വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല ആസൂത്രണത്തിന്റെ സത്‌ഫലം

നല്ല ആസൂത്രണത്തിന്റെ സത്‌ഫലം

തെക്കെ അമേരിക്കൻ രാജ്യമായ ചിലിയിലുള്ള സാൻ ബർനാഡോ പട്ടണത്തിലെ തീക്ഷ്‌ണതയുള്ള ഒരു യുവപ്രസാധികയാണ്‌ മരിയ ഇസബെൽ. തദ്ദേശവാസികളായ മാപൂച്ചെ ഗോത്രക്കാരാണ്‌ അവളും കുടുംബവും. മാപൂഡൂൺഗൂൺ എന്നും അറിയപ്പെടുന്ന മാപൂച്ചെ ഭാഷയിൽ ഒരു പുതിയ സഭ തുടങ്ങാനുള്ള ശ്രമത്തെ ഊർജസ്വലമായി പിന്തുണച്ചുവരുകയായിരുന്നു ഈ കുടുംബം.

മാപൂഡൂൺഗൂൺ ഭാഷയിൽ ക്രിസ്‌തുവിന്റെ സ്‌മാരകാചരണം നടത്തപ്പെടുമെന്നും ആ ഭാഷയിലുള്ള 2,000 സ്‌മാരക ക്ഷണക്കത്തുകൾ വിതരണത്തിനായി ലഭ്യമാണെന്നും കേട്ടപ്പോൾ മരിയ ഇസബെൽ ചിന്തിച്ചു: ‘ഈ പരിപാടി വിജയിപ്പിക്കാൻ എന്തുചെയ്യാനാകും?’ സഹപാഠികളോടും അധ്യാപകരോടും സാക്ഷീകരിച്ച്‌ നല്ലഫലം നേടിയ യുവസാക്ഷികളുടെ അനുഭവങ്ങൾ അവൾ ഓർത്തു. അതേക്കുറിച്ച്‌ അവൾ മാതാപിതാക്കളോടു സംസാരിച്ചു. സ്‌കൂളിൽ ക്ഷണക്കത്തു വിതരണം ചെയ്യുന്നതിന്‌ ഒരു പദ്ധതി ആലോചിച്ചു കണ്ടെത്താൻ അവർ മരിയയെ പ്രോത്സാഹിപ്പിച്ചു. മരിയ എന്തു പദ്ധതിയാണ്‌ മുന്നോട്ടുവെച്ചത്‌?

ആദ്യംതന്നെ, സ്‌കൂളിന്റെ പ്രധാനകവാടത്തിങ്കൽ ഒരു ക്ഷണക്കത്ത്‌ പ്രദർശിപ്പിക്കാൻ അവൾ സ്‌കൂൾ അധികൃതരോട്‌ അനുവാദം ചോദിച്ചു. അവർ മരിയയ്‌ക്ക്‌ അനുവാദം നൽകിയെന്നു മാത്രമല്ല, അവളുടെ കർമോത്സുകതയെ പ്രശംസിക്കുകയും ചെയ്‌തു. ഒരു ദിവസം രാവിലെ ഹാജർവിളിക്കുന്ന സമയത്ത്‌ സ്‌കൂൾ പ്രിൻസിപ്പൽ ആ ക്ഷണക്കത്തിനെക്കുറിച്ച്‌ ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നടത്തുകപോലും ചെയ്‌തു.

അതിനുശേഷം എല്ലാ ക്ലാസ്‌ മുറികളും സന്ദർശിക്കാൻ മരിയ അനുവാദം ചോദിച്ചു. അധ്യാപകർ സമ്മതിച്ചപ്പോൾ അവൾ ഓരോ ക്ലാസിലും ചെന്ന്‌ മാപൂച്ചെ വംശത്തിൽപ്പെട്ട ആരെങ്കിലുമുണ്ടോ എന്ന്‌ അന്വേഷിച്ചു. “സ്‌കൂളിൽ മൊത്തം പത്തോ പതിനഞ്ചോ പേരുണ്ടാകുമെന്നാണ്‌ ഞാൻ ആദ്യം കരുതിയത്‌. പക്ഷേ, അതിലുമധികം പേരുണ്ടായിരുന്നു. മൊത്തം 150 ക്ഷണക്കത്ത്‌ ഞാൻ സ്‌കൂളിൽ നൽകി!” മരിയ പറയുന്നു.

“കുറച്ചുകൂടി മുതിർന്ന ഒരാളെയാണ്‌ അവർ പ്രതീക്ഷിച്ചത്‌”

സ്‌കൂളിന്റെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന ക്ഷണക്കത്ത്‌ അടങ്ങിയ പോസ്റ്റർ കണ്ട്‌ ഇതേക്കുറിച്ച്‌ അറിയാൻ ആരെയാണ്‌ കാണേണ്ടതെന്ന്‌ ഒരു സ്‌ത്രീ ചോദിച്ചു. പത്തുവയസ്സുള്ള ഒരു പെൺകുട്ടിയുടെ അടുത്തേക്ക്‌ അവരെ കൂട്ടിക്കൊണ്ടുചെന്നപ്പോൾ അവർക്കുണ്ടായ ആശ്ചര്യം ഒന്നു വിഭാവന ചെയ്യൂ! “കുറച്ചുകൂടി മുതിർന്ന ഒരാളെയാണ്‌ അവർ പ്രതീക്ഷിച്ചത്‌,” ചെറുപുഞ്ചിരിയോടെ മരിയ പറയുന്നു. ഒരു ക്ഷണക്കത്ത്‌ നൽകി ഏതാനും കാര്യങ്ങൾ വിശദീകരിച്ചശേഷം മരിയ ആ സ്‌ത്രീയോട്‌ അവരുടെ വിലാസം ചോദിച്ചു. ദൈവരാജ്യത്തെക്കുറിച്ച്‌ കൂടുതൽ സംസാരിക്കാൻ മാതാപിതാക്കളോടൊപ്പം വീട്ടിലേക്കു വരാമെന്ന്‌ മരിയ പറഞ്ഞു. മാപൂച്ചെ വംശജയായ ആ സ്‌ത്രീയും മറ്റു 26 താത്‌പര്യക്കാരും സ്‌മാരകത്തിന്‌ ഹാജരായി. മാപൂഡൂൺഗൂൺ ഭാഷാ വയലിൽ പ്രവർത്തിക്കുന്ന 20 പ്രസാധകർക്ക്‌ അത്‌ എത്ര സന്തോഷം നൽകിയിട്ടുണ്ടാകും. ആ കൂട്ടം ഇപ്പോൾ തഴച്ചുവളരുന്ന ഒരു സഭയാണ്‌!

നിങ്ങളുടെ പ്രായം എന്തുതന്നെയായിരുന്നാലും സ്‌മാരകത്തിനോ പരസ്യപ്രസംഗത്തിനോ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനോ സഹപാഠികളെയോ സഹജോലിക്കാരെയോ ക്ഷണിക്കാൻ നിങ്ങൾക്ക്‌ മുൻകൈയെടുക്കാനാകുമോ? ഫലവത്തായ വിധത്തിൽ അതു ചെയ്യാൻ കഴിയുന്ന മാർഗങ്ങൾ മനസ്സിലാക്കാൻ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരിക്കുന്ന അനുഭവങ്ങൾ ഗവേഷണം ചെയ്യുന്നത്‌ നിങ്ങളെ സഹായിച്ചേക്കാം. യഹോവയെക്കുറിച്ചു സംസാരിക്കാൻ വേണ്ട ധൈര്യം ലഭിക്കാൻ നിങ്ങൾക്ക്‌ പരിശുദ്ധാത്മാവിനു വേണ്ടി പ്രാർഥിക്കാനാകും. (ലൂക്കോ. 11:13) അങ്ങനെ ചെയ്യുന്നപക്ഷം അതിൽനിന്നു ലഭിക്കുന്ന ഫലം നിങ്ങളെ അതിശയിപ്പിച്ചേക്കാം. നല്ല ആസൂത്രണത്തിന്റെ സത്‌ഫലങ്ങൾ നിങ്ങൾക്ക്‌ ഒരു പ്രോത്സാഹനമാകുകയും ചെയ്യും.

നല്ല ആസൂത്രണത്തിന്റെ സത്‌ഫലം