വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

ഞാൻ ഞാൻ എന്ന ഒറ്റ വിചാ​രമേ എനിക്ക്‌ ഉണ്ടായിരുന്നുള്ളൂ

ഞാൻ ഞാൻ എന്ന ഒറ്റ വിചാ​രമേ എനിക്ക്‌ ഉണ്ടായിരുന്നുള്ളൂ
  • ജനനം: 1951

  • രാജ്യം: ജർമനി

  • ചരിത്രം: അഹങ്കാരി, ആരെയും കൂസാത്ത പ്രകൃതം

എന്റെ പഴയ കാലം:

ഞാൻ തീരെ ചെറു​താ​യി​രു​ന്ന​പ്പോൾ ഞങ്ങളുടെ കുടും​ബം താമസി​ച്ചി​രു​ന്നത്‌ കിഴക്കൻ ജർമനി​യി​ലെ ലൈപ്‌സി​ഗിന്‌ അടുത്താ​യി​രു​ന്നു. ചെക്കി​ന്റെ​യും പോള​ണ്ടി​ന്റെ​യും അതിർത്തി​കൾക്ക്‌ അടുത്താ​യി​രു​ന്നു ആ സ്ഥലം. പിന്നെ എനിക്ക്‌ ആറു വയസ്സാ​യ​പ്പോൾ അച്ഛന്റെ ജോലി​യു​മാ​യി ബന്ധപ്പെട്ട്‌ ഞങ്ങൾക്ക്‌ വിദേ​ശ​ത്തേക്കു പോ​കേ​ണ്ടി​വന്നു. ആദ്യം ബ്രസീ​ലി​ലേക്ക്‌, പിന്നെ ഇക്വ​ഡോ​റി​ലേക്ക്‌.

എനിക്കു 14 വയസ്സാ​യ​പ്പോൾ എന്നെ ജർമനി​യി​ലെ ഒരു ബോർഡിങ്‌ സ്‌കൂ​ളി​ലാ​ക്കി. എന്റെ അച്ഛനും അമ്മയും അങ്ങ്‌ ദൂരെ തെക്കേ അമേരി​ക്ക​യിൽ, ഞാൻ ജർമനി​യി​ലും. എന്റെ കാര്യ​ങ്ങ​ളൊ​ക്കെ ഞാൻത​ന്നെ​യാണ്‌ നോക്കി​യി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ എനിക്ക്‌ ആരു​ടെ​യും സഹായം ആവശ്യ​മില്ല എന്നൊരു ചിന്തയാ​യി​രു​ന്നു, ആരെയും കൂസാത്ത ഒരു പ്രകൃതം. എന്തെങ്കി​ലും ചെയ്യു​മ്പോൾ മറ്റുള്ള​വർക്ക്‌ അതു വിഷമ​മു​ണ്ടാ​ക്കു​മോ എന്നൊ​ന്നും ഞാൻ ചിന്തി​ച്ചേ​യില്ല.

എനിക്കു 17 വയസ്സാ​യ​പ്പോൾ അച്ഛനും അമ്മയും ജർമനി​യി​ലേക്കു തിരി​ച്ചു​വന്നു. ഞാൻ അവരു​ടെ​കൂ​ടെ താമസി​ക്കാൻ തുടങ്ങി. പക്ഷേ എന്റെ ഈ പ്രകൃതം അവി​ടെ​യും ഒരു പ്രശ്‌ന​മാ​യി. അവർ പറയു​ന്നതു കേട്ട്‌ ജീവി​ക്കാ​നൊ​ന്നും എന്നെ​ക്കൊ​ണ്ടു കഴിഞ്ഞില്ല. അങ്ങനെ 18-ാം വയസ്സിൽ ഞാൻ വീടു വിട്ടി​റങ്ങി.

‘ഈ ജീവി​തം​കൊണ്ട്‌ ഞാൻ എന്തു ചെയ്യും?’ ആ ചോദ്യം എന്നെ അലട്ടി​ക്കൊ​ണ്ടേ​യി​രു​ന്നു. പലപല ആളുക​ളു​ടെ ജീവി​ത​രീ​തി​കൾ ഞാൻ വിലയി​രു​ത്തി​നോ​ക്കി. പല പ്രസ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പഠിച്ചു. അവസാനം ഒരു കാര്യം എനിക്കു മനസ്സി​ലാ​യി. മനുഷ്യർ ഈ ഭൂമി നശിപ്പി​ക്കു​ന്ന​തി​നു​മുമ്പ്‌ അതു മുഴുവൻ ചുറ്റി​ന​ടന്ന്‌ കാണുക. അതാണ്‌ ഈ ജീവി​ത​ത്തിൽ എനിക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം.

അങ്ങനെ ഞാൻ ജർമനി വിട്ടു. ഒരു ബൈക്കു വാങ്ങി അതിൽ ആഫ്രി​ക്ക​യി​ലേക്കു യാത്ര തിരിച്ചു. പക്ഷേ അധികം വൈകാ​തെ എന്റെ ബൈക്കു കേടായി. അങ്ങനെ ബൈക്കു ശരിയാ​ക്കാൻ എനിക്കു യൂറോ​പ്പി​ലേക്കു തിരി​ച്ചു​വ​രേ​ണ്ടി​വന്നു. ഒരു ദിവസം പോർച്ചു​ഗ​ലി​ലെ ഒരു കടൽത്തീ​രത്ത്‌ ഇരിക്കു​മ്പോൾ ഞാനൊ​രു തീരു​മാ​നം എടുത്തു. ഇനി ബൈക്കു വേണ്ട. കുറെ നാൾ കരയി​ലൂ​ടെ യാത്ര ചെയ്‌ത​ല്ലോ. ഇനി യാത്ര കടലി​ലൂ​ടെ​യാ​കാം.

അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​ലൂ​ടെ യാത്ര ചെയ്യാ​നി​രി​ക്കുന്ന ഒരു കൂട്ടം ചെറു​പ്പ​ക്കാ​രു​ടെ കൂടെ ഞാനും കൂടി. അക്കൂട്ട​ത്തിൽ ഒരു പെൺകു​ട്ടി ഉണ്ടായി​രു​ന്നു, ലൗറി. അവളെ​യാണ്‌ ഞാൻ പിന്നീട്‌ വിവാഹം കഴിച്ചത്‌. അതി​നെ​ക്കു​റിച്ച്‌ വഴിയേ പറയാം. കരീബി​യൻ ദ്വീപു​ക​ളി​ലേ​ക്കാണ്‌ ആദ്യം ഞങ്ങൾ എല്ലാവ​രും​കൂ​ടെ പോയത്‌. അവിടെ പോർട്ടോ റീക്കോ​യിൽ കുറച്ചു ദിവസം തങ്ങി. പിന്നെ യൂറോ​പ്പി​ലേക്കു തിരി​ച്ചു​വന്നു. ഒരു ചെറിയ പായ്‌ക്കപ്പൽ വാങ്ങണ​മെ​ന്നൊ​ക്കെ ഞങ്ങൾ വിചാ​രി​ച്ചി​രു​ന്നു. അതിൽത്തന്നെ താമസ​സൗ​ക​ര്യ​മൊ​ക്കെ ഉണ്ടാക്കാ​നാ​യി​രു​ന്നു പ്ലാൻ. മൂന്നു​മാ​സം അതിന്റെ പുറ​കേ​യാ​യി​രു​ന്നു. പക്ഷേ പെട്ടെ​ന്നു​തന്നെ ആ പദ്ധതി പൊളി​ഞ്ഞു. എനിക്കു ജർമൻ സൈന്യ​ത്തിൽ ചേരാൻ ഓർഡർ കിട്ടി.

15 മാസം ഞാൻ ജർമൻ നാവി​ക​സേ​ന​യിൽ ജോലി ചെയ്‌തു. ആ സമയത്താണ്‌ ലൗറിയെ കല്യാണം കഴിക്കു​ന്നത്‌. കല്യാണം കഴിഞ്ഞാ​ലും സഞ്ചാര​ജീ​വി​തം​തന്നെ മതി​യെന്ന്‌ ഞങ്ങൾ നേരത്തെ തീരു​മാ​നി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ സേനയിൽ ചേരു​ന്ന​തിന്‌ മുമ്പു​തന്നെ ഒരു ലൈഫ്‌ ബോട്ടി​ന്റെ ബോഡി ഞങ്ങൾ വാങ്ങി വെച്ചി​രു​ന്നു. നേവി​യി​ലാ​യി​രുന്ന സമയത്ത്‌ ബോട്ടി​നെ പായ്‌ക്ക​പ്പ​ലാ​ക്കി മാറ്റാ​നുള്ള പണികൾ ഞങ്ങൾ ചെയ്യു​മാ​യി​രു​ന്നു. ആ ചെറിയ പായ്‌ക്ക​പ്പ​ലിൽ താമസിച്ച്‌ ലോകം മുഴുവൻ ചുറ്റി​ക്കാ​ണുക, അതായി​രു​ന്നു ഞങ്ങളുടെ സ്വപ്‌നം. അങ്ങനെ​യൊ​ക്കെ വിചാ​രി​ച്ചി​രി​ക്കു​മ്പോ​ഴാണ്‌ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളെ കാണു​ന്ന​തും ബൈബിൾ പഠിക്കാൻ തുടങ്ങു​ന്ന​തും. അത്‌ ഏതായാ​ലും പറ്റിയ സമയമാ​യി​രു​ന്നു. കാരണം എന്റെ പട്ടാള​ജീ​വി​തം അവസാ​നി​ച്ചി​രു​ന്നു. പായ്‌ക്ക​പ്പ​ലി​ന്റെ പണിയാ​ണെ​ങ്കിൽ തീർന്നി​രു​ന്നു​മില്ല.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു:

ഞാൻ ജീവി​ത​ത്തിൽ വലിയ മാറ്റം വരുത്തേണ്ട ആവശ്യ​മു​ണ്ടെന്ന്‌ ആദ്യ​മൊ​ന്നും എനിക്കു തോന്നി​യില്ല. ഞങ്ങൾ നിയമ​പ​ര​മാ​യി വിവാഹം കഴിച്ചി​രു​ന്നു. പുകവ​ലി​യാ​ണെ​ങ്കിൽ ഞാൻ നേരത്തെ നിറു​ത്തി​യി​രു​ന്നു. (എഫെസ്യർ 5:5) പിന്നെ ലോകം ചുറ്റി​ക്കാ​ണുന്ന കാര്യം. അതി​ലെന്താ കുഴപ്പം? നല്ല കാര്യ​മല്ലേ? ദൈവ​ത്തി​ന്റെ സൃഷ്ടികൾ കാണാ​നല്ലേ പോകു​ന്നത്‌?

പക്ഷേ ശരിക്കും ഞാൻ ഒരുപാ​ടു മാറണ​മാ​യി​രു​ന്നു, പ്രത്യേ​കിച്ച്‌ എന്റെ സ്വഭാവം. എന്തും എന്നെ​ക്കൊണ്ട്‌ ഒറ്റയ്‌ക്ക്‌ ചെയ്യാ​നാ​കും എന്നൊരു ഭാവവും അഹങ്കാ​ര​വും ഒക്കെയാ​യി​രു​ന്നു എന്റെ പ്രശ്‌നം. എന്റെ കഴിവു​ക​ളും നേട്ടങ്ങ​ളും മാത്ര​മാ​യി​രു​ന്നു എന്റെ മനസ്സിൽ. ഞാൻ ഞാൻ എന്ന ഒറ്റ വിചാ​രമേ എനിക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഒരു ദിവസം ഞാൻ യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ന്റെ ഭാഗം വായി​ക്കു​ക​യാ​യി​രു​ന്നു. (മത്തായി 5-7) അവിടെ യേശു പറയുന്ന സന്തോഷം എന്താ​ണെന്ന്‌ ആദ്യം എനിക്കു മനസ്സി​ലാ​യില്ല. കാരണം ഒരു സ്ഥലത്തു പറയു​ന്നുണ്ട്‌, വിശന്നും ദാഹി​ച്ചും ഇരിക്കു​ന്നവർ സന്തുഷ്ടർ എന്ന്‌. (മത്തായി 5:6) അങ്ങനെ​യി​രി​ക്കുന്ന ഒരാൾക്ക്‌ എങ്ങനെ സന്തോഷം തോന്നാ​നാണ്‌ എന്നു ഞാൻ ചിന്തിച്ചു. പക്ഷേ പിന്നീട്‌ പഠിച്ചു​വ​ന്ന​പ്പോൾ എനിക്കു മനസ്സി​ലാ​യി എല്ലാ മനുഷ്യർക്കും ആത്മീയ കാര്യ​ങ്ങ​ളോ​ടുള്ള ഒരു വിശപ്പും ദാഹവും ഉണ്ടെന്ന്‌. അതു തിരി​ച്ച​റി​യാ​നുള്ള താഴ്‌മ നമ്മൾ ആദ്യം കാണി​ക്കണം. എങ്കിൽ മാത്രമേ അതു ശമിപ്പി​ക്കാൻ പറ്റൂ. അപ്പോ​ഴാണ്‌ സന്തോഷം തോന്നു​ന്നത്‌. യേശു​വും അതാണ​ല്ലോ പറഞ്ഞത്‌, “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ” എന്ന്‌.—മത്തായി 5:3.

ഞങ്ങൾ ബൈബിൾപ​ഠനം തുടങ്ങി​യത്‌ ജർമനി​യിൽ വെച്ചാ​ണെ​ങ്കി​ലും പിന്നീട്‌ ഞങ്ങൾ ഫ്രാൻസി​ലേ​ക്കും അവി​ടെ​നിന്ന്‌ ഇറ്റലി​യി​ലേ​ക്കും മാറി​ത്താ​മ​സി​ച്ചു. പോയ എല്ലാ സ്ഥലങ്ങളി​ലും ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടു. അവർ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ഉള്ളുതു​റന്ന്‌ സ്‌നേ​ഹി​ക്കു​ന്ന​തും ഒറ്റക്കെ​ട്ടാ​യി നിൽക്കു​ന്ന​തും ഒക്കെ ഞാൻ പ്രത്യേ​കം ശ്രദ്ധിച്ചു. ലോകത്ത്‌ എവിടെ ജീവി​ച്ചാ​ലും മനസ്സു​കൊണ്ട്‌ അവർ ഒന്നാണ്‌, ഒരു കുടും​ബ​മാണ്‌. അത്‌ എനിക്ക്‌ ഒത്തിരി ഇഷ്ടമായി. (യോഹ​ന്നാൻ 13:34, 35) കുറച്ചു​നാൾ കഴിഞ്ഞ്‌ ഞാനും ലൗറി​യും സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി.

സ്‌നാ​ന​ത്തി​നു​ശേ​ഷ​വും ഞാൻ എന്റെ സ്വഭാ​വ​ത്തിൽ മാറ്റങ്ങൾ വരുത്തി​ക്കൊ​ണ്ടി​രു​ന്നു. പക്ഷേ ലോകം ചുറ്റാ​നുള്ള ഞങ്ങളുടെ ഇഷ്ടം അപ്പോ​ഴും ഉണ്ടായി​രു​ന്നു. നേരത്തെ തീരു​മാ​നി​ച്ചു​വെ​ച്ചി​രു​ന്ന​തു​പോ​ലെ ഞങ്ങൾ യാത്ര തിരിച്ചു. പായ്‌ക്ക​പ്പ​ലിൽ ആഫ്രിക്കൻ തീരത്തു​കൂ​ടെ സഞ്ചരിച്ച്‌ അറ്റ്‌ലാ​ന്റിക്‌ സമുദ്രം കുറു​കെ​ക്ക​ടന്ന്‌ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലേ​ക്കുള്ള യാത്ര. ചുറ്റും കരകാ​ണാ​ക്കടൽ. അതിൽ ഒരു ചെറിയ പൊട്ടു​പോ​ലെ ഒരു കൊച്ചു ബോട്ട്‌. അതിൽ ഞങ്ങൾ രണ്ടേ രണ്ടു മനുഷ്യർ. ഈ കടലും കരയും ഒക്കെ സൃഷ്ടിച്ച ആ വലിയ സ്രഷ്ടാ​വി​ന്റെ മുമ്പിൽ ഞാൻ എത്ര നിസ്സാ​ര​നാണ്‌ എന്നു തോന്നിയ നിമി​ഷങ്ങൾ! നടുക്ക​ട​ലിൽ വേറൊ​ന്നും ചെയ്യാ​നി​ല്ല​ല്ലോ. ഇഷ്ടം​പോ​ലെ സമയം കിട്ടി. അതു​കൊണ്ട്‌ ഞാൻ കുത്തി​യി​രുന്ന്‌ ബൈബിൾ വായിച്ചു. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌ യേശു​വി​ന്റെ ഭൂമി​യി​ലെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾ ഭാഗങ്ങ​ളാണ്‌. യേശു ഒരു പൂർണ മനുഷ്യ​നാ​യി​രു​ന്നു. എനി​ക്കൊ​ക്കെ ചിന്തി​ക്കാൻ പറ്റുന്ന​തി​നെ​ക്കാൾ കഴിവുള്ള മനുഷ്യൻ. എന്നിട്ടും യേശു ഒരിക്ക​ലും താൻ വലിയ ആളാ​ണെന്ന്‌ കാണി​ക്കാൻ ശ്രമി​ച്ചില്ല. ഞാൻ ഞാൻ എന്നു ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നു​മില്ല. യേശു​വി​ന്റെ ചിന്ത മുഴുവൻ തന്റെ സ്വർഗീ​യ​പി​താ​വി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു.

ഒരു കാര്യം എനിക്കു മനസ്സി​ലാ​യി. എന്റെ ജീവി​ത​ത്തിൽ ദൈവ​രാ​ജ്യ​ത്തി​നാ​യി​രി​ക്കണം ഒന്നാം സ്ഥാനം

യേശു​വി​നെ​ക്കു​റിച്ച്‌ ഞാൻ ശരിക്കും ചിന്തിച്ചു. അപ്പോൾ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി. ജീവി​ത​ത്തിൽ എനിക്ക്‌ ഇഷ്ടമുള്ള പലപല കാര്യങ്ങൾ ചെയ്യു​ന്ന​തി​നി​ട​യ്‌ക്ക്‌ എങ്ങനെ​യെ​ങ്കി​ലു​മൊ​ക്കെ കുറച്ചു​സ​മയം ദൈവ​രാ​ജ്യ​ത്തി​നു കൊടു​ത്താൽ പോരാ. ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കണം. (മത്തായി 6:33) ലൗറി​യും ഞാനും അവസാനം ഐക്യ​നാ​ടു​ക​ളിൽ എത്തിയ​പ്പോൾ ഞങ്ങൾ ഒരു തീരു​മാ​നം എടുത്തു. ഇനി കറക്ക​മൊ​ക്കെ മതിയാ​ക്കി ഇവിടെ സ്ഥിരതാ​മ​സ​മാ​ക്കാം. ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി​രി​ക്കും ഇനി ഞങ്ങളുടെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

എന്നെ​ക്കൊ​ണ്ടെ​ല്ലാം ഒറ്റയ്‌ക്കു ചെയ്യാൻ പറ്റും എന്നു വിചാ​രിച്ച്‌ നടന്നി​രു​ന്ന​കാ​ലത്ത്‌ എന്റെ തീരു​മാ​നങ്ങൾ എങ്ങാനും തെറ്റി​പ്പോ​കു​മോ എന്നൊരു സംശയം ഇടയ്‌ക്കൊ​ക്കെ തോന്നു​മാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇന്ന്‌ എനിക്ക്‌ വഴികാ​ട്ടി​യാ​യി ദൈവ​മുണ്ട്‌. ദൈവ​ത്തി​ന്റെ തെറ്റു​പ​റ്റാത്ത ജ്ഞാനത്തി​ലാണ്‌ ഞാൻ ആശ്രയി​ക്കു​ന്നത്‌. (യശയ്യ 48:17, 18) പണ്ടത്തെ​പ്പോ​ലെയല്ല, ജീവി​ത​ത്തി​ന്റെ ശരിക്കു​മുള്ള ഉദ്ദേശ്യം എന്താ​ണെന്ന്‌ ഇന്ന്‌ എനിക്ക്‌ അറിയാം. യഹോ​വയെ ആരാധി​ക്കു​ന്ന​തും യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തും ആണ്‌ ഇപ്പോൾ എന്റെ ജീവി​ത​ല​ക്ഷ്യം.

ബൈബിൾ പറയു​ന്നത്‌ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ ഞങ്ങളുടെ വിവാ​ഹ​ബന്ധം മുമ്പ​ത്തേ​തി​ലും ഒക്കെ ശക്തമാണ്‌ ഇപ്പോൾ. ഞങ്ങൾക്ക്‌ ഒരു മോളുണ്ട്‌. അവളും സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

എന്നു​വെച്ച്‌ ഞങ്ങളുടെ ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായി​ട്ടേ​യില്ല എന്നല്ല. ഞങ്ങൾക്കും ചെറിയ ചില കാറ്റും കോളും നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. പക്ഷേ അപ്പോ​ഴൊ​ക്കെ മടുത്തു​പോ​കാ​തെ ഞങ്ങൾ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. അതിനു ഞങ്ങളെ സഹായി​ച്ച​തും യഹോവ തന്നെയാണ്‌.—സുഭാ​ഷി​തങ്ങൾ 3:5, 6.