വിവരങ്ങള്‍ കാണിക്കുക

എനിക്ക്‌ എങ്ങനെ ദൈവ​ത്തോട്‌ അടുക്കാം?

എനിക്ക്‌ എങ്ങനെ ദൈവ​ത്തോട്‌ അടുക്കാം?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിച്ചു​കൊ​ണ്ടും ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടും നിങ്ങൾക്കു ദൈവ​ത്തോട്‌ അടുക്കാം. “അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.” (യാക്കോബ്‌ 4:8) “ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്നു ബൈബിൾ പറയുന്നു.—പ്രവൃ​ത്തി​കൾ 17:27.

 ദൈവ​ത്തോട്‌ അടുക്കാ​നുള്ള വഴികൾ

 ബൈബിൾ വായി​ക്കു​ക

  •  ബൈബിൾ പറയു​ന്നത്‌: “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌.”—2 തിമൊ​ഥെ​യൊസ്‌ 3:16.

  •  അർഥം: ദൈവ​മാണ്‌ ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌. തന്റെ ചിന്തകൾ മനുഷ്യ​രു​ടെ മനസ്സി​ലേക്ക്‌ പകർന്ന്‌ കൊടു​ത്തു​കൊ​ണ്ടാണ്‌ ദൈവം ബൈബിൾ എഴുതി​ച്ചത്‌. ഈ അതുല്യ​മായ പുസ്‌ത​ക​ത്തി​ലൂ​ടെ മനുഷ്യൻ എങ്ങനെ​യുള്ള ഒരു ജീവിതം നയിക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്ന​തെന്നു വ്യക്തമാ​ക്കി​യി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​ന്റെ വശങ്ങളായ സ്‌നേഹം, നീതി, കരുണ എന്നിങ്ങ​നെ​യുള്ള ഗുണങ്ങ​ളെ​ക്കു​റി​ച്ചും ബൈബി​ളിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം.—പുറപ്പാട്‌ 34:6; ആവർത്തനം 32:4.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: ദിവസ​വും ബൈബിൾ വായി​ക്കുക. (യോശുവ 1:8) വായി​ക്കു​മ്പോൾ ഇങ്ങനെ ചിന്തി​ക്കുക: ‘ഇതിൽനിന്ന്‌ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ എനിക്ക്‌ എന്തു മനസ്സി​ലാ​ക്കാം?’ —സങ്കീർത്തനം 77:12.

     ഉദാഹ​ര​ണ​ത്തിന്‌, യിരെമ്യ 29:11 വായി​ച്ചിട്ട്‌ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘എനിക്ക്‌ എന്ത്‌ വന്നുകാ​ണാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌? ദുരന്ത​മാ​ണോ അതോ സമാധാ​ന​മാ​ണോ? ദൈവം പ്രതി​കാ​ര​ദാ​ഹി​യാ​ണോ അതോ എനിക്ക്‌ നല്ലതു വന്ന്‌ കാണാൻ ആഗ്രഹി​ക്കുന്ന ഒരാളാ​ണോ?’

 സൃഷ്ടി​കളെ നിരീ​ക്ഷി​ക്കു​ക

  •  ബൈബിൾ പറയു​ന്നത്‌: ‘ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ ലോകാ​രം​ഭം​മു​തൽ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കാണാ​നും മനസ്സി​ലാ​ക്കാ​നും കഴിയു​ന്നു.’—റോമർ 1:20.

  •  അർഥം: സൃഷ്ടികൾ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​ന്റെ പല വശങ്ങളും എടുത്തു​കാ​ണി​ക്കു​ന്നു. ഒരു മനോ​ഹ​ര​മായ കലാസൃ​ഷ്ടി കലാകാ​ര​നെ​ക്കു​റിച്ച്‌ ധാരാളം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യോ സങ്കീർണ​മായ ഒരു ഉപകരണം അതു കണ്ടുപി​ടിച്ച ആളെക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന​തു​പോ​ലെ​യോ ആണിത്‌. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​ന്റെ തലച്ചോ​റി​ന്റെ പ്രാപ്‌തി​യും സങ്കീർണ​ത​യും ദൈവ​ത്തി​ന്റെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു. അതു​പോ​ലെ, സൂര്യ​നി​ലും മറ്റ്‌ നക്ഷത്ര​ങ്ങ​ളി​ലും ഉള്ള അപാര​മായ ഊർജം ദൈവ​ത്തി​ന്റെ ശക്തിയു​ടെ പ്രതി​ഫ​ല​ന​മാണ്‌.—സങ്കീർത്തനം 104:24; യശയ്യ 40:26.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: പ്രകൃ​തി​യെ അടുത്ത്‌ നിരീ​ക്ഷി​ക്കാ​നും പഠിക്കാ​നും സമയ​മെ​ടു​ക്കുക. എന്നിട്ട്‌ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘പ്രകൃ​തി​യി​ലെ അത്ഭുത​ക​ര​മായ രൂപക​ല്‌പന ദൈവ​ത്തെ​ക്കു​റിച്ച്‌ എന്താണ്‌ പറഞ്ഞു​ത​രു​ന്നത്‌?’ a എങ്കിലും സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചുള്ള എല്ലാ കാര്യ​ങ്ങ​ളും പ്രകൃ​തി​യിൽനിന്ന്‌ മനസ്സി​ലാ​ക്കാൻ കഴിയില്ല. അതു​കൊ​ണ്ടാണ്‌ ദൈവം നമുക്ക്‌ ബൈബിൾ തന്നിരി​ക്കു​ന്നത്‌.

 ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ക

  •  ബൈബിൾ പറയു​ന്നത്‌: “അവന്‌ എന്റെ പേര്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ ഞാൻ അവനെ സംരക്ഷി​ക്കും. അവൻ എന്നെ വിളി​ച്ച​പേ​ക്ഷി​ക്കും, ഞാൻ ഉത്തര​മേ​കും.”—സങ്കീർത്തനം 91:14, 15.

  •  അർഥം: ദൈവ​മായ യഹോവ തന്റെ പേര്‌ അറിയു​ക​യും അത്‌ ആദര​വോ​ടെ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്ന​വരെ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. b (സങ്കീർത്തനം 83:18; മലാഖി 3:16) ദൈവം സ്വന്തം പേര്‌ പറഞ്ഞ്‌ തന്നെത്തന്നെ പരിച​യ​പ്പെ​ടു​ത്തു​ന്നു. “യഹോവ! അതാണ്‌ എന്റെ പേര്‌” എന്നു ദൈവം പറഞ്ഞു.—യശയ്യ 42:8.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ പറയു​മ്പോൾ ആ പേര്‌ ഉപയോ​ഗി​ക്കുക.

 യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക

  •  ബൈബിൾ പറയു​ന്നത്‌: “തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും . . . യഹോവ സമീപസ്ഥൻ.”—സങ്കീർത്തനം 145:18.

  •  അർഥം: വിശ്വാ​സ​ത്തോ​ടെ തന്നോടു പ്രാർഥി​ക്കു​ന്ന​വ​രോട്‌ യഹോ​വ​യ്‌ക്ക്‌ അടുപ്പം തോന്നും. പ്രാർഥന ദൈവ​ത്തോ​ടുള്ള നമ്മുടെ ആരാധ​ന​യു​ടെ ഒരു ഭാഗമാണ്‌. അതിലൂ​ടെ ദൈവ​ത്തോട്‌ ആഴമായ ബഹുമാ​നം കാണി​ക്കാ​നും നമുക്കു കഴിയും.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: കൂടെ​ക്കൂ​ടെ ദൈവ​ത്തോട്‌ പ്രാർഥി​ക്കുക. (1 തെസ്സ​ലോ​നി​ക്യർ 5:17) നിങ്ങളു​ടെ ചിന്തക​ളും വിഷമ​ങ്ങ​ളും ദൈവ​ത്തോട്‌ പറയുക.—സങ്കീർത്തനം 62:8. c

 ദൈവ​ത്തിൽ വിശ്വാ​സം വളർത്തുക

  •  ബൈബിൾ പറയു​ന്നത്‌: “വിശ്വാ​സ​മി​ല്ലാ​തെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല.”—എബ്രായർ 11:6.

  •  അർഥം: ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടെ​ങ്കി​ലേ നമുക്കു ദൈവ​ത്തോട്‌ അടുക്കാൻ കഴിയൂ. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ വിശ്വാ​സം എന്നത്‌ കേവലം ദൈവ​മു​ണ്ടെന്നു മാത്രം വിശ്വ​സി​ക്കു​ന്നതല്ല, ദൈവത്തെ പൂർണ​മാ​യി വിശ്വ​സി​ക്കു​ന്ന​താണ്‌. അതിൽ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നടക്കു​മെ​ന്നും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളെ​ല്ലാം ശരിയാ​ണെ​ന്നും ഉള്ള വിശ്വാ​സ​വും ഉൾപ്പെ​ടു​ന്നു. ബന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു വിശ്വാ​സം വളരെ പ്രധാ​ന​മാണ്‌.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: അറിവാണ്‌ യഥാർഥ​വി​ശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം. (റോമർ 10:17) അതു​കൊണ്ട്‌ ബൈബിൾ പഠിക്കുക, ദൈവ​ത്തി​ലും ദൈവ​ത്തി​ന്റെ ഉപദേ​ശ​ങ്ങ​ളി​ലും വിശ്വ​സി​ക്കാ​നാ​കു​മെന്നു സ്വയം പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക. നിങ്ങ​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ സന്തോ​ഷ​മാണ്‌. d

 ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ ജീവി​ക്കു​ക

  •  ബൈബിൾ പറയു​ന്നത്‌: “ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവ​ത്തോ​ടുള്ള സ്‌നേഹം.”—1 യോഹ​ന്നാൻ 5:3.

  •  അർഥം: ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ പരമാ​വധി ശ്രമി​ച്ചു​കൊണ്ട്‌ ദൈവ​ത്തോട്‌ സ്‌നേഹം കാണി​ക്കുക. അങ്ങനെ​യു​ള്ള​വ​രോ​ടാണ്‌ ദൈവ​ത്തിന്‌ ഇഷ്ടം.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: നിങ്ങൾ ബൈബിൾ പഠിക്കു​മ്പോൾ ദൈവ​ത്തിന്‌ ഇഷ്ടമു​ള്ളത്‌ എന്താ​ണെ​ന്നും ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാ​ത്തത്‌ എന്താ​ണെ​ന്നും മനസ്സി​ലാ​ക്കുക. എന്നിട്ട്‌ സ്വയം ചോദി​ക്കുക: ‘എന്റെ സ്രഷ്ടാ​വിന്‌ എന്നെ ഇഷ്ടപ്പെ​ട​ണ​മെ​ങ്കിൽ എന്തൊക്കെ മാറ്റങ്ങ​ളാണ്‌ ഞാൻ വരു​ത്തേ​ണ്ടത്‌?’—1 തെസ്സ​ലോ​നി​ക്യർ 4:1.

 ദൈവത്തെ അനുസ​രി​ക്കുക, കരുതൽ അനുഭ​വി​ച്ച​റി​യുക

  •  ബൈബിൾ പറയു​ന്നത്‌: “കർത്താവ്‌ (ദൈവം) നന്മ നിറഞ്ഞ​വ​നെന്ന്‌ അനുഭ​വി​ച്ച​റി​യുക!”—സങ്കീർത്തനം 34:8, ഓശാന.

  •  അർഥം: ദൈവ​ത്തി​ന്റെ നന്മ നേരിൽ കണ്ടറി​യാൻ ദൈവം നമ്മളെ ക്ഷണിക്കു​ന്നു. ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും സഹായ​വും അനുഭ​വി​ച്ച​റി​യു​മ്പോൾ നമുക്കു ദൈവ​ത്തോട്‌ കൂടുതൽ അടുക്കാൻ തോന്നും.

  •  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന ഉപദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കുക, അതിന്റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ച്ച​റി​യുക. (യശയ്യ 48:17, 18) കൂടാതെ, ദൈവ​ത്തി​ന്റെ സഹായ​ത്താൽ പ്രശ്‌നങ്ങൾ മറികടന്ന, ജീവിതം മെച്ച​പ്പെ​ടു​ത്തിയ, യഥാർഥ സന്തോഷം കണ്ടെത്തിയ ആളുക​ളു​ടെ ജീവി​ത​വും ഒരു പാഠമാ​ക്കുക. e

 ദൈവ​ത്തെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ദൈവം വളരെ ഉന്നതനും ശക്തനും ആയതു​കൊണ്ട്‌ നമ്മളോട്‌ അടുക്കാൻ താത്‌പ​ര്യം കാണി​ക്കില്ല.

 യാഥാർഥ്യം: പ്രപഞ്ച​ത്തി​ലെ ഏറ്റവും ഉന്നതനും ശക്തനും ആണെങ്കി​ലും നമ്മൾ തന്നോട്‌ അടുക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. ദൈവു​മാ​യി അടുത്ത സൗഹൃദം ആസ്വദി​ച്ചി​രുന്ന സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌.—പ്രവൃ​ത്തി​കൾ 13:22; യാക്കോബ്‌ 2:23.

 തെറ്റി​ദ്ധാ​രണ: ആർക്കും മനസ്സി​ലാ​ക്കാൻ കഴിയാത്ത നിഗൂ​ഢ​മായ ഒന്നാണ്‌ ദൈവം.

 യാഥാർഥ്യം: ദൈവം അദൃശ്യ​നായ ആത്മവ്യ​ക്തി​യാണ്‌ എന്നതു​പോ​ലുള്ള കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. എങ്കിലും നമുക്ക്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ പറ്റും. ശരിക്കും ബൈബിൾ പറയു​ന്നത്‌, നമുക്ക്‌ എന്നേക്കു​മുള്ള ജീവിതം കിട്ടണ​മെ​ങ്കിൽ ദൈവത്തെ അറിയ​ണ​മെ​ന്നാണ്‌. (യോഹ​ന്നാൻ 17:3) മാത്രമല്ല, ബൈബിൾ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ പല കാര്യ​ങ്ങ​ളും നമ്മളോട്‌ പറയു​ന്നുണ്ട്‌. ദൈവ​ത്തി​ന്റെ വ്യക്തി​ത്വം, നിലവാ​രങ്ങൾ, ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കാം. (യശയ്യ 45:18, 19; 1 തിമൊ​ഥെ​യൊസ്‌ 2:4) മുമ്പ്‌ കണ്ടതു​പോ​ലെ, ദൈവ​ത്തി​ന്റെ പേര്‌ എന്താ​ണെ​ന്നും ബൈബിൾ നമ്മളോട്‌ പറയുന്നു. (സങ്കീർത്തനം 83:18) അതു​കൊണ്ട്‌ നമുക്ക്‌ ദൈവത്തെ അറിയാൻ മാത്രമല്ല, ദൈവ​ത്തോട്‌ അടുക്കാ​നും പറ്റും.—യാക്കോബ്‌ 4:8.

a പ്രകൃതി ദൈവ​ത്തി​ന്റെ ജ്ഞാനം തുറന്നു​കാ​ട്ടു​ന്ന​തി​ന്റെ ചില ഉദാഹ​ര​ണ​ങ്ങൾക്കാ​യി “ആരുടെ കരവി​രുത്‌?” എന്ന പരമ്പര കാണുക.

b “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌ യഹോവ എന്ന പേരിന്റെ അർഥം എന്ന്‌ അനേക​രും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. തന്റെ പേര്‌ വെളി​പ്പെ​ടു​ത്തി​യ​പ്പോൾ യഹോവ നമ്മളോട്‌ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ​യാണ്‌: ‘എന്റെ ഇഷ്ടവും ഉദ്ദേശ്യ​ങ്ങ​ളും നിവർത്തി​ക്കാൻ ഞാൻ ഇടയാ​ക്കും. ഞാൻ എപ്പോ​ഴും എന്റെ വാക്ക്‌ പാലി​ക്കും.’

d കൂടുതൽ വിവര​ങ്ങൾക്ക്‌ ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ കാണുക.