ലൂക്കോസ്‌ എഴുതിയത്‌ 22:1-71

22  പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ+ അടുത്തുവരുകയായിരുന്നു.+  മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​നെ കൊല്ലാൻ പറ്റിയ ഏറ്റവും നല്ല വഴി ഏതെന്ന്‌ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.+ കാരണം അവർക്ക്‌ ആളുകളെ പേടി​യാ​യി​രു​ന്നു.+  അപ്പോൾ പന്ത്രണ്ടു പേരിൽ* ഒരാളായ, ഈസ്‌ക​ര്യോത്ത്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യൂദാ​സിൽ സാത്താൻ കടന്നു.+  യൂദാസ്‌ ചെന്ന്‌ മുഖ്യ​പു​രോ​ഹി​ത​ന്മാർ, ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​കൾ എന്നിവ​രു​മാ​യി യേശു​വി​നെ അവർക്ക്‌ എങ്ങനെ ഒറ്റി​ക്കൊ​ടു​ക്കാ​മെന്നു കൂടി​യാ​ലോ​ചി​ച്ചു.+  അവർക്കു വലിയ സന്തോ​ഷ​മാ​യി. അവർ യൂദാ​സി​നു പണം* കൊടു​ക്കാ​മെന്ന്‌ ഏറ്റു.+  യൂദാ​സിന്‌ അതു സമ്മതമാ​യി. ജനക്കൂട്ടം അടുത്തി​ല്ലാത്ത നേരം നോക്കി യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ അയാൾ തക്കം​നോ​ക്കി നടന്നു.  പെസഹാ​മൃ​ഗത്തെ അർപ്പി​ക്കുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി.+  യേശു പത്രോ​സി​നോ​ടും യോഹ​ന്നാ​നോ​ടും പറഞ്ഞു: “പോയി നമുക്കു പെസഹ ഭക്ഷിക്കാ​നുള്ള ഒരുക്കങ്ങൾ നടത്തുക.”+  അവർ യേശു​വി​നോട്‌, “ഞങ്ങൾ എവി​ടെ​യാണ്‌ ഒരു​ക്കേ​ണ്ടത്‌” എന്നു ചോദി​ച്ച​പ്പോൾ 10  യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലു​മ്പോൾ ഒരാൾ ഒരു മൺകു​ട​ത്തിൽ വെള്ളവു​മാ​യി നിങ്ങളു​ടെ നേരെ വരും. അയാളു​ടെ പിന്നാലെ അയാൾ കയറുന്ന വീട്ടി​ലേക്കു ചെല്ലുക.+ 11  എന്നിട്ട്‌ വീട്ടു​ട​മ​സ്ഥ​നോട്‌, ‘“എനിക്കു ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ പെസഹ ഭക്ഷിക്കാ​നുള്ള മുറി എവി​ടെ​യാണ്‌” എന്നു ഗുരു ചോദി​ക്കു​ന്നു’ എന്നു പറയുക. 12  അപ്പോൾ അയാൾ മുകളി​ലത്തെ നിലയിൽ, വേണ്ട സൗകര്യ​ങ്ങ​ളെ​ല്ലാ​മുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണി​ച്ചു​ത​രും. അവിടെ പെസഹ ഒരുക്കുക.” 13  അങ്ങനെ അവർ പോയി, യേശു പറഞ്ഞതു​പോ​ലെ​തന്നെ കണ്ടു, പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തി. 14  സമയമാ​യ​പ്പോൾ യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം മേശയ്‌ക്ക​രി​കിൽ വന്ന്‌ ഇരുന്നു.+ 15  യേശു അവരോ​ടു പറഞ്ഞു: “കഷ്ടത അനുഭ​വി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോ​ടൊ​പ്പം ഈ പെസഹ കഴിക്ക​ണ​മെ​ന്നത്‌ എന്റെ വലി​യൊ​രു ആഗ്രഹ​മാ​യി​രു​ന്നു. 16  ദൈവ​രാ​ജ്യ​ത്തിൽ ഇതു നിവൃ​ത്തി​യാ​കു​ന്ന​തു​വരെ ഞാൻ ഇനി ഇതു കഴിക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” 17  പിന്നെ യേശു ഒരു പാനപാ​ത്രം വാങ്ങി ദൈവ​ത്തോ​ടു നന്ദി പറഞ്ഞിട്ട്‌ പറഞ്ഞു: “ഇതു വാങ്ങി നിങ്ങൾ ഓരോ​രു​ത്ത​രും അടുത്ത​യാൾക്കു കൈമാ​റുക. 18  ഇനി ദൈവ​രാ​ജ്യം വരുന്ന​തു​വരെ മുന്തി​രി​വ​ള്ളി​യു​ടെ ഈ ഉത്‌പന്നം ഞാൻ കുടി​ക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”+ 19  പിന്നെ യേശു ഒരു അപ്പം എടുത്ത്‌+ നന്ദി പറഞ്ഞ​ശേഷം നുറുക്കി അവർക്കു കൊടു​ത്തു​കൊണ്ട്‌ പറഞ്ഞു: “ഇതു നിങ്ങൾക്കു​വേണ്ടി നൽകാ​നി​രി​ക്കുന്ന എന്റെ ശരീരത്തിന്റെ പ്രതീ​ക​മാണ്‌.+ എന്റെ ഓർമ​യ്‌ക്കു​വേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 20  അത്താഴം കഴിച്ച​ശേഷം പാനപാ​ത്രം എടുത്തും യേശു അതു​പോ​ലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം നിങ്ങൾക്കു​വേണ്ടി ചൊരി​യാൻപോ​കുന്ന എന്റെ രക്തത്തിന്റെ+ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീ​ക​മാണ്‌.+ 21  “എന്നാൽ ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത്‌ ഈ മേശയിൽത്ത​ന്നെ​യുണ്ട്‌.+ 22  മുൻകൂ​ട്ടി നിശ്ചയി​ച്ച​തു​പോ​ലെ മനുഷ്യ​പു​ത്രൻ പോകു​ന്നു.+ എന്നാൽ മനുഷ്യ​പു​ത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!”+ 23  അപ്പോൾ, അതു ചെയ്യാൻ പോകു​ന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആരായി​രി​ക്കും എന്ന്‌ അവർ തമ്മിൽത്ത​മ്മിൽ ചോദി​ച്ചു​തു​ടങ്ങി.+ 24  തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതി​നെ​പ്പറ്റി ചൂടു​പി​ടിച്ച ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.+ 25  യേശു അവരോ​ടു പറഞ്ഞു: “ജനതക​ളു​ടെ മേൽ അവരുടെ രാജാ​ക്ക​ന്മാർ ആധിപ​ത്യം നടത്തുന്നു. അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്നവർ സാമൂ​ഹ്യ​സേ​വകർ എന്നു പേരെ​ടു​ക്കു​ന്നു.+ 26  നിങ്ങളോ അങ്ങനെ​യാ​യി​രി​ക്ക​രുത്‌.+ നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെയും+ നേതൃ​ത്വ​മെ​ടു​ക്കു​ന്നവൻ ശുശ്രൂഷ ചെയ്യു​ന്ന​വ​നെ​പ്പോ​ലെ​യും ആയിരി​ക്കട്ടെ.+ 27  ആരാണു വലിയവൻ? ഭക്ഷണത്തിന്‌ ഇരിക്കുന്നവനോ* വിളമ്പി​ക്കൊ​ടു​ക്കാൻ നിൽക്കുന്നവനോ? ഭക്ഷണത്തിന്‌ ഇരിക്കുന്നവനല്ലേ? എന്നാൽ ഞാൻ നിങ്ങളു​ടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്‌.+ 28  “എന്തായാലും നിങ്ങളാണ്‌ എന്റെ പരീക്ഷകളിൽ+ എന്റെകൂടെ നിന്നവർ.+ 29  എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി.+ 30  അങ്ങനെ, എന്റെ രാജ്യ​ത്തിൽ നിങ്ങൾ എന്റെകൂടെ ഇരുന്ന്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും.+ സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌+ ഇസ്രായേലിന്റെ 12 ഗോ​ത്ര​ങ്ങ​ളെ​യും ന്യായം വിധി​ക്കു​ക​യും ചെയ്യും.+ 31  “ശിമോനേ, ശിമോ​നേ, സാത്താൻ നിങ്ങ​ളെ​യെ​ല്ലാം ഗോതമ്പു പാറ്റു​ന്ന​തു​പോ​ലെ പാറ്റാൻ അനുവാ​ദം ചോദി​ച്ചി​രി​ക്കു​ന്നു.+ 32  എന്നാൽ നിന്റെ വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ ഞാൻ നിനക്കു​വേണ്ടി പ്രാർഥി​ച്ചി​ട്ടുണ്ട്‌.+ നീ തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്റെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തണം.”+ 33  അപ്പോൾ പത്രോസ്‌ യേശു​വി​നോട്‌, “കർത്താവേ, അങ്ങയു​ടെ​കൂ​ടെ ജയിലിൽ പോകാ​നും മരിക്കാ​നും ഞാൻ ഒരുക്ക​മാണ്‌”+ എന്നു പറഞ്ഞു. 34  എന്നാൽ യേശു പറഞ്ഞു: “പത്രോ​സേ, ഇന്നു കോഴി കൂകും​മുമ്പ്‌, എന്നെ അറിയില്ല എന്നു നീ മൂന്നു പ്രാവ​ശ്യം പറയും എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+ 35  പിന്നെ യേശു അവരോട്‌, “പണസ്സഞ്ചി​യോ ഭക്ഷണസ​ഞ്ചി​യോ ചെരി​പ്പോ ഒന്നുമില്ലാതെ+ ഞാൻ നിങ്ങളെ അയച്ചി​ട്ടും നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദി​ച്ചു. “ഇല്ല”* എന്ന്‌ അവർ പറഞ്ഞു. 36  അപ്പോൾ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ, പണസ്സഞ്ചി​യു​ള്ളവൻ അത്‌ എടുക്കട്ടെ. ഭക്ഷണസ​ഞ്ചി​യു​ള്ളവൻ അതും എടുക്കട്ടെ. വാളി​ല്ലാ​ത്തവൻ പുറങ്കു​പ്പാ​യം വിറ്റ്‌ ഒരെണ്ണം വാങ്ങട്ടെ. 37  കാരണം, ഞാൻ നിങ്ങ​ളോ​ടു പറയുന്നു, ‘അവനെ നിയമ​ലം​ഘ​ക​രു​ടെ കൂട്ടത്തിൽ എണ്ണി’+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ എന്നിൽ നിറ​വേ​റണം. എന്നെക്കു​റിച്ച്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഇപ്പോൾ സംഭവി​ക്കു​ക​യാണ്‌.”+ 38  അപ്പോൾ അവർ, “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്‌” എന്നു പറഞ്ഞു. “അതു മതി” എന്നു യേശു പറഞ്ഞു. 39  പിന്നെ യേശു പതിവു​പോ​ലെ ഒലിവു​മ​ല​യി​ലേക്കു പോയി. ശിഷ്യ​ന്മാ​രും കൂടെ പോയി.+ 40  അവിടെ എത്തിയ​പ്പോൾ യേശു അവരോട്‌, “പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക” എന്നു പറഞ്ഞു.+ 41  പിന്നെ യേശു അവരുടെ അടുത്തു​നിന്ന്‌ ഒരു കല്ലേറു​ദൂ​ര​ത്തോ​ളം മാറി മുട്ടു​കു​ത്തി പ്രാർഥി​ക്കാൻതു​ടങ്ങി: 42  “പിതാവേ, അങ്ങയ്‌ക്ക്‌ ഇഷ്ടമെ​ങ്കിൽ ഈ പാനപാ​ത്രം എന്നിൽനിന്ന്‌ നീക്കേ​ണമേ. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43  അപ്പോൾ സ്വർഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യ​ക്ഷ​നാ​യി യേശു​വി​നെ ബലപ്പെ​ടു​ത്തി.+ 44  എന്നാൽ കടുത്ത മനോ​വേ​ദ​ന​യി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു കൂടുതൽ തീവ്ര​ത​യോ​ടെ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.+ യേശുവിന്റെ വിയർപ്പു രക്തത്തു​ള്ളി​കൾപോ​ലെ​യാ​യി നിലത്ത്‌ വീണു. 45  യേശു പ്രാർഥന കഴിഞ്ഞ്‌ എഴു​ന്നേറ്റ്‌ ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന​പ്പോൾ അവർ സങ്കടം​കൊണ്ട്‌ തളർന്ന്‌ മയങ്ങു​ന്നതു കണ്ടു. 46  യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ ഉറങ്ങു​ക​യാ​ണോ? പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ എഴു​ന്നേറ്റ്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.”+ 47  യേശു ഇതു പറഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോൾത്തന്നെ അതാ, ഒരു ജനക്കൂട്ടം അവി​ടേക്കു വരുന്നു. പന്ത്രണ്ടു പേരിൽ ഒരാളായ യൂദാ​സാണ്‌ അവരെ നയിച്ചി​രു​ന്നത്‌. യൂദാസ്‌ യേശു​വി​നെ ചുംബി​ക്കാൻ അടുത്ത്‌ ചെന്നു.+ 48  യേശു ചോദി​ച്ചു: “യൂദാസേ, നീ മനുഷ്യ​പു​ത്രനെ ഒരു ചുംബ​നം​കൊണ്ട്‌ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണോ?” 49  എന്താണു സംഭവി​ക്കാൻപോ​കു​ന്ന​തെന്നു കണ്ടിട്ട്‌ യേശുവിന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ, “കർത്താവേ, ഞങ്ങൾ വാൾ എടുത്ത്‌ വെട്ടട്ടേ” എന്നു ചോദി​ച്ചു. 50  അവരിൽ ഒരാൾ മഹാപുരോഹിതന്റെ അടിമയെ വെട്ടു​ക​യും ചെയ്‌തു. അയാളു​ടെ വലതു​ചെവി അറ്റു​പോ​യി.+ 51  എന്നാൽ യേശു, “ഇനി​യൊ​ന്നും ചെയ്യരുത്‌” എന്നു പറഞ്ഞിട്ട്‌ അയാളു​ടെ ചെവി​യിൽ തൊട്ട്‌ സുഖ​പ്പെ​ടു​ത്തി. 52  പിന്നെ, തന്നെ പിടി​ക്കാൻ വന്ന മുഖ്യ​പു​രോ​ഹി​ത​ന്മാ​രോ​ടും ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​ക​ളോ​ടും മൂപ്പന്മാ​രോ​ടും ചോദി​ച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടി​ക്കാൻ വരുന്ന​തു​പോ​ലെ വാളും വടിക​ളും ഒക്കെയാ​യി എന്നെ പിടി​ക്കാൻ വന്നിരി​ക്കു​ന്നത്‌?+ 53  ഞാൻ ദിവസ​വും നിങ്ങ​ളോ​ടൊ​പ്പം ദേവാലയത്തിലുണ്ടായിരുന്നിട്ടും+ നിങ്ങൾ എന്നെ പിടി​കൂ​ടി​യില്ല.+ എന്നാൽ, ഇത്‌ ഇപ്പോൾ നിങ്ങളു​ടെ സമയമാണ്‌, ഇരുട്ടു വാഴുന്ന സമയം.”+ 54  അവർ യേശു​വി​നെ അറസ്റ്റു ചെയ്‌ത്‌ മഹാപുരോഹിതന്റെ വീട്ടി​ലേക്കു കൊണ്ടു​പോ​യി.+ പത്രോസ്‌ കുറെ അകലം പാലിച്ച്‌ പുറകേ ചെന്നു.+ 55  അവരെ​ല്ലാം നടുമു​റ്റത്ത്‌ തീ കായാൻ ഇരുന്ന​പ്പോൾ പത്രോ​സും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.+ 56  അപ്പോൾ ഒരു വേലക്കാ​രി​പ്പെൺകു​ട്ടി തീയുടെ വെളി​ച്ച​ത്തിൽ പത്രോ​സി​നെ കണ്ടിട്ട്‌ സൂക്ഷി​ച്ചു​നോ​ക്കി, “ഇയാളും ആ മനുഷ്യന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 57  എന്നാൽ പത്രോസ്‌ അതു നിഷേ​ധി​ച്ചു​കൊണ്ട്‌ അവളോട്‌, “എനിക്ക്‌ അയാളെ അറിയില്ല” എന്നു പറഞ്ഞു.+ 58  അൽപ്പ​നേരം കഴിഞ്ഞ​പ്പോൾ മറ്റൊ​രാൾ പത്രോ​സി​നെ കണ്ടിട്ട്‌, “നിങ്ങളും അവരിൽ ഒരാളാ​ണ​ല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്‌, “അല്ല” എന്നു പറഞ്ഞു.+ 59  ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ​പ്പോൾ വേറൊ​രാൾ വന്ന്‌ ഇങ്ങനെ തറപ്പി​ച്ചു​പ​റഞ്ഞു: “ഈ മനുഷ്യ​നും അയാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു, തീർച്ച. കാരണം, ഇയാൾ ഒരു ഗലീല​ക്കാ​ര​നാണ്‌.” 60  എന്നാൽ പത്രോസ്‌ അയാ​ളോട്‌, “താങ്കൾ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല” എന്നു പറഞ്ഞു. പത്രോസ്‌ അതു പറഞ്ഞു​തീർന്നില്ല, അതിനു മുമ്പേ കോഴി കൂകി. 61  അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോസിന്റെ മുഖ​ത്തേക്കു നോക്കി. “ഇന്നു കോഴി കൂകും​മുമ്പ്‌ നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പ​റ​യും” എന്നു കർത്താവ്‌ തന്നോടു പറഞ്ഞതു പത്രോസ്‌ അപ്പോൾ ഓർത്തു.+ 62  പത്രോസ്‌ പുറത്ത്‌ പോയി അതിദുഃ​ഖ​ത്തോ​ടെ കരഞ്ഞു. 63  യേശു​വി​നു കാവൽ നിന്നവർ യേശു​വി​നെ കളിയാക്കാനും+ അടിക്കാ​നും തുടങ്ങി.+ 64  അവർ യേശുവിന്റെ മുഖം മൂടി​യിട്ട്‌, “നിന്നെ അടിച്ചത്‌ ആരാ​ണെന്നു പ്രവചിക്ക്‌” എന്നു പറയു​ന്നു​ണ്ടാ​യി​രു​ന്നു. 65  അവർ യേശു​വി​നെ​ക്കു​റിച്ച്‌ ദൈവ​നി​ന്ദാ​ക​ര​മായ പലതും പറഞ്ഞു. 66  നേരം വെളു​ത്ത​പ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ഉൾപ്പെട്ട, ജനത്തിന്റെ മൂപ്പന്മാ​രു​ടെ സംഘം ഒന്നിച്ചു​കൂ​ടി.+ അവർ യേശു​വി​നെ സൻഹെ​ദ്രിൻ ഹാളിൽ കൊണ്ടു​പോ​യിട്ട്‌ ചോദിച്ചു: 67  “പറയൂ, നീ ക്രിസ്‌തു​വാ​ണോ?”+ അപ്പോൾ യേശു പറഞ്ഞു: “ഞാൻ പറഞ്ഞാ​ലും നിങ്ങൾ വിശ്വ​സി​ക്കില്ല. 68  മാത്രമല്ല, ഞാൻ എന്തെങ്കി​ലും ചോദി​ച്ചാൽ നിങ്ങളും ഉത്തരം പറയി​ല്ല​ല്ലോ. 69  എന്നാൽ ഇനിമു​തൽ മനുഷ്യപുത്രൻ+ ശക്തനായ ദൈവത്തിന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കും”+ എന്നു പറഞ്ഞു. 70  ഇതു കേട്ട്‌ അവർ എല്ലാവ​രും, “അപ്പോൾ നീ ദൈവ​പു​ത്ര​നാ​ണെ​ന്നാ​ണോ” എന്നു ചോദി​ച്ചു. യേശു അവരോട്‌, “ആണെന്നു നിങ്ങൾതന്നെ പറയു​ന്ന​ല്ലോ” എന്നു പറഞ്ഞു. 71  അപ്പോൾ അവർ പറഞ്ഞു: “നമുക്ക്‌ ഇനി മറ്റാരു​ടെ​യെ​ങ്കി​ലും മൊഴി എന്തിനാണ്‌? അവന്റെ വായിൽനി​ന്നു​തന്നെ നമ്മൾ അതു കേട്ടല്ലോ.”+

അടിക്കുറിപ്പുകള്‍

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അക്ഷ. “വെള്ളി​പ്പണം.”
അഥവാ “മേശയ്‌ക്കൽ ചാരി​ക്കി​ട​ക്കു​ന്ന​വ​നോ.”
അഥവാ “ഒരു കുറവും വന്നില്ല.”

പഠനക്കുറിപ്പുകൾ

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ: വാസ്‌ത​വ​ത്തിൽ, നീസാൻ 14-ാം തീയതി ആഘോ​ഷി​ച്ചി​രുന്ന പെസഹ​യും നീസാൻ 15 മുതൽ 21 വരെ നീണ്ടു​നിന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവവും രണ്ടും രണ്ടായി​രു​ന്നു. (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ രണ്ട്‌ ഉത്സവങ്ങ​ളും തമ്മിൽ അഭേദ്യ​മായ ബന്ധമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ നീസാൻ 14 ഉൾപ്പെ​ടെ​യുള്ള എട്ടു ദിവസ​ത്തെ​യും ചേർത്ത്‌ ഒരൊറ്റ ഉത്സവമാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. “പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളി​ക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച്‌ ജോസീ​ഫ​സും പറയു​ന്നുണ്ട്‌. ലൂക്ക 22:1-6-ൽ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ നടന്നത്‌ എ.ഡി. 33 നീസാൻ 12-ാം തീയതി​യാണ്‌.​—അനു. ബി12 കാണുക.

ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​കൾ: ഈ വാക്യ​ത്തി​ന്റെ മൂല ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ “മേധാ​വി​കൾ” എന്നു മാത്രമേ കാണു​ന്നു​ള്ളൂ. എന്നാൽ ഇവർ ഏതുതരം മേധാ​വി​ക​ളാ​ണെന്നു സൂചി​പ്പി​ക്കാൻ ലൂക്ക 22:52-ൽ ലൂക്കോ​സു​തന്നെ “ദേവാ​ല​യ​ത്തി​ലെ (കാവൽക്കാ​രു​ടെ)” എന്നും​കൂ​ടെ ചേർത്തി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഈ വാക്യ​ത്തി​ലും കൂടുതൽ വ്യക്തത കിട്ടാൻ ‘ദേവാ​ല​യ​ത്തി​ലെ (കാവൽക്കാ​രു​ടെ)’ എന്ന പദപ്ര​യോ​ഗം കൂട്ടി​ച്ചേർത്ത​താണ്‌. ലൂക്കോസ്‌ മാത്ര​മാണ്‌ ഈ ഉദ്യോ​ഗ​സ്ഥ​രെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌. (പ്രവൃ 4:1; 5:24, 26) യേശു​വി​ന്റെ അറസ്റ്റ്‌ നിയമാ​നു​സൃ​ത​മാ​ണെന്നു വരുത്തി​ത്തീർക്കാ​നാ​യി​രി​ക്കാം യൂദാ​സു​മാ​യുള്ള ചർച്ചയിൽ കാവൽക്കാ​രു​ടെ ഈ മേധാ​വി​ക​ളെ​യും ഉൾപ്പെ​ടു​ത്തി​യത്‌.

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമായ പെസഹ: വാസ്‌ത​വ​ത്തിൽ, നീസാൻ 14-ാം തീയതി ആഘോ​ഷി​ച്ചി​രുന്ന പെസഹ​യും നീസാൻ 15 മുതൽ 21 വരെ നീണ്ടു​നിന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവവും രണ്ടും രണ്ടായി​രു​ന്നു. (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ രണ്ട്‌ ഉത്സവങ്ങ​ളും തമ്മിൽ അഭേദ്യ​മായ ബന്ധമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ നീസാൻ 14 ഉൾപ്പെ​ടെ​യുള്ള എട്ടു ദിവസ​ത്തെ​യും ചേർത്ത്‌ ഒരൊറ്റ ഉത്സവമാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. “പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളി​ക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച്‌ ജോസീ​ഫ​സും പറയു​ന്നുണ്ട്‌. ലൂക്ക 22:1-6-ൽ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ നടന്നത്‌ എ.ഡി. 33 നീസാൻ 12-ാം തീയതി​യാണ്‌.​—അനു. ബി12 കാണുക.

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി: ലൂക്ക 22:1-ന്റെ പഠനക്കു​റി​പ്പിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, യേശുവിന്റെ കാലമാ​യ​പ്പോ​ഴേ​ക്കും പെസഹ​യ്‌ക്കു (നീസാൻ 14) പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവവു​മാ​യി (നീസാൻ 15-21) അഭേദ്യ​മായ ബന്ധമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ നീസാൻ 14 ഉൾപ്പെ​ടെ​യുള്ള എട്ടു ദിവസ​ത്തെ​യും ‘പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം’ എന്നു വിളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. (അനു. ബി15 കാണുക.) എന്നാൽ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നതു പെസഹാ​മൃ​ഗത്തെ അർപ്പി​ക്കുന്ന ദിവസ​ത്തെ​ക്കു​റി​ച്ചാ​യ​തു​കൊണ്ട്‌ ഇവിടെ ഉദ്ദേശി​ച്ചി​രി​ക്കു​ന്നതു നീസാൻ 14 ആണെന്നു മനസ്സി​ലാ​ക്കാം. (പുറ 12:6, 15, 17, 18; ലേവ 23:5; ആവ 16:1-7) സാധ്യ​ത​യ​നു​സ​രിച്ച്‌, 7-13 വാക്യ​ങ്ങ​ളി​ലെ സംഭവങ്ങൾ നടന്നതു നീസാൻ 13-ാം തീയതി ഉച്ച കഴിഞ്ഞാണ്‌. വൈകു​ന്നേ​രത്തെ പെസഹാ​ഭ​ക്ഷ​ണ​ത്തി​നു വേണ്ടി​യുള്ള ഒരുക്ക​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ അവിടെ പറയു​ന്നത്‌. കാരണം അന്നു സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ നീസാൻ 14 തുടങ്ങു​മാ​യി​രു​ന്നു.​—അനു. ബി12 കാണുക.

ഒരു പാനപാ​ത്രം വാങ്ങി: ഇവിടെ പറഞ്ഞി​രി​ക്കുന്ന പാനപാ​ത്രം യേശു​വി​ന്റെ കാലത്തെ പെസഹ ആചരണ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. (ലൂക്ക 22:15) ഈജി​പ്‌തിൽവെച്ച്‌ പെസഹ ആചരി​ച്ച​പ്പോൾ വീഞ്ഞ്‌ ഉപയോ​ഗി​ച്ച​താ​യി ബൈബിൾ പറയു​ന്നില്ല; പെസഹ ആഘോ​ഷ​ത്തിൽ വീഞ്ഞ്‌ ഉപയോ​ഗി​ക്കാൻ യഹോവ കല്‌പി​ച്ചി​രു​ന്നു​മില്ല. അതു​കൊണ്ട്‌ പെസഹ​യ്‌ക്കു കൂടി​വ​രു​ന്ന​വർക്കു പാനപാ​ത്ര​ങ്ങ​ളിൽ വീഞ്ഞു കൈമാ​റുന്ന രീതി പിൽക്കാ​ലത്ത്‌ തുടങ്ങി​യ​താ​ണെന്ന്‌ അനുമാ​നി​ക്കാം. പെസഹാ​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം വീഞ്ഞു കഴിക്കു​ന്ന​തി​നെ യേശു കുറ്റ​പ്പെ​ടു​ത്തി​യില്ല. മറിച്ച്‌ ദൈവ​ത്തോ​ടു നന്ദി പറഞ്ഞിട്ട്‌ യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം വീഞ്ഞു കുടിച്ചു. കുറച്ച്‌ കഴിഞ്ഞ്‌ കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തി​യ​പ്പോ​ഴും യേശു അവർക്കു പാനപാ​ത്ര​ത്തിൽ വീഞ്ഞു കൈമാ​റി.​—ലൂക്ക 22:20.

ഒരു അപ്പം എടുത്ത്‌ . . . നുറുക്കി: പുരാ​ത​ന​കാല മധ്യപൂർവ​ദേ​ശത്ത്‌ ഉണ്ടാക്കി​യി​രുന്ന അപ്പം സാധാ​ര​ണ​ഗ​തി​യിൽ കനം കുറഞ്ഞ​താ​യി​രു​ന്നു. പുളി​പ്പി​ക്കാ​ത്ത​താ​ണെ​ങ്കിൽ അവ എളുപ്പം ഒടിയു​മാ​യി​രു​ന്നു. യേശു അപ്പം നുറുക്കിയതിന്‌, ആത്മീയ​ത​ല​ത്തി​ലുള്ള എന്തെങ്കി​ലും നിഗൂ​ഢാർഥങ്ങൾ ഉണ്ടായി​രു​ന്നില്ല. സാധാ​ര​ണ​യാ​യി എല്ലാവ​രും അങ്ങനെ​യാണ്‌ അത്തരം അപ്പം പങ്കിട്ടി​രു​ന്നത്‌.​—മത്ത 14:19-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രതീ​ക​മാണ്‌: എസ്റ്റിൻ (അക്ഷരാർഥം “ആണ്‌.” അതായത്‌, “ഇത്‌ എന്റെ ശരീരം ആണ്‌” എന്ന അർഥത്തിൽ.) എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ഇവിടെ “അടയാളം; ചിഹ്നം; പ്രതി​നി​ധാ​നം ചെയ്യുന്നത്‌” എന്നിങ്ങ​നെ​യുള്ള അർഥങ്ങ​ളാ​ണു​ള്ളത്‌. അപ്പോ​സ്‌ത​ല​ന്മാർക്കും അത്‌ അങ്ങനെ​ത​ന്നെ​യാ​ണു മനസ്സി​ലാ​യത്‌. കാരണം, യേശു​വി​ന്റെ പൂർണ​ത​യുള്ള ശരീര​വും അവർ കഴിക്കാ​നി​രുന്ന പുളി​പ്പി​ല്ലാത്ത അപ്പവും ഒരേ സമയം അവരുടെ കൺമു​ന്നി​ലു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ അപ്പം യേശു​വി​ന്റെ ശരീര​മ​ല്ലെന്ന്‌ അവർക്കു മനസ്സി​ലാ​കു​മാ​യി​രു​ന്നു. ഇതേ ഗ്രീക്കു​പദം മത്ത 12:7-ലും കാണാം. അതിനെ പല ബൈബിൾപ​രി​ഭാ​ഷ​ക​ളും “അർഥം” എന്നാണു വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌.

അത്താഴം: സാധ്യ​ത​യ​നു​സ​രിച്ച്‌, കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തു​ന്ന​തി​നു മുമ്പ്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം കഴിച്ച പെസഹാ​ഭ​ക്ഷ​ണ​മാണ്‌ ഇത്‌. അക്കാലത്ത്‌ പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന വിധത്തിൽത്തന്നെ യേശു പെസഹ ആഘോ​ഷി​ച്ചു. ആ ആചരണ​ത്തി​ലേക്കു പുതു​താ​യി എന്തെങ്കി​ലും കൂട്ടി​ച്ചേർത്തു​കൊണ്ട്‌ അതിനു മാറ്റം വരുത്താ​നോ അതിനെ തടസ്സ​പ്പെ​ടു​ത്താ​നോ യേശു മുതിർന്നില്ല. അങ്ങനെ ജൂതനാ​യി ജനിക്കുന്ന ഒരാളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന രീതി​യിൽത്തന്നെ യേശു മോശ​യു​ടെ നിയമം അനുസ​രി​ച്ചു. എന്നാൽ ആ നിയമ​ത്തിൽ പറഞ്ഞി​ട്ടുള്ള പെസഹ ആചരി​ച്ചു​ക​ഴിഞ്ഞ സ്ഥിതിക്ക്‌, പുതി​യൊ​രു ആചരണ​ത്തി​നു തുടക്ക​മി​ടാൻ യേശു​വി​നു സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. പെസഹാ​ദി​ന​ത്തിൽത്തന്നെ സംഭവി​ക്കാ​നി​രി​ക്കുന്ന തന്റെ മരണത്തി​ന്റെ ഓർമ​യ്‌ക്കാ​യുള്ള ഒരു അത്താഴം യേശു അന്ന്‌ ഏർപ്പെ​ടു​ത്തി.

എന്റെ രക്തത്തിന്റെ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടി: യേശു ഈ സന്ദർഭ​ത്തിൽ ‘പുതിയ ഉടമ്പടി​യെ​ക്കു​റിച്ച്‌’ പറഞ്ഞതാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രൻ ലൂക്കോസ്‌ മാത്ര​മാണ്‌. ഇതു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ യിര 31:31 ആയിരി​ക്കാം. യഹോ​വ​യും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും തമ്മിലുള്ള പുതിയ ഉടമ്പടി​ക്കു സാധുത നൽകി​യതു യേശുവിന്റെ ബലിയാണ്‌. (എബ്ര 8:10) സീനായ്‌ പർവത​ത്തിന്‌ അടുത്തുവെച്ച്‌, ഇസ്രാ​യേ​ല്യ​രു​മാ​യുള്ള നിയമ ഉടമ്പടി നിലവിൽ വന്നപ്പോൾ അതിനു മധ്യസ്ഥ​നാ​യി​രുന്ന മോശ “ഉടമ്പടി,” “രക്തം” എന്നീ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗിച്ച രീതി​യി​ലാണ്‌ യേശു​വും ഇവിടെ ആ വാക്കുകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പുറ 24:8; എബ്ര 9:19-21) കാളക​ളു​ടെ​യും കോലാ​ടു​ക​ളു​ടെ​യും രക്തം, ദൈവ​വും ഇസ്രാ​യേൽ ജനതയും തമ്മിലുള്ള നിയമ ഉടമ്പടി​ക്കു സാധുത നൽകി​യ​തു​പോ​ലെ യേശുവിന്റെ രക്തം, ആത്മീയ ഇസ്രാ​യേ​ലു​മാ​യി യഹോവ ചെയ്യാ​നി​രുന്ന പുതിയ ഉടമ്പടി​ക്കു നിയമ​സാ​ധുത നൽകി. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​ലാണ്‌ ആ ഉടമ്പടി നിലവിൽ വന്നത്‌.​—എബ്ര 9:14, 15.

. . . ഉടമ്പടി​യു​ടെ പ്രതീ​ക​മാണ്‌: 19-ാം വാക്യ​ത്തി​ലെ “നിങ്ങൾക്കു​വേണ്ടി” എന്നു തുടങ്ങുന്ന ഭാഗം​മു​തൽ (“എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌” എന്ന ഭാഗം ഒഴികെ.) 20-ാം വാക്യ​ത്തി​ന്റെ അവസാ​നം​വരെ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണു​ന്നില്ല. എന്നാൽ ഈ ഭാഗങ്ങൾ ഉൾപ്പെ​ടു​ത്തു​ന്ന​തി​നെ ആധികാ​രി​ക​മായ പല പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പിന്താ​ങ്ങു​ന്നുണ്ട്‌.

എന്നാൽ ഇതാ, എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​വന്റെ കൈ എന്റെ അടുത്ത്‌ . . . ഉണ്ട്‌: 21-23 വാക്യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവങ്ങൾ, സാധ്യ​ത​യ​നു​സ​രിച്ച്‌ അത്‌ യഥാർഥ​ത്തിൽ നടന്ന ക്രമത്തി​ലല്ല കൊടു​ത്തി​രി​ക്കു​ന്നത്‌. യോഹ 13:21-30-നെ മത്ത 26:20-29-ഉം മർ 14:17-25-ഉം ആയി താരത​മ്യം ചെയ്‌താൽ യേശു കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തു​ന്ന​തി​നു മുമ്പേ യൂദാസ്‌ അവിടം വിട്ടെന്നു മനസ്സി​ലാ​ക്കാം. “എന്റെ പരീക്ഷ​ക​ളിൽ എന്റെകൂ​ടെ നിന്നവർ” എന്ന്‌ യേശു അവിടെ കൂടി​യി​രു​ന്ന​വരെ അഭിന​ന്ദി​ച്ച​പ്പോൾ യൂദാസ്‌ തീർച്ച​യാ​യും അവിടെ ഉണ്ടായി​രു​ന്നി​രി​ക്കില്ല. കാരണം യൂദാ​സി​നെ​പ്പറ്റി യേശു ഒരിക്ക​ലും അങ്ങനെ പറയി​ല്ലാ​യി​രു​ന്നു. ഇനി, യൂദാ​സി​നെ​യും​കൂ​ടെ ഉൾപ്പെ​ടു​ത്തി യേശു ‘രാജ്യ​ത്തി​നാ​യുള്ള ഉടമ്പടി’ ചെയ്യാ​നും സാധ്യ​ത​യില്ല.​—ലൂക്ക 22:28-30.

മനുഷ്യ​പു​ത്രൻ പോകു​ന്നു: “മനുഷ്യ​പു​ത്രൻ മരിക്കാൻപോ​കു​ന്നു” എന്ന കാര്യം കുറച്ചു​കൂ​ടെ മയപ്പെ​ടു​ത്തി പറയാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌ ഇതെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഡയകൊ​നെ​യോ എന്ന ഗ്രീക്കു​ക്രി​യ​യോ​ടു ബന്ധമുള്ള ഒരു ഗ്രീക്കു​നാ​മ​മാ​ണു ഡയാ​ക്കൊ​നൊസ്‌ (ശുശ്രൂ​ഷകൻ; സേവകൻ). മടുത്ത്‌ പിന്മാ​റാ​തെ മറ്റുള്ള​വർക്കു​വേണ്ടി താഴ്‌മ​യോ​ടെ സേവനം ചെയ്യു​ന്ന​വ​രെ​യാ​ണു ഡയാ​ക്കൊ​നൊസ്‌ എന്ന പദം കുറി​ക്കു​ന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഉൾപ്പെ​ടെ​യുള്ള ക്രിസ്‌തുവിന്റെ ശുശ്രൂ​ഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂ​ഷാ​ദാ​സ​ന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവ​രെ​യും വീട്ടു​ജോ​ലി​ക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാ​രി​കൾ (റോമ 13:4) എന്നിവ​രെ​യും കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “സേവനം ചെയ്യുന്ന.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഡയകൊ​നെ​യോ എന്ന ഗ്രീക്കു​ക്രി​യ​യോ​ടു ബന്ധമുള്ള ഒരു ഗ്രീക്കു​നാ​മ​മാ​ണു ഡയാ​ക്കൊ​നൊസ്‌ (ശുശ്രൂ​ഷകൻ; സേവകൻ). മടുത്ത്‌ പിന്മാ​റാ​തെ മറ്റുള്ള​വർക്കു​വേണ്ടി താഴ്‌മ​യോ​ടെ സേവനം ചെയ്യു​ന്ന​വ​രെ​യാ​ണു ഡയാ​ക്കൊ​നൊസ്‌ എന്ന പദം കുറി​ക്കു​ന്നത്‌. ഈ പദം ക്രിസ്‌തു (റോമ 15:8), സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഉൾപ്പെ​ടെ​യുള്ള ക്രിസ്‌തുവിന്റെ ശുശ്രൂ​ഷകർ അഥവാ സേവകർ (റോമ 16:1; 1കൊ 3:5-7; കൊലോ 1:23), ശുശ്രൂ​ഷാ​ദാ​സ​ന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവ​രെ​യും വീട്ടു​ജോ​ലി​ക്കാർ (യോഹ 2:5, 9), ഗവൺമെന്റ്‌ അധികാ​രി​കൾ (റോമ 13:4) എന്നിവ​രെ​യും കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

വിളമ്പി​ക്കൊ​ടു​ക്കുക: അഥവാ “ശുശ്രൂഷ ചെയ്യുക; സേവനം ചെയ്യുക.” ഡയകൊ​നെ​യോ എന്ന ഗ്രീക്കു​ക്രിയ ഈ വാക്യ​ത്തിൽ രണ്ടു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—ലൂക്ക 22:26-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി: ഇവിടെ “ഉടമ്പടി ചെയ്യുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്നതു ഡിയാ​റ്റി​ത്തേ​മായ്‌ എന്ന ഗ്രീക്കു​ക്രി​യ​യാണ്‌. ആ ക്രിയയിൽനിന്നാണ്‌ “ഉടമ്പടി” എന്ന്‌ അർഥമുള്ള ഡിയാ​ത്തേക്കേ എന്ന ഗ്രീക്കു​നാ​മം വന്നിരിക്കുന്നത്‌. പ്രവൃ 3:25; എബ്ര 8:10; 10:16 എന്നീ വാക്യ​ങ്ങ​ളു​ടെ ഗ്രീക്കു​പാ​ഠ​ത്തിൽ ഈ ക്രിയാ​പ​ദ​വും നാമപ​ദ​വും കാണാം. (കാരണം ആ വാക്യ​ങ്ങ​ളി​ലെ “ഉടമ്പടി ചെയ്യുക” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “ഉടമ്പടി ഉടമ്പടി​യാ​ക്കുക” എന്നാണ്‌.) ലൂക്ക 22:29-ൽ യേശു രണ്ട്‌ ഉടമ്പടി​ക​ളെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌. അതിൽ ഒരെണ്ണം യേശു​വും പിതാ​വും തമ്മിലുള്ള ഉടമ്പടി​യാണ്‌. രണ്ടാമ​ത്തേത്‌ യേശു​വും യേശു​വി​നോ​ടൊ​പ്പം ദൈവ​രാ​ജ്യ​ത്തിൽ ഭരിക്കാ​നുള്ള അഭിഷി​ക്താ​നു​ഗാ​മി​ക​ളും തമ്മിലു​ള്ള​താണ്‌.

എന്റെകൂ​ടെ ഇരുന്ന്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും: രണ്ടു പേർ ഒരുമി​ച്ചി​രുന്ന്‌ ഭക്ഷണം കഴിക്കു​ന്നത്‌ അവർ തമ്മിലുള്ള സൗഹൃ​ദ​ത്തെ​യും സമാധാ​ന​ത്തെ​യും ആണ്‌ സൂചി​പ്പി​ച്ചി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ പതിവാ​യി രാജാ​വി​ന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചി​രു​ന്നതു രാജാ​വി​ന്റെ പ്രത്യേ​ക​പ്രീ​തി​യു​ള്ള​വർക്കാണ്‌. അവർക്കു രാജാ​വു​മാ​യി വളരെ അടുത്ത ഒരു ബന്ധവും ഉണ്ടായി​രു​ന്നു. (1രാജ 2:7) തന്റെ വിശ്വ​സ്‌ത​ശി​ഷ്യ​ന്മാ​രും താനും തമ്മിൽ ഇങ്ങനെ​യൊ​രു ബന്ധമു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണു യേശു ഇവിടെ വാഗ്‌ദാ​നം ചെയ്‌തത്‌.​—ലൂക്ക 22:28-30; ലൂക്ക 13:29-ഉം വെളി 19:9-ഉം കൂടെ കാണുക.

തിരി​ഞ്ഞു​വ​ന്ന​ശേഷം: അഥവാ “തിരി​ച്ചു​വ​ര​വി​നു ശേഷം.” അമിത​മായ ആത്മവി​ശ്വാ​സ​വും മനുഷ്യ​ഭ​യ​വും ഒക്കെ കാരണം പത്രോസ്‌ വീണു​പോ​കു​മെ​ങ്കി​ലും അദ്ദേഹം ആ വീഴ്‌ച​യിൽനിന്ന്‌ കരകയ​റു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ഇവിടെ പറഞ്ഞത്‌.​—സുഭ 29:25 താരത​മ്യം ചെയ്യുക.

ഈ പാനപാത്രം എന്നിൽനിന്ന്‌ നീക്കേണമേ: ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “പാനപാത്രം” എന്ന പദം, മിക്കപ്പോഴും ആലങ്കാരികാർഥത്തിൽ ഒരാളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമിച്ചുകൊടുത്ത ഓഹരിയെ” ആണ്‌ സൂചിപ്പിക്കുന്നത്‌. (മത്ത 20:22–ന്റെ പഠനക്കുറിപ്പു കാണുക.) താൻ ദൈവനിന്ദകൻ, രാജ്യദ്രോഹി എന്നീ കുറ്റങ്ങളും വഹിച്ച്‌ മരിക്കേണ്ടിവന്നാൽ അതു ദൈവത്തിന്മേൽ വരുത്തിവെക്കുന്ന നിന്ദയെക്കുറിച്ച്‌ യേശുവിനു വലിയ ഉത്‌കണ്‌ഠയുണ്ടായിരുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടാണ്‌ “ഈ പാനപാത്രം” തന്നിൽനിന്ന്‌ നീക്കാൻ യേശു പ്രാർഥിച്ചത്‌.

ഈ പാനപാ​ത്രം എന്നിൽനിന്ന്‌ നീക്കേ​ണമേ: മർ 14:36-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒരു ദൂതൻ: സ്വർഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യ​ക്ഷ​പ്പെട്ട്‌ യേശു​വി​നെ ബലപ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച്‌ നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രിൽ ലൂക്കോസ്‌ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ.

യേശു​വി​ന്റെ വിയർപ്പു രക്തത്തു​ള്ളി​കൾപോ​ലെ​യാ​യി: ലൂക്കോസ്‌ ഇവിടെ ഒരു താരത​മ്യം ഉപയോ​ഗി​ച്ച​താ​കാം എന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. യേശു​വി​ന്റെ വിയർപ്പു​തു​ള്ളി​കൾ രക്തത്തു​ള്ളി​ക​ളു​ടെ രൂപത്തി​ലാ​യെ​ന്നോ ഒരു മുറി​വിൽനിന്ന്‌ രക്തത്തു​ള്ളി​കൾ ഇറ്റിറ്റു​വീ​ഴു​ന്ന​തു​പോ​ലെ യേശു​വി​ന്റെ വിയർപ്പു​തു​ള്ളി​കൾ ഇറ്റിറ്റു​വീ​ണെ​ന്നോ ആകാം ലൂക്കോസ്‌ ഉദ്ദേശി​ച്ച​തെന്ന്‌ അവർ കരുതു​ന്നു. എന്നാൽ യേശു​വി​ന്റെ ത്വക്കി​ലൂ​ടെ രക്തം പൊടിഞ്ഞ്‌ വിയർപ്പു​മാ​യി കലർന്ന​താ​കാ​മെ​ന്നാ​ണു മറ്റു ചിലരു​ടെ അഭി​പ്രാ​യം. കടുത്ത മാനസി​ക​സ​മ്മർദ​മു​ണ്ടായ ചിലരു​ടെ കാര്യ​ത്തിൽ ഇങ്ങനെ സംഭവി​ച്ചി​ട്ടു​ള്ള​താ​യി പറയ​പ്പെ​ടു​ന്നു. ഡയാ​പെ​ഡ​സിസ്‌ എന്ന അവസ്ഥയിൽ, രക്തമോ അതിന്റെ ഘടകങ്ങ​ളോ രക്തധമ​നി​കൾ പൊട്ടാ​തെ​തന്നെ അതിന്റെ ഭിത്തി​ക​ളി​ലൂ​ടെ പുറ​ത്തേക്കു വരാറുണ്ട്‌. ഇനി, ഹീമാ​റ്റി​ഡ്രോ​സിസ്‌ എന്ന അവസ്ഥയിൽ, രക്തമോ രക്തത്തിനു നിറം നൽകുന്ന പദാർഥ​മോ വിയർപ്പി​നോ​ടൊ​പ്പം പുറത്ത്‌ വരും. ചില​പ്പോൾ അത്തര​മൊ​രു അവസ്ഥയിൽ ശരീര​സ്ര​വ​ങ്ങ​ളും രക്തവു​മാ​യി കൂടി​ക്ക​ലർന്ന്‌ പുറ​ത്തെ​ത്താ​റുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഹീമാ​റ്റി​ഡ്രോ​സി​സി​നെ ‘രക്തം വിയർക്കുക’ എന്നും വിശേ​ഷി​പ്പി​ക്കു​ന്നു. എന്നാൽ ഇതെല്ലാം വെറും സാധ്യ​തകൾ മാത്ര​മാണ്‌. യേശു​വി​ന്റെ കാര്യ​ത്തിൽ കൃത്യ​മാ​യി എന്താണു സംഭവി​ച്ച​തെന്നു നമുക്ക്‌ അറിയില്ല.

. . . നിലത്ത്‌ വീണു: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ 43, 44 വാക്യങ്ങൾ കാണു​ന്നു​ണ്ടെ​ങ്കി​ലും മറ്റു ചിലതിൽ ആ ഭാഗം കാണു​ന്നില്ല. എന്നാൽ മിക്ക ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലും ഈ വാക്യങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

തൊട്ട്‌ സുഖ​പ്പെ​ടു​ത്തി: മഹാപു​രോ​ഹി​തന്റെ അടിമയെ യേശു സുഖ​പ്പെ​ടു​ത്തിയ കാര്യം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രിൽ ലൂക്കോസ്‌ മാത്ര​മാണ്‌.​—മത്ത 26:51; മർ 14:47; യോഹ 18:10.

സമയമാണ്‌: അക്ഷ. “മണിക്കൂ​റാണ്‌.” ഇവിടെ കാണുന്ന ഹോര എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “മണിക്കൂർ” എന്നാ​ണെ​ങ്കി​ലും ആ പദം ആലങ്കാ​രി​ക​മാ​യാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. താരത​മ്യേന ഹ്രസ്വ​മാ​യൊ​രു സമയം എന്ന അർഥമേ അതിന്‌ ഇവി​ടെ​യു​ള്ളൂ.

ഇരുട്ടു വാഴുന്ന സമയം: അഥവാ “ഇരുട്ടിന്‌ അധികാ​ര​മുള്ള സമയം.” അതായത്‌ ആത്മീയാ​ന്ധ​കാ​ര​ത്തിൽ കഴിയു​ന്ന​വർക്ക്‌ അധികാ​ര​മുള്ള സമയം. (കൊലോ 1:13 താരത​മ്യം ചെയ്യുക.) പ്രവൃ 26:18-ൽ അന്ധകാ​ര​ത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തു​തന്നെ ‘സാത്താന്റെ അധികാ​ര​ത്തെ​ക്കു​റി​ച്ചും’ പറയു​ന്നുണ്ട്‌. അന്ധകാ​ര​ത്തി​ന്റെ പ്രവൃ​ത്തി​കൾ ചെയ്യാൻ ചില മനുഷ്യ​രെ സ്വാധീ​നി​ച്ചു​കൊണ്ട്‌ സാത്താൻ തന്റെ ആ അധികാ​രം പ്രയോ​ഗി​ച്ചു; അതാകട്ടെ യേശു​വി​ന്റെ മരണത്തി​ലും കലാശി​ച്ചു. സാത്താൻ ഇത്തരത്തിൽ മനുഷ്യ​രെ സ്വാധീ​നി​ച്ച​തി​ന്റെ ഉദാഹ​ര​ണ​മാ​ണു ലൂക്ക 22:3-ൽ കാണു​ന്നത്‌. അവിടെ, ‘ഈസ്‌ക​ര്യോത്ത്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യൂദാ​സിൽ സാത്താൻ കടന്നതാ​യി’ നമ്മൾ വായി​ക്കു​ന്നു. ആ യൂദാ​സാ​ണു തുടർന്ന്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്തത്‌.​—ഉൽ 3:15; യോഹ 13:27-30.

നിന്നെ അടിച്ചത്‌ ആരാ​ണെന്നു . . . പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു പറഞ്ഞ​പ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, മറിച്ച്‌ യേശു​വി​നെ അടിച്ചത്‌ ആരാ​ണെന്ന്‌ ഒരു ദിവ്യ​വെ​ളി​പാ​ടി​ലൂ​ടെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നാണ്‌ അവർ ആവശ്യ​പ്പെ​ട്ടത്‌. മർ 14:65-ലെയും ലൂക്ക 22:64-ലെയും സമാന്ത​ര​വി​വ​ര​ണങ്ങൾ സൂചി​പ്പി​ക്കു​ന്നതു യേശു​വി​നെ ഉപദ്ര​വി​ച്ചവർ യേശു​വി​ന്റെ മുഖം മൂടി​യി​രു​ന്നു എന്നാണ്‌. അതു​കൊ​ണ്ടാ​യി​രി​ക്കാം അടിച്ചത്‌ ആരാ​ണെന്നു പറയാൻ ആവശ്യ​പ്പെട്ട്‌ അവർ യേശു​വി​നെ പരിഹ​സി​ച്ചത്‌.

പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു യേശു​വി​നോ​ടു പറഞ്ഞ​പ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത്‌ ആരാ​ണെന്നു ദിവ്യ​വെ​ളി​പാ​ടി​ലൂ​ടെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നാണ്‌ അവർ ആവശ്യ​പ്പെ​ട്ടത്‌. യേശു​വി​നെ ഉപദ്ര​വി​ച്ചവർ യേശുവിന്റെ മുഖം മൂടി​യി​രു​ന്നെന്ന്‌ ഈ വാക്യ​ത്തിൽ കാണു​ന്നുണ്ട്‌. ചുറ്റും നടക്കു​ന്ന​തൊ​ന്നും കാണാൻ പറ്റാത്ത​തു​കൊണ്ട്‌, തന്നെ അടിക്കു​ന്നത്‌ ആരാ​ണെന്നു കണ്ടുപി​ടി​ക്കാൻ അവർ യേശു​വി​നെ വെല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.​—മത്ത 26:68-ന്റെ പഠനക്കു​റി​പ്പുകാണുക.

പരമോ​ന്ന​ത​നീ​തി​പീ​ഠം: മഹാപു​രോ​ഹി​ത​നും മൂപ്പന്മാ​രിൽനി​ന്നും ശാസ്‌ത്രി​മാ​രിൽനി​ന്നും ഉള്ള 70 പേരും ചേർന്ന സൻഹെ​ദ്രി​നാ​യി​രു​ന്നു ഇത്‌. ഇതു പുറ​പ്പെ​ടു​വി​ക്കുന്ന വിധി അന്തിമ​തീ​രു​മാ​ന​മാ​യി​ട്ടാ​ണു ജൂതന്മാർ കണ്ടിരു​ന്നത്‌.​—പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.

മൂപ്പന്മാ​രു​ടെ സംഘം: അഥവാ “മൂപ്പന്മാ​രു​ടെ സമിതി.” ഇവിടെ കാണുന്ന പ്രെസ്‌ബൂ​റ്റെ​റി​യോൻ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ പ്രെസ്‌ബൂ​റ്റെ​റൊസ്‌ (അക്ഷ. “പ്രായ​മേ​റിയ പുരുഷൻ.”) എന്ന പദവു​മാ​യി ബന്ധമുണ്ട്‌. ബൈബി​ളിൽ പ്രെ​സ്‌ബൂ​റ്റെ​റൊസ്‌ പ്രധാ​ന​മാ​യും കുറിക്കുന്നത്‌, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാണ്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ഇവിടെ “മൂപ്പന്മാ​രു​ടെ സംഘം” എന്നു പറഞ്ഞി​രി​ക്കു​ന്നതു ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നെ​ക്കു​റി​ച്ചാണ്‌. യരുശ​ലേ​മിൽ സ്ഥിതി​ചെ​യ്‌തി​രുന്ന ആ കോടതി മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മൂപ്പന്മാ​രും ചേർന്ന​താ​യി​രു​ന്നു. ബൈബി​ളിൽ പലപ്പോ​ഴും ഈ മൂന്നു കൂട്ട​രെ​യും​കു​റിച്ച്‌ ഒന്നിച്ചാ​ണു പറഞ്ഞി​ട്ടു​ള്ളത്‌.​—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” എന്നതും ഈ വാക്യ​ത്തി​ലെ സൻഹെ​ദ്രിൻ ഹാൾ എന്നതിന്റെ പഠനക്കു​റി​പ്പും കാണുക.

സൻഹെ​ദ്രിൻ ഹാൾ: അഥവാ “സൻഹെ​ദ്രിൻ.” യരുശ​ലേ​മിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യാ​യി​രു​ന്നു സൻഹെ​ദ്രിൻ. “സൻഹെ​ദ്രിൻ ഹാൾ,” “സൻഹെ​ദ്രിൻ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേ​ദ്രി​ഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്‌. കൂടി​വ​രവ്‌ അല്ലെങ്കിൽ യോഗം എന്ന വിശാ​ല​മായ അർഥമുള്ള പദമാ​യി​രു​ന്നു ഇതെങ്കി​ലും ഇസ്രാ​യേ​ലിൽ അതിനു മതപര​മായ ന്യായാ​ധി​പ​സം​ഘത്തെ അഥവാ കോട​തി​യെ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു. ആ ഗ്രീക്കു​പ​ദ​ത്തി​നു സൻഹെ​ദ്രി​നി​ലെ ന്യായാ​ധി​പ​ന്മാ​രെ​യോ ആ കെട്ടി​ട​ത്തെ​യോ അതു സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലത്തെ​യോ കുറി​ക്കാ​നാ​കും.​—മത്ത 5:22-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” എന്നതും കാണുക; സൻഹെ​ദ്രിൻ ഹാൾ സ്ഥിതി​ചെ​യ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12-ഉം കാണുക.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

ശക്തനാ​യ​വ​ന്റെ വലതു​ഭാ​ഗം: അക്ഷ. “ശക്തിയുടെ വലതു​ഭാ​ഗം.” ഭരണാ​ധി​കാ​രി​യു​ടെ വലതു​ഭാ​ഗ​ത്താ​യി​രി​ക്കുക എന്നതിന്റെ അർഥം, ഭരണാ​ധി​കാ​രി കഴിഞ്ഞാൽ ഏറ്റവും പ്രധാ​ന​പ്പെട്ട സ്ഥാനം വഹിക്കുക എന്നാണ്‌. (സങ്ക 110:1; പ്രവൃ 7:55, 56) “ശക്തി” എന്നതി​നുള്ള ഗ്രീക്കു​പ​ദ​ത്തിന്‌ ഇവിടെ ദൈവത്തെ കുറി​ക്കാ​നാ​കും. അതു​കൊ​ണ്ടു​തന്നെ ആ പദത്തെ “ശക്തിയായവൻ” എന്നോ “ശക്തനായവൻ” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താം. ‘ശക്തിയുടെ വലതുഭാഗം’ എന്നതി​നുള്ള ഗ്രീക്കു​പ​ദ​പ്ര​യോ​ഗം സമാന്ത​ര​വി​വ​ര​ണ​മായ ലൂക്ക 22:69-ലും കാണാം. പക്ഷേ അവിടെ അതോ​ടൊ​പ്പം “ദൈവം” എന്നതി​നുള്ള വാക്കും കാണു​ന്നുണ്ട്‌. അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ‘ശക്തനായ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗം’ എന്നാണ്‌. ‘ശക്തനായവന്റെ വലതു​ഭാ​ഗം’ എന്ന പദപ്ര​യോ​ഗം മറ്റൊരു കാര്യ​വും സൂചി​പ്പി​ക്കു​ന്നു​ണ്ടാ​കാം. ‘ശക്തനായ’ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗ​ത്താ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ യേശു​വി​ലേക്കു ശക്തിയും അധികാ​ര​വും വന്നു​ചേ​രും എന്നതാണ്‌ അത്‌.

മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

ശക്തനായ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌: അഥവാ “ദൈവ​ത്തി​ന്റെ ശക്തിയു​ടെ വലതു​ഭാ​ഗം.” ഒരു ഭരണാ​ധി​കാ​രി​യു​ടെ വലതു​ഭാ​ഗ​ത്താ​യി​രി​ക്കുക എന്നതിന്റെ അർഥം, ഭരണാ​ധി​കാ​രി കഴിഞ്ഞാൽ ഏറ്റവും പ്രധാ​ന​പ്പെട്ട സ്ഥാനം വഹിക്കുക എന്നാണ്‌. (സങ്ക 110:1; പ്രവൃ 7:55, 56) ഈ വാക്യ​ത്തി​ലെ ‘ശക്തനായ (ദൈവ​ത്തി​ന്റെ) വലതു​ഭാ​ഗം’ എന്നതി​നുള്ള ഗ്രീക്കു​പ​ദ​പ്ര​യോ​ഗം സമാന്ത​ര​വി​വ​ര​ണ​ങ്ങ​ളായ മത്ത 26:64; മർ 14:62 എന്നിവി​ട​ങ്ങ​ളി​ലും കാണാം. ആ വാക്യ​ങ്ങ​ളിൽ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ‘ശക്തനാ​യ​വന്റെ വലതു​ഭാ​ഗം’ എന്നാണ്‌. മനുഷ്യ​പു​ത്രൻ ‘ശക്തനായ ദൈവത്തിന്റെ വലതു​ഭാ​ഗത്ത്‌’ ഇരിക്കു​ന്നു എന്ന പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌, യേശു​വി​ലേക്കു ശക്തിയും അധികാ​ര​വും വന്നു​ചേ​രും എന്നാണ്‌.​—മർ 14:62; മത്ത 26:64-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം

മുകളി​ലത്തെ മുറി
മുകളി​ലത്തെ മുറി

ഇസ്രാ​യേ​ലി​ലെ ചില വീടു​കൾക്കു രണ്ടാം​നി​ല​യു​ണ്ടാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അകത്തു​നി​ന്നോ പുറത്തു​നി​ന്നോ ഒരു ഏണി​വെ​ച്ചാണ്‌ അവി​ടേക്കു കയറി​യി​രു​ന്നത്‌. ചിലർ അതിനാ​യി വീടി​നു​ള്ളിൽ തടി​കൊ​ണ്ടുള്ള ഗോവ​ണി​പ്പ​ടി​കൾ പണിതി​രു​ന്നു. രണ്ടാം നിലയി​ലേക്കു പുറത്തു​കൂ​ടെ കൽപ്പടി​കൾ കെട്ടുന്ന രീതി​യും ഉണ്ടായി​രു​ന്നു. യേശു ശിഷ്യ​ന്മാ​രോ​ടൊ​പ്പം അവസാ​നത്തെ പെസഹ ആഘോ​ഷി​ച്ച​തും കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം തുടർന്നും ആചരി​ക്കാൻ നിർദേ​ശി​ച്ച​തും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള വിശാ​ല​മാ​യൊ​രു മേൽമു​റി​യിൽവെ​ച്ചാ​യി​രി​ക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ഏതാണ്ട്‌ 120 ശിഷ്യ​ന്മാ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന​പ്പോൾ അവർ സാധ്യ​ത​യ​നു​സ​രിച്ച്‌ യരുശ​ലേ​മി​ലെ ഒരു വീടിന്റെ മുകളി​ലത്തെ മുറി​യി​ലാ​യി​രു​ന്നു.—പ്രവൃ 1:15; 2:1-4.

സൻഹെ​ദ്രിൻ
സൻഹെ​ദ്രിൻ

മഹാസൻഹെ​ദ്രിൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യിൽ 71 അംഗങ്ങ​ളു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മി​ലാ​യി​രു​ന്നു അത്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” കാണുക.) അതിലെ ഇരിപ്പി​ടങ്ങൾ അർധവൃ​ത്താ​കൃ​തി​യിൽ, മൂന്നു നിരയാ​യി​ട്ടാ​ണു ക്രമീ​ക​രി​ച്ചി​രു​ന്നത്‌ എന്നു മിഷ്‌ന പറയുന്നു. കോട​തി​വി​ധി​കൾ രേഖ​പ്പെ​ടു​ത്താൻ രണ്ടു ശാസ്‌ത്രി​മാ​രും കാണും. ഒന്നാം നൂറ്റാ​ണ്ടി​ലെ സൻഹെ​ദ്രിൻ എന്നു ചിലർ കരുതുന്ന ഒരു കെട്ടി​ട​ത്തി​ന്റെ (യരുശ​ലേ​മിൽനിന്ന്‌ കണ്ടെടു​ത്തത്‌) വാസ്‌തു​ശൈലി അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്ര​ത്തി​ലെ ചില ഭാഗങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.—അനുബന്ധം ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.

1. മഹാപു​രോ​ഹി​തൻ

2. സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ

3. പ്രതി

4. ഗുമസ്‌തന്മാർ