വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പണത്തിന്റെ മാതൃകകൾ—നോർവേയിൽ

ആത്മാർപ്പണത്തിന്റെ മാതൃകകൾ—നോർവേയിൽ

നോർവേയിലെ രണ്ടാമത്തെ വലിയ നഗരമായ ബെർഗനിലാണ്‌ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ റൊയാൽ - എൽസബെത്ത്‌ ദമ്പതികൾ താമസിച്ചിരുന്നത്‌. അന്നു രണ്ടുപേർക്കും 50-നടുത്ത്‌ പ്രായം. വളരെ സുഖസമൃദ്ധമായ ജീവിതമായിരുന്നു അവരുടേത്‌. മകൾ ഇസ്‌ബെലിനും മകൻ ഫാബിയനും ഒപ്പം അവർ സഭാപ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെട്ടിരുന്നു. റൊയാൽ ഒരു മൂപ്പനായി സേവിച്ചു. എൽസബെത്ത്‌ ഒരു പയനിയറായും. ഇസ്‌ബെലും ഫാബിയനും പ്രസാധകർ.

അങ്ങനെയിരിക്കെ, 2009 സെപ്‌റ്റംബറിൽ ഈ കുടുംബം ഒരു തീരുമാനമെടുത്തു: ഒറ്റപ്പെട്ട ഒരു പ്രദേശത്തു പോയി ഒരാഴ്‌ച പ്രസംഗവേല ചെയ്യുക. അങ്ങനെ റൊയാലും എൽസബെത്തും 18-കാരനായ ഫാബിയനുമൊത്ത്‌ ആർട്ടിക്‌ വൃത്തത്തിലുള്ള ഫിൻമാർക്ക്‌ പ്രവിശ്യയിലെ ഒരു ഉപദ്വീപായ നോർകനിലേക്കു പോയി. അവിടെ ചോലഫ്‌ജുർ എന്ന ഗ്രാമത്തിൽ, മറ്റിടങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ട ആ സ്ഥലത്ത്‌ പ്രസംഗിക്കാനെത്തിയ സഹോദരീസഹോദരന്മാരോടൊപ്പം അവർ പ്രസംഗവേല ചെയ്‌തു. റൊയാൽ പറയുന്നു: “എന്റെ കാര്യാദികളൊക്കെ ക്രമപ്പെടുത്തി ഒരാഴ്‌ച മുഴുവൻ ഈ പ്രത്യേക സേവനത്തിനായി വരാൻ കഴിഞ്ഞല്ലോ എന്ന്‌ ഓർത്തപ്പോൾ തുടക്കത്തിൽ എനിക്കു വളരെ ചാരിതാർഥ്യം തോന്നി.” പക്ഷേ, ആ സംതൃപ്‌തി അധികം നീണ്ടുനിന്നില്ല. ആ ആഴ്‌ച റൊയാലിന്റെ മനസ്സിനെ അലട്ടിയ ഒരു കാര്യമുണ്ടായി. എന്തായിരുന്നു അത്‌?

അപ്രതീക്ഷിതമായി ഒരു ചോദ്യം

റൊയാൽ പറയുന്നു: “ഒരു ദിവസം ഫിൻമാർക്കിലെ പയനിയറായ മാരിയോ അപ്രതീക്ഷിതമായി എന്നോടൊരു ചോദ്യം: ‘ലാക്‌സൽവ്‌ പട്ടണത്തിലെ 23 പ്രസാധകരടങ്ങുന്ന സഭയെ സഹായിക്കാൻ അവിടേക്കു താമസംമാറാനാകുമോ?’” റൊയാൽ ഇതു തീരെ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം തുടരുന്നു: “ആവശ്യം ഏറെയുള്ളിടത്ത്‌ സേവിക്കുന്ന കാര്യം ഞാനും എൽസബെത്തും ചിന്തിച്ചിട്ടുള്ളതാണ്‌. പക്ഷേ കുട്ടികൾ സ്വന്തം കാലിൽ നിൽക്കാറാകട്ടെ എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ.” എന്നാൽ ഈ പ്രദേശത്തു പ്രവർത്തിച്ച ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ, യഹോവയെക്കുറിച്ചു പഠിക്കാനുള്ള ഇവിടത്തുകാരുടെ താത്‌പര്യം റൊയാൽ മനസ്സിലാക്കിയിരുന്നു. ഈ ആളുകൾക്ക്‌ സഹായം വേണ്ടത്‌ പിന്നീടല്ല, ഇപ്പോൾത്തന്നെയാണ്‌. “സഹോദരന്റെ ചോദ്യം എന്റെ മനസ്സിൽത്തട്ടി. പല രാത്രികളിലും അത്‌ എന്റെ ഉറക്കംകെടുത്തി,” അദ്ദേഹം ഓർക്കുന്നു. മാരിയോ സഹോദരൻ റൊയാലിനെയും കുടുംബത്തെയും ചോലഫ്‌ജുറിൽനിന്ന്‌ ഏതാണ്ട്‌ 240 കിലോമീറ്റർ തെക്കുമാറിയുള്ള ലാക്‌സൽവിലേക്ക്‌ കൊണ്ടുപോയി. അവിടെയുള്ള ആ കൊച്ചു സഭയെ നേരിട്ടു പരിചയപ്പെടുത്തുകയായിരുന്നു സഹോദരന്റെ ലക്ഷ്യം.

ലാക്‌സൽവിൽ എത്തിയപ്പോൾ അവിടത്തെ രണ്ടു മൂപ്പന്മാരിൽ ഒരാളായ ആൻഡ്രിയാസ്‌ സഹോദരൻ ഇവരെ ആ പ്രദേശവും രാജ്യഹാളും പരിചയപ്പെടുത്തി. സഭ അവർക്ക്‌ ഹൃദ്യമായ സ്വീകരണം നൽകി. രാജ്യവേലയിൽ തങ്ങളെ സഹായിക്കാൻ അവിടേക്കു വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന്‌ സഹോദരങ്ങൾ റൊയാലിനോടും എൽസബെത്തിനോടും പറഞ്ഞു. റൊയാലിനും ഫാബിയനും ഒരു ജോലിക്കായി ഇന്റർവ്യൂ ഏർപ്പാടാക്കിയിട്ടുണ്ടെന്ന്‌ ഒരു ചെറുചിരിയോടെ ആൻഡ്രിയാസ്‌ സഹോദരൻ അറിയിച്ചു. റൊയാൽ കുടുംബം ഇനി എന്തു തീരുമാനിക്കും?

എന്തു തീരുമാനിക്കും?

ഇക്കാര്യത്തെക്കുറിച്ചു കേട്ടതും ഫാബിയന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു: “ഇവിടേക്കു വരാൻ എനിക്കത്ര താത്‌പര്യം തോന്നുന്നില്ല.” ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചുവളർന്ന, സഭയിലെ കൂട്ടുകാരെ പിരിഞ്ഞ്‌ അതുപോലൊരു ചെറിയ പട്ടണത്തിൽ ചെന്നു താമസിക്കുന്നതിനോട്‌ അവന്‌ അത്ര ഇഷ്ടം തോന്നിയില്ല. മാത്രമല്ല, ഇലക്‌ട്രീഷ്യനാകാൻ അവൻ പരിശീലനം നേടിക്കൊണ്ടിരിക്കുകയുമായിരുന്നു. എന്നാൽ ഇസ്‌ബെലിനോട്‌ (അന്ന്‌ 21 വയസ്സ്‌) ഇക്കാര്യം സംസാരിച്ചപ്പോൾ അവൾക്കു വളരെ സന്തോഷമായി. “എന്റെ വലിയൊരു ആഗ്രഹമാണ്‌ അത്‌!” അവൾ പറഞ്ഞു. പക്ഷേ, “പിന്നെ അതേക്കുറിച്ചു ചിന്തിച്ചു നോക്കിയപ്പോൾ ‘അതു വേണോ? എന്റെ കൂട്ടുകാരെ പിരിയേണ്ടിവരില്ലേ? എനിക്കു പരിചയമുള്ള സഭയും സാഹചര്യങ്ങളും വിട്ടു പോകുന്നത്‌ ബുദ്ധിയാണോ?’ എന്നൊക്കെയുള്ള ചോദ്യങ്ങൾ മനസ്സിലേക്കു വന്നു” എന്ന്‌ ഇസ്‌ബെൽ പറയുന്നു. ഇനി, എൽസബെത്തിന്റെ അഭിപ്രായം എന്തായിരുന്നു? “യഹോവ എന്റെ കുടുംബത്തിന്‌ ഒരു നിയോഗം തന്നതുപോലെയാണ്‌ എനിക്കു തോന്നിയത്‌. പക്ഷേ, ഞങ്ങളുടെ വീട്‌ അപ്പോൾ പുതുക്കിപ്പണിതതേയുണ്ടായിരുന്നുള്ളൂ. വീടിനെയും കഴിഞ്ഞ 25 വർഷംകൊണ്ട്‌ ഞങ്ങൾ സ്വന്തമാക്കിയ സാധനങ്ങളെയും കുറിച്ച്‌ ഞാൻ ചിന്തിച്ചു.”

എൽസബെത്തും ഇസ്‌ബെലും

ആ പ്രത്യേക ആഴ്‌ചത്തെ സേവനം കഴിഞ്ഞപ്പോൾ റൊയാലും കുടുംബവും ബെർഗനിലേക്കു മടങ്ങി. പക്ഷേ ഏതാണ്ട്‌ 2,100 കിലോമീറ്റർ അകലെയുള്ള ലാക്‌സൽവിലെ സഹോദരങ്ങളെക്കുറിച്ച്‌ അവർക്ക്‌ ചിന്തിക്കാതിരിക്കാനായില്ല. “ഞാൻ യഹോവയോട്‌ ഒരുപാടു പ്രാർഥിച്ചു. ചിത്രങ്ങൾ അയയ്‌ക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്‌തുകൊണ്ട്‌ അവിടെ കണ്ടുമുട്ടിയ സുഹൃത്തുക്കളുമായി ഞാൻ സമ്പർക്കം പുലർത്തി,” എൽസബെത്ത്‌ പറയുന്നു. റൊയാൽ ഓർക്കുന്നു: “പുതിയൊരു സ്ഥലത്തേക്കു പോകുക എന്ന കാര്യം ഉൾക്കൊള്ളാൻ എനിക്ക്‌ സമയം ആവശ്യമായിരുന്നു. കുടുംബത്തെ പോറ്റുന്ന കാര്യം പരിഗണിക്കുമ്പോൾ ഇതു പ്രായോഗികമാണോ എന്നും ഞാൻ ചിന്തിച്ചു. എന്ത്‌ ഉപജീവനമാർഗം കണ്ടെത്തും? ഞാൻ യഹോവയോട്‌ പലവട്ടം പ്രാർഥിച്ചു, എന്റെ കുടുംബവുമായി ചർച്ചചെയ്‌തു, അതുപോലെ അനുഭവപരിചയമുള്ള സഹോദരന്മാരോടു സംസാരിച്ചു.” “ഇക്കാര്യത്തെക്കുറിച്ചു ചിന്തിക്കുന്തോറും, വേണ്ട എന്നു തീരുമാനിക്കാൻ ന്യായമായ ഒരു കാരണവും കണ്ടെത്താൻ കഴിയുന്നില്ലെന്ന്‌ എനിക്കു മനസ്സിലായി. ഞാൻ യഹോവയോട്‌ കൂടെക്കൂടെ പ്രാർഥിച്ചു. അങ്ങനെ താമസം മാറാനുള്ള ആഗ്രഹം ക്രമേണ എന്റെ മനസ്സിൽ വേരുറച്ചു,” ഫാബിയൻ ഓർക്കുന്നു. ഇസ്‌ബെൽ എന്തു ചെയ്‌തു? പുതിയ സ്ഥലത്തേക്കു മാറുന്നതിനുള്ള മുന്നോടിയായി അവൾ സ്വന്തം സഭയിൽ പയനിയറിങ്‌ തുടങ്ങി. ആറുമാസത്തെ പയനിയറിങ്ങിനു ശേഷം, (ആ കാലയളവിൽ അവൾ വ്യക്തിപരമായ ബൈബിൾപഠനത്തിനായി വളരെയേറെ സമയം ചെലവഴിച്ചു) താമസം മാറാൻ അവളും മനസ്സുകൊണ്ട്‌ സജ്ജയായി.

ലക്ഷ്യം കൈവരിക്കാൻ നടപടികൾ സ്വീകരിക്കുന്നു

ആവശ്യം ഏറെയുള്ളിടത്ത്‌ സേവിക്കാനുള്ള ആഗ്രഹം ശക്തമായതോടെ ആ ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ ഈ കുടുംബം സ്വീകരിച്ചുതുടങ്ങി. റൊയാലിന്‌ നല്ല ശമ്പളമുള്ള നല്ലൊരു ജോലിയുണ്ടായിരുന്നു. അദ്ദേഹം ഒരു വർഷത്തെ ദീർഘകാല അവധിക്ക്‌ അപേക്ഷിച്ചു. എന്നാൽ, തൊഴിലുടമ അദ്ദേഹത്തിന്‌ ഒരു അംശകാലാടിസ്ഥാനത്തിൽ ജോലി ചെയ്യാനുള്ള അനുമതി നൽകി. രണ്ടാഴ്‌ച ജോലി ചെയ്‌തശേഷം ആറാഴ്‌ച അവധി. “എന്റെ വരുമാനം കുത്തനെ കുറഞ്ഞെങ്കിലും ഈ ജോലി വളരെ സൗകര്യമായി,” റൊയാൽ പറയുന്നു.

എൽസബെത്ത്‌: “ലാക്‌സൽവിൽ ഒരു വീടു കണ്ടുപിടിക്കാനും ബെർഗനിലെ ഞങ്ങളുടെ വീട്‌ വാടകയ്‌ക്കു കൊടുക്കാനുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ അദ്ദേഹം എന്നോടു പറഞ്ഞു. ഒരുപാട്‌ സമയവും ശ്രമവും വേണ്ടിവന്നെങ്കിലും ഒടുവിൽ അതൊക്കെ ശരിയായി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾക്കും അംശകാല ജോലി കിട്ടി. ഭക്ഷണത്തിനും പോക്കുവരവിനും ഉള്ള ചെലവു വഹിക്കുന്നത്‌ അവരുംകൂടെ ചേർന്നാണ്‌.”

ഇസ്‌ബെൽ: “ഈ പട്ടണം വളരെ ചെറുതായതിനാൽ പയനിയറിങ്ങിനുള്ള ചെലവു വഹിക്കാൻ ഒരു ജോലി കണ്ടെത്തുക വലിയൊരു പ്രശ്‌നംതന്നെയായിരുന്നു. ചിലപ്പോഴൊക്കെ വഴിമുട്ടിയതുപോലെ തോന്നിയിട്ടുണ്ട്‌.” പക്ഷേ, കിട്ടിയ എല്ലാ അംശകാല ജോലിയും അവൾ സ്വീകരിച്ചു—ഒരു വർഷത്തിനിടെ ഒമ്പത്‌ ജോലി! അങ്ങനെ അവൾക്ക്‌ സ്വന്തം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനായി. ഫാബിയന്റെ കാര്യമോ? “ഇലക്‌ട്രീഷ്യനാകാനുള്ള പരിശീലനം പൂർത്തിയാക്കുന്നതിന്‌ ഒരു നിശ്ചിത കാലം തൊഴിൽപരിശീലനം നേടേണ്ടതുണ്ടായിരുന്നു എനിക്ക്‌. ലാക്‌സൽവിൽ ഞാൻ അതു പൂർത്തിയാക്കി. പിന്നീട്‌, ഞാൻ പരീക്ഷ പാസ്സായി; ഇലക്‌ട്രീഷ്യനായി ഒരു അംശകാല ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു.”

മറ്റു ചിലർ ശുശ്രൂഷ വിപുലപ്പെടുത്തിയ വിധം

മറേലിയസും കെസിയയും നോർവേയിൽ ഒരു സമി വംശജയോടു സാക്ഷീകരിക്കുന്നു

ആവശ്യം അധികമുള്ള സ്ഥലത്ത്‌ സേവിക്കാൻ ആഗ്രഹിച്ച മറ്റൊരു ദമ്പതികളാണ്‌ മറേലിയസും കെസിയയും. 29-കാരനായ മറേലിയസ്‌ പറയുന്നു: “കൺവെൻഷനിലെ പ്രസംഗങ്ങളും പയനിയർമാരുമായുള്ള അഭിമുഖങ്ങളും ശുശ്രൂഷ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.” എന്നാൽ, കെസിയയ്‌ക്ക്‌ (26 വയസ്സ്‌) വീട്ടുകാരെ വിട്ടിട്ടുപോകുന്ന കാര്യമായിരുന്നു വലിയ പ്രതിബന്ധം. “പ്രിയപ്പെട്ട ആളുകളെയൊക്കെ വിട്ട്‌ അകലേക്കു പോകുന്നതിനെക്കുറിച്ച്‌ എനിക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല,” അവൾ പറയുന്നു. മാത്രമല്ല, വീടിന്റെ ലോൺ അടയ്‌ക്കാൻ മറേലിയസിന്‌ ഒരു മുഴുവൻസമയ ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: “യഹോവയുടെ സഹായത്താലും മാറ്റം വരുത്താൻ വേണ്ട മനഃസ്ഥിതിക്കായുള്ള പ്രാർഥനകളുടെ ഫലമായും മറ്റൊരിടത്തേക്കു പോകാൻ ഞങ്ങൾക്കു കഴിഞ്ഞു.” ആദ്യം അവർ വ്യക്തിപരമായ ബൈബിൾപഠനത്തിൽ ശ്രദ്ധയൂന്നി. പിന്നെ, ഈ ദമ്പതികൾ അവരുടെ വീടു വിറ്റ്‌, ജോലിയും വിട്ട്‌ 2011 ആഗസ്റ്റിൽ ഉത്തര നോർവേയിലെ ആൾട്ട നഗരത്തിലേക്കു താമസം മാറ്റി. പയനിയറിങ്ങിനുള്ള പണം കണ്ടെത്താനായി മറേലിയസ്‌ ഒരു അക്കൗണ്ടന്റായും കെസിയ ഒരു സ്റ്റോറിലും ജോലി നോക്കുന്നു.

കൂടുതൽ രാജ്യപ്രസാധകരെ ആവശ്യമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കാൻ, ഇപ്പോൾ 35-നടുത്ത്‌ പ്രായമുള്ള നൂട്ട്‌-ലിസ്‌ബെത്ത്‌ ദമ്പതികൾക്കു പ്രേരണയായത്‌ അങ്ങനെ ചെയ്‌തവരെക്കുറിച്ച്‌ വാർഷികപുസ്‌തകത്തിൽ വായിച്ച അനുഭവങ്ങളാണ്‌. “മറ്റൊരു രാജ്യത്തുപോയി സേവിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ ഈ അനുഭവങ്ങൾ എന്നെ പ്രേരിപ്പിച്ചു. പക്ഷേ, എന്നെപ്പോലൊരു സാധാരണക്കാരിക്ക്‌ ഇതൊക്കെ കഴിയുമോ എന്നായിരുന്നു എന്റെ ചിന്ത,” ലിസ്‌ബെത്ത്‌ പറയുന്നു. എങ്കിലും, ഈ ദമ്പതികൾ തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ നടപടികൾ സ്വീകരിച്ചു. നൂട്ട്‌ പറയുന്നു: “ഞങ്ങൾ വീട്‌ വിറ്റിട്ട്‌ ചെലവു ചുരുക്കാനായി അമ്മയോടൊപ്പം താമസം തുടങ്ങി. പിന്നീട്‌, ഒരു അന്യരാജ്യത്തു പോയി സേവിക്കുന്നതിന്റെ രുചി അറിയാൻ ഒരു വർഷത്തേക്ക്‌ ഞങ്ങൾ ബെർഗനിലെ ഒരു ഇംഗ്ലീഷ്‌ സഭയിലേക്കു മാറി. അവിടെ ലിസ്‌ബെത്തിന്റെ അമ്മയോടൊപ്പം താമസിച്ചു.” അധികം താമസിയാതെ ഈ ദമ്പതികൾ വലിയൊരു മാറ്റത്തിനുതന്നെ തയ്യാറായിക്കഴിഞ്ഞിരുന്നു. യുഗാണ്ടയിലേക്കാണ്‌ അവർ പോയത്‌. വർഷത്തിൽ രണ്ടു മാസം അവർ നോർവേയിൽ വന്ന്‌ ജോലിചെയ്യും. ശേഷിച്ച മാസങ്ങളിലെ ജീവിതച്ചെലവിനും പയനിയറിങ്ങിനും ഉള്ള പണം അവർ അങ്ങനെ കണ്ടെത്തുന്നു.

“യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ”

“ഞങ്ങൾ പരസ്‌പരം കൂടുതൽ അടുത്തു.”—റൊയാൽ

മറ്റൊരു പ്രദേശത്തേക്കു മാറിത്താമസിക്കാൻ സന്മനസ്സു കാണിച്ച ഇവരെ കാത്തിരുന്നത്‌ എന്താണ്‌? റൊയാൽ പറയുന്നു: “ഈ ഒറ്റപ്പെട്ടസ്ഥലത്ത്‌, ഞങ്ങൾ ബെർഗനിലായിരുന്നപ്പോഴത്തേതിലും കൂടുതൽ സമയം കുടുംബമൊന്നിച്ചു ചെലവഴിക്കുന്നു. ഞങ്ങൾ പരസ്‌പരം കൂടുതൽ അടുത്തു. കുട്ടികൾ ആത്മീയമായി പുരോഗമിക്കുന്നതു കാണാനാകുന്നത്‌ ഒരു അനുഗ്രഹമാണ്‌.” “വസ്‌തുവകകളോടുള്ള ഞങ്ങളുടെ മനോഭാവത്തിനും മാറ്റമുണ്ടായി. ഞങ്ങൾ വിചാരിച്ചത്ര പ്രാധാന്യമൊന്നും ജീവിതത്തിൽ അവയ്‌ക്കില്ല,” അദ്ദേഹം പറഞ്ഞുനിറുത്തി.

മറ്റൊരു ഭാഷ പഠിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ എൽസബെത്തിനു തോന്നി. എന്തുകൊണ്ട്‌? സമി ജനത (നോർവേ, സ്വീഡൻ, ഫിൻലൻഡ്‌, റഷ്യ എന്നിവയുടെ വടക്കൻപ്രദേശങ്ങളിലെ തദ്ദേശവാസികൾ) ധാരാളമായി വസിക്കുന്ന കാരസ്‌യോക്‌ ഗ്രാമം ലാക്‌സൽവ്‌ സഭയുടെ പ്രദേശത്താണ്‌. ഇവരുടെ അടുക്കൽ സുവാർത്ത എത്തിക്കുകയെന്ന ലക്ഷ്യത്തിൽ എൽസബെത്ത്‌ സമി ഭാഷ പഠിക്കാൻ തുടങ്ങി. ഇപ്പോൾ എൽസബെത്തിന്‌ അത്യാവശ്യം സമി ഭാഷ കൈകാര്യം ചെയ്യാനാകും. പുതിയ പ്രദേശത്തെ സേവനം സഹോദരിക്ക്‌ ഇഷ്ടപ്പെട്ടോ? ഉത്സാഹത്തോടെ സഹോദരി പറയുന്നു: “ആറു ബൈബിളധ്യയനങ്ങൾ എനിക്കുണ്ട്‌. ഇതിൽപ്പരം സന്തോഷമില്ല!”

ഫാബിയൻ ഇപ്പോൾ പയനിയറാണ്‌, ശുശ്രൂഷാദാസനുമാണ്‌. സഭാപ്രവർത്തനങ്ങളിൽ കൂടുതലായി ഉൾപ്പെടാൻ പ്രോത്സാഹനം ആവശ്യമായിരുന്ന മൂന്നു കൗമാരക്കാരെ സഹായിക്കാൻ തനിക്കും ചേച്ചി ഇസ്‌ബെലിനും കഴിഞ്ഞെന്ന്‌ ഫാബിയൻ പറയുന്നു. അവർ മൂന്നുപേരും ഇപ്പോൾ തീക്ഷ്‌ണരായ രാജ്യഘോഷകരാണ്‌. അവരിൽ രണ്ടുപേർ സ്‌നാനമേറ്റു, 2012 മാർച്ചിൽ സഹായ പയനിയറിങ്ങും ചെയ്‌തു. സത്യത്തിന്റെ പാതയിൽനിന്ന്‌ അകന്നുപോകുകയായിരുന്ന തന്നെ വീണ്ടും വിശ്വാസത്തിൽ ബലിഷ്‌ഠമാകാൻ സഹായിച്ചതിന്‌ അതിലൊരു പെൺകുട്ടി ഫാബിയനും ഇസ്‌ബെലിനും നന്ദി പറഞ്ഞു. “ആ കുട്ടി അതു പറഞ്ഞപ്പോൾ എനിക്ക്‌ അതിയായ ചാരിതാർഥ്യം തോന്നി. ഒരാളെ സഹായിക്കാൻ കഴിയുന്നത്‌ എത്ര സന്തോഷമുള്ള കാര്യമാണ്‌!” ഫാബിയൻ പറയുന്നു. “ഈ നിയമനം സ്വീകരിച്ചതിലൂടെ, ‘യഹോവ നല്ലവൻ എന്നു രുചിച്ചറിയാൻ’ എനിക്കു വേണ്ടുവോളം അവസരം ലഭിച്ചിരിക്കുന്നു,” ഇസ്‌ബെലിന്റെ വാക്കുകൾ. (സങ്കീ. 34:8) “ഇവിടത്തെ സേവനം ശരിക്കും രസമാണ്‌!” അവളുടെ വാക്കുകളിൽ സന്തോഷം സ്‌ഫുരിക്കുന്നു.

മറേലിയസിന്റെയും കെസിയയുടെയും ജീവിതം വളരെ ലളിതമാണ്‌ ഇപ്പോൾ, അതേസമയം ഏറെ ധന്യവും. അവർ പോയ ആൾട്ട സഭയിൽ ഇപ്പോൾ 41 പ്രസാധകരുണ്ട്‌. മറേലിയസ്‌ പറയുന്നു: “പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഞങ്ങൾക്ക്‌ വളരെ പ്രോത്സാഹനം പകരുന്നു. ഇവിടെ പയനിയർമാരായി സേവിക്കാൻ അവസരം നൽകിയതിന്‌ ഞങ്ങൾ യഹോവയോട്‌ വളരെ നന്ദിയുള്ളവരാണ്‌. ഇതിലും സംതൃപ്‌തിയേകുന്ന മറ്റൊന്നില്ല.” കെസിയയുടെ വാക്കുകൾ: “യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു. യഹോവ എന്നെ വളരെ കരുതലോടെ പരിപാലിക്കുകയും ചെയ്‌തിരിക്കുന്നു. കുടുംബാംഗങ്ങളിൽനിന്ന്‌ ഇത്രയും ദൂരത്തായിരിക്കുമ്പോൾ, ഞങ്ങൾ ഒരുമിച്ചു ചെലവിട്ട നിമിഷങ്ങളെക്കുറിച്ച്‌ ഏറെ വിലമതിപ്പോടെ ഓർക്കാൻ എനിക്കു കഴിയുന്നു. ഈ തീരുമാനത്തെപ്രതി ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല.”

നൂട്ട്‌-ലിസ്‌ബെത്ത്‌ ദമ്പതികൾ യുഗാണ്ടയിലുള്ള ഒരു കുടുംബത്തോടൊപ്പം ബൈബിൾ പഠിക്കുന്നു

നൂട്ട്‌-ലിസ്‌ബെത്ത്‌ ദമ്പതികളുടെ യുഗാണ്ടയിലെ സേവനം എങ്ങനെയുണ്ട്‌? നൂട്ടിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “പുതിയ ചുറ്റുപാടുകളും സംസ്‌കാരവുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. ഇവിടെ വെള്ളവും വൈദ്യുതിയും വരും, പോകും; ഉദരാസ്വാസ്ഥ്യവും ഏതാണ്ട്‌ അങ്ങനെതന്നെ. പക്ഷേ ബൈബിളധ്യയനത്തിന്‌ ഇവിടെ ഒരു ക്ഷാമവുമില്ല!” ലിസ്‌ബെത്ത്‌ പറയുന്നു: “ഞങ്ങളുടെ വീട്ടിൽനിന്ന്‌ അരമണിക്കൂർ അകലെയുള്ള ചില പ്രദേശങ്ങളിൽ ഇതുവരെ സുവാർത്ത എത്തിയിട്ടില്ല. ഞങ്ങൾ ചെല്ലുമ്പോൾ ആളുകൾ ബൈബിൾ വായിക്കുന്നതു കാണാം, ബൈബിൾ പഠിപ്പിക്കാമോ എന്ന്‌ അവർ ചോദിക്കും. വിനീതരായ ആ മനുഷ്യരെ ബൈബിൾ പഠിപ്പിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല!”

താൻ തുടങ്ങിവെച്ച പ്രസംഗവേല ഇന്ന്‌ ഭൂമിയുടെ വിദൂരഭാഗങ്ങളിൽപ്പോലും നിർവഹിക്കപ്പെടുന്നത്‌ സ്വർഗത്തിലിരുന്നു കാണുമ്പോൾ നമ്മുടെ നായകനായ യേശുക്രിസ്‌തുവിന്‌ എത്ര സന്തോഷം തോന്നുന്നുണ്ടാകും! അതെ, “സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കാനായി ആത്മാർപ്പണം ചെയ്യാൻ ദൈവജനത്തിന്റെ ഭാഗമായ എല്ലാവർക്കും സന്തോഷമേയുള്ളൂ.—മത്താ. 28:19, 20