വിവരങ്ങള്‍ കാണിക്കുക

കുറ്റ​ബോ​ധ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ എന്നെ സഹായി​ക്കു​മോ?

കുറ്റ​ബോ​ധ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ എന്നെ സഹായി​ക്കു​മോ?

ബൈബി​ളി​ന്റെ ഉത്തരം

 സഹായി​ക്കും. കുറ്റ​ബോ​ധ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ എന്തു ചെയ്യണ​മെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (സങ്കീർത്തനം 32:1-5) ചെയ്‌തു​പോയ ഒരു തെറ്റി​നെ​പ്പറ്റി നമുക്കു ശരിക്കും വിഷമം തോന്നു​ന്നു​ണ്ടെ​ങ്കിൽ ദൈവം നമ്മളോ​ടു ക്ഷമിക്കും; ആ വിഷമ​ത്തിൽനിന്ന്‌ കരകയ​റാൻ സഹായി​ക്കും. (സങ്കീർത്തനം 86:5) കുറ്റ​ബോ​ധ​മു​ള്ളത്‌ ഒരു കണക്കിനു നല്ലതാ​ണെന്നു ബൈബിൾ പറയുന്നു. കാരണം കുറ്റ​ബോ​ധം തോന്നു​മ്പോൾ നമ്മൾ ആ തെറ്റു തിരു​ത്തും, അതു വീണ്ടും ചെയ്യാ​തി​രി​ക്കാൻ ശരിക്കും ശ്രമി​ക്കും. (സങ്കീർത്തനം 51:17; സുഭാ​ഷി​തങ്ങൾ 14:9) എന്നാലും അമിത​മായ കുറ്റ​ബോ​ധം നമുക്കു നല്ലത​ല്ലെ​ന്നും ബൈബിൾ പറയുന്നു. ദൈവ​ത്തി​നു നമ്മളെ ഇനി ഒരിക്ക​ലും സ്‌നേ​ഹി​ക്കാ​നാ​കില്ല എന്നു ചിന്തി​ച്ചാൽ അതു ദോഷം ചെയ്യും. അങ്ങനെ​യുള്ള അമിത​മായ കുറ്റ​ബോ​ധം നമ്മൾ ‘കടുത്ത ദുഃഖ​ത്തിൽ ആണ്ടു​പോ​കാൻ’ കാരണ​മാ​കും.—2 കൊരി​ന്ത്യർ 2:7.

 എപ്പോ​ഴാ​ണു നമുക്കു കുറ്റ​ബോ​ധം തോന്നു​ന്നത്‌?

 അതിനു പല കാരണ​ങ്ങ​ളുണ്ട്‌. പ്രിയ​പ്പെട്ട ആരെ​യെ​ങ്കി​ലും വേദനി​പ്പി​ച്ചെന്നു തോന്നു​മ്പോ​ഴോ ശരിയാ​ണെന്നു നമുക്ക്‌ അറിയാ​വുന്ന ഒരു കാര്യം ചെയ്യാ​തി​രി​ക്കു​മ്പോ​ഴോ ഒക്കെ നമുക്കു വിഷമം തോന്നി​യേ​ക്കാം. പക്ഷേ ചില​പ്പോൾ തെറ്റൊ​ന്നും ചെയ്യാ​തെ​യും കുറ്റ​ബോ​ധം തോന്നാം. ഉദാഹ​ര​ണ​ത്തിന്‌, നമ്മളെ​ക്കു​റി​ച്ചു​തന്നെ അമിത​മായ പ്രതീ​ക്ഷകൾ വെച്ചാൽ നമുക്കു വിഷമി​ക്കാ​നേ സമയമു​ണ്ടാ​കൂ. അങ്ങനെ​യുള്ള കുറ്റ​ബോ​ധം​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. അതു​കൊ​ണ്ടാ​ണു നമ്മളെ​ക്കു​റി​ച്ചു​തന്നെ ന്യായ​മായ പ്രതീ​ക്ഷകൾ വെക്കാൻ ബൈബിൾ പറയു​ന്നത്‌.—സഭാ​പ്ര​സം​ഗകൻ 7:16.

 കുറ്റ​ബോ​ധം തോന്നു​മ്പോൾ എന്തു ചെയ്യണം?

 പറ്റി​പ്പോയ തെറ്റ്‌ ഓർത്ത്‌ നിരാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നു പകരം, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. എന്തൊ​ക്കെ​യാണ്‌ അത്‌?

  •   തെറ്റുകൾ സമ്മതി​ക്കുക. ‘എന്നോടു ക്ഷമിക്കണേ’ എന്ന്‌ യഹോവയോടു a പ്രാർഥി​ക്കുക. (സങ്കീർത്തനം 38:18; ലൂക്കോസ്‌ 11:4) ചെയ്‌തു​പോ​യത്‌ ഓർത്ത്‌ നിങ്ങൾക്കു ശരിക്കും വിഷമ​മു​ണ്ടെ​ങ്കിൽ, വീണ്ടും ആ തെറ്റു ചെയ്യാ​തി​രി​ക്കാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നെ​ങ്കിൽ ദൈവം നിങ്ങളു​ടെ പ്രാർഥന കേൾക്കും. (2 ദിനവൃ​ത്താ​ന്തം 33:13; സങ്കീർത്തനം 34:18) മറ്റാർക്കും കാണാൻ കഴിയാത്ത ഒരു കാര്യം യഹോ​വ​യ്‌ക്കു കാണാം—നമ്മുടെ മനസ്സ്‌. കൂടാതെ മാറ്റം വരുത്താൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങ​ളും​കൂ​ടെ കാണു​മ്പോൾ, ‘ദൈവം വിശ്വ​സ്‌ത​നും നീതി​മാ​നും ആയതു​കൊണ്ട്‌ നമ്മുടെ പാപങ്ങൾ ക്ഷമിക്കും.’—1 യോഹ​ന്നാൻ 1:9; സുഭാ​ഷി​തങ്ങൾ 28:13.

     ഇനി, നിങ്ങൾ മറ്റ്‌ ആരോ​ടെ​ങ്കി​ലും ഒരു തെറ്റു ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ആ തെറ്റ്‌ അംഗീ​ക​രി​ക്കു​ക​യും ആ വ്യക്തി​യോ​ടു മാപ്പു ചോദി​ക്കു​ക​യും ചെയ്യണം. അത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. അതിനു ധൈര്യ​വും താഴ്‌മ​യും ആവശ്യ​മാണ്‌. എങ്കിലും ആത്മാർഥ​മാ​യി ക്ഷമ ചോദി​ക്കു​ന്ന​തു​കൊണ്ട്‌ രണ്ടു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. അത്‌ നിങ്ങളു​ടെ കുറ്റ​ബോ​ധ​ത്തി​ന്റെ ഭാരം കുറയ്‌ക്കും, നിങ്ങൾ തമ്മിലുള്ള പ്രശ്‌ന​വും പരിഹ​രി​ക്കും.—മത്തായി 3:8; 5:23, 24.

  •   ദൈവ​ത്തി​ന്റെ കരുണ എടുത്തു​കാ​ണി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, 1 യോഹ​ന്നാൻ 3:19, 20 നോക്കാം. നമ്മുടെ ‘ഹൃദയം നമ്മളെ കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാം’ എന്ന്‌ ആ വാക്യം പറയുന്നു. അതായത്‌, നമ്മൾ നമ്മളെ​ക്കു​റി​ച്ചു​തന്നെ വളരെ മോശ​മാ​യി ചിന്തി​ച്ചേ​ക്കാം, ദൈവ​ത്തി​ന്റെ സ്‌നേഹം കിട്ടാൻ നമുക്ക്‌ അർഹത​യി​ല്ലെ​ന്നു​പോ​ലും. എങ്കിലും അതേ വാക്യം​തന്നെ, ‘ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നാണ്‌’ എന്ന്‌ പറയുന്നു. അത്‌ എങ്ങനെ​യാണ്‌? യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച്‌ എല്ലാം അറിയാം, നമ്മുടെ ചിന്തക​ളും കുറവു​ക​ളും എല്ലാം. അപൂർണ​രാ​യി​ട്ടാ​ണു നമ്മൾ ജനിച്ച​തെ​ന്നും അതു​കൊണ്ട്‌ തെറ്റു ചെയ്യാ​നുള്ള ചായ്‌വു​ണ്ടെ​ന്നും ദൈവ​ത്തിന്‌ അറിയാം. b (സങ്കീർത്തനം 51:5) അതു​കൊണ്ട്‌, ചെയ്‌തു​പോയ തെറ്റ്‌ ഓർത്ത്‌ ശരിക്കും വിഷമി​ക്കു​ന്ന​വരെ ദൈവം ഒരിക്ക​ലും ഉപേക്ഷി​ക്കില്ല.—സങ്കീർത്തനം 32:5.

  •   ചെയ്‌തു​പോ​യ​തി​നെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌. തെറ്റു ചെയ്‌തെ​ങ്കി​ലും പിന്നീട്‌ മാറ്റം വരുത്തിയ ഒരുപാ​ടു പേരുടെ വിവര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌, പിന്നീട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എന്ന്‌ അറിയ​പ്പെട്ട തർസൊ​സു​കാ​ര​നായ ശൗലി​ന്റേത്‌. ഒരു പരീശ​നാ​യി​രുന്ന അദ്ദേഹം യേശു​വി​ന്റെ അനുഗാ​മി​കളെ ക്രൂര​മാ​യി ഉപദ്ര​വി​ച്ചു. (പ്രവൃ​ത്തി​കൾ 8:3; 9:1, 2, 11) എന്നാൽ താൻ എതിർക്കു​ന്നതു ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും ആണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അദ്ദേഹം പശ്ചാത്ത​പി​ക്കു​ക​യും മാറ്റം വരുത്തു​ക​യും ചെയ്‌തു. പിന്നെ​യുള്ള കാലം നല്ലൊരു ക്രിസ്‌ത്യാ​നി​യാ​യി ജീവിച്ചു. പണ്ടു താൻ ചെയ്‌തു​കൂ​ട്ടിയ കാര്യങ്ങൾ ഓർത്ത്‌ പൗലോ​സി​നു ശരിക്കും വിഷമ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം അതുതന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നില്ല. ദൈവം തന്നോട്‌ എത്ര വലിയ കരുണ​യാ​ണു കാണി​ച്ചി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കിയ പൗലോസ്‌ ദൈവ​ത്തി​ന്റെ വേലയിൽ മുഴുകി. ലഭിക്കാ​നി​രി​ക്കുന്ന നിത്യ​ജീ​വ​നെ​ക്കു​റിച്ച്‌ അദ്ദേഹം ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നു.—ഫിലി​പ്പി​യർ 3:13, 14.

 കുറ്റ​ബോ​ധ​ത്തെ​യും ക്ഷമ ലഭിക്കു​ന്ന​തി​നെ​യും കുറി​ച്ചുള്ള ബൈബിൾവാ​ക്യ​ങ്ങൾ

 സങ്കീർത്തനം 51:17: “ദൈവമേ, തകർന്ന്‌ നുറു​ങ്ങിയ ഹൃദയത്തെ അങ്ങ്‌ ഉപേക്ഷി​ക്കി​ല്ല​ല്ലോ.”

 അർഥം: നിങ്ങൾക്ക്‌ ഒരു തെറ്റു പറ്റി​യെ​ന്നോർത്ത്‌ ദൈവം നിങ്ങളെ ഉപേക്ഷി​ക്കില്ല. ദൈവത്തെ വേദനി​പ്പി​ച്ച​തിൽ നിങ്ങൾക്കു ശരിക്കും വിഷമ​മു​ണ്ടെ​ങ്കിൽ ദൈവം നിങ്ങ​ളോ​ടു കരുണ കാണി​ക്കും.

 സുഭാ​ഷി​ത​ങ്ങൾ 28:13: “സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല; അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വനു കരുണ ലഭിക്കും.”

 അർഥം: ചെയ്‌ത തെറ്റു ദൈവ​ത്തോട്‌ ഏറ്റുപ​റ​യു​ക​യും ജീവി​ത​ത്തിൽ മാറ്റം വരുത്തു​ക​യും ചെയ്‌താൽ ദൈവം നമ്മളോ​ടു ക്ഷമിക്കും.

 യിരെമ്യ 31:34: “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കു​ക​യു​മില്ല.”

 അർഥം: ദൈവ​ത്തി​ന്റെ കരുണ യഥാർഥ​മാണ്‌. ക്ഷമിച്ചു​ക​ഴി​ഞ്ഞാൽ പിന്നെ ദൈവം ആ തെറ്റ്‌ ഓർത്തി​രി​ക്കു​ന്നില്ല.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—പുറപ്പാട്‌ 6:3.

b ആദ്യമനുഷ്യനായ ആദാമിൽനിന്ന്‌ പാപം കൈമാ​റി​ക്കി​ട്ടി​യ​തു​കൊണ്ട്‌, തെറ്റു ചെയ്യാ​നുള്ള ഒരു ചായ്‌വോ​ടെ​യാ​ണു നമ്മൾ ജനിക്കു​ന്നത്‌. ആദാമും ഭാര്യ​യായ ഹവ്വയും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും പൂർണ​ത​യുള്ള ജീവൻ നഷ്ടപ്പെ​ടു​ത്തു​ക​യും ചെയ്‌തു. അങ്ങനെ അവരുടെ മക്കൾക്കും പൂർണ​ത​യുള്ള ജീവൻ ലഭിക്കാ​നുള്ള അവസരം നഷ്ടമായി.—ഉൽപത്തി 3:17-19; റോമർ 5:12.