വിവരങ്ങള്‍ കാണിക്കുക

മഗ്‌ദലക്കാരി മറിയ ആരായിരുന്നു?

മഗ്‌ദലക്കാരി മറിയ ആരായിരുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 മഗ്‌ദ​ല​ക്കാ​രി മറിയ യേശു​ക്രി​സ്‌തു​വി​ന്റെ വിശ്വ​സ്‌ത​യായ ഒരു അനുഗാ​മി​യാ​യി​രു​ന്നു. മറിയ​യ്‌ക്കു മഗ്‌ദ​ല​ക്കാ​രി എന്ന വിശേ​ഷണം കിട്ടി​യത്‌ ഗലീല​ക്ക​ട​ലിന്‌ അടുത്തുള്ള മഗ്‌ദല (സാധ്യ​ത​യ​നു​സ​രിച്ച്‌ മഗദ) എന്ന സ്ഥലപ്പേ​രിൽനിന്ന്‌ ആയിരി​ക്കാം. മറിയ ഒരിക്കൽ ആ സ്ഥലത്തു താമസി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം.

 യേശു​വി​ന്റെ​യും ശിഷ്യ​ന്മാ​രു​ടെ​യും കൂടെ സഞ്ചരി​ക്കു​ക​യും, തങ്ങളുടെ സ്വത്തു​ക്കൾകൊണ്ട്‌ അവരെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തി​രുന്ന അനേകം സ്‌ത്രീ​ക​ളിൽ ഒരാളാ​യി​രു​ന്നു മഗ്‌ദ​ല​ക്കാ​രി മറിയ. (ലൂക്കോസ്‌ 8:1-3) യേശു​വി​നെ വധിക്കു​ന്നത്‌ മറിയ നേരിട്ട്‌ കണ്ടിരു​ന്നു. അതു​പോ​ലെ, പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ ആദ്യം കണ്ടവരു​ടെ കൂട്ടത്തി​ലും മഗ്‌ദ​ല​ക്കാ​രി മറിയ ഉണ്ടായി​രു​ന്നു.—മർക്കോസ്‌ 15:40; യോഹ​ന്നാൻ 20:11-18.

 മഗ്‌ദ​ല​ക്കാ​രി മറിയ ഒരു വ്യഭി​ചാ​രി​ണി ആയിരു​ന്നോ?

 മഗ്‌ദ​ല​ക്കാ​രി മറിയ ഒരു വ്യഭി​ചാ​രി​ണി​യാ​യി​രു​ന്നു എന്ന്‌ ബൈബിൾ പറയു​ന്നില്ല. മറിയ​യു​ടെ പശ്ചാത്ത​ല​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ ആകെ പറയു​ന്നത്‌, യേശു അവളിൽനിന്ന്‌ ഏഴു ഭൂതങ്ങളെ പുറത്താ​ക്കി എന്നു മാത്ര​മാണ്‌.—ലൂക്കോസ്‌ 8:2.

 യേശു​വി​ന്റെ ഒരു ശിഷ്യ​യാ​കു​ന്ന​തി​നു മുമ്പ്‌ മഗ്‌ദ​ല​ക്കാ​രി മറിയ ഒരു വ്യഭി​ചാ​രി​ണി​യാ​യി​രു​ന്നു എന്ന്‌ പലരും കരുതു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യേശു​വി​ന്റെ പാദങ്ങൾ കണ്ണീരു​കൊണ്ട്‌ നനച്ചിട്ട്‌ തലമു​ടി​കൊണ്ട്‌ തുടച്ച, പേര്‌ സൂചി​പ്പി​ച്ചി​ട്ടി​ല്ലാത്ത സ്‌ത്രീ (സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു വ്യഭി​ചാ​രി​ണി) മഗ്‌ദ​ല​ക്കാ​രി മറിയ​യാ​ണെന്ന്‌ പല ആളുക​ളും വിശ്വ​സി​ക്കു​ന്നു. (ലൂക്കോസ്‌ 7:36-38) മറിയ മരിച്ച്‌, നൂറ്റാ​ണ്ടു​കൾക്കു ശേഷമാണ്‌ ഇത്തര​മൊ​രു വിശ്വാ​സം നിലവിൽ വന്നത്‌. എന്നാൽ ഇതിന്‌ ഒരു ബൈബിൾ അടിസ്ഥാ​ന​വും ഇല്ല.

 മഗ്‌ദ​ല​ക്കാ​രി മറിയ “അപ്പോ​സ്‌ത​ല​രു​ടെ അപ്പോ​സ്‌തല” ആയിരു​ന്നോ?

 അല്ല. യേശു പുനരു​ത്ഥാ​നം ചെയ്‌ത വാർത്ത അപ്പോ​സ്‌ത​ല​ന്മാ​രെ ആദ്യം അറിയി​ച്ച​വ​രിൽ മഗ്‌ദ​ല​ക്കാ​രി മറിയ​യും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ കത്തോ​ലി​ക്കാ സഭ മറിയയെ “വിശുദ്ധ മഗ്‌ദലന മറിയം” എന്നും “അപ്പോ​സ്‌ത​ല​രു​ടെ അപ്പോ​സ്‌തല” എന്നും വിളി​ക്കു​ന്നു. (യോഹ​ന്നാൻ 20:18) പക്ഷേ ഇതു​കൊണ്ട്‌ മഗ്‌ദ​ല​ക്കാ​രി മറിയ ഒരു അപ്പോ​സ്‌തല ആകുന്നില്ല. തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും അവളെ അങ്ങനെ വിശേ​ഷി​പ്പി​ച്ചി​ട്ടു​മില്ല.—ലൂക്കോസ്‌ 6:12-16.

 എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്താണ്‌ ബൈബിൾ മുഴു​വ​നും പൂർത്തി​യാ​യത്‌. എന്നാൽ ആറാം നൂറ്റാണ്ടു മുതൽ, ക്രൈ​സ്‌തവ അധികാ​രി​കൾ മഗ്‌ദ​ല​ക്കാ​രി മറിയയെ “വിശുദ്ധ” എന്നു വിളി​ക്കു​ക​യും, ഒരു പ്രത്യേക സ്ഥാന​ത്തേക്ക്‌ ഉയർത്തു​ക​യും ചെയ്‌തു. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളി​ലെ ചില എഴുത്തു​ക​ളിൽ യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രിൽ ചിലർക്കു മറിയ​യോട്‌ അസൂയ തോന്നി​യി​രു​ന്നെന്നു പറയു​ന്നുണ്ട്‌. എന്നാൽ ആ എഴുത്തു​ക​ളൊ​ന്നും ബൈബി​ളി​ന്റെ ഭാഗമല്ല. ഇങ്ങനെ കെട്ടി​ച്ചമച്ച കഥകൾക്കു തിരു​വെ​ഴുത്ത്‌ അടിസ്ഥാ​ന​വും ഇല്ല.

 മഗ്‌ദ​ല​ക്കാ​രി മറിയ യേശു​ക്രി​സ്‌തു​വി​ന്റെ ഭാര്യ ആയിരു​ന്നോ?

 അല്ല. യേശു വിവാഹം കഴിച്ചി​ട്ടി​ല്ലെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നുണ്ട്‌. a