വിവരങ്ങള്‍ കാണിക്കുക

“യേശുവിൽ വിശ്വസിക്കുക”​—രക്ഷ നേടാൻ യേശുവിലുള്ള വിശ്വാസം മാത്രം മതിയോ?

“യേശുവിൽ വിശ്വസിക്കുക”​—രക്ഷ നേടാൻ യേശുവിലുള്ള വിശ്വാസം മാത്രം മതിയോ?

ബൈബിളിന്റെ ഉത്തരം

 മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ്‌ യേശു മരിച്ചത്‌ എന്നു ക്രിസ്‌ത്യാനികൾ വിശ്വസിക്കുന്നു. (1 പത്രോസ്‌ 3:18) എന്നാൽ രക്ഷ നേടുന്നതിന്‌ യേശുവിനെ ഒരു രക്ഷകനായി വിശ്വസിച്ചാൽ മാത്രം പോരാ. ഭൂതങ്ങൾപോലും യേശു ദൈവപുത്രനാണെന്ന്‌ വിശ്വസിച്ചിരുന്നു. പക്ഷേ അവരെ കാത്തിരിക്കുന്നതു രക്ഷയല്ല, നാശമാണ്‌.—ലൂക്കോസ്‌ 4:41; യൂദ 6.

 രക്ഷ നേടുന്നതിനു ഞാൻ എന്തു ചെയ്യണം?

  •   നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു തന്റെ ജീവൻ ബലിയായി നൽകിയെന്നു നമ്മൾ വിശ്വസിക്കണം. (പ്രവൃത്തികൾ 16:30, 31; 1 യോഹന്നാൻ 2:2) യേശു ഒരു യഥാർഥ വ്യക്തിയായിരുന്നെന്നും യേശുവിനെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്നും വിശ്വസിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു.

  •   ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു വ്യക്തമായി മനസ്സിലാക്കുക. (2 തിമൊഥെയൊസ്‌ 3:15) ‘കർത്താവായ യേശുവിൽ വിശ്വസിക്കുക താങ്കൾക്ക്‌ രക്ഷ ലഭിക്കുമെന്ന്‌’ അപ്പോസ്‌തലനായ പൗലോസും ശീലാസും ജയിലധികാരിയോടു പറഞ്ഞതായി ബൈബിളിൽ പറയുന്നു. അതിനുശേഷം അവർ “യഹോവയുടെ വചനം” a അദ്ദേഹത്തെ പഠിപ്പിച്ചു. (പ്രവൃത്തികൾ 16:31, 32) ഇതു കാണിക്കുന്നത്‌ ദൈവവചനത്തിന്റെ അടിസ്ഥാന അറിവു നേടാതെ ആ ജയിലധികാരിക്ക്‌ യേശുവിൽ വിശ്വസിക്കാൻ കഴിയില്ലായിരുന്നെന്നാണ്‌. അതുകൊണ്ട്‌ തിരുവെഴുത്തുകളിൽനിന്നുള്ള ശരിയായ അറിവ്‌ അദ്ദേഹം നേടണമായിരുന്നു.—1 തിമൊഥെയൊസ്‌ 2:3, 4.

  •   മാനസാന്തരപ്പെടുക. (പ്രവൃത്തികൾ 3:19) ഒരുപക്ഷേ മുൻകാലങ്ങളിൽ നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കിൽ തെറ്റായ ഒരു ചിന്താഗതി നിങ്ങൾക്ക്‌ ഉണ്ടായിരുന്നിരിക്കാം. എങ്കിൽ ആ കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിച്ച്‌, മാനസാന്തരപ്പെടേണ്ടതുണ്ട്‌. ദൈവം വെറുക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കി ‘മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ’ നിങ്ങൾ യഥാർഥത്തിൽ മാനസാന്തരപ്പെട്ടു എന്ന്‌ മറ്റുള്ളവർക്ക്‌ വ്യക്തമായിരിക്കും.—പ്രവൃത്തികൾ 26:20.

  •   സ്‌നാനപ്പെടുക. (മത്തായി 28:19) തന്റെ ഒരു ശിഷ്യനായിത്തീരുന്നതിന്‌ ഒരു വ്യക്തി സ്‌നാനമേൽക്കണമെന്ന്‌ യേശു പറഞ്ഞു. നേരത്തെ പറഞ്ഞ ജയിലധികാരി അത്തരത്തിൽ സ്‌നാനമേറ്റു. (പ്രവൃത്തികൾ 16:33) അതുപോലെ അപ്പോസ്‌തലനായ പത്രോസ്‌ ഒരു വലിയ ജനക്കൂട്ടത്തെ, യേശുവിനെക്കുറിച്ച്‌ പഠിപ്പിച്ചപ്പോൾ “പത്രോസിന്റെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചവർ സ്‌നാനമേറ്റു” എന്ന്‌ ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 2:40, 41.

  •   യേശുവിന്റെ കല്‌പനകൾ അനുസരിക്കുക. (എബ്രായർ 5:9) “യേശു കല്‌പിച്ചതെല്ലാം” അനുസരിക്കുന്നവർ തങ്ങൾ യേശുവിന്റെ അനുഗാമികളാണെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയായിരിക്കും. (മത്തായി 28:20) അവർ ‘ദൈവവചനം കേൾക്കുന്നവർ മാത്രമല്ല അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരും’ ആയിരിക്കും.—യാക്കോബ്‌ 1:22.

  •   അവസാനത്തോളം സഹിച്ചുനിൽക്കുക. (മർക്കോസ്‌ 13:13) രക്ഷ നേടുന്നതിന്‌ യേശുവിന്റെ ശിഷ്യന്മാർക്ക്‌ “സഹനശക്തി വേണം.” (എബ്രായർ 10:36) ഉദാഹരണത്തിന്‌, സഹനശക്തിയുടെ കാര്യത്തിൽ അപ്പോസ്‌തലനായ പൗലോസ്‌ നല്ലൊരു മാതൃകയായിരുന്നു. ക്രിസ്‌ത്യാനിയായ അന്നുമുതൽ മരിക്കുന്ന ദിവസംവരെ അദ്ദേഹം യേശുവിന്റെ ഉപദേശം അതേപടി അനുസരിക്കുന്നതിലും ദൈവത്തോട്‌ വിശ്വസ്‌തനായിരിക്കുന്നതിലും മടുത്തുപോയില്ല.—1 കൊരിന്ത്യർ 9:27.

 ‘പാപികളുടെ പ്രാർഥനയുടെ’ കാര്യമോ?

 ചില മതങ്ങളിൽപ്പെട്ട ആളുകൾ ‘പാപികളുടെ പ്രാർഥന’ ‘രക്ഷയ്‌ക്കായുള്ള പ്രാർഥന’ എന്നിവപോലുള്ള ചില പ്രത്യേകതരം പ്രാർഥനകൾ ചൊല്ലാറുണ്ട്‌. അങ്ങനെ ചെയ്യുന്നതിലൂടെ അവർ പാപികളാണെന്ന്‌ അംഗീകരിക്കുകയും അവരുടെ പാപങ്ങൾക്കുവേണ്ടിയാണ്‌ യേശു മരിച്ചതെന്ന വിശ്വാസം പ്രകടമാക്കുകയും ആണ്‌ ചെയ്യുന്നത്‌. അതോടൊപ്പം യേശുവിനോട്‌ അവരുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും കടന്നുവരേണമേ എന്ന്‌ യാചിക്കുകയും ആണ്‌. എന്നാൽ വെറും ഒരു ചടങ്ങുപോലയുള്ള ഇത്തരം പ്രാർഥനകളെക്കുറിച്ച്‌ ബൈബിൾ പറയുന്നുമില്ല അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല.

 ‘പാപികളുടെ പ്രാർഥന’ വീണ്ടുംവീണ്ടും ചൊല്ലിയാൽ അവർക്കു നിത്യരക്ഷ കിട്ടുമെന്നാണ്‌ ചില ആളുകൾ വിശ്വസിക്കുന്നത്‌. എന്നാൽ പ്രാർഥിച്ചതുകൊണ്ടു മാത്രം നിത്യരക്ഷ കിട്ടണമെന്ന്‌ യാതൊരു നിർബന്ധവുമില്ല. നമ്മൾ അപൂർണരായതുകൊണ്ട്‌ നമുക്കു പലപ്പോഴും തെറ്റുകൾ പറ്റുന്നു. (1 യോഹന്നാൻ 1:8) അതുകൊണ്ടാണ്‌ തന്റെ ശിഷ്യന്മാരോട്‌ പാപങ്ങളുടെ ക്ഷമയ്‌ക്കുവേണ്ടി കൂടെക്കൂടെ പ്രാർഥിക്കാൻ യേശു പറഞ്ഞത്‌. (ലൂക്കോസ്‌ 11:2, 4) നിത്യം ജീവിക്കാൻ അവസരമുണ്ടായിരുന്ന ചില ക്രിസ്‌ത്യാനികൾക്കുപോലും ദൈവത്തെ സേവിക്കുന്നത്‌ നിറുത്തിയതുകൊണ്ട്‌ അവർക്ക്‌ ആ അവസരം നഷ്ടപ്പെട്ടു.—എബ്രായർ 6:4-6; 2 പത്രോസ്‌ 2:20, 21.

 ‘പാപികളുടെ പ്രാർഥനയുടെ’ ഉത്ഭവം എങ്ങനെയാണ്‌?

 ‘പാപികളുടെ പ്രാർഥനയുടെ’ ഉത്ഭവത്തെക്കുറിച്ച്‌ ചരിത്രകാരന്മാർക്കിടയിൽപോലും ചില വിയോജിപ്പുകളുണ്ട്‌. പ്രോട്ടസ്റ്റന്റ്‌ നവീകരണകാലത്താണ്‌ ഇങ്ങനെയൊരു പാരമ്പര്യം നിലവിൽ വന്നതെന്ന്‌ ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ വിശ്വസിക്കുന്നത്‌, 18, 19 നൂറ്റാണ്ടുകളിലെ മതപരിഷ്‌കാരത്തിന്റെ ഭാഗമായി നിലവിൽവന്നതാണ്‌ പാപികളുടെ പ്രാർഥന എന്നാണ്‌. എന്തുതന്നെയായാലും ഇത്തരം നടപടികൾ തിരുവെഴുത്തുകൾക്കു ചേർച്ചയിലുള്ളതല്ല, ബൈബിൾപഠിപ്പിക്കലുകൾക്ക്‌ നേർവിപരീതവും ആണ്‌.

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ ബൈബിൾ പറയുന്നു.