വിവരങ്ങള്‍ കാണിക്കുക

ബൈബി​ളി​ലെ സ്‌ത്രീ​ക​ഥാ​പാ​ത്രങ്ങൾ—അവരിൽനിന്ന്‌ നമുക്കു പഠിക്കാ​നു​ള്ളത്‌

ബൈബി​ളി​ലെ സ്‌ത്രീ​ക​ഥാ​പാ​ത്രങ്ങൾ—അവരിൽനിന്ന്‌ നമുക്കു പഠിക്കാ​നു​ള്ളത്‌

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾ ധാരാളം സ്‌ത്രീ​ക​ഥാ​പാ​ത്ര​ങ്ങളെ പരിച​യ​പ്പെ​ടു​ത്തു​ന്നു. അവരുടെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ ഒരുപാട്‌ പഠിക്കാ​നുണ്ട്‌. (റോമർ 15:4; 2 തിമൊ​ഥെ​യൊസ്‌ 3:16, 17) ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ചില സ്‌ത്രീ​ക​ളെ​ക്കു​റി​ച്ചുള്ള വിശദീ​ക​രണം ഈ ലേഖന​ത്തിൽ കാണാം. ജീവി​ത​ത്തിൽ പകർത്താൻ കഴിയുന്ന നല്ല മാതൃ​ക​ക​ളാണ്‌ പലരു​ടെ​യും. മറ്റു ചിലത്‌ അനുക​രി​ക്കാൻ പാടി​ല്ലാത്ത മാതൃ​ക​ക​ളാണ്‌.—1 കൊരി​ന്ത്യർ 10:11; എബ്രായർ 6:12.

  അബീഗയിൽ

 ആരായി​രു​ന്നു അബീഗയിൽ? നാബാൽ എന്നു പേരുള്ള ധനിക​നും ക്രൂര​നും ആയ ഒരാളു​ടെ ഭാര്യ​യാ​യി​രു​ന്നു അവർ. എന്നാൽ അബീഗ​യിൽ വിവേ​ക​മ​തി​യും താഴ്‌മ​യു​ള​ള​വ​ളും ആയിരു​ന്നു. അവൾ കാഴ്‌ച​യ്‌ക്ക്‌ സുന്ദരി​യാ​യി​രു​ന്നു. കൂടാതെ യഹോവ ഇഷ്ടപ്പെ​ടുന്ന ഗുണങ്ങ​ളുള്ള ഒരു വ്യക്തി​യു​മാ​യി​രു​ന്നു അവൾ.—1 ശമുവേൽ 25:3.

 അബീഗ​യിൽ ചെയ്‌തത്‌: ദുരന്തം ഒഴിവാ​ക്കാൻ അബീഗ​യിൽ ജ്ഞാന​ത്തോ​ടും വിവേ​ക​ത്തോ​ടും കൂടെ പ്രവർത്തി​ച്ചു. ഇസ്രാ​യേ​ലി​ന്റെ ഭാവി രാജാ​വായ ദാവീദ്‌ ഒളിച്ച്‌ കഴിഞ്ഞി​രുന്ന സ്ഥലത്തി​ന​ടു​ത്താണ്‌ അബീഗ​യി​ലും നാബാ​ലും താമസി​ച്ചി​രു​ന്നത്‌. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ ദാവീ​ദും കൂടെ​യു​ള്ള​വ​രും നാബാ​ലി​ന്റെ ആടുകളെ കവർച്ച​ക്കാ​രിൽനിന്ന്‌ സംരക്ഷി​ച്ചു. എന്നാൽ ഒരിക്കൽ ദാവീ​ദി​ന്റെ സന്ദേശ​വാ​ഹകർ കുറച്ച്‌ ഭക്ഷണം ചോദിച്ച്‌ നാബാ​ലി​ന്റെ അടുത്ത്‌ ചെന്ന​പ്പോൾ ഒട്ടും മര്യാ​ദ​യി​ല്ലാ​തെ അയാൾ അവരെ പറഞ്ഞയച്ചു, ഭക്ഷണവും കൊടു​ത്തു​വി​ട്ടില്ല. ഇത്‌ അറിഞ്ഞ ദാവീ​ദി​നു വല്ലാത്ത ദേഷ്യം വന്നു. ദാവീ​ദും കൂടെ​യു​ള്ള​വ​രും നാബാ​ലി​നെ​യും അയാളു​ടെ വീട്ടി​ലു​ള്ള​വ​രെ​യും കൊല്ലാൻ ഇറങ്ങി​പ്പു​റ​പ്പെട്ടു.—1 ശമുവേൽ 25:10-12, 22.

 തന്റെ ഭർത്താവ്‌ ചെയ്‌ത കാര്യം അറിഞ്ഞ അബീഗ​യിൽ പെട്ടെന്ന്‌ പ്രവർത്തി​ച്ചു. ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും കഴിക്കാ​നാ​യി കുറെ ഭക്ഷണസാ​ധ​നങ്ങൾ തന്റെ ജോലി​ക്കാ​രു​ടെ കൈവശം അബീഗ​യിൽ കൊടു​ത്തു​വി​ടു​ന്നു. ദാവീ​ദി​നോട്‌ കരുണ​യ്‌ക്കു​വേണ്ടി അപേക്ഷി​ക്കാൻ അവരുടെ പുറകെ അബീഗ​യി​ലും പോകു​ന്നു. (1 ശമുവേൽ 25:14-19, 24-31) ദാവീദ്‌, അബീഗ​യിൽ കൊടു​ത്തയച്ച സമ്മാനങ്ങൾ കണ്ടു. അവളുടെ താഴ്‌മ നിരീ​ക്ഷി​ച്ചു. ജ്ഞാനോ​പ​ദേ​ശങ്ങൾ ശ്രദ്ധിച്ചു. വലി​യൊ​രു ദുരന്ത​ത്തിൽനിന്ന്‌ തന്നെ രക്ഷിക്കാൻ ദൈവം അബീഗ​യി​ലി​നെ ഉപയോ​ഗി​ച്ച​താ​ണെന്നു ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. (1 ശമുവേൽ 25:32, 33) അധികം വൈകാ​തെ നാബാൽ മരിക്കു​ന്നു. ദാവീദ്‌ അബീഗ​യി​ലി​നെ ഭാര്യ​യാ​യി സ്വീക​രി​ക്കു​ന്നു.—1 ശമുവേൽ 25:37-41.

 അബീഗ​യി​ലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? സൗന്ദര്യ​വും സമ്പത്തും ഉണ്ടായി​രു​ന്നി​ട്ടും താൻ വലിയ ആളാണെന്ന ഭാവ​മൊ​ന്നും അബീഗ​യി​ലി​നു​ണ്ടാ​യി​രു​ന്നില്ല. തന്റെ കുഴപ്പം​കൊണ്ട്‌ വന്ന പ്രശ്‌ന​മ​ല്ലെ​ങ്കി​ലും സമാധാ​നം നിലനി​റു​ത്താൻവേണ്ടി ദാവീ​ദി​നോട്‌ ക്ഷമ ചോദി​ക്കാൻ അബീഗ​യിൽ തയ്യാറാ​യി. വലിയ പ്രശ്‌ന​മു​ണ്ടാ​യ​പ്പോ​ഴും ശാന്തമാ​യി, നയത്തോ​ടെ​യും ധൈര്യ​ത്തോ​ടെ​യും വിവേ​ക​ത്തോ​ടെ​യും അബീഗ​യിൽ പ്രവർത്തി​ച്ചു.

  ദബോര

 ആരായി​രു​ന്നു ദബോര? ഇസ്രാ​യേ​ലിൽ യഹോ​വ​യു​ടെ ഒരു പ്രവാ​ചി​ക​യാ​യി​രു​ന്നു ദബോര. തന്റെ ജനം എന്തു ചെയ്യണ​മെന്ന കാര്യം യഹോവ ഈ പ്രവാ​ചി​ക​യി​ലൂ​ടെ പറയു​മാ​യി​രു​ന്നു. ഇസ്രാ​യേ​ല്യർക്കി​ട​യി​ലുള്ള ചില പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും ദൈവം ദബോ​രയെ ഉപയോ​ഗി​ച്ചു.—ന്യായാ​ധി​പ​ന്മാർ 4:4, 5.

 ദബോര ചെയ്‌തത്‌: ദൈവ​ത്തി​ന്റെ ആരാധ​കരെ ധൈര്യ​ത്തോ​ടെ പ്രവാ​ചിക പിന്തു​ണച്ചു. അവരുടെ നിർദേ​ശ​പ്ര​കാ​രം ബാരാക്ക്‌ ഇസ്രാ​യേ​ല്യ​സൈ​ന്യ​ത്തെ കനാനി​ലെ ശത്രു​ക്കൾക്കെ​തി​രെ നയിക്കു​ന്നു. (ന്യായാ​ധി​പ​ന്മാർ 4:6, 7) ഈ ഉദ്യമ​ത്തി​നു​വേണ്ടി തന്റെകൂ​ടെ വരാൻ ബാരാക്ക്‌ ദബോ​ര​യോ​ടു പറഞ്ഞ​പ്പോൾ ഭയന്നു പിന്മാ​റു​ന്ന​തി​നു പകരം മനസ്സോ​ടെ ബാരാ​ക്കി​നോ​ടൊ​പ്പം ദബോര പോകു​ന്നു.—ന്യായാ​ധി​പ​ന്മാർ 4:8, 9.

 ദൈവം ഇസ്രാ​യേ​ല്യർക്കു നിർണാ​യ​ക​വി​ജയം കൊടു​ത്ത​പ്പോൾ അതെക്കു​റിച്ച്‌ അനുസ്‌മ​രി​ച്ചു​കൊണ്ട്‌ ദബോ​ര​യും ബാരാ​ക്കും ഒരു പാട്ട്‌ പാടി. ആ പാട്ടിന്റെ കുറച്ച്‌ ഭാഗ​മെ​ങ്കി​ലും രചിച്ചത്‌ ദബോ​ര​യാണ്‌. യായേൽ എന്നു പേരുള്ള നല്ല ധൈര്യ​മുള്ള ഒരു സ്‌ത്രീ കനാന്യ​രെ തോൽപ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആ പാട്ടിൽ പറയു​ന്നുണ്ട്‌.—ന്യായാ​ധി​പ​ന്മാർ 5-ാം അധ്യായം

 ദബോ​ര​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ദബോര ആത്മത്യാ​ഗ​ത്തി​ന്റെ​യും ധൈര്യ​ത്തി​ന്റെ​യും നല്ല മാതൃ​ക​യാണ്‌. ദൈവ​ത്തി​ന്റെ മുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യാൻ അവൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അവർ അങ്ങനെ ചെയ്യു​മ്പോൾ ദബോര അവരെ പ്രശം​സി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

  •  ദബോ​ര​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “ഞാൻ ഇസ്രാ​യേ​ലി​നു മാതാ​വാ​യി” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  ദലീല

 ആരായി​രു​ന്നു ദലീല? ഇസ്രാ​യേ​ലിൽ ന്യായാ​ധി​പ​നായ ശിം​ശോ​നെ സ്‌നേ​ഹിച്ച ഒരു സ്‌ത്രീ​യാ​യി​രു​ന്നു ദലീല.—ന്യായാ​ധി​പ​ന്മാർ 16:4, 5.

 ദലീല ചെയ്‌തത്‌: ഇസ്രാ​യേ​ല്യ​രെ ഫെലി​സ്‌ത്യ​രു​ടെ കൈയിൽനിന്ന്‌ രക്ഷിക്കാൻ ദൈവം ഉപയോ​ഗിച്ച വ്യക്തി​യാ​യി​രു​ന്നു ശിം​ശോൻ. ദലീല ശിം​ശോ​നെ ചതിക്കാ​നാ​യി ഫെലി​സ്‌ത്യ​പ​ട​യാ​ളി​ക​ളു​ടെ അടുത്തു​നിന്ന്‌ പണം വാങ്ങി. അസാമാ​ന്യ​മായ ആരോ​ഗ്യം ഉണ്ടായി​രു​ന്ന​തി​നാൽ ഫെലി​സ്‌ത്യർക്ക്‌ ശിം​ശോ​നെ തോൽപ്പി​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. (ന്യായാ​ധി​പ​ന്മാർ 13:5) അതു​കൊണ്ട്‌ ഫെലി​സ്‌ത്യർ ദലീല​യു​ടെ സഹായം തേടുന്നു.

 ശിം​ശോന്‌ എങ്ങനെ​യാണ്‌ ഇത്ര വലിയ ശക്തി കിട്ടു​ന്ന​തെന്നു കണ്ടുപി​ടി​ക്കു​ന്ന​തി​നു​വേണ്ടി ഫെലി​സ്‌ത്യർ ദലീല​യ്‌ക്കു കൈക്കൂ​ലി കൊടു​ക്കു​ന്നു. ദലീല അതു സ്വീക​രി​ക്കു​ന്നു. കുറെ പണി​പ്പെട്ട്‌ ദലീല ശിം​ശോ​ന്റെ ശക്തിയു​ടെ രഹസ്യം ചോർത്തു​ന്നു. (ന്യായാ​ധി​പ​ന്മാർ 16:15-17) എന്നിട്ട്‌ അതു ഫെലി​സ്‌ത്യ​രോ​ടു പറയുന്നു. അവർ ശിം​ശോ​നെ ബന്ദിച്ച്‌ തടവി​ലാ​ക്കു​ന്നു.—ന്യായാ​ധി​പ​ന്മാർ 16:18-21.

 ദലീല​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അനുക​രി​ക്കാൻ പാടി​ല്ലാത്ത കഥാപാ​ത്ര​മാണ്‌ ദലീല. അത്യാ​ഗ്ര​ഹ​വും സ്വാർഥ​ത​യും കാരണം ദൈവ​ത്തി​ന്റെ ദാസ​നോ​ടു വഞ്ചനയും അവിശ്വ​സ്‌ത​ത​യും കാണിച്ചു.

  എസ്ഥേർ

 ആരായി​രു​ന്നു എസ്ഥേർ? പേർഷ്യൻ രാജാ​വായ അഹശ്വേ​രശ്‌ തന്റെ രാജ്ഞി​യാ​കാൻ തിര​ഞ്ഞെ​ടുത്ത ജൂതസ്‌ത്രീ​യാണ്‌ എസ്ഥേർ.

 എസ്ഥേർ ചെയ്‌തത്‌: തന്റെ വംശത്തെ ഇല്ലായ്‌മ ചെയ്യാ​നുള്ള നീക്കങ്ങളെ എസ്ഥേർ രാജ്ഞി തന്റെ സ്വാധീ​നം ഉപയോ​ഗിച്ച്‌ തടയുന്നു. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലുള്ള എല്ലാ ജൂതന്മാ​രെ​യും ഒരു പ്രത്യേ​ക​ദി​വസം കൊന്നു​ക​ള​യ​ണ​മെന്ന ഒരു ഔദ്യോ​ഗി​ക​പ്ര​ഖ്യാ​പനം ഉള്ളതായി എസ്ഥേർ രാജ്ഞി മനസ്സി​ലാ​ക്കി. ഇതിനു പിന്നിൽ പ്രവർത്തി​ച്ചത്‌ ഹാമാൻ എന്നു പേരുള്ള ദുഷ്ടനായ പ്രധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു. (എസ്ഥേർ 3:13-15; 4:1, 5) ഒരു ബന്ധുവായ മൊർദെ​ഖാ​യി എസ്ഥേറി​നെ സഹായി​ച്ചു. സ്വന്തം ജീവൻ അപകട​പ്പെ​ടു​ത്തി​ക്കൊണ്ട്‌ എസ്ഥേർ ഇക്കാര്യം രാജാ​വി​നെ അറിയി​ക്കു​ന്നു. (എസ്ഥേർ 4:10-16; 7:1-10) അഹശ്വേ​രശ്‌ രാജാവ്‌ ഇപ്പോൾ എസ്ഥേറി​നും മൊർദെ​ഖാ​യി​ക്കും മറ്റൊരു നിയമം പുറ​പ്പെ​ടു​വി​ക്കാ​നുള്ള അധികാ​രം കൊടു​ക്കു​ന്നു. അതനു​സ​രിച്ച്‌ ജൂതന്മാർക്ക്‌ സ്വയര​ക്ഷ​യ്‌ക്കു​വേണ്ടി പോരാ​ടാം. ജൂതന്മാർ അവരുടെ ശത്രു​ക്കളെ സമ്പൂർണ​മാ​യി പരാജ​യ​പ്പെ​ടു​ത്തി.—എസ്ഥേർ 8:5-11; 9:16, 17.

 എസ്ഥേറിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ധൈര്യ​ത്തി​ന്റെ​യും താഴ്‌മ​യു​ടെ​യും എളിമ​യു​ടെ​യും തിളങ്ങുന്ന ഒരു മാതൃ​ക​യാണ്‌ എസ്ഥേർ രാജ്ഞി. (സങ്കീർത്തനം 31:24; ഫിലി​പ്പി​യർ 2:3) നല്ല സൗന്ദര്യ​വും അധികാ​ര​വും ഉണ്ടായി​രു​ന്നെ​ങ്കി​ലും ഉപദേ​ശ​ത്തി​നും സഹായ​ത്തി​നും എസ്ഥേർ മറ്റുള്ള​വരെ സമീപി​ച്ചു. ഭർത്താ​വി​നോ​ടു സംസാ​രി​ച്ച​പ്പോൾ നയത്തോ​ടും ആദര​വോ​ടും ധൈര്യ​ത്തോ​ടും കൂടെ സംസാ​രി​ച്ചു. ജൂതന്മാർക്ക്‌ വലിയ ആപത്ത്‌ വന്ന ഒരു സമയത്ത്‌ താൻ ഒരു ജൂതസ്‌ത്രീ​യാ​ണെന്നു ധൈര്യ​സ​മേതം എസ്ഥേർ വെളി​പ്പെ​ടു​ത്തി.

  ഹവ്വ

 ആരായി​രു​ന്നു ഹവ്വ? ബൈബിൾ പരിച​യ​പ്പെ​ടു​ത്തുന്ന ആദ്യത്തെ സ്‌ത്രീ.

 ഹവ്വ ചെയ്‌തത്‌: ദൈവ​ത്തി​ന്റെ വ്യക്തമായ കല്‌പന ഹവ്വ അനുസ​രി​ച്ചില്ല. ഭർത്താ​വായ ആദാമി​നെ​പ്പോ​ലെ ഹവ്വയ്‌ക്കും പൂർണ​ത​യും ഇച്ഛാസ്വാ​ത​ന്ത്ര്യ​വും ഉണ്ടായി​രു​ന്നു. സ്‌നേഹം, ജ്ഞാനം പോലുള്ള ദൈവി​ക​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും ഹവ്വയ്‌ക്കു കഴിയു​മാ​യി​രു​ന്നു. (ഉൽപത്തി 1:27) ഒരു മരത്തിന്റെ പഴം കഴിച്ചാൽ മരിക്കു​മെന്ന കാര്യം ദൈവം ആദാമി​നോ​ടു പറഞ്ഞി​ട്ടു​ള്ളത്‌ ഹവ്വയ്‌ക്ക്‌ അറിയാം. എന്നാൽ മരിക്കി​ല്ലെന്ന സാത്താന്റെ വാദത്തിൽ ഹവ്വ വഞ്ചിക്ക​പ്പെ​ടു​ന്നു. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ മെച്ചപ്പെട്ട ജീവിതം കിട്ടു​മെന്ന വഞ്ചനയിൽ ഹവ്വ വീണു​പോ​യി. അങ്ങനെ ഹവ്വ മരത്തിലെ പഴം പറിച്ചു​തി​ന്നു. അതു കഴിക്കാൻ ആദാമി​നെ​യും സ്വാധീ​നി​ച്ചു.—ഉൽപത്തി 3:1-6; 1 തിമൊ​ഥെ​യൊസ്‌ 2:14.

 ഹവ്വയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? തെറ്റായ ആഗ്രഹം മനസ്സിൽ താലോ​ലി​ക്കു​ന്ന​തി​ന്റെ അപകടം ഹവ്വയുടെ ജീവിതം പഠിപ്പി​ക്കു​ന്നു. ദൈവ​ത്തി​ന്റെ വ്യക്തമായ കല്‌പ​ന​യ്‌ക്കു വിരു​ദ്ധ​മാ​യി, തനിക്ക്‌ അവകാ​ശ​മി​ല്ലാത്ത ഒരു കാര്യം കിട്ടാൻവേണ്ടി ഹവ്വ ശക്തമായ ആഗ്രഹം വളർത്തി​യെ​ടു​ത്തു.—ഉൽപത്തി 3:6; 1 യോഹ​ന്നാൻ 2:16.

  ഹന്ന

 ആരായി​രു​ന്നു ഹന്ന? എൽക്കാ​ന​യു​ടെ ഭാര്യ​യും പുരാതന ഇസ്രാ​യേ​ല്യ​രു​ടെ പ്രമു​ഖ​പ്ര​വാ​ച​ക​നാ​യി​രുന്ന ശമു​വേ​ലി​ന്റെ അമ്മയും ആയിരു​ന്നു ഹന്ന.—1 ശമുവേൽ 1:1, 2, 4-7.

 ഹന്ന ചെയ്‌തത്‌: ഹന്നയ്‌ക്ക്‌ കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നില്ല. ആ വിഷമ​ത്തിൽനിന്ന്‌ ആശ്വാസം കിട്ടാൻ ഹന്ന ദൈവ​ത്തോ​ടു സഹായം ചോദി​ക്കു​മാ​യി​രു​ന്നു. ഹന്നയുടെ ഭർത്താ​വിന്‌ അവളെ​ക്കൂ​ടാ​തെ വെറൊ​രു ഭാര്യ​യും ഉണ്ടായി​രു​ന്നു. അവളുടെ പേര്‌ പെനിന്ന എന്നായി​രു​ന്നു. പെനി​ന്ന​യ്‌ക്ക്‌ കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ വിവാ​ഹ​ശേഷം കുറെ നാൾ ഹന്നയ്‌ക്ക്‌ കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നില്ല. പെനിന്ന ക്രൂര​മാ​യി ഹന്നയെ കളിയാ​ക്കു​മാ​യി​രു​ന്നു. എന്നാൽ ഹന്ന ആശ്വാ​സ​ത്തി​നു​വേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ഒരിക്കൽ ഹന്ന ദൈവ​ത്തിന്‌ ഒരു കാര്യം നേർന്നു. നേർച്ച ഇതായി​രു​ന്നു: ദൈവം തനി​ക്കൊ​രു മകനെ തന്നാൽ ആ മകനെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ (ഇസ്രാ​യേ​ല്യർ ആരാധ​ന​യ്‌ക്കു​വേണ്ടി ഉപയോ​ഗി​ച്ചി​രുന്ന അഴിച്ചു​മാ​റ്റാ​വുന്ന കൂടാരം) സേവി​ക്കാൻ വിട്ടു​കൊ​ടു​ക്കാ​മെന്ന്‌.—1 ശമുവേൽ 1:11.

 ഹന്നയുടെ പ്രാർഥന ദൈവം കേട്ടു. ഹന്നയ്‌ക്ക്‌ ഒരു കുഞ്ഞു​ണ്ടാ​യി. പേര്‌ ശമുവേൽ. ഹന്ന തന്റെ വാക്കു പാലിച്ചു. ചെറിയ കുട്ടി​യാ​യി​രു​ന്ന​പ്പോൾത്തന്നെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാൻ ശമു​വേ​ലി​നെ അയച്ചു. (1 ശമുവേൽ 1:27, 28) കൊച്ചു​ശ​മു​വേ​ലിന്‌ ഓരോ വർഷവും ഹന്ന, കൈയി​ല്ലാത്ത ഉടുപ്പു​ണ്ടാ​ക്കി കൊണ്ടു​പോ​യി കൊടു​ക്കും. മൂന്ന്‌ ആൺകു​ട്ടി​ക​ളെ​യും രണ്ടു പെൺകു​ട്ടി​ക​ളെ​യും കൊടു​ത്തു​കൊണ്ട്‌ ദൈവം ഹന്നയെ വീണ്ടും അനു​ഗ്ര​ഹി​ച്ചു.—1 ശമുവേൽ 2:18-21.

 ഹന്നയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? വിഷമങ്ങൾ സഹിച്ചു​നിൽക്കാൻ ഹന്നയെ സഹായി​ച്ചത്‌ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യാണ്‌. നന്ദി നിറഞ്ഞ ആ പ്രാർഥന 1 ശമുവേൽ 2:1-10 കാണാം. അതിൽ ദൈവ​ത്തി​ലുള്ള ഹന്നയുടെ ശക്തമായ വിശ്വാ​സം നിങ്ങൾക്കു വായി​ക്കാം.

  •  ഹന്നയെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “അവൾ ദൈവ​സ​ന്നി​ധി​യിൽ ഹൃദയം പകർന്നു!” എന്ന ലേഖനം വായി​ക്കുക.

  •  പണ്ട്‌ ദൈവം തന്റെ ജനത്തി​നി​ട​യിൽ ബഹുപ​ങ്കാ​ളി​ത്വം അനുവ​ദി​ച്ചു​കൊ​ടു​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാൻ “ദൈവം ബഹുപ​ങ്കാ​ളി​ത്വം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  യായേൽ

 ആരായി​രു​ന്നു യായേൽ? ഇസ്രാ​യേ​ല്യ​ന​ല്ലാത്ത ഹേബെ​റി​ന്റെ ഭാര്യ​യാ​യി​രു​ന്നു യായേൽ. ദൈവ​ജ​ന​ത്തി​നു​വേണ്ടി യായേൽ ധീരമായ നിലപാ​ടെ​ടു​ത്തു.

 യായേൽ ചെയ്‌തത്‌: കനാന്യ​സൈ​ന്യ​ത്തി​ന്റെ നേതാ​വായ സീസെര യായേ​ലി​ന്റെ കൂടാ​ര​ത്തിൽ അഭയം തേടി​വ​ന്ന​പ്പോൾ യായേൽ വിവേ​ക​ത്തോ​ടും ധൈര്യ​ത്തോ​ടും കൂടെ പ്രവർത്തി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രോ​ടു തോറ്റ സീസെര, രക്ഷപ്പെ​ടാൻ നോക്കി ചെന്നെ​ത്തി​യത്‌ യായേ​ലി​ന്റെ കൂടാ​ര​ത്തി​ലാണ്‌. യായേൽ തന്റെ കൂടാ​ര​ത്തി​ലേക്ക്‌ സീസെ​രയെ ക്ഷണിക്കു​ന്നു. ഒളിച്ചി​രി​ക്കാ​നും വിശ്ര​മി​ക്കാ​നും വേണ്ട സൗകര്യ​ങ്ങൾ ചെയ്യുന്നു. സീസെര ഉറങ്ങുന്ന സമയത്ത്‌ യായേൽ അയാളെ കൊല്ലു​ന്നു.—ന്യായാ​ധി​പ​ന്മാർ 4:17-21.

 “ഒരു സ്‌ത്രീ​യു​ടെ കൈയി​ലാ​യി​രി​ക്കും യഹോവ സീസെ​രയെ ഏൽപ്പി​ക്കുക” എന്ന ദബോ​ര​യു​ടെ പ്രവചനം യായേ​ലി​ന്റെ ഈ പ്രവൃ​ത്തി​യി​ലൂ​ടെ നിറ​വേറി. (ന്യായാ​ധി​പ​ന്മാർ 4:9) തന്റെ ആ പ്രവൃ​ത്തി​യി​ലൂ​ടെ “സ്‌ത്രീ​ക​ളിൽ ഏറ്റവും അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടവൾ!” എന്ന്‌ മറ്റുള്ളവർ യായേ​ലി​നെ പുകഴ്‌ത്താൻ ഇടയായി.—ന്യായാ​ധി​പ​ന്മാർ 5:24.

 യായേ​ലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? മുൻ​കൈ​യെ​ടുത്ത്‌, ധൈര്യ​സ​മേതം യായേൽ പ്രവർത്തി​ച്ചു. ദൈവം തന്റെ പ്രവചനം നിറ​വേ​റ്റാൻ കാര്യങ്ങൾ എങ്ങനെ ക്രമീ​ക​രി​ക്കു​ന്നെന്ന്‌ യായേ​ലി​ന്റെ ഈ അനുഭവം കാണി​ച്ചു​ത​രു​ന്നു.

  ഇസബേൽ

 ആരായി​രു​ന്നു ഇസബേൽ? ഇസ്രാ​യേ​ല്യ​രാ​ജാ​വാ​യി​രുന്ന ആഹാബി​ന്റെ ഭാര്യ​യാ​യി​രു​ന്നു ഇസബേൽ. ഇസബേൽ യഹോ​വയെ ആരാധി​ക്കാത്ത, ഇസ്രാ​യേല്യ അല്ലാത്ത ഒരു സ്‌ത്രീ​യാ​യി​രു​ന്നു. കനാന്യ​രു​ടെ ദൈവ​മായ ബാലി​നെ​യാണ്‌ അവർ ആരാധി​ച്ചി​രു​ന്നത്‌.

 ഇസബേൽ ചെയ്‌തത്‌: ഇസബേൽ രാജ്ഞി ക്രൂര​യും പരിഗ​ണ​ന​യി​ല്ലാ​ത്ത​വ​ളും അക്രമാ​സ​ക്ത​യും ആയിരു​ന്നു. ബാലാ​രാ​ധ​ന​യും അതി​നോട്‌ അനുബ​ന്ധി​ച്ചുള്ള ലൈം​ഗിക അധാർമി​ക​ത​യും അവർ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. അതോ​ടൊ​പ്പം സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധ​കരെ ഇല്ലായ്‌മ ചെയ്യാ​നുള്ള ശ്രമങ്ങ​ളും അവർ നടത്തി.—1 രാജാ​ക്ക​ന്മാർ 18:4, 13; 19:1-3.

 താൻ ആഗ്രഹി​ക്കു​ന്നതു നടക്കാൻവേണ്ടി എന്തു നുണ പറയാ​നും കൊല്ലാ​നും മടിയി​ല്ലാ​ത്ത​വ​ളാ​യി​രു​ന്നു ഇസബേൽ. (1 രാജാ​ക്ക​ന്മാർ 21:8-16) ദൈവം മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ ഒരു ശവസം​സ്‌കാ​രം കിട്ടാതെ അതിദാ​രു​ണ​മാ​യി അവൾ കൊല്ല​പ്പെട്ടു. —1 രാജാ​ക്ക​ന്മാർ 21:23; 2 രാജാ​ക്ക​ന്മാർ 9:10, 32-37.

 ഇസബേ​ലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അനുക​രി​ക്കാൻ പാടി​ല്ലാത്ത ഒരു കഥാപാ​ത്ര​മാണ്‌ ഇസബേൽ. ഒരു ധാർമി​ക​ത​യും ഇല്ലാത്ത, ആഗ്രഹി​ച്ചതു കിട്ടാൻവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സ്‌ത്രീ​യാ​യി​രു​ന്നു ഇസബേൽ. നാണവും മാനവും സദാചാ​ര​ബോ​ധ​വും ഇല്ലാത്ത സ്‌ത്രീ​കളെ കുറി​ക്കാൻ ഈ പേര്‌ ഉപയോ​ഗി​ക്കു​ന്നു.

  ലേയ

 ആരായി​രു​ന്നു ലേയ? ഗോ​ത്ര​പി​താ​വായ യാക്കോ​ബി​ന്റെ ആദ്യഭാ​ര്യ​യാ​യി​രു​ന്നു ലേയ. ലേയയു​ടെ ഇളയ സഹോ​ദ​രി​യായ റാഹേ​ലാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറ്റൊരു ഭാര്യ.—ഉൽപത്തി 29:20-29.

 ലേയ ചെയ്‌തത്‌: യാക്കോ​ബി​ന്റെ ആറ്‌ മക്കൾക്ക്‌ ലേയ ജന്മം നൽകി. (രൂത്ത്‌ 4:11) യാക്കോബ്‌ ലേയ​യെയല്ല റാഹേ​ലി​നെ​യാണ്‌ വിവാഹം ചെയ്യാൻ ആഗ്രഹി​ച്ചി​രു​ന്നത്‌. എന്നാൽ അവരുടെ അപ്പനായ ലാബാൻ റാഹേ​ലി​നു പകരം ലേയയെ യാക്കോ​ബി​നു കൊടു​ക്കാൻ കരുക്കൾ നീക്കി. ഇങ്ങനെ ലാബാൻ തന്നെ വഞ്ചി​ച്ചെന്ന്‌ അറിഞ്ഞ​പ്പോൾ യാക്കോബ്‌ ലാബാ​നോട്‌ ദേഷ്യ​പ്പെ​ടു​ന്നു. മൂത്തയാൾ നിൽക്കു​മ്പോൾ ഇളയയാ​ളെ കൊടു​ക്കു​ന്നതു ശരിയല്ല എന്ന്‌ പറഞ്ഞ്‌ ലാബാൻ തിരി​ച്ച​ടി​ക്കു​ന്നു. എന്നാൽ ഒരാഴ്‌ച്ച​യ്‌ക്കു ശേഷം ലാബാൻ റാഹേ​ലി​നെ വിവാഹം ചെയ്‌തു​കൊ​ടു​ക്കു​ന്നു.—ഉൽപത്തി 29:26-28.

 യാക്കോബ്‌ ലേയ​യേ​ക്കാൾ അധികം റാഹേ​ലി​നെ സ്‌നേ​ഹി​ച്ചു. (ഉൽപത്തി 29:30) ഇതു കാരണം യാക്കോ​ബി​ന്റെ സ്‌നേഹം പിടി​ച്ചു​പ​റ്റാൻ ലേയ അസൂയ​യോ​ടെ തന്റെ സഹോ​ദ​രി​യോ​ടു മത്സരി​ക്കു​ന്നു. ലേയയു​ടെ വിഷമം ദൈവം ശ്രദ്ധി​ക്കു​ന്നു. ദൈവം അവൾക്ക്‌ ആറ്‌ ആൺകു​ട്ടി​ക​ളെ​യും ഒരു പെൺകു​ട്ടി​യെ​യും കൊടു​ത്തു​കൊണ്ട്‌ അനു​ഗ്ര​ഹി​ക്കു​ന്നു.—ഉൽപത്തി 29:31.

 ലേയയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ലേയ ദൈവ​ത്തിൽ ആശ്രയി​ച്ചു, പ്രാർഥ​ന​യി​ലൂ​ടെ. തന്റെ ഇപ്പോ​ഴത്തെ വിഷമ​ക​ര​മായ സാഹച​ര്യ​ത്തിൽ ദൈവം തന്നെ കൈവി​ട്ടു എന്നൊ​ന്നും ലേയ ചിന്തി​ക്കു​ന്നില്ല. (ഉൽപത്തി 29:32-35; 30:20) ബഹുപ​ങ്കാ​ളി​ത്വ​ത്തി​ന്റെ അല്ലെങ്കിൽ ഒന്നില​ധി​കം ഭാര്യ​മാർ ഉള്ളതിന്റെ കുഴപ്പം ലേയയു​ടെ ജീവി​ത​ത്തി​ലൂ​ടെ വ്യക്തമാ​യി നമ്മൾ കാണുന്നു. കുറച്ച്‌ കാല​ത്തേക്ക്‌ ആ ക്രമീ​ക​രണം അങ്ങനെ തുടരാൻ ദൈവം അനുവ​ദി​ച്ചു. എന്നാൽ വിവാഹം സംബന്ധിച്ച ദൈവ​ത്തി​ന്റെ അംഗീ​കൃ​ത​നി​ല​വാ​രം, ഒരു പുരു​ഷന്‌ ഒരു ഭാര്യ എന്നും ഒരു ഭാര്യ​യ്‌ക്ക്‌ ഒരു പുരുഷൻ എന്നും ആണ്‌.—മത്തായി 19:4-6.

  •  ലേയ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “‘യിസ്രാ​യേൽഗൃ​ഹം പണിത’ സഹോ​ദ​രി​മാ​രു​ടെ ഹൃദയ​നൊ​മ്പരം”എന്ന ലേഖനം വായി​ക്കുക.

  •  പണ്ട്‌ ദൈവം തന്റെ ജനത്തി​നി​ട​യിൽ ബഹുപ​ങ്കാ​ളി​ത്വം അനുവ​ദി​ച്ചു​കൊ​ടു​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാൻ “ദൈവം ബഹുപ​ങ്കാ​ളി​ത്വം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  മാർത്ത

 ആരായി​രു​ന്നു മാർത്ത? ലാസറി​ന്റെ​യും മറിയ​യു​ടെ​യും സഹോ​ദ​രി​യാ​യി​രു​ന്നു മാർത്ത. അവർ മൂന്നു പേരും യരുശ​ലേ​മിന്‌ അടുത്തുള്ള ബഥാന്യ എന്ന ഗ്രാമ​ത്തി​ലാ​ണു താമസി​ച്ചി​രു​ന്നത്‌.

 മാർത്ത ചെയ്‌തത്‌: മാർത്ത യേശു​വി​ന്റെ അടുത്ത സുഹൃ​ത്താ​യി​രു​ന്നു. യേശു “മാർത്ത​യെ​യും അവളുടെ സഹോ​ദ​രി​യെ​യും ലാസറി​നെ​യും സ്‌നേ​ഹി​ച്ചി​രു​ന്നു.” (യോഹ​ന്നാൻ 11:5) നല്ല ആതിഥ്യ​മ​ര്യാ​ദ​യുള്ള സ്‌ത്രീ​യാ​യി​രു​ന്നു മാർത്ത. യേശു ഒരിക്കൽ അവളുടെ വീട്ടിൽ ചെന്ന​പ്പോൾ മറിയ യേശു പറയു​ന്നതു ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ മാർത്ത വീട്ടു​ജോ​ലി​കൾ ചെയ്യു​ന്ന​തി​ന്റെ തിരക്കി​ലാ​യി​രു​ന്നു. മറിയ തന്നെ സഹായി​ക്കു​ന്നി​ല്ലെന്ന പരാതി​യും മാർത്ത യേശു​വി​നോട്‌ പറയു​ന്നുണ്ട്‌. യേശു സൗമ്യ​ത​യോ​ടെ മാർത്ത​യു​ടെ ചിന്താ​ഗതി തിരു​ത്തു​ന്നു.—ലൂക്കോസ്‌ 10:38-42.

 ലാസറിന്‌ അസുഖം വന്നപ്പോൾ മാർത്ത​യും മറിയ​യും യേശു​വി​നെ സഹായ​ത്തി​നാ​യി വിളി​ക്കു​ന്നു. അവരുടെ സഹോ​ദ​രന്റെ അസുഖം മാറ്റാൻ യേശു​വി​നു കഴിയു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 11:3, 21) എന്നാൽ ലാസർ മരിച്ചു​പോ​യി. യേശു​വി​നോ​ടുള്ള മാർത്ത​യു​ടെ സംഭാ​ഷ​ണ​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം, പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന വാഗ്‌ദാ​ന​ത്തിൽ മാർത്ത​യ്‌ക്ക്‌ എന്തുമാ​ത്രം വിശ്വാ​സ​മു​ണ്ടെന്ന്‌. അതുകൂ​ടാ​തെ തന്റെ സഹോ​ദ​രനെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള യേശു​വി​ന്റെ കഴിവി​ലും അവൾ വിശ്വ​സി​ക്കു​ന്നു.—യോഹ​ന്നാൻ 11:20-27.

 മാർത്ത​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? അതിഥി​സ​ത്‌കാ​ര​ത്തി​നാ​യി മാർത്ത കഠിന​മാ​യി അധ്വാ​നി​ച്ചു. ബുദ്ധി​യു​പ​ദേശം കിട്ടി​യ​പ്പോൾ മനസ്സോ​ടെ അതു സ്വീക​രി​ച്ചു. തന്റെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും അവൾ തുറന്ന്‌ സംസാ​രി​ച്ചു.

  മറിയ (യേശു​വി​ന്റെ അമ്മ)

 ആരായി​രു​ന്നു മറിയ? മറിയ ഒരു ജൂത​പെൺകു​ട്ടി​യാ​യി​രു​ന്നു. യേശു​വിന്‌ ജന്മം നൽകി​യ​പ്പോൾ അവൾ കന്യക​യാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ മകനെ അത്ഭുത​ക​ര​മാ​യി ഗർഭം​ധ​രിച്ച സ്‌ത്രീ​യാ​യി​രു​ന്നു അവർ.

 മറിയ ചെയ്‌തത്‌: മറിയ താഴ്‌മ​യോ​ടെ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു. യോ​സേഫ്‌ എന്ന വ്യക്തി​യു​മാ​യി മറിയ​യു​ടെ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രു​ന്നു. അപ്പോ​ഴാണ്‌ ദൈവ​ദൂ​തൻ പ്രത്യ​ക്ഷ​പ്പെട്ട്‌ മറിയ​യോട്‌ ഒരു കാര്യം പറയു​ന്നത്‌: കാലങ്ങ​ളാ​യി കാത്തി​രി​ക്കുന്ന മിശി​ഹ​യ്‌ക്കു മറിയ​യാണ്‌ ജന്മം നൽകാൻ പോകു​ന്ന​തെന്ന വാർത്ത. (ലൂക്കോസ്‌ 1:26-33) ആ നിയമനം മറിയ മനസ്സോ​ടെ സ്വീക​രി​ച്ചു. യേശു​വി​ന്റെ ജനനത്തി​നു ശേഷം യോ​സേ​ഫി​നും മറിയ​യ്‌ക്കും നാല്‌ ആൺമക്കൾക്കൂ​ടി ജനിക്കു​ന്നു. കൂടാതെ അവർക്ക്‌ രണ്ടു പെൺകു​ട്ടി​ക​ളെ​ങ്കി​ലും ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ മറിയ ഒരു നിത്യ​ക​ന്യ​കയല്ല. (മത്തായി 13:55, 56) അതുല്യ​മായ ധാരാളം പദവികൾ മറിയ​യ്‌ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതൊ​ന്നും തന്റെ പുകഴ്‌ച​യ്‌ക്കോ ബഹുമ​തി​ക്കോ വേണ്ടി മറിയ ഉപയോ​ഗി​ച്ചില്ല. യേശു​വി​ന്റെ ശുശ്രൂ​ഷാ​ക്കാ​ല​ത്തും ആദ്യ​ക്രി​സ്‌തീ​യ​സ​ഭ​യു​ടെ അംഗമാ​യി​രു​ന്ന​പ്പോ​ഴും അത്‌ അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു.

 മറിയ​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? മറിയ വിശ്വ​സ്‌ത​യായ ഒരു സ്‌ത്രീ​യാ​യി​രു​ന്നു. ഉത്തരവാ​ദി​ത്വ​ത്തോ​ടെ ചെയ്യേണ്ട ഗൗരവ​മുള്ള കാര്യങ്ങൾ മറിയ മനസ്സോ​ടെ സ്വീക​രി​ച്ചു. തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അഗാധ​മായ അറിവ്‌ മറിയ​യ്‌ക്കു​ണ്ടാ​യി​രു​ന്നു. ലൂക്കോസ്‌ 1:46-55 രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഭാഗം പരി​ശോ​ധി​ച്ചാൽ ഏതാണ്ട്‌ 20 തിരു​വെ​ഴു​ത്തു​പ​രാ​മർശങ്ങൾ മറിയ ഉപയോ​ഗി​ക്കു​ന്നത്‌ കാണാം.

  •  മറിയ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “മറിയ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ പഠിക്കാ​നു​ള്ളത്‌” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  മറിയ (മാർത്ത​യു​ടെ​യും ലാസറി​ന്റെ​യും സഹോ​ദരി)

 ആരായി​രു​ന്നു മറിയ? മറിയ​യും മാർത്ത​യും ലാസറും യേശു​വി​ന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

 മറിയ ചെയ്‌തത്‌: യേശു ദൈവ​പു​ത്ര​നാ​ണെന്നു മനസ്സി​ലാ​ക്കിയ മറിയ പലപ്പോ​ഴും ആ വിലമ​തിപ്പ്‌ കാണി​ച്ചി​ട്ടുണ്ട്‌. യേശു ഉണ്ടായി​രു​ന്നെ​ങ്കിൽ ലാസർ മരിക്കി​ല്ലെന്ന്‌ അവൾ വിശ്വ​സി​ച്ചു. യേശു ലാസറി​നെ ഉയിർപ്പി​ക്കു​മ്പോൾ മറിയ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. മറിയ​യു​ടെ സഹോ​ദരി മാർത്ത ഒരവസ​ര​ത്തിൽ മറിയയെ കുറ്റ​പ്പെ​ടു​ത്തി സംസാ​രി​ക്കു​ന്നു. വീട്ടു​ജോ​ലി​ക​ളിൽ തന്നെ സഹായി​ക്കു​ന്ന​തി​നു പകരം മറിയ യേശു പറഞ്ഞത്‌ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യി​രു​ന്നു കാരണം. എന്നാൽ ആത്മീയ​കാ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടുത്ത മറിയയെ യേശു അഭിന​ന്ദിച്ച്‌ സംസാ​രി​ക്കു​ന്നു.—ലൂക്കോസ്‌ 10:38-42.

 മറ്റൊ​ര​വ​സ​ര​ത്തിൽ മറിയ യേശു​വി​നോട്‌ വലിയ അതിഥി​പ്രി​യം കാണി​ക്കു​ന്നു. മറിയ ‘വിലപി​ടി​പ്പുള്ള സുഗന്ധ​തൈലം’ യേശു​വി​ന്റെ തലയി​ലും പാദങ്ങ​ളി​ലും ഒഴിക്കു​ന്നു. (മത്തായി 26:6, 7) ചിലർ അമർഷ​ത്തോ​ടെ മറിയ​യോ​ടു പറഞ്ഞു ഇത്‌ പാഴ്‌ചെ​ല​വാ​ണെന്ന്‌. എന്നാൽ യേശു അവൾ ചെയ്‌ത പ്രവൃ​ത്തി​യെ​ക്കു​റിച്ച്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “ലോകത്ത്‌ എവിടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചാ​ലും അവി​ടെ​യെ​ല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ പറയു​ക​യും ഇവളെ ഓർക്കു​ക​യും ചെയ്യും.”—മത്തായി 24:14; 26:8-13.

 മറിയ​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ശക്തമായ വിശ്വാ​സം മറിയ വളർത്തി​യെ​ടു​ത്തി​രു​ന്നു. മറിയ അനുദിന ജീവി​ത​ത്തി​ലെ കാര്യ​ങ്ങൾക്കല്ല കൂടുതൽ ശ്രദ്ധ​കൊ​ടു​ത്തത്‌, പകരം യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാണ്‌. ധാരാളം പണം ചെലവാ​ക്കി​ക്കൊ​ണ്ടു​പോ​ലും താഴ്‌മ​യോ​ടെ യേശു​വി​നെ ആദരി​ക്കാൻ മറിയ ശ്രമിച്ചു.

  മഗ്‌ദ​ല​ക്കാ​രി മറിയ

 ആരായി​രു​ന്നു മഗ്‌ദ​ല​ക്കാ​രി മറിയ? യേശു​വി​ന്റെ വിശ്വ​സ്‌ത​യായ ഒരു ശിഷ്യ​യാ​യി​രു​ന്നു.

 മഗ്‌ദ​ല​ക്കാ​രി മറിയ ചെയ്‌തത്‌: യേശു​വി​നോ​ടും ശിഷ്യ​ന്മാ​രോ​ടും ഒപ്പം സഞ്ചരി​ച്ചി​രുന്ന സ്‌ത്രീ​ക​ളിൽ ഒരാളാ​യി​രു​ന്നു മഗ്‌ദ​ല​ക്കാ​രി മറിയ. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി തന്റെ സ്വത്തുക്കൾ അവർ ഉദാര​മാ​യി ഉപയോ​ഗി​ച്ചു. (ലൂക്കോസ്‌ 8:1-3) യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​നം​വരെ മഗ്‌ദ​ല​ക്കാ​രി മറിയ യേശു​വി​നെ അനുഗ​മി​ച്ചു, മരണസ​മ​യ​ത്തും യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ ആദ്യം കണ്ടവരിൽ ഒരാൾ മറിയ​യാ​യി​രു​ന്നു.—യോഹ​ന്നാൻ 20:11-18.

 മറിയ​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? മഗ്‌ദ​ല​ക്കാ​രി മറിയ യേശു​വി​ന്റെ ശുശ്രൂ​ഷയെ ഉദാര​മാ​യി പിന്തു​ണച്ചു. യേശു​വി​ന്റെ ഒരു വിശ്വസ്‌ത അനുഗാ​മി​യാ​യി​രു​ന്നു അവർ.

  മിര്യാം

 ആരായി​രു​ന്നു മിര്യാം? മോശ​യു​ടെ​യും അഹരോ​ന്റെ​യും സഹോ​ദ​രി​യാണ്‌ മിര്യാം. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ആദ്യത്തെ പ്രവാ​ചിക മിര്യാ​മാണ്‌.

 മിര്യാം ചെയ്‌തത്‌: പ്രവാ​ചിക എന്ന നിലയിൽ മിര്യാം ദൈവ​ത്തിൽനി​ന്നുള്ള സന്ദേശങ്ങൾ മറ്റുള്ള​വരെ അറിയി​ക്ക​ണ​മാ​യി​രു​ന്നു. മിര്യാ​മിന്‌ ഇസ്രാ​യേ​ല്യർക്കി​ട​യിൽ വലിയ സ്ഥാനമു​ണ്ടാ​യി​രു​ന്നു. ചെങ്കട​ലിൽവെച്ച്‌ ഈജി​പ്‌തു​കാ​രു​ടെ സൈന്യ​ത്തെ ദൈവം നശിപ്പി​ച്ച​തി​നു ശേഷം ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർ പാട്ടു പാടു​മ്പോൾ മിര്യാ​മും അവർക്കൊ​പ്പം കൂടുന്നു.—പുറപ്പാട്‌ 15:1, 20, 21.

 കുറച്ച്‌ നാളു​കൾക്കു ശേഷം മിര്യാ​മും അഹരോ​നും മോശ​യ്‌ക്കെ​തി​രെ സംസാ​രി​ക്കു​ന്നു. അഹങ്കാ​ര​വും അസൂയ​യും ആയിരു​ന്നു അവരെ അതിനു പ്രേരി​പ്പി​ച്ചത്‌. ദൈവം “അതു കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു.” ദൈവം മിര്യാ​മി​നെ​യും അഹരോ​നെ​യും ശക്തമായി ശാസിച്ചു. (സംഖ്യ 12:1-9) മിര്യാ​മി​ന്റെ ഈ തെറ്റായ സംസാ​ര​ത്തി​ന്റെ ഫലമായി ദൈവം മിര്യാ​മി​നു കുഷ്‌ഠം വരാനി​ട​യാ​ക്കി. എന്നാൽ മിര്യാ​മി​നു​വേണ്ടി മോശ ദൈവ​ത്തോട്‌ അപേക്ഷി​ച്ച​പ്പോൾ ദൈവം അവളുടെ കുഷ്‌ഠം മാറ്റി. മിര്യാ​മി​നെ പാളയ​ത്തി​നു പുറത്ത്‌ ഏഴു ദിവസം താമസി​പ്പി​ച്ചു. അതിനു ശേഷം വീണ്ടും ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം ആയിരി​ക്കാൻ ദൈവം അവളെ അനുവ​ദി​ച്ചു.—സംഖ്യ 12:10-15.

 ദൈവ​ത്തിൽനി​ന്നുള്ള തിരുത്തൽ മിര്യാം സ്വീക​രി​ച്ചെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. മിര്യാ​മി​നു​ണ്ടാ​യി​രുന്ന ശ്രേഷ്‌ഠ​പ​ദ​വി​യെ​ക്കു​റിച്ച്‌ നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌ ദൈവം ഇസ്രാ​യേ​ല്യ​രോട്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “നിങ്ങളു​ടെ മുന്നിൽ മോശ​യെ​യും അഹരോ​നെ​യും മിര്യാ​മി​നെ​യും അയച്ചു.”—മീഖ 6:4.

 മിര്യാ​മിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? തന്റെ ആരാധകർ സംസാ​രി​ക്കു​ന്ന​തും മറ്റുള​ള​വ​രെ​ക്കു​റിച്ച്‌ പറയു​ന്ന​തും ദൈവം ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു മിര്യാ​മി​ന്റെ കഥ കാണി​ച്ചു​ത​രു​ന്നു. അഹങ്കാ​ര​വും അസൂയ​യും ഒഴിവാ​ക്കി​യി​ല്ലെ​ങ്കിൽ നമുക്കു ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ പറ്റി​ല്ലെ​ന്നും ഇതിലൂ​ടെ പഠിച്ചു. ഈ മോശം ഗുണങ്ങൾ നമുക്കു​ണ്ടെ​ങ്കിൽ മറ്റുള്ള​വ​രു​ടെ സത്‌പേ​രി​നെ ബാധി​ക്കുന്ന വിധത്തിൽ എന്തെങ്കി​ലു​മൊ​ക്കെ പറയാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം.

  റാഹേൽ

 ആരായി​രു​ന്നു റാഹേൽ? ലാബാന്റെ മകളും ഗോ​ത്ര​പി​താ​വായ യാക്കോ​ബി​ന്റെ പ്രിയ​പ്പെട്ട ഭാര്യ​യു​മാ​യി​രു​ന്നു റാഹേൽ.

 റാഹേൽ ചെയ്‌തത്‌: യാക്കോ​ബി​നെ വിവാഹം ചെയ്‌ത റാഹേൽ രണ്ട്‌ ആൺമക്കൾക്കു ജന്മം നൽകി. അവരിൽനി​ന്നാണ്‌ പുരാതന ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്ര​ങ്ങ​ളി​ലെ രണ്ടു ഗോ​ത്രങ്ങൾ ഉണ്ടാകു​ന്നത്‌. റാഹേൽ തന്റെ അപ്പന്റെ ആടുക​ളു​മാ​യി വരുന്ന സമയത്താണ്‌ ഭാവി​വ​രനെ കണ്ടുമു​ട്ടു​ന്നത്‌. (ഉൽപത്തി 29:9, 10) റാഹേ​ലി​നു ചേച്ചി​യായ ലേയ​യേ​ക്കാ​ളും ‘നല്ല ആകാര​ഭം​ഗി’ ഉണ്ടായി​രു​ന്നു.—ഉൽപത്തി 29:17.

 യാക്കോ​ബി​നു റാഹേ​ലി​നോട്‌ ഇഷ്ടം തോന്നി. റാഹേ​ലി​നെ വിവാഹം ചെയ്യു​ന്ന​തി​നാ​യി ഏഴു വർഷം ലാബാനെ സേവി​ക്കാ​മെന്നു യാക്കോബ്‌ സമ്മതി​ക്കു​ന്നു. (ഉൽപത്തി 29:18) എന്നാൽ ലാബാൻ ആദ്യം കൗശല​ത്തോ​ടെ ലേയയെ യാക്കോ​ബി​നു വിവാഹം ചെയ്‌തു​കൊ​ടു​ക്കു​ന്നു. പിന്നീട്‌ റാഹേ​ലി​നെ വിവാഹം ചെയ്യാ​നും അനുവ​ദി​ക്കു​ന്നു.—ഉൽപത്തി 29:25-27.

 യാക്കോബ്‌ കൂടുതൽ സ്‌നേ​ഹി​ച്ചത്‌ റാഹേ​ലി​നെ​യും അവളുടെ മക്കളെ​യും ആണ്‌. ലേയ​യെ​യും ലേയയു​ടെ മക്കളെ​യും അത്ര​ത്തോ​ളം സ്‌നേ​ഹി​ച്ചില്ല. (ഉൽപത്തി 37:3; 44:20, 27-29) ഇതിന്റെ ഫലമായി ഈ സ്‌ത്രീ​കൾക്കി​ട​യിൽ ശത്രു​ത​യാ​യി.—ഉൽപത്തി 29:30; 30:1, 15.

 റാഹേ​ലിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ബുദ്ധി​മു​ട്ടുള്ള കുടും​ബ​സാ​ഹ​ച​ര്യ​മാ​യി​രു​ന്നെങ്കി​ലും ദൈവം തന്റെ പ്രാർഥന കേൾക്കു​മെന്ന പ്രതീ​ക്ഷ​യോ​ടെ റാഹേൽ സഹിച്ചു​നി​ന്നു. (ഉൽപത്തി 30:22-24) ബഹുപ​ങ്കാ​ളി​ത്വം കുടും​ബ​ങ്ങ​ളിൽ വരുത്തി​വെ​ക്കുന്ന ബുദ്ധി​മു​ട്ടു​കൾ റാഹേ​ലി​ന്റെ കഥ നമ്മളെ പഠിപ്പി​ക്കു​ന്നു. റാഹേ​ലി​ന്റെ അനുഭവം കാണി​ക്കു​ന്നത്‌ വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​രം, അതായത്‌ ഒരു പുരു​ഷന്‌ ഒരു ഭാര്യ എന്നത്‌, എത്രയോ ശരിയാ​ണെ​ന്നാണ്‌.—മത്തായി 19:4-6.

  •  റാഹേ​ലി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “‘യിസ്രാ​യേൽഗൃ​ഹം പണിത’ സഹോ​ദ​രി​മാ​രു​ടെ ഹൃദയ​നൊ​മ്പരം”എന്ന ലേഖനം വായി​ക്കുക.

  •  പണ്ട്‌ ദൈവം തന്റെ ജനത്തി​നി​ട​യിൽ ബഹുപ​ങ്കാ​ളി​ത്വം അനുവ​ദി​ച്ചു​കൊ​ടു​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാൻ “ദൈവം ബഹുപ​ങ്കാ​ളി​ത്വം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

  രാഹാബ്‌

 ആരായി​രു​ന്നു രാഹാബ്‌? കനാന്യ​പ​ട്ട​ണ​മായ യരീ​ഹൊ​യിൽ ജീവി​ച്ചി​രുന്ന ഒരു വേശ്യ​യാ​യി​രു​ന്നു രാഹാബ്‌. എന്നാൽ പിന്നീട്‌ രാഹാബ്‌ യഹോ​വ​യു​ടെ ഒരു ആരാധി​ക​യാ​യി​ത്തീർന്നു.

 രാഹാബ്‌ ചെയ്‌തത്‌: ദേശം ഒറ്റു​നോ​ക്കാൻ വന്ന രണ്ട്‌ ഇസ്രാ​യേ​ല്യ​രെ രാഹാബ്‌ ഒളിപ്പി​ച്ചു. ഇങ്ങനെ ചെയ്യാൻ രാഹാ​ബി​നെ പ്രേരി​പ്പി​ച്ചത്‌, ഇസ്രാ​യേ​ല്യ​രു​ടെ ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചും യഹോവ തന്റെ ജനത്തെ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വ​ന്ന​തി​നെ​ക്കു​റി​ച്ചും അമോ​ര്യ​രു​മാ​യി ഇസ്രാ​യേ​ല്യർ നടത്തിയ പോരാ​ട്ട​ത്തെ​ക്കു​റി​ച്ചും കേട്ടതാണ്‌.

 രാഹാബ്‌ ഒറ്റുകാ​രെ സഹായി​ച്ചു. അതിനു പകരമാ​യി, ഇസ്രാ​യേ​ല്യർ യരീഹൊ നശിപ്പി​ക്കാൻ വരു​മ്പോൾ തന്നെയും തന്റെ കുടും​ബ​ത്തെ​യും രക്ഷിക്ക​ണ​മെന്ന്‌ ഒറ്റുകാ​രോ​ടു രാഹാബ്‌ അപേക്ഷി​ക്കു​ന്നു. ആ ഒറ്റുകാർ ചില നിബന്ധ​ന​ക​ളോ​ടെ അതു സമ്മതി​ക്കു​ന്നു. നിബന്ധ​നകൾ ഇതായി​രു​ന്നു: ഒറ്റുകാർ വന്ന വിവരം രഹസ്യ​മാ​യി സൂക്ഷി​ക്കണം, ഇസ്രാ​യേ​ല്യർ യരീഹൊ ആക്രമി​ക്കു​മ്പോൾ രാഹാ​ബും കുടും​ബ​വും വീടി​നു​ള്ളിൽത്തന്നെ കഴിയണം, രാഹാ​ബി​ന്റെ വീടാ​ണെന്നു മനസ്സി​ലാ​ക്കാൻ ജനലി​ലൂ​ടെ ചുവന്ന ചരട്‌ തൂക്കി​യി​ടണം. എല്ലാ നിർദേ​ശ​ങ്ങ​ളും രാഹാബ്‌ അനുസ​രി​ച്ചു. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ യരീഹൊ പിടി​ച്ച​ട​ക്കി​യ​പ്പോൾ രാഹാ​ബി​നും കുടും​ബ​ത്തി​നും രക്ഷപ്പെ​ടാ​നാ​യി.

 പിന്നീട്‌ രാഹാബ്‌ ഒരു ഇസ്രാ​യേ​ല്യ​നെ വിവാഹം ചെയ്‌തു. അങ്ങനെ രാഹാബ്‌ ദാവീദ്‌ രാജാ​വി​ന്റെ​യും യേശു​ക്രി​സ്‌തു​വി​ന്റെ​യും ഒരു പൂർവി​ക​യാ​യി​ത്തീർന്നു.—യോശുവ 2:1-24; 6:25; മത്തായി 1:5, 6, 16.

 രാഹാ​ബിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ബൈബിൾ രാഹാ​ബി​നെ വിശ്വാ​സ​ത്തി​ന്റെ മികച്ച മാതൃ​ക​യാ​യി വർണി​ക്കു​ന്നു. (എബ്രായർ 11:30, 31; യാക്കോബ്‌ 2:25) ദൈവ​ത്തി​ന്റെ ക്ഷമയെ​ക്കു​റി​ച്ചും പക്ഷപാ​ത​മി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചും തന്നിൽ വിശ്വ​സി​ക്കു​ന്ന​വ​രു​ടെ പശ്ചാത്തലം എന്തുതന്നെ ആയിരു​ന്നാ​ലും അവരെ​യൊ​ക്കെ അനു​ഗ്ര​ഹി​ക്കും എന്നതി​നെ​ക്കു​റി​ച്ചും രാഹാ​ബി​ന്റെ കഥ വ്യക്തമാ​ക്കു​ന്നു.

  •  രാഹാ​ബി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “രാഹാബ്‌—വിശ്വാസത്തിന്റെ പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെട്ടു”എന്ന ലേഖനം വായി​ക്കുക.

  റിബെക്ക

 ആരായി​രു​ന്നു റിബെക്ക? യിസ്‌ഹാ​ക്കി​ന്റെ ഭാര്യ​യും ഇരട്ടക്കു​ട്ടി​ക​ളായ യാക്കോ​ബി​ന്റെ​യും ഏശാവി​ന്റെ​യും അമ്മയു​മാ​യി​രു​ന്നു റിബെക്ക.

 റിബെക്ക ചെയ്‌തത്‌: വളരെ ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി​ട്ടും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌ത ഒരു വ്യക്തി​യാ​യി​രു​ന്നു റിബെക്ക. കിണറ്റിൽനിന്ന്‌ വെള്ളം കോരുന്ന സമയത്ത്‌ ഒരു മനുഷ്യൻ റിബെ​ക്ക​യോ​ടു കുടി​ക്കാൻ വെള്ളം ചോദി​ക്കു​ന്നു. ഉടനെ റിബെക്ക അയാൾക്കു വെള്ളം കൊടു​ക്കു​ന്നു. കൂടാതെ അയാളു​ടെ ഒട്ടകങ്ങൾക്കും വെള്ളം കോരി​ക്കൊ​ടു​ക്കു​ന്നു. (ഉൽപത്തി 24:15-20) അദ്ദേഹം അബ്രാ​ഹാ​മി​ന്റെ ഒരു ദാസനാ​യി​രു​ന്നു. അബ്രാ​ഹാ​മി​ന്റെ മകനായ യിസ്‌ഹാ​ക്കിന്‌ ഒരു ഭാര്യയെ കണ്ടെത്താൻ ഒരുപാട്‌ ദൂരം സഞ്ചരിച്ച്‌ വന്നിരി​ക്കു​ക​യാണ്‌ അദ്ദേഹം. (ഉൽപത്തി 24:2-4) ഇക്കാര്യ​ത്തിൽ ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​നാ​യി അദ്ദേഹം പ്രാർഥി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. റിബെ​ക്ക​യു​ടെ ആതിഥ്യ​വും കഠിനാ​ധ്വാ​ന​വും കണ്ടപ്പോൾ ദൈവം തന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തന്നെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. റിബെ​ക്ക​യെ​യാണ്‌ യിസ്‌ഹാ​ക്കി​ന്റെ ഭാര്യ​യാ​യി ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു.—ഉൽപത്തി 24:10-14, 21, 27.

 അബ്രാ​ഹാ​മി​ന്റെ ദാസൻ വന്നത്‌ എന്തിനാ​ണെന്നു റിബെക്ക മനസ്സി​ലാ​ക്കു​ന്നു. അദ്ദേഹ​ത്തോ​ടൊ​പ്പം പോകാ​നും യിസ്‌ഹാ​ക്കി​ന്റെ ഭാര്യ​യാ​കാ​നും റിബെക്ക സമ്മതി​ക്കു​ന്നു. (ഉൽപത്തി 24:57-59) റിബെ​ക്ക​യ്‌ക്ക്‌ ഇരട്ടക്കു​ട്ടി​കൾ ജനിക്കു​ന്നു. മൂത്ത മകൻ ഏശാവ്‌ ഇളയ മകനായ യാക്കോ​ബി​നെ സേവി​ക്കു​മെന്നു ദൈവം റിബെ​ക്ക​യോ​ടു പറയുന്നു. (ഉൽപത്തി 25:23) മൂത്ത മകനെന്ന നിലയിൽ ഏശാവി​നുള്ള അനു​ഗ്ര​ഹങ്ങൾ കൊടു​ക്കാൻ യിസ്‌ഹാക്ക്‌ തയ്യാ​റെ​ടു​ക്കു​ന്നു. ഇത്‌ അറിയുന്ന റിബെക്ക, ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ആ അനു​ഗ്രഹം യാക്കോ​ബി​നു കിട്ടുന്ന വിധത്തിൽ കാര്യങ്ങൾ വരാൻ നടപടി​കൾ സ്വീക​രി​ക്കു​ന്നു.—ഉൽപത്തി 27:1-17.

 റിബെ​ക്ക​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? റിബെക്ക എളിമ​യു​ള്ള​വ​ളും കഠിനാ​ധ്വാ​നി​യും അതിഥി​പ്രി​യ​യും ആയിരു​ന്നു. നല്ല ഭാര്യ​യും അമ്മയും സത്യ​ദൈ​വ​ത്തി​ന്റെ ആരാധി​ക​യും ആയിരി​ക്കാൻ ആ ഗുണങ്ങൾ അവളെ സഹായി​ച്ചു.

  •  റിബെ​ക്ക​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “പോകാൻ ഞാൻ തയ്യാറാണ്‌” (ഇംഗ്ലീഷ്‌) എന്ന ലേഖനം വായി​ക്കുക.

  രൂത്ത്‌

 ആരായി​രു​ന്നു രൂത്ത്‌? ഒരു മോവാ​ബ്യ​സ്‌ത്രീ​യാ​യി​രു​ന്നു രൂത്ത്‌. യഹോ​വ​യു​ടെ ഒരു ആരാധി​ക​യാ​യി​ത്തീ​രാൻ അവർ സ്വന്തം ദേശ​ത്തെ​യും അവിടു​ത്തെ ദൈവ​ങ്ങ​ളെ​യും ഉപേക്ഷിച്ച്‌ ഇസ്രാ​യേൽ ദേശ​ത്തേക്കു വന്നു.

 രൂത്ത്‌ ചെയ്‌തത്‌: തന്റെ അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യോ​ടു രൂത്ത്‌ അസാധാ​ര​ണ​മായ സ്‌നേഹം കാണിച്ചു. ഇസ്രാ​യേ​ലിൽ ക്ഷാമമു​ണ്ടാ​യ​പ്പോൾ മോവാ​ബി​ലേക്കു പോയ​വ​രാ​യി​രു​ന്നു നൊ​വൊ​മി​യും ഭർത്താ​വും രണ്ട്‌ ആൺമക്ക​ളും. ആൺമക്കൾ മോവാ​ബ്യ​സ്‌ത്രീ​ക​ളായ രൂത്തി​നെ​യും ഒർപ്പ​യെ​യും വിവാഹം ചെയ്‌തു. കുറച്ച്‌ നാളു​കൾക്കു ശേഷം നൊ​വൊ​മി​യു​ടെ ഭർത്താ​വും രണ്ട്‌ ആൺമക്ക​ളും മരിക്കു​ന്നു. പിന്നെ ഈ മൂന്നു വിധവകൾ മാത്ര​മാ​യി.

 അപ്പോ​ഴേ​ക്കും ഇസ്രാ​യേ​ലി​ലെ ക്ഷാമം തീർന്നി​രു​ന്നു. നൊ​വൊ​മി ഇസ്രാ​യേ​ലി​ലേക്കു മടങ്ങാൻ തീരു​മാ​നി​ക്കു​ന്നു. രൂത്തും ഒർപ്പയും അവരോ​ടൊ​പ്പം പോകാൻ തയ്യാ​റെ​ടു​ക്കു​ന്നു. എന്നാൽ അവരുടെ ബന്ധുക്ക​ളു​ടെ അടു​ത്തേ​ക്കു​തന്നെ മടങ്ങാൻ നൊ​വൊ​മി മരുമ​ക്ക​ളോ​ടു പറയുന്നു. ഒർപ്പ അത്‌ അനുസ​രി​ക്കു​ന്നു. (രൂത്ത്‌ 1:1-6, 15) രൂത്ത്‌ അമ്മായി​യ​മ്മ​യോ​ടൊ​പ്പം പോകാ​നുള്ള തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കു​ന്നു. അവൾ നൊ​വൊ​മി​യെ സ്‌നേ​ഹി​ച്ചു. നൊ​വൊ​മി​യു​ടെ ദൈവ​മായ യഹോ​വയെ ആരാധി​ക്കാൻ ആഗ്രഹി​ച്ചു.—രൂത്ത്‌ 1:16, 17; 2:11.

 അവർ നൊ​വൊ​മി​യു​ടെ സ്വദേ​ശ​മായ ബേത്ത്‌ലെ​ഹെ​മി​ലെത്തി. നല്ല മരുമ​ക​ളും കഠിനാ​ധ്വാ​നി​യും എന്ന പേര്‌ രൂത്ത്‌ സമ്പാദി​ച്ചു. ബോവസ്‌ എന്ന്‌ പേരുള്ള ധനിക​നായ ഭൂവുടമ രൂത്തിന്റെ പെരു​മാ​റ്റം ശ്രദ്ധിച്ചു. അതിൽ ഇഷ്ടം തോന്നിയ ബോവസ്‌ രൂത്തി​നും നൊ​വൊ​മി​ക്കും ഉദാര​മാ​യി ഭക്ഷണം കൊടു​ത്തു. (രൂത്ത്‌ 2:5-7, 20) രൂത്ത്‌ പിന്നീട്‌ ബോവ​സി​നെ വിവാഹം ചെയ്‌തു. അങ്ങനെ രൂത്ത്‌ ദാവീദ്‌ രാജാ​വി​ന്റെ​യും യേശു​ക്രി​സ്‌തു​വി​ന്റെ​യും ഒരു പൂർവി​ക​യാ​യി​ത്തീർന്നു.—മത്തായി 1:5, 6, 16.

 രൂത്തിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? യഹോ​വ​യോ​ടും നൊ​വൊ​മി​യോ​ടും ഉള്ള ഇഷ്ടം കാരണം തന്റെ വീടി​നെ​യും വീട്ടു​ക്കാ​രെ​യും വിട്ടു​പോ​രാൻ അവൾ തയ്യാറാ​യി. ബുദ്ധി​മു​ട്ടുള്ള ചുറ്റു​പ്പാട്‌ ആയിരു​ന്നി​ട്ടും രൂത്ത്‌ കഠിനാ​ധ്വാ​ന​വും ഭക്തിയും വിശ്വ​സ്‌ത​ത​യും കാണി​ക്കു​ന്നു.

  സാറ

 ആരായി​രു​ന്നു സാറ? അബ്രാ​ഹാ​മി​ന്റെ ഭാര്യ​യും യിസ്‌ഹാ​ക്കി​ന്റെ അമ്മയും ആണ്‌ സാറ.

 സാറ ചെയ്‌തത്‌: ഊർ നഗരത്തി​ലെ സമ്പദ്‌സ​മൃ​ദ്ധി​യും സുഖക​ര​മായ ജീവി​ത​വും ഒക്കെ ഉപേക്ഷി​ക്കാൻ സാറ തയ്യാറാ​യി. കാരണം തന്റെ ഭർത്താ​വായ അബ്രാ​ഹാ​മി​നു ദൈവം കൊടുത്ത വാഗ്‌ദാ​ന​ത്തിൽ സാറയ്‌ക്കു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഊർ നഗരം വിട്ട്‌ കനാൻ ദേശത്തു പോകാൻ ദൈവം അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു. ദൈവം അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും ഒരു വലിയ ജനതയാ​ക്കു​മെ​ന്നും വാഗ്‌ദാ​നം ചെയ്‌തു. (ഉൽപത്തി 12:1-5) ആ സമയത്ത്‌ സാറയു​ടെ പ്രായം 60 കഴിഞ്ഞി​ട്ടു​ണ്ടാ​യി​രി​ക്കണം. അന്നുമു​തൽ സാറയും അബ്രാ​ഹാ​മും കൂടാ​ര​ങ്ങ​ളിൽ താമസി​ച്ചു​കൊണ്ട്‌ ഒരു പ്രവാ​സ​ജീ​വി​തം നയിച്ചു.

 കൂടാ​ര​വാ​സം സാറയു​ടെ ജീവിതം കുറച്ച്‌ അപകടം​പി​ടി​ച്ച​താ​ക്കി​യെ​ങ്കി​ലും ദൈവ​ത്തി​ന്റെ നിർദേ​ശ​പ്ര​കാ​രം സാറ അബ്രാ​ഹാ​മി​നെ പിന്തു​ണ​യ്‌ക്കു​ന്നു. (ഉൽപത്തി 12:10, 15) കുട്ടി​ക​ളി​ല്ലാ​ത്ത​തി​ന്റെ വിഷമം വർഷങ്ങ​ളാ​യി സാറ അനുഭ​വി​ക്കു​ക​യാണ്‌. എന്നാൽ ദൈവം അബ്രാ​ഹാ​മി​ന്റെ സന്തതിയെ അനു​ഗ്ര​ഹി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (ഉൽപത്തി 12:7; 13:15; 15:18; 16:1, 2, 15) പിന്നീട്‌ സാറതന്നെ അബ്രാ​ഹാ​മിന്‌ ഒരു മകനെ പ്രസവി​ക്കും എന്ന വാഗ്‌ദാ​ന​വും ദൈവം അവർക്കു കൊടു​ക്കു​ന്നു. ഒരു കുഞ്ഞിനു ജന്മം നൽകാ​നുള്ള പ്രായം കഴിഞ്ഞി​ട്ടും അവർക്ക്‌ ഒരു മകൻ ജനിക്കു​ന്നു. സാറയ്‌ക്കു 90-ഉം അബ്രാ​ഹാ​മി​നു 100-ഉം വയസ്സു​ള്ള​പ്പോ​ഴാ​ണിത്‌. (ഉൽപത്തി 17:17; 21:2-5) അവർ മകനു യിസ്‌ഹാക്ക്‌ എന്നു പേരിട്ടു.

 സാറയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ദൈവം ഒരു കാര്യം വാഗ്‌ദാ​നം ചെയ്‌താൽ നമുക്ക്‌ ആ കാര്യ​ത്തിൽ ഉറച്ച്‌ വിശ്വ​സി​ക്കാൻ കഴിയും. അത്‌ അസാധ്യ​മാ​ണെന്നു തോന്നി​യാൽപ്പോ​ലും. സാറയു​ടെ മാതൃക അതാണ്‌ നമ്മളെ പഠിപ്പി​ക്കു​ന്നത്‌. (എബ്രായർ 11:11) ഒരു ഭാര്യ​യെന്ന നിലയി​ലുള്ള സാറയു​ടെ മാതൃക, വിവാ​ഹ​ത്തിൽ ആദരവിന്‌ എന്തുമാ​ത്രം പ്രാധാ​ന്യ​മു​ണ്ടെന്ന്‌ എടുത്തു​കാ​ണി​ക്കു​ന്നു.—1 പത്രോസ്‌ 3:5, 6.

  ശൂലേംകന്യക

 ആരായി​രു​ന്നു ശൂലേം​ക​ന്യക? ഒരു ഗ്രാമ​ത്തി​ലെ സുന്ദരി​യായ പെൺകു​ട്ടി​യാ​യി​രു​ന്നു ശൂലേം​ക​ന്യക. ഉത്തമഗീ​തം എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ലെ പ്രധാന കഥാപാ​ത്ര​മാണ്‌ ഈ പെൺകു​ട്ടി. ഇവളുടെ പേര്‌ ബൈബിൾ പറയു​ന്നില്ല.

 ശൂലേം​ക​ന്യ​ക ചെയ്‌തത്‌: ശൂലേം​ക​ന്യക താൻ സ്‌നേ​ഹി​ച്ചി​രുന്ന ഇടയ​ച്ചെ​റു​ക്ക​നോ​ടു വിശ്വ​സ്‌ത​യാ​യി​രു​ന്നു. (ഉത്തമഗീ​തം 2:16) അവളുടെ അസാധാ​ര​ണ​മായ സൗന്ദര്യം സമ്പന്നനായ ശലോ​മോൻ രാജാ​വി​ന്റെ കണ്ണിൽപ്പെ​ടു​ന്നു. അവളുടെ സ്‌നേഹം പിടി​ച്ചു​പ​റ്റാൻ രാജാവ്‌ പല അടവു​ക​ളും പയറ്റി. (ഉത്തമഗീ​തം 7:6) ശലോ​മോ​നെ വിവാഹം ചെയ്യാൻ മറ്റുള്ള​വ​രും അവളോ​ടു പറയുന്നു. എന്നാൽ ശൂലേം​ക​ന്യക അത്‌ നിരസി​ക്കു​ന്നു. അവൾ പാവപ്പെട്ട ഇടയ​ച്ചെ​റു​ക്കനെ സ്‌നേ​ഹി​ക്കു​ക​യും അവനോ​ടു വിശ്വ​സ്‌തത കാണി​ക്കു​ക​യും ചെയ്യുന്നു.—ഉത്തമഗീ​തം 3:5; 7:10; 8:6.

 ശൂലേം​ക​ന്യ​ക​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ശൂലേം​ക​ന്യക സുന്ദരി​യാ​യി​രു​ന്ന​തു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ ശ്രദ്ധ നേടി​യി​രു​ന്നു. എന്നാൽ അപ്പോ​ഴും അവൾക്കു തന്നെക്കു​റി​ച്ചു​തന്നെ ഒരു എളിയ വീക്ഷണ​മാ​ണു​ണ്ടാ​യി​രു​ന്നത്‌. തന്റെ യഥാർഥ​സ്‌നേ​ഹത്തെ കവരാൻ ശലോ​മോ​ന്റെ പ്രശസ്‌തി​യെ​യോ സമ്പത്തി​നെ​യോ കൂട്ടു​കാ​രു​ടെ സമ്മർദ​ത്തെ​യോ ഒന്നും അവൾ അനുവ​ദി​ച്ചില്ല. തന്റെ വികാ​രങ്ങൾ നിയ​ന്ത്രി​ച്ചു​കൊണ്ട്‌ അവൾ ധാർമി​കത കാത്തു​സൂ​ക്ഷി​ച്ചു.

  ലോത്തി​ന്റെ ഭാര്യ

 ആരായി​രു​ന്നു ലോത്തി​ന്റെ ഭാര്യ? ബൈബിൾ അവരുടെ പേര്‌ പറയു​ന്നില്ല. എന്നാൽ അവർക്കു രണ്ടു പെൺമ​ക്ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും സൊ​ദോം എന്ന നഗരത്തി​ലാണ്‌ അവർ ജീവി​ച്ചി​രു​ന്ന​തെ​ന്നും ബൈബിൾ പറയുന്നു.—ഉൽപത്തി 19:1, 15.

 ലോത്തി​ന്റെ ഭാര്യ ചെയ്‌തത്‌: ദൈവ​ത്തി​ന്റെ കല്‌പന അവൾ അനുസ​രി​ച്ചില്ല. സൊ​ദോ​മി​നെ​യും സമീപ​ത്തുള്ള നഗരങ്ങ​ളെ​യും അവരുടെ കടുത്ത ലൈം​ഗിക അധാർമി​കത കാരണം നശിപ്പി​ച്ചു​ക​ള​യാൻ ദൈവം തീരു​മാ​നി​ച്ചു. സൊ​ദോ​മിൽ താമസി​ച്ചി​രുന്ന നീതി​മാ​നായ ലോത്തി​നോ​ടും കുടും​ബ​ത്തോ​ടും ഉള്ള സ്‌നേഹം കാരണം ദൈവം രണ്ടു ദൂതന്മാ​രെ അവരുടെ സുരക്ഷ​യ്‌ക്കു​വേണ്ടി അയയ്‌ക്കു​ന്നു.—ഉൽപത്തി 18:20; 19:1, 12, 13.

 ആ പ്രദേശം വിട്ടു​പോ​കാ​നും തിരി​ഞ്ഞു​നോ​ക്ക​രു​തെ​ന്നും ദൂതന്മാർ ലോത്തി​നോ​ടും കുടും​ബ​ത്തോ​ടും പറഞ്ഞു. തിരി​ഞ്ഞു​നോ​ക്കി​യാൽ അവർ നശിച്ചു​പോ​കു​മാ​യി​രു​ന്നു. (ഉൽപത്തി 19:17) ‘ലോത്തി​ന്റെ ഭാര്യ പുറ​കോ​ട്ടു തിരി​ഞ്ഞു​നോ​ക്കി ഉപ്പുതൂ​ണാ​യി​ത്തീർന്നു.’—ഉൽപത്തി 19:26.

 ലോത്തി​ന്റെ ഭാര്യ​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ദൈവം പറയു​ന്നത്‌ അനുസ​രി​ക്കാത്ത അളവോ​ളം പോകാൻ വസ്‌തു​വ​ക​ക​ളോ​ടുള്ള സ്‌നേഹം ഇടയാ​ക്കി​യേ​ക്കാം എന്ന്‌ ലോത്തി​ന്റെ ഭാര്യ​യു​ടെ കഥ പഠിപ്പി​ക്കു​ന്നു. “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക”എന്ന്‌ ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മാ​യി യേശു പറഞ്ഞു.—ലൂക്കോസ്‌ 17:32.

 ബൈബി​ളി​ലെ സ്‌ത്രീ​ക​ഥാ​പാ​ത്രങ്ങൾ ജീവി​ച്ചി​രുന്ന കാലഘട്ടം

  1.  ഹവ്വ

  2. പ്രളയം (ബി.സി. 2370)

  3.  സാറ

  4.  ലോത്തി​ന്റെ ഭാര്യ

  5.  റിബെക്ക

  6.  ലേയ

  7.  റാഹേൽ

  8. പുറപ്പാട്‌ (ബി.സി. 1513)

  9.  മിര്യാം

  10.  രാഹാബ്‌

  11.  രൂത്ത്‌

  12.  ദബോര

  13.  യായേൽ

  14.  ദലീല

  15.  ഹന്ന

  16. ഇസ്രാ​യേ​ലി​ന്റെ ഒന്നാമത്തെ രാജാവ്‌ (ബി.സി. 1117)

  17.  അബീഗയിൽ

  18.  ശൂലേം​ക​ന്യ​ക

  19.  ഇസബേൽ

  20.  എസ്ഥേർ

  21.  മറിയ (യേശു​വി​ന്റെ അമ്മ)

  22. യേശു​വി​ന്റെ സ്‌നാനം (എ.ഡി. 29)

  23.  മാർത്ത

  24.  മറിയ (മാർത്ത​യു​ടെ​യും ലാസറി​ന്റെ​യും സഹോ​ദരി)

  25.  മഗ്‌ദ​ല​ക്കാ​രി മറിയ

  26. യേശു​വി​ന്റെ മരണം (എ.ഡി. 33)