വിവരങ്ങള്‍ കാണിക്കുക

അവരുടെ വിശ്വാ​സം അനുക​രി​ക്കുക|മഗ്‌ദ​ല​ക്കാ​രി മറിയ

“ഞാൻ കർത്താ​വി​നെ കണ്ടു”

“ഞാൻ കർത്താ​വി​നെ കണ്ടു”

ധാരധാ​ര​യാ​യി ഒഴുകുന്ന കണ്ണുനീർ തുടച്ചു​കൊണ്ട്‌ മഗ്‌ദ​ല​ക്കാ​രി മറിയ ആകാശ​ത്തേക്കു നോക്കി. തന്റെ പ്രിയ​പ്പെട്ട ഗുരു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ്റി​യി​രി​ക്കു​ക​യാണ്‌. വസന്തകാ​ലത്തെ ഒരു മധ്യാ​ഹ്ന​മാ​യി​രു​ന്നു അത്‌. പക്ഷേ “നാട്ടി​ലെ​ങ്ങും ഇരുട്ടു പരന്നു.” (ലൂക്കോസ്‌ 23:44, 45) തോളി​ലേക്ക്‌ വീണു​കി​ട​ക്കുന്ന മൂടു​പടം പതുക്കെ വലിച്ച്‌ നേരെ​യാ​ക്കി​യിട്ട്‌ മഗ്‌ദ​ല​ക്കാ​രി മറിയ സ്‌ത്രീ​ക​ളോ​ടൊ​പ്പം ചേർന്ന്‌ നിൽക്കു​ന്നു. ഇപ്പോൾ അവിടെ അസാധാ​ര​ണ​മായ ഒരു ഇരുട്ടു പരന്നി​രി​ക്കു​ക​യാണ്‌. സൂര്യ​ഗ്ര​ഹണം സംഭവി​ക്കു​മ്പോൾ സാധാരണ ഏതാനും മിനി​ട്ടു​നേ​ര​ത്തേക്ക്‌ അങ്ങനെ ഇരുട്ടു പരക്കാ​റുണ്ട്‌. എന്നാൽ ഈ ഇരുട്ടു പരന്നിട്ട്‌ മണിക്കൂർ മൂന്നു കഴിഞ്ഞി​രി​ക്കു​ന്നു. യേശു​വി​ന്റെ അടുത്ത്‌ നിന്നി​രുന്ന, മറിയ​യും കൂടെ​യു​ള്ള​വ​രും അപ്പോൾ അസാധാ​ര​ണ​മായ ചില ശബ്ദങ്ങൾ കേട്ടി​രി​ക്കാം. ഒരുപക്ഷേ രാത്രി​യാ​യെന്നു കരുതി മൃഗങ്ങൾ ഓരി​യി​ടുന്ന ശബ്ദമാ​യി​രി​ക്കാം അത്‌. ഈ മാറ്റങ്ങ​ളൊ​ക്കെ ശ്രദ്ധിച്ച ചിലർ, “വല്ലാതെ പേടിച്ച്‌, ‘ഇദ്ദേഹം ശരിക്കും ദൈവ​പു​ത്ര​നാ​യി​രു​ന്നു’ എന്നു പറഞ്ഞു.” (മത്തായി 27:54) പ്രകൃ​തി​ക്കു​ണ്ടായ ഈ ഭാവമാ​റ്റ​ത്തി​നു കാരണം എന്താണാ​വോ? തന്റെ മകനോ​ടു കാണിച്ച ക്രൂരത കണ്ട്‌ മനസ്സ്‌ തകർന്ന യഹോവ തന്റെ ദുഃഖ​വും കോപ​വും പ്രകടി​പ്പി​ച്ച​താ​യി​രി​ക്കു​മോ എന്ന്‌ യേശു​വി​ന്റെ അനുഗാ​മി​ക​ളും മറ്റുള്ള​വ​രും സംശയി​ച്ചി​രി​ക്കാം.

ഇതൊക്കെ കണ്ടു നിൽക്കാ​നുള്ള ത്രാണി മഗ്‌ദ​ല​ക്കാ​രി മറിയ​യ്‌ക്കില്ല. എങ്കിലും മറിയ അവിടം വിട്ടു​പോ​കു​ന്നില്ല. (യോഹ​ന്നാൻ 19:25, 26) സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലും അധികം വേദന യേശു അനുഭ​വി​ച്ചി​ട്ടു​ണ്ടാ​കും. ഇതു കണ്ടുനിന്ന യേശു​വി​ന്റെ അമ്മയ്‌ക്കും ഇപ്പോൾ ആശ്വാ​സ​വും സഹായ​വും ആവശ്യ​മാണ്‌.

യേശു തനിക്കു​വേണ്ടി ചെയ്‌ത കാര്യങ്ങൾ ഓർക്കു​മ്പോൾ മഗ്‌ദ​ല​ക്കാ​രി മറിയ തനിക്കു ചെയ്യാൻ കഴിയു​ന്ന​തി​നും അപ്പുറം യേശു​വി​നു​വേണ്ടി ചെയ്യാൻ പ്രേരി​ത​യാ​കു​ന്നു. ഒരിക്കൽ മറിയ എല്ലാം തകർന്ന്‌ വളരെ പരിതാ​പ​ക​ര​മായ ഒരു അവസ്ഥയിൽ ആയിരു​ന്നു. എന്നാൽ ആ അവസ്ഥയിൽനിന്ന്‌ മറിയയെ കരകയ​റ്റി​യത്‌ യേശു​വാണ്‌. മറിയ​യു​ടെ ജീവി​ത​ത്തിന്‌ അർഥവും അന്തസ്സും ഉണ്ടാകാൻ യേശു പ്രവർത്തി​ച്ചു. നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന വിശ്വാ​സ​ത്തി​ന്റെ മാതൃ​ക​യാ​യി മറിയ. എങ്ങനെ? വിശ്വാ​സ​ത്തി​ന്റെ ആ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തെങ്കി​ലും പഠിക്കാ​നു​ണ്ടോ?

“സ്വത്തു​ക്കൾകൊണ്ട്‌ അവരെ ശുശ്രൂ​ഷി​ച്ചു​പോ​ന്നു”

ബൈബി​ളിൽ മഗ്‌ദ​ല​ക്കാ​രി മറിയ​യെ​ക്കു​റി​ച്ചുള്ള കഥ തുടങ്ങു​ന്നത്‌ അവൾക്കു ലഭിച്ച വലി​യൊ​രു ആശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടാണ്‌. ഭയാന​ക​മായ ഒരു അവസ്ഥയിൽനി​ന്നും യേശു മറിയ​യ്‌ക്കു സ്വാത​ന്ത്ര്യം കൊടു​ത്തു. ഒരു പേടി​സ്വ​പ്‌ന​ത്തിൽനിന്ന്‌ ഞെട്ടി​യു​ണർന്ന​തു​പോ​ലെ അവൾക്ക്‌ തോന്നി​യി​ട്ടു​ണ്ടാ​കും. അക്കാല​ത്തൊ​ക്കെ ഭൂതങ്ങ​ളു​ടെ ഉപദ്രവം കൂടു​ത​ലാ​യി​രു​ന്നു. ആ ദുഷ്ട ജീവികൾ പലരി​ലും പ്രവേ​ശി​ക്കു​ക​യോ അവരുടെ മനസ്സിന്റെ നിയ​ന്ത്രണം ഏറ്റെടു​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ അവരുടെ ജീവിതം ബുദ്ധി​മു​ട്ടി​ലാ​ക്കി. പാവം മഗ്‌ദ​ല​ക്കാ​രി മറിയ​യ്‌ക്കു ഭൂതങ്ങ​ളു​ടെ ഉപദ്ര​വ​ത്തി​ന്റെ ഫലമായി എന്തൊക്കെ കഷ്ടപ്പാ​ടു​കൾ നേരി​ടേ​ണ്ടി​വ​ന്നെന്നു നമുക്ക്‌ അറിയില്ല. നമുക്ക്‌ അറിയാ​വു​ന്നത്‌ ഏഴു ഭൂതങ്ങൾ മറിയയെ ഉപദ്ര​വി​ച്ചി​രു​ന്നു എന്നാണ്‌. എന്തായാ​ലും യേശു​ക്രി​സ്‌തു അവയെ എല്ലാം പുറത്താ​ക്കി എന്നത്‌ സന്തോ​ഷ​ക​ര​മായ കാര്യ​മാണ്‌.—ലൂക്കോസ്‌ 8:2.

നമുക്ക്‌ ഒക്കെ സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലും അധികം സ്വാത​ന്ത്ര്യ​മാണ്‌ മറിയ​യ്‌ക്കു കിട്ടി​യത്‌. ഒരു പുതിയ ജീവി​ത​ത്തി​നു തുടക്കം കുറി​ക്കാൻ മറിയ​യ്‌ക്ക്‌ അവസരം ലഭിച്ചി​രി​ക്കു​ന്നു. അതി​നോ​ടുള്ള നന്ദി മറിയ എങ്ങനെ​യാണ്‌ കാണി​ച്ചത്‌? യേശു​വി​ന്റെ വിശ്വ​സ്‌ത​യായ ഒരു അനുഗാ​മി​യാ​യി​ക്കൊണ്ട്‌. കൂടാതെ മറ്റുള്ള​വ​രു​ടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ മറിയ പ്രവർത്തി​ച്ചു. യേശു​വി​നും അപ്പോ​സ്‌ത​ല​ന്മാർക്കും ഭക്ഷണവും വസ്‌ത്ര​വും രാത്രി​യിൽ അന്തിയു​റ​ങ്ങാൻ ഒരിട​വും വേണമാ​യി​രു​ന്നു. അവർ അത്ര സമ്പത്തു​ള്ളവർ ഒന്നും ആയിരു​ന്നില്ല. അവർക്ക്‌ അങ്ങനെ നല്ല വരുമാ​നം കിട്ടുന്ന ജോലി​യും ഉണ്ടായി​രു​ന്നില്ല. സുവി​ശേഷം പ്രസം​ഗി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അവർക്കു ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ങ്കിൽ അവരുടെ അനുദി​ന​കാ​ര്യ​ങ്ങൾ ഒക്കെ ഭംഗി​യാ​യി നടന്നു​പോ​ക​ണ​മാ​യി​രു​ന്നു. അതിനു അവർക്കു സഹായം വേണ്ടി​യി​രു​ന്നു.

മറിയ​യും മറ്റു സ്‌ത്രീ​ക​ളും അവർക്കു​വേണ്ട സഹായ​ങ്ങ​ളൊ​ക്കെ ചെയ്‌തു​കൊ​ടു​ത്തു. ആ സ്‌ത്രീ​കൾ “അവരുടെ സ്വത്തു​ക്കൾകൊണ്ട്‌ അവരെ ശുശ്രൂ​ഷി​ച്ചു​പോ​ന്നു.” (ലൂക്കോസ്‌ 8:1, 3) അവരിൽ ചില​രൊ​ക്കെ സമ്പത്തു​ള്ള​വ​രാ​യി​രു​ന്നി​രി​ക്കാം. ഈ സ്‌ത്രീ​കൾ യേശു​വി​നും ശിഷ്യ​ന്മാർക്കും വേണ്ടി ഓരോ ഗ്രാമ​ത്തി​ലും ആഹാരം പാകം ചെയ്‌തെ​ന്നോ വസ്‌ത്രം അലക്കി​കൊ​ടു​ത്തെ​ന്നോ താമസ​ത്തി​നു​വേണ്ട ഏർപ്പാട്‌ ചെയ്‌തെ​ന്നോ ഒന്നും ബൈബിൾ പറയു​ന്നില്ല. എന്തായാ​ലും, ഏകദേശം 20-ഓളം വരുന്ന ഈ കൂട്ടത്തെ യാതൊ​രു മടിയും കൂടാതെ അവർ സഹായി​ച്ചു. ഈ സ്‌ത്രീ​ക​ളു​ടെ കഠിനാ​ധ്വാ​നം സുവി​ശേ​ഷ​വേ​ല​യിൽ പൂർണ​മാ​യി മുഴു​കാൻ യേശു​വി​നെ​യും ശിഷ്യ​ന്മാ​രെ​യും ഒരുപാട്‌ സഹായി​ച്ചി​ട്ടു​ണ്ടാ​കും എന്ന കാര്യ​ത്തിൽ സംശയ​മില്ല. യേശു തനിക്കു​വേണ്ടി ചെയ്‌ത കാര്യം ഓർത്താൽ തിരിച്ച്‌ യേശു​വിന്‌ എന്തു കൊടു​ത്താ​ലും മതിയാ​കില്ല എന്ന്‌ മറിയ​യ്‌ക്ക്‌ അറിയാം. എങ്കിലും തന്നെ​കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം യേശു​വി​നു​വേണ്ടി ചെയ്‌ത​പ്പോൾ അവൾക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും.

മറ്റുള്ള​വർക്കു​വേണ്ടി എളിയ ജോലി​കൾ ചെയ്യു​ന്ന​വരെ തരംതാ​ഴ്‌ന്ന​വ​രാ​യാണ്‌ പലരും ഇന്നും കാണു​ന്നത്‌. എന്നാൽ ദൈവം അവരെ അങ്ങനെയല്ല കാണു​ന്നത്‌. തന്നെത്തന്നെ വിട്ടു​കൊ​ടു​ത്തു​കൊണ്ട്‌ യേശു​വി​നും ശിഷ്യ​ന്മാർക്കും വേണ്ടി എളിയ സേവനങ്ങൾ ചെയ്‌ത മറിയയെ കാണു​മ്പോൾ ദൈവ​ത്തിന്‌ അവളോട്‌ എത്രമാ​ത്രം ഇഷ്ടം തോന്നി​യി​ട്ടു​ണ്ടാ​വും! നിങ്ങൾക്ക്‌ അത്‌ ഭാവന​യിൽ കാണാൻ പറ്റുന്നു​ണ്ടോ? മറ്റുള്ള​വർക്കു​വേണ്ടി സന്തോ​ഷ​ത്തോ​ടെ എളിയ സേവനങ്ങൾ ചെയ്യുന്ന വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ ഇന്നുമുണ്ട്‌. ചില​പ്പോൾ എന്തെങ്കി​ലും ദയാ​പ്ര​വൃ​ത്തി ചെയ്യു​ന്ന​തോ അല്ലെങ്കിൽ ഒരു നല്ല വാക്കു പറയു​ന്ന​തോ മറ്റുള്ള​വർക്ക്‌ ഒരുപാട്‌ ഗുണം ചെയ്യും. കൊടു​ക്കാ​നുള്ള ഇത്തരം മനോ​ഭാ​വത്തെ യഹോവ വളരെ മൂല്യ​മു​ള്ള​താ​യി കാണുന്നു.—സുഭാ​ഷി​തങ്ങൾ 19:17; എബ്രായർ 13:16.

“ദണ്ഡനസ്‌തം​ഭ​ത്തിന്‌ അരികെ”

എ. ഡി. 33-ലെ പെസഹ ആഘോ​ഷി​ക്കാൻ യേശു​വി​നോ​ടൊ​പ്പം യരുശ​ലേ​മി​ലേക്കു പോയ സ്‌ത്രീ​ക​ളിൽ ഒരാൾ മഗ്‌ദ​ല​ക്കാ​രി മറിയ​യാ​യി​രു​ന്നു. (മത്തായി 27:55, 56) ആ രാത്രി യേശു​വി​നെ അറസ്റ്റു ചെയ്‌തു എന്ന വാർത്ത കേട്ട​പ്പോൾ മറിയ​യു​ടെ മനസ്സു തളർന്നി​ട്ടു​ണ്ടാ​കും. എന്നാൽ കൂടുതൽ വിഷമി​പ്പി​ക്കുന്ന വാർത്ത​ക​ളാ​യി​രു​ന്നു മറിയയെ കാത്തി​രു​ന്നത്‌. ജൂത മതനേ​താ​ക്ക​ന്മാ​രു​ടെ​യും ജനക്കൂ​ട്ട​ത്തി​ന്റെ​യും നിർബ​ന്ധ​ത്തി​നു വഴങ്ങി ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ യേശു​വി​നെ സ്‌തം​ഭ​ത്തി​ലെ ക്രൂര​മായ മരണത്തി​നു വിട്ടു​കൊ​ടു​ക്കു​ന്നു. രക്തംവാർന്നൊ​ഴു​കി, ക്ഷീണിച്ച്‌ അവശനാ​യി, സ്‌തം​ഭ​വും ചുമന്നു​കൊണ്ട്‌ തെരു​വി​ലൂ​ടെ വേച്ചു​വേച്ച്‌ നടന്നു​നീ​ങ്ങുന്ന തന്റെ ഗുരു​വി​നെ മറിയ ഒരുപക്ഷേ കണ്ടിട്ടു​ണ്ടാ​കും.—യോഹ​ന്നാൻ 19:6, 12, 15-17.

യേശു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ്റിയ സമയം. അസാധാ​ര​ണ​മായ ഇരുട്ടു പരന്ന ആ സമയത്ത്‌ മഗ്‌ദ​ല​ക്കാ​രി മറിയ​യും മറ്റു സ്‌ത്രീ​ക​ളും ‘ദണ്ഡനസ്‌തം​ഭ​ത്തിന്‌ അരി​കെ​ത്തന്നെ’ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 19:25) അവസാ​ന​ത്തോ​ളം അവിടെ നിന്നി​രുന്ന മറിയ പല രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. യേശു തന്റെ പ്രിയ​പ്പെട്ട അമ്മയെ, തന്റെ പ്രിയ സ്‌നേ​ഹി​ത​നായ യോഹ​ന്നാൻ അപ്പോ​സ്‌ത​ലനെ ഏൽപ്പി​ക്കുന്ന രംഗം, യേശു അതി​വേ​ദ​ന​യോ​ടെ പിതാ​വി​നോ​ടു കരഞ്ഞ്‌ അപേക്ഷി​ക്കുന്ന രംഗം, ഒടുവിൽ മരണത്തി​നു തൊട്ടു​മുമ്പ്‌ “എല്ലാം പൂർത്തി​യാ​യി” എന്ന്‌ യേശു അഭിമാ​ന​ത്തോ​ടെ പറയുന്ന രംഗം. ഇതൊക്കെ കണ്ട്‌ മറിയ വലിയ മനോ​വേ​ദ​ന​യി​ലാ​യി. യേശു മരിച്ചു​ക​ഴി​ഞ്ഞി​ട്ടും മറിയ അവി​ടെ​നി​ന്നു​പോ​കാ​തെ അങ്ങനെ​തന്നെ നിൽക്കു​ക​യാണ്‌. പിന്നീട്‌, യേശു​വി​ന്റെ ശരീരം ധനിക​നായ അരിമ​ഥ്യ​ക്കാ​രൻ യോ​സേ​ഫി​ന്റെ പുതിയ കല്ലറയിൽ വെച്ച​പ്പോ​ഴും അവി​ടെ​യും നമ്മൾ മറിയയെ കാണുന്നു.—യോഹ​ന്നാൻ 19:30; മത്തായി 27:45, 46, 57-61.

നമ്മുടെ സഹോ​ദ​രങ്ങൾ വളരെ ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ, നമ്മൾ എന്തു ചെയ്യണ​മെന്നു മറിയ​യു​ടെ അനുഭവം പഠിപ്പി​ക്കു​ന്നു. നമുക്കു അവരുടെ സാഹച​ര്യ​ത്തി​നു മാറ്റം വരുത്താ​നോ വേദനകൾ ഇല്ലാതാ​ക്കാ​നോ കഴി​ഞ്ഞെ​ന്നു​വ​രില്ല. പക്ഷേ നമുക്ക്‌ അവരോട്‌ അനുകമ്പ കാണി​ക്കാ​നും അവരെ ധൈര്യ​പ്പെ​ടു​ത്താ​നും കഴിയും. വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ നമ്മളെ മനസ്സി​ലാ​ക്കുന്ന ഒരു കൂട്ടു​കാ​രന്റെ സാന്നി​ധ്യം​തന്നെ ധാരാളം. സഹായം ആവശ്യ​മു​ള്ള​പ്പോൾ അവരിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാ​തെ അവരുടെ കൂടെ​നിൽക്കു​മ്പോൾ നമ്മൾ അവർക്കു വലിയ ആശ്വാസം പകരു​ക​യാ​യി​രി​ക്കും. കൂടാതെ അത്‌ അവരോ​ടും ദൈവ​ത്തോ​ടും ഉള്ള വിശ്വ​സ്‌ത​ത​യും ആയിരി​ക്കും.—സുഭാ​ഷി​തങ്ങൾ 17:17.

മഗ്‌ദലക്കാരി മറിയ​യു​ടെ സാന്നി​ധ്യം യേശു​വി​ന്റെ അമ്മയ്‌ക്കു വലിയ ആശ്വാ​സ​മാ​യി​രു​ന്നു

“ഞാൻ കൊണ്ടു​പൊ​യ്‌ക്കൊ​ള്ളാം”

യേശു​വി​ന്റെ ശരീരം കല്ലറയിൽ വെച്ചു​ക​ഴി​ഞ്ഞ​തി​നു ശേഷം, സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ വാങ്ങാൻ പോയ സ്‌ത്രീ​ക​ളു​ടെ കൂട്ടത്തിൽ മറിയ​യും ഉണ്ടായി​രു​ന്നു. (മർക്കോസ്‌ 16:1, 2; ലൂക്കോസ്‌ 23:54-56) ശബത്തു കഴിഞ്ഞ അടുത്ത ദിവസം മറിയ അതിരാ​വി​ലെ എഴു​ന്നേറ്റു. വെട്ടം വീണു​തു​ട​ങ്ങി​യി​ട്ടി​ല്ലാത്ത തെരു​വീ​ഥി​ക​ളി​ലൂ​ടെ ധൃതി​യിൽ നടക്കുന്ന മറിയ​യെ​യും മറ്റു സ്‌ത്രീ​ക​ളെ​യും നിങ്ങൾക്കു സങ്കൽപ്പി​ക്കാൻ കഴിയു​ന്നു​ണ്ടോ? നടക്കു​ന്ന​തി​നി​ടെ അവർ, ഗുഹാ​മു​ഖത്തു വെച്ചി​രി​ക്കുന്ന വലിയ കല്ല്‌ എങ്ങനെ ഉരുട്ടി​മാ​റ്റും എന്ന്‌ തമ്മിൽത്ത​മ്മിൽ പറയു​ന്നു​ണ്ടാ​യി​രു​ന്നു. (മത്തായി 28:1; മർക്കോസ്‌ 16:1-3) എന്തൊക്കെ ആയാലും അവരുടെ വിശ്വാ​സം അവരെ മുന്നോ​ട്ടു നയിക്കു​ന്നു. അവർക്കു ചെയ്യാ​നു​ള്ളത്‌ പരാമ​വധി ചെയ്യുക, ബാക്കി യഹോ​വയെ ഏൽപ്പി​ക്കുക. അതായി​രു​ന്നു അവരുടെ ചിന്ത.

കല്ലറയു​ടെ അടുത്ത്‌ ആദ്യം എത്തി​ച്ചേർന്നതു മറിയ ആയിരി​ക്കാം. കണ്ട കാഴ്‌ച മറിയയെ അത്ഭുത​സ്‌ത​ബ്ധ​യാ​ക്കി. കല്ലറയു​ടെ വാതിൽക്കൽനിന്ന്‌ കല്ല്‌ എടുത്തു​മാ​റ്റി​യി​രു​ന്നു! കല്ലറ ശൂന്യ​മാ​യി കിടക്കു​ന്നു! ഊർജ​സ്വ​ലത കൈമു​ത​ലായ മറിയ, ഇക്കാര്യം അറിയി​ക്കാ​നാ​യി പത്രോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും അടു​ത്തേക്ക്‌ പാഞ്ഞു. “കർത്താ​വി​നെ കല്ലറയിൽനിന്ന്‌ എടുത്തു​കൊ​ണ്ടു​പോ​യി. എവി​ടെ​യാ​ണു വെച്ചി​രി​ക്കു​ന്ന​തെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ” എന്ന്‌ കിതച്ചു​കൊണ്ട്‌ മറിയ പറയു​ന്നത്‌ ഒന്നു ഭാവന​യിൽ കണ്ടു നോക്കൂ! കേട്ടത്‌ സത്യമാ​ണോ എന്ന്‌ അറിയാൻ അപ്പോൾത്തന്നെ പത്രോ​സും യോഹ​ന്നാ​നും കല്ലറയു​ടെ അടു​ത്തേക്ക്‌ ഓടി. അവർ കേട്ടതു സത്യമാ​യി​രു​ന്നു. അതു ബോധ്യ​മായ അവർ വീടു​ക​ളി​ലേക്കു മടങ്ങി. *യോഹ​ന്നാൻ 20:1-10.

മറിയ കല്ലറയു​ടെ അടു​ത്തേക്കു മടങ്ങി​വ​ന്ന​പ്പോൾ അവിടെ ആരും ഉണ്ടായി​രു​ന്നില്ല. പുലരും മുമ്പുള്ള മൂകത​യും കല്ലറയ്‌ക്കൽ തളം​കെ​ട്ടി​നിന്ന ശൂന്യ​ത​യും മറിയ​യു​ടെ ദുഃഖ​ത്തി​ന്റെ ആക്കം കൂട്ടി. ഉള്ളിൽ ചിറ​കെ​ട്ടി​നി​റു​ത്തിയ സങ്കടം അണപൊ​ട്ടി​യൊ​ഴു​കി. തന്റെ പ്രിയ​പ്പെട്ട ഗുരു​വി​നെ കാണാ​നില്ല എന്ന സത്യം മറിയ​യ്‌ക്ക്‌ ഇപ്പോ​ഴും ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല. മറിയ വീണ്ടും കുനിഞ്ഞ്‌ കല്ലറയി​ലേക്കു നോക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇപ്പോൾ അവിടെ കണ്ട കാഴ്‌ച മറിയയെ ഞെട്ടി​ക്കു​ന്നു! അതാ അവിടെ രണ്ടു ദൈവ​ദൂ​ത​ന്മാർ! അവർ മറിയ​യോ​ടു ചോദി​ച്ചു: “എന്തിനാണ്‌ ഇങ്ങനെ കരയു​ന്നത്‌?” അതിനു മറുപ​ടി​യാ​യി അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞ അതേ വാക്കുകൾ ഒരു തേങ്ങ​ലോ​ടെ മറിയ പറയുന്നു: “അവർ എന്റെ കർത്താ​വി​നെ എടുത്തു​കൊ​ണ്ടു​പോ​യി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന്‌ എനിക്ക്‌ അറിഞ്ഞു​കൂ​ടാ.”—യോഹ​ന്നാൻ 20:11-13.

ഇതു പറഞ്ഞിട്ട്‌ മറിയ തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ അതാ, ഒരാൾ പുറകിൽ നിൽക്കു​ന്നു. മറിയ​യ്‌ക്ക്‌ അത്‌ ആരാ​ണെന്നു മനസ്സി​ലാ​യില്ല. മറിയ വിചാ​രി​ച്ചത്‌ അത്‌ അവിടു​ത്തെ തോട്ട​ക്കാ​ര​നാ​ണെ​ന്നാണ്‌. അദ്ദേഹം വളരെ ദയയോ​ടെ മറിയ​യോട്‌ ഇങ്ങനെ ചോദി​ച്ചു: “സ്‌ത്രീ​യേ, എന്തിനാ​ണു കരയു​ന്നത്‌? ആരെയാ​ണു നീ അന്വേ​ഷി​ക്കു​ന്നത്‌?” അതിനു മറിയ: “യജമാ​നനേ, അങ്ങാണു യേശു​വി​നെ എടുത്തു​കൊ​ണ്ടു​പോ​യ​തെ​ങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടു​പൊ​യ്‌ക്കൊ​ള്ളാം.” (യോഹ​ന്നാൻ 20:14, 15) ഒരു സ്‌ത്രീക്ക്‌, ഒറ്റയ്‌ക്ക്‌, നല്ല കരുത്തും ആരോ​ഗ്യ​വും ഉള്ള ഒരു മനുഷ്യ​നെ എടുത്ത്‌ കൊണ്ടു​പോ​കാൻ പറ്റുമോ? അതി​നെ​ക്കു​റിച്ച്‌ ഒന്നും മറിയ ചിന്തി​ച്ചി​ട്ടു​ണ്ടാ​കില്ല. തനിക്കു ചെയ്യാൻ പറ്റുന്ന​തൊ​ക്കെ ചെയ്യുക, അതായി​രു​ന്നു മറിയ​യു​ടെ ചിന്ത.

“ഞാൻ കൊണ്ടു​പൊ​യ്‌ക്കൊ​ള്ളാം”

താങ്ങാ​വു​ന്ന​തി​ലും അപ്പുറം വിഷമ​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും വരു​മ്പോൾ മഗ്‌ദ​ല​ക്കാ​രി മറിയയെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? വിഷമ​ങ്ങ​ളി​ലേ​ക്കും തടസ്സങ്ങ​ളി​ലേ​ക്കും മാത്രം നോക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ നമ്മൾ ഭയന്ന്‌ തളർന്നു​പോ​കും. എന്നാൽ, നമ്മുടെ കഴിവി​ന്റെ പരമാ​വധി ചെയ്‌തു​കൊണ്ട്‌ ബാക്കി ഭാഗം ദൈവ​ത്തി​നു വിട്ടു​കൊ​ടു​ത്താൽ നമ്മൾ ചിന്തി​ക്കു​ന്ന​തി​ന​പ്പു​റ​മാ​യി​രി​ക്കാം അതിന്റെ ഫലം. (2 കൊരി​ന്ത്യർ 12:10; ഫിലി​പ്പി​യർ 4:13) ഏറ്റവും പ്രധാ​ന​മാ​യി അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌. അതാണ്‌ മറിയ ചെയ്‌തത്‌. ദൈവം മറിയയെ അനു​ഗ്ര​ഹി​ച്ചു, മറിയ​യ്‌ക്ക്‌ ഊഹി​ക്കാൻ കഴിയു​ന്ന​തി​ലും അപ്പുറം!

“ഞാൻ കർത്താ​വി​നെ കണ്ടു”

മറിയ​യോ​ടു സംസാ​രിച്ച വ്യക്തി തോട്ട​ക്കാ​ര​നാ​യി​രു​ന്നില്ല. അപ്പോൾ പിന്നെ അദ്ദേഹം ആരാണ്‌? അദ്ദേഹം ഒരിക്കൽ ഒരു മരപ്പണി​ക്കാ​ര​നാ​യി​രു​ന്നു. പിന്നെ ഒരു അധ്യാ​പ​ക​നാ​യി. പിന്നീട്‌ മറിയ​യു​ടെ പ്രിയ​പ്പെട്ട കർത്താ​വും. പക്ഷേ മറിയ ഇതൊ​ന്നും അറിയു​ന്നില്ല. അവൾ തിരികെ പോകാൻ ഒരുങ്ങു​ന്നു. വാസ്‌ത​വ​ത്തിൽ യേശു ഒരു ആത്മവ്യ​ക്തി​യാ​യി ഉയിർത്തെ​ഴു​ന്നേ​റ്റി​രു​ന്നു. പുതിയ മനുഷ്യ​ശ​രീ​ര​മെ​ടു​ത്താണ്‌ ഇപ്പോൾ വന്നിരി​ക്കു​ന്നത്‌. പുനരു​ത്ഥാ​ന​പ്പെ​ട്ട​തി​നു ശേഷം, തന്നെ അടുത്ത്‌ അറിയാ​വുന്ന പലരു​ടെ​യും മുമ്പിൽ യേശു പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. അവർക്കും യേശു​വി​നെ തിരി​ച്ച​റി​യാ​നാ​യില്ല.—ലൂക്കോസ്‌ 24:13-16; യോഹ​ന്നാൻ 21:4.

താൻ ആരാ​ണെന്ന്‌ യേശു മറിയയെ അറിയി​ച്ചത്‌ എങ്ങനെ​യാണ്‌? “മറിയേ” എന്ന തന്റെ ഒറ്റ വിളി​യി​ലൂ​ടെ! അത്‌ കേട്ട നിമി​ഷ​ത്തിൽ അവൾ ആശ്ചര്യ​ത്തോ​ടെ ചുറ്റും നോക്കി. എന്നിട്ട്‌ ഉറക്കെ എബ്രാ​യ​ഭാ​ഷ​യിൽ “റബ്ബോനി!” എന്നു വിളിച്ചു. എത്രയോ തവണ അവൾ അങ്ങനെ വിളി​ച്ചി​രി​ക്കു​ന്നു. അത്‌ അവളുടെ പ്രിയ​പ്പെട്ട ഗുരു​വാ​യി​രു​ന്നു! അവളുടെ ഉള്ളിൽ സന്തോഷം അലതല്ലി, അവൾ യേശു​വി​നെ പോകാൻ അനുവ​ദി​ക്കു​ന്നില്ല.—യോഹ​ന്നാൻ 20:16.

യേശു മറിയ​യു​ടെ ചിന്തകൾ മനസ്സി​ലാ​ക്കു​ന്നു. എന്നിട്ട്‌ വാത്സല്യം നിറഞ്ഞ ഒരു ചിരി​യോ​ടെ തന്നെ പിടി​ച്ചു​നി​റു​ത്താൻ ശ്രമി​ക്കുന്ന മറിയ​യോട്‌, “എന്നെ ഇങ്ങനെ പിടി​ച്ചു​നി​റു​ത്ത​രുത്‌. ഞാൻ ഇതുവരെ പിതാ​വി​ന്റെ അടു​ത്തേക്കു കയറി​പ്പോ​യി​ട്ടില്ല” എന്നു പറയു​ന്നത്‌ ഒന്നു മനസ്സിൽ കണ്ടു​നോ​ക്കൂ. യേശു​വിന്‌ ഇപ്പോ​ഴും സ്വർഗ​ത്തി​ലേക്ക്‌ പോകാ​നുള്ള സമയമാ​യി​ട്ടില്ല. ചില ജോലി​കൾകൂ​ടി യേശു​വിന്‌ ചെയ്‌ത്‌ തീർക്കാ​നു​ണ്ടാ​യി​രു​ന്നു. മറിയ​യു​ടെ സഹായം യേശു​വിന്‌ ആവശ്യ​മാ​യി​രു​ന്നു. യേശു പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും മറിയ നന്നായി ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കും. “ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവ​വും ആയവന്റെ അടു​ത്തേക്കു കയറി​പ്പോ​കു​ന്നു” എന്ന്‌ ശിഷ്യ​ന്മാ​രോ​ടു പറയാൻ യേശു അവളെ ചുമത​ല​പ്പെ​ടു​ത്തു​ന്നു.—യോഹ​ന്നാൻ 20:17.

പുനരു​ത്ഥാ​നം ചെയ്‌ത യേശു​വി​നെ ആദ്യം കാണാ​നുള്ള അനു​ഗ്രഹം കിട്ടിയ ശിഷ്യരിൽ ഒരാൾ മറിയ​യാ​യി​രു​ന്നു. ആ സന്തോ​ഷ​വാർത്ത മറ്റുള്ള​വ​രോ​ടു പറയാ​നുള്ള പദവി​യും മറിയ​യ്‌ക്കു​തന്നെ കിട്ടി. എത്ര വലിയ നിയമ​ന​മാണ്‌ മറിയ​യ്‌ക്ക്‌ തന്റെ ഗുരു​വിൽനിന്ന്‌ കിട്ടി​യത്‌! വളരെ ഉത്സാഹ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ആയിരി​ക്കി​ല്ലേ മറിയ ശിഷ്യ​ന്മാ​രെ തേടി​പ്പോ​യി​ട്ടു​ണ്ടാ​കുക! “ഞാൻ കർത്താ​വി​നെ കണ്ടു” എന്ന വാക്കുകൾ മറിയ കിതച്ചു​കൊണ്ട്‌ ശിഷ്യ​ന്മാ​രോ​ടു പറയു​ന്നത്‌ ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ! ആ വാക്കുകൾ അവളു​ടെ​യും ശിഷ്യ​ന്മാ​രു​ടെ​യും മനസ്സിൽ മായാതെ നിന്നി​ട്ടു​ണ്ടാ​കും. യേശു തന്നോടു പറഞ്ഞ​തെ​ല്ലാം മറിയ ഒറ്റശ്വാ​സ​ത്തിൽ അവരെ പറഞ്ഞു​കേൾപ്പി​ച്ചു. (യോഹ​ന്നാൻ 20:18) കല്ലറയ്‌ക്കൽ പോയ സ്‌ത്രീ​കൾ പറഞ്ഞ കാര്യ​വും മറിയ പറഞ്ഞ കാര്യ​വും കേട്ട​പ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ കഥയുടെ മുഴുവൻ ചിത്ര​വും കിട്ടി​യി​ട്ടു​ണ്ടാ​കണം.—ലൂക്കോസ്‌ 24:1-3, 10.

“ഞാൻ കർത്താ​വി​നെ കണ്ടു”

“അവർ ആ സ്‌ത്രീ​കളെ വിശ്വ​സി​ച്ചില്ല”

എന്നാൽ ശിഷ്യ​ന്മാർ എങ്ങനെ പ്രതി​ക​രി​ച്ചു? ആദ്യത്തെ പ്രതി​ക​രണം അത്ര നല്ലതാ​യി​രു​ന്നില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “എന്നാൽ അവർ പറഞ്ഞ​തൊ​ക്കെ ഒരു കെട്ടു​ക​ഥ​പോ​ലെ തോന്നി​യ​തു​കൊണ്ട്‌ അവർ ആ സ്‌ത്രീ​കളെ വിശ്വ​സി​ച്ചില്ല.” (ലൂക്കോസ്‌ 24:11) അപ്പോ​സ്‌ത​ല​ന്മാർ നല്ല മനസ്സു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും അവർ വളർന്നു​വ​ന്നത്‌ സ്‌ത്രീ​കളെ വിശ്വ​സി​ക്കാത്ത ഒരു സമൂഹ​ത്തി​ലാ​യി​രു​ന്നു. റബ്ബിമാ​രു​ടെ പാരമ്പ​ര്യം അനുസ​രിച്ച്‌ സ്‌ത്രീ​കളെ കോട​തി​യിൽ സാക്ഷ്യം പറയാൻ അനുവ​ദി​ച്ചി​രു​ന്നില്ല. അത്തരം സംസ്‌കാ​രം അപ്പോ​സ്‌ത​ല​ന്മാ​രെ എത്രമാ​ത്രം സ്വാധീ​നി​ച്ചി​രു​ന്നു എന്ന്‌ ഒരുപക്ഷേ അവർതന്നെ തിരി​ച്ച​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നില്ല. എന്നാൽ യേശു​വി​നും യഹോ​വ​യ്‌ക്കും അത്തരം മുൻവി​ധി​കൾ ഉണ്ടായി​രു​ന്നില്ല. വിശ്വ​സ്‌ത​രായ സ്‌ത്രീ​കൾക്ക്‌ എത്ര വലിയ പദവി​യാണ്‌ യഹോവ കൊടു​ത്തത്‌!

ശിഷ്യ​ന്മാ​രു​ടെ പ്രതി​ക​രണം മറിയയെ വിഷമി​പ്പി​ച്ചില്ല. ആരു വിശ്വ​സി​ച്ചി​ല്ലെ​ങ്കി​ലും യേശു തന്നെ വിശ്വ​സി​ക്കു​ന്നു​ണ്ടെന്ന്‌ മറിയ​യ്‌ക്ക്‌ അറിയാം. മറിയ​യ്‌ക്ക്‌ അതു മതിയാ​യി​രു​ന്നു. യേശു​വി​നെ അനുഗ​മി​ക്കുന്ന എല്ലാവർക്കും ഇതു​പോ​ലെ ഒരു സന്ദേശം അറിയി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഇന്ന്‌ ഉണ്ട്‌. ബൈബിൾ ആ സന്ദേശത്തെ “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” എന്നാണ്‌ വിളി​ക്കു​ന്നത്‌. (ലൂക്കോസ്‌ 8:1) എന്നാൽ എല്ലാവ​രും ഈ സന്തോ​ഷ​വാർത്ത​യിൽ വിശ്വാ​സം അർപ്പി​ക്കു​മെ​ന്നോ ഈ വേലയെ വിലമ​തി​ക്കു​മെ​ന്നോ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞി​രു​ന്നില്ല. നേരെ മറിച്ചാ​യി​രി​ക്കും സംഭവി​ക്കുക. (യോഹ​ന്നാൻ 15:20, 21) അതു​കൊണ്ട്‌ നമ്മൾ മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നന്നായി​രി​ക്കും. സ്വന്തം ആത്മീയ സഹോ​ദ​ര​ങ്ങൾക്ക്‌ മറിയ അറിയിച്ച സന്തോ​ഷ​വാർത്ത​യിൽ സംശയം തോന്നി. എന്നാൽ അതൊ​ന്നും യേശു പുനരു​ത്ഥാ​ന​പ്പെട്ടു എന്ന സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽനിന്ന്‌ മറിയയെ തടഞ്ഞില്ല. തുടർന്നും അവൾ സന്തോ​ഷ​ത്തോ​ടെ അത്‌ ഘോഷി​ച്ചു.

എന്നാൽ പിന്നീട്‌ യേശു അപ്പോ​സ്‌ത​ല​ന്മാർക്കും തന്റെ മറ്റ്‌ അനുഗാ​മി​കൾക്കും പ്രത്യ​ക്ഷ​നാ​യി. ഒരിക്കൽ 500-ലധികം പേർക്ക്‌ ഒരുമിച്ച്‌ പ്രത്യ​ക്ഷ​നാ​യി. (1 കൊരി​ന്ത്യർ 15:3-8) യേശു ഓരോ പ്രാവ​ശ്യ​വും മറ്റുള്ള​വർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നതു കാണു​ക​യോ കേൾക്കു​ക​യോ ചെയ്യു​മ്പോൾ അതു മറിയ​യു​ടെ വിശ്വാ​സത്തെ എത്രമാ​ത്രം ബലപ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. പെന്തി​ക്കോ​സ്‌ത്‌ ദിവസം യരുശ​ലേ​മിൽ യോഗ​ത്തി​നു കൂടി​വ​ന്നി​രുന്ന യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ, പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​പ്പോൾ ആ കൂട്ടത്തിൽ ചില​പ്പോൾ മഗ്‌ദ​ല​ക്കാ​രി മറിയ​യും ഉണ്ടായി​രു​ന്നി​രി​ക്കാം.—പ്രവൃ​ത്തി​കൾ 1:14, 15; 2:1-4.

വിശ്വാ​സം എന്ന അമൂല്യ​മായ ഗുണം നഷ്ടപ്പെ​ടു​ത്താ​തി​രി​ക്കാൻ മഗ്‌ദ​ല​ക്കാ​രി മറിയ അവസാ​ന​ത്തോ​ളം ശ്രമിച്ചു എന്ന്‌ നമുക്ക്‌ ന്യായ​മാ​യും വിശ്വ​സി​ക്കാം. മറിയ​യെ​പ്പോ​ലെ നമുക്കും അതിനു​വേണ്ടി ശ്രമി​ക്കാം! യേശു നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളോ​ടു നമ്മൾ നന്ദി കാണി​ക്കു​ന്നു​ണ്ടോ? ദൈവ​ത്തിൽ വിശ്വാ​സം അർപ്പി​ച്ചു​കൊണ്ട്‌ നമ്മൾ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ സഹായി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ നമ്മളും മഗ്‌ദ​ല​ക്കാ​രി മറിയ​യു​ടെ വിശ്വാ​സം അനുക​രി​ക്കു​ക​യാണ്‌.

^ ഖ. 17 മറിയയുടെ കൂടെ വന്ന സ്‌ത്രീ​ക​ളോ​ടു യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ദൂതൻ പറയുന്ന സമയത്ത്‌ മറിയ അവി​ടെ​യു​ണ്ടാ​യി​രു​ന്നില്ല. ഉണ്ടായി​രു​ന്നെ​ങ്കിൽ യേശു​വി​ന്റെ ശരീരം കാണാ​ത്ത​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ ദൂതൻ പറഞ്ഞ കാര്യങ്ങൾ തീർച്ച​യാ​യും പത്രോ​സി​നോ​ടും യോഹ​ന്നാ​നോ​ടും മറിയ പറഞ്ഞേനേ.—മത്തായി 28:2-4; മർക്കോസ്‌ 16:1-8.