വിവരങ്ങള്‍ കാണിക്കുക

ഉപവാ​സ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ഉപവാ​സ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾക്കാ​ല​ങ്ങ​ളിൽ, നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌ ഉപവസി​ച്ചി​രു​ന്ന​തെ​ങ്കിൽ ദൈവ​ത്തിന്‌ അതു സ്വീകാ​ര്യ​മാ​യി​രു​ന്നു. നേരെ മറിച്ചാ​യി​രു​ന്നെ​ങ്കിൽ അതു ദൈവ​ത്തി​ന്റെ അപ്രീ​തി​ക്കു കാരണ​മാ​കു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും ഇന്ന്‌ ആളുകൾ ഉപവസി​ക്ക​ണ​മെ​ന്നോ ഉപവസി​ക്ക​രു​തെ​ന്നോ ബൈബിൾ പറയു​ന്നില്ല.

ബൈബിൾക്കാ​ല​ങ്ങ​ളിൽ ചിലർ ഉപവസി​ച്ചി​രു​ന്നത്‌ ഏതൊക്കെ സാഹചര്യങ്ങളിലാണ്‌?

  •   ദൈവ​ത്തിൽനി​ന്നുള്ള സഹായ​വും നിർദേ​ശ​വും തേടി​യി​രു​ന്ന​പ്പോൾ. യരുശ​ലേ​മി​ലേക്കു യാത്ര ചെയ്‌ത ജനം ദൈവ​ത്തി​ന്റെ സഹായം ചോദി​ച്ച​പ്പോൾ അവരുടെ ആത്മാർഥത തെളി​യി​ക്കു​ന്ന​തി​നാ​യി ഉപവസി​ച്ചു. (എസ്ര 8:21-23) പൗലോ​സും ബർന്നബാസും സഭയിലെ മൂപ്പന്മാ​രെ നിയമി​ച്ച​പ്പോൾ ചില​പ്പോ​ഴൊ​ക്കെ ഉപവസി​ച്ചു.​—പ്രവൃ​ത്തി​കൾ 14:23.

  •   ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​മ്പോൾ. തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ തന്നെത്തന്നെ ഒരുക്കു​ന്ന​തി​നാ​യി സ്‌നാ​ന​ത്തി​നു ശേഷം യേശു 40 ദിവസം ഉപവസി​ച്ചു.​—ലൂക്കോസ്‌ 4:1, 2.

  •   മുമ്പ്‌ ചെയ്‌ത പാപങ്ങ​ളെ​പ്രതി പശ്ചാത്താ​പം പ്രകട​മാ​ക്കു​മ്പോൾ. യോവേൽ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ അവിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു: “നിങ്ങൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ തിരികെ വരൂ; ഉപവാ​സ​ത്തോ​ടും വിലാ​പ​ത്തോ​ടും കരച്ചി​ലോ​ടും കൂടെ എന്റെ അടു​ത്തേക്കു വരൂ.”​—യോവേൽ 2:12-15.

  •   പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ. ഇസ്രാ​യേൽ ജനതയ്‌ക്കു ദൈവം നൽകിയ നിയമ​ത്തിൽ എല്ലാ വർഷവും പാപപ​രി​ഹാ​ര​ദി​വസം ഉപവസി​ക്ക​ണ​മെന്നു കല്‌പി​ച്ചി​രു​ന്നു. a (ലേവ്യ 16:29-31) അത്‌ ഉചിത​മാ​യി​രു​ന്നു. കാരണം തങ്ങൾ അപൂർണ​രാ​ണെ​ന്നും തങ്ങൾക്കു ദൈവ​ത്തി​ന്റെ ക്ഷമ ആവശ്യ​മാ​ണെ​ന്നും അത്‌ ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ച്ചു.

എന്ത്‌ തെറ്റായ ഉദ്ദേശ്യ​ങ്ങ​ളോ​ടെ ആളുകൾ ഉപവസിച്ചേക്കാം?

  •   മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കാൻ. ഉപവാസം ഒരു വ്യക്തി​യും ദൈവ​വും തമ്മിലുള്ള വ്യക്തി​പ​ര​വും സ്വകാ​ര്യ​വും ആയ ഒരു കാര്യ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണു യേശു പഠിപ്പിച്ചത്‌.​—മത്തായി 6:16-18.

  •   നീതി​മാ​നാ​ണെന്നു കാണി​ക്കാൻ. ഉപവാസം ഒരാളെ ധാർമി​ക​മാ​യോ ആത്മീയ​മാ​യോ ശ്രേഷ്‌ഠ​നാ​ക്കു​ന്നില്ല.​—ലൂക്കോസ്‌ 18:9-14.

  •   മനഃപൂർവ​പാ​പ​ങ്ങൾക്കു പരിഹാ​ര​മാ​യി. (യശയ്യ 58:3, 4) അനുസ​ര​ണ​യുള്ള ഹൃദയ​ത്തോ​ടെ​യും ചെയ്‌തു​പോയ പാപങ്ങ​ളെ​പ്രതി ആത്മാർഥ​മായ പശ്ചാത്താ​പ​ത്തോ​ടെ​യും ഉപവസി​ച്ചാൽ മാത്രമേ ദൈവം അതു സ്വീക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

  •   ഒരു മതാചാ​ര​മാ​യി. (യശയ്യ 58:5-7) മക്കൾ ഹൃദയ​ത്തിൽനി​ന്ന​ല്ലാ​തെ കടമ​പോ​ലെ സ്‌നേഹം കാണി​ക്കു​ന്നത്‌ മാതാ​പി​താ​ക്കൾക്ക്‌ ഇഷ്ടമല്ല. ദൈവ​ത്തി​നും അങ്ങനെ​ത​ന്നെ​യാണ്‌.

ക്രിസ്‌ത്യാ​നി​കൾ ഉപവസി​ക്കേണ്ട ആവശ്യ​മു​ണ്ടോ?

 ഇല്ല. പാപപ​രി​ഹാ​ര​ദി​വസം ഇസ്രാ​യേ​ല്യർ ഉപവസി​ക്ക​ണ​മെന്നു ദൈവം പറഞ്ഞി​രു​ന്നു. എന്നാൽ പശ്ചാത്താ​പ​മുള്ള പാപി​ക​ളു​ടെ പാപങ്ങൾക്കു​വേണ്ടി യേശു എന്നേക്കു​മാ​യി പ്രായ​ശ്ചി​ത്തം ചെയ്‌ത​തോ​ടെ ദൈവം ആ ആചരണം നിറു​ത്ത​ലാ​ക്കി. (എബ്രായർ 9:24-26; 1 പത്രോസ്‌ 3:18) പാപപ​രി​ഹാ​ര​ദി​വസം ആചരി​ക്കാൻ പറഞ്ഞി​രി​ക്കുന്ന മോശ​യു​ടെ നിയമ​ത്തിൻകീ​ഴി​ലല്ല ക്രിസ്‌ത്യാ​നി​കൾ. (റോമർ 10:4; കൊ​ലോ​സ്യർ 2:13, 14) അതു​കൊണ്ട്‌ ഉപവസി​ക്ക​ണോ വേണ്ടയോ എന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​ക്കും തീരു​മാ​നി​ക്കാം.​—റോമർ 14:1-4.

 ക്രിസ്‌ത്യാ​നി​കൾ ഉപവാ​സത്തെ ആരാധ​ന​യു​ടെ ഭാഗമാ​യി കാണു​ന്നില്ല. ഉപവാ​സത്തെ സന്തോ​ഷ​വു​മാ​യി ബൈബിൾ ഒരുവി​ധ​ത്തി​ലും ബന്ധപ്പെ​ടു​ത്തി പറയു​ന്നില്ല. നേരെ മറിച്ച്‌, ക്രിസ്‌തീ​യാ​രാ​ധ​ന​യു​ടെ സവി​ശേഷത സന്തോ​ഷ​മാണ്‌. അതു “സന്തോ​ഷ​മുള്ള ദൈവ”മായ യഹോ​വ​യു​ടെ വ്യക്തി​ത്വം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.​—1 തിമൊ​ഥെ​യൊസ്‌ 1:11; സഭാ​പ്ര​സം​ഗകൻ 3:12, 13; ഗലാത്യർ 5:22.

ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം​—തെറ്റി​ദ്ധാ​ര​ണ​ക​ളും വസ്‌തു​ത​ക​ളും

 തെറ്റി​ദ്ധാ​രണ: അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ക്രിസ്‌തീ​യ​ദ​മ്പ​തി​കളെ ഉപവസി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു.​—1 കൊരി​ന്ത്യർ 7:5, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം.

 വസ്‌തുത: ബൈബി​ളി​ന്റെ പഴയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഉപവാ​സ​ത്തെ​ക്കു​റിച്ച്‌ 1 കൊരി​ന്ത്യർ 7:5-ൽ പറയു​ന്നില്ല. b സാധ്യ​ത​യ​നു​സ​രിച്ച്‌ ബൈബിൾ പകർത്തി​യെ​ഴു​തി​യ​വ​രാണ്‌ അവിടെ ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള പരാമർശം കൂട്ടി​ച്ചേർത്തത്‌. ഈ വാക്യ​ത്തിൽ മാത്രമല്ല, മത്തായി 17:21; മർക്കോസ്‌ 9:29; പ്രവൃ​ത്തി​കൾ 10:30 എന്നീ വാക്യ​ങ്ങ​ളി​ലും അവർ അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. മിക്ക ആധുനിക ബൈബിൾപ​രി​ഭാ​ഷ​ക​ളും ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ഈ തെറ്റായ പരാമർശങ്ങൾ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു.

 തെറ്റി​ദ്ധാ​രണ: യേശു സ്‌നാ​ന​ത്തി​നു ശേഷം 40 ദിവസം വിജന​ഭൂ​മി​യിൽ പോയി ഉപവസി​ച്ച​തി​ന്റെ ഓർമ​യ്‌ക്കാ​യി ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ ഉപവസി​ക്കണം.

 വസ്‌തുത: അങ്ങനെ ഉപവസി​ക്കാൻ യേശു ഒരിക്ക​ലും പറഞ്ഞി​ട്ടില്ല. ഇനി ആദ്യകാ​ലത്തെ ക്രിസ്‌ത്യാ​നി​കൾ ഇത്‌ ആചരി​ച്ച​താ​യും തിരു​വെ​ഴു​ത്തു​ക​ളിൽ സൂചന​ക​ളില്ല. c

 തെറ്റി​ദ്ധാ​രണ: യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ ഉപവസി​ക്കണം.

 വസ്‌തുത: തന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​മ്പോൾ ശിഷ്യ​ന്മാർ ഉപവസി​ക്ക​ണ​മെന്നു യേശു കല്‌പി​ച്ചില്ല. (ലൂക്കോസ്‌ 22:14-18) താൻ മരിക്കു​മ്പോൾ ശിഷ്യ​ന്മാർ ഉപവസി​ക്കു​മെന്നു യേശു പറഞ്ഞി​രു​ന്നു. പക്ഷേ, അത്‌ ഒരു കല്‌പ​ന​യാ​യി​രു​ന്നില്ല, സംഭവി​ക്കാൻപോ​കു​ന്നത്‌ എന്താ​ണെന്നു യേശു പറഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. (മത്തായി 9:15) യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്ന​തി​നു മുമ്പ്‌ വിശപ്പു​ള്ളവർ വീട്ടിൽനിന്ന്‌ കഴിച്ചിട്ട്‌ വരണ​മെന്നു ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞി​രു​ന്നു.​—1 കൊരി​ന്ത്യർ 11:33, 34.

a പാപപരിഹാരദിവസം “നിങ്ങൾ നിങ്ങളെ ക്ലേശി​പ്പി​ക്കണം” എന്ന്‌ ദൈവം ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. (ലേവ്യ 16:29, 31, അടിക്കു​റിപ്പ്‌) ഇത്‌ ഉപവാ​സ​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. (യശയ്യ 58:3) അതു​കൊ​ണ്ടാണ്‌ സമകാ​ലീന ഇംഗ്ലീഷ്‌ ഭാഷാ​ന്തരം ഈ ഭാഗം ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌: “നിങ്ങളു​ടെ പാപങ്ങ​ളെ​പ്രതി ദുഃഖം കാണി​ക്കു​ന്ന​തിന്‌ നിങ്ങൾ കഴിക്കാ​തെ പോകണം.”

b ബ്രൂസ്‌ എം. മെറ്റ്‌സ്‌ഗ​റി​ന്റെ ഗ്രീക്ക്‌ പുതിയ നിയമ പദങ്ങൾക്ക്‌ ഒരു വ്യാഖ്യാ​നം (ഇംഗ്ലീഷ്‌), മൂന്നാം പതിപ്പി​ന്റെ 554-ാം പേജ്‌ കാണുക.

c നാൽപതു നോമ്പി​ന്റെ ചരി​ത്ര​ത്തെ​ക്കു​റിച്ച്‌ പുതിയ കത്തോ​ലി​ക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “ആദ്യത്തെ മൂന്നു നൂറ്റാ​ണ്ടു​ക​ളിൽ, പാസ്‌ക്കൽ (ഈസ്റ്റർ) വിരു​ന്നി​നു മുമ്പുള്ള നോമ്പു​കാ​ലം ഒരാഴ്‌ച​യി​ല​ധി​കം വരില്ലാ​യി​രു​ന്നു. സാധാരണ ഒന്നോ രണ്ടോ ദിവസ​മാ​യി​രു​ന്നു അതിന്റെ കണക്ക്‌. . . . എ.ഡി. 325-ലെ നിഖ്യാ കൗൺസി​ലി​ന്റെ അഞ്ചാമത്തെ പ്രമാ​ണ​ത്തി​ലാണ്‌ ആദ്യമാ​യി 40 ദിവസ​ത്തി​ന്റെ കണക്കു കാണു​ന്നത്‌. എന്നിരു​ന്നാ​ലും ഇത്‌ ഉപവാ​സ​ത്തെ​ത്ത​ന്നെ​യാ​ണോ ഉദ്ദേശി​ക്കു​ന്നത്‌ എന്ന്‌ ചില പണ്ഡിത​ന്മാർ ചോദ്യം ചെയ്യുന്നു.”​—രണ്ടാം പതിപ്പ്‌, വാല്യം 8, 468-ാം പേജ്‌.