വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യശയ്യ 26:3—‘സ്ഥിരമാ​ന​സനെ നീ പൂർണ്ണ​സ​മാ​ധാ​ന​ത്തിൽ കാക്കുന്നു’

യശയ്യ 26:3—‘സ്ഥിരമാ​ന​സനെ നീ പൂർണ്ണ​സ​മാ​ധാ​ന​ത്തിൽ കാക്കുന്നു’

 “അങ്ങയെ സമ്പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വരെ അങ്ങ്‌ സംരക്ഷി​ക്കും; അങ്ങ്‌ അവർക്കു നിത്യ​സ​മാ​ധാ​നം നൽകും; അങ്ങയി​ലാ​ണ​ല്ലോ അവർ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌.”—യശയ്യ 26:3, പുതിയ ലോക ഭാഷാ​ന്തരം.

 “സ്ഥിരമാ​നസൻ നിന്നിൽ ആശ്രയം വെച്ചി​രി​ക്ക​കൊ​ണ്ടു നീ അവനെ പൂർണ്ണ​സ​മാ​ധാ​ന​ത്തിൽ കാക്കുന്നു.”—യശയ്യ 26:3, സത്യ​വേ​ദ​പു​സ്‌തകം.

യശയ്യ 26:3-ന്റെ അർഥം

 തന്നിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വരെ ദൈവം സംരക്ഷി​ക്കു​മെന്ന്‌ യശയ്യ പ്രവാ​ചകൻ ഈ വാക്കു​ക​ളി​ലൂ​ടെ ഉറപ്പു​ത​രു​ക​യാ​യി​രു​ന്നു. സമാധാ​ന​വും സുരക്ഷി​ത​ത്വ​ബോ​ധ​വും നൽകി​ക്കൊ​ണ്ടാണ്‌ ദൈവം അതു ചെയ്യു​ന്നത്‌.

 “അങ്ങയെ സമ്പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വരെ അങ്ങ്‌ സംരക്ഷി​ക്കും.” ദൈവ​മായ യഹോവയെ a എല്ലായ്‌പോ​ഴും സമ്പൂർണ​മാ​യി ആശ്രയി​ക്കാൻ നിശ്ചയി​ച്ചു​റ​ച്ച​വ​രെ​ക്കു​റി​ച്ചാണ്‌ വാക്യ​ത്തി​ന്റെ ഈ ഭാഗം പറയു​ന്നത്‌. ദൈവ​ത്തിൽ ആശ്രയി​ക്കുന്ന ഒരു വ്യക്തി തനിക്ക്‌ എപ്പോ​ഴും ദൈവ​ത്തി​ന്റെ സഹായം വേണ​മെന്ന്‌ തിരി​ച്ച​റി​യും. ഉദാഹ​ര​ണ​ത്തിന്‌, പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ അദ്ദേഹം ഒരിക്ക​ലും സ്വന്തബു​ദ്ധി​യിൽ ആശ്രയി​ക്കില്ല. പകരം അദ്ദേഹം എപ്പോ​ഴും ദൈവ​ത്തി​ന്റെ ചിന്തകൾക്ക്‌ ചേർച്ച​യിൽ പ്രവർത്തി​ക്കും. (സുഭാ​ഷി​തങ്ങൾ 3:5, 6) ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ വീക്ഷണം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ അദ്ദേഹം ദൈവ​ത്തി​ന്റെ വചനമായ ബൈബിൾ ശ്രദ്ധാ​പൂർവം വായി​ക്കും, വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കും. (സങ്കീർത്തനം 1:2; 119:15) പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ അദ്ദേഹം സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ക്കും. (സങ്കീർത്തനം 37:5; 55:22) ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ അദ്ദേഹം ദൈവ​ത്തി​ലുള്ള വിശ്വാ​സ​മാണ്‌ തെളി​യി​ക്കു​ന്നത്‌. അപ്പോൾ ദൈവം തിരിച്ച്‌ സമാധാ​നം നൽകും.

 “അങ്ങ്‌ അവർക്കു നിത്യ​സ​മാ​ധാ​നം നൽകും.” മൂല എബ്രാ​യ​പാ​ഠ​ത്തിൽ “സമാധാ​നം” എന്ന വാക്ക്‌ ഊന്നലി​നാ​യി രണ്ടു തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ആ ഊന്നൽ നൽകു​ന്ന​തിന്‌ ഈ പദപ്ര​യോ​ഗത്തെ “നിത്യ​സ​മാ​ധാ​നം,” “തികഞ്ഞ സമാധാ​നം,” “പൂർണ​സ​മാ​ധാ​നം” എന്നൊക്കെ വിവർത്തനം ചെയ്യാ​നാ​കും. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, യഹോ​വയെ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വർക്ക്‌ സാഹച​ര്യം എന്തൊ​ക്കെ​യാ​യാ​ലും ഒരു ആന്തരി​ക​സ​മാ​ധാ​നം, അതായത്‌ ഒരു ശാന്തത അനുഭ​വി​ക്കാ​നാ​കും. (സങ്കീർത്തനം 112:7; 119:165) ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം ഉണ്ടായി​രി​ക്കു​ക​യും ദൈവ​ത്തി​ന്റെ കണ്ണിൽ ശരിയാ​യതു ചെയ്യാൻ ശ്രമി​ക്കു​ക​യും ചെയ്യു​മ്പോ​ഴാണ്‌ ഈ സമാധാ​നം ലഭിക്കു​ന്നത്‌.—സുഭാ​ഷി​തങ്ങൾ 3:32; യശയ്യ 48:18.

 “നിത്യ​സ​മാ​ധാ​നം” കൊടു​ക്കും എന്നു പറയു​മ്പോൾ അതിനർഥം ദൈവം എല്ലാ ബുദ്ധി​മു​ട്ടു​ക​ളിൽനി​ന്നും തന്റെ ആരാധ​കരെ സംരക്ഷി​ക്കും അല്ലെങ്കിൽ അവർക്ക്‌ ഒരു ഉത്‌ക​ണ്‌ഠ​യും ഉണ്ടാകില്ല എന്നല്ല. (1 ശമുവേൽ 1:6, 7; ഇയ്യോബ്‌ 6:1, 2; സങ്കീർത്തനം 31:9) പകരം സഹിച്ചു​നിൽക്കാ​നുള്ള സഹായം അവർക്കു നൽകും. (യശയ്യ 41:10, 13) ദൈവം അവരുടെ പ്രാർഥ​നകൾ കേട്ട്‌ ജ്ഞാനവും ശക്തിയും ആശ്വാ​സ​വും കൊടു​ക്കും. (സങ്കീർത്തനം 94:19; സുഭാ​ഷി​തങ്ങൾ 2:6; യശയ്യ 40:29) അങ്ങനെ​യാ​കു​മ്പോൾ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും അവർക്കു ശാന്തരാ​യി നിൽക്കാൻ കഴിയും.—ഫിലി​പ്പി​യർ 4:6, 7.

യശയ്യ 26:3-ന്റെ സന്ദർഭം

 ബി.സി. എട്ടാം നൂറ്റാ​ണ്ടി​ലാണ്‌ യശയ്യ പ്രവാ​ചകൻ ജീവി​ച്ചി​രു​ന്നത്‌. ആ സമയത്തും തുടർന്നുള്ള വർഷങ്ങ​ളി​ലും യഹൂദ​യി​ലുള്ള പലരും ദൈവ​മായ യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ച്ചി​രു​ന്നില്ല. അതിന്റെ ഫലമായി യഹൂദ​യു​ടെ തലസ്ഥാ​ന​ന​ഗ​ര​മായ യരുശ​ലേം ബി.സി. 607-ൽ നശിപ്പി​ക്ക​പ്പെ​ടാൻ യഹോവ അനുവ​ദി​ച്ചു.

 എങ്കിലും ഈ നാശത്തിന്‌ നൂറി​ല​ധി​കം വർഷങ്ങൾക്കു മുമ്പ്‌ യഹോ​വയെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള ഒരു പ്രാവ​ച​നി​ക​ഗീ​തം യശയ്യ എഴുതി. അതാണ്‌ യശയ്യ 26-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (യശയ്യ 26:1-6) ആ പാട്ടിൽ ഭാവി​യിൽ യഹൂദ​യി​ലെ ഒരു നഗരം പൂർവ​സ്ഥി​തി​യിൽ ആക്കു​മെന്ന്‌ എഴുതി​യി​ട്ടുണ്ട്‌. അത്‌ ഒരുപക്ഷേ യരുശ​ലേ​മാ​യി​രി​ക്കാം.

 ബി.സി. 537-നു ശേഷമുള്ള വർഷങ്ങ​ളിൽ യരുശ​ലേം പൂർവ​സ്ഥി​തി​യിൽ ആകാൻ തുടങ്ങി. അപ്പോൾ പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിവന്ന ജൂതന്മാർക്ക്‌ സുരക്ഷി​ത​ത്വം തോന്നി. അവർ ഇങ്ങനെ പറഞ്ഞു: “നമുക്കു ശക്തമായ ഒരു നഗരമുണ്ട്‌.” (യശയ്യ 26:1) അതിനു കാരണം ആ നഗരത്തി​ന്റെ കോട്ട​കെട്ടി ഉറപ്പിച്ച ശക്തമായ മതിലു​കൾ ആയിരു​ന്നില്ല. പകരം യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വും സംരക്ഷ​ണ​വും ആണ്‌ ആ നഗരത്തിന്‌ സുരക്ഷി​ത​ത്വം നൽകി​യത്‌.—യശയ്യ 26:2.

 ഇന്നും അങ്ങനെ​ത​ന്നെ​യാണ്‌. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വർക്ക്‌ സുരക്ഷി​ത​ത്വം തോന്നും. കാരണം അവർ യഹോ​വ​യെ​യാണ്‌ അവരുടെ “പാറ” അല്ലെങ്കിൽ അഭയം ആക്കിയി​രി​ക്കു​ന്നത്‌.—യശയ്യ 26:4.

 യശയ്യ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.