വിവരങ്ങള്‍ കാണിക്കുക

യേശു​വി​ന്റെ യാഗം എങ്ങനെ​യാണ്‌ ‘അനേകർക്കു​വേ​ണ്ടി ഒരു മോചനവില’ ആകുന്നത്‌?

യേശു​വി​ന്റെ യാഗം എങ്ങനെ​യാണ്‌ ‘അനേകർക്കു​വേ​ണ്ടി ഒരു മോചനവില’ ആകുന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 മനുഷ്യ​വർഗ​ത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിടു​വി​ക്കാ​നോ അല്ലെങ്കിൽ രക്ഷിക്കാ​നോ ഉള്ള ദൈവ​ത്തി​ന്റെ ഉപാധി​യാണ്‌ യേശു​വി​ന്റെ യാഗം. യേശു​വിന്റെ ചൊരി​യ​പ്പെട്ട രക്തത്തെ ഒരു മോചനവിലയെന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. (എഫെസ്യർ 1:7; 1 പത്രോസ്‌ 1:18, 19) ‘അനേകർക്കു​വേ​ണ്ടി തന്റെ ജീവൻ മോചനവില​യാ​യി കൊടു​ക്കാനാണ്‌’ താൻ വന്നതെന്ന്‌ യേശു പറഞ്ഞു.—മത്തായി 20:28.

‘അനേകർക്കു​വേ​ണ്ടി ഒരു മോചനവില’ ആവശ്യ​മാ​യി വന്നത്‌ എന്തു​കൊണ്ട്‌?

 ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നെ ദൈവം പൂർണ​നാ​യി​ട്ടാണ്‌ അല്ലെങ്കിൽ പാപര​ഹി​ത​നാ​യി​ട്ടാണ്‌ സൃഷ്ടി​ച്ചത്‌. ആദാമിന്‌ എന്നേക്കും ജീവി​ക്കാ​നു​ള്ള പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ച്ച​തു​മൂ​ലം ആദാം അത്‌ നഷ്ടപ്പെ​ടു​ത്തി. (ഉൽപത്തി 3:17-19) അവന്‌ കുട്ടികൾ ജനിച്ച​പ്പോൾ ആ പാപത്തെ അവരി​ലേക്ക്‌ കൈമാ​റി. (റോമർ 5:12) ഇക്കാര​ണ​ത്താ​ലാണ്‌, ആദാം തന്നെയും തന്റെ കുട്ടി​ക​ളെ​യും പാപത്തിന്റെ​യും മരണത്തിന്റെ​യും അടിമ​ത്ത​ത്തി​ലേക്ക്‌ ‘വിറ്റു’ എന്ന്‌ ബൈബിൾ പറയു​ന്നത്‌. (റോമർ 7:14) അങ്ങനെ, നമ്മൾ എല്ലാവ​രും അപൂർണ​രാ​യി​ത്തീർന്ന​തി​നാൽ ആദാം നഷ്ടപ്പെ​ടു​ത്തി​യത്‌ തിരി​ച്ചു​നൽകാൻ ആർക്കും കഴിയു​മാ​യി​രു​ന്നി​ല്ല.—സങ്കീർത്ത​നം 49:7, 8.

 നിസ്സഹാ​യാ​വ​സ്ഥ​യി​ലാ​യി​രി​ക്കുന്ന ആദാമി​ന്റെ സന്തതി​ക​ളോട്‌ ദൈവ​ത്തിന്‌ ദയ തോന്നി. (യോഹന്നാൻ 3:16) എന്നിരി​ക്കി​ലും, ദൈവ​ത്തിന്റെ നീതി​യു​ടെ നിലവാ​രം ഉന്നതമാ​യ​തി​നാൽ അവരുടെ പാപങ്ങൾക്കു നേരെ കണ്ണടയ്‌ക്കാ​നോ സാധു​വാ​യ ഒരു അടിസ്ഥാ​ന​മി​ല്ലാ​തെ അവരോട്‌ ക്ഷമിക്കാ​നോ ദൈവ​ത്തി​നു സാധി​ക്കു​മാ​യി​രു​ന്നില്ല. (സങ്കീർത്തനം 89:14; റോമർ 3:23-26) കൂടാതെ, ദൈവം മനുഷ്യ​വർഗ​ത്തെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ അവരുടെ പാപങ്ങൾ കേവലം ക്ഷമിക്കുക മാത്രമല്ല അത്‌ എന്നേക്കു​മാ​യി തുടച്ചു​നീ​ക്കു​ന്ന​തിന്‌ നിയമാ​നു​സൃ​ത​മാ​യ ഒരു അടിസ്ഥാ​നം നൽകു​ക​യും ചെയ്‌തു. (റോമർ 5:6-8)മോചനവില​യാണ്‌ നിയമാ​നു​സൃ​ത​മാ​യ ആ അടിസ്ഥാ​നം.

മോചനവില നമ്മളെ മോചിപ്പിക്കുന്നത്‌ എങ്ങനെ?

 ബൈബി​ളിൽ പറഞ്ഞി​ട്ടു​ള്ള “മോചനവില” എന്ന പദത്തിൽ മൂന്ന്‌ കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌:

  1.   ഒരു തുക അടയ്‌ക്കണം.സംഖ്യ 3:46, 47.

  2.   വീണ്ടെടുപ്പ്‌ അഥവാ മോചനം നടക്കണം.—പുറപ്പാട്‌ 21:30.

  3.   ആ തുക, വീണ്ടെ​ടു​ക്കാൻപോ​കുന്ന സംഗതിക്ക്‌ തത്തുല്യമായിരിക്കണം. a

 മേൽപ്പറഞ്ഞ ഘടകങ്ങൾ യേശു​ക്രിസ്‌തു​വിന്റെ മോചനവിലയുമാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ കാണുക.

  1.   തുക അടയ്‌ക്കു​ന്നത്‌. ക്രിസ്‌ത്യാ​നി​കളെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌, അവരെ “വില കൊടുത്ത്‌ വാങ്ങിയതാണ്‌” എന്നാണ്‌.(1 കൊരി​ന്ത്യർ 6:20; 7:23) ആ വില, യേശു​വിന്റെ രക്തമാണ്‌. അത്‌ ഉപയോ​ഗിച്ച്‌ യേശു “എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും നിന്നു​ള്ള​ ആളുകളെ ദൈവ​ത്തിനുവേണ്ടി വിലയ്‌ക്കു​വാ​ങ്ങി.”—വെളി​പാട്‌ 5:8, 9.

  2.   മോചനം. യേശു​വിന്റെ യാഗം അഥവാ ‘മോചനവില’ പാപത്തിൽനിന്നുള്ള ‘വിടുതൽ’ തരും.—1 കൊരി​ന്ത്യർ 1:30; കൊ​ലോ​സ്യർ 1:14; എബ്രായർ 9:15.

  3.   തത്തുല്യ​മാ​യ വില. യേശു​വിന്റെ യാഗം, ആദാം നഷ്ടപ്പെ​ടു​ത്തി​യ​തി​നോട്‌ എല്ലാ അർഥത്തി​ലും തുല്യ​മാണ്‌. അതായത്‌, ഒരു പൂർണ​മ​നു​ഷ്യ​ജീ​വൻ. (1 കൊരി​ന്ത്യർ 15:21, 22, 45, 46) ബൈബിൾ പറയു​ന്നത്‌, “ഒറ്റ മനു​ഷ്യ​ന്റെ (ആദാമി​ന്റെ) അനുസ​ര​ണ​ക്കേ​ടുകൊണ്ട്‌ അനേകർ പാപികളായതുപോലെ ഒറ്റ വ്യക്തിയുടെ (യേശു​ക്രിസ്‌തു​വിന്റെ) അനുസ​ര​ണംകൊണ്ട്‌ അനേകർ നീതി​മാ​ന്മാ​രാ​യിത്തീരും” എന്നാണ്‌. (റോമർ 5:19) ഒരു മനുഷ്യ​ന്റെ മരണം അനേകം പാപി​ക​ളെ വീണ്ടെ​ടു​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ തിരു​വെ​ഴുത്ത്‌, വിശദീ​ക​രി​ക്കു​ന്നു. ശരിക്കും പറഞ്ഞാൽ മോചനവിലയിൽനിന്ന്‌ പ്രയോ​ജ​നം നേടാൻ വേണ്ട നടപടി​കൾ സ്വീക​രി​ക്കു​ന്ന​ “എല്ലാവർക്കും” യേശു​വിന്റെ യാഗം ‘തത്തുല്യമായ ഒരു മോചനവിലയാണ്‌.’—1 തിമൊ​ഥെ​യൊസ്‌ 2:5, 6.

a ബൈബി​ളിൽ “മോചനവില” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലപ​ദ​ത്തിന്‌ വീണ്ടെ​ടു​പ്പി​നാ​യി കൊടു​ക്കു​ന്ന തുക​യെ​യോ, മൂല്യ​മേ​റി​യ വസ്‌തു​ക്ക​ളെ​യോ അർഥമാ​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, കാഫർ എന്ന എബ്രായ ക്രിയാ​പ​ദ​ത്തിന്‌ ‘തേച്ച്‌ മറയ്‌ക്കു​ക,’ ‘മൂടുക’ എന്നൊ​ക്കെ​യാണ്‌ അർഥം. (ഉൽപത്തി 6:15) ഈ വാക്ക്‌ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്‌ പാപത്തെ മറയ്‌ക്കു​ക എന്ന അർഥത്തിലാണ്‌. (സങ്കീർത്തനം 65:3) ഇതി​നോട്‌ ബന്ധമുള്ള കോഫർ എന്ന നാമം കുറിക്കുന്നത്‌ മറയ്‌ക്കാനായി (അഥവാ, വീണ്ടെടുക്കാനായി)കൊടുക്കുന്ന വില​യെയാണ്‌.(പുറപ്പാട്‌ 21:30) “മോചനവില” എന്നു സാധാ​ര​ണ​യാ​യി പരിഭാ​ഷ​പ്പെ​ടു​ത്താറുള്ള ഗ്രീക്കു​പ​ദ​മാ​യ ലി​ട്രോ​ണിനും ഇതുപോലൊരു അർഥമാണുള്ളത്‌. അതിനെയും “വീണ്ടെ​ടു​പ്പു​വി​ല” എന്നു പരിഭാ​ഷ​പ്പെ​ടുത്താം. (മത്തായി 20:28, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്ത​രം) ഒരു യുദ്ധത്ത​ട​വു​കാ​ര​നെ​യോ അടിമ​യെ​യോ മോചി​പ്പി​ക്കു​ന്ന​തി​നാ​യി കൊടു​ക്കു​ന്ന തുകയെ പരാമർശി​ക്കാൻ ഗ്രീക്ക്‌ എഴുത്തു​കാർ ഈ പദം ഉപയോ​ഗിച്ചിട്ടുണ്ട്‌.