ലൂക്കോസ്‌ എഴുതിയത്‌ 7:1-50

7  ജനത്തോ​ടു പറയാ​നു​ള്ള​തെ​ല്ലാം പറഞ്ഞു​തീർന്ന​പ്പോൾ യേശു കഫർന്ന​ഹൂ​മി​ലേക്കു പോയി.  അവിടെ ഒരു സൈനികോദ്യോഗസ്ഥന്റെ അടിമ രോഗം പിടി​പെട്ട്‌ മരിക്കാ​റാ​യി കിടപ്പു​ണ്ടാ​യി​രു​ന്നു.+ അയാൾക്കു വളരെ പ്രിയ​പ്പെ​ട്ട​വ​നാ​യി​രു​ന്നു ആ അടിമ.  യേശു​വി​നെ​ക്കു​റിച്ച്‌ കേട്ട സൈനി​കോ​ദ്യോ​ഗസ്ഥൻ, വന്ന്‌ തന്റെ അടിമയെ സുഖ​പ്പെ​ടു​ത്തു​മോ എന്നു ചോദി​ക്കാൻ ജൂതന്മാ​രു​ടെ ചില മൂപ്പന്മാരെ* യേശുവിന്റെ അടു​ത്തേക്ക്‌ അയച്ചു.  യേശുവിന്റെ അടുത്ത്‌ എത്തിയ അവർ ഇങ്ങനെ കേണ​പേ​ക്ഷി​ച്ചു: “അങ്ങ്‌ വന്ന്‌ അയാളെ സഹായി​ക്കണം. അയാൾ അതിന്‌ അർഹനാണ്‌.  കാരണം അയാൾ നമ്മുടെ ജനതയെ സ്‌നേ​ഹി​ക്കു​ന്നു. നമ്മുടെ സിന​ഗോഗ്‌ പണിത​തും അയാളാണ്‌.”  യേശു അവരു​ടെ​കൂ​ടെ പോയി. വീട്‌ എത്താറാ​യ​പ്പോൾ ആ ഉദ്യോ​ഗസ്ഥൻ ചില സുഹൃ​ത്തു​ക്കളെ യേശുവിന്റെ അടു​ത്തേക്ക്‌ അയച്ച്‌ ഇങ്ങനെ പറയിച്ചു: “യജമാ​നനേ, ബുദ്ധി​മു​ട്ടേണ്ടാ. അങ്ങ്‌ എന്റെ വീട്ടിൽ വരാൻമാ​ത്രം യോഗ്യത എനിക്കില്ല.+  അങ്ങയുടെ അടുത്ത്‌ ഞാൻ വരാഞ്ഞ​തും അതു​കൊ​ണ്ടാണ്‌. അങ്ങ്‌ ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും.  ഞാനും അധികാ​ര​ത്തിൻകീ​ഴി​ലു​ള്ള​യാ​ളാണ്‌. എന്റെ കീഴി​ലും പടയാ​ളി​ക​ളുണ്ട്‌. ഞാൻ ഒരാ​ളോട്‌, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊ​രാ​ളോട്‌, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമ​യോട്‌, ‘ഇതു ചെയ്യ്‌’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.”  ഇതു കേട്ട്‌ ആശ്ചര്യ​പ്പെട്ട യേശു, തിരിഞ്ഞ്‌ തന്നെ അനുഗ​മി​ക്കുന്ന ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലിൽപ്പോ​ലും ഇത്ര വലിയ വിശ്വാ​സം കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”+ 10  ആ ഉദ്യോ​ഗസ്ഥൻ യേശുവിന്റെ അടു​ത്തേക്ക്‌ അയച്ച ആളുകൾ തിരി​ച്ചെ​ത്തി​യ​പ്പോൾ അടിമ ആരോ​ഗ്യ​ത്തോ​ടി​രി​ക്കു​ന്നതു കണ്ടു.+ 11  പിന്നെ യേശു നയിൻ എന്ന നഗരത്തി​ലേക്കു പോയി. യേശുവിന്റെ ശിഷ്യ​ന്മാ​രും വലി​യൊ​രു ജനക്കൂ​ട്ട​വും കൂടെ​യു​ണ്ടാ​യി​രു​ന്നു. 12  യേശു നഗരക​വാ​ട​ത്തിന്‌ അടുത്ത്‌ എത്തിയ​പ്പോൾ, ആളുകൾ ഒരാളു​ടെ ശവശരീ​രം ചുമന്നു​കൊണ്ട്‌ പുറ​ത്തേക്കു വരുന്നതു കണ്ടു. അവൻ അമ്മയുടെ ഒരേ ഒരു മകനാ​യി​രു​ന്നു;+ അമ്മയാ​ണെ​ങ്കിൽ വിധവ​യും. നഗരത്തിൽനി​ന്നുള്ള വലി​യൊ​രു കൂട്ടം ആളുക​ളും ആ വിധവ​യു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 13  വിധവയെ കണ്ട്‌ മനസ്സ്‌ അലിഞ്ഞ കർത്താവ്‌,+ “കരയേണ്ടാ”+ എന്നു പറഞ്ഞു. 14  പിന്നെ യേശു അടുത്ത്‌ ചെന്ന്‌ ശവമഞ്ചം തൊട്ടു; അതു ചുമന്നി​രു​ന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറു​പ്പ​ക്കാ​രാ, എഴുന്നേൽക്കുക* എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+ 15  മരിച്ചവൻ അപ്പോൾ എഴു​ന്നേറ്റ്‌ ഇരുന്ന്‌ സംസാ​രി​ക്കാൻതു​ടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.+ 16  അവരെ​ല്ലാം ആകെ ഭയന്നു​പോ​യി. “മഹാനായ ഒരു പ്രവാ​ചകൻ നമുക്കി​ട​യിൽ വന്നിരി​ക്കു​ന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു”+ എന്നും പറഞ്ഞു​കൊണ്ട്‌ അവർ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി. 17  യേശു​വി​നെ​ക്കു​റി​ച്ചുള്ള ഈ വാർത്ത യഹൂദ്യ​യിൽ എല്ലായി​ട​ത്തും ചുറ്റു​മുള്ള നാടു​ക​ളി​ലും പരന്നു. 18  യോഹന്നാന്റെ ശിഷ്യ​ന്മാർ ഇക്കാര്യ​ങ്ങ​ളെ​ല്ലാം യോഹ​ന്നാ​നെ അറിയി​ച്ചു.+ 19  അപ്പോൾ യോഹ​ന്നാൻ രണ്ടു ശിഷ്യ​ന്മാ​രെ കർത്താവിന്റെ അടു​ത്തേക്ക്‌ അയച്ച്‌, “വരാനി​രി​ക്കു​ന്ന​യാൾ അങ്ങുത​ന്നെ​യാ​ണോ,+ അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ” എന്നു ചോദി​ച്ചു. 20  അവർ യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “‘വരാനി​രി​ക്കു​ന്ന​യാൾ അങ്ങുത​ന്നെ​യാ​ണോ, അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ’ എന്നു ചോദി​ക്കാൻ സ്‌നാ​പ​ക​യോ​ഹ​ന്നാൻ അയച്ചതാ​ണു ഞങ്ങളെ.” 21  ആ സമയത്തു​തന്നെ യേശു, ഗുരു​ത​ര​മായ രോഗങ്ങൾ ഉൾപ്പെടെ പല തരം അസുഖങ്ങൾ പിടിപെട്ട+ അനേക​രെ​യും ദുഷ്ടാത്മാക്കൾ* ബാധി​ച്ച​വ​രെ​യും സുഖപ്പെടുത്തി. കൂടാതെ അന്ധരായ നിരവധി പേർക്കു കാഴ്‌ച നൽകു​ക​യും ചെയ്‌തു. 22  യേശു ആ രണ്ടു പേരോ​ടു പറഞ്ഞു: “നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌, പോയി യോഹ​ന്നാ​നെ അറിയി​ക്കുക: അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠ​രോ​ഗി​കൾ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു,+ മരിച്ചവർ ഉയിർത്തെ​ഴു​ന്നേൽക്കു​ന്നു, ദരി​ദ്ര​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.+ 23  ഞാൻ കാരണം വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കാ​ത്തവൻ സന്തുഷ്ടൻ.”+ 24  യോഹന്നാന്റെ ദൂതന്മാർ പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ യേശു ജനക്കൂ​ട്ട​ത്തോ​ടു യോഹ​ന്നാ​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കാണാ​നാ​ണു വിജന​ഭൂ​മി​യി​ലേക്കു പോയത്‌? കാറ്റത്ത്‌ ആടിയു​ല​യുന്ന ഈറ്റയോ?+ 25  അല്ല, നിങ്ങൾ എന്തു കാണാ​നാ​ണു പോയത്‌? പട്ടുവസ്‌ത്രം* ധരിച്ച മനുഷ്യനെയോ?+ പട്ടുവ​സ്‌ത്രങ്ങൾ ധരിച്ച്‌ ആഡംബ​ര​ത്തോ​ടെ ജീവി​ക്കു​ന്നവർ രാജ​കൊ​ട്ടാ​ര​ങ്ങ​ളി​ലല്ലേ ഉള്ളത്‌? 26  അപ്പോൾപ്പി​ന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാ​ച​കനെ കാണാ​നോ? ശരിയാണ്‌, എന്നാൽ പ്രവാ​ച​ക​നി​ലും വലിയവനെത്തന്നെ+ എന്നു ഞാൻ പറയുന്നു. 27  ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഈ യോഹ​ന്നാ​നെ​ക്കു​റി​ച്ചാണ്‌. 28  സ്‌ത്രീ​കൾക്കു ജനിച്ച​വ​രിൽ യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​യി ആരുമില്ല. എന്നാൽ ദൈവ​രാ​ജ്യ​ത്തി​ലെ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാണ്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”+ 29  (നികുതിപിരിവുകാരും മറ്റു ജനങ്ങളും ഇതു കേട്ടപ്പോൾ, ദൈവം നീതി​മാൻ എന്നു ഘോഷിച്ചു. കാരണം, അവർ യോഹന്നാന്റെ സ്‌നാനമേറ്റിരുന്നു.+ 30  എന്നാൽ പരീശ​ന്മാ​രും നിയമ​പ​ണ്ഡി​ത​ന്മാ​രും യോഹന്നാന്റെ അടുത്ത്‌ വന്ന്‌ സ്‌നാ​ന​മേ​റ്റി​രു​ന്നില്ല. അങ്ങനെ അവരെ​ക്കു​റി​ച്ചുള്ള ദൈവോദ്ദേശ്യത്തോട്‌* അവർ അനാദ​രവ്‌ കാണിച്ചു.)+ 31  “അതുകൊണ്ട്‌ ഈ തലമു​റ​യി​ലെ മനുഷ്യ​രെ ഞാൻ ആരോട്‌ ഉപമി​ക്കും? ആരെ​പ്പോ​ലെ​യാണ്‌ അവർ?+ 32  അവർ ചന്തസ്ഥലത്ത്‌ ഇരുന്ന്‌ പരസ്‌പരം ഇങ്ങനെ വിളി​ച്ചു​പ​റ​യുന്ന കുട്ടി​ക​ളെ​പ്പോ​ലെ​യാണ്‌: ‘ഞങ്ങൾ നിങ്ങൾക്കാ​യി കുഴലൂ​തി, നിങ്ങളോ നൃത്തം ചെയ്‌തില്ല. ഞങ്ങൾ വിലാ​പ​ഗീ​തം പാടി, നിങ്ങളോ വിലപി​ച്ചില്ല.’ 33  അതു​പോ​ലെ സ്‌നാ​പ​ക​യോ​ഹ​ന്നാൻ അപ്പം തിന്നാ​ത്ത​വ​നും വീഞ്ഞു കുടിക്കാത്തവനും+ ആയി വന്നപ്പോൾ, ‘അവനു ഭൂതബാ​ധ​യുണ്ട്‌’ എന്നു നിങ്ങൾ പറഞ്ഞു. 34  എന്നാൽ മനുഷ്യ​പു​ത്രൻ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​യി വന്നപ്പോൾ, ‘ഇതാ! തീറ്റി​പ്രി​യ​നും വീഞ്ഞു​കു​ടി​യ​നും ആയ മനുഷ്യൻ, നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും കൂട്ടു​കാ​രൻ’+ എന്നു നിങ്ങൾ പറഞ്ഞു. 35  പക്ഷേ ജ്ഞാനം അതിന്റെ മക്കളാൽ നീതി​യു​ള്ള​തെന്നു തെളിയും.”*+ 36  പരീശ​ന്മാ​രിൽ ഒരാൾ യേശു​വി​നെ പലവട്ടം ഭക്ഷണത്തി​നു ക്ഷണിച്ചു. അങ്ങനെ ഒടുവിൽ യേശു ആ പരീശന്റെ വീട്ടിൽ ചെന്നു, ഭക്ഷണം കഴിക്കാൻ ഇരുന്നു.*+ 37  ആ നഗരത്തിൽ പാപി​നി​യാ​യി അറിയ​പ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ​യു​ണ്ടാ​യി​രു​ന്നു. യേശു ആ പരീശന്റെ വീട്ടിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്നു എന്ന്‌ അറിഞ്ഞ അവൾ ഒരു വെൺകൽഭ​ര​ണി​യിൽ സുഗന്ധ​തൈ​ല​വു​മാ​യി അവിടെ വന്നു.+ 38  ആ സ്‌ത്രീ യേശുവിന്റെ പുറകി​ലാ​യി കാൽക്കൽ നിന്ന്‌ കരഞ്ഞു. യേശുവിന്റെ പാദങ്ങൾ കണ്ണീരു​കൊണ്ട്‌ നനച്ചിട്ട്‌ തലമു​ടി​കൊണ്ട്‌ തുടച്ചു. പിന്നെ യേശുവിന്റെ പാദങ്ങ​ളിൽ ആർദ്ര​മാ​യി ചുംബിച്ച്‌ അവയിൽ സുഗന്ധ​തൈലം ഒഴിച്ചു. 39  യേശു​വി​നെ ക്ഷണിച്ച പരീശൻ ഇതു കണ്ട്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഈ മനുഷ്യൻ ശരിക്കും ഒരു പ്രവാ​ച​ക​നാ​യി​രു​ന്നെ​ങ്കിൽ തന്നെ തൊടു​ന്നത്‌ ആരാ​ണെ​ന്നും എങ്ങനെ​യു​ള്ള​വ​ളെ​ന്നും മനസ്സി​ലാ​ക്കി​യേനേ. ഇവൾ പാപി​നി​യായ സ്‌ത്രീ​യല്ലേ.”+ 40  യേശു പരീശ​നോട്‌, “ശിമോ​നേ, എനിക്ക്‌ ഒരു കാര്യം പറയാ​നുണ്ട്‌” എന്നു പറഞ്ഞ​പ്പോൾ അയാൾ, “ഗുരുവേ, പറഞ്ഞാ​ലും” എന്നു പറഞ്ഞു. 41  “പണം കടം കൊടു​ക്കുന്ന ഒരാളിൽനിന്ന്‌ രണ്ടു പേർ കടം വാങ്ങി. ഒരാൾ 500 ദിനാ​റെ​യും മറ്റേയാൾ 50-ഉം ആണ്‌ വാങ്ങിയത്‌. 42  അതു തിരി​ച്ചു​കൊ​ടു​ക്കാൻ അവർക്ക്‌ ഒരു നിവൃ​ത്തി​യു​മി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ അയാൾ രണ്ടു പേരോ​ടും നിരു​പാ​ധി​കം ക്ഷമിച്ചു. അവരിൽ ആരായി​രി​ക്കും അയാളെ കൂടുതൽ സ്‌നേ​ഹി​ക്കുക?” 43  അപ്പോൾ ശിമോൻ, “കൂടുതൽ ക്ഷമിച്ചത്‌ ആരോ​ടാ​ണോ അയാളാ​യി​രി​ക്കു​മെന്നു തോന്നു​ന്നു” എന്നു പറഞ്ഞു. യേശു ശിമോ​നോട്‌, “നീ പറഞ്ഞതു ശരിയാണ്‌” എന്നു പറഞ്ഞു. 44  എന്നിട്ട്‌ യേശു സ്‌ത്രീ​യു​ടെ നേരെ തിരിഞ്ഞ്‌ ശിമോ​നോ​ടാ​യി പറഞ്ഞു: “നീ ഈ സ്‌ത്രീ​യെ കണ്ടില്ലേ? ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നീ എന്റെ കാൽ കഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ ഇവളുടെ കണ്ണീരു​കൊണ്ട്‌ എന്റെ കാലുകൾ നനച്ച്‌+ തലമു​ടി​കൊണ്ട്‌ തുടച്ചു. 45  നീ എന്നെ ചുംബി​ച്ചില്ല. ഇവളോ, ഞാൻ അകത്ത്‌ വന്നപ്പോൾമു​തൽ എന്റെ പാദങ്ങ​ളിൽ ചുംബി​ക്കു​ന്നു. 46  നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ, എന്റെ പാദങ്ങ​ളിൽ സുഗന്ധ​തൈലം ഒഴിച്ചു. 47  അതു​കൊണ്ട്‌, ഞാൻ നിന്നോ​ടു പറയുന്നു: അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും* അതെല്ലാം ക്ഷമിച്ചിരിക്കുന്നു.+ അതിനാൽ അവൾ കൂടുതൽ സ്‌നേഹം കാണിക്കുന്നു.+ എന്നാൽ കുറച്ച്‌ ക്ഷമിച്ചു​കി​ട്ടി​യവൻ കുറച്ച്‌ സ്‌നേഹിക്കുന്നു.” 48  പിന്നെ യേശു ആ സ്‌ത്രീ​യോട്‌, “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 49  ഇതു കേട്ട്‌ യേശു​വി​നോ​ടൊ​പ്പം മേശയ്‌ക്കൽ ഭക്ഷണത്തിന്‌ ഇരുന്നവർ, “പാപങ്ങൾപോ​ലും ക്ഷമിക്കുന്ന ഇദ്ദേഹം ആരാണ്‌”+ എന്നു തമ്മിൽ ചോദി​ക്കാൻതു​ടങ്ങി. 50  യേശു ആ സ്‌ത്രീ​യോ​ടു പറഞ്ഞു: “നിന്റെ വിശ്വാ​സം നിന്നെ രക്ഷിച്ചി​രി​ക്കു​ന്നു.+ സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.”

അടിക്കുറിപ്പുകള്‍

പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
അഥവാ “ഉണരൂ.”
ഭൂതങ്ങളെ കുറി​ക്കു​ന്നു.
അഥവാ “മേത്തരം വസ്‌ത്രം.”
അഥവാ “തങ്ങളോ​ടുള്ള ദൈവത്തിന്റെ ഉപദേ​ശ​ത്തോട്‌.”
അഥവാ “ജ്ഞാനത്തെ അതിന്റെ മക്കൾ സാധൂ​ക​രി​ക്കും.”
അഥവാ “മേശയ്‌ക്കൽ ചാരി​ക്കി​ടന്നു.”
അഥവാ “വലുതാ​ണെ​ങ്കി​ലും.”

പഠനക്കുറിപ്പുകൾ

സൈനി​കോ​ദ്യോ​ഗസ്ഥൻ: അഥവാ “ശതാധി​പൻ.” റോമൻ സൈന്യ​ത്തി​ലെ 100 പടയാ​ളി​ക​ളു​ടെ അധിപ​നാ​യി​രു​ന്നു ശതാധി​പൻ.

പിന്നെ: അക്ഷ. “അതു കഴിഞ്ഞ്‌ ഉടനെ.” ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “പിറ്റേ ദിവസം” എന്നാണു കാണു​ന്നത്‌. എന്നാൽ മിക്ക കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും അതിനെ പിന്താ​ങ്ങു​ന്നില്ല.

നയിൻ: ഗലീല​പ്ര​ദേ​ശത്തെ ഈ നഗരത്തി​ന്റെ സ്ഥാനം കഫർന്ന​ഹൂ​മിന്‌ ഏകദേശം 35 കി.മീ. തെക്കു​പ​ടി​ഞ്ഞാ​റാ​യി​രു​ന്നു. തെളി​വ​നു​സ​രിച്ച്‌ യേശു ഇപ്പോൾ നയിനി​ലേക്കു വന്നതു കഫർന്ന​ഹൂം നഗരത്തിൽനി​ന്നാണ്‌. (ലൂക്ക 7:1-10) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ നയി​നെ​ക്കു​റിച്ച്‌ ഇവിടെ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. ഇന്നു നസറെ​ത്തിന്‌ ഏതാണ്ട്‌ 10 കി.മീ തെക്കു​കി​ഴ​ക്കാ​യി സ്ഥിതി ചെയ്യുന്ന നെയിൻ എന്ന ഗ്രാമ​മാ​ണു പുരാ​ത​ന​കാ​ലത്തെ നയിൻ എന്നു കരുത​പ്പെ​ടു​ന്നു. മോരെ കുന്നിന്റെ വടക്കു​പ​ടി​ഞ്ഞാ​റേ വശത്താണ്‌ അതിന്റെ സ്ഥാനം. ഇന്നത്തെ ആ ഗ്രാമം വളരെ ചെറു​താ​ണെ​ങ്കി​ലും ആ പ്രദേ​ശത്ത്‌ കണ്ടെത്തിയ നാശാ​വ​ശി​ഷ്ടങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌, കഴിഞ്ഞു​പോയ നൂറ്റാ​ണ്ടു​ക​ളിൽ അതിനു കുറെ​ക്കൂ​ടെ വലുപ്പ​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ജസ്രീൽ താഴ്‌​വര​യ്‌ക്ക്‌ അഭിമു​ഖ​മാ​യി സ്ഥിതി ചെയ്‌തി​രുന്ന നയിൻ പ്രകൃ​തി​ഭം​ഗി​യുള്ള ഒരു സ്ഥലമാ​യി​രു​ന്നു. നയിനിൽവെ​ച്ചാണ്‌ യേശു ആദ്യമാ​യി ഒരാളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യത്‌. രേഖക​ള​നു​സ​രിച്ച്‌ മറ്റു രണ്ടു പേരെ​ക്കൂ​ടി യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി, ഒന്നു കഫർന്ന​ഹൂ​മിൽവെ​ച്ചും മറ്റൊന്നു ബഥാന്യ​യിൽവെ​ച്ചും. (ലൂക്ക 8:49-56; യോഹ 11:1-44) ഏതാണ്ട്‌ 900 വർഷം മുമ്പ്‌ നയിന്‌ അടുത്തുള്ള ശൂനേം പട്ടണത്തിൽവെച്ച്‌ എലീശ പ്രവാചകൻ ഒരു ശൂനേം​കാ​രി​യു​ടെ മകനെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യി​രു​ന്നു.​—2രാജ 4:8-37.

നഗരക​വാ​ടം: നയി​നെ​ക്കു​റിച്ച്‌ പറയു​മ്പോൾ മൂന്ന്‌ ഇടങ്ങളിൽ പൊലിസ്‌ (“നഗരം”) എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ചുറ്റു​മ​തി​ലുള്ള നഗരത്തെ കുറി​ക്കാ​നാ​ണു പൊതു​വേ ഈ പദം ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും നയിന്‌ അങ്ങനെ​യൊ​രു മതിലു​ണ്ടാ​യി​രു​ന്നോ ഇല്ലയോ എന്ന കാര്യ​ത്തിൽ ഉറപ്പില്ല. അങ്ങനെ​യൊ​രു മതിൽ ഇല്ലായി​രു​ന്നെ​ങ്കിൽ “കവാടം” എന്നതു​കൊണ്ട്‌ ഉദ്ദേശി​ച്ചത്‌ അക്ഷരാർഥ​ത്തി​ലുള്ള ഒരു കവാട​ത്തെയല്ല, മറിച്ച്‌ അവി​ടേക്കു പ്രവേ​ശി​ക്കുന്ന ഒരു സ്ഥലത്തെ ആയിരി​ക്കാൻ സാധ്യ​ത​യുണ്ട്‌. ഇരുവ​ശ​ത്തും വീടു​ക​ളു​ള്ള​തു​കൊണ്ട്‌ അതൊരു കവാടം​പോ​ലെ തോന്നി​യി​രി​ക്കാം. എന്നാൽ നയിനു ചുറ്റും ശരിക്കു​മൊ​രു മതിലു​ണ്ടാ​യി​രു​ന്നെന്നു ചില പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. വാസ്‌തവം ഇതിൽ ഏതായാ​ലും ശവശരീ​രം വഹിച്ചു​കൊ​ണ്ടുള്ള വിലാ​പ​യാ​ത്ര യേശു​വും ശിഷ്യ​ന്മാ​രും കണ്ടതു നയിന്റെ കിഴക്കേ ‘കവാട​ത്തിന്‌’ അടുത്തു​വെ​ച്ചാ​യി​രി​ക്കാം. കാരണം, ഇന്ന്‌ നെയിൻ എന്ന്‌ അറിയ​പ്പെ​ടുന്ന ഗ്രാമ​ത്തി​ന്റെ തെക്കു​കി​ഴക്കൻ മലഞ്ചെ​രി​വി​ലാ​ണു ശവകു​ടീ​രങ്ങൾ സ്ഥിതി ചെയ്യു​ന്നത്‌.

ഒരേ ഒരു: മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. മിക്ക​പ്പോ​ഴും “ഏകജാതൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തി​ലെ​യോ വർഗത്തി​ലെ​യോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി മകനുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല മകളുടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യായീ​റൊ​സി​ന്റെ “ഒരേ ഒരു” മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും യേശു ഒരാളു​ടെ “ആകെയു​ള്ളൊ​രു” മകനെ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 8:41, 42; 9:38) യിഫ്‌താ​ഹി​ന്റെ മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊ​ണൊ​ഗെ​നെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല.” (ന്യായ 11:34) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മനസ്സലിഞ്ഞ്‌: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌പ്‌ള​ങ്‌ഖ്‌നീ​സൊ​മായ്‌ എന്ന ഗ്രീക്കു​ക്രി​യ​യ്‌ക്കു “കുടൽ” (സ്‌പ്‌ളാ​ങ്‌ഖനാ) എന്നതി​നുള്ള പദവു​മാ​യി ബന്ധമുണ്ട്‌. ഇത്‌, ഉള്ളിന്റെ ഉള്ളിൽ അനുഭ​വ​പ്പെ​ടുന്ന തീവ്ര​വി​കാ​രത്തെ കുറി​ക്കു​ന്നു. അനുക​മ്പയെ കുറി​ക്കുന്ന ഗ്രീക്കു​പ​ദ​ങ്ങ​ളിൽ ഏറ്റവും ശക്തമായ ഒന്നാണ്‌ ഇത്‌.

രണ്ടു ശിഷ്യ​ന്മാർ: യോഹ​ന്നാൻ സ്‌നാ​പകൻ “തന്റെ ശിഷ്യ​ന്മാ​രെ” അയച്ചു എന്നു മാത്ര​മാണ്‌ മത്ത 11:2, 3-ലെ സമാന്ത​ര​വി​വ​രണം പറയു​ന്നത്‌. എന്നാൽ ലൂക്കോസ്‌, ശിഷ്യ​ന്മാ​രു​ടെ എണ്ണവും​കൂ​ടെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

സ്‌നാനം: ഇവിടെ കാണുന്ന ബാപ്‌റ്റി​ഡ്‌സ്‌മ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “നിമജ്ജനം ചെയ്യുക; മുങ്ങുക” എന്നൊ​ക്കെ​യാണ്‌.​—മത്ത 3:11; മർ 1:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം: അക്ഷ. “മാനസാന്തരസ്‌നാനം.” സ്‌നാനം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞില്ല. അങ്ങനെയെങ്കിൽ ആളുകൾ യോഹന്നാനാൽ സ്‌നാനമേൽക്കുന്നതിന്റെ പ്രയോജനം എന്തായിരുന്നു? ആ സ്‌നാനമേറ്റവർ, മോശയിലൂടെ നൽകിയ നിയമത്തിന്‌ എതിരെയുള്ള പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ്‌ പശ്ചാത്തപിച്ചത്‌, സ്വന്തം പെരുമാറ്റരീതികൾക്കു മാറ്റം വരുത്താനുള്ള അവരുടെ ഉറച്ച തീരുമാനത്തിന്റെ തെളിവായിരുന്നു. പശ്ചാത്താപമുള്ള ഈ മനോഭാവമാകട്ടെ അവരെ ക്രിസ്‌തുവിലേക്കു നയിക്കുകയും ചെയ്‌തു. (ഗല 3:24) വാസ്‌തവത്തിൽ യോഹന്നാൻ ഇതിലൂടെ, ദൈവം നൽകിയ “രക്ഷ” കാണാൻ ഒരു ജനത്തെ ഒരുക്കുകയായിരുന്നു.​—ലൂക്ക 3:​3-6; മത്ത 3:​2, 8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം”; “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നിവയും കാണുക.

നിങ്ങളെ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിങ്ങളെ നിമജ്ജനം ചെയ്യുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താ​ഴ്‌വ​ര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു​പേ​രും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റിൽ കാണു​ന്ന​തും ഇതേ പദംത​ന്നെ​യാണ്‌.

അതിന്റെ മക്കളാൽ: അഥവാ “അതിന്റെ അന്തിമ​ഫ​ല​ത്താൽ.” ജ്ഞാനത്തിന്‌ ആളത്വം കല്‌പി​ച്ചി​രി​ക്കുന്ന ഈ ഭാഗത്ത്‌ അതിനു മക്കളു​ള്ള​താ​യി പറഞ്ഞി​രി​ക്കു​ന്നു. മത്ത 11:19-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ ജ്ഞാനത്തി​നു ‘പ്രവൃ​ത്തി​കൾ’ ഉള്ളതാ​യും പറഞ്ഞി​ട്ടുണ്ട്‌. യേശു​വി​നും യോഹ​ന്നാൻ സ്‌നാ​പ​ക​നും എതി​രെ​യുള്ള ആരോ​പ​ണങ്ങൾ തെറ്റാ​ണെന്ന്‌ അവർ സ്വന്തം ജീവി​ത​ത്തി​ലൂ​ടെ തെളി​യി​ച്ചു. അവർ നിരത്തിയ അത്തരം തെളി​വു​ക​ളെ​യാ​ണു ജ്ഞാനത്തിന്റെ മക്കൾ അഥവാ പ്രവൃ​ത്തി​കൾ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ഒരർഥ​ത്തിൽ യേശു ഇവിടെ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: ‘ഒരാളു​ടെ നീതി​പ്ര​വൃ​ത്തി​ക​ളും നീതി​യോ​ടെ​യുള്ള പെരു​മാ​റ്റ​വും ശ്രദ്ധി​ച്ചാൽ അയാൾക്ക്‌ എതി​രെ​യുള്ള ആരോ​പണം തെറ്റാ​ണെന്നു നിങ്ങൾക്കു ബോധ്യ​മാ​കും.’

പരീശന്റെ വീട്ടിൽ ചെന്നു: പരീശ​ന്മാർ യേശു​വി​നെ ഭക്ഷണത്തി​നു ക്ഷണിച്ച​തി​നെ​ക്കു​റി​ച്ചും യേശു ആ ക്ഷണം സ്വീക​രി​ച്ച​തി​നെ​ക്കു​റി​ച്ചും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രിൽ ലൂക്കോസ്‌ മാത്ര​മാണ്‌. ഈ വാക്യ​ത്തി​നു പുറമേ ലൂക്ക 11:37; 14:1 എന്നിവി​ട​ങ്ങ​ളി​ലും യേശു പരീശ​ന്മാ​രു​ടെ ക്ഷണം സ്വീക​രി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌.

പാപി​നി​യാ​യി അറിയ​പ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ: ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ എല്ലാ മനുഷ്യ​രും പാപി​ക​ളാണ്‌. (2ദിന 6:36; റോമ 3:23; 5:12) അതു​കൊണ്ട്‌ ഇവിടെ ഈ പദം കുറി​ക്കു​ന്നത്‌, പാപ​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​തി​നു സമൂഹ​ത്തിൽ പേരു​കേ​ട്ട​വ​രെ​യാ​യി​രി​ക്കാം. ഇവർ ഒരുപക്ഷേ അധാർമി​ക​ജീ​വി​തം നയിച്ചി​രു​ന്ന​വ​രോ കുറ്റകൃ​ത്യ​ങ്ങൾ ചെയ്‌തി​രു​ന്ന​വ​രോ ആയിരി​ക്കാം. (ലൂക്ക 19:7, 8) യേശു​വി​ന്റെ പാദങ്ങ​ളിൽ പാപി​നി​യായ ഒരു സ്‌ത്രീ, സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു വേശ്യ, തൈലം ഒഴിച്ച​തി​നെ​ക്കു​റിച്ച്‌ ലൂക്കോസ്‌ മാത്രമേ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. “(പാപി​നി​യാ​യി) അറിയ​പ്പെ​ട്ടി​രുന്ന” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “(പാപിനി) ആയിരുന്ന” എന്നാണ്‌. പക്ഷേ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ അത്‌ അർഥമാ​ക്കു​ന്നത്‌, ആ സ്‌ത്രീ​യു​ടെ എടുത്തു​പ​റ​യത്തക്ക ഒരു സവി​ശേ​ഷ​ത​യെ​യോ അവർ ഏതു തരക്കാ​രി​യാ​യി​രു​ന്നു എന്നതി​നെ​യോ ആണ്‌. ഇനി ആ സ്‌ത്രീ ഒരു പ്രത്യേ​ക​ഗ​ണ​ത്തിൽപ്പെ​ടു​ന്ന​വ​ളാ​യി​രു​ന്നു എന്നും ആ പദപ്ര​യോ​ഗ​ത്തിന്‌ അർഥമാ​ക്കാ​നാ​കും.

രണ്ടു പേർ കടം വാങ്ങി: കടം കൊടു​ക്കു​ന്ന​വ​രും കടം വാങ്ങു​ന്ന​വ​രും തമ്മിലുള്ള ഇടപാ​ടു​ക​ളെ​ക്കു​റിച്ച്‌ ഒന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ജൂതന്മാർക്കു നല്ല പരിച​യ​മു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ യേശു ചില​പ്പോ​ഴൊ​ക്കെ അതുമാ​യി ബന്ധപ്പെട്ട ദൃഷ്ടാ​ന്തങ്ങൾ പറഞ്ഞു. (മത്ത 18:23-35; ലൂക്ക 16:1-8) കടം വാങ്ങിയ രണ്ടു പേരെ​ക്കു​റി​ച്ചുള്ള ഈ ദൃഷ്ടാന്തം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ലൂക്കോസ്‌ മാത്ര​മാണ്‌. അതിൽ ഒരാൾക്കു മറ്റേയാ​ളെ​ക്കാൾ പത്തിരട്ടി കടബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. യേശു ഈ ദൃഷ്ടാന്തം പറഞ്ഞത്‌, തന്റെ പാദങ്ങ​ളിൽ സുഗന്ധ​തൈലം ഒഴിച്ച സ്‌ത്രീ​യോട്‌ ആതി​ഥേ​യ​നായ ശിമോ​നുള്ള മനോ​ഭാ​വം മനസ്സി​ലാ​ക്കി​യി​ട്ടാണ്‌. (ലൂക്ക 7:36-40) കൊടു​ത്തു​തീർക്കാൻ പറ്റാത്തത്ര വലി​യൊ​രു കടത്തോ​ടാ​ണു യേശു ഇവിടെ പാപത്തെ താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. “കുറച്ച്‌ ക്ഷമിച്ചു​കി​ട്ടി​യവൻ കുറച്ച്‌ സ്‌നേ​ഹി​ക്കു​ന്നു” എന്ന തത്ത്വം യേശു ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ ഊന്നി​പ്പ​റ​യു​ന്ന​താ​യും കാണാം.​—ലൂക്ക 7:47; മത്ത 6:12; 18:27; ലൂക്ക 11:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ദിനാറെ: 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളി​നാ​ണയം. അതിന്റെ ഒരു വശത്ത്‌ സീസറിന്റെ രൂപമു​ണ്ടാ​യി​രു​ന്നു. മത്ത 20:2-ൽ കാണു​ന്ന​തു​പോ​ലെ യേശുവിന്റെ കാലത്ത്‌, 12 മണിക്കൂർ ദൈർഘ്യ​മുള്ള ഒരു പ്രവൃ​ത്തി​ദി​വ​സത്തെ കൂലി​യാ​യി കൃഷി​പ്പ​ണി​ക്കാർക്കു സാധാരണ ലഭിച്ചി​രു​ന്നത്‌ ഒരു ദിനാ​റെ​യാ​യി​രു​ന്നു.​—പദാവ​ലി​യിൽ ദിനാറെ എന്നതും അനു. ബി14-ഉം കാണുക.

കടം എഴുതി​ത്തള്ളി: അഥവാ “അയാളു​ടെ കടം (വായ്‌പ) ക്ഷമിച്ചു.” ആലങ്കാ​രി​കാർഥ​ത്തിൽ കടങ്ങൾക്കു പാപങ്ങളെ കുറി​ക്കാ​നാ​കും.​—മത്ത 6:12-ന്റെ പഠനക്കു​റി​പ്പു കാണുക.

കടങ്ങൾ: പാപങ്ങളെ കുറി​ക്കു​ന്നു. ആരോ​ടെ​ങ്കി​ലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക്‌ ഒരു കടം കൊടു​ത്തു​തീർക്കാ​നു​ള്ള​തു​പോ​ലെ​യാണ്‌ അല്ലെങ്കിൽ ആ വ്യക്തി​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു​കൊ​ണ്ടു​തന്നെ അയാൾ ആ വ്യക്തി​യു​ടെ ക്ഷമ തേടേ​ണ്ട​തുണ്ട്‌. ഒരാൾ തന്നോടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോട്‌, അതായത്‌ തന്നോടു പാപം ചെയ്‌ത​വ​രോട്‌, ക്ഷമിച്ചാൽ മാത്രമേ അയാൾക്കു ദൈവ​ത്തി​ന്റെ ക്ഷമ കിട്ടു​ക​യു​ള്ളൂ.​—മത്ത 6:14, 15; 18:35; ലൂക്ക 11:4.

ഞങ്ങളോ​ടു കടപ്പെ​ട്ടി​രി​ക്കുന്ന: അഥവാ “ഞങ്ങൾക്കെ​തി​രെ പാപം ചെയ്യുന്ന.” ആരോ​ടെ​ങ്കി​ലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക്‌ ഒരു കടം കൊടു​ത്തു​തീർക്കാ​നു​ള്ള​തു​പോ​ലെ​യാണ്‌, അല്ലെങ്കിൽ ആ വ്യക്തി​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു​കൊ​ണ്ടു​തന്നെ അയാൾ ആ വ്യക്തി​യു​ടെ ക്ഷമ തേടേ​ണ്ട​തുണ്ട്‌. യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യിൽ പാപങ്ങൾ എന്നതിനു പകരം “കടങ്ങൾ” എന്ന പദമാണ്‌ ഉപയോ​ഗി​ച്ച​തെന്നു ശ്രദ്ധി​ക്കുക. (മത്ത 6:12-ന്റെ പഠനക്കു​റി​പ്പു കാണുക.) ക്ഷമിക്കുക എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “വിട്ടു​ക​ള​യുക” എന്നാണ്‌. കടം കൊടുത്ത പണം തിരികെ ആവശ്യ​പ്പെ​ടാ​തെ എഴുതി​ത്ത​ള്ളുക എന്നാണ്‌ അതിന്റെ അർഥം.

ദൃശ്യാവിഷ്കാരം

രാജ​കൊ​ട്ടാ​രങ്ങൾ
രാജ​കൊ​ട്ടാ​രങ്ങൾ

‘രാജ​കൊ​ട്ടാ​ര​ങ്ങ​ളിൽ’ (മത്ത 11:8; ലൂക്ക 7:25) താമസി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യേശു പറയു​ന്നതു കേട്ട​പ്പോൾ ആളുക​ളു​ടെ മനസ്സി​ലേക്കു വന്നതു മഹാനായ ഹെരോദ്‌ നിർമിച്ച ആഡംബ​ര​പൂർണ​മായ അനേകം കൊട്ടാ​ര​ങ്ങ​ളാ​യി​രി​ക്കാം. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന നാശാ​വ​ശി​ഷ്ടങ്ങൾ ഹെരോദ്‌ ശൈത്യ​കാ​ല​വ​സ​തി​യാ​യി യരീ​ഹൊ​യിൽ പണിത കൊട്ടാ​ര​സ​മു​ച്ച​യ​ത്തി​ന്റെ ചെറി​യൊ​രു ഭാഗം മാത്ര​മാണ്‌. ഈ കെട്ടി​ട​ത്തിൽ ഒരു വലിയ വിരു​ന്നു​ശാല ഉണ്ടായി​രു​ന്നു. പ്രൗഢ​ഗം​ഭീ​ര​മായ തൂണു​ക​ളാൽ അലങ്കൃ​ത​മായ അതിന്റെ നീളം 29 മീറ്ററും (95 അടി) വീതി 19 മീറ്ററും (62 അടി) ആയിരു​ന്നു. തൂണു​ക​ളുള്ള നടുമു​റ്റ​വും അതിനു ചുറ്റു​മാ​യി പണിത മുറി​ക​ളും, തണുപ്പി​ക്കാ​നും ചൂടാ​ക്കാ​നും ഉള്ള സംവി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടിയ സ്‌നാ​ന​ഗൃ​ഹ​വും ഈ കൊട്ടാ​ര​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. ഈ കൊട്ടാ​ര​ത്തോ​ടു ചേർന്ന്‌ പല തട്ടുക​ളാ​യി പണിത ഒരു പൂന്തോ​ട്ട​വും ഉണ്ടായി​രു​ന്നു. യോഹ​ന്നാൻ സ്‌നാ​പകൻ ശുശ്രൂഷ തുടങ്ങു​ന്ന​തിന്‌ ഏതാനും പതിറ്റാ​ണ്ടു​കൾക്കു മുമ്പു​ണ്ടായ കലാപ​ത്തിൽ ഈ കൊട്ടാ​രം ചുട്ടെ​രി​ച്ച​താ​യി കരുത​പ്പെ​ടു​ന്നു. ഹെരോ​ദി​ന്റെ മകൻ അർക്കെ​ല​യൊ​സാണ്‌ അതു പുതു​ക്കി​പ്പ​ണി​തത്‌.

എല്ലു​കൊ​ണ്ടുള്ള കുഴൽവാ​ദ്യം
എല്ലു​കൊ​ണ്ടുള്ള കുഴൽവാ​ദ്യം

ബൈബിൾക്കാ​ല​ങ്ങ​ളിൽ ഈറ്റ​കൊ​ണ്ടും മുള​കൊ​ണ്ടും മാത്രമല്ല എല്ല്‌, ആനക്കൊമ്പ്‌ എന്നിവ​കൊ​ണ്ടു​പോ​ലും കുഴൽ ഉണ്ടാക്കി​യി​രു​ന്നു. അക്കാലത്ത്‌ ഏറ്റവും പ്രചാ​ര​ത്തി​ലി​രുന്ന വാദ്യോ​പ​ക​ര​ണ​ങ്ങ​ളിൽ ഒന്നായി​രു​ന്നു ഇത്‌. വിരു​ന്നും വിവാ​ഹ​വും പോലുള്ള സന്തോ​ഷ​വേ​ള​ക​ളിൽ കുഴൽ വായി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (1രാജ 1:40; യശ 5:12; 30:29) ഇത്‌ അനുക​രിച്ച്‌ കുട്ടി​ക​ളും ചില​പ്പോ​ഴൊ​ക്കെ പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌ കുഴൽ വായി​ച്ചി​രു​ന്നു. ദുഃഖ​വേ​ള​ക​ളി​ലും ആളുകൾ കുഴൽ ഊതു​മാ​യി​രു​ന്നു. വിലപി​ക്കാൻ കൂലിക്കു വിളി​ച്ചി​രു​ന്ന​വ​രോ​ടൊ​പ്പം, ദുഃഖ​സാ​ന്ദ്ര​മായ സംഗീതം വായി​ക്കാൻ പലപ്പോ​ഴും കുഴലൂ​ത്തു​കാ​രും കാണും. യരുശ​ലേ​മിൽ ഉത്‌ഖ​നനം നടത്തി​യ​പ്പോൾ മണ്ണിന്‌ അടിയിൽനിന്ന്‌ കിട്ടിയ ഒരു കുഴലി​ന്റെ ഭാഗമാ​ണു ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. റോമാ​ക്കാർ ദേവാ​ലയം നശിപ്പിച്ച കാലത്തെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കി​ട​യി​ലാണ്‌ അതു കിടന്നി​രു​ന്നത്‌. ഏതാണ്ട്‌ 15 സെ.മീ. (6 ഇഞ്ച്‌) നീളമുള്ള ഈ കുഴൽ സാധ്യ​ത​യ​നു​സ​രിച്ച്‌ പശുവി​ന്റെ മുൻകാ​ലി​ലെ എല്ലു​കൊണ്ട്‌ ഉണ്ടാക്കി​യ​താണ്‌.

ചന്തസ്ഥലം
ചന്തസ്ഥലം

ഇവിടെ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ചില​പ്പോ​ഴൊ​ക്കെ റോഡി​ന്റെ ഇരുവ​ശ​ത്തു​മാ​യി​ട്ടാ​യി​രു​ന്നു ചന്തകൾ. മിക്ക​പ്പോ​ഴും വ്യാപാ​രി​കൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചി​രു​ന്ന​തു​കൊണ്ട്‌ ഗതാഗതം തടസ്സ​പ്പെ​ട്ടി​രു​ന്നു. പ്രദേ​ശ​വാ​സി​കൾക്കു വീട്ടു​സാ​ധ​ന​ങ്ങ​ളും കളിമൺപാ​ത്ര​ങ്ങ​ളും വിലകൂ​ടിയ ചില്ലു​പാ​ത്ര​ങ്ങ​ളും നല്ല പച്ചക്കറി​ക​ളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമാ​യി​രു​ന്നു ഇത്‌. അക്കാലത്ത്‌ ഭക്ഷണം ശീതീ​ക​രിച്ച്‌ സൂക്ഷി​ക്കാ​നുള്ള സൗകര്യം ഇല്ലാഞ്ഞ​തു​കൊണ്ട്‌ ഓരോ ദിവസ​ത്തേ​ക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടി​ക്കു​ന്ന​താ​യി​രു​ന്നു രീതി. അവിടെ ചെല്ലു​ന്ന​വർക്കു കച്ചവട​ക്കാ​രിൽനി​ന്നും മറ്റു സന്ദർശ​ക​രിൽനി​ന്നും പുതി​യ​പു​തിയ വാർത്തകൾ കേൾക്കാ​മാ​യി​രു​ന്നു. കുട്ടികൾ അവിടെ കളിച്ചി​രു​ന്നു. തങ്ങളെ കൂലിക്കു വിളി​ക്കു​ന്ന​തും പ്രതീ​ക്ഷിച്ച്‌ ആളുകൾ അവിടെ കാത്തി​രി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ചന്തസ്ഥല​ത്തു​വെച്ച്‌ യേശു ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​താ​യും പൗലോസ്‌ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ച​താ​യും നമ്മൾ വായി​ക്കു​ന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാ​രി​ക​ളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ഇത്തരം പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌, ആളുക​ളു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കാ​നും അവരുടെ അഭിവാ​ദ​നങ്ങൾ ഏറ്റുവാ​ങ്ങാ​നും ആഗ്രഹി​ച്ചു.

വെൺകൽഭ​രണി
വെൺകൽഭ​രണി

സുഗന്ധ​ദ്ര​വ്യം സൂക്ഷി​ക്കുന്ന ഇത്തരം ചെറിയ ഭരണികൾ കണ്ടാൽ പൂപ്പാ​ത്രം​പോ​ലി​രി​ക്കും. ഈജി​പ്‌തി​ലെ അലബാ​സ്റ്റ്രോ​ണി​നു സമീപം കാണ​പ്പെ​ടുന്ന ഒരുതരം കല്ലു​കൊ​ണ്ടാ​ണു വെൺകൽഭ​രണി അഥവാ അലബാ​സ്റ്റർഭ​രണി ഉണ്ടാക്കി​യി​രു​ന്നത്‌. കാൽസ്യം കാർബ​ണേ​റ്റി​ന്റെ ഒരു രൂപമായ ഈ കല്ലും പിൽക്കാ​ലത്ത്‌ അലബാ​സ്റ്റ്രോൺ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ഭരണി ഈജി​പ്‌തിൽനിന്ന്‌ കണ്ടെടു​ത്ത​താണ്‌. അത്‌ ഏതാണ്ട്‌ ബി.സി. 150-നും എ.ഡി. 100-നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തി​ലേ​താ​ണെന്നു കരുത​പ്പെ​ടു​ന്നു. കാഴ്‌ച​യ്‌ക്ക്‌ ഇതു​പോ​ലി​രി​ക്കുന്ന പാത്രങ്ങൾ, ജിപ്‌സം​പോ​ലുള്ള വിലകു​റഞ്ഞ വസ്‌തു​ക്കൾകൊ​ണ്ടും ഉണ്ടാക്കി​യി​രു​ന്നു. അവയ്‌ക്കും അലബാ​സ്റ്റർഭ​ര​ണി​യു​ടെ അതേ ഉപയോ​ഗം ആയിരു​ന്ന​തു​കൊണ്ട്‌ അവയും അലബാസ്റ്റർ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി. എന്നാൽ വില​യേ​റിയ ലേപനി​ക​ളും സുഗന്ധ​ദ്ര​വ്യ​ങ്ങ​ളും സൂക്ഷി​ച്ചി​രു​ന്നത്‌ യഥാർഥ അലബാ​സ്റ്റർഭ​ര​ണി​ക​ളി​ലാണ്‌. ഗലീല​യിൽ ഒരു പരീശന്റെ വീട്ടിൽവെ​ച്ചും ബഥാന്യ​യിൽ കുഷ്‌ഠ​രോ​ഗി​യായ ശിമോ​ന്റെ വീട്ടിൽവെ​ച്ചും യേശു​വി​ന്റെ മേൽ ഒഴിച്ചത്‌ ഇത്തരം വിലകൂ​ടിയ സുഗന്ധ​ദ്ര​വ്യം ആയിരു​ന്നി​രി​ക്കാം.