യുവജനങ്ങൾ ചോദിക്കുന്നു
സൃഷ്ടിയോ പരിണാമമോ?—ഭാഗം 4: സൃഷ്ടിയിലുള്ള എന്റെ വിശ്വാസം ഞാൻ എങ്ങനെ വിശദീകരിക്കും?
നിങ്ങൾ സൃഷ്ടിയിലാണു വിശ്വസിക്കുന്നത്. പക്ഷേ സ്കൂളിൽ അക്കാര്യം തുറന്നുപറയാൻ നിങ്ങൾക്ക് മടി തോന്നുന്നുണ്ടാകാം. സ്കൂളിലെ പാഠപുസ്തകത്തിൽ പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നതുകൊണ്ട് അധ്യാപകരും സഹപാഠികളും കളിയാക്കുമോ എന്ന പേടിയും നിങ്ങൾക്കുണ്ടാകാം. ഈ സാഹചര്യത്തിൽ സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ബോധ്യത്തോടെ എങ്ങനെ സംസാരിക്കാനാകും?
നിങ്ങൾക്ക് അതിനു കഴിയും!
നിങ്ങൾ ചിന്തിച്ചേക്കാം: ‘ശാസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യാനോ പരിണാമത്തെക്കുറിച്ച് വാദപ്രതിവാദം നടത്താനോ ഉള്ള മിടുക്ക് എനിക്കില്ല.’ ഡാനിയേല ഒരിക്കൽ ചിന്തിച്ചത് അങ്ങനെയാണ്. “എന്റെ അധ്യാപകനും സഹപാഠികളും പറയുന്നതിനെ എതിർത്തുസംസാരിക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു.” ഇനി ഡയാന പറയുന്നത്: “ശാസ്ത്രീയ പദങ്ങൾ ഉപയോഗിച്ച് അവർ വാദിക്കുമ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലാകും.”
എന്നാൽ, തർക്കിച്ച് ജയിക്കുക എന്നതല്ല നിങ്ങളുടെ ലക്ഷ്യം. സൃഷ്ടിയെക്കുറിച്ച് ആളുകളോടു യുക്തിസഹമായി വിശദീകരിക്കാൻ നിങ്ങൾക്കു ശാസ്ത്രീയവിഷയത്തിൽ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല എന്നതാണു സത്യം.
ചെയ്യാനാകുന്നത്: “ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്” എന്ന എബ്രായർ 3:4-ലെ ലളിതമായ യുക്തി ഉപയോഗിക്കുക.
കാരൾ എന്ന ചെറുപ്പക്കാരി എബ്രായർ 3:4 ലെ ബൈബിൾതത്ത്വത്തെക്കുറിച്ച് ന്യായവാദം ചെയ്യുന്നത് ഇങ്ങനെയാണ്. “നിങ്ങൾ ഒരു കാട്ടിലൂടെ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. അവിടെ അടുത്തെങ്ങും മനുഷ്യവാസമില്ല. നിങ്ങൾ നോക്കിയപ്പോൾ അവിടെയൊരു പല്ലുകുത്തി കിടക്കുന്നത് കാണുന്നു. എന്തായിരിക്കും നിങ്ങൾ ചിന്തിക്കുക? ‘ആരോ ഇവിടെ വന്നിട്ടുണ്ടായിരുന്നു’ എന്നായിരിക്കില്ലേ? ഒരു പല്ലുകുത്തിപോലെ നിസ്സാരമായ വസ്തു ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തെ തിരിച്ചറിയിക്കുന്നെങ്കിൽ ഈ പ്രപഞ്ചവും അതിലുള്ളതും ബുദ്ധിശക്തിയുള്ള ഒരു വ്യക്തി സ്ഥിതിചെയ്യുന്നു എന്നതിന്റെ തെളിവായിരിക്കില്ലേ!”
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “സൃഷ്ടിയാണു ശരിയെങ്കിൽ ആരാണു സ്രഷ്ടാവിനെ സൃഷ്ടിച്ചത്?”
നിങ്ങൾക്ക് ഇങ്ങനെ പറയാം: “സ്രഷ്ടാവിനെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാനാകില്ലെന്നു കരുതി ഒരു സ്രഷ്ടാവില്ലെന്നു പറയാൻ പറ്റുമോ? ഉദാഹരണത്തിന്, നിങ്ങളുടെ കൈയിലുള്ള മൊബൈൽഫോൺ നിർമിച്ച ആളെക്കുറിച്ച് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയില്ലായിരിക്കും. എങ്കിലും ഇത് ആരോ നിർമിച്ചതാണെന്നു നിങ്ങൾ വിശ്വസിക്കുന്നില്ലേ? (മറുപടി ശ്രദ്ധിക്കുക.) സ്രഷ്ടാവിനെക്കുറിച്ച് നമുക്ക് ധാരാളം കാര്യങ്ങൾ അറിയാൻ കഴിയും. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞുതരാൻ എനിക്ക് സന്തോഷമാണ്.”
തയ്യാറായിരിക്കുക
ഇങ്ങനെയാണ് ബൈബിൾ പറയുന്നത്: “നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച് ചോദിക്കുന്ന ആർക്കും മറുപടി കൊടുക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുക. എന്നാൽ നിങ്ങളുടെ മറുപടി സൗമ്യവും ആഴമായ ബഹുമാനത്തോടുകൂടിയതും ആയിരിക്കണം.” (1 പത്രോസ് 3:15) അതുകൊണ്ട് നിങ്ങൾ രണ്ടു കാര്യം ശ്രദ്ധിക്കണം: നിങ്ങൾ എന്തു പറയുന്നു, നിങ്ങൾ എങ്ങനെ പറയുന്നു.
നിങ്ങൾ എന്തു പറയുന്നു. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രധാനമാണ്. സംസാരിക്കാൻ അതു നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. എന്നാൽ നിങ്ങൾ ദൈവത്തെ എത്രത്തോളം സ്നേഹിക്കുന്നെന്ന് പറഞ്ഞതുകൊണ്ട് മാത്രം ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്ന് അവർക്കു ബോധ്യം വരണമെന്നില്ല. സൃഷ്ടിയിൽ വിശ്വസിക്കുന്നതാണ് യുക്തിസഹമെന്നു കാണിക്കാൻ പ്രകൃതിയിൽനിന്നുതന്നെയുള്ള ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഏറെ നല്ലത്.
നിങ്ങൾ എങ്ങനെ പറയുന്നു. ആത്മവിശ്വാസത്തോടെ സംസാരിക്കുക. എന്നാൽ അവരെ താഴ്ത്തിക്കെട്ടുകയോ അവമതിക്കുകയോ ചെയ്യരുത്. അവരുടെ വിശ്വാസത്തോട് ആദരവു കാണിക്കുന്നതും സ്വയം നിഗമനങ്ങളിൽ എത്തിച്ചേരാൻ അവർക്ക് അവകാശമുണ്ടെന്നു സമ്മതിക്കുന്നതും നിങ്ങൾ പറയുന്നതു ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.
“കളിയാക്കുന്ന രീതിയിലോ എല്ലാം അറിയാം എന്ന ഭാവത്തിലോ ഒരിക്കലും സംസാരിക്കരുത്. അവരുടെ വിശ്വാസത്തെ പുച്ഛിച്ച് സംസാരിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.”—എലൈൻ.
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ
“നന്നായി തയ്യാറായിട്ടില്ലെങ്കിൽ, എന്തെങ്കിലുമൊക്കെ പറഞ്ഞ് നാണംകെടുന്നതിനെക്കാൾ നല്ലത് മൗനം പാലിക്കുന്നതാണ്.” എന്ന് അലീസിയ എന്ന ചെറുപ്പക്കാരി പറയുന്നു. അതുകൊണ്ട് തയ്യാറായേ മതിയാകൂ. ജെന്ന പറയുന്നു: “എന്റെ വിശ്വാസം ഫലിപ്പിക്കാനാകുന്ന ലളിതമായ ഒന്നുരണ്ടു ന്യായങ്ങളെങ്കിലും പറയാനുണ്ടെങ്കിൽ സൃഷ്ടിയെക്കുറിച്ച് വിശദീകരിക്കുന്നത് എനിക്ക് എളുപ്പമാണ്.”
അതിനു പറ്റിയ ഉദാഹരണങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും? പിൻവരുന്ന പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചതിലൂടെ പലരും ഫലപ്രദരായിട്ടുണ്ട്:
ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്)
സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു (ഇംഗ്ലീഷിലുള്ള വീഡിയോ)
ഉണരുക! മാസികയിൽ വന്ന “ആരുടെ കരവിരുത്?” എന്ന പരമ്പര. (വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിലെ “തിരയുക” എന്ന ഭാഗത്ത് “ആരുടെ കരവിരുത്?” എന്ന് ഉദ്ധരണിച്ചിഹ്നത്തോടൊപ്പം ടൈപ്പ് ചെയ്യുക.)
കൂടുതൽ വിവരങ്ങൾ ഗവേഷണം ചെയ്യാൻ വാച്ച്ടവർ ഓൺലൈൻ ലൈബ്രറി ഉപയോഗിക്കുക.
“സൃഷ്ടിയോ പരിണാമമോ?” എന്ന പരമ്പരയിൽ മുമ്പ് വന്ന ലേഖനങ്ങൾ നിങ്ങൾക്കു നോക്കാവുന്നതാണ്:
ചെയ്യാനാകുന്നത്: നിങ്ങൾക്കു നല്ല ബോധ്യമുള്ള ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക. അങ്ങനെയാകുമ്പോൾ അത് ഓർത്തെടുക്കാൻ എളുപ്പമായിരിക്കും, മറ്റുള്ളവരോട് അതിനെക്കുറിച്ച് ബോധ്യത്തോടെ സംസാരിക്കാനും നിങ്ങൾക്കാകും. നിങ്ങളുടെ വിശ്വാസം എങ്ങനെ വിശദീകരിച്ചുകൊടുക്കാമെന്നു പരിശീലിച്ചുനോക്കുക.