പാഠം 1
ആത്മനിയന്ത്രണത്തിന്റെ പ്രയോജനങ്ങൾ
എന്താണ് ആത്മനിയന്ത്രണം?
ആത്മനിയന്ത്രണത്തിൽ ഉൾപ്പെടുന്നതാണ്. . .
-
കാത്തിരിക്കാനുള്ള കഴിവ്
-
ആഗ്രഹങ്ങൾ അടക്കാനുള്ള കഴിവ്
-
ഇഷ്ടമില്ലാത്ത പണികൾ ചെയ്തുതീർക്കാനുള്ള മനസ്സ്
-
മറ്റുള്ളവരെ പരിഗണിക്കുന്നത്
ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം
നല്ല ആത്മനിയന്ത്രണമുള്ള കുട്ടികൾക്കു പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാൻ കഴിയും. അവർ ഇഷ്ടമുള്ള കാര്യങ്ങൾപോലും വേണ്ടെന്നുവെച്ചേക്കാം. എന്നാൽ ആത്മനിയന്ത്രണമില്ലാത്ത കുട്ടികൾ
-
വഴക്കിട്ടേക്കാം
-
വിഷമിച്ചിരുന്നേക്കാം
-
പുകയില, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചേക്കാം
-
ഗുണമില്ലാത്ത ഭക്ഷണം കഴിച്ചേക്കാം
നല്ല ആത്മനിയന്ത്രണമുള്ള കുട്ടികൾക്ക്, വലുതാകുമ്പോൾ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തികപ്രശ്നങ്ങളും കുറവായിരിക്കുമെന്നു മാത്രമല്ല, അവർ നിയമം അനുസരിക്കുന്നവരുമായിരിക്കും, എന്നാണ് ഒരു പഠനം കാണിക്കുന്നത്. ഈ പഠനത്തിൽനിന്ന്, പെൻസിൽവേനിയ സർവകലാശാലയിലെ പ്രൊഫസ്സറായ ആഞ്ചലേ ഡക്ക്വർത്ത് ഈ നിഗമനത്തിലെത്തി: “ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ ‘ഇതു കുറച്ച് കൂടിപ്പോയി’ എന്നു പറയേണ്ടിവരില്ല.”
ആത്മനിയന്ത്രണം എങ്ങനെ പഠിപ്പിക്കാം?
പറ്റില്ലെന്നു പറഞ്ഞാൽ പറ്റില്ലെന്നായിരിക്കണം.
ബൈബിൾതത്ത്വം: “നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.”—മത്തായി 5:37.
മാതാപിതാക്കളുടെ തീരുമാനം മാറ്റാൻവേണ്ടി ചില കുഞ്ഞുകുട്ടികൾ മറ്റുള്ളവരുടെ മുമ്പിൽവെച്ചുപോലും പിടിവാശി കാണിച്ചേക്കാം. ആ പിടിവാശിയിൽ മാതാപിതാക്കൾ വീണാൽ, നടക്കില്ലെന്നു പറഞ്ഞ കാര്യവും നടത്തിക്കിട്ടാൻ വാശിപിടിച്ചാൽ മതിയെന്നു കുട്ടി മനസ്സിലാക്കും.
എന്നാൽ പറ്റില്ലെന്നു പറഞ്ഞ കാര്യം പറ്റില്ലെന്നുതന്നെവെച്ചാൽ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കുട്ടി പഠിക്കും. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും നമുക്കു കിട്ടില്ലെന്ന പാഠം. ഡോക്ടർ ഡേവിഡ് വോൾഷ് ഇങ്ങനെ എഴുതുന്നു: “സത്യം പറഞ്ഞാൽ ഈ പാഠം പഠിച്ചവരാണു കൂടുതൽ സംതൃപ്തർ. ആഗ്രഹിക്കുന്നതൊക്കെ ലോകം വാരിക്കോരി തരുമെന്നു പഠിപ്പിച്ചുകൊണ്ട് മക്കളെ വളർത്തുന്നത് അവരോടുള്ള സ്നേഹമില്ലായ്മയാണ്.” *
പറ്റില്ലെന്നു കുട്ടികളോട് ഇപ്പോൾ പറയുന്നതു നാളെ സ്വയം പറ്റില്ലെന്നു പറയാൻ കുട്ടിയെ സഹായിക്കും; ഉദാഹരണത്തിന്, മയക്കുമരുന്ന് ഉപയോഗിക്കാനോ വിവാഹത്തിനു
മുമ്പ് ലൈംഗികതയിൽ ഏർപ്പെടാനോ മറ്റു മോശം കാര്യങ്ങൾ ചെയ്യാനോ ഉള്ള പ്രലോഭനം വരുമ്പോൾ.ചെയ്യുന്ന കാര്യങ്ങളുടെ ഫലം എന്താണെന്നു മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുക.
ബൈബിൾതത്ത്വം: “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
ഓരോ പ്രവൃത്തിക്കും അതിന്റേതായ ഫലമുണ്ടാകുമെന്നു നിങ്ങളുടെ കുട്ടി മനസ്സിലാക്കണം. ആത്മനിയന്ത്രണമില്ലാതെ പ്രവർത്തിച്ചാൽ അത്ര സുഖകരമല്ലാത്ത അനുഭവമായിരിക്കും ലഭിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മകൻ പെട്ടെന്നു ദേഷ്യപ്പെടുന്ന ഒരു സ്വഭാവക്കാരനാണെങ്കിൽ മറ്റുള്ളവർ അവനെ ഒഴിവാക്കും. എന്നാൽ മറ്റുള്ളവർ പ്രകോപിപ്പിക്കുമ്പോൾപ്പോലും ദേഷ്യപ്പെടാതെ ക്ഷമയോടെ പ്രവർത്തിച്ചാൽ മറ്റുള്ളവർ അവനോട് അടുക്കും. ആത്മനിയന്ത്രണത്തോടെ പ്രവർത്തിച്ചാൽ നല്ല ഫലങ്ങൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നു കുട്ടിക്കു മനസ്സിലാക്കിക്കൊടുക്കുക.
മുൻഗണന വെക്കാൻ കുട്ടിയെ പഠിപ്പിക്കുക.
ബൈബിൾതത്ത്വം: ‘പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് മാറിനിൽക്കുന്നതു മാത്രമല്ല ആത്മനിയന്ത്രണത്തിൽ ഉൾപ്പെടുന്നത്. അത്ര രസകരമല്ലാത്തതും പക്ഷേ ചെയ്യേണ്ടതുമായ കാര്യങ്ങൾ ചെയ്യുന്നതും അതിൽ ഉൾപ്പെടുന്നു. എങ്ങനെ മുൻഗണന വെച്ച് അതിനോടു പറ്റിനിൽക്കണം എന്ന കാര്യവും കുട്ടി പഠിക്കണം. പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുടെ കുട്ടി ആദ്യം ചെയ്യുന്നുണ്ടോ? ഉദാഹരണത്തിന്, കളിക്കാൻ പോകുന്നതിനു മുമ്പ് കുട്ടി ഹോംവർക്കു ചെയ്യാറുണ്ടോ?
നല്ല മാതൃക വെക്കുക.
ബൈബിൾതത്ത്വം: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.”—യോഹന്നാൻ 13:15.
അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നതെന്നു നിങ്ങളുടെ കുട്ടി ശ്രദ്ധിക്കും. ആത്മനിയന്ത്രണം കാണിച്ചാൽ നല്ല ഫലമുണ്ടാകുമെന്നു നിങ്ങളുടെ മാതൃകയിലൂടെ കാണിച്ചുകൊടുക്കുക. ഉദാഹരണത്തിന്, കുട്ടി നിങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ദേഷ്യപ്പെടുമോ അതോ ശാന്തനായിരിക്കുമോ?
^ ഖ. 20 പറ്റില്ല: എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ കേൾക്കേണ്ടത് എന്തുകൊണ്ട്—മാതാപിതാക്കൾക്ക് അത് എങ്ങനെ പറയാം? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.