വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 3

എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം?

എങ്ങനെ മനക്കട്ടിയുള്ളവരായിരിക്കാം?

എന്താണു മനക്കട്ടി?

മനക്കട്ടിയുള്ള ഒരാൾ പ്രതിബന്ധങ്ങളിൽനിന്നും നിരാശകളിൽനിന്നും പെട്ടെന്നു തിരിച്ചുവരും. അനുഭവത്തിലൂടെയാണ്‌ ഈ കഴിവ്‌ വരുന്നത്‌. ഒരു തവണപോലും വീഴാതെ നടത്തം പഠിക്കാൻ പറ്റാത്തതുപോലെ ജീവിതത്തിൽ ചില തിരിച്ചടികൾ നേരിടാതെ ഒരു കുട്ടിക്കും എങ്ങനെ വിജയിക്കാമെന്നു പഠിക്കാൻ കഴിയില്ല.

മനക്കട്ടിയുടെ പ്രാധാന്യം

തോൽവിയോ പ്രയാസമോ വിമർശനമോ നേരിടുമ്പോൾ ചില കുട്ടികൾ ആകെ വിഷമിച്ചുപോകുന്നു. മറ്റു ചിലർ മടുത്ത്‌ ഇട്ടിട്ടുപോകുന്നു. എന്നാൽ അവർ പിൻവരുന്ന വസ്‌തുതകൾ മനസ്സിൽപ്പിടിക്കണം:

  • ചില പരിശ്രമങ്ങൾ പരാജയപ്പെട്ടേക്കാം.—യാക്കോബ്‌ 3:2.

  • എല്ലാവർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും പ്രയാസസാഹചര്യങ്ങൾ അനുഭവിക്കേണ്ടിവരും.—സഭാപ്രസംഗകൻ 9:11.

  • മെച്ചപ്പെടുന്നതിനു തിരുത്തൽ ആവശ്യമാണ്‌.—സുഭാഷിതങ്ങൾ 9:9.

ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ആത്മവിശ്വാസത്തോടെ നേരിടാൻ മനക്കട്ടി നിങ്ങളുടെ കുട്ടിയെ സഹായിക്കും.

മനക്കട്ടിയുള്ളവരാകാൻ എങ്ങനെ പഠിപ്പിക്കാം?

നിങ്ങളുടെ കുട്ടി തോറ്റുപോയാൽ.

ബൈബിൾതത്ത്വം: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും.”—സുഭാഷിതങ്ങൾ 24:16.

പ്രശ്‌നം ഗൗരവമുള്ളതാണോ എന്നു മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുക. ഉദാഹരണത്തിന്‌, പരീക്ഷയ്‌ക്കു തോറ്റാൽ കുട്ടി എന്തു ചെയ്യും? “എന്നെക്കൊണ്ട്‌ ഇതൊന്നും പറ്റില്ല” എന്നു പറഞ്ഞ്‌ കുട്ടി ശ്രമം ഉപേക്ഷിച്ചേക്കാം.

അടുത്ത തവണ എങ്ങനെ മെച്ചമായി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു ചിന്തിക്കാൻ കുട്ടിയെ സഹായിക്കുക. അപ്പോൾ കുട്ടി പ്രശ്‌നത്തിൽ വീണുപോകുന്നതിനുപകരം പ്രശ്‌നം പരിഹരിക്കാൻ പഠിക്കും.

എന്നാൽ പ്രശ്‌നം നിങ്ങളായിട്ട്‌ പരിഹരിക്കാൻ നോക്കരുത്‌, പകരം സ്വയം പരിഹരിക്കാൻ കുട്ടിയെ സഹായിക്കുക. വേണമെങ്കിൽ ഇങ്ങനെ ചോദിക്കാം: “പഠിപ്പിക്കുന്ന കാര്യങ്ങൾ നന്നായിട്ട്‌ മനസ്സിലാകാൻ നിനക്ക്‌ എന്തു ചെയ്യാൻ പറ്റും?”

പ്രയാസങ്ങളുണ്ടാകുമ്പോൾ.

ബൈബിൾതത്ത്വം: “നാളെ നിങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക്‌ അറിയില്ലല്ലോ.”—യാക്കോബ്‌ 4:14.

ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണ്‌. ഇന്നത്തെ പണക്കാരൻ നാളത്തെ ഭിക്ഷക്കാരനായേക്കാം. ഇന്ന്‌ ആരോഗ്യത്തോടെ ഇരിക്കുന്നയാൾ നാളെ രോഗിയായിത്തീർന്നേക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല. . . . കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.”—സഭാപ്രസംഗകൻ 9:11.

അപകടങ്ങളിൽനിന്ന്‌ മക്കളെ സംരക്ഷിക്കാൻ ന്യായമായ പല കാര്യങ്ങളും മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾ ചെയ്യുന്നുണ്ട്‌. എന്നാൽ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രയാസസാഹചര്യങ്ങളിൽനിന്നും മക്കളെ സംരക്ഷിക്കാൻ നിങ്ങൾക്കു കഴിയില്ല എന്നതാണു സത്യം.

ജോലി നഷ്ടപ്പെടുന്നതിന്റെയോ സാമ്പത്തികതിരിച്ചടി നേരിടുന്നതിന്റെയോ ബുദ്ധിമുട്ട്‌ അനുഭവിക്കാനുള്ള പ്രായം നിങ്ങളുടെ കുട്ടിക്ക്‌ ആയിക്കാണില്ല. എങ്കിലും മറ്റു പ്രയാസസാഹചര്യങ്ങളുമായി ഒത്തുപോകാൻ നിങ്ങൾക്കു കുട്ടിയെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്‌, സുഹൃദ്‌ബന്ധം തകരുകയോ ഒരു കുടുംബാംഗം മരിച്ചുപോകുകയോ ചെയ്യുമ്പോൾ. *

കുട്ടിക്കു ഗുണദോഷം കിട്ടുമ്പോൾ.

ബൈബിൾതത്ത്വം: ‘ഉപദേശം ശ്രദ്ധിച്ചാൽ ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.’—സുഭാഷിതങ്ങൾ 19:20.

നന്നാകാൻവേണ്ടി കൊടുക്കുന്ന ഗുണദോഷം കുറ്റപ്പെടുത്തലല്ല. മാറ്റം വരുത്തേണ്ട ഏതെങ്കിലും സ്വഭാവരീതിയോ മനോഭാവമോ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്‌ നൽകുന്ന ഒരു നിർദേശമാണ്‌ അത്‌.

തിരുത്തൽ സ്വീകരിക്കാൻ കുട്ടിക്കു പരിശീലനം കൊടുത്താൽ അത്‌ ഇരുകൂട്ടർക്കും പ്രയോജനം ചെയ്യും. ജോൺ എന്നൊരു പിതാവ്‌ ഇങ്ങനെ പറയുന്നു: “മക്കളെ പ്രശ്‌നങ്ങളിൽനിന്ന്‌ എപ്പോഴും രക്ഷിക്കാൻ നോക്കിയാൽ അവർ ഒരിക്കലും പഠിക്കില്ല. ഒരു പ്രശ്‌നത്തിൽനിന്ന്‌ മറ്റൊരു പ്രശ്‌നത്തിലേക്ക്‌ അവർ ചാടിക്കൊണ്ടിരിക്കും. ജീവിതകാലം മുഴുവൻ നിങ്ങൾ അവരുടെ പ്രശ്‌നം പരിഹരിച്ചുകൊണ്ട്‌ നടക്കേണ്ടിവരും. അതു മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവിതം കഷ്ടത്തിലാക്കും.”

നന്നാകാൻവേണ്ടി കൊടുക്കുന്ന ഗുണദോഷത്തിൽനിന്ന്‌ പ്രയോജനം നേടാൻ കുട്ടിയെ എങ്ങനെ സഹായിക്കാം? സ്‌കൂളിൽവെച്ചോ മറ്റ്‌ എവിടെയെങ്കിലുംവെച്ചോ നിങ്ങളുടെ കുട്ടിക്കു ഗുണദോഷം കിട്ടിയാൽ ‘അത്‌ അന്യായമായി പോയി,’ ‘ശരിയായില്ല’ എന്നൊക്കെ പറയുന്നതിനു പകരം നിങ്ങൾക്കു കുട്ടിയോട്‌ ഇങ്ങനെ ചോദിക്കാം:

  • “എന്തിനായിരിക്കും നിനക്ക്‌ ഇങ്ങനെയൊരു തിരുത്തൽ കിട്ടിയത്‌?”

  • “അക്കാര്യത്തിൽ നിനക്ക്‌ എങ്ങനെ മെച്ചപ്പെടാം?”

  • “ഇനി ഇങ്ങനെയുണ്ടായാൽ നീ എന്തു ചെയ്യും?”

ഓർക്കുക: ഗുണദോഷം കിട്ടുന്നതു കുട്ടിക്ക്‌ ഇപ്പോൾ മാത്രമല്ല ഭാവിയിലും പ്രയോജനം ചെയ്യും.

^ ഖ. 21 2008 ജൂലൈ 1 വീക്ഷാഗോപുരത്തിലെ, ദുഃഖഭാരവുമായി ഒത്തുപോകാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.