വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 4

എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം?

എങ്ങനെ ഉത്തരവാദിത്വബോധമുള്ളവരാകാം?

എന്താണ്‌ ഉത്തരവാദിത്വബോധത്തിൽ ഉൾപ്പെടുന്നത്‌?

ഉത്തരവാദിത്വബോധമുള്ളവർ ആശ്രയയോഗ്യരായിരിക്കും. ഏൽപ്പിച്ച പണി അവർ സമയത്ത്‌, കൃത്യമായി ചെയ്‌തുതീർക്കും.

പരിമിതമായ കഴിവുകളാണു ചെറിയ കുട്ടികൾക്ക്‌ ഉള്ളതെങ്കിൽപ്പോലും ഉത്തരവാദിത്വബോധമുള്ളവരാകാൻ അവർക്കു പഠിച്ചുതുടങ്ങാം. “15 മാസം പ്രായമാകുമ്പോൾ മാതാപിതാക്കൾ പറയുന്നതനുസരിച്ച്‌ കുട്ടി കാര്യങ്ങൾ ചെയ്‌തുതുടങ്ങും. 18 മാസം ആകുമ്പോഴേക്കും മാതാപിതാക്കൾ ചെയ്യുന്നത്‌ അവർ പകർത്താൻ തുടങ്ങും” എന്നു മക്കളെ വളർത്താൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. ആ പുസ്‌തകം ഇങ്ങനെയും പറയുന്നു: “പല സംസ്‌കാരങ്ങളിലും മാതാപിതാക്കൾ, കുട്ടിക്ക്‌ അഞ്ചുമുതൽ ഏഴു വയസ്സുവരെ പ്രായമാകുമ്പോഴേക്കും അവരുടെ സഹായമനസ്‌കത വളർത്തിക്കൊണ്ടുവരാനുള്ള ശ്രമം തുടങ്ങും. ചെറുതാണെങ്കിലും അവർക്കു മാതാപിതാക്കളെ പല വിധങ്ങളിൽ സഹായിക്കാൻ കഴിയും.”

ഉത്തരവാദിത്വബോധത്തിന്റെ പ്രാധാന്യം

പ്രായപൂർത്തിയായ ചില ചെറുപ്പക്കാർ വീടുവിട്ട്‌ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നു. എന്നാൽ ബുദ്ധിമുട്ടു വരുമ്പോൾ അപ്പന്റെയും അമ്മയുടെയും അടുത്തേക്കു തിരിച്ചുവരും. പണം കൈകാര്യം ചെയ്യാനും വീട്ടുകാര്യങ്ങൾ നോക്കാനും അനുദിനകാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാനും കുട്ടികളെ പഠിപ്പിക്കാത്തതുകൊണ്ടാണു ചില കേസുകളിൽ ഇങ്ങനെ സംഭവിക്കുന്നത്‌.

അതുകൊണ്ട്‌ പ്രായപൂർത്തിയാകുമ്പോൾ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യാൻ മക്കളെ ഇപ്പോൾത്തന്നെ പരിശീലിപ്പിക്കുന്നതു നല്ലതായിരിക്കും. “മക്കളെ 18 വയസ്സുവരെ പരിശീലനമൊന്നും കൊടുക്കാതെ നിങ്ങളുടെ തണലിൽ നിറുത്തിയിട്ട്‌ ലോകത്തേക്കു വിടാനല്ലല്ലോ നിങ്ങൾ ആഗ്രഹിക്കുന്നത്‌” എന്നു പ്രായപൂർത്തിയിലേക്കു മക്കളെ വളർത്താം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

ഉത്തരവാദിത്വബോധമുള്ളവരാകാൻ എങ്ങനെ പഠിപ്പിക്കാം?

വീട്ടുജോലികൾ കൊടുക്കുക.

ബൈബിൾതത്ത്വം: “കഠിനാധ്വാനം ചെയ്‌താൽ പ്രയോജനം ലഭിക്കും.”—സുഭാഷിതങ്ങൾ 14:23.

മാതാപിതാക്കളോടൊപ്പം ജോലി ചെയ്യാൻ ചെറിയ കുട്ടികൾക്കു വലിയ ഇഷ്ടമാണ്‌. കൊച്ചുകൊച്ചു വീട്ടുജോലികൾ ഏൽപ്പിച്ചുകൊടുത്തുകൊണ്ട്‌ അവരുടെ ഈ താത്‌പര്യത്തെ നന്നായി പ്രയോജനപ്പെടുത്തുക.

എന്നാൽ ചില മാതാപിതാക്കൾ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കാരണം, ഇപ്പോൾത്തന്നെ കുട്ടികൾക്കു ദിവസവും ഒരുപാടു ഹോംവർക്ക്‌ ചെയ്യാനുണ്ട്‌, അതിന്റെകൂടെ വീട്ടുജോലിയുംകൂടെയാകുമ്പോൾ അതു വലിയ ഭാരമായിപ്പോകും എന്നാണ്‌ അവർ ചിന്തിക്കുന്നത്‌.

എന്നാൽ വീട്ടുജോലികൾ ചെയ്യുന്ന കുട്ടികളാണു സ്‌കൂളിൽ വിജയിക്കാൻ സാധ്യത. കാരണം അവ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും പൂർത്തിയാക്കാനും മക്കളെ പഠിപ്പിക്കുന്നു. മക്കളെ വളർത്താൻ എന്ന പുസ്‌തകം പറയുന്നു: “ചെറുതായിരിക്കുമ്പോൾ, ജോലി ചെയ്യാനുള്ള കുട്ടികളുടെ ആവേശം അവഗണിച്ചുകളഞ്ഞാൽ, മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത്‌ അത്ര പ്രാധാന്യമുള്ള കാര്യമല്ല എന്നു കുട്ടി ചിന്തിക്കാൻ ഇടയാകും. . . . മറ്റുള്ളവർ തങ്ങൾക്കുവേണ്ടി കാര്യങ്ങൾ ചെയ്‌തുതരുമെന്ന്‌ അവർ പ്രതീക്ഷിക്കാനും തുടങ്ങും.”

ഈ ഉദ്ധരണി സൂചിപ്പിക്കുന്നതുപോലെ, വീട്ടുജോലികൾ ചെയ്യുന്നതിലൂടെ കുട്ടികൾ വാങ്ങുന്നവർ മാത്രമാകാതെ കൊടുക്കുന്നവരാകാനും പഠിക്കും. വീട്ടിൽ തനിക്ക്‌ ഒരു സ്ഥാനമുണ്ട്‌, ചില ഉത്തരവാദിത്വങ്ങളുണ്ട്‌ എന്നൊക്കെ തിരിച്ചറിയാൻ വീട്ടുജോലികൾ കുട്ടികളെ സഹായിക്കും.

തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കുട്ടിയെ പഠിപ്പിക്കുക.

ബൈബിൾതത്ത്വം: “ഉപദേശം ശ്രദ്ധിച്ച്‌ ശിക്ഷണം സ്വീകരിച്ചാൽ ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.”—സുഭാഷിതങ്ങൾ 19:20.

കുട്ടികൾ തെറ്റു ചെയ്‌താൽ, ഉദാഹരണത്തിന്‌, നിങ്ങളുടെ കുട്ടി അറിയാതെ മറ്റുള്ളവരുടെ എന്തെങ്കിലും നശിപ്പിച്ചാൽ, ആ തെറ്റു മറച്ചുവെക്കാൻ ശ്രമിക്കാതെ അതിന്റെ ഫലം അനുഭവിക്കാൻ അനുവദിക്കുക. ഈ കേസിൽ, മാപ്പു പറഞ്ഞുകൊണ്ടോ നഷ്ടപരിഹാരം കൊടുത്തുകൊണ്ടോ അങ്ങനെ ചെയ്യാം.

സ്വന്തം തെറ്റുകളും കുഴപ്പങ്ങളും അംഗീകരിക്കുന്ന കുട്ടികൾ

  • സത്യസന്ധരും കുറ്റം സമ്മതിക്കുന്നവരും ആയിരിക്കും

  • മറ്റുള്ളവരെ കുറ്റപ്പെടുത്തില്ല

  • മുടന്തൻ ന്യായങ്ങൾ ഒഴിവാക്കും

  • ആവശ്യമെങ്കിൽ മാപ്പു പറയും