വിവരങ്ങള്‍ കാണിക്കുക

പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

 ഇന്നുണ്ടാ​കു​ന്ന പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവമല്ല. എങ്കിലും അത്‌ അനുഭ​വി​ക്കുന്ന ആളുക​ളെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തയുണ്ട്‌. ദൈവ​രാ​ജ്യം ഇല്ലാതാ​ക്കാൻപോ​കുന്ന ദുരി​ത​ങ്ങ​ളിൽ ഒന്നാണു പ്രകൃ​തി​ദു​ര​ന്തങ്ങൾ. അതുവരെ ദുരന്ത​ബാ​ധി​തർക്കു ദൈവം ആശ്വാസം നൽകും.—2 കൊരി​ന്ത്യർ 1:3.

 പ്രകൃ​തി​ദു​ര​ന്തങ്ങൾ ദൈവ​ത്തി​ന്റെ ശിക്ഷയ​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  ബൈബി​ളിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളും പ്രകൃ​തി​ശ​ക്തി​കളെ ദൈവം ഉപയോ​ഗി​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌.

  •   പ്രകൃ​തി​ദു​ര​ന്തങ്ങൾ ഒരു വേർതി​രി​വു​മി​ല്ലാ​തെ ആളുകളെ കൊല്ലു​ക​യും അപകട​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഇതിനു വിപരീ​ത​മാ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക​ളിൽ ദുഷ്ടന്മാർ മാത്രമേ കൊല്ല​പ്പെ​ടു​ന്നു​ള്ളൂ എന്നു ദൈവം ഉറപ്പു​വ​രു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, ദൈവം പുരാ​ത​ന​ന​ഗ​ര​ങ്ങ​ളായ സൊ​ദോ​മും ഗൊ​മോ​റ​യും നശിപ്പി​ച്ച​പ്പോൾ നല്ല മനുഷ്യ​നായ ലോത്തി​ന്റെ​യും രണ്ടു പെൺമ​ക്ക​ളു​ടെ​യും ജീവൻ സംരക്ഷി​ച്ചു. (ഉൽപത്തി 19:29, 30) ദൈവം അന്നുണ്ടാ​യി​രുന്ന ഓരോ​രു​ത്ത​രു​ടെ​യും ഹൃദയം വായി​ച്ചിട്ട്‌ ദുഷ്ടരെ മാത്ര​മാ​ണു നശിപ്പി​ച്ചത്‌.—ഉൽപത്തി 18:23-32; 1 ശമുവേൽ 16:7.

  •   പ്രകൃ​തി​ദു​ര​ന്തങ്ങൾ മിക്ക​പ്പോ​ഴും ഒരു മുന്നറി​യി​പ്പും കൂടാ​തെ​യാ​ണു വരുന്നത്‌. എന്നാൽ ഇതിനു വിപരീ​ത​മാ​യി ദുഷ്ടന്മാ​രെ നശിപ്പി​ക്കാൻ പ്രകൃ​തി​ശ​ക്തി​കളെ ഉപയോ​ഗി​ച്ച​പ്പോൾ ദൈവം മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. ആ മുന്നറി​യി​പ്പു​കൾ ശ്രദ്ധി​ച്ച​വർക്കു ദുരന്ത​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​നുള്ള അവസര​മു​ണ്ടാ​യി​രു​ന്നു.—ഉൽപത്തി 7:1-5; മത്തായി 24:38, 39.

  •   ഒരു പരിധി​വരെ പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്കു കാരണ​ക്കാർ മനുഷ്യ​രാണ്‌. എങ്ങനെ? പ്രകൃ​തി​യെ നശിപ്പി​ച്ചു​കൊ​ണ്ടും ഭൂകമ്പ​വും വെള്ള​പ്പൊ​ക്ക​വും വരാൻ സാധ്യ​ത​യുള്ള മേഖല​ക​ളി​ലും പ്രതി​കൂ​ല​കാ​ലാ​വ​സ്ഥ​യുള്ള സ്ഥലങ്ങളി​ലും കെട്ടി​ടങ്ങൾ പണിതു​കൊ​ണ്ടും മനുഷ്യർ പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്കു കാരണ​ക്കാ​രാ​കു​ന്നു. (വെളി​പാട്‌ 11:18) മനുഷ്യ​രു​ടെ ഇത്തരം കൈക​ട​ത്ത​ലു​കൾക്കു ദൈവത്തെ കുറ്റം പറയാൻ കഴിയില്ല.—സുഭാ​ഷി​തങ്ങൾ 19:3.

 പ്രകൃ​തി​ദു​ര​ന്തങ്ങൾ ലോകാ​വ​സാ​ന​ത്തി​ന്റെ അടയാ​ള​മാ​ണോ?

 അതെ. ‘വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തിൽ’ അഥവാ ‘അവസാ​ന​കാ​ലത്ത്‌’ ദുരന്ത​ങ്ങ​ളു​ണ്ടാ​കു​മെന്നു ബൈബിൾപ്ര​വ​ച​നങ്ങൾ പറയുന്നു. (മത്തായി 24:3; 2 തിമൊ​ഥെ​യൊസ്‌ 3:1) ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ കാല​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ഉണ്ടാകും.” (മത്തായി 24:7) പ്രകൃ​തി​ദു​ര​ന്തങ്ങൾ ഉൾപ്പെടെ വേദന​യ്‌ക്കും ദുരി​ത​ങ്ങൾക്കും ഇടയാ​ക്കുന്ന എല്ലാത്തി​നെ​യും ദൈവം പെട്ടെ​ന്നു​തന്നെ ഈ ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കും.—വെളി​പാട്‌ 21:3, 4.

 പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്ക്‌ ഇരയാ​യ​വരെ ദൈവം സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  •   തന്റെ വചനമായ ബൈബിൾ ഉപയോ​ഗിച്ച്‌ ദൈവം ആശ്വസി​പ്പി​ക്കു​ന്നു. ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ന്നും നമ്മൾ ദുരിതം അനുഭ​വി​ക്കു​മ്പോൾ നമ്മുടെ വേദന ദൈവം മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഉള്ള ഉറപ്പ്‌ ബൈബിൾ തരുന്നു. (യശയ്യ 63:9; 1 പത്രോസ്‌ 5:6, 7) പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരു കാല​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​വും ബൈബി​ളി​ലുണ്ട്‌.—“ ദുരന്ത​ങ്ങൾക്ക്‌ ഇരയാ​യ​വരെ ആശ്വസി​പ്പി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ” എന്ന ഭാഗം കാണുക.

  •   തന്റെ ആരാധ​കരെ ഉപയോ​ഗിച്ച്‌ ദൈവം ആശ്വസി​പ്പി​ക്കു​ന്നു. യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്ക്‌ ഇരയാ​യ​വരെ ആശ്വസി​പ്പി​ക്കാൻ ദൈവം തന്റെ ആരാധ​കരെ ഉപയോ​ഗി​ക്കു​ന്നു. ‘ഹൃദയം തകർന്ന​വ​രെ​യും’ ‘ദുഃഖിച്ച്‌ കരയു​ന്ന​വ​രെ​യും’ യേശു ആശ്വസി​പ്പി​ക്കു​മെന്നു പ്രവചനം പറഞ്ഞി​രു​ന്നു. (യശയ്യ 61:1, 2) ദൈവാ​രാ​ധ​ക​രും അതു ചെയ്യാൻ പരി​ശ്ര​മി​ക്കു​ന്നു.—യോഹ​ന്നാൻ 13:15.

     പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്ക്‌ ഇരയാ​യ​വർക്കു പ്രാ​യോ​ഗി​ക​സ​ഹാ​യം നൽകാ​നും ദൈവം തന്റെ ആരാധ​കരെ ഉപയോ​ഗി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 11:28-30; ഗലാത്യർ 6:10.

പോർട്ടോ റീക്കോ​യിൽ കൊടു​ങ്കാ​റ്റി​ന്റെ കെടു​തി​കൾ അനുഭ​വി​ക്കു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ സഹായം നൽകുന്നു

 പ്രകൃ​തി​ദു​ര​ന്തത്തെ നേരി​ടാൻവേണ്ട തയ്യാ​റെ​ടു​പ്പു നടത്താൻ ബൈബിൾ ഏതെങ്കി​ലും വിധത്തിൽ സഹായി​ക്കു​ന്നു​ണ്ടോ?

 ഉണ്ട്‌. പ്രകൃ​തി​ദു​ര​ന്ത​ങ്ങൾക്കു മുമ്പു തയ്യാ​റെ​ടു​പ്പു നടത്താൻ സഹായി​ക്കുന്ന ഒരു ഗൈഡ്‌ അല്ല ബൈബി​ളെ​ങ്കി​ലും സഹായ​ക​മായ തത്ത്വങ്ങൾ അതിലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌:

  •   ദുരന്ത​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെന്നു ആസൂ​ത്രണം ചെയ്യുക. “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 22:3) ഒരു ദുരന്ത​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെന്നു മുൻകൂ​ട്ടി​ത്തന്നെ ആസൂ​ത്രണം ചെയ്യു​ന്നതു ബുദ്ധി​യാ​യി​രി​ക്കും. അതിൽ അടിയ​ന്തി​ര​മാ​യി പോ​കേ​ണ്ടി​വ​രു​മ്പോൾ കൊണ്ടു​പോ​കേണ്ട അത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ളുള്ള കിറ്റ്‌ തയ്യാറാ​ക്കു​ന്ന​തും അടിയ​ന്തി​ര​സാ​ഹ​ച​ര്യ​മു​ണ്ടാ​യാൽ കുടും​ബാം​ഗങ്ങൾ എന്തു ചെയ്യണ​മെന്നു പരിശീ​ലി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.

  •   വസ്‌തു​വ​ക​ക​ളെ​ക്കാൾ ജീവനു മൂല്യം കൊടു​ക്കുക. “ഈ ലോക​ത്തേക്കു നമ്മൾ ഒന്നും കൊണ്ടു​വ​ന്നി​ട്ടില്ല. ഇവി​ടെ​നിന്ന്‌ ഒന്നും കൊണ്ടു​പോ​കാ​നും സാധ്യമല്ല” എന്നു ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:7, 8) ദുരന്ത​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻവേണ്ടി വീടും വസ്‌തു​വ​ക​ക​ളും വിട്ടു​പോ​കേ​ണ്ടി​വ​ന്നാ​ലും നമ്മൾ അതിനു മനസ്സു കാണി​ക്കണം. മറ്റെന്തി​നെ​ക്കാ​ളും പ്രാധാ​ന്യം ജീവനാ​ണെന്ന കാര്യം നമ്മൾ മറക്കരുത്‌.—മത്തായി 6:25.