വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ചിന്തകൾ എല്ലായ്‌പോ​ഴും ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ സഹായി​ക്കു​മോ?

ശരിയോ? തെറ്റോ? പലരും എങ്ങനെ​യാ​ണു തീരുമാനിക്കുന്നത്‌?

ശരിയോ? തെറ്റോ? പലരും എങ്ങനെ​യാ​ണു തീരുമാനിക്കുന്നത്‌?

ചില കാര്യങ്ങൾ തികച്ചും ശരിയാ​ണെ​ന്നോ എന്നാൽ മറ്റു ചിലത്‌ ഒട്ടും ശരിയ​ല്ലെ​ന്നോ മിക്ക ആളുക​ളും പറയാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കൊല​പാ​തകം, ബലാത്സം​ഗം, കുട്ടി​കൾക്കു നേരെ​യുള്ള ലൈം​ഗി​കാ​തി​ക്രമം എന്നിവ​യൊ​ക്കെ തെറ്റാ​ണെന്നു മിക്കവ​രും സമ്മതി​ക്കും. എന്നാൽ നീതി​യോ​ടെ പെരു​മാ​റു​ന്ന​തി​നെ​യും ദയയും സഹാനു​ഭൂ​തി​യും കാണി​ക്കു​ന്ന​തി​നെ​യും ആളുകൾ പ്രശം​സി​ച്ചു​പ​റ​യാ​റു​മുണ്ട്‌. അതേസ​മയം, ജീവി​ത​ത്തി​ന്റെ മറ്റു പല മേഖല​ക​ളി​ലും, അതായത്‌ ലൈം​ഗി​കത, സത്യസന്ധത, മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രുക എന്നിവ​യി​ലൊ​ന്നും ശരിയോ തെറ്റോ എന്നൊ​ന്നില്ല എന്നാണു പല ആളുക​ളും വിശ്വ​സി​ക്കു​ന്നത്‌. എന്തു തീരു​മാ​ന​മെ​ടു​ത്താ​ലും അതു ശരിയാണ്‌ എന്നാണ്‌ അവരുടെ പക്ഷം. ആളുകൾ പലപ്പോ​ഴും തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ എന്തു തോന്നു​ന്നു അല്ലെങ്കിൽ ചുറ്റു​മു​ള്ള​വർക്ക്‌ എന്തു തോന്നു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. പക്ഷേ അങ്ങനെ ചെയ്യു​ന്നത്‌ എപ്പോ​ഴും നല്ലതാ​യി​രി​ക്കു​മോ?

നമുക്ക്‌ എന്തു തോന്നു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ

നമ്മൾ പലപ്പോ​ഴും തീരു​മാ​ന​മെ​ടു​ക്കു​ന്നതു മനസ്സാക്ഷി എന്തു പറയുന്നു, അതായത്‌ ശരിയും തെറ്റും സംബന്ധിച്ച്‌ നമുക്ക്‌ എന്തു തോന്നു​ന്നു, എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. (റോമർ 2:14, 15) ചെറു​പ്പ​ത്തിൽത്തന്നെ കുട്ടി​കൾക്കു മറ്റുള്ള​വ​രു​ടെ ചില പെരു​മാ​റ്റങ്ങൾ ശരിയാ​ണോ തെറ്റാ​ണോ എന്നു തിരി​ച്ച​റി​യാ​നാ​കും. ഇനി, തങ്ങൾ ചെയ്‌തു​പോയ ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അവർക്കു കുറ്റ​ബോ​ധം തോന്നു​ക​പോ​ലും ചെയ്‌തേ​ക്കാം. കാലങ്ങൾകൊണ്ട്‌ നമ്മുടെ മനസ്സാ​ക്ഷി​യെ രൂപ​പ്പെ​ടു​ത്തു​ന്നത്‌, കുടും​ബ​ത്തിൽനി​ന്നും കൂട്ടു​കാ​രിൽനി​ന്നും അധ്യാ​പ​ക​രിൽനി​ന്നും സമൂഹ​ത്തിൽനി​ന്നും മതോ​പ​ദേ​ശ​ങ്ങ​ളിൽനി​ന്നും സംസ്‌കാ​ര​ത്തിൽനി​ന്നും നമ്മൾ പഠിക്കുന്ന കാര്യ​ങ്ങ​ളാണ്‌. ശരിയും തെറ്റും സംബന്ധിച്ച്‌ നമ്മൾ മനസ്സി​ലാ​ക്കി​യി​രി​ക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യി​ലാ​ണോ നമ്മൾ ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തെന്നു മനസ്സാക്ഷി നമ്മളോ​ടു പറയും.

മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും നന്ദി​യോ​ടെ​യും നീതി​യോ​ടെ​യും അനുക​മ്പ​യോ​ടെ​യും ഇടപെ​ടാൻ മനസ്സാക്ഷി നമ്മളെ പ്രേരി​പ്പി​ക്കും. കൂടാതെ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ വിഷമി​പ്പി​ക്കാ​തി​രി​ക്കാ​നോ നമുക്കു​തന്നെ നാണ​ക്കേ​ടോ കുറ്റ​ബോ​ധ​മോ വരുത്തുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാ​നോ മനസ്സാ​ക്ഷി​ക്കു നമ്മളെ സഹായി​ക്കാ​നാ​കും.

നമുക്ക്‌ എന്തു തോന്നു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ എടുക്കുന്ന തീരു​മാ​നങ്ങൾ എപ്പോ​ഴും ശരിയാ​കു​മോ? ഗാരിക്ക്‌ എന്ന ചെറു​പ്പ​ക്കാ​രൻ അതാണു ചെയ്‌തത്‌. അദ്ദേഹം പറയുന്നു: “ജീവി​ത​ത്തിൽ ഇഷ്ടമു​ള്ളത്‌ എന്തും എനിക്കു ചെയ്യാ​നാ​കു​മാ​യി​രു​ന്നു.” എന്നാൽ അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ ഉദ്ദേശിച്ച ഫലം കിട്ടി​യില്ല എന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. താൻ ഇഷ്ടപ്പെട്ട്‌ തിര​ഞ്ഞെ​ടുത്ത ആ ജീവി​ത​രീ​തി​യെ​ക്കു​റിച്ച്‌ അദ്ദേഹം പിന്നീടു പറഞ്ഞത്‌, “അധാർമി​ക​ത​യും മയക്കു​മ​രു​ന്നും മദ്യപാ​ന​വും അക്രമ​വും നിറഞ്ഞ ഒരു ഇരുളടഞ്ഞ വഴി” എന്നാണ്‌.

മറ്റുള്ള​വർക്ക്‌ എന്തു തോന്നു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ

ഇനി, പലപ്പോ​ഴും മറ്റുള്ള​വ​രു​ടെ ചിന്തക​ളും നമ്മുടെ തീരു​മാ​ന​ങ്ങളെ സ്വാധീ​നി​ക്കാ​റുണ്ട്‌. അവരുടെ അനുഭ​വ​പ​രി​ച​യ​ത്തിൽനി​ന്നും അറിവിൽനി​ന്നും നമുക്കു പല പ്രയോ​ജ​ന​ങ്ങ​ളും നേടാ​നാ​കും. നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളോ സുഹൃ​ത്തു​ക്ക​ളോ സമൂഹ​ത്തി​ലു​ള്ള​വ​രോ ശരി​യെന്നു ചിന്തി​ക്കുന്ന കാര്യങ്ങൾ ചെയ്യു​മ്പോൾ നമുക്ക്‌ അവരുടെ അംഗീ​കാ​രം നേടാ​നും കഴിയും.

മറ്റുള്ള​വർക്ക്‌ എന്തു തോന്നു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ എടുക്കുന്ന തീരു​മാ​നങ്ങൾ എപ്പോ​ഴും ശരിയാ​കു​മോ? ചെറു​പ്പ​ക്കാ​രി​യായ പ്രിസില്ല, തന്റെ കൂട്ടു​കാ​രിൽ മിക്കവ​രും ചെയ്യു​ന്ന​തു​തന്നെ ചെയ്‌തു. വിവാ​ഹ​ത്തി​നു മുമ്പു​തന്നെ അവൾ ഇഷ്ടാനു​സ​രണം ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻതു​ടങ്ങി. അവൾ ചെയ്യു​ന്നതു മറ്റുള്ള​വ​രു​ടെ കണ്ണിൽ ശരിയാ​യി​രു​ന്നെ​ങ്കി​ലും അവൾക്ക്‌ അതു​കൊണ്ട്‌ സന്തോ​ഷ​മൊ​ന്നും കിട്ടി​യില്ല. അവൾ പറയുന്നു: “മറ്റെല്ലാ​വ​രും ചെയ്‌ത​തു​പോ​ലെ ഞാൻ ചെയ്‌ത​തു​കൊണ്ട്‌ എനിക്കു പ്രത്യേ​കിച്ച്‌ ഗുണ​മൊ​ന്നും കിട്ടി​യില്ല. അപകടം​പി​ടിച്ച, പല മണ്ടത്തര​ങ്ങ​ളും ചെയ്യു​ന്ന​തി​ലേക്ക്‌ അത്‌ എന്നെ കൊ​ണ്ടെ​ത്തി​ച്ചു.”

നല്ല തീരു​മാ​ന​മെ​ടു​ക്കാൻ മറ്റെ​ന്തെ​ങ്കി​ലും വഴിയു​ണ്ടോ?

ശരിയും തെറ്റും സംബന്ധിച്ച്‌ തീരു​മാ​ന​മെ​ടു​ക്കേണ്ടി വരു​മ്പോൾ നമ്മു​ടെ​തന്നെ ചിന്തകൾക്കും മറ്റുള്ള​വ​രു​ടെ ചിന്തകൾക്കും നമ്മളെ സഹായി​ക്കാ​നാ​കും. എന്നാൽ അവയെ മാത്രം ആശ്രയിച്ച്‌ തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌ എപ്പോ​ഴും ശരിയാ​യി​രി​ക്ക​ണ​മെ​ന്നില്ല. നമ്മളെ​ടു​ക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ ഫലം മുൻകൂ​ട്ടി​ക്കാ​ണാൻ പറ്റാത്ത​തു​കൊണ്ട്‌ അതു നമ്മളെ​യും മറ്റുള്ള​വ​രെ​യും കുഴപ്പ​ത്തി​ലാ​ക്കി​യേ​ക്കാം. (സുഭാ​ഷി​തങ്ങൾ 14:12) ശരി​യെന്നു നമ്മളും മറ്റുള്ള​വ​രും വിചാ​രി​ക്കുന്ന ഒരു കാര്യം​പോ​ലും ചില​പ്പോൾ മോശ​മായ ഫലം ഉണ്ടാക്കി​യേ​ക്കാം, അല്ലെങ്കിൽ അതു ശരിയാ​ണെന്ന ആ അഭി​പ്രാ​യം​തന്നെ പിന്നീടു മാറി​യേ​ക്കാം. ഒരിക്കൽ തെറ്റാ​ണെന്നു വിചാ​രി​ച്ചി​രുന്ന പല പെരു​മാ​റ്റ​രീ​തി​ക​ളും ഇപ്പോൾ പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നുണ്ട്‌; എന്നാൽ മുമ്പ്‌ ശരി​യെന്നു കരുതി​യി​രുന്ന പല കാര്യ​ങ്ങ​ളും ഇപ്പോൾ പലരു​ടെ​യും കണ്ണിൽ ശരിയ​ല്ലാ​തെ​യു​മാ​യി​രി​ക്കു​ന്നു.

മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യ​ത്തി​ന​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നത്‌ എപ്പോ​ഴും ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ സഹായി​ക്കു​മോ?

ശരി എന്ത്‌, തെറ്റ്‌ എന്ത്‌ എന്ന കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കുന്ന മറ്റൊരു നല്ല വഴികാ​ട്ടി​യു​ണ്ടോ? ഇക്കാര്യ​ത്തിൽ, വർഷങ്ങൾക്കു​ശേഷം പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ നിരാശ തോന്നാൻ ഇടയാ​ക്കാത്ത ഒരു നിലവാ​രം നമുക്ക്‌ ഇന്നു പിന്തു​ട​രാ​നു​ണ്ടോ?

ശരിയും തെറ്റും തീരു​മാ​നി​ക്കുന്ന കാര്യ​ത്തിൽ എല്ലാവർക്കും എവി​ടെ​യാ​യി​രു​ന്നാ​ലും ആശ്രയി​ക്കാ​നാ​കുന്ന മാറ്റമി​ല്ലാത്ത ഒരു വഴികാ​ട്ടി​യുണ്ട്‌. ആ വഴികാ​ട്ടി ഏതാ​ണെന്ന്‌ അടുത്ത ലേഖന​ത്തിൽ കാണാം.