വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

സങ്കീർത്തനം 46:10—‘മിണ്ടാ​തി​രുന്ന്‌, ഞാൻ ദൈവ​മെന്ന്‌ അറിഞ്ഞു​കൊൾവിൻ’

സങ്കീർത്തനം 46:10—‘മിണ്ടാ​തി​രുന്ന്‌, ഞാൻ ദൈവ​മെന്ന്‌ അറിഞ്ഞു​കൊൾവിൻ’

 “കീഴട​ങ്ങുക! ഞാൻ ദൈവ​മാ​ണെന്ന്‌ അറിഞ്ഞു​കൊ​ള്ളുക. ഞാൻ ജനതക​ളു​ടെ ഇടയിൽ ഉന്നതനാ​കും; ഭൂമി​യിൽ ഞാൻ സമുന്ന​ത​നാ​കും.”—സങ്കീർത്തനം 46:10, പുതിയ ലോക ഭാഷാ​ന്തരം.

 ‘മിണ്ടാ​തി​രുന്ന്‌, ഞാൻ ദൈവ​മെന്ന്‌ അറിഞ്ഞു​കൊൾവിൻ; ഞാൻ ജാതി​ക​ളു​ടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമി​യിൽ ഉന്നതൻ ആകും.’സങ്കീർത്തനം 46:10, സത്യ​വേ​ദ​പു​സ്‌തകം.

സങ്കീർത്തനം 46:10-ന്റെ അർഥം

 എല്ലാവ​രും തന്നെ ആരാധി​ക്കാ​നും ഭൂമിയെ ഭരിക്കാ​നുള്ള തന്റെ അവകാശം അംഗീ​ക​രി​ക്കാ​നും ദൈവം ഇവിടെ ആവശ്യ​പ്പെ​ടു​ന്നു. ദൈവ​ത്തി​ന്റെ ശക്തിയും അധികാ​ര​വും ആർക്കും നിഷേ​ധി​ക്കാ​നാ​കില്ല. എന്നേക്കും ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും അംഗീ​ക​രി​ക്കേണ്ട ഒരു സത്യമാണ്‌ അത്‌.—വെളി​പാട്‌ 4:11.

 “കീഴട​ങ്ങുക! ഞാൻ ദൈവ​മാ​ണെന്ന്‌ അറിഞ്ഞു​കൊ​ള്ളുക.” ഇതിന്റെ ആദ്യഭാ​ഗം ‘മിണ്ടാ​തി​രുന്ന്‌’ എന്നാണ്‌ ചില ബൈബി​ളു​കൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഭയഭക്തി​യോ​ടെ പള്ളിക​ളിൽ ഒക്കെ മിണ്ടാ​തി​രി​ക്കാ​നുള്ള ഒരു കല്പനയാണ്‌ ഇതെന്നു പലരും തെറ്റി​ദ്ധ​രി​ച്ചി​ട്ടുണ്ട്‌. എന്നാൽ “കീഴട​ങ്ങുക! ഞാൻ ദൈവ​മാ​ണെന്ന്‌ അറിഞ്ഞു​കൊ​ള്ളുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദപ്ര​യോ​ഗം​കൊണ്ട്‌ ശരിക്കും എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌? തന്നെ എതിർക്കു​ന്നത്‌ നിറുത്തി, താൻ മാത്ര​മാണ്‌ ആരാധ​ന​യ്‌ക്ക്‌ അർഹൻ എന്ന്‌ അംഗീ​ക​രി​ക്കാൻ എല്ലാ ജനതക​ളോ​ടും ദൈവ​മായ യഹോവ a ആഹ്വാനം ചെയ്യു​ക​യാണ്‌ ഇവിടെ.

 ഇതു​പോ​ലൊ​രു ആഹ്വാനം രണ്ടാം സങ്കീർത്ത​ന​ത്തി​ലും കാണാം. തന്നെ എതിർക്കു​ന്ന​വർക്കു നേരെ നടപടി​യെ​ടു​ക്കു​മെന്ന്‌ ദൈവം അവിടെ പറയുന്നു. എന്നാൽ ദൈവ​ത്തി​ന്റെ അധികാ​രത്തെ അംഗീ​ക​രി​ക്കു​ന്നവർ വഴിന​ട​ത്തി​പ്പി​നും ജ്ഞാനത്തി​നും ശക്തിക്കും ആയി ദൈവ​ത്തിൽ ആശ്രയി​ക്കണം. ഇങ്ങനെ ‘ദൈവത്തെ അഭയമാ​ക്കു​ന്ന​വർക്ക്‌’ സന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും തോന്നും, പ്രത്യേ​കി​ച്ചും പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌.—സങ്കീർത്തനം 2:9-12.

 “ഞാൻ ജനതക​ളു​ടെ ഇടയിൽ ഉന്നതനാ​കും; ഭൂമി​യിൽ ഞാൻ സമുന്ന​ത​നാ​കും.” പണ്ടുകാ​ലത്ത്‌, തന്റെ ജനത്തെ സംരക്ഷി​ക്കാ​നാ​യി തന്റെ മഹാശക്തി ഉപയോ​ഗി​ച്ച​പ്പോൾ ദൈവ​മായ യഹോവ ഉന്നതനാ​യി​ത്തീർന്നു. (പുറപ്പാട്‌ 15:1-3) ഭാവി​യിൽ യഹോവ അതി​നെ​ക്കാ​ളൊ​ക്കെ ഉന്നതനാ​കും. ഭൂമി​യി​ലുള്ള എല്ലാവ​രും യഹോ​വ​യു​ടെ അധികാ​ര​ത്തി​നു കീഴ്‌പെട്ട്‌ യഹോ​വയെ ആരാധി​ക്കു​മ്പോ​ഴാ​യി​രി​ക്കും അത്‌.—സങ്കീർത്തനം 86:9, 10; യശയ്യ 2:11.

സങ്കീർത്തനം 46:10-ന്റെ സന്ദർഭം

 ഒരു പരാമർശ​കൃ​തി സങ്കീർത്തനം 46-നെ വിശേ​ഷി​പ്പി​ക്കു​ന്നത്‌ “തന്റെ ജനത്തിന്റെ മഹാര​ക്ഷ​ക​നായ ദൈവ​ത്തി​ന്റെ ശക്തിയെ വാഴ്‌ത്തി​പ്പാ​ടുന്ന ഒരു കീർത്തനം” എന്നാണ്‌. സങ്കീർത്തനം 46 പാടു​മ്പോൾ, സംരക്ഷി​ക്കാ​നും സഹായി​ക്കാ​നും ഉള്ള യഹോ​വ​യു​ടെ കഴിവിൽ തങ്ങൾ ആശ്രയി​ക്കു​ന്നെന്ന്‌ ദൈവ​ജനം സമ്മതി​ക്കു​ക​യാ​യി​രു​ന്നു. (സങ്കീർത്തനം 46:1, 2) യഹോവ എപ്പോ​ഴും കൂടെ​യു​ണ്ടെന്ന്‌ ആ വാക്കുകൾ അവരെ ഓർമി​പ്പി​ച്ചു.—സങ്കീർത്തനം 46:7, 11.

 സംരക്ഷി​ക്കാ​നു​ള്ള യഹോ​വ​യു​ടെ ശക്തിയിൽ വിശ്വാ​സം ശക്തമാ​ക്കാൻ എന്തു ചെയ്യണ​മെന്ന്‌ ഈ സങ്കീർത്തനം ദൈവ​ജ​നത്തെ ഓർമി​പ്പി​ച്ചു. യഹോ​വ​യു​ടെ വിസ്‌മ​യ​ക​ര​മായ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ അവർ ചിന്തി​ക്ക​ണ​മാ​യി​രു​ന്നു. (സങ്കീർത്തനം 46:8) പ്രത്യേ​കി​ച്ചും ഈ സങ്കീർത്തനം യുദ്ധം നിറു​ത്ത​ലാ​ക്കാ​നുള്ള യഹോ​വ​യു​ടെ കഴിവി​നെ​ക്കു​റിച്ച്‌ എടുത്തു​പ​റഞ്ഞു. (സങ്കീർത്തനം 46:9) ബൈബിൾക്കാ​ല​ങ്ങ​ളിൽ ശത്രു ജനതക​ളിൽനിന്ന്‌ തന്റെ ജനത്തെ സംരക്ഷിച്ച സമയങ്ങ​ളി​ലെ​ല്ലാം ഒരർഥ​ത്തിൽ യഹോവ യുദ്ധം നിറു​ത്ത​ലാ​ക്കി. എന്നാൽ തൊട്ട​ടുത്ത ഭാവി​യിൽത്തന്നെ ദൈവം മുഴു​ഭൂ​മി​യി​ലും യുദ്ധങ്ങൾ ഇല്ലാതാ​ക്കു​മെന്ന്‌ ബൈബിൾ ഉറപ്പു​ത​രു​ന്നു.—യശയ്യ 2:4.

 യഹോവ ഇന്നും തന്റെ ആരാധ​കരെ സഹായി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും. സഹായ​ത്തി​നാ​യി യഹോ​വ​യിൽ ആശ്രയി​ക്കാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ അതു​കൊ​ണ്ടാണ്‌. (എബ്രായർ 13:6) 46-ാം സങ്കീർത്ത​ന​ത്തിൽ കാണുന്ന ആശയങ്ങൾ സംരക്ഷി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ ശക്തിയി​ലുള്ള നമ്മുടെ വിശ്വാ​സം വർധി​പ്പി​ക്കു​ന്നു. ദൈവത്തെ നമ്മുടെ “അഭയസ്ഥാ​ന​വും ശക്തിയും” ആയി കാണാൻ അതു സഹായി​ക്കും.—സങ്കീർത്തനം 46:1.

 സങ്കീർത്ത​ന​പ്പു​സ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “ആരാണ്‌ യഹോവ?” എന്ന ലേഖനം കാണുക.