വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?

വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?

ഉയർന്ന വിദ്യാ​ഭ്യാ​സ​വും സമ്പത്തും സുരക്ഷി​ത​മായ ഒരു ഭാവി തരു​മെ​ന്നാണ്‌ പലരും ചിന്തി​ക്കു​ന്നത്‌. ഒരു യൂണി​വേ​ഴ്‌സി​റ്റി പഠനമുള്ള ആൾക്ക്‌ ജോലി​യി​ലും കുടും​ബ​ത്തി​ലും സമൂഹ​ത്തി​ലും ഒക്കെ മികച്ചു​നിൽക്കാൻ കഴിയു​മെന്ന്‌ അവർ കരുതു​ന്നു. കൂടാതെ നല്ല പഠിപ്പു​ണ്ടെ​ങ്കിൽ നല്ല ശമ്പളമുള്ള ജോലി കിട്ടും. അങ്ങനെ ഒരുപാട്‌ പണം ഉണ്ടാക്കു​മ്പോൾ സന്തോഷം ഉണ്ടാകും എന്ന്‌ അവർക്കു തോന്നു​ന്നു.

പലരു​ടെ​യും തിര​ഞ്ഞെ​ടുപ്പ്‌

ചൈന​യിൽനി​ന്നുള്ള സാങ്‌ചെൻ പറയു​ന്നത്‌ നോക്കുക: “പട്ടിണി​യൊ​ന്നും ഇല്ലാതെ സന്തോ​ഷ​ത്തോ​ടെ​യും സമാധാ​ന​ത്തോ​ടെ​യും ജീവി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ ഒരു യൂണി​വേ​ഴ്‌സി​റ്റി ഡിഗ്രി​യും ഉയർന്ന ശമ്പളമുള്ള ജോലി​യും വേണ​മെന്ന്‌ ഞാൻ ചിന്തിച്ചു.”

നല്ലൊരു ഭാവി കിട്ടാൻ, പേരു​കേട്ട യൂണി​വേ​ഴ്‌സി​റ്റി​ക​ളി​ലൊ​ക്കെ പഠിക്കാ​നാ​യി പലരും വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​പോ​ലും പോകു​ന്നു. കോവിഡ്‌ 19-ഉം അതിന്റെ നിയ​ന്ത്ര​ണ​ങ്ങ​ളും ഒക്കെ വരുന്ന​തു​വരെ ഇത്തരത്തിൽ വിദേ​ശ​ത്തേക്കു പോകു​ന്ന​വ​രു​ടെ എണ്ണം കൂടുതൽ ആയിരു​ന്നു. ഒരു സംഘടന 2012-ൽ അതെക്കു​റിച്ച്‌ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു: “വിദേ​ശ​ത്തു​പോ​യി പഠിക്കുന്ന വിദ്യാർഥി​ക​ളിൽ 52 ശതമാ​ന​വും ഏഷ്യക്കാ​രാണ്‌.”

മിക്ക മാതാ​പി​താ​ക്ക​ളും എങ്ങനെ​യെ​ങ്കി​ലും തങ്ങളുടെ മക്കളെ വിദേ​ശത്ത്‌ വിട്ട്‌ പഠിപ്പി​ക്കാൻ വളരെ​യ​ധി​കം കഷ്ടപ്പെ​ടു​ന്നു. തായ്‌വാ​നിൽനി​ന്നുള്ള കിഷ്യാങ്‌ ഓർക്കു​ന്നു: “എന്റെ പപ്പയും മമ്മിയും വലിയ കാശു​കാ​രൊ​ന്നും അല്ലായി​രു​ന്നു. പക്ഷേ ഞങ്ങൾ നാലു മക്കളെ​യും യു.എസ്‌.എ-യിലെ ഒരു കോ​ളേ​ജിൽ വിട്ടാണ്‌ അവർ പഠിപ്പി​ച്ചത്‌.” ഈ കുടും​ബ​ത്തി​ന്റെ കാര്യം​പോ​ലെ പലരും വലിയ കടബാ​ധ്യത വരുത്തി​യാണ്‌ മക്കൾക്കു വിദ്യാ​ഭ്യാ​സം കൊടു​ക്കു​ന്നത്‌.

ഗുണം ചെയ്‌തോ?

ഉയർന്ന വിദ്യാ​ഭ്യാ​സ​വും സമ്പത്തും ഒക്കെ നേടിയ പലർക്കും നിരാശ മാത്ര​മാണ്‌ ബാക്കി

വിദ്യാ​ഭ്യാ​സം പല വിധങ്ങ​ളിൽ ജീവി​ത​ത്തിന്‌ ഗുണം ചെയ്യു​ന്നുണ്ട്‌. പക്ഷേ വിചാ​രി​ച്ച​തു​പോ​ലുള്ള ഒരു ജീവിതം അതു തരുന്നി​ല്ലെന്ന്‌ പല വിദ്യാർഥി​ക​ളും മനസ്സി​ലാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കുറെ കടം ഒക്കെ വരുത്തി​വെച്ച്‌ വർഷങ്ങ​ളോ​ളം കഷ്ടപ്പെട്ട്‌ പഠിച്ചി​ട്ടും ആഗ്രഹി​ക്കുന്ന ജോലി​യൊ​ന്നും പലർക്കും കിട്ടാ​റില്ല. സിംഗ​പ്പൂ​രി​ലെ ബിസി​നെസ്സ്‌ ടൈം​സിൽ വന്ന റെയ്‌ച്ചൽ മോയി​യു​ടെ റിപ്പോർട്ട്‌ ഇതായി​രു​ന്നു: “തൊഴി​ലി​ല്ലാത്ത ബിരു​ദ​ധാ​രി​ക​ളു​ടെ എണ്ണം വർധി​ച്ചു​വ​രു​ക​യാണ്‌.” തായ്‌വാ​നിൽ ജീവി​ക്കുന്ന ഡോക്ട​റേറ്റ്‌ നേടിയ ജിയാൻജി പറയുന്നു: “പഠിച്ച കോഴ്‌സു​മാ​യി ഒരു ബന്ധവു​മി​ല്ലാത്ത ജോലി​യാണ്‌ പലരും ചെയ്യു​ന്നത്‌. അവർക്കു വേറെ വഴി​യൊ​ന്നു​മില്ല.”

ഇനി തങ്ങൾ തിര​ഞ്ഞെ​ടുത്ത മേഖല​യിൽത്തന്നെ ജോലി കിട്ടി​യ​വ​രു​ടെ കാര്യ​മോ? അപ്പോ​ഴും തങ്ങൾ ആഗ്രഹി​ക്കുന്ന ജീവി​തമല്ല അതു തരുന്ന​തെന്ന്‌ അവർ സമ്മതി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ തായ്‌ലൻഡിൽനി​ന്നുള്ള നീറാന്റെ കാര്യം നോക്കാം. യൂറോ​പ്പി​ലെ ഒരു യൂണി​വേ​ഴ്‌സി​റ്റി​യിൽ പോയി പഠിച്ച നീറന്‌ താൻ ആഗ്രഹി​ച്ച​തു​പോ​ലുള്ള ഒരു ജോലി​തന്നെ കിട്ടി. അദ്ദേഹം പറയുന്നു: “ഡിഗ്രി​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​തന്നെ എനിക്കു നല്ല ശമ്പളമുള്ള ജോലി​യാ​ണു കിട്ടി​യത്‌. പക്ഷേ ശമ്പളം കൂടു​ന്ന​ത​നു​സ​രിച്ച്‌ ജോലി​യും ജോലി ചെയ്യേണ്ട സമയവും കൂടും. ഇത്ര​യൊ​ക്കെ ചെയ്‌തി​ട്ടും അവസാനം എന്നെ ഉൾപ്പെടെ പലരെ​യും കമ്പനി പറഞ്ഞു​വി​ട്ടു. ഒരു ജോലി​ക്കും സ്ഥിരത​യി​ല്ലെന്ന്‌ ഞാൻ അപ്പോൾ മനസ്സി​ലാ​ക്കി.”

കൂടുതൽ സമ്പത്തും നല്ല ജീവി​ത​വും ഒക്കെ ഉണ്ടെന്നു തോന്നുന്ന ആളുകൾക്കും കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളും രോഗ​ങ്ങ​ളും പണത്തെ​ക്കു​റി​ച്ചുള്ള ആവലാ​തി​യും ഒക്കെ ഉണ്ട്‌. ജപ്പാനി​ലെ കാറ്റ്‌സൂ റ്റോഷി പറയുന്നു: “എനിക്ക്‌ പണത്തി​നൊ​ന്നും ഒരു കുറവും ഇല്ല. പക്ഷേ മറ്റുള്ള​വർക്ക്‌ എന്നോട്‌ അസൂയ​യാ​യി​രു​ന്നു. അവർ വളരെ മോശ​മാ​യി പെരു​മാ​റി. ഇതൊക്കെ കാരണം എനിക്ക്‌ ഒരു സന്തോ​ഷ​വു​മില്ല.” വിയറ്റ്‌നാ​മിൽ കഴിയുന്ന ലാം എന്ന സ്‌ത്രീ പറയുന്നു: “സാമ്പത്തി​ക​ഭ​ദ്ര​ത​യ്‌ക്കു​വേണ്ടി വലിയ ജോലി​ക​ളു​ടെ പിന്നാ​ലെ​പോ​കുന്ന പലരെ​യും ഞാൻ കണ്ടിട്ടുണ്ട്‌. പക്ഷേ ആ ജോലി കിട്ടി​ക്ക​ഴി​യു​മ്പോൾ കാര്യങ്ങൾ നേരെ തിരി​യും. അത്‌ അവരുടെ ടെൻഷൻ കൂട്ടുന്നു, ആരോ​ഗ്യ​പ്ര​ശ്‌ന​മോ വിഷാ​ദ​മോ പോലും വരുത്തി​വെ​ക്കു​ന്നു.”

ഇന്നു പലരും ഫ്രാങ്ക്‌ളി​നെ​പ്പോ​ലെ ഉന്നതവി​ദ്യാ​ഭ്യാ​സ​വും പണവും ഒന്നും അല്ല ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യം എന്ന നിഗമ​ന​ത്തി​ലെ​ത്തു​ന്നുണ്ട്‌. അതു​കൊണ്ട്‌ അവരിൽ ചിലർ മികച്ച ഒരു ഭാവി കിട്ടാൻ നല്ലൊരു വ്യക്തി​യാ​യി​രി​ക്കാ​നും മറ്റുള്ള​വർക്കു നന്മ ചെയ്യാ​നും ശ്രമി​ക്കു​ന്നു. അത്തരം ഒരു ജീവിതം സുരക്ഷി​ത​മായ ഭാവി ഉറപ്പു​ത​രു​മോ? അടുത്ത ലേഖനം ഈ ചോദ്യ​ത്തിന്‌ ഉത്തരം തരും.