വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരിയോ? തെറ്റോ? ബൈബിൾ സഹായി​ക്കുന്ന വിധങ്ങൾ

ശരിയോ? തെറ്റോ? ബൈബിൾ സഹായി​ക്കുന്ന വിധങ്ങൾ

ബൈബി​ളി​ന്റെ ഉപദേശം ലക്ഷക്കണ​ക്കിന്‌ ആളുകളെ അവരുടെ ജീവി​ത​ത്തി​ന്റെ പല മേഖല​ക​ളി​ലും സഹായി​ച്ചി​ട്ടുണ്ട്‌. അവയിൽ നാലെണ്ണം നോക്കാം.

1. വിവാഹം

വിവാ​ഹ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും അതു സന്തോ​ഷ​മു​ള്ള​താ​ക്കാൻ എന്തു ചെയ്യണം എന്നതി​നെ​ക്കു​റി​ച്ചും ആളുകൾക്കു പല അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌.

ബൈബിൾ പറയു​ന്നത്‌: “നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.”—എഫെസ്യർ 5:33.

അർഥം: വിവാ​ഹ​മെന്ന ക്രമീ​ക​ര​ണ​ത്തി​നു തുടക്കം കുറി​ച്ചതു ദൈവ​മാ​യ​തു​കൊണ്ട്‌ ദമ്പതി​കൾക്കു സന്തോ​ഷ​മു​ണ്ടാ​യി​രി​ക്കാൻ എന്താണ്‌ ആവശ്യ​മെന്നു ദൈവ​ത്തി​നു നന്നായി അറിയാം. (മർക്കോസ്‌ 10:6-9) ഇണകൾ തങ്ങൾക്ക്‌ എന്തു കിട്ടും എന്നു ചിന്തി​ക്കു​ന്ന​തി​നു പകരം വിവാ​ഹ​ബന്ധം ശക്തമാ​ക്കാൻ എന്തു കൊടു​ക്കാ​നാ​കു​മെന്നു ചിന്തി​ക്കു​മ്പോ​ഴാ​ണു സന്തോ​ഷ​മു​ണ്ടാ​കു​ന്നത്‌. ഭാര്യയെ സ്‌നേ​ഹി​ക്കുന്ന ഭർത്താവ്‌ അവൾക്കു​വേണ്ടി കരുതു​ക​യും അവളോ​ടു നല്ല വിധത്തിൽ ഇടപെ​ടു​ക​യും ചെയ്യും. ഭർത്താ​വി​നെ ആദരി​ക്കുന്ന ഒരു ഭാര്യ തന്റെ സംസാ​ര​ത്തി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും അതു തെളി​യി​ക്കും.

ബൈബി​ളി​ന്റെ ഉപദേശം പ്രയോ​ജനം ചെയ്യുന്നു: വിയറ്റ്‌നാ​മിൽനി​ന്നുള്ള ക്വാങ്ങി​ന്റെ​യും റ്റ്വിയു​ടെ​യും അനുഭവം അതാണു കാണി​ക്കു​ന്നത്‌. അവരുടെ വിവാ​ഹ​ജീ​വി​തം ഒട്ടും സന്തോ​ഷ​മു​ള്ള​താ​യി​രു​ന്നില്ല. ക്വാങ്ങ്‌ മിക്ക​പ്പോ​ഴും ദയയി​ല്ലാ​തെ​യാ​ണു പെരു​മാ​റി​യി​രു​ന്നത്‌. അദ്ദേഹം പറയുന്നു: “റ്റ്വിക്ക്‌ എന്തു തോന്നു​ന്നു എന്നു ചിന്തി​ക്കാ​തെ ഞാൻ മിക്ക​പ്പോ​ഴും അവളെ മറ്റുള്ള​വ​രു​ടെ മുന്നിൽവെച്ച്‌ നാണം​കെ​ടു​ത്തി​യി​രു​ന്നു.” അതു​കൊണ്ട്‌ വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കാൻ റ്റ്വി തീരു​മാ​നി​ച്ചി​രു​ന്നു. റ്റ്വി പറയുന്നു: “ഇനിയ​ങ്ങോ​ട്ടു ഭർത്താ​വി​നെ വിശ്വ​സി​ക്കാ​നോ ബഹുമാ​നി​ക്കാ​നോ കഴിയി​ല്ലെന്ന്‌ എനിക്കു തോന്നി.”

പിന്നീട്‌ ക്വാങ്ങും റ്റ്വിയും ബൈബിൾ പഠിച്ചു. അങ്ങനെ എഫെസ്യർ 5:33-ലെ ഉപദേശം തങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്ന്‌ അവർ മനസ്സി​ലാ​ക്കി. ക്വാങ്‌ പറയുന്നു: “ഈ വാക്യം, ഭാര്യ​യോ​ടു ദയയോ​ടെ ഇടപെ​ടേ​ണ്ട​തി​ന്റെ ആവശ്യം തിരി​ച്ച​റി​യാൻ എന്നെ സഹായി​ച്ചു. കൂടാതെ ഞാൻ അവളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അവൾക്കു​വേണ്ടി ഭൗതി​ക​വും ശാരീ​രി​ക​വും വൈകാ​രി​ക​വും ആയി കരുതു​ന്നു​ണ്ടെ​ന്നും അവൾക്കു ബോധ്യ​മാ​കുന്ന വിധത്തിൽ ഞാൻ പെരു​മാ​റാൻതു​ടങ്ങി. ഞാൻ അങ്ങനെ ചെയ്‌ത​പ്പോൾ എനിക്ക്‌ അവളുടെ സ്‌നേ​ഹ​വും ആദരവും നേടി​യെ​ടു​ക്കാ​നാ​യി.” റ്റ്വി പറയുന്നു: “ഞാൻ എത്രയ​ധി​ക​മാ​യി എഫെസ്യർ 5:33 അനുസ​രി​ക്കു​ക​യും ഭർത്താ​വി​നെ ബഹുമാ​നി​ക്കു​ക​യും ചെയ്‌തോ അത്രയ​ധി​ക​മാ​യി എനിക്ക്‌ അദ്ദേഹ​ത്തിൽനി​ന്നുള്ള സ്‌നേഹം കിട്ടി. മാത്രമല്ല, സുരക്ഷി​ത​ത്വ​ബോ​ധ​വും സമാധാ​ന​വും തോന്നാൻ ഇടയാ​കു​ക​യും ചെയ്‌തു.”

വിവാഹജീവിതത്തെക്കുറിച്ച്‌ കൂടു​ത​ലാ​യി അറിയാൻ jw.org-ൽ 2018 നമ്പർ 2 ഉണരുക!-യിലെ “സന്തുഷ്ട​കു​ടും​ബ​ങ്ങ​ളു​ടെ 12 രഹസ്യങ്ങൾ” എന്ന ലേഖനം വായി​ക്കുക.

2. മറ്റുള്ള​വ​രോ​ടുള്ള പെരു​മാ​റ്റം

വംശം, ദേശം, മതം, ബാഹ്യ​രൂ​പം എന്നിവ​യു​ടെ​യോ ഒരാൾ സ്വവർഗാ​നു​രാ​ഗി​യാണ്‌ എന്നതി​ന്റെ​യോ അടിസ്ഥാ​ന​ത്തിൽ മിക്ക​പ്പോ​ഴും ആളുകൾ മറ്റുള്ള​വ​രോ​ടു മോശ​മാ​യി പെരു​മാ​റാ​റുണ്ട്‌.

ബൈബിൾ പറയു​ന്നത്‌: “എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക.”—1 പത്രോസ്‌ 2:17.

അർഥം: മറ്റൊരു വംശത്തിൽപ്പെ​ട്ട​വ​രെ​യോ വേറൊ​രു ദേശത്ത്‌ താമസി​ക്കു​ന്ന​വ​രെ​യോ സ്വവർഗാ​നു​രാ​ഗി​ക​ളെ​യോ വെറു​ക്കാൻ ബൈബിൾ പഠിപ്പി​ക്കു​ന്നില്ല. പകരം എല്ലാ ആളുക​ളെ​യും അവരുടെ ദേശമോ വംശമോ സാമൂ​ഹി​ക​നി​ല​യോ നോക്കാ​തെ ബഹുമാ​നി​ക്കാ​നാ​ണു ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (പ്രവൃ​ത്തി​കൾ 10:34) മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ങ്ങ​ളോ​ടും പ്രവൃ​ത്തി​ക​ളോ​ടും നമുക്കു യോജി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും നമുക്ക്‌ അവരോ​ടു ദയയോ​ടെ​യും ആദര​വോ​ടെ​യും ഇടപെ​ടാ​നാ​കും.—മത്തായി 7:12.

ബൈബി​ളി​ന്റെ ഉപദേശം പ്രയോ​ജനം ചെയ്യുന്നു: ഏഷ്യയിൽനി​ന്നു​ള്ള​വരെ തന്റെ രാജ്യ​ത്തിന്‌ ഒരു ഭീഷണി​യാ​യി കാണണ​മെ​ന്നാ​ണു ഡാനി​യേ​ലി​നെ പഠിപ്പി​ച്ചി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ഏഷ്യക്കാ​രോട്‌ അദ്ദേഹ​ത്തി​നു പൊതു​വേ വെറു​പ്പാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അവരെ പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഡാനി​യേൽ പറയുന്നു: “എന്റെ ആ പ്രവൃ​ത്തി​യെ ‘ദേശസ്‌നേഹം’ ആയിട്ടാ​ണു ഞാൻ കരുതി​യി​രു​ന്നത്‌. അങ്ങനെ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നതു തെറ്റാ​ണെന്ന്‌ എനിക്കു തോന്നി​യതേ ഇല്ല.”

എന്നാൽ ബൈബിൾ എന്താണു പറയു​ന്ന​തെന്നു ഡാനി​യേൽ പിന്നീടു മനസ്സി​ലാ​ക്കി. അദ്ദേഹം പറയുന്നു: “എന്റെ ചിന്താ​ഗതി അപ്പാടെ മാറ്റണ​മെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. ആളുകളെ ദൈവം കാണു​ന്ന​തു​പോ​ലെ ഞാൻ കാണണ​മാ​യി​രു​ന്നു, അതായത്‌ അവർ എവി​ടെ​നി​ന്നു​ള്ള​വ​രാ​യാ​ലും തുല്യ​രാണ്‌ എന്നപോ​ലെ.” ഇപ്പോൾ ആളുകളെ കാണു​മ്പോൾ എന്താണു തോന്നു​ന്ന​തെന്നു ഡാനി​യേൽ പറയുന്നു: “അവർ എവി​ടെ​നി​ന്നു​ള്ള​വ​രാണ്‌ എന്നത്‌ എനിക്ക്‌ ഒരു പ്രശ്‌നമേ അല്ല. എല്ലാത്തരം ആളുക​ളെ​യും ഞാൻ ഇപ്പോൾ സ്‌നേ​ഹി​ക്കു​ന്നു. ലോക​ത്തി​ന്റെ പല ഭാഗത്തു​നി​ന്നുള്ള നല്ല കൂട്ടു​കാർ ഇന്ന്‌ എനിക്കുണ്ട്‌.”

കൂടുതൽ വിവര​ങ്ങൾക്കാ​യി jw.org-ൽ 2020 നമ്പർ 3 ഉണരുക!-യിലെ “മുൻവി​ധിക്ക്‌ മരുന്നു​ണ്ടോ?” എന്ന ലേഖനം വായി​ക്കുക.

3. പണം

സന്തോ​ഷ​ത്തി​നു​വേ​ണ്ടി​യും നല്ലൊരു ഭാവി​ക്കു​വേ​ണ്ടി​യും ആളുകൾ ഇന്നു പണത്തിനു പിന്നാലെ പരക്കം​പാ​യു​ന്നു.

ബൈബിൾ പറയു​ന്നത്‌: “പണം ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ ജ്ഞാനവും ഒരു സംരക്ഷ​ണ​മാണ്‌. പക്ഷേ, അറിവി​ന്റെ മേന്മ ഇതാണ്‌: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷി​ക്കു​ന്നു.”—സഭാ​പ്ര​സം​ഗകൻ 7:12.

അർഥം: നമുക്കു പണം വേണ​മെ​ന്നതു ശരിയാണ്‌. പക്ഷേ അതിന്‌ ഒരിക്ക​ലും സന്തോ​ഷ​മോ നല്ലൊരു ഭാവി​യോ ഉറപ്പു​ത​രാ​നാ​കില്ല. (സുഭാ​ഷി​തങ്ങൾ 18:11; 23:4, 5) എന്നാൽ ബൈബി​ളിൽ കാണുന്ന, ദൈവ​ത്തി​ന്റെ ജ്ഞാന​മൊ​ഴി​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചാൽ യഥാർഥ​സ​ന്തോ​ഷ​വും സുരക്ഷി​ത​മായ ഭാവി​യും നമുക്കു ലഭിക്കും.—1 തിമൊ​ഥെ​യൊസ്‌ 6:17-19.

ബൈബി​ളി​ന്റെ ഉപദേശം പ്രയോ​ജനം ചെയ്യുന്നു: ഇന്തൊ​നീ​ഷ്യ​യിൽനി​ന്നുള്ള കാർഡോ എന്നയാൾ പണം വാരി​ക്കൂ​ട്ടാൻ ഒരുപാട്‌ അധ്വാ​നി​ച്ചു. അദ്ദേഹം പറയുന്നു: “പലരും സ്വപ്‌നം കണ്ടിരു​ന്ന​തെ​ല്ലാം എനിക്കു നേടാ​നാ​യി. ഒരുപാ​ടു യാത്രകൾ നടത്താ​നും ആഡംബ​ര​വ​സ്‌തു​ക്കൾ വാങ്ങാ​നും കാറു​ക​ളും വീടു​ക​ളും സ്വന്തമാ​ക്കാ​നും എനിക്കു കഴിഞ്ഞു. പക്ഷേ അതൊ​ന്നും ഏറെക്കാ​ലം നിലനി​ന്നില്ല.” കാർഡോ പറയുന്നു: “ഒരാൾ എന്നെ വഞ്ചിച്ചു. വർഷങ്ങൾകൊണ്ട്‌ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പണമെ​ല്ലാം നിമി​ഷ​നേ​രം​കൊ​ണ്ടാണ്‌ എനിക്കു നഷ്ടമാ​യത്‌. പണക്കാ​ര​നാ​കാൻവേണ്ടി ഞാൻ ജീവി​ത​കാ​ലം മുഴുവൻ പണി​യെ​ടു​ത്തു. പക്ഷേ അവസാനം എനിക്കു​ണ്ടാ​യി​രു​ന്നതു വില​കെ​ട്ട​വ​നെന്ന ചിന്തയും നിരാ​ശ​യും മാത്ര​മാ​യി​രു​ന്നു.”

പണത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ ഉപദേശം കാർഡോ അനുസ​രി​ക്കാൻതു​ടങ്ങി. തന്റെ ഊർജം പണം സമ്പാദി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാ​തെ ലളിത​മായ ഒരു ജീവിതം നയിക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. കാർഡോ പറയുന്നു: “ഇപ്പോ​ഴാണ്‌ എനിക്കു ശരിക്കുള്ള സമ്പത്തു നേടാ​നാ​യത്‌. കാരണം ദൈവ​വു​മാ​യി ഇന്ന്‌ എനിക്കു നല്ലൊരു ബന്ധമുണ്ട്‌. എനിക്ക്‌ ഇപ്പോൾ സന്തോ​ഷ​ത്തോ​ടി​രി​ക്കാ​നും രാത്രി നന്നായി ഉറങ്ങാ​നും കഴിയു​ന്നു.”

പണത്തെക്കുറിച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം കൂടുതൽ മനസ്സി​ലാ​ക്കാൻ jw.org-ൽ 2021 നമ്പർ 3 വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വിദ്യാ​ഭ്യാ​സ​വും പണവും ഭാവി സുരക്ഷി​ത​മാ​ക്കു​മോ?” എന്ന ലേഖനം വായി​ക്കുക.

4. ലൈം​ഗി​കത

ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ ശരിയും തെറ്റും എന്താണ്‌ എന്നതി​നെ​ക്കു​റിച്ച്‌ ആളുകൾക്കു പല അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌.

ബൈബിൾ പറയു​ന്നത്‌: ‘നിങ്ങൾ ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ അകന്നി​രി​ക്കണം. വിശു​ദ്ധി​യി​ലും മാനത്തി​ലും സ്വന്തം ശരീരത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങൾ ഓരോ​രു​ത്ത​രും അറിഞ്ഞി​രി​ക്കണം. അല്ലാതെ, ദൈവത്തെ അറിയാത്ത ജനതക​ളെ​പ്പോ​ലെ നിങ്ങൾ അനിയ​ന്ത്രി​ത​മായ കാമാ​വേ​ശ​ത്തോ​ടെ ആർത്തി​പൂണ്ട്‌ നടക്കരുത്‌.’—1 തെസ്സ​ലോ​നി​ക്യർ 4:3-5.

അർഥം: ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ എങ്ങനെ പ്രകടി​പ്പി​ക്കാം എന്ന കാര്യ​ത്തിൽ ബൈബിൾ പരിധി​കൾ വെച്ചി​ട്ടുണ്ട്‌. ‘ലൈം​ഗിക അധാർമി​ക​ത​യിൽ’ ഉൾപ്പെ​ടുന്ന കാര്യ​ങ്ങ​ളാ​ണു വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, വിവാ​ഹി​ത​ര​ല്ലാ​ത്തവർ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധങ്ങൾ, സ്വവർഗാ​നു​രാ​ഗം, മൃഗസം​ഭോ​ഗം എന്നിവ. (1 കൊരി​ന്ത്യർ 6:9, 10) വിവാ​ഹ​ബ​ന്ധ​ത്തിൽ ഒരുമി​ച്ചാ​യി​രി​ക്കുന്ന സ്‌ത്രീ​യും പുരു​ഷ​നും മാത്രം ആസ്വദി​ക്കാ​നാ​യി ദൈവം നൽകി​യി​ട്ടുള്ള ഒരു സമ്മാന​മാ​ണു ലൈം​ഗി​കത.—സുഭാ​ഷി​തങ്ങൾ 5:18, 19.

ബൈബി​ളി​ന്റെ ഉപദേശം പ്രയോ​ജനം ചെയ്യുന്നു: ഓസ്‌​ട്രേ​ലി​യ​യി​ലുള്ള കെയ്‌ലെ എന്ന സ്‌ത്രീ പറയുന്നു: “വിവാ​ഹ​മൊ​ന്നും കഴിഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​നു സമ്മതി​ച്ചാൽ അതിലൂ​ടെ സ്‌നേ​ഹ​വും സുരക്ഷി​ത​ത്വ​ബോ​ധ​വും ഒക്കെ കിട്ടു​മെ​ന്നാ​ണു ഞാൻ കരുതി​യി​രു​ന്നത്‌. പക്ഷേ സംഭവി​ച്ചതു നേരെ മറിച്ചാണ്‌. ഞാൻ മാനസി​ക​മാ​യി ആകെ തകർന്നു. എനിക്കു വല്ലാത്ത പേടി​യും തോന്നി.”

പിന്നീട്‌ കെയ്‌ലെ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി. അതിനു ചേർച്ച​യിൽ പ്രവർത്തി​ച്ചു. അവൾ പറയുന്നു: “അനാവ​ശ്യ​മായ വേദന​യും പ്രയാ​സ​വും ഉണ്ടാകാ​തി​രി​ക്കാ​നാ​ണു ദൈവം ശരിയും തെറ്റും സംബന്ധിച്ച്‌ ഇതു​പോ​ലുള്ള നിലവാ​രങ്ങൾ വെച്ചി​രി​ക്കു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്‌ത​പ്പോൾ എനിക്കു സുരക്ഷി​ത​ത്വ​ബോ​ധ​വും സ്‌നേ​ഹ​വും അനുഭ​വി​ച്ച​റി​യാ​നാ​യി. ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ച്ചതു വലിയ ഹൃദയ​വേ​ദ​ന​ക​ളിൽനിന്ന്‌ എന്നെ സംരക്ഷി​ക്കു​ക​യും ചെയ്‌തു.”

ശരിയും തെറ്റും എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മുടെ സ്രഷ്ടാവ്‌ നമ്മളെ സഹായി​ക്കു​ന്നു. ദൈവം പറയു​ന്നത്‌ അനുസ​രി​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും അതിനു​വേണ്ടി ചെയ്യുന്ന ശ്രമത്തി​നു പ്രയോ​ജ​ന​മുണ്ട്‌. അങ്ങനെ ചെയ്യു​ന്നതു നിലനിൽക്കുന്ന സന്തോഷം തരു​മെന്നു നമുക്ക്‌ ഉറപ്പോ​ടെ വിശ്വ​സി​ക്കാം.