വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മ്യാൻമർ

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മ്യാൻമർ

“വിളവ്‌ ധാരാ​ള​മുണ്ട്. പക്ഷേ പണിക്കാർ കുറവാണ്‌. അതു​കൊണ്ട് വിള​വെ​ടു​പ്പി​നു പണിക്കാ​രെ അയയ്‌ക്കാൻ വിള​വെ​ടു​പ്പി​ന്‍റെ അധികാ​രി​യോ​ടു യാചി​ക്കുക.” (ലൂക്കോ. 10:2) 2,000-ത്തോളം വർഷങ്ങൾക്കു മുമ്പ് യേശു പറഞ്ഞ ഈ വാക്കുകൾ മ്യാൻമ​റി​ലെ ഇന്നത്തെ അവസ്ഥ നന്നായി വർണി​ക്കു​ന്നു. എന്തു​കൊണ്ട്? മ്യാൻമ​റിൽ ഏകദേശം 4,200 പ്രചാ​രകർ മാത്രമേ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നു​ള്ളൂ, എന്നാൽ അവിടത്തെ ജനസം​ഖ്യ​യോ? ഏകദേശം അഞ്ചര കോടി​യും.

എന്നാൽ ‘വിള​വെ​ടു​പ്പി​ന്‍റെ അധികാ​രി​യായ’ യഹോവ വ്യത്യ​സ്‌ത​ദേ​ശ​ങ്ങ​ളി​ലെ നൂറു​ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങ​ളു​ടെ ഹൃദയ​ങ്ങളെ സ്‌പർശി​ച്ചി​രി​ക്കു​ന്നു. തെക്കു​കി​ഴക്കൻ ഏഷ്യയി​ലുള്ള ഈ രാജ്യത്തെ ആത്മീയ വിള​വെ​ടു​പ്പു​വേ​ല​യിൽ പങ്കെടു​ക്കാൻ അവർ ഇവി​ടേക്കു വന്നിരി​ക്കു​ന്നു. സ്വദേശം വിടാൻ എന്താണ്‌ അവരെ പ്രേരി​പ്പി​ച്ചത്‌? മ്യാൻമ​റി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ അവർക്ക് എന്തു സഹായ​മാ​ണു ലഭിച്ചത്‌? അവർ എന്തൊക്കെ അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ ആസ്വദി​ക്കു​ന്നത്‌? നമുക്കു നോക്കാം.

“വരൂ, ഞങ്ങൾക്കു കൂടുതൽ മുൻനി​ര​സേ​വ​കരെ ആവശ്യ​മുണ്ട്!”

ജപ്പാനി​ലെ ഒരു മുൻനി​ര​സേ​വ​ക​നാ​ണു കാസൂ​ഹീ​രോ. കുറച്ച് വർഷങ്ങൾക്കു മുമ്പ് അപസ്‌മാ​രം ബാധിച്ച് പെട്ടെന്നു ബോധം നഷ്ടപ്പെട്ട അദ്ദേഹത്തെ ആശുപ​ത്രി​യി​ലേക്കു കൊണ്ടു​പോ​യി. രണ്ടു വർഷ​ത്തേക്കു വണ്ടി ഓടി​ക്ക​രു​തെന്നു ഡോക്‌ടർ അദ്ദേഹ​ത്തോ​ടു പറഞ്ഞു. കാസൂ​ഹീ​രോ​യ്‌ക്ക് ഇതൊരു ഞെട്ടലാ​യി​രു​ന്നു. അദ്ദേഹം ചിന്തിച്ചു: ‘ഞാൻ വളരെ​യ​ധി​കം ഇഷ്ടപ്പെ​ടുന്ന മുൻനി​ര​സേ​വനം ഇനി എങ്ങനെ ചെയ്യും?’ മുൻനി​ര​സേ​വനം തുടരാ​നുള്ള ഒരു വഴി കാണി​ച്ചു​ത​രേ​ണമേ എന്ന് അദ്ദേഹം ഉള്ളുരു​കി യഹോ​വ​യോ​ടു പ്രാർഥി​ച്ചു.

കാസൂഹീരോയും മാരി​യും

കാസൂ​ഹീ​രോ പറയുന്നു: “ഒരു മാസം കഴിഞ്ഞ്, മ്യാൻമ​റിൽ സേവി​ക്കുന്ന ഒരു സുഹൃത്ത്‌ എന്‍റെ അവസ്ഥ അറിഞ്ഞ് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘ഇവിടെ ആളുകൾ പൊതു​വേ ബസ്സ് യാത്ര ചെയ്യു​ന്ന​വ​രാണ്‌. കാറൊ​ന്നു​മി​ല്ലെ​ങ്കി​ലും നിനക്കു മുൻനി​ര​സേ​വനം ചെയ്യാം.’ എന്‍റെ ഈ അവസ്ഥയിൽ മ്യാൻമ​റി​ലേക്കു പോകാൻ പറ്റുമോ എന്നു ഞാൻ ഡോക്‌ട​റോ​ടു ചോദി​ച്ചു. എന്നെ അതിശ​യി​പ്പി​ച്ചു​കൊണ്ട് ഡോക്‌ടർ പറഞ്ഞു: ‘മ്യാൻമ​റിൽനി​ന്നുള്ള ഒരു മസ്‌തി​ഷ്‌ക​വി​ദ​ഗ്‌ധൻ ഇപ്പോൾ ജപ്പാൻ സന്ദർശി​ക്കാൻ വന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ തനിക്കു പരിച​യ​പ്പെ​ടു​ത്താം. ഇനി എപ്പോ​ഴെ​ങ്കി​ലും അപസ്‌മാ​ര​മു​ണ്ടാ​യാൽ അദ്ദേഹം നോക്കി​ക്കൊ​ള്ളും.’ ഇത്‌ എന്‍റെ പ്രാർഥ​ന​യ്‌ക്ക് യഹോവ തന്ന ഉത്തരമാ​ണെന്ന് എനിക്കു തോന്നി.”

പെട്ടെ​ന്നു​ത​ന്നെ കാസൂ​ഹീ​രോ മ്യാൻമ​റി​ലെ ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക് എഴുതി. തനിക്കും ഭാര്യ​ക്കും മ്യാൻമ​റിൽ മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ക്കാൻ ആഗ്രഹ​മു​ണ്ടെന്നു പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന് മറുപടി വന്നു: “വരൂ, ഞങ്ങൾക്കു കൂടുതൽ മുൻനി​ര​സേ​വ​കരെ ആവശ്യ​മുണ്ട്!” കാസൂ​ഹീ​രോ​യും ഭാര്യ മാരി​യും അവരുടെ കാറുകൾ വിറ്റു, വിസ ശരിയാ​ക്കി, വിമാ​ന​ടി​ക്ക​റ്റു​ക​ളും വാങ്ങി. ഇന്ന് അവർ മണ്ഡലാ​യി​ലുള്ള ഒരു ആംഗ്യ​ഭാ​ഷാ​ക്കൂ​ട്ട​ത്തോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്നു. കാസൂ​ഹീ​രോ പറയുന്നു: “എന്‍റെ അനുഭവം സങ്കീർത്തനം 37:5-ലെ ദൈവ​ത്തി​ന്‍റെ ഈ വാഗ്‌ദാ​ന​ത്തി​ലുള്ള വിശ്വാ​സം കൂടുതൽ ശക്തമാക്കി: ‘നിന്‍റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ; ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.’”

യഹോവ വഴി തുറക്കു​ന്നു

2014-ൽ ഒരു പ്രത്യേക കൺ​വെൻ​ഷന്‌ ആതിഥ്യം വഹിക്കാ​നുള്ള അവസരം മ്യാൻമ​റി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു ലഭിച്ചു. ആ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ വിദേ​ശ​ത്തു​നി​ന്നും ധാരാളം സഹോ​ദ​രങ്ങൾ മ്യാൻമ​റിൽ വന്നു. അതിൽ ഒരാളാ​യി​രു​ന്നു ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള 35-നോട്‌ അടുത്ത്‌ പ്രായ​മുള്ള മൊണീക്ക് സഹോ​ദരി. സഹോ​ദരി പറയുന്നു: “കൺ​വെൻ​ഷൻ കഴിഞ്ഞ് മടങ്ങിവന്ന ഞാൻ ഇനി എന്തു ചെയ്യണ​മെന്ന് യഹോ​വ​യോ​ടു പ്രാർഥ​ന​യിൽ ചോദി​ച്ചു. എന്‍റെ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച് മാതാ​പി​താ​ക്ക​ളോ​ടും സംസാ​രി​ച്ചു. ഞാൻ മ്യാൻമ​റിൽ പോയി സേവി​ക്ക​ണ​മെന്നു ഞങ്ങൾക്ക് എല്ലാവർക്കും തോന്നി. എന്നാൽ കുറച്ച് നാളത്തെ കാത്തി​രി​പ്പി​നും ഏറെ പ്രാർഥ​ന​കൾക്കും ശേഷമാണ്‌ ആ ലക്ഷ്യം യാഥാർഥ്യ​മാ​യത്‌.” അതിന്‍റെ കാരണം സഹോ​ദരി വിശദീ​ക​രി​ക്കു​ന്നു.

മൊണീക്കും ലീയും

“‘ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കാൻ’ യേശു ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതു​കൊണ്ട് ഞാൻ സ്വയം ചോദി​ച്ചു: ‘മ്യാൻമ​റി​ലേക്കു പോകാ​നുള്ള പണം എന്‍റെ കൈയി​ലു​ണ്ടോ? അവിടെ ചെന്നിട്ട് ഒരു ജോലി കണ്ടുപിടിക്കാനും കുറച്ച് സമയം മാത്രം ജോലി ചെയ്‌ത്‌ ചെലവി​നുള്ള വക കണ്ടെത്താ​നും എനിക്കു കഴിയു​മോ?’” അങ്ങനെ ചിന്തി​ച്ച​പ്പോൾ സഹോ​ദ​രിക്ക് ഒരു കാര്യം മനസ്സി​ലാ​യി. സഹോ​ദരി പറയുന്നു: “ഭൂമി​യു​ടെ മറുഭാ​ഗ​ത്തേക്കു പോകാൻ ആവശ്യ​മായ പണം തത്‌കാ​ലം എന്‍റെ കൈയിൽ ഇല്ല എന്ന് എനിക്കു മനസ്സി​ലാ​യി.” പിന്നീട്‌ മ്യാൻമ​റി​ലേക്കു പോകാൻ സഹോ​ദ​രി​ക്കു കഴിഞ്ഞോ?—ലൂക്കോ. 14:28.

സഹോ​ദ​രി പറയുന്നു: “ഒരു ദിവസം തൊഴി​ലു​ടമ എന്നെ കാണണ​മെന്ന് ആവശ്യ​പ്പെ​ട്ട​പ്പോൾ ഞാൻ പേടി​ച്ചു​പോ​യി. ജോലി​യിൽനിന്ന് പറഞ്ഞു​വി​ടാ​നാ​ണെ​ന്നാ​ണു ഞാൻ ചിന്തി​ച്ചത്‌. എന്നാൽ, നന്നായി ജോലി ചെയ്യു​ന്ന​തിന്‌ അഭിന​ന്ദി​ക്കാ​നാ​ണു മാഡം എന്നെ വിളി​ച്ചത്‌. ഒരു ബോണ​സും എനിക്കു ലഭിക്കു​മെന്ന് അവർ പറഞ്ഞു. എന്‍റെ കടങ്ങ​ളെ​ല്ലാം വീട്ടി, കാര്യ​ങ്ങ​ളെ​ല്ലാം ക്രമീ​ക​രിച്ച് മ്യാൻമ​റി​ലേക്കു പോകാൻ ആവശ്യ​മായ കൃത്യം തുകയാ​യി​രു​ന്നു ആ ബോണസ്‌!”

2014 ഡിസം​ബർമു​തൽ മൊണീക്ക് മ്യാൻമ​റിൽ സേവി​ക്കു​ന്നു. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് സഹോ​ദ​രിക്ക് എന്താണു തോന്നു​ന്നത്‌? സഹോ​ദരി പറയുന്നു: “ഇങ്ങോട്ടു വന്നതിൽ എനിക്കു വളരെ സന്തോഷം തോന്നു​ന്നു. എനിക്കു മൂന്നു ബൈബിൾപ​ഠ​ന​ങ്ങ​ളുണ്ട്. എന്‍റെ ഒരു ബൈബിൾവി​ദ്യാർഥിക്ക് 67 വയസ്സാണു പ്രായം. ബൈബിൾപ​ഠ​ന​ത്തി​നു ചെല്ലു​മ്പോ​ഴെ​ല്ലാം അവർ എന്നെ പുഞ്ചി​രി​യോ​ടെ സ്വാഗതം ചെയ്യും, എന്നെ കെട്ടി​പ്പി​ടി​ക്കും. ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാ​ണെന്നു പഠിച്ച​പ്പോൾ ആ സ്‌ത്രീ​യു​ടെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. അവർ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് എത്ര വയസ്സായി! ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാ​ണെന്ന് ഇപ്പോ​ഴാ​ണു ഞാൻ അറിയു​ന്നത്‌. നീ എന്നെക്കാൾ എത്രയോ ചെറു​പ്പ​മാണ്‌, എന്നാൽ ഞാൻ പഠിക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട പാഠം നീയാണ്‌ എന്നെ പഠിപ്പി​ച്ചത്‌.’ ഞാനും കരഞ്ഞു​പോ​യി എന്നു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​മ്പോൾ ഇതു​പോ​ലുള്ള അനുഭ​വങ്ങൾ വളരെ​യ​ധി​കം സംതൃ​പ്‌തി തരുന്നു.” അടുത്തി​ടെ, മൊണീ​ക്കി​നു രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കാ​നുള്ള അവസരം ലഭിച്ചു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം 2013-ലെ മ്യാൻമ​റി​നെ​ക്കു​റിച്ച് വന്ന വിവര​ണ​മാണ്‌ ആ രാജ്യത്ത്‌ പോയി സേവി​ക്കാൻ ചിലർക്കു പ്രചോ​ദ​ന​മാ​യത്‌. അതിൽ ഒരാളാ​ണു തെക്കു​കി​ഴക്കൻ ഏഷ്യയിൽത്ത​ന്നെ​യുള്ള ലീ എന്ന സഹോ​ദരി. 30-നോട​ടുത്ത്‌ പ്രായ​മുള്ള ഈ സഹോദരിക്ക് ഒരു മുഴു​സമയ ജോലി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ വാർഷി​ക​പു​സ്‌തകം വായി​ച്ച​പ്പോൾ മ്യാൻമ​റിൽ പോയി സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് സഹോ​ദരി ചിന്തി​ക്കാൻ തുടങ്ങി. സഹോ​ദരി പറയുന്നു: “2014-ൽ യാൻഗൂ​ണിൽവെച്ച് നടന്ന പ്രത്യേക കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ പോയ​പ്പോൾ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കുന്ന ഒരു ദമ്പതി​കളെ ഞാൻ പരിച​യ​പ്പെട്ടു, മ്യാൻമ​റി​ലെ ചൈനീസ്‌ വയലി​ലാ​യി​രു​ന്നു അവർ പ്രവർത്തി​ച്ചി​രു​ന്നത്‌. എനിക്കു ചൈനീസ്‌ അറിയാ​മാ​യി​രു​ന്നു, അതു​കൊണ്ട് മ്യാൻമ​റി​ലെ ചൈനീസ്‌ കൂട്ടത്തിൽ സേവി​ക്കാൻ ഞാനും തീരു​മാ​നി​ച്ചു. മൊണീ​ക്കി​നോ​ടൊ​പ്പം ഞാൻ മണ്ഡലാ​യ്‌ക്കു പോയി. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഒരേ സ്‌കൂ​ളിൽത്തന്നെ അധ്യാ​പ​ക​രാ​യി ഒരു അംശകാ​ല​ജോ​ലി കണ്ടുപി​ടി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അടുത്തു​തന്നെ ഒരു അപ്പാർട്ടു​മെ​ന്‍റും കിട്ടി. കാലാവസ്ഥ ചൂടു​ള്ള​താ​ണെ​ങ്കി​ലും, ചില അസൗക​ര്യ​ങ്ങ​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ഇവിടു​ത്തെ എന്‍റെ സേവനം ഞാൻ ആസ്വദി​ക്കു​ന്നു. മ്യാൻമ​റി​ലെ ആളുകൾ ലളിത​മായ ജീവിതം നയിക്കു​ന്ന​വ​രാണ്‌. അവർ മര്യാ​ദ​യു​ള്ള​വ​രും സന്തോ​ഷ​വാർത്ത ശ്രദ്ധി​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കാൻ മനസ്സൊ​രു​ക്ക​മു​ള്ള​വ​രും ആണ്‌. യഹോവ പ്രസം​ഗ​പ്ര​വർത്ത​നത്തെ അതി​വേഗം മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്നതു കാണു​ന്നത്‌ എന്നെ ആവേശം​കൊ​ള്ളി​ക്കു​ന്നു. ഇവിടെ മണ്ഡലാ​യിൽ ഞാൻ സേവി​ക്ക​ണ​മെ​ന്നത്‌ എന്നെക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഹിതമാ​ണെന്നു ഞാൻ ഉറച്ച് വിശ്വ​സി​ക്കു​ന്നു.”

യഹോവ പ്രാർഥ​നകൾ കേൾക്കു​ന്നു

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്ന​വ​രായ ധാരാളം പേർ പ്രാർഥ​ന​യു​ടെ ശക്തി അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്. 35-നോട​ടുത്ത്‌ പ്രായ​മുള്ള ജുംബ​യു​ടെ​യും ഭാര്യ നാവോ​യു​ടെ​യും അനുഭവം നോക്കാം. അവർ അപ്പോൾത്തന്നെ ജപ്പാനി​ലെ ആംഗ്യ​ഭാ​ഷാ​സ​ഭ​യോ​ടൊത്ത്‌ സേവി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ അവർ മ്യാൻമ​റി​ലേക്കു പോയത്‌? ജുംബ പറയുന്നു: “ആവശ്യം അധിക​മുള്ള ഒരു വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കുക എന്നത്‌ എന്‍റെയും ഭാര്യ​യു​ടെ​യും ഒരു ദീർഘ​കാ​ല​ല​ക്ഷ്യ​മാ​യി​രു​ന്നു. ജപ്പാനി​ലെ ആംഗ്യ​ഭാ​ഷാ​സ​ഭ​യി​ലുള്ള ഒരു സഹോ​ദരൻ മ്യാൻമ​റി​ലേക്കു മാറി​ത്താ​മ​സി​ച്ചി​രു​ന്നു. ഞങ്ങളുടെ കൈയിൽ കുറച്ച് പണമേ ഉണ്ടായി​രു​ന്നു​ള്ളൂ​വെ​ങ്കി​ലും 2010 മെയ്യിൽ ഞങ്ങളും പോയി. മ്യാൻമ​റി​ലെ സഹോ​ദ​രങ്ങൾ ഊഷ്‌മ​ള​മായ വരവേൽപ്പാ​ണു ഞങ്ങൾക്കു നൽകി​യത്‌.” മ്യാൻമ​റി​ലെ ആംഗ്യ​ഭാ​ഷാ​വ​യ​ലിൽ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് സഹോ​ദ​രന്‌ എന്താണു തോന്നു​ന്നത്‌? “താത്‌പ​ര്യ​ക്കാർ ധാരാ​ള​മുണ്ട്. ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​കൾ കാണി​ക്കു​മ്പോൾ ബധിര​രായ ആളുകൾ അതിശ​യി​ച്ചു​പോ​കു​ക​യാണ്‌. യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ ഇങ്ങോട്ടു വരാൻ തീരു​മാ​നി​ച്ചത്‌ എത്ര നന്നായി.”

നാവോ​യും ജുംബ​യും

ഈ ദമ്പതി​ക​ളു​ടെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ നടന്നു​പോ​കു​ന്നു? “മൂന്നു വർഷം കഴിഞ്ഞ​പ്പോൾ ഞങ്ങളുടെ കൈയി​ലു​ണ്ടാ​യി​രുന്ന പണം തീർന്നു​പോ​യി. അടുത്ത വർഷ​ത്തേക്കു വാടക കൊടു​ക്കാൻ ഞങ്ങളുടെ കൈയിൽ പണമി​ല്ലാ​യി​രു​ന്നു. ഭാര്യ​യും ഞാനും പലവട്ടം യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന് ഞങ്ങൾക്ക് ഒരു കത്തു വന്നു, ഞങ്ങളെ താത്‌കാ​ലിക പ്രത്യേ​ക​മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ചു​കൊണ്ട്! യഹോ​വ​യി​ലുള്ള ഞങ്ങളുടെ ആശ്രയം വെറു​തേ​യാ​യില്ല. എല്ലാ വിധത്തി​ലും യഹോവ ഞങ്ങൾക്കു​വേണ്ടി കരുതു​ന്നു.” ഇയ്യിടെ ജുംബ​യും നാവോ​യും രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ത്തു.

യഹോവ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു

45-നോട​ടുത്ത്‌ പ്രായ​മുള്ള ഇറ്റലി​ക്കാ​ര​നായ സിമോ​ണെ എന്ന സഹോ​ദ​ര​നെ​യും അദ്ദേഹ​ത്തി​ന്‍റെ ഭാര്യ 40-നോട​ടുത്ത്‌ പ്രായ​മുള്ള ന്യൂസി​ലൻഡു​കാ​രി​യായ അന്ന സഹോ​ദ​രി​യെ​യും മ്യാൻമ​റിൽ പോയി സേവി​ക്കാൻ എന്താണു പ്രേരി​പ്പി​ച്ചത്‌? സഹോ​ദരി പറയുന്നു: “അത്‌ വാർഷി​ക​പു​സ്‌തകം 2013-ലെ മ്യാൻമ​റി​നെ​ക്കു​റി​ച്ചുള്ള വിവര​ണ​മാണ്‌.” സഹോ​ദരൻ പറയുന്നു: “മ്യാൻമ​റിൽ സേവി​ക്കു​ന്നതു വലി​യൊ​രു പദവി​യാണ്‌. ഇവിടെ ജീവിതം വളരെ ലളിത​മാണ്‌. അതു​കൊണ്ട് യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ സമയം ഏർപ്പെ​ടാൻ എനിക്കു കഴിയു​ന്നു. ആവശ്യം അധിക​മുള്ള ഒരു സ്ഥലത്ത്‌ പ്രവർത്തി​ക്കു​മ്പോൾ യഹോവ നമുക്കു​വേണ്ടി കരുതു​ന്നത്‌ അനുഭ​വി​ച്ച​റി​യാൻ കഴിയും. അതു ശരിക്കും ആവേശം പകരുന്നു.” (സങ്കീ. 121:5) അന്ന പറയുന്നു: “ഞാൻ ഇന്നു മുമ്പെ​ന്ന​ത്തേ​തി​ലും സന്തോ​ഷ​മു​ള്ള​വ​ളാണ്‌. ഒരു ലളിത​ജീ​വി​ത​മാ​ണു ഞങ്ങളു​ടേത്‌. ഭർത്താ​വു​മാ​യി ചെലവ​ഴി​ക്കാൻ എനിക്കു കൂടുതൽ സമയം കിട്ടുന്നു, ഞങ്ങൾ തമ്മിലുള്ള അടുപ്പം വർധിച്ചു. ഞങ്ങൾക്കു പുതിയ സുഹൃ​ത്തു​ക്ക​ളെ​യും കിട്ടി​യി​രി​ക്കു​ന്നു. ഇവിടു​ത്തെ ആളുകൾക്കു സാക്ഷി​ക​ളോ​ടു മുൻവി​ധി​യൊ​ന്നു​മില്ല. ആളുക​ളു​ടെ താത്‌പ​ര്യം കാണു​മ്പോൾ അത്ഭുതം തോന്നു​ന്നു.” ഒരു സംഭവം നോക്കാം.

സിമോ​ണെ​യും അന്നയും

അന്ന പറയുന്നു: “ഒരു ദിവസം ചന്തസ്ഥല​ത്തു​വെച്ച് ഞാൻ കോ​ളേ​ജിൽ പഠിക്കുന്ന ഒരു പെൺകു​ട്ടി​യോ​ടു സാക്ഷീ​ക​രി​ച്ചു, മടക്കസ​ന്ദർശ​ന​ത്തി​നുള്ള ക്രമീ​ക​രണം ചെയ്‌തു. മടങ്ങി​ച്ചെ​ന്ന​പ്പോൾ അവൾ ഒരു കൂട്ടു​കാ​രി​യെ​യും ഒപ്പം കൂട്ടി​യി​രു​ന്നു. അടുത്ത പ്രാവ​ശ്യം അവളു​ടെ​കൂ​ടെ മറ്റു ചില കൂട്ടു​കാ​രി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അടുത്ത തവണ അതിൽക്കൂ​ടു​തൽ പേരെ കൊണ്ടു​വന്നു. ഇപ്പോൾ അവരിൽ അഞ്ചു പേരോ​ടൊത്ത്‌ ഞാൻ ബൈബിൾപ​ഠനം നടത്തുന്നു.” സിമോ​ണെ പറയുന്നു: “ആളുകൾ സൗഹൃ​ദ​ഭാ​വ​വും കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ അറിയാൻ ആകാം​ക്ഷ​യും ഉള്ളവരാണ്‌. മിക്കവ​രും സന്ദേശ​ത്തോ​ടു താത്‌പ​ര്യം കാണി​ക്കു​ന്നു. എല്ലാവ​രു​ടെ​യും അടുത്ത്‌ മടങ്ങി​ച്ചെ​ല്ലാൻ സമയമില്ല എന്നതാണു സത്യം.”

സാച്ചി​യോ​യും മിസൂ​ഹോ​യും

മ്യാൻമ​റി​ലേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു മുമ്പ് ചിലർ ചെയ്‌ത കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? ജപ്പാനി​ലെ മിസൂ​ഹോ പറയുന്നു: “എന്‍റെ ഭർത്താവ്‌ സാച്ചി​യോ​യും ഞാനും ആവശ്യം അധിക​മുള്ള ഒരു സ്ഥലത്ത്‌ സേവി​ക്കാൻ ആഗ്രഹി​ച്ചി​രു​ന്നു. പക്ഷേ എവിടെ പോക​ണ​മെന്നു ഞങ്ങൾക്കു നിശ്ചയ​മി​ല്ലാ​യി​രു​ന്നു. വാർഷി​ക​പു​സ്‌തകം 2013-ൽ വന്ന മ്യാൻമ​റി​ലെ നല്ലനല്ല അനുഭ​വങ്ങൾ ഞങ്ങളെ രോമാ​ഞ്ചം​കൊ​ള്ളി​ച്ചു. അവിടെ പോയി സേവി​ക്കാൻ കഴിയു​മോ എന്നു ഞങ്ങൾ ചിന്തി​ക്കാൻ തുടങ്ങി.” സാച്ചി​യോ പറയുന്നു: “മ്യാൻമ​റി​ലെ പ്രധാ​ന​ന​ഗ​ര​മായ യാൻഗൂ​ണിൽ ഒരു ആഴ്‌ച ചെലവി​ടാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. ‘ദേശം ഒറ്റു​നോ​ക്കു​ന്ന​തി​നാ​യി​രു​ന്നു’ അത്‌. ഞങ്ങൾ ഇങ്ങോട്ടു മാറി​ത്താ​മ​സി​ക്ക​ണ​മെന്ന് ആ യാത്ര കഴിഞ്ഞ​പ്പോൾ ഞങ്ങൾക്കു മനസ്സി​ലാ​യി.”

നിങ്ങൾ ക്ഷണം സ്വീക​രി​ക്കു​മോ?

ജെയ്‌ൻ, ഡാനിക്ക, റോഡ്‌നി, ജോർഡൻ

ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള ദമ്പതി​ക​ളാ​ണു റോഡ്‌നി​യും ജെയ്‌നും. പ്രായം 50 പിന്നിട്ട അവർ മകൻ ജോർഡ​നോ​ടും മകൾ ഡാനി​ക്ക​യോ​ടും ഒപ്പം 2010 മുതൽ ആവശ്യം അധിക​മുള്ള സ്ഥലമായ മ്യാൻമ​റിൽ സേവി​ക്കു​ന്നു. റോഡ്‌നി പറയുന്നു: “ആളുക​ളു​ടെ ആത്മീയ​വി​ശപ്പു കണ്ടതു ഞങ്ങളുടെ ഹൃദയത്തെ സ്വാധീ​നി​ച്ചു. മറ്റു കുടും​ബ​ങ്ങ​ളോ​ടു ഞങ്ങൾക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: ‘മ്യാൻമർപോ​ലുള്ള ഒരു സ്ഥലത്ത്‌ പോയി സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ഗൗരവ​മാ​യി ചിന്തി​ക്കുക.’” എന്തു​കൊണ്ട്? “അതു ഞങ്ങളുടെ കുടും​ബത്തെ ആത്മീയ​മാ​യി എത്രയ​ധി​കം സഹായി​ച്ചെ​ന്നോ! ഇന്നു പല ചെറു​പ്പ​ക്കാ​രും ഫോണു​ക​ളു​ടെ​യും കാറു​ക​ളു​ടെ​യും ജോലി​യു​ടെ​യും ഒക്കെ പുറ​കേ​യാണ്‌. ഞങ്ങളുടെ മക്കൾ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കേണ്ട പുതി​യ​പു​തിയ വാക്കുകൾ പഠിക്കുന്ന തിരക്കി​ലും. ബൈബി​ളി​നെ​ക്കു​റിച്ച് അറിയാത്ത ആളുക​ളു​മാ​യി ന്യായ​വാ​ദം ചെയ്യാ​നും പ്രാ​ദേ​ശി​ക​ഭാ​ഷ​യിൽ നടക്കുന്ന മീറ്റി​ങ്ങു​കൾക്ക് ഉത്തരം പറയാൻ പഠിക്കാ​നും ആണ്‌ അവർ ശ്രമി​ക്കു​ന്നത്‌. അതു​പോ​ലെ ആവേശ​ക​ര​മായ മറ്റ്‌ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളി​ലും അവർ മുഴു​കു​ന്നു.”

ഒലിവ​റും അന്നയും

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാൻ താൻ മറ്റുള്ള​വ​രോ​ടു പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് 40-നോട്‌ അടുത്ത്‌ പ്രായ​മുള്ള, ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഒലിവർ സഹോ​ദരൻ വിശദീ​ക​രി​ക്കു​ന്നു: “പരിചി​ത​മായ, സൗകര്യ​പ്ര​ദ​മായ ചുറ്റു​പാ​ടു​കൾ വിട്ട് മറ്റൊരു സ്ഥലത്ത്‌ സേവി​ക്കു​ന്ന​തു​കൊണ്ട് എനിക്കു ധാരാളം പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യി. വീട്ടിൽനിന്ന് മാറി​ത്താ​മ​സി​ച്ചത്‌ എന്‍റെ ആത്മവി​ശ്വാ​സം വർധി​പ്പി​ച്ചു, ഏതു സാഹച​ര്യ​ത്തി​ലും യഹോ​വ​യിൽ ആശ്രയി​ക്കാൻ അത്‌ എന്നെ പഠിപ്പി​ച്ചു. മുൻപ​രി​ച​യ​മൊ​ന്നു​മി​ല്ലാത്ത, എന്നാൽ എന്‍റെ അതേ വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തു​ന്ന​വ​രോ​ടൊത്ത്‌ സേവി​ക്കു​ന്നത്‌, ദൈവ​രാ​ജ്യ​ത്തോ​ടു താരത​മ്യം ചെയ്യാ​വുന്ന മറ്റൊ​ന്നും ഈ ലോക​ത്തി​ല്ലെന്നു മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” ഇന്ന് ഒലിവ​റും ഭാര്യ അന്നയും ചൈനീസ്‌ ഭാഷാ​വ​യ​ലിൽ ഉത്സാഹ​ത്തോ​ടെ സേവി​ക്കു​ന്നു.

ട്രെയ്‌സൽ

50 കഴിഞ്ഞ, ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള ട്രെയ്‌സൽ സഹോ​ദരി 2004 മുതൽ മ്യാൻമ​റിൽ സേവി​ക്കു​ക​യാണ്‌. സഹോ​ദരി പറയുന്നു: “സാഹച​ര്യം അനുവ​ദി​ക്കു​ന്ന​വ​രോ​ടെ​ല്ലാം, ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോയി സേവി​ക്കാ​നാണ്‌ എനിക്കു പറയാ​നു​ള്ളത്‌. അങ്ങനെ ചെയ്യാ​നുള്ള ആഗ്രഹം നിങ്ങൾക്കു​ണ്ടെ​ങ്കിൽ യഹോവ നിങ്ങളു​ടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കു​മെന്ന് അനുഭ​വ​ത്തിൽനിന്ന് എനിക്കു പറയാൻ കഴിയും. എന്‍റെ ജീവി​ത​ത്തെ​ക്കു​റിച്ച് പറയു​ക​യാ​ണെ​ങ്കിൽ, ഇങ്ങനെ​യൊ​ന്നു ഞാൻ സ്വപ്‌നം​പോ​ലും കണ്ടിട്ടില്ല, കിട്ടാ​വു​ന്ന​തിൽവെച്ച് ഏറ്റവും സംതൃ​പ്‌ത​മായ ജീവി​ത​മാണ്‌ എന്‍റേത്‌. ധാരാളം അനു​ഗ്ര​ഹങ്ങൾ നിറഞ്ഞ ഒന്ന്.”

രാജ്യ​സ​ന്ദേ​ശം എത്തി​പ്പെ​ട്ടി​ട്ടി​ല്ലാത്ത സ്ഥലത്ത്‌ പോയി പ്രവർത്തി​ക്കാൻ മ്യാൻമ​റി​ലെ ഈ സഹോ​ദ​ര​ങ്ങ​ളു​ടെ ഹൃദയ​സ്‌പർശി​യായ വാക്കുകൾ നിങ്ങളെ പ്രേരി​പ്പി​ക്കട്ടെ! അവരുടെ ഈ സ്വരം നിങ്ങൾക്കു കേൾക്കാ​നാ​കു​ന്നു​ണ്ടോ? “മ്യാൻമ​റി​ലേക്കു വന്ന് ഞങ്ങളെ സഹായി​ക്കണേ!”