മത്തായി എഴുതിയത്‌ 4:1-25

4  പിന്നെ ദൈവാത്മാവ്‌ യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. അവിടെവെച്ച്‌ യേശു പിശാചിന്റെ+ പ്രലോഭനങ്ങളെ നേരിട്ടു.+  അവിടെ 40 രാത്രിയും 40 പകലും യേശു ഉപവസിച്ചു. അപ്പോൾ യേശുവിനു വിശന്നു.  ആ സമയത്ത്‌ പ്രലോഭകൻ+ വന്ന്‌ യേശുവിനോട്‌, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട്‌ അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു.  അപ്പോൾ യേശു, “‘മനുഷ്യൻ അപ്പംകൊണ്ട്‌ മാത്രമല്ല, യഹോവയുടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്‌ ’ എന്ന്‌ എഴുതിയിരിക്കുന്നു”+ എന്നു മറുപടി നൽകി.  പിന്നെ പിശാച്‌ യേശുവിനെ വിശുദ്ധനഗരത്തിലേക്കു+ കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌ നിറുത്തിയിട്ട്‌+  പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. ‘നിന്നെക്കുറിച്ച്‌ ദൈവം തന്റെ ദൂതന്മാരോടു കല്‌പിക്കും,’ എന്നും ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’ എന്നും എഴുതിയിട്ടുണ്ടല്ലോ.”+  യേശു പിശാചിനോട്‌, “‘നിന്റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്‌ ’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്‌ ” എന്നു പറഞ്ഞു.  പിന്നെ പിശാച്‌ യേശുവിനെ അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു.+  എന്നിട്ടു പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ്‌ എന്നെയൊന്ന്‌ ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” 10  അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്‌.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന്‌ എഴുതിയിട്ടുണ്ട്‌.” 11  ഉടനെ പിശാച്‌ യേശുവിനെ വിട്ട്‌ പോയി.+ ദൈവദൂതന്മാർ വന്ന്‌ യേശുവിനെ ശുശ്രൂഷിച്ചു.+ 12  യോഹന്നാനെ തടവിലാക്കിയെന്നു+ കേട്ടപ്പോൾ യേശു അവിടം വിട്ട്‌ ഗലീലയിലേക്കു പോയി.+ 13  നസറെത്തിൽ എത്തിയ യേശു അവിടെനിന്ന്‌ സെബുലൂൻ-നഫ്‌താലി ജില്ലകളിലെ കടൽത്തീരത്തുള്ള കഫർന്നഹൂമിൽ+ ചെന്ന്‌ താമസിച്ചു. 14  ഇങ്ങനെ സംഭവിച്ചത്‌ യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറേണ്ടതിനായിരുന്നു. യശയ്യ ഇങ്ങനെ പറഞ്ഞിരുന്നു: 15  “കടലിലേക്കുള്ള വഴിയോടു ചേർന്ന, യോർദാനു പടിഞ്ഞാറുള്ള സെബുലൂൻ-നഫ്‌താലി ദേശങ്ങളേ, ജനതകളുടെ ഗലീലയേ! 16  ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ നിഴൽ വീണ പ്രദേശത്ത്‌ കഴിയുന്നവരുടെ മേൽ പ്രകാശം+ ഉദിച്ചുയർന്നു.”+ 17  അപ്പോൾമുതൽ യേശു, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട്‌ മാനസാന്തരപ്പെടൂ” എന്നു പ്രസംഗിച്ചുതുടങ്ങി.+ 18  യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ പത്രോസ്‌+ എന്നു വിളിച്ചിരുന്ന ശിമോനും+ സഹോദരനായ അന്ത്രയോസും+ കടലിൽ വല വീശുന്നതു കണ്ടു. അവർ മീൻപിടുത്തക്കാരായിരുന്നു.+ 19  യേശു അവരോട്‌, “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു. 20  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു.+ 21  അവിടെനിന്ന്‌ പോകുമ്പോൾ സഹോദരന്മാരായ വേറെ രണ്ടു പേരെ കണ്ടു, സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും.+ അവർ അപ്പനായ സെബെദിയോടൊപ്പം വള്ളത്തിൽ ഇരുന്ന്‌ വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു.+ 22  ഉടനെ അവർ വള്ളം ഉപേക്ഷിച്ച്‌, അപ്പനെയും വിട്ട്‌ യേശുവിനെ അനുഗമിച്ചു. 23  പിന്നെ യേശു ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്‌+ അവരുടെ സിനഗോഗുകളിൽ+ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും ഭേദമാക്കുകയും ചെയ്‌തു.+ 24  യേശുവിനെക്കുറിച്ചുള്ള വാർത്ത സിറിയയിലെങ്ങും പരന്നു. പല തരം രോഗങ്ങളും കഠിനവേദനയും കൊണ്ട്‌ വലഞ്ഞിരുന്നവർ,+ ഭൂതബാധിതർ,+ അപസ്‌മാരരോഗികൾ,+ തളർന്നുപോയവർ എന്നിങ്ങനെ ദുരിതം അനുഭവിക്കുന്ന സകലരെയും ജനം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തി. 25  അതുകൊണ്ട്‌ ഗലീല, ദക്കപ്പൊലി, യരുശലേം, യഹൂദ്യ എന്നിവിടങ്ങളിൽനിന്നും യോർദാന്‌ അക്കരെനിന്നും ആളുകൾ കൂട്ടമായി യേശുവിനെ അനുഗമിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ആ ദൈവത്തിനു മാത്രമേ നീ വിശുദ്ധസേവനം ചെയ്യാവൂ.”

പഠനക്കുറിപ്പുകൾ

പിശാച്‌: “പരദൂ​ഷണം പറയു​ന്നവൻ” എന്ന്‌ അർഥമുള്ള ഡിയാ​ബൊ​ലൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനി​ന്നു​ള്ളത്‌. (യോഹ 6:70; 2തിമ 3:3) അതി​നോ​ടു ബന്ധമുള്ള ഡയബലൊ എന്ന ക്രിയാ​രൂ​പ​ത്തി​ന്റെ അർഥം “കുറ്റ​പ്പെ​ടു​ത്തുക; ആരോ​പണം ഉന്നയി​ക്കുക” എന്നൊ​ക്കെ​യാണ്‌. ലൂക്ക 16:1-ൽ അതിനെ ‘പരാതി​പ്പെ​ടുക’ എന്ന അർഥത്തി​ലാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

യഹോ​വ​യു​ടെ: ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന ആവ 8:3-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

എന്ന്‌ എഴുതി​യി​രി​ക്കു​ന്നു: പിശാ​ചി​ന്റെ പ്രലോ​ഭ​ന​ങ്ങൾക്കു മറുപടി പറയാൻ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ യേശു മൂന്നു പ്രാവ​ശ്യം ഈ പ്രയോ​ഗം ഉപയോ​ഗി​ച്ചു.​—മത്ത 4:7, 10.

വിശു​ദ്ധ​ന​ഗ​രം: യരുശ​ലേ​മി​നെ കുറി​ക്കു​ന്നു. യഹോ​വ​യു​ടെ ആലയം അവി​ടെ​യാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ഈ നഗരത്തെ മിക്ക​പ്പോ​ഴും വിശു​ദ്ധ​ന​ഗരം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌.​—നെഹ 11:1; യശ 52:1.

ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഭാഗം: അഥവാ ‘ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തിൽ.’ അക്ഷ. “ദേവാ​ല​യ​ത്തി​ന്റെ ചിറക്‌.” ‘ദേവാ​ലയം’ എന്നതിന്റെ ഗ്രീക്കു​പ​ദ​ത്തി​നു ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തെ​യോ ദേവാ​ല​യ​സ​മു​ച്ച​യത്തെ മുഴു​വ​നാ​യോ സൂചി​പ്പി​ക്കാ​നാ​കും. അതു​കൊ​ണ്ടു​തന്നെ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌, ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​നു ചുറ്റു​മുള്ള മതിലി​ന്റെ മുകൾഭാ​ഗ​ത്തെ​യാ​കാം.

യഹോവ: ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന ആവ 6:16-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

ലോകം: ഗ്രീക്കിൽ കോസ്‌മൊസ്‌. ഇവിടെ നീതി​കെട്ട മനുഷ്യ​സ​മൂ​ഹത്തെ കുറി​ക്കു​ന്നു.

രാജ്യങ്ങൾ: മനുഷ്യ​ഗ​വൺമെ​ന്റു​ക​ളിൽ ചിലതി​നെ​യോ അവയെ എല്ലാത്തി​നെ​യു​മോ അർഥമാ​ക്കു​ന്നു.

കാണി​ച്ചു​കൊ​ടു​ത്തു: യാഥാർഥ്യ​മെന്നു തോന്നി​ക്കുന്ന ഒരു ദർശന​ത്തി​ലൂ​ടെ​യാ​കാം ഭൂതങ്ങ​ളു​ടെ അധിപൻ യേശു​വിന്‌ എല്ലാം കാണി​ച്ചു​കൊ​ടു​ത്തത്‌.

എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ: “ആരാധി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​വുന്ന ഗ്രീക്കു​ക്രി​യാ​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ക്ഷണനേ​ര​ത്തേ​ക്കുള്ള പ്രവൃ​ത്തി​യെ കുറി​ക്കുന്ന അനിർദിഷ്ടകാലത്തി​ലാണ്‌ (aorist tense). അതു കാണി​ക്കു​ന്നത്‌ “എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ” എന്നു യേശു​വി​നോ​ടു പറഞ്ഞ​പ്പോൾ പിശാച്‌ ഉദ്ദേശി​ച്ചത്‌, തന്നെ യേശു പതിവാ​യി അല്ലെങ്കിൽ തുടർച്ച​യാ​യി ആരാധി​ക്ക​ണ​മെന്നല്ല മറിച്ച്‌ ഒറ്റ തവണ മാത്രം ‘ആരാധി​ക്ക​ണ​മെ​ന്നാണ്‌.’

സാത്താൻ: സാഠാൻ എന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന ഇതിന്റെ അർഥം “എതിർത്തു​നിൽക്കു​ന്ന​യാൾ” എന്നാണ്‌.

യഹോവ: ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന ആവ 6:13; 10:20 എന്നിവ​യു​ടെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

യോഹ​ന്നാ​നെ തടവി​ലാ​ക്കി​യെന്നു കേട്ട​പ്പോൾ: 11-ാം വാക്യ​ത്തി​നും ഈ വാക്യ​ത്തി​നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ ഒരു വർഷ​മെ​ങ്കി​ലും കടന്നു​പോ​യി​ട്ടുണ്ട്‌. യോഹ 1:29 മുതൽ 4:3 വരെയുള്ള ഭാഗത്തെ സംഭവങ്ങൾ നടക്കു​ന്നത്‌ ഈ കാലഘ​ട്ട​ത്തി​ലാണ്‌. കൂടാതെ യോഹ​ന്നാ​ന്റെ വിവര​ണ​ത്തിൽ, യേശു യഹൂദ്യ​യിൽനിന്ന്‌ ഗലീല​യി​ലേക്കു പോയതു ശമര്യ വഴിയാ​ണെ​ന്നും അവിടെ സുഖാ​റിന്‌ അടുത്തുള്ള കിണറ്റി​ങ്കൽവെച്ച്‌ ഒരു ശമര്യ​ക്കാ​രി​യെ കണ്ടെന്നും ഉള്ള കാര്യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—യോഹ 4:4-43; അനു. എ7-ലെ “യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ ആരംഭം” എന്ന ചാർട്ടും ഭൂപടം 2-ഉം കാണുക.

സെബു​ലൂൻ-നഫ്‌താ​ലി ജില്ലകൾ: സെബു​ലൂ​ന്റെ​യും നഫ്‌താ​ലി​യു​ടെ​യും ജില്ലകൾ പലസ്‌തീ​നി​ന്റെ വടക്കേ അറ്റത്ത്‌, ഗലീല​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റും വടക്കും ആയി വ്യാപി​ച്ചു​കി​ട​ന്നി​രു​ന്നു. ഗലീല ജില്ലയും ഇതിന്റെ ഭാഗമാ​യി​രു​ന്നു. (യോശ 19:10-16, 32-39) ഗലീല​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റേ തീരം മുഴു​വ​നും നഫ്‌താ​ലി​യു​ടെ പ്രദേ​ശ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു.

കഫർന്ന​ഹൂം: “നഹൂമി​ന്റെ ഗ്രാമം” അഥവാ “ആശ്വാ​സ​ത്തി​ന്റെ ഗ്രാമം” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌. (നഹൂ 1:1, അടിക്കു​റിപ്പ്‌) യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യിൽ വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ണ്ടാ​യി​രുന്ന ഒരു നഗരം. ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റേ തീരത്ത്‌ സ്ഥിതി​ചെ​യ്‌തി​രുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശു​വി​ന്റെ ‘സ്വന്തം നഗരം’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേ​റേ​ണ്ട​തിന്‌: മത്ത 1:22-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോവ (തന്റെ പ്രവാ​ച​ക​നി​ലൂ​ടെ) പറഞ്ഞ കാര്യങ്ങൾ നിറ​വേ​റേ​ണ്ട​തി​നാണ്‌: മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ ഇതും സമാന​മായ മറ്റു പ്രയോ​ഗ​ങ്ങ​ളും നിരവധി തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം ജൂതന്മാ​രു​ടെ മനസ്സിൽ പതിപ്പി​ക്കാ​നാ​യി​രി​ക്കാം അങ്ങനെ ചെയ്‌തത്‌.​—മത്ത 2:15, 23; 4:14; 8:17; 12:17; 13:35; 21:4; 26:56; 27:9.

കടലി​ലേ​ക്കു​ള്ള വഴി: ഗലീല​ക്ക​ട​ലി​ന്റെ തീര​പ്ര​ദേ​ശ​ത്തു​കൂ​ടെ പോയി​രുന്ന ഒരു പുരാ​ത​ന​പാ​ത​യാ​യി​രി​ക്കാം ഇത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ മെഡി​റ്റ​റേ​നി​യൻ കടൽവരെ ഇതു നീണ്ടു​കി​ട​ന്നി​രു​ന്നു.

ജനതക​ളു​ടെ ഗലീല: ചുറ്റു​മുള്ള ജനതക​ളോ​ടു ചേർന്നു​കി​ട​ന്നി​രുന്ന, ഇസ്രാ​യേ​ലി​ന്റെ അതിർത്തി​പ്ര​ദേ​ശ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​കാം ഗലീലയെ യശയ്യ ഇങ്ങനെ വിശേ​ഷി​പ്പി​ച്ചത്‌. അതിന്റെ സ്ഥാനവും അതിലൂ​ടെ​യുള്ള റോഡു​ക​ളും നിമിത്തം ഗലീല ചുറ്റു​മുള്ള ജനതക​ളു​മാ​യി കൂടുതൽ സമ്പർക്ക​ത്തി​ലാ​യി. അതു​കൊ​ണ്ടു​തന്നെ ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്തവർ അവിടെ കടന്നു​ക​യറി താമസ​മാ​ക്കാൻ സാധ്യത കൂടു​ത​ലാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും ജൂതന്മാ​ര​ല്ലാത്ത ധാരാളം പേർ അവിടെ താമസ​മാ​ക്കി​യ​തു​കൊണ്ട്‌ ഈ വിശേ​ഷണം കൂടുതൽ അനു​യോ​ജ്യ​മാ​യി​ത്തീർന്നു.

വലി​യൊ​രു വെളിച്ചം: മിശി​ഹ​യെ​ക്കു​റി​ച്ചുള്ള യശയ്യയു​ടെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി യേശു തന്റെ പരസ്യ​ശു​ശ്രൂ​ഷ​യു​ടെ നല്ലൊരു ഭാഗവും നിർവ​ഹി​ച്ചതു സെബു​ലൂൻ-നഫ്‌താ​ലി ജില്ലക​ളി​ലെ ഗലീല​യി​ലാണ്‌. (മത്ത 4:13, 15) യഹൂദ്യ​യി​ലു​ണ്ടാ​യി​രുന്ന ജൂതന്മാർ ഗലീല​യി​ലെ സഹജൂ​ത​ന്മാ​രെ ആത്മീയ അന്ധകാ​ര​ത്തിൽ കഴിയു​ന്ന​വ​രാ​യി കണ്ട്‌ പുച്ഛ​ത്തോ​ടെ​യാ​ണു വീക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും യേശു അവർക്കു തന്റെ ശുശ്രൂ​ഷ​യി​ലൂ​ടെ ആത്മീയ​വെ​ളി​ച്ചം പകർന്നു​കൊ​ടു​ത്തു.​—യോഹ 7:52.

മരണത്തി​ന്റെ നിഴൽ: മരണം അടുത്ത്‌ എത്തു​മ്പോൾ ആലങ്കാ​രി​ക​മാ​യി അതിന്റെ നിഴൽ ആളുക​ളു​ടെ മേൽ വീഴുന്നു എന്നായി​രി​ക്കാം അർഥം. എന്നാൽ യേശു പകർന്ന വെളിച്ചം ആ നിഴൽ നീക്കി ആളുകളെ മരണത്തി​ന്റെ പിടി​യിൽനിന്ന്‌ മോചി​പ്പി​ക്കു​മാ​യി​രു​ന്നു.

പ്രസം​ഗി​ക്കു​ക: ഗ്രീക്കു​പ​ദ​ത്തി​ന്റെ പ്രധാ​നാർഥം “പരസ്യ​മാ​യി ഒരു കാര്യം അറിയി​ച്ചു​കൊണ്ട്‌ അതു ഘോഷി​ക്കുക” എന്നാണ്‌. സന്ദേശം അറിയി​ക്കുന്ന രീതി​ക്കാണ്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നത്‌. ഒരു കൂട്ടത്തെ അഭിസം​ബോ​ധന ചെയ്‌ത്‌ നടത്തുന്ന പ്രഭാ​ഷ​ണ​ത്തെ​ക്കാൾ ഒരു കാര്യം എല്ലാവ​രോ​ടും പരസ്യ​മാ​യി ഘോഷി​ക്കു​ന്ന​തി​നെ​യാണ്‌ ഇതു പൊതു​വേ അർഥമാ​ക്കു​ന്നത്‌.

സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു: മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന ഒരു പുതിയ ഗവൺമെ​ന്റി​നെ​ക്കു​റി​ച്ചുള്ള ഈ സന്ദേശ​മാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​വി​ഷയം. (മത്ത 10:7; മർ 1:15) യേശു​വി​ന്റെ സ്‌നാ​ന​ത്തിന്‌ ഏതാണ്ട്‌ ആറു മാസം മുമ്പ്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ സമാന​മാ​യൊ​രു സന്ദേശം അറിയി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. (മത്ത 3:1, 2) എന്നാൽ ദൈവ​രാ​ജ്യം ‘സമീപി​ച്ചി​രി​ക്കു​ന്നു’ എന്നു യേശു പറഞ്ഞ​പ്പോൾ ആ വാക്കു​കൾക്കു കൂടുതൽ അർഥം കൈവന്നു, കാരണം അഭി​ഷേകം ചെയ്യപ്പെട്ട നിയു​ക്ത​രാ​ജാ​വെന്ന നിലയിൽ യേശു ഇപ്പോൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ മരണ​ശേഷം ശിഷ്യ​ന്മാർ ദൈവ​രാ​ജ്യം ‘സമീപി​ച്ചി​രി​ക്കു​ന്നു’ എന്നു ഘോഷി​ച്ച​താ​യി രേഖക​ളില്ല.

പ്രസം​ഗി​ക്കു​ക: അതായത്‌, പരസ്യ​മാ​യി ഘോഷി​ക്കുക.​—മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗലീല​ക്ക​ടൽ: വടക്കൻ ഇസ്രാ​യേ​ലി​ലെ ഒരു ശുദ്ധജല തടാകം. (“കടൽ” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “തടാകം” എന്നും അർഥം വരാം.) അതിനെ കിന്നേ​രെത്ത്‌ കടൽ എന്നും (സംഖ 34:11) ഗന്നേസ​രെത്ത്‌ തടാകം എന്നും (ലൂക്ക 5:1) തിബെ​ര്യാസ്‌ കടൽ എന്നും (യോഹ 6:1) വിളി​ച്ചി​ട്ടുണ്ട്‌. സമു​ദ്ര​നി​ര​പ്പിൽനി​ന്നും ശരാശരി 210 മീ. (700 അടി) താഴെ​യാണ്‌ ഇത്‌. തെക്കേ അറ്റംമു​തൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്‌; വീതി 12 കി.മീ.; ഏറ്റവും കൂടിയ ആഴം ഏതാണ്ട്‌ 48 മീ. (160 അടി)—അനു. എ7-ലെ “ഗലീല​ക്ക​ടൽത്തീ​രത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി കാണുക.

പത്രോസ്‌ എന്നു വിളി​ച്ചി​രുന്ന ശിമോൻ: അദ്ദേഹ​ത്തി​ന്റെ സ്വന്തം പേര്‌ ശിമോൻ എന്നായി​രു​ന്നു. യേശു പത്രോ​സി​നു നൽകിയ കേഫാ (കേഫാസ്‌) എന്ന അരമാ​യ​പേ​രി​ന്റെ ഗ്രീക്കു​രൂ​പ​മാണ്‌ പത്രോസ്‌ (പെട്രൊസ്‌).​—മർ 3:16; യോഹ 1:42; മത്ത 10:2-ന്റെ പഠനക്കു​റി​പ്പു കാണുക.

വല വീശുക: നിപു​ണ​നായ ഒരു മീൻപി​ടു​ത്ത​ക്കാ​രനു വൃത്താ​കൃ​തി​യി​ലുള്ള വല, ജലോ​പ​രി​ത​ല​ത്തിൽ നല്ലവണ്ണം പരന്നു​വീ​ഴുന്ന രീതി​യിൽ എറിയാൻ സാധി​ക്കു​മാ​യി​രു​ന്നു. വെള്ളത്തിൽ ഇറങ്ങി​നി​ന്നോ ചെറിയ വള്ളത്തിൽനി​ന്നോ ഇതു ചെയ്‌തി​രു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ ഈ വലയ്‌ക്ക്‌ 6-8 മീ. (20-25 അടി) വ്യാസം​വ​രും. വലയ്‌ക്കു ചുറ്റോ​ടു​ചു​റ്റും ഭാരമുള്ള എന്തെങ്കി​ലും ഘടിപ്പി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അതു പെട്ടെന്ന്‌ വെള്ളത്തിൽ താഴു​ക​യും മീനുകൾ അതിൽ അകപ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു.

മീൻപി​ടു​ത്ത​ക്കാർ: ഗലീല​യി​ലെ ഒരു സാധാ​ര​ണ​തൊ​ഴി​ലാ​യി​രു​ന്നു മീൻപി​ടു​ത്തം. പത്രോ​സും സഹോ​ദ​ര​നായ അന്ത്ര​യോ​സും ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്കു മത്സ്യബ​ന്ധനം നടത്തി​യി​രു​ന്ന​വരല്ല, മറിച്ച്‌ മറ്റുള്ള​വ​രോ​ടു ചേർന്ന്‌ മത്സ്യബ​ന്ധ​ന​ബി​സി​നെസ്സ്‌ നടത്തി​യി​രു​ന്ന​വ​രാ​യി​രു​ന്നു. തെളി​വ​നു​സ​രിച്ച്‌ സെബെ​ദി​യു​ടെ മക്കളായ യാക്കോ​ബും യോഹ​ന്നാ​നും ഇതിൽ പങ്കാളി​ക​ളാ​യി​രു​ന്നു.​—മർ 1:16-21; ലൂക്ക 5:7, 10.

പത്രോസ്‌ എന്നും പേരുള്ള ശിമോൻ: തിരു​വെ​ഴു​ത്തു​ക​ളിൽ പത്രോ​സി​ന്റെ അഞ്ച്‌ പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഗ്രീക്കു​രൂ​പം; (2) “ശിമോൻ” എന്ന ഗ്രീക്കു​പേര്‌. (ശിമ്യോൻ, ശിമോൻ എന്നീ പേരു​ക​ളു​ടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധി​ക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌.); (3) “പത്രോസ്‌.” (“പാറക്ക​ഷണം” എന്ന്‌ അർഥം വരുന്ന ഗ്രീക്കു​പേര്‌. തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ്‌ എന്നതിനു തത്തുല്യ​മായ അരമാ​യ​പേര്‌. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കെഫിം (പാറകൾ) എന്ന എബ്രാ​യ​പ​ദ​ത്തോട്‌ ഈ പേരിനു ബന്ധമു​ണ്ടാ​കാം.]; (5) ശിമോൻ, പത്രോസ്‌ എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്‌.”​—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.

മനുഷ്യ​രെ പിടി​ക്കു​ന്നവർ: ശിമോ​നും അന്ത്ര​യോ​സും ചെയ്‌തി​രുന്ന മീൻപി​ടു​ത്തം എന്ന തൊഴി​ലു​മാ​യി ബന്ധപ്പെ​ടു​ത്തി പറഞ്ഞത്‌. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി അവർ “മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കും” എന്ന്‌ ഇതു സൂചി​പ്പി​ച്ചു. (ലൂക്ക 5:10) എന്നാൽ ശിഷ്യ​രാ​ക്കൽവേ​ല​യും മീൻപി​ടു​ത്തം​പോ​ലെ​തന്നെ സ്ഥിരോ​ത്സാ​ഹ​ത്തോ​ടെ, പലർ ചേർന്ന്‌ ചെയ്യേണ്ട, ആയാസ​ക​ര​മായ ഒരു കാര്യ​മാ​യി​രി​ക്കു​മെ​ന്നും ചില​പ്പോ​ഴൊ​ക്കെ ആ പ്രവർത്ത​ന​ത്തി​നും വളരെ കുറച്ചു ഫലം മാത്രമേ ലഭിക്കൂ എന്നും ഉള്ള ഒരു സൂചന​യും അതിൽ ഉണ്ടായി​രു​ന്നി​രി​ക്കാം.

യേശു​വി​നെ അനുഗ​മി​ച്ചു: പത്രോ​സും അന്ത്ര​യോ​സും യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യിട്ട്‌ ഇപ്പോൾ ആറു മാസമോ ഒരു വർഷം​പോ​ലു​മോ ആയിക്കാ​ണും. (യോഹ 1:35-42) മത്സ്യബ​ന്ധ​ന​ബി​സി​നെസ്സ്‌ ഉപേക്ഷിച്ച്‌ തന്നെ മുഴു​സ​മയം അനുഗ​മി​ക്കാൻ യേശു ഇപ്പോൾ അവരെ ക്ഷണിക്കു​ക​യാണ്‌.​—ലൂക്ക 5:1-11; മത്ത 4:22-ന്റെ പഠനക്കു​റി​പ്പു കാണുക.

ഉടനെ . . . ഉപേക്ഷിച്ച്‌: ഇവിടെ “ഉടനെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യൂത്തി​യോസ്‌ എന്ന ഗ്രീക്കു​പദം 20-ാം വാക്യ​ത്തി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പത്രോ​സി​നെ​യും അന്ത്ര​യോ​സി​നെ​യും പോലെ, തന്നെ മുഴു​സ​മയം അനുഗ​മി​ക്കാ​നുള്ള യേശു​വി​ന്റെ ക്ഷണത്തോ​ടു യാക്കോ​ബും യോഹ​ന്നാ​നും പെട്ടെ​ന്നു​തന്നെ പ്രതി​ക​രി​ക്കു​ന്നു.

സെബെദി: സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​വി​ന്റെ അമ്മയായ മറിയ​യു​ടെ സഹോ​ദ​രി​യായ ശലോ​മ​യു​ടെ ഭർത്താവ്‌. അങ്ങനെ​യെ​ങ്കിൽ യോഹ​ന്നാ​നും യാക്കോ​ബും യേശു​വി​ന്റെ അടുത്ത ബന്ധുക്ക​ളാ​യി​രു​ന്നു.

യാക്കോ​ബും സഹോ​ദരൻ യോഹ​ന്നാ​നും: യാക്കോ​ബി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തെ​ല്ലാം സഹോ​ദ​ര​നായ യോഹ​ന്നാ​ന്റെ പേരും കാണാം. ഇതിൽ മിക്കയി​ട​ത്തും യാക്കോ​ബി​ന്റെ പേരാണ്‌ ആദ്യം. മൂത്തതു യാക്കോ​ബാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌.​—മത്ത 4:21; 10:2; 17:1; മർ 1:29; 3:17; 5:37; 9:2; 10:35, 41; 13:3; 14:33; ലൂക്ക 5:10; 6:14; 8:51; 9:28, 54; പ്രവൃ 1:13.

ഉടനെ . . . ഉപേക്ഷിച്ച്‌: ഇവിടെ “ഉടനെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യൂത്തി​യോസ്‌ എന്ന ഗ്രീക്കു​പദം 20-ാം വാക്യ​ത്തി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പത്രോ​സി​നെ​യും അന്ത്ര​യോ​സി​നെ​യും പോലെ, തന്നെ മുഴു​സ​മയം അനുഗ​മി​ക്കാ​നുള്ള യേശു​വി​ന്റെ ക്ഷണത്തോ​ടു യാക്കോ​ബും യോഹ​ന്നാ​നും പെട്ടെ​ന്നു​തന്നെ പ്രതി​ക​രി​ക്കു​ന്നു.

അവരെ പഠിപ്പി​ക്കുക: “പഠിപ്പി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിൽ, അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്ന​തും അതു വിശദീ​ക​രി​ക്കു​ന്ന​തും ന്യായ​വാ​ദ​ത്തി​ലൂ​ടെ കാര്യങ്ങൾ വ്യക്തമാ​ക്കു​ന്ന​തും തെളി​വു​കൾ നിരത്തു​ന്ന​തും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (മത്ത 3:1; 4:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യേശു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ന്നതു തുടർച്ച​യായ ഒരു പ്രക്രി​യ​യാണ്‌. യേശു പഠിപ്പി​ച്ച​തെ​ല്ലാം പഠിപ്പി​ക്കാ​നും യേശു​വി​ന്റെ ഉപദേ​ശങ്ങൾ അനുസ​രി​ക്കാ​നും യേശു​വി​ന്റെ മാതൃക അനുക​രി​ക്കാ​നും അവരെ പഠിപ്പി​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു.​—യോഹ 13:17; എഫ 4:21; 1പത്ര 2:21.

ഗലീല​യിൽ മുഴുവൻ ചുറ്റി​സ​ഞ്ച​രിച്ച്‌: പുതു​താ​യി തിര​ഞ്ഞെ​ടുത്ത നാലു ശിഷ്യ​ന്മാ​രോ​ടൊ​പ്പം (പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ) ഗലീല​യിൽ യേശു നടത്തിയ ആദ്യ​പ്ര​സം​ഗ​പ​ര്യ​ട​ന​ത്തി​ന്റെ തുടക്കം.​—മത്ത 4:18-22; അനു. എ7 കാണുക.

സിന​ഗോ​ഗു​കൾ: പദാവ​ലി​യിൽ “സിന​ഗോഗ്‌” കാണുക.

പഠിപ്പി​ക്കു​ക​യും . . . പ്രസം​ഗി​ക്കു​ക​യും: പഠിപ്പി​ക്ക​ലും പ്രസം​ഗി​ക്ക​ലും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. പ്രസം​ഗി​ക്കുന്ന ആൾ ഒരു കാര്യം ഘോഷി​ക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പി​ക്കു​ന്ന​യാൾ അതിലും കൂടുതൽ ചെയ്യു​ന്നുണ്ട്‌—അദ്ദേഹം അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്നു, വിശദീ​ക​രി​ക്കു​ന്നു, ബോധ്യം​വ​രു​ത്തുന്ന വാദങ്ങൾ ഉപയോ​ഗി​ക്കു​ന്നു, തെളി​വു​കൾ നിരത്തു​ന്നു.​—മത്ത 3:1; 28:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സന്തോ​ഷ​വാർത്ത: യുഅം​ഗേ​ലി​ഓൻ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ചില ബൈബി​ളു​കൾ ഇതിനെ “സുവി​ശേഷം” എന്നു വിവർത്തനം ചെയ്‌തി​ട്ടുണ്ട്‌. ഇതി​നോ​ടു ബന്ധമുള്ള യുഅം​ഗ​ലി​സ്റ്റേസ്‌ എന്ന ഗ്രീക്കു പദപ്ര​യോ​ഗം പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌ ‘സുവി​ശേ​ഷകൻ’ എന്നാണ്‌. ‘സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്നവൻ’ എന്നാണ്‌ അതിന്റെ അർഥം.​—പ്രവൃ 21:8; എഫ 4:11, അടിക്കു​റിപ്പ്‌; 2തിമ 4:5, അടിക്കു​റിപ്പ്‌.

പ്രസം​ഗി​ക്കു​ക: ഗ്രീക്കു​പ​ദ​ത്തി​ന്റെ പ്രധാ​നാർഥം “പരസ്യ​മാ​യി ഒരു കാര്യം അറിയി​ച്ചു​കൊണ്ട്‌ അതു ഘോഷി​ക്കുക” എന്നാണ്‌. സന്ദേശം അറിയി​ക്കുന്ന രീതി​ക്കാണ്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നത്‌. ഒരു കൂട്ടത്തെ അഭിസം​ബോ​ധന ചെയ്‌ത്‌ നടത്തുന്ന പ്രഭാ​ഷ​ണ​ത്തെ​ക്കാൾ ഒരു കാര്യം എല്ലാവ​രോ​ടും പരസ്യ​മാ​യി ഘോഷി​ക്കു​ന്ന​തി​നെ​യാണ്‌ ഇതു പൊതു​വേ അർഥമാ​ക്കു​ന്നത്‌.

സിറിയ: അതായത്‌ സിറിയ എന്ന റോമൻ സംസ്ഥാനം; ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പ്രദേ​ശ​മാ​യി​രു​ന്നു ഇത്‌. ദമസ്‌കൊ​സി​നും മെഡിറ്ററേനിയൻ കടലി​നും ഇടയിൽ, ഗലീല​യ്‌ക്കു വടക്കാ​യി​രു​ന്നു ഇതിന്റെ സ്ഥാനം.

അപസ്‌മാ​ര​രോ​ഗി​കൾ: ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “ചന്ദ്രബാ​ധ​യേറ്റ” എന്നാണ്‌. (പഴയ ചില പരിഭാ​ഷ​ക​ളിൽ “ചന്ദ്ര​രോ​ഗി​കൾ.”) എന്നാൽ മത്തായി ഈ പദം ഉപയോ​ഗി​ച്ചതു വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ അർഥത്തി​ലാണ്‌, അല്ലാതെ ഈ രോഗ​ത്തി​നു ചന്ദ്രനു​മാ​യി ബന്ധമു​ണ്ടെന്ന അന്ധവി​ശ്വാ​സത്തെ പിന്തു​ണ​യ്‌ക്കാ​നാ​യി​രു​ന്നില്ല. മത്തായി​യും മർക്കൊ​സും ലൂക്കോ​സും വിവരി​ക്കുന്ന രോഗ​ല​ക്ഷ​ണങ്ങൾ അപസ്‌മാ​ര​ത്തി​ന്റേ​തു​ത​ന്നെ​യാണ്‌.

ദക്കപ്പൊ​ലി: പദാവ​ലി​യും അനു. ബി10-ഉം കാണുക.

യോർദാന്‌ അക്കരെ: തെളി​വ​നു​സ​രിച്ച്‌ ഇവിടെ യോർദാൻ നദിക്കു കിഴക്കുള്ള പ്രദേ​ശത്തെ കുറി​ക്കു​ന്നു. പെരിയ (“മറുവശം; അപ്പുറം” എന്ന്‌ അർഥം വരുന്ന പെരാൻ എന്ന ഗ്രീക്കു​പ​ദ​ത്തിൽനി​ന്നു​ള്ളത്‌.) എന്നും ഇത്‌ അറിയ​പ്പെ​ടു​ന്നു.

ദൃശ്യാവിഷ്കാരം

യഹൂദ്യ വിജന​ഭൂ​മി, യോർദാൻ നദിക്കു പടിഞ്ഞാറ്‌
യഹൂദ്യ വിജന​ഭൂ​മി, യോർദാൻ നദിക്കു പടിഞ്ഞാറ്‌

യോഹ​ന്നാൻ സ്‌നാ​പകൻ തന്റെ ശുശ്രൂഷ ആരംഭി​ച്ച​തും പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​തും ഈ തരിശു​ഭൂ​മി​യിൽവെ​ച്ചാണ്‌.

വിജന​ഭൂ​മി
വിജന​ഭൂ​മി

ബൈബി​ളിൽ വിജന​ഭൂ​മി എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദങ്ങൾ (എബ്രാ​യ​യിൽ മിദ്‌ബാർ; ഗ്രീക്കിൽ എറേ​മൊസ്‌) പൊതു​വേ സൂചി​പ്പി​ക്കു​ന്നത്‌ അധികം ജനവാ​സ​മി​ല്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങ​ളെ​യാണ്‌. മരങ്ങ​ളൊ​ന്നും ഇല്ലാതെ കുറ്റി​ച്ചെ​ടി​ക​ളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്ത​കി​ടി​കൾപോ​ലും ഇതിൽപ്പെ​ടും. ഉണങ്ങി​വരണ്ട മരുഭൂ​മി​കളെ കുറി​ക്കാ​നും ഈ പദത്തി​നാ​കും. സുവി​ശേ​ഷ​ങ്ങ​ളിൽ പൊതു​വേ വിജന​ഭൂ​മി എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ യഹൂദ്യ വിജന​ഭൂ​മി​യെ ആണ്‌. യോഹ​ന്നാൻ സ്‌നാ​പകൻ ജീവി​ച്ച​തും പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തും പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​തും ഇവി​ടെ​വെ​ച്ചാണ്‌.—മർ 1:12.

ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തിൽ
ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തിൽ

താഴേക്കു ചാടാൻ പറയു​ന്ന​തി​നു മുമ്പ്‌ സാത്താൻ യേശു​വി​നെ അക്ഷരാർഥ​ത്തിൽ “ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തി​ലി​ന്മേൽ (അഥവാ “ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌”)” നിറു​ത്തി​ക്കാ​ണും. പക്ഷേ യേശു നിന്നി​രി​ക്കാൻ സാധ്യ​ത​യുള്ള കൃത്യ​സ്ഥലം നമുക്ക്‌ അറിയില്ല. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘ദേവാ​ലയം’ എന്ന പദത്തിനു ദേവാ​ല​യ​സ​മു​ച്ച​യത്തെ മുഴു​വ​നാ​യി കുറി​ക്കാ​നാ​കു​ന്ന​തു​കൊണ്ട്‌ യേശു നിന്നത്‌ ആലയവ​ള​പ്പി​ന്റെ തെക്കു​കി​ഴക്കേ മൂലയ്‌ക്കാ​യി​രി​ക്കാം (1). യേശു നിന്ന സ്ഥലം ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ന്റെ മറ്റൊരു മൂലയാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. ഇതിൽ എവി​ടെ​നിന്ന്‌ വീണാ​ലും യഹോവ ഇടപെ​ട്ടി​ല്ലെ​ങ്കിൽ മരണം ഉറപ്പാ​യി​രു​ന്നു.

ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച
ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച

1. ഗന്നേസ​രെത്ത്‌ സമഭൂമി. ത്രി​കോ​ണാ​കൃ​തി​യി​ലുള്ള ഫലഭൂ​യി​ഷ്‌ഠ​മായ ഈ പ്രദേ​ശ​ത്തിന്‌ ഏതാണ്ട്‌ 5 കി.മീ. നീളവും 2.5 കി.മീ. വീതി​യും ഉണ്ടായി​രു​ന്നു. ഗന്നേസ​രെ​ത്തി​ന്റെ തീര​പ്ര​ദേ​ശ​ത്തു​വെ​ച്ചാണ്‌ യേശു മീൻപി​ടു​ത്ത​ക്കാ​രായ പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവരെ തന്നോ​ടൊ​പ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്‌.—മത്ത 4:18-22.

2. യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷണം ഇവി​ടെ​യുള്ള മലയിൽവെ​ച്ചാ​യി​രു​ന്നെന്നു പരമ്പരാ​ഗ​ത​മാ​യി വിശ്വ​സി​ച്ചു​പോ​രു​ന്നു.—മത്ത 5:1; ലൂക്ക 6:17, 20.

3. കഫർന്ന​ഹൂം. യേശു ഈ നഗരത്തിൽ താമസി​ച്ചി​രു​ന്നു. കഫർന്ന​ഹൂ​മിൽവെ​ച്ചോ അതിന്‌ അടുത്തു​വെ​ച്ചോ ആണ്‌ യേശു മത്തായി​യെ കണ്ടുമു​ട്ടി​യത്‌.—മത്ത 4:13; 9:1, 9.

വല വീശുന്നു
വല വീശുന്നു

ഗലീല​ക്ക​ട​ലി​ലെ മുക്കുവർ മീൻ പിടി​ക്കാൻ രണ്ടു തരം വലകളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌: ചെറിയ മീനു​കളെ പിടി​ക്കാൻ ചെറിയ കണ്ണിയുള്ള വലയും വലിയ​വയെ പിടി​ക്കാൻ വലിയ കണ്ണിയു​ള്ള​വ​യും. വലിയ വല ഇറക്കി മീൻപി​ടി​ക്കാൻ കുറഞ്ഞത്‌ ഒരു വള്ളവും ധാരാളം ആളുക​ളും ആവശ്യ​മാ​യി​രു​ന്നെ​ങ്കിൽ ഇത്തരം വീശുവല ഒരാൾക്ക്‌ ഒറ്റയ്‌ക്കു കൈകാ​ര്യം ചെയ്യാ​മാ​യി​രു​ന്നു. വള്ളത്തി​ലോ കരയി​ലോ നിന്നു​കൊ​ണ്ടോ വെള്ളത്തി​ലേക്ക്‌ അൽപ്പം ഇറങ്ങി​നി​ന്നു​കൊ​ണ്ടോ ആണ്‌ ഈ വല വീശി​യി​രു​ന്നത്‌. 5 മീറ്ററോ (15 അടി) അതിൽ അധിക​മോ വ്യാസ​മു​ണ്ടാ​യി​രുന്ന ഇത്തരം വലകളു​ടെ വിളു​മ്പിൽ കല്ലുക​ളോ ഈയക്ക​ട്ടി​ക​ളോ പിടി​പ്പി​ച്ചി​രി​ക്കും. കൃത്യ​മാ​യി എറിഞ്ഞാൽ ഇതു വെള്ളത്തിൽ നല്ലവണ്ണം പരന്ന്‌ വീഴു​മാ​യി​രു​ന്നു. ഭാരക്ക​ട്ടി​കൾ പിടി​പ്പി​ച്ചി​രി​ക്കുന്ന വിളുമ്പ്‌ ജലാശ​യ​ത്തി​ന്റെ അടിത്ത​ട്ടി​ലേക്കു പെട്ടെന്നു താഴു​മ്പോൾ മീൻ ആ വലയ്‌ക്കു​ള്ളിൽ പെടും. വലയിൽ കുടു​ങ്ങിയ മീൻ എടുക്കാൻ ഒന്നുകിൽ മുക്കുവൻ വെള്ളത്തി​ലേക്കു മുങ്ങാം​കു​ഴി​യി​ടും അല്ലെങ്കിൽ ആ വല ശ്രദ്ധ​യോ​ടെ കരയി​ലേക്കു വലിച്ചു​ക​യ​റ്റും. ഇങ്ങനെ മീൻ പിടി​ക്കാൻ നല്ല വൈദ​ഗ്‌ധ്യ​വും കഠിനാ​ധ്വാ​ന​വും ആവശ്യ​മാ​യി​രു​ന്നു.

ഗലീല​ക്ക​ട​ലി​ലെ മീനുകൾ
ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ഗലീല​ക്ക​ട​ലി​ലെ മീനു​ക​ളെ​യും മീൻപി​ടു​ത്ത​ക്കാ​രെ​യും മത്സ്യബ​ന്ധ​ന​ത്തെ​യും കുറിച്ച്‌ ബൈബി​ളിൽ ധാരാളം പരാമർശ​ങ്ങ​ളുണ്ട്‌. ഗലീല​ക്ക​ട​ലിൽ ഏതാണ്ട്‌ 18 ഇനം മത്സ്യങ്ങൾ കാണ​പ്പെ​ടു​ന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടി​ക്കാ​റു​ള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണി​ജ്യ​പ്രാ​ധാ​ന്യ​മുള്ള മൂന്നു ഗണമായി തിരി​ക്കാം. ഒന്നാമ​ത്തേതു ബിന്നി എന്നും ബാർബൽ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, ബാർബസ്‌ ലോഞ്ചി​സെ​പ്‌സ്‌ ) (1) എന്നും അറിയ​പ്പെ​ടു​ന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന്‌ ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവ​ശ​ത്തു​മാ​യി സ്‌പർശ​ന​ശ​ക്തി​യുള്ള മീശയുണ്ട്‌. ബാർബ​ലി​ന്റെ സെമി​റ്റിക്ക്‌ പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്‌. കക്കയും ഒച്ചും ചെറു​മീ​നു​ക​ളും ആണ്‌ അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബ​ലിന്‌ 75 സെ.മീ. (30 ഇഞ്ച്‌) നീളവും 7 കിലോ​ഗ്രാ​മി​ല​ധി​കം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ്‌ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, തിലാ​പ്പിയ ഗലീലിയ) (2) എന്ന്‌ അറിയ​പ്പെ​ടു​ന്നു. അറബി​യിൽ ആ വാക്കിന്റെ അർഥം “ചീപ്പ്‌” എന്നാണ്‌. ഈ ഗണത്തിൽപ്പെട്ട അഞ്ച്‌ ഇനം മീനു​ക​ളു​ടെ മുതു​കി​ലെ ചിറകി​നു ചീപ്പി​നോ​ടു സാമ്യ​മു​ള്ള​തു​കൊ​ണ്ടാണ്‌ ആ പേര്‌ വന്നിരി​ക്കു​ന്നത്‌. മുഷ്‌റ്റ്‌ വർഗത്തിൽപ്പെട്ട ഒരിനം മീനിന്‌ 45 സെ.മീ. (18 ഇഞ്ച്‌) നീളവും ഏതാണ്ട്‌ 2 കി.ഗ്രാം തൂക്കവും വരും. കിന്നേ​രെത്ത്‌ മത്തി (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, അക്കൻത​ബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന്‌ അറിയ​പ്പെ​ടുന്ന മൂന്നാ​മത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്‌. പുരാ​ത​ന​കാ​ലം മുതലേ ഈ മീൻ അച്ചാറിട്ട്‌ സൂക്ഷി​ക്കാ​റുണ്ട്‌.

ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം
ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ച​യിൽ ഗലീല​ക്ക​ട​ലി​ലെ ജലനി​രപ്പു താഴ്‌ന്ന​പ്പോൾ ചെളി​യിൽ ആണ്ടുകി​ടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളി​ഞ്ഞു​വന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചു​പോ​യി​രു​ന്നെ​ങ്കി​ലും പുറ​ത്തെ​ടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതി​യും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായി​രു​ന്നു. ഇതു നിർമി​ച്ചതു ബി.സി. ഒന്നാം നൂറ്റാ​ണ്ടി​നും എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​നും ഇടയ്‌ക്കാ​ണെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇന്ന്‌ അത്‌ ഇസ്രാ​യേ​ലി​ലെ ഒരു മ്യൂസി​യ​ത്തിൽ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷം​മുമ്പ്‌ അത്‌ ഉപയോ​ഗ​ത്തി​ലി​രു​ന്ന​പ്പോ​ഴത്തെ രൂപം പുനഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാണ്‌ ഈ വീഡി​യോ​യിൽ.

ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം
ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

ഒന്നാം നൂറ്റാ​ണ്ടോ​ളം പഴക്കമുള്ള ചില പുരാ​വ​സ്‌തു​ക്കളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്രം വരച്ചി​രി​ക്കു​ന്നത്‌. ഗലീല​ക്ക​ട​ലി​ന്റെ തീരത്തിന്‌ അടുത്ത്‌ ചെളി​യിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശി​ഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോ​ര​പ്പ​ട്ട​ണ​ത്തി​ലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാ​ര​പ്പണി എന്നിവ​യാണ്‌ അതിന്‌ ആധാരം. പായ്‌മ​ര​വും പായും പിടി​പ്പി​ച്ചി​രുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാ​രും ഒരു അമരക്കാ​ര​നും ഉൾപ്പെടെ അഞ്ചു ജോലി​ക്കാർ ഉണ്ടായി​രു​ന്നി​രി​ക്കാം. അമരക്കാ​രനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമു​ണ്ടാ​യി​രുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാ​ഗത്ത്‌ 2.5 മീ (8 അടി) വീതി​യും 1.25 മീ. (4 അടി) ഉയരവും ഉണ്ടായി​രു​ന്നി​രി​ക്കാം. കുറഞ്ഞത്‌ 13 പേരെ​ങ്കി​ലും ഇതിൽ കയറു​മാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു.

വല നന്നാക്കുന്നു
വല നന്നാക്കുന്നു

മീൻ പിടി​ക്കാ​നുള്ള വലകൾക്കു വലിയ വില വരുമാ​യി​രു​ന്നു. അതു നല്ല നിലയിൽ സൂക്ഷി​ക്കാൻ നന്നായി പ്രയത്‌നി​ക്ക​ണ​മാ​യി​രു​ന്നു. ഒരു മീൻപി​ടു​ത്ത​ക്കാ​രൻ, സമയത്തി​ന്റെ നല്ലൊരു ഭാഗം വലകൾ കേടു​പോ​ക്കാ​നും കഴുകി​യു​ണ​ക്കാ​നും വേണ്ടി ചെലവ​ഴി​ച്ചി​രു​ന്നു. ഓരോ പ്രാവ​ശ്യ​വും മീൻ പിടുത്തം കഴിഞ്ഞ്‌ എത്തു​മ്പോൾ ചെയ്‌തി​രുന്ന പണിയാണ്‌ ഇത്‌. (ലൂക്ക 5:2) മീൻ പിടി​ക്കുന്ന വലക​ളെ​ക്കു​റിച്ച്‌ പറയാൻ മത്തായി മൂന്നു ഗ്രീക്കു​പ​ദങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അതിൽ ഡിക്‌ടു​വൊൻ എന്നതു തെളി​വ​നു​സ​രിച്ച്‌ പലതരം വലകളെ കുറി​ക്കുന്ന വിശാ​ല​മായ അർഥമുള്ള പദമാണ്‌. (മത്ത 4:21) വള്ളത്തിൽനിന്ന്‌ കടലി​ലേക്ക്‌ ഇറക്കി​യി​രുന്ന വലിയ വലക​ളെ​യാണ്‌ സഗീനി എന്ന ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌. (മത്ത 13:47, 48) “എറിയുന്ന” എന്ന്‌ അർഥം വരുന്ന ആംഫി​ബ്‌ളീ​സ്‌​ട്രൊൻ എന്ന ഗ്രീക്കു​പദം താരത​മ്യേന വലുപ്പം കുറഞ്ഞ വലക​ളെ​യാ​ണു കുറി​ക്കു​ന്നത്‌. തീരത്ത്‌ നിന്നു​കൊ​ണ്ടോ വെള്ളത്തി​ലേക്ക്‌ അല്‌പം ഇറങ്ങി​നി​ന്നോ, ആഴം കുറഞ്ഞ ഭാഗങ്ങ​ളിൽ വീശി​യി​രുന്ന വലകളാ​യി​രു​ന്നി​രി​ക്കാം ഇവ.—മത്ത 4:18.

ഒന്നാം നൂറ്റാ​ണ്ടി​ലെ സിന​ഗോഗ്‌
ഒന്നാം നൂറ്റാ​ണ്ടി​ലെ സിന​ഗോഗ്‌

ഗലീല​ക്ക​ട​ലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കു​കി​ഴ​ക്കുള്ള ഗാംലാ​യിൽ കണ്ടെത്തിയ സിന​ഗോ​ഗി​ന്റെ (ഒന്നാം നൂറ്റാ​ണ്ടി​ലേത്‌) ചില സവി​ശേ​ഷ​തകൾ ഉൾപ്പെ​ടു​ത്തി തയ്യാറാ​ക്കിയ മാതൃക. പണ്ടത്തെ ഒരു സിന​ഗോ​ഗി​ന്റെ ഏകദേ​ശ​രൂ​പം മനസ്സി​ലാ​ക്കാൻ ഇതു നമ്മളെ സഹായി​ക്കു​ന്നു.