൃ​ത്താ​ണെ​ന്നാണ്‌. ഇക്കാര​ണം​കൊ​ണ്ടു​തന്നെ മറ്റാ​രെ​ക്കാ​ളും നന്നായി ദൈവ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ കഴിയു​ന്ന​തും യേശു​വി​നാണ്‌.​—മത്ത 11:27.

ഉത്സവത്തിന്‌: സാധ്യ​ത​യ​നു​സ​രിച്ച്‌, പെസഹ​യെ​ത്തു​ടർന്ന്‌ ആരംഭി​ക്കുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമാണ്‌ ഇത്‌.

കുഞ്ഞു​ങ്ങളേ: വാത്സല്യം തുളു​മ്പുന്ന ഒരു പദപ്ര​യോ​ഗ​മാണ്‌ ഇത്‌. യേശു ശിഷ്യ​ന്മാ​രെ “കുഞ്ഞു​ങ്ങളേ” എന്നു വിളി​ച്ച​താ​യി സുവി​ശേ​ഷ​ങ്ങ​ളിൽ മുമ്പ്‌ എവി​ടെ​യും പറഞ്ഞി​ട്ടില്ല. “കുഞ്ഞു​ങ്ങളേ” എന്ന്‌ ഇവിടെ പരിഭാഷ ചെയ്‌തി​രി​ക്കുന്ന ടെക്‌നി​യൊൻ എന്ന ഗ്രീക്കു​പദം ടെക്‌നൊൻ (കുട്ടി) എന്ന പദത്തിന്റെ അൽപ്പതാ​വാ​ചി രൂപമാണ്‌. ഇഷ്ടത്തെ​യും അടുപ്പ​ത്തെ​യും ഒക്കെ സൂചി​പ്പി​ക്കാ​നാ​ണു ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും അൽപ്പതാ​വാ​ചി രൂപം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പദാവ​ലി​യിൽ “അൽപ്പതാ​വാ​ചി” കാണുക.) അതു​കൊണ്ട്‌ ഈ പദപ്ര​യോ​ഗത്തെ “പ്രിയ കുഞ്ഞു​ങ്ങളേ” എന്നോ “എത്രയും പ്രിയ​പ്പെട്ട കുഞ്ഞു​ങ്ങളേ” എന്നോ പരിഭാഷ ചെയ്‌താ​ലും തെറ്റില്ല. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഒൻപത്‌ പ്രാവ​ശ്യം കാണാം. അവയെ​ല്ലാം ആലങ്കാ​രി​കാർഥ​ത്തിൽ ശിഷ്യ​ന്മാ​രെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—ഗല 4:19; 1യോഹ 2:1, 12, 28; 3:7, 18; 4:4; 5:21.

പുതിയ കല്‌പന: ഒരാൾ തന്നെ​പ്പോ​ലെ​തന്നെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്ക​ണ​മെന്നു മോശ​യു​ടെ നിയമം വ്യവസ്ഥ ചെയ്‌തി​രു​ന്നു. (ലേവ 19:18) ഒരാൾ അയൽക്കാ​രനെ സ്‌നേ​ഹി​ക്ക​ണ​മാ​യി​രു​ന്നെ​ങ്കി​ലും സ്വന്തം ജീവൻ കൊടു​ത്തു​പോ​ലും അയൽക്കാ​രനെ സ്‌നേ​ഹി​ക്ക​ണ​മെ​ന്നൊ​ന്നും ആ നിയമം ആവശ്യ​പ്പെ​ട്ടി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ യേശു​വി​ന്റെ കല്‌പന, മുമ്പ്‌ നൽകി​യി​ട്ടി​ല്ലാത്ത “പുതിയ” ഒന്നായി​രു​ന്നു. കാരണം യേശു പറഞ്ഞതു ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും സ്‌നേ​ഹി​ക്കണം എന്നാണ്‌. എങ്ങനെ സ്‌നേ​ഹി​ക്കണം, മറ്റുള്ള​വർക്കു​വേണ്ടി എങ്ങനെ നിസ്സ്വാർഥ​മാ​യി ജീവി​ക്കണം എന്നെല്ലാം യേശു തന്റെ അനുഗാ​മി​കൾക്ക്‌ ഏറ്റവും നന്നായി കാണി​ച്ചു​കൊ​ടു​ത്തു. മറ്റുള്ള​വർക്കു​വേണ്ടി മരിക്കാൻപോ​ലും ഒരാളെ പ്രേരി​പ്പി​ക്കുന്ന തരം സ്‌നേ​ഹ​മാ​യി​രു​ന്നു അത്‌. ഈ പുതിയ കല്‌പന ആവശ്യ​പ്പെ​ടുന്ന സ്‌നേഹം യഥാർഥ​ത്തിൽ എന്താ​ണെന്നു യേശു​വി​ന്റെ ജീവിതം മാത്രമല്ല മരണവും നമ്മളെ പഠിപ്പി​ക്കു​ന്നു.​—യോഹ 15:13.

ജീവൻ: അഥവാ “ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അതു പത്രോ​സി​ന്റെ ജീവനെ കുറി​ക്കു​ന്നു. യേശു​വി​നു​വേണ്ടി ജീവൻപോ​ലും ഉപേക്ഷി​ക്കാൻ തയ്യാറാ​ണെ​ന്നാണ്‌ ഇവിടെ അദ്ദേഹം പറയു​ന്നത്‌.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ജീവൻ: അഥവാ “ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അതു പത്രോ​സി​ന്റെ ജീവനെ കുറി​ക്കു​ന്നു. യേശു​വി​നു​വേണ്ടി ജീവൻപോ​ലും ഉപേക്ഷി​ക്കാൻ തയ്യാറാ​ണെ​ന്നാണ്‌ ഇവിടെ അദ്ദേഹം പറയു​ന്നത്‌.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ജീവൻ: അഥവാ “ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അതു പത്രോ​സി​ന്റെ ജീവനെ കുറി​ക്കു​ന്നു.​—യോഹ 13:37-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ദേഹി” എന്നതും കാണുക.

ദൃശ്യാവിഷ്കാരം