വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യോഹ​ന്നാൻ 15:13—“ജീവനെ കൊടു​ക്കു​ന്ന​തി​ലും അധിക​മുള്ള സ്‌നേഹം ആർക്കും ഇല്ല”

യോഹ​ന്നാൻ 15:13—“ജീവനെ കൊടു​ക്കു​ന്ന​തി​ലും അധിക​മുള്ള സ്‌നേഹം ആർക്കും ഇല്ല”

 “സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല.”—യോഹ​ന്നാൻ 15:13, പുതിയ ലോക ഭാഷാ​ന്തരം.

 “സ്‌നേ​ഹി​ത​ന്മാർക്ക്‌ വേണ്ടി ജീവനെ കൊടു​ക്കു​ന്ന​തി​ലും അധിക​മുള്ള സ്‌നേഹം ആർക്കും ഇല്ല.”—യോഹ​ന്നാൻ 15:13, സത്യ​വേ​ദ​പു​സ്‌തകം.

യോഹ​ന്നാൻ 15:13-ന്റെ അർഥം

 സ്വന്തം ജീവൻ കൊടു​ക്കാൻപോ​ലും തോന്നു​ന്നത്ര സ്‌നേഹം പരസ്‌പരം ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു.

 ഇക്കാര്യം പറയു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ഇതാണ്‌ എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.” (യോഹ​ന്നാൻ 15:12) യേശു എങ്ങനെ​യുള്ള സ്‌നേ​ഹ​മാ​യി​രു​ന്നു അവരോ​ടു കാണി​ച്ചത്‌? ഒട്ടും സ്വാർഥ​ത​യി​ല്ലാത്ത, സ്വയം ത്യജി​ക്കാൻപോ​ലും തയ്യാറായ സ്‌നേഹം. ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ തന്റെ ആവശ്യ​ങ്ങൾക്കല്ല അനുഗാ​മി​ക​ളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ആവശ്യ​ങ്ങൾക്കാണ്‌ യേശു പ്രാധാ​ന്യം കൊടു​ത്തത്‌. യേശു ആളുക​ളു​ടെ രോഗങ്ങൾ സുഖ​പ്പെ​ടു​ത്തി, അവരെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചു. a മറ്റുള്ള​വർക്കു​വേണ്ടി എളിയ കാര്യ​ങ്ങൾപ്പോ​ലും ചെയ്യാൻ തയ്യാറാ​യി. (മത്തായി 9:35; ലൂക്കോസ്‌ 22:27; യോഹ​ന്നാൻ 13:3-5) എന്നാൽ യോഹ​ന്നാൻ 15:13-ൽ, യേശു ഇതി​നെ​ക്കാ​ളെ​ല്ലാം വലി​യൊ​രു സ്‌നേ​ഹ​പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചാണ്‌ പറഞ്ഞത്‌. ശരിക്കും പറഞ്ഞാൽ, ഇതു പറഞ്ഞ്‌ മണിക്കൂ​റു​കൾ കഴിഞ്ഞ​പ്പോ​ഴേ​ക്കും ആ മഹത്തായ സ്‌നേ​ഹ​പ്ര​വൃ​ത്തി എന്താ​ണെന്ന്‌ യേശു​തന്നെ കാണി​ച്ചു​തന്നു. ‘അനേകർക്കുവേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാൻ’ യേശു മനസ്സോ​ടെ തയ്യാറാ​യി. (മത്തായി 20:28; 22:39) ഈ അസാധാ​രണ പ്രവൃ​ത്തി​യി​ലൂ​ടെ യേശു തന്നെക്കാ​ളും മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ കാണിച്ചു.

 യേശു മനുഷ്യ​കു​ടും​ബത്തെ സ്‌നേ​ഹി​ക്കു​ന്നു. എന്നാൽ താൻ പഠിപ്പിച്ച കാര്യങ്ങൾ അനുസ​രി​ക്കു​ന്ന​വ​രോട്‌ യേശു​വി​നു കൂടുതൽ സ്‌നേ​ഹ​മുണ്ട്‌. അങ്ങനെ താൻ പറഞ്ഞ കാര്യങ്ങൾ അനുസ​രി​ക്കു​ക​യും പരീക്ഷ​ണ​ങ്ങ​ളിൽ തന്റെ കൂടെ നിൽക്കു​ക​യും ചെയ്‌ത ശിഷ്യ​ന്മാ​രെ അടുത്ത കൂട്ടു​കാ​രാ​യാണ്‌ യേശു കണ്ടത്‌. (ലൂക്കോസ്‌ 22:28; യോഹ​ന്നാൻ 15:14, 15) ഇത്‌ അവർക്കു​വേണ്ടി ജീവൻ നൽകാൻ യേശു​വി​നെ കൂടുതൽ പ്രേരി​പ്പി​ച്ചു.

 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ യേശു പറഞ്ഞത​നു​സ​രിച്ച്‌ ജീവിച്ചു. പരസ്‌പരം ജീവൻ കൊടു​ക്കാൻപോ​ലും അവർ തയ്യാറാ​യി​രു​ന്നു. (1 യോഹ​ന്നാൻ 3:16) ശരിക്കും യേശു കാണിച്ച സ്‌നേഹം, ഒട്ടും സ്വാർഥ​ത​യി​ല്ലാത്ത ആ സ്‌നേഹം, പിൽക്കാ​ല​ത്തും യഥാർഥ ക്രിസ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന പ്രധാന അടയാ​ള​മാ​കു​മാ​യി​രു​ന്നു.—യോഹ​ന്നാൻ 13:34, 35.

യോഹ​ന്നാൻ 15:13-ന്റെ സന്ദർഭം

 യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലെ 13 മുതൽ 17 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, യേശു തന്റെ വിശ്വ​സ്‌ത​രായ 11 അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറയുന്ന അവസാ​ന​വാ​ക്കു​ക​ളും അവരോ​ടൊ​പ്പ​മുള്ള അവസാ​ന​പ്രാർഥ​ന​യും ആണ്‌. യേശു മരിക്കു​ന്ന​തി​നു മണിക്കൂ​റു​കൾക്കു മുമ്പാണ്‌ ഇക്കാര്യ​ങ്ങൾ പറഞ്ഞത്‌. 15-ാം അധ്യാ​യ​ത്തിൽ യേശു ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. തന്റെ അനുഗാ​മി​ക​ളാ​യി​രി​ക്ക​ണ​മെ​ങ്കിൽ എപ്പോ​ഴും തന്നോടു യോജി​പ്പി​ലാ​യി​രി​ക്ക​ണ​മെന്നു വ്യക്തമാ​ക്കുന്ന ഒരു ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു അത്‌. അതിൽ യേശു ശിഷ്യ​ന്മാ​രെ താരത​മ്യ​പ്പെ​ടു​ത്തി​യത്‌ ഒരു മുന്തി​രി​ച്ചെ​ടി​യി​ലെ ഫലം കായ്‌ക്കുന്ന ശാഖക​ളോ​ടാണ്‌. നിങ്ങൾ ‘ധാരാളം ഫലം കായ്‌ക്ക​ണ​മെന്ന്‌’ യേശു അവരോ​ടു പറഞ്ഞു. (യോഹ​ന്നാൻ 15:1-5, 8) ഫലം കായ്‌ക്കു​ന്ന​തി​നുള്ള ഒരു വിധം സ്വയം ത്യജി​ച്ചു​കൊ​ണ്ടുള്ള സ്‌നേഹം മറ്റുള്ള​വ​രോ​ടു കാണി​ക്കു​ന്ന​താണ്‌. ആ സ്‌നേ​ഹ​ത്തിൽ യേശു ചെയ്‌ത​തു​പോ​ലെ ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തും’ ഉൾപ്പെ​ടും.—ലൂക്കോസ്‌ 4:43; യോഹ​ന്നാൻ 15:10, 17.

 യോഹ​ന്നാ​ന്റെ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a സ്വർഗത്തിലെ ഒരു ഗവൺമെ​ന്റാണ്‌ ദൈവ​രാ​ജ്യം. ദൈവം ആ രാജ്യം സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌ ഭൂമിയെ ഭരിക്കാ​നും ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പി​ലാ​ക്കാ​നും ആണ്‌. (ദാനി​യേൽ 2:44; മത്തായി 6:9, 10) കൂടുതൽ വിവരങ്ങൾ അറിയാൻ “എന്താണ്‌ ദൈവ​രാ​ജ്യം?” എന്ന ലേഖനം വായി​ക്കുക.