വിവരങ്ങള്‍ കാണിക്കുക

എങ്ങനെ പ്രാർഥി​ക്കണം—കർത്താ​വി​ന്റെ പ്രാർഥന മാത്ര​മാ​ണോ ഏക വഴി?

എങ്ങനെ പ്രാർഥി​ക്കണം—കർത്താ​വി​ന്റെ പ്രാർഥന മാത്ര​മാ​ണോ ഏക വഴി?

ബൈബി​ളി​ന്റെ ഉത്തരം

 നമ്മൾ എങ്ങനെ പ്രാർഥി​ക്കണം, എന്ത്‌ പ്രാർഥി​ക്കണം എന്നു മനസ്സി​ലാ​ക്കാൻ കർത്താ​വി​ന്റെ പ്രാർഥന സഹായി​ക്കു​ന്നു. ‘കർത്താവേ, പ്രാർഥി​ക്കാൻ ഞങ്ങളെ​യും പഠിപ്പി​ക്കേ​ണമേ’ എന്ന്‌ ശിഷ്യ​ന്മാർ ആവശ്യ​പ്പെ​ട്ട​പ്പോ​ഴാണ്‌ യേശു ഈ മാതൃ​കാ​പ്രാർഥന പറഞ്ഞു​കൊ​ടു​ത്തത്‌. (ലൂക്കോസ്‌ 11:1) എങ്കിലും ‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ’ എന്നോ ‘കർത്തൃ​പ്രാർഥന’ എന്നോ ആളുകൾ വിളി​ക്കുന്ന ഈ പ്രാർഥന മാത്രമല്ല ദൈവം അംഗീ​ക​രി​ക്കു​ന്നത്‌. a പകരം, ഇതിലൂ​ടെ ദൈവം കേൾക്കുന്ന പ്രാർഥ​ന​യു​ടെ ഒരു മാതൃക കാണി​ച്ചു​ത​രു​ക​യാ​യി​രു​ന്നു യേശു.

ഈ ലേഖന​ത്തിൽ

 കർത്താ​വി​ന്റെ പ്രാർഥ​ന​യിൽ എന്താണ്‌ പറയു​ന്നത്‌?

 മത്തായി 6:9-13 വരെയുള്ള വാക്യ​ങ്ങ​ളി​ലാ​ണു കർത്താ​വി​ന്റെ പ്രാർഥന രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എല്ലാ ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും ഒരേ വാക്കുകൾ അല്ല ഇതിനാ​യി ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. രണ്ട്‌ ഉദാഹ​ര​ണങ്ങൾ ഇതാണ്‌.

 പുതിയ ലോക ഭാഷാ​ന്തരം: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ. ഇന്നത്തേ​ക്കുള്ള ആഹാരം ഞങ്ങൾക്ക്‌ ഇന്നു തരേണമേ. ഞങ്ങളോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോ​ടു ഞങ്ങൾ ക്ഷമിച്ച​തു​പോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ. പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്താ​തെ ദുഷ്ടനിൽനിന്ന്‌ ഞങ്ങളെ വിടു​വി​ക്കേ​ണമേ.”

 പി.ഒ.സി. ബൈബിൾ: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജി​ത​മാ​ക​ണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലു​മാ​ക​ണമേ. അന്നന്നു​വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ കടക്കാ​രോ​ടു ഞങ്ങൾ ക്ഷമിച്ച​തു​പോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോ​ടും ക്ഷമിക്ക​ണമേ. ഞങ്ങളെ പ്രലോ​ഭ​ന​ത്തിൽ ഉൾപ്പെ​ടു​ത്ത​രു​തേ. തിൻമ​യിൽനി​ന്നു ഞങ്ങളെ രക്ഷിക്ക​ണമേ.” b

 കർത്താ​വി​ന്റെ പ്രാർഥ​ന​യു​ടെ അർഥം എന്താണ്‌?

 യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ ബൈബി​ളി​ന്റെ മറ്റു ഭാഗങ്ങ​ളു​മാ​യി എപ്പോ​ഴും യോജി​പ്പി​ലാണ്‌. അതു​കൊണ്ട്‌ കർത്താ​വി​ന്റെ പ്രാർഥ​ന​യു​ടെ അർഥം മനസ്സി​ലാ​ക്കാൻ മറ്റു തിരു​വെ​ഴു​ത്തു​കൾ നമ്മളെ സഹായി​ക്കും.

“സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ”

 ദൈവത്തെ “ഞങ്ങളുടെ പിതാവേ” എന്നു വിളി​ക്കു​ന്നത്‌ ഉചിത​മാണ്‌. കാരണം ദൈവ​മാണ്‌ നമ്മളെ സൃഷ്ടി​ച്ചത്‌, നമുക്ക്‌ ജീവൻ തന്നത്‌.—യശയ്യ 64:8.

“അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ”

 യഹോവ എന്ന ദൈവ​ത്തി​ന്റെ പേര്‌ ആദരി​ക്ക​പ്പെ​ടേ​ണ്ട​തും അതിവി​ശു​ദ്ധ​മാ​യി കാണേ​ണ്ട​തും ആണ്‌. ദൈവ​ത്തി​ന്റെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടും ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മറ്റുള്ള​വരെ അറിയി​ച്ചു​കൊ​ണ്ടും ആ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്ന​തിൽ മനുഷ്യർക്കും ഒരു പങ്കുണ്ട്‌.—സങ്കീർത്തനം 83:18; യശയ്യ 6:3.

“അങ്ങയുടെ രാജ്യം വരേണമേ”

 ദൈവ​രാ​ജ്യം യേശു രാജാ​വാ​യി​രി​ക്കുന്ന സ്വർഗ​ത്തി​ലെ ഒരു ഗവൺമെ​ന്റാണ്‌. ഈ ഗവൺമെന്റ്‌ മുഴു​ഭൂ​മി​യു​ടെ​യും ഭരണം ഏറ്റെടു​ക്കു​ന്ന​തി​നു​വേണ്ടി പ്രാർഥി​ക്കാൻ യേശു നമ്മളെ പഠിപ്പിച്ചു.—ദാനി​യേൽ 2:44; വെളി​പാട്‌ 11:15.

“അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ”

 സ്വർഗ​ത്തിൽ ദുഷ്ടത​യോ മരണമോ ഇല്ലാത്ത​തു​പോ​ലെ ഭൂമി​യി​ലും മനുഷ്യർ സമാധാ​ന​ത്തോ​ടെ​യും സുരക്ഷി​ത​ത്വ​ത്തോ​ടെ​യും എന്നും ജീവി​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌.—സങ്കീർത്തനം 37:11, 29.

“ഇന്നത്തേ​ക്കുള്ള ആഹാരം ഞങ്ങൾക്ക്‌ ഇന്നു തരേണമേ”

 ജീവി​ക്കാൻ ആവശ്യ​മായ ഭക്ഷണത്തി​നും മറ്റു അവശ്യ​കാ​ര്യ​ങ്ങൾക്കും ആയി സ്രഷ്ടാ​വിൽ ആശ്രയി​ക്ക​ണ​മെന്ന്‌ ഇത്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 17:24, 25.

“ഞങ്ങൾ ക്ഷമിച്ച​തു​പോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ”

 ഈ ഭാഗത്ത്‌ ‘കടം’ എന്ന്‌ പറഞ്ഞി​രി​ക്കുന്ന പദം കുറി​ക്കു​ന്നത്‌ പാപത്തെയാണ്‌. (ലൂക്കോസ്‌ 11:4) എല്ലാ മനുഷ്യ​രും പാപി​ക​ളാണ്‌. അതു​കൊ​ണ്ടു​തന്നെ എല്ലാവർക്കും ക്ഷമ കിട്ടേ​ണ്ട​തും ഉണ്ട്‌. പക്ഷേ ദൈവ​ത്തി​ന്റെ ക്ഷമ നമുക്കു ലഭിക്ക​ണ​മെ​ങ്കിൽ നമ്മളോ​ടു തെറ്റു ചെയ്യു​ന്ന​വ​രോട്‌ നമ്മളും ക്ഷമിക്കണം.—മത്തായി 6:14, 15.

“പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്താ​തെ ദുഷ്ടനിൽനിന്ന്‌ ഞങ്ങളെ വിടു​വി​ക്കേ​ണമേ”

 ദൈവ​മാ​യ യഹോവ ഒരിക്ക​ലും തെറ്റു ചെയ്യാൻ നമ്മളെ പ്രലോ​ഭി​പ്പി​ക്കു​ന്നില്ല. (യാക്കോബ്‌ 1:13) എന്നാൽ ‘ദുഷ്ടൻ,’ അതായത്‌ പിശാ​ചായ സാത്താൻ ആണ്‌ നമ്മളെ പ്രലോ​ഭി​പ്പി​ക്കു​ന്നത്‌. അവനെ “പ്രലോ​ഭകൻ” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (1 യോഹ​ന്നാൻ 5:19; മത്തായി 4:1-4) അങ്ങനെ​യെ​ങ്കിൽ മുകളിൽ പറഞ്ഞി​രി​ക്കുന്ന അപേക്ഷ​യു​ടെ അർഥം എന്താണ്‌? ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ പ്രലോ​ഭനം ഉണ്ടായാ​ലും അതിന്‌ അനുവ​ദി​ക്ക​രു​തേ എന്നു നമ്മൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യാണ്‌.

 കർത്താ​വി​ന്റെ പ്രാർഥന അങ്ങനെ​തന്നെ ചൊല്ലു​ന്ന​താ​ണോ പ്രാർഥി​ക്കാ​നുള്ള ഏക വഴി?

 കർത്താ​വി​ന്റെ പ്രാർഥന യേശു തന്നത്‌ ഒരു മാതൃ​ക​യാ​യി​ട്ടാണ്‌. അല്ലാതെ അതിലെ വാക്കുകൾ അങ്ങനെ​തന്നെ ചൊല്ലാ​നല്ല. ഈ പ്രാർഥന പറഞ്ഞു​കൊ​ടു​ക്കു​ന്ന​തിന്‌ തൊട്ടു മുമ്പ്‌ യേശു ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “പ്രാർഥി​ക്കു​മ്പോൾ, . . . ഒരേ കാര്യങ്ങൾ തന്നെയും പിന്നെ​യും ഉരുവി​ട​രുത്‌.” (മത്തായി 6:7) ഇനി, യേശു മറ്റൊരു അവസര​ത്തിൽ പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​പ്പോൾ ഇവിടെ ഉപയോ​ഗിച്ച അതേ വാക്കുകൾ അല്ല ഉപയോ​ഗി​ച്ചത്‌.—ലൂക്കോസ്‌ 11:2-4.

 പ്രാർഥി​ക്കാ​നു​ള്ള ഏറ്റവും നല്ല വഴി നമ്മുടെ ഉള്ളിലു​ള്ള​തെ​ല്ലാം നമ്മു​ടെ​തന്നെ വാക്കു​ക​ളിൽ ദൈവ​ത്തോ​ടു പറയു​ന്ന​താണ്‌.—സങ്കീർത്തനം 62:8.

 നമ്മൾ എങ്ങനെ​യാണ്‌ പ്രാർഥി​ക്കേ​ണ്ടത്‌?

 എങ്ങനെ​യുള്ള പ്രാർഥ​ന​ക​ളാ​ണു ദൈവം കേൾക്കു​ന്നത്‌ എന്നതി​നുള്ള ഉദാഹ​ര​ണ​മാണ്‌ കർത്താ​വി​ന്റെ പ്രാർഥന. പ്രാർഥ​ന​യെ​ക്കു​റി​ച്ചുള്ള മറ്റു ബൈബിൾവാ​ക്യ​ങ്ങൾ ഇതി​നോ​ടു യോജി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

  •   പ്രാർഥിക്കേണ്ടത്‌ ദൈവ​ത്തോ​ടു മാത്ര​മാണ്‌

     തിരു​വെ​ഴുത്ത്‌: “കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക.”—ഫിലി​പ്പി​യർ 4:6.

     അർഥം: നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ ദൈവ​ത്തോ​ടാണ്‌. അല്ലാതെ യേശു​വി​നോ​ടോ മറിയ​യോ​ടോ മറ്റു വിശു​ദ്ധ​ന്മാ​രോ​ടോ അല്ല. കർത്താ​വി​ന്റെ പ്രാർഥന തുടങ്ങു​ന്നത്‌ “ഞങ്ങളുടെ പിതാവേ” എന്നു വിളി​ച്ചു​കൊ​ണ്ടാണ്‌. ദൈവ​മായ യഹോ​വ​യോ​ടു മാത്രമേ പ്രാർഥി​ക്കാ​വൂ എന്ന്‌ അതിൽനിന്ന്‌ മനസ്സി​ലാ​ക്കാം.

  •   ദൈവേഷ്ടവുമായി യോജി​ക്കുന്ന കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​ക

     തിരു​വെ​ഴുത്ത്‌: “ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.”—1 യോഹ​ന്നാൻ 5:14.

     അർഥം: ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലുള്ള എന്തിനു​വേ​ണ്ടി​യും നമുക്കു പ്രാർഥി​ക്കാം. “അങ്ങയുടെ ഇഷ്ടം . . . നടക്കേ​ണമേ” എന്ന കാര്യം കർത്താ​വി​ന്റെ പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്തി​യ​തി​ലൂ​ടെ ദൈവ​ത്തി​ന്റെ ഇഷ്ടം എത്ര പ്രധാ​ന​മാ​ണെന്ന്‌ യേശു പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. നമ്മൾ ബൈബിൾ പഠിക്കു​ന്നെ​ങ്കിൽ ഭൂമി​യെ​ക്കു​റി​ച്ചും മനുഷ്യ​നെ​ക്കു​റി​ച്ചും ഉള്ള ദൈവ​ത്തി​ന്റെ ആ ഇഷ്ടം എന്താ​ണെന്നു മനസ്സി​ലാ​ക്കാം.

  •   നമ്മുടെതന്നെ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച്‌ പ്രാർഥി​ക്കു​ക

     തിരു​വെ​ഴുത്ത്‌: “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.”—സങ്കീർത്തനം 55:22.

     അർഥം: ദൈവം നമ്മുടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുള്ള ആളാണ്‌. കർത്താ​വി​ന്റെ പ്രാർഥ​ന​യിൽ നമ്മു​ടെ​തന്നെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യുള്ള പല അപേക്ഷ​ക​ളും യേശു ഉൾപ്പെ​ടു​ത്തി. അതു​പോ​ലെ നമുക്കും അന്നന്നത്തെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുക്കു​മ്പോ​ഴുള്ള സഹായ​ത്തി​നു​വേ​ണ്ടി​യും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ പിന്തുണ കിട്ടു​ന്ന​തി​നു​വേ​ണ്ടി​യും പാപങ്ങൾക്കാ​യുള്ള ക്ഷമയ്‌ക്കു​വേ​ണ്ടി​യും ദൈവ​ത്തോ​ടു പ്രാർഥി​ക്കാ​നാ​കും. c

a ഉദാഹരണത്തിന്‌ യേശു​വും ശിഷ്യ​ന്മാ​രും പ്രാർഥിച്ച മറ്റു സന്ദർഭ​ങ്ങ​ളിൽ മാതൃ​കാ​പ്രാർഥ​ന​യി​ലെ അതേ വാക്കു​ക​ളോ വിഷയ​ങ്ങ​ളോ അല്ല പറഞ്ഞത്‌.—ലൂക്കോസ്‌ 23:34; ഫിലി​പ്പി​യർ 1:9.

b ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ കർത്താ​വി​ന്റെ പ്രാർഥന അവസാ​നി​ക്കു​ന്നത്‌ ദൈവത്തെ സ്‌തു​തി​ക്കുന്ന ഇതു​പോ​ലുള്ള വാക്കു​ക​ളോ​ടെ​യാണ്‌: “എന്തു​കൊ​ണ്ടെ​ന്നാൽ രാജ്യ​വും ശക്തിയും മഹത്വ​വും എന്നേക്കും അങ്ങയു​ടേ​താ​കു​ന്നു. ആമേൻ.” എന്നിരു​ന്നാ​ലും ദ ജെറോം ബിബ്ലിക്കൽ കമന്ററി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഏറ്റവും ആശ്രയ​യോ​ഗ്യ​മായ [കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ] . . . ആ സ്‌തു​തി​വ​ച​ന​ങ്ങ​ളില്ല.”

c തനിക്കു ദൈവ​ത്തി​ന്റെ ക്ഷമ ആവശ്യ​മാ​ണെന്നു ചിന്തി​ക്കുന്ന ഒരാൾക്ക്‌ കുറ്റ​ബോ​ധം കാരണം പ്രാർഥി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. പക്ഷേ, യഹോവ അവരോ​ടു സ്‌നേ​ഹ​ത്തോ​ടെ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം.” (യശയ്യ 1:18) തന്നോട്‌ ആത്മാർഥ​മാ​യി ക്ഷമ ചോദി​ക്കുന്ന ആരെയും ദൈവം ഉപേക്ഷി​ച്ചു​ക​ള​യില്ല.