അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 11:1-30

11  ജനതക​ളിൽപ്പെ​ട്ട​വ​രും ദൈവ​വ​ചനം സ്വീക​രി​ച്ചെന്ന്‌ യഹൂദ്യ​യി​ലു​ണ്ടാ​യി​രുന്ന അപ്പോ​സ്‌ത​ല​ന്മാ​രും സഹോ​ദ​ര​ന്മാ​രും അറിഞ്ഞു.  പത്രോസ്‌ യരുശ​ലേ​മിൽ വന്നപ്പോൾ, പരിച്ഛേദനയെ* അനുകൂലിച്ചിരുന്നവർ+ പത്രോ​സി​നെ വിമർശി​ക്കാൻതു​ടങ്ങി.*  അവർ ചോദി​ച്ചു: “പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത​വ​രു​ടെ വീട്ടിൽ പോയി താങ്കൾ അവരോ​ടൊ​പ്പം ഭക്ഷണം കഴിച്ചി​ല്ലേ?”  അപ്പോൾ പത്രോസ്‌ അവരോ​ടു കാര്യ​ങ്ങ​ളെ​ല്ലാം വിവരി​ച്ചു:  “ഞാൻ യോപ്പ നഗരത്തിൽ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോൾ ഞാൻ ഒരു ദിവ്യ​ദർശനം കണ്ടു: ഒരു വലിയ ലിനൻവി​രി​പോ​ലുള്ള എന്തോ ഒന്ന്‌* ആരോ നാലു മൂലയി​ലും പിടിച്ച്‌ ആകാശ​ത്തു​നിന്ന്‌ താഴേക്ക്‌ ഇറക്കുന്നു. അതു നേരെ എന്റെ അടു​ത്തേക്ക്‌ ഇറങ്ങി​വന്നു.+  ഞാൻ അതി​ലേക്കു സൂക്ഷി​ച്ചു​നോ​ക്കി. അതിൽ ഭൂമി​യി​ലെ നാൽക്കാ​ലി​ക​ളും കാട്ടു​മൃ​ഗ​ങ്ങ​ളും ഇഴജന്തുക്കളും* പക്ഷിക​ളും ഉണ്ടായി​രു​ന്നു.  ‘പത്രോ​സേ, എഴു​ന്നേറ്റ്‌ ഇവയെ അറുത്ത്‌ തിന്നൂ’ എന്നു പറയുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.  എന്നാൽ ഞാൻ, ‘അയ്യോ, അങ്ങനെ പറയരു​തു കർത്താവേ, മലിന​മോ അശുദ്ധ​മോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചി​ട്ടില്ല’ എന്നു പറഞ്ഞു.  അപ്പോൾ ആകാശ​ത്തു​നിന്ന്‌ ആ ശബ്ദം വീണ്ടും എന്നോട്‌, ‘ദൈവം ശുദ്ധീ​ക​രി​ച്ച​വയെ നീ മലിന​മെന്നു വിളി​ക്ക​രുത്‌’ എന്നു പറഞ്ഞു. 10  മൂന്നാ​മ​തും ഇങ്ങനെ സംഭവി​ച്ചു. പിന്നെ എല്ലാം ആകാശ​ത്തി​ലേക്കു തിരികെ എടുക്ക​പ്പെട്ടു. 11  ആ സമയത്തു​തന്നെ, മൂന്നു പേർ എന്നെ അന്വേ​ഷിച്ച്‌ ഞങ്ങൾ താമസി​ച്ചി​രുന്ന വീട്ടിൽ എത്തി. കൈസ​ര്യ​യി​ലുള്ള ഒരാൾ അയച്ചതാ​യി​രു​ന്നു അവരെ.+ 12  ഒട്ടും മടിക്കാ​തെ അവരു​ടെ​കൂ​ടെ പോകാൻ പരിശു​ദ്ധാ​ത്മാവ്‌ എന്നോടു പറഞ്ഞു. ഈ ആറു സഹോ​ദ​ര​ന്മാ​രും എന്റെകൂ​ടെ വന്നു. അങ്ങനെ ഞങ്ങൾ ആ മനുഷ്യ​ന്റെ വീട്ടിൽ എത്തി. 13  “വീട്ടിൽ ഒരു ദൈവ​ദൂ​തൻ വന്നെന്നും, ‘യോപ്പ​യി​ലേക്ക്‌ ആളയച്ച്‌ പത്രോസ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോ​നെ വരുത്തുക,+ 14  നിനക്കും നിന്റെ കുടും​ബ​ത്തി​നും രക്ഷ ലഭിക്കാ​നുള്ള കാര്യങ്ങൾ അവൻ നിനക്കു പറഞ്ഞു​ത​രും’ എന്നു പറഞ്ഞെ​ന്നും അദ്ദേഹം ഞങ്ങളെ അറിയി​ച്ചു. 15  ഞാൻ അവരോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ, അന്നു നമ്മുടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നതു​പോ​ലെ അവരുടെ മേലും വന്നു.+ 16  ‘യോഹ​ന്നാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തി.+ എന്നാൽ നിങ്ങളെ പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തും’+ എന്നു കർത്താവ്‌ പറയാ​റു​ണ്ടാ​യി​രു​ന്നതു ഞാൻ അപ്പോൾ ഓർത്തു. 17  കർത്താ​വായ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കുന്ന നമുക്കു നൽകിയ അതേ സമ്മാനം​തന്നെ ദൈവം അവർക്കും നൽകി​യെ​ങ്കിൽ, ദൈവത്തെ തടയാൻ* ഞാൻ ആരാണ്‌?”+ 18  ഈ കാര്യങ്ങൾ കേട്ട​പ്പോൾ അവർ പത്രോ​സി​നെ വിമർശി​ക്കു​ന്നതു നിറുത്തി.* “ജനതക​ളിൽപ്പെ​ട്ട​വർക്കും ജീവൻ ലഭിക്കാൻവേണ്ടി, അവർക്കു മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം അവസരം നൽകി​യി​രി​ക്കു​ന്നു”+ എന്നു പറഞ്ഞ്‌ അവർ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി. 19  സ്‌തെ​ഫാ​നൊ​സി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ശിഷ്യ​ന്മാർ ഫൊയ്‌നി​ക്യ,+ സൈ​പ്രസ്‌, അന്ത്യോ​ക്യ എന്നീ പ്രദേ​ശ​ങ്ങൾവരെ ചിതറി​പ്പോ​യി​രു​ന്നു.+ പക്ഷേ അവർ ജൂതന്മാ​രോ​ടു മാത്രമേ ദൈവ​വ​ചനം പ്രസം​ഗി​ച്ചു​ള്ളൂ.+ 20  എന്നാൽ സൈ​പ്ര​സിൽനി​ന്നും കുറേ​ന​യിൽനി​ന്നും ചില ശിഷ്യ​ന്മാർ അന്ത്യോ​ക്യ​യിൽ ചെന്ന്‌ ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്ന​വ​രോ​ടു കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻതു​ടങ്ങി. 21  യഹോ​വ​യു​ടെ കൈ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ അനേകം ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു, അവർ കർത്താ​വി​ലേക്കു തിരിഞ്ഞു.+ 22  അവരെ​ക്കു​റി​ച്ചുള്ള വാർത്ത യരുശ​ലേ​മി​ലെ സഭയിൽ എത്തിയ​പ്പോൾ അവർ ബർന്നബാസിനെ+ അന്ത്യോ​ക്യ​യി​ലേക്ക്‌ അയച്ചു. 23  അവിടെ എത്തിയ ബർന്നബാസ്‌ ദൈവം അനർഹദയ കാണി​ച്ചതു കണ്ട്‌ വളരെ സന്തോ​ഷി​ച്ചു. തുടർന്നും കർത്താ​വി​നോ​ടു പറ്റിനിൽക്കു​മെന്ന്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാൻ ബർന്നബാസ്‌ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.+ 24  പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ, ഉറച്ച വിശ്വാ​സ​മുള്ള ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു ബർന്നബാസ്‌. അങ്ങനെ, വലി​യൊ​രു കൂട്ടം ആളുകൾ കർത്താ​വി​ലേക്കു ചേർന്നു.+ 25  അതിനു ശേഷം ബർന്നബാസ്‌ ശൗലിനെ തിരഞ്ഞ്‌ തർസൊ​സി​ലേക്കു പോയി.+ 26  ബർന്നബാസ്‌ ശൗലിനെ കണ്ടുപി​ടിച്ച്‌ അന്ത്യോ​ക്യ​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വന്നു. ഒരു വർഷം മുഴുവൻ അവർ ആ സഭയോ​ടൊ​പ്പം കൂടി​വ​രു​ക​യും അനേകം ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ശിഷ്യ​ന്മാ​രെ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌.+ 27  അക്കാലത്ത്‌ യരുശ​ലേ​മിൽനിന്ന്‌ ചില പ്രവാചകന്മാർ+ അന്ത്യോ​ക്യ​യിൽ വന്നു. 28  ലോകം മുഴുവൻ വലി​യൊ​രു ക്ഷാമം+ വരാൻപോ​കു​ക​യാ​ണെന്നു പ്രവചി​ക്കാൻ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രുന്ന അഗബൊസിനെ+ പരിശു​ദ്ധാ​ത്മാവ്‌ പ്രേരി​പ്പി​ച്ചു. ക്ലൗദ്യൊ​സി​ന്റെ ഭരണകാ​ല​ത്താണ്‌ ആ ക്ഷാമം ഉണ്ടായത്‌.+ 29  ശിഷ്യ​ന്മാർ ഓരോ​രു​ത്ത​രും അവരുടെ കഴിവനുസരിച്ച്‌+ യഹൂദ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ+ തീരു​മാ​നി​ച്ചു. 30  അവർ ബർന്നബാ​സി​ന്റെ​യും ശൗലി​ന്റെ​യും കൈവശം അതു മൂപ്പന്മാർക്കു കൊടു​ത്ത​യച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “പത്രോ​സി​നോ​ടു തർക്കി​ക്കാൻതു​ടങ്ങി.”
പദാവലി കാണുക.
അക്ഷ. “ഒരുതരം പാത്രം.”
അഥവാ “ഉരഗങ്ങ​ളും.”
അഥവാ “ദൈവ​ത്തി​ന്റെ വഴി തടയാൻ.”
അക്ഷ. “അവർ നിശ്ശബ്ദ​രാ​യി.”

പഠനക്കുറിപ്പുകൾ

അന്ത്യോ​ക്യ: ബൈബി​ളിൽ ഇവി​ടെ​യാണ്‌ ഈ നഗര​ത്തെ​ക്കു​റിച്ച്‌ ആദ്യമാ​യി കാണു​ന്നത്‌. യരുശ​ലേ​മിന്‌ ഏതാണ്ട്‌ 500 കി.മീ. വടക്കായി സ്ഥിതി ചെയ്‌തി​രുന്ന അന്ത്യോ​ക്യ ബി.സി. 64-ൽ സിറിയ എന്ന റോമൻ സംസ്ഥാ​ന​ത്തി​ന്റെ തലസ്ഥാ​ന​മാ​യി. ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും റോമൻ സാമ്രാ​ജ്യ​ത്തി​ലെ നഗരങ്ങ​ളിൽ റോമും അലക്‌സാൻഡ്രി​യ​യും കഴിഞ്ഞാൽ ഏറ്റവും വലുത്‌ അന്ത്യോ​ക്യ​യാ​യി​രു​ന്നു. മനോ​ഹാ​രി​ത​യ്‌ക്കു പേരു​കേട്ട ഈ സിറിയൻ നഗരത്തി​ന്റെ രാഷ്‌ട്രീയ-വാണിജ്യ-സാംസ്‌കാ​രിക സ്വാധീ​നം വളരെ വലുതാ​യി​രു​ന്നെ​ങ്കി​ലും അതു ധാർമി​ക​മാ​യി വളരെ അധഃപ​തി​ച്ചു​പോ​യി​രു​ന്നു. ആ നഗരത്തിൽ ധാരാ​ള​മാ​യു​ണ്ടാ​യി​രുന്ന ജൂതന്മാർ ഗ്രീക്കു​ഭാ​ഷ​ക്കാ​രായ അനേകരെ ജൂതമ​ത​ത്തിൽ ചേർത്ത​താ​യി കരുത​പ്പെ​ടു​ന്നു. അങ്ങനെ ജൂതമതം സ്വീക​രിച്ച ഒരാളാ​യി​രു​ന്നു നിക്കൊ​ലാ​വൊസ്‌. അദ്ദേഹം പിന്നീട്‌ ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നു. ബർന്നബാ​സും പൗലോസ്‌ അപ്പോ​സ്‌ത​ല​നും ഒരു വർഷ​ത്തോ​ളം അന്ത്യോ​ക്യ​യിൽ താമസിച്ച്‌ ആളുകളെ പഠിപ്പി​ച്ചു. പൗലോസ്‌ തന്റെ മിഷനറി യാത്ര​ക​ളെ​ല്ലാം ആരംഭി​ച്ച​തും ഈ നഗരത്തിൽനി​ന്നാ​യി​രു​ന്നു. ക്രിസ്‌തു​ശി​ഷ്യ​രെ “അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ . . . ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌.” (പ്രവൃ 11:26-ന്റെ പഠനക്കു​റി​പ്പു​കൾ കാണുക.) ഈ അന്ത്യോ​ക്യ​യും പ്രവൃ 13:14-ൽ കാണുന്ന പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യും ഒന്നല്ല.—പ്രവൃ 13:14-ന്റെ പഠനക്കു​റി​പ്പു കാണുക.

പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ: ഗലാത്യ എന്ന റോമൻ സംസ്ഥാ​ന​ത്തി​ലെ ഒരു നഗരം. ഫ്രുഗ്യ​യു​ടെ​യും പിസി​ദ്യ​യു​ടെ​യും അതിർത്തി​യി​ലാണ്‌ ഈ നഗരം സ്ഥിതി ചെയ്‌തി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ചരി​ത്ര​ത്തിൽ പലപ്പോ​ഴും ഇതിനെ ഫ്രുഗ്യ​യു​ടെ ഭാഗമാ​യും പിസി​ദ്യ​യു​ടെ ഭാഗമാ​യും മാറി​മാ​റി കണക്കാ​ക്കി​യി​ട്ടുണ്ട്‌. ഇന്നത്തെ തുർക്കി​യി​ലുള്ള യാൽവാ​ക്കിന്‌ അടുത്ത്‌ ഈ നഗരത്തി​ന്റെ നാശാ​വ​ശി​ഷ്ടങ്ങൾ കാണാം. പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യെ​ക്കു​റിച്ച്‌ ഇവി​ടെ​യും പ്രവൃ 14:19, 21 വാക്യ​ങ്ങ​ളി​ലും പറഞ്ഞി​ട്ടുണ്ട്‌. മെഡിറ്ററേനിയൻ തീരത്തിന്‌ അടുത്തുള്ള പെർഗ നഗരത്തിൽനിന്ന്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലേ​ക്കുള്ള യാത്ര വളരെ ദുർഘ​ട​മാ​യി​രു​ന്നു. കാരണം സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 1,100 മീ. (3,600 അടി) ഉയരത്തി​ലാ​യി​രു​ന്നു ഈ നഗരം. (അനു. ബി13 കാണുക.) പോരാ​ത്ത​തിന്‌ അവി​ടേ​ക്കുള്ള അപകടം പിടിച്ച മലമ്പാ​തകൾ കൊള്ള​ക്കാ​രു​ടെ വിഹാ​ര​കേ​ന്ദ്ര​വു​മാ​യി​രു​ന്നു. ‘പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യും’ സിറി​യ​യി​ലെ അന്ത്യോ​ക്യ​യും രണ്ടും രണ്ടാണ്‌. (പ്രവൃ 6:5; 11:19; 13:1; 14:26; 15:22; 18:22) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അന്ത്യോ​ക്യ എന്നു പറഞ്ഞി​രി​ക്കു​ന്നതു മിക്ക​പ്പോ​ഴും സിറി​യ​യി​ലെ അന്ത്യോ​ക്യ​യെ​ക്കു​റി​ച്ചാണ്‌, അല്ലാതെ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യെ​ക്കു​റി​ച്ചല്ല.

ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാർ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഹെല്ലനി​സ്റ്റിസ്‌ എന്ന ഗ്രീക്കു​പദം ഗ്രീക്കു​കാ​രോ ജൂതന്മാ​രോ രചിച്ച ഗ്രീക്ക്‌ സാഹി​ത്യ​കൃ​തി​ക​ളി​ലൊ​ന്നും കാണു​ന്നില്ല. പക്ഷേ ഈ പദത്തെ “ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നെ വാക്യ​സ​ന്ദർഭ​വും പല നിഘണ്ടു​ക്ക​ളും അനുകൂ​ലി​ക്കു​ന്നുണ്ട്‌. അക്കാലത്ത്‌ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ഗ്രീക്കു​ഭാ​ഷ​ക്കാർ ഉൾപ്പെ​ടെ​യുള്ള ക്രിസ്‌തു​ശി​ഷ്യ​ന്മാ​രെ​ല്ലാം ജൂതവം​ശ​ജ​രോ ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രോ ആയിരു​ന്നു. (പ്രവൃ 10:28, 35, 44-48) ജൂതന്മാ​രിൽത്തന്നെ ‘എബ്രായ ഭാഷ സംസാ​രി​ക്കു​ന്ന​വ​രിൽനിന്ന്‌’ (അക്ഷ. “എബ്രായർ;” എബ്ര​യോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ബഹുവ​ച​ന​രൂ​പം.) ‘ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്ന​വരെ’ വേർതി​രി​ച്ചു​കാ​ണി​ക്കാ​നാ​ണു ഹെല്ലനി​സ്റ്റിസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്നു ശ്രദ്ധി​ക്കുക. അതു​കൊണ്ട്‌ ആ ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌, പരസ്‌പരം ഗ്രീക്ക്‌ ഭാഷ സംസാ​രി​ച്ചി​രുന്ന ജൂതന്മാ​രെ​യാണ്‌. റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ വിവി​ധ​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌, ഒരുപക്ഷേ ദക്കപ്പൊ​ലി ഉൾപ്പെ​ടെ​യുള്ള സ്ഥലങ്ങളിൽനിന്ന്‌, യരുശ​ലേ​മി​ലേക്കു വന്നവരാ​യി​രു​ന്നു അവർ. എന്നാൽ എബ്രായ ഭാഷ സംസാ​രി​ച്ചി​രുന്ന മിക്ക ജൂതന്മാ​രും സാധ്യ​ത​യ​നു​സ​രിച്ച്‌ യഹൂദ്യ​യിൽനി​ന്നോ ഗലീല​യിൽനി​ന്നോ ഉള്ളവരാ​യി​രു​ന്നു. ജൂത​ക്രി​സ്‌ത്യാ​നി​ക​ളായ ഈ രണ്ടു കൂട്ടരു​ടെ​യും സാംസ്‌കാ​രി​ക​പ​ശ്ചാ​ത്തലം കുറെ​യൊ​ക്കെ വ്യത്യ​സ്‌ത​മാ​യി​രു​ന്നി​രി​ക്കണം.—പ്രവൃ 9:29-ന്റെ പഠനക്കു​റി​പ്പു കാണുക.

അന്ത്യോ​ക്യ: സിറി​യ​യി​ലെ ഓറന്റീസ്‌ നദിയു​ടെ തീരത്തുള്ള ഒരു നഗരം. മെഡിറ്ററേനിയൻ തുറമു​ഖ​ന​ഗ​ര​മായ സെലൂ​ക്യ​യിൽനിന്ന്‌ ഏതാണ്ട്‌ 32 കി.മീ. മാറി​യാ​യി​രു​ന്നു ഇതിന്റെ സ്ഥാനം. എ.ഡി. ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും റോമൻ സാമ്രാ​ജ്യ​ത്തി​ലെ നഗരങ്ങ​ളിൽ വലുപ്പ​ത്തി​ന്റെ​യും സമ്പത്തി​ന്റെ​യും കാര്യ​ത്തിൽ റോമും അലക്‌സാൻഡ്രി​യ​യും കഴിഞ്ഞാൽ ഏറ്റവും വലുത്‌ അന്ത്യോ​ക്യ​യാ​യി​രു​ന്നു. ജൂതവം​ശ​ജ​രു​ടെ വലി​യൊ​രു കൂട്ടം പണ്ടുമു​തലേ ആ നഗരത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ സമയത്ത്‌ ജൂതന്മാ​രും ജനതക​ളിൽപ്പെ​ട്ട​വ​രും തമ്മിൽ വലിയ ശത്രു​ത​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല. തികച്ചും പുതി​യൊ​രു പ്രവർത്ത​ന​ത്തി​നു തുടക്ക​മി​ടാൻ എന്തു​കൊ​ണ്ടും യോജിച്ച അന്തരീ​ക്ഷ​മാ​യി​രു​ന്നു അത്‌. അങ്ങനെ ശിഷ്യ​ന്മാർ ജൂതന്മാ​രോ​ടു മാത്രമല്ല പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലാത്ത ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും പ്രസം​ഗി​ക്കാൻതു​ടങ്ങി. (ഈ വാക്യ​ത്തി​ലെ ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്നവർ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) ഈ അന്ത്യോ​ക്യ​യും ഏഷ്യാ​മൈ​ന​റി​ലുള്ള പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യും ഒന്നല്ല.—പ്രവൃ 6:5; 13:14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്നവർ: അക്ഷ. “ഗ്രീക്കു​ഭാ​ഷ​ക്കാർ.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ (ഹെല്ലനി​സ്റ്റിസ്‌) അർഥം മനസ്സി​ലാ​ക്കേ​ണ്ടതു സന്ദർഭം നോക്കി​യാണ്‌. പ്രവൃ 6:1-ൽ ‘ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാ​രെ’ കുറി​ക്കാ​നാ​ണു സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പ്രവൃ 6:1-ന്റെ പഠനക്കു​റി​പ്പു കാണുക.) അതു​കൊ​ണ്ടു​തന്നെ ഈ വാക്യ​ത്തിൽ ‘ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്നവർ’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​തും, ജൂതന്മാ​രെ​യോ ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രെ​യോ ആണെന്നു ചില പണ്ഡിത​ന്മാർ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌ അന്ത്യോ​ക്യ​യി​ലു​ണ്ടായ പുതിയ ഒരു സംഭവ​വി​കാ​സ​ത്തെ​ക്കു​റി​ച്ചാ​ണെന്ന്‌ ഓർക്കുക. പ്രവൃ 11:19 പറയു​ന്ന​ത​നു​സ​രിച്ച്‌, മുമ്പ്‌ അന്ത്യോ​ക്യ​യിൽ ജൂതന്മാ​രോ​ടു മാത്രമേ ദൈവ​വ​ചനം പ്രസം​ഗി​ച്ചി​രു​ന്നു​ള്ളൂ. എന്നാൽ തെളി​വ​നു​സ​രിച്ച്‌ ഇപ്പോൾ അവിടെ താമസി​ക്കുന്ന ജൂതന്മാ​ര​ല്ലാ​ത്ത​വ​രി​ലേ​ക്കും ആ സന്ദേശം എത്താൻതു​ടങ്ങി. ഗ്രീക്ക്‌ ഭാഷ സംസാ​രി​ച്ചി​രുന്ന ഈ പുതു​ശി​ഷ്യ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി​രി​ക്കണം ബർന്നബാ​സി​നെ അന്ത്യോ​ക്യ​യി​ലേക്ക്‌ അയച്ചത്‌. (പ്രവൃ 11:22, 23) പുരാ​ത​ന​മായ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ ഹെല്ലനി​സ്റ്റിസ്‌ എന്ന പദത്തിനു പകരം ഹെല്ലനസ്‌ (അർഥം “ഗ്രീക്കു​കാർ;” പ്രവൃ 16:3 കാണുക.) എന്ന പദമാണു കാണു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ പല പരിഭാ​ഷ​ക​ളും അതിനെ “ഗ്രീക്കു​കാർ” എന്നോ “ജനതക​ളിൽപ്പെ​ട്ടവർ” എന്നോ ആണ്‌ തർജമ ചെയ്‌തി​രി​ക്കു​ന്നത്‌. അന്ത്യോ​ക്യ​യിൽ ശിഷ്യ​ന്മാർ സന്തോ​ഷ​വാർത്ത അറിയി​ച്ചത്‌ ജൂതമ​ത​ത്തിൽപ്പെ​ട്ട​വ​രോ​ട​ല്ലാ​യി​രു​ന്നു എന്ന സൂചന​യാണ്‌ ആ പദപ്ര​യോ​ഗങ്ങൾ നൽകു​ന്നത്‌. എന്നാൽ ഈ വാക്യ​ത്തിൽ ‘ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്നവർ’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌, ജനതക​ളിൽപ്പെ​ട്ട​വർക്കു പുറമേ ജൂതന്മാ​രെ​യും​കൂ​ടെ ഉദ്ദേശി​ച്ചാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഈ പരിഭാ​ഷ​യിൽ ഇവിടെ ‘ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്നവർ’ എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ മറ്റു ദേശങ്ങ​ളിൽനിന്ന്‌ അന്ത്യോ​ക്യ​യി​ലേക്കു വന്ന ഇവർ ഗ്രീക്കു​ഭാ​ഷ​യും ഒരുപക്ഷേ ഗ്രീക്കു​കാ​രു​ടെ ആചാര​ങ്ങ​ളും സ്വീക​രി​ച്ച​വ​രാ​യി​രു​ന്നു.

യഹോ​വ​യു​ടെ കൈ: “കൈ” എന്നതിന്റെ എബ്രാ​യ​പ​ദ​വും ദൈവ​നാ​മ​വും (ചതുര​ക്ഷരി) ഒരുമിച്ച്‌ ഉപയോ​ഗി​ക്കുന്ന ഈ രീതി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​മാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; യഹ 1:3 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ബൈബി​ളിൽ “കൈ” എന്ന പദം പലപ്പോ​ഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരാൾക്കു കൈ​കൊണ്ട്‌ ശക്തി പ്രയോ​ഗി​ക്കാ​മെ​ന്ന​തു​കൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോ​ഗിച്ച ശക്തി” എന്നും അർഥം വരാം. “യഹോ​വ​യു​ടെ കൈ” എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം ലൂക്ക 1:66-ലും പ്രവൃ 13:11-ലും കാണു​ന്നുണ്ട്‌.—ലൂക്ക 1:6, 66 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

യഹോ​വ​യു​ടെ കൈ: “കൈ” എന്നതിന്റെ എബ്രാ​യ​പ​ദ​വും ദൈവ​നാ​മ​വും (ചതുര​ക്ഷരി) ഒരുമിച്ച്‌ ഉപയോ​ഗി​ക്കുന്ന ഈ രീതി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​മാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; 40:2; യഹ 1:3) ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോ​ഴുള്ള കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. ഇനി വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 1:66-ൽ കാണു​ന്നില്ല എന്നു പണ്ഡിത​ന്മാർ പറയുന്നു. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേ​യ​മാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യു​ടെ കാര്യ​ത്തി​ലും ഇതു​പോ​ലെ​തന്നെ സംഭവി​ച്ചി​ട്ടുണ്ട്‌. അതിന്റെ ആദ്യകാ​ല​പ്ര​തി​ക​ളിൽ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പിൽക്കാ​ല​പ്ര​തി​ക​ളിൽ അതിനു പകരം കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ച​പ്പോൾ വ്യാക​ര​ണ​നി​യമം ആവശ്യ​പ്പെ​ടുന്ന നിശ്ചായക ഉപപദം എപ്പോ​ഴും അതോ​ടൊ​പ്പം ചേർത്തി​ട്ടില്ല. ഇത്തരത്തിൽ കിരി​യോ​സി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീ​ക്ഷി​ക്കുന്ന ഈ വാക്യ​ത്തി​ലും അതു കാണു​ന്നില്ല എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​നാ​മ​ത്തി​നു പകരമാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. “യഹോ​വ​യു​ടെ കൈ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗം പ്രവൃ 11:21; 13:11 എന്നീ വാക്യ​ങ്ങ​ളി​ലും കാണാം.​—ലൂക്ക 1:6, 9; പ്രവൃ 11:21; 13:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

കൈ: ഈ പദം പലപ്പോ​ഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരാൾ കൈ​കൊണ്ട്‌ ശക്തി പ്രയോ​ഗി​ച്ചേ​ക്കാ​വു​ന്ന​തു​കൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോ​ഗിച്ച ശക്തി” എന്നും അർഥം വരാം.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ . . . വിളി​ച്ചത്‌: മിക്ക ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളും ഇവിടെ “ദൈവ​ഹി​ത​മ​നു​സ​രിച്ച്‌” എന്നത്‌ ഒഴിവാ​ക്കി “വിളി​ച്ചത്‌” എന്നു മാത്രമേ ഉപയോ​ഗി​ച്ചി​ട്ടു​ള്ളൂ. എന്നാൽ “വിളിച്ചു” എന്നു സാധാരണ പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ഗ്രീക്കു​പ​ദ​ങ്ങ​ളൊ​ന്നു​മല്ല ഇവിടെ കാണു​ന്നത്‌. (മത്ത 1:16; 2:23; ലൂക്ക 1:32; പ്രവൃ 1:19) പകരം ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ക്രിമാ​റ്റി​സോ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒൻപത്‌ പ്രാവ​ശ്യം കാണുന്ന ഈ പദം മിക്ക സന്ദർഭ​ങ്ങ​ളി​ലും കുറി​ക്കു​ന്നതു ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കുന്ന കാര്യ​ങ്ങ​ളെ​യാണ്‌. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ഉദാഹ​ര​ണ​ത്തിന്‌, പ്രവൃ 10:22-ൽ ഈ പദം കാണു​ന്നതു ‘വിശു​ദ്ധ​ദൂ​തൻ’ എന്ന പദപ്ര​യോ​ഗ​ത്തോ​ടൊ​പ്പ​മാണ്‌. ഇനി, മത്ത 2:12, 22 വാക്യ​ങ്ങ​ളിൽ, ദൈവ​ത്തിൽനിന്ന്‌ ലഭിച്ച സ്വപ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതി​നോ​ടു ബന്ധമുള്ള ക്രിമാ​റ്റി​സ്‌മോസ്‌ എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടു​ക്ക​ളും ബൈബിൾപ​രി​ഭാ​ഷ​ക​ളും ആ പദം തർജമ ചെയ്‌തി​രി​ക്കു​ന്നതു “ദൈവം പ്രഖ്യാ​പി​ച്ചത്‌; ദൈവ​ത്തി​ന്റെ മറുപടി; ദൈവ​ത്തി​ന്റെ ഉത്തരം” എന്നൊ​ക്കെ​യാണ്‌. അതു​കൊണ്ട്‌ “ക്രിസ്‌ത്യാ​നി​കൾ” എന്ന പേര്‌ ഉപയോ​ഗി​ക്കാൻ യഹോവ ഇവിടെ ശൗലി​നെ​യും ബർന്നബാ​സി​നെ​യും പ്രചോ​ദി​പ്പി​ച്ച​താ​യി​രി​ക്കാം. പക്ഷേ യേശു​വി​ന്റെ അനുഗാ​മി​കളെ കളിയാ​ക്കാ​നോ പുച്ഛി​ക്കാ​നോ വേണ്ടി അന്ത്യോ​ക്യ​യി​ലു​ണ്ടാ​യി​രുന്ന ജനതക​ളിൽപ്പെ​ട്ടവർ നൽകിയ വിളി​പ്പേ​രാ​യി​രു​ന്നു ഇതെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നാൽ “ക്രിസ്‌ത്യാ​നി​കൾ” എന്ന പേര്‌ വരാൻ ഇടയാ​ക്കി​യതു ദൈവം​ത​ന്നെ​യാ​ണെന്ന്‌ ഇവിടെ കാണുന്ന ക്രിമാ​റ്റി​സോ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വ്യക്തമാണ്‌. ഇനി, അന്നത്തെ ജൂതജ​ന​ത​യും യേശു​വി​ന്റെ അനുഗാ​മി​കളെ “ക്രിസ്‌ത്യാ​നി​കൾ” (ഗ്രീക്കിൽനിന്ന്‌ വന്നത്‌.) എന്നോ “മിശി​ഹാ​ക്കാർ” (എബ്രാ​യ​യിൽനിന്ന്‌ വന്നത്‌.) എന്നോ വിശേ​ഷി​പ്പി​ക്കാൻ ഒരു സാധ്യ​ത​യു​മില്ല. കാരണം അവർ യേശു​വി​നെ മിശിഹ അഥവാ ക്രിസ്‌തു ആയി അംഗീ​ക​രി​ച്ചി​രു​ന്നില്ല. അവർ യേശു​വി​ന്റെ അനുഗാ​മി​കളെ “ക്രിസ്‌ത്യാ​നി​കൾ” എന്നു വിളി​ച്ചാൽ യേശു​വി​നെ അഭിഷി​ക്തൻ അഥവാ ക്രിസ്‌തു ആയി അംഗീ​ക​രി​ക്കു​ന്ന​തു​പോ​ലെ വരുമാ​യി​രു​ന്നു.

ക്രിസ്‌ത്യാ​നി​കൾ: “ക്രിസ്‌തു​വി​ന്റെ അനുഗാ​മി” എന്ന അർഥം​വ​രുന്ന ക്രിസ്‌തി​യ​നോസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മൂന്നു പ്രാവ​ശ്യ​മേ കാണു​ന്നു​ള്ളൂ. (പ്രവൃ 11:26; 26:28; 1പത്ര 4:16) ക്രിസ്‌തു അഥവാ അഭിഷി​ക്തൻ എന്ന്‌ അർഥമുള്ള ക്രിസ്‌തോസ്‌ എന്ന പദത്തിൽനി​ന്നാണ്‌ ഇതു വന്നിരി​ക്കു​ന്നത്‌. യേശു​വി​ന്റെ, അഥവാ യഹോ​വ​യു​ടെ അഭിഷി​ക്ത​നായ ‘ക്രിസ്‌തു​വി​ന്റെ,’ മാതൃ​ക​യും ഉപദേ​ശ​ങ്ങ​ളും അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​വ​രാ​ണു ക്രിസ്‌ത്യാ​നി​കൾ. (ലൂക്ക 2:26, അടിക്കു​റിപ്പ്‌; 4:18) ഈ വാക്യ​ത്തി​ലെ സംഭവങ്ങൾ നടന്ന എ.ഡി. 44-ലായി​രി​ക്കാം അവർക്കു “ദൈവ​ഹി​ത​മ​നു​സ​രിച്ച്‌” “ക്രിസ്‌ത്യാ​നി​കൾ” എന്ന പേര്‌ ലഭിച്ചത്‌. തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌ ആ പേര്‌ ആളുകൾക്കി​ട​യിൽ വ്യാപ​ക​മാ​യി പ്രചരി​ച്ചു എന്നാണ്‌. കാരണം പൗലോ​സി​നെ ഹെരോദ്‌ അഗ്രിപ്പ രണ്ടാമന്റെ മുന്നിൽ ഹാജരാ​ക്കിയ സമയമാ​യ​പ്പോ​ഴേ​ക്കും (ഏകദേശം എ.ഡി. 58) ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ആ രാജാ​വിന്‌ അറിയാ​മാ​യി​രു​ന്നു. (പ്രവൃ 26:28) ഏതാണ്ട്‌ എ.ഡി. 64 ആയപ്പോൾ റോമി​ലെ ആളുക​ളിൽ മിക്കവ​രും “ക്രിസ്‌ത്യാ​നി” എന്ന പേര്‌ ഉപയോ​ഗി​ച്ചി​രു​ന്ന​താ​യി ചരി​ത്ര​കാ​ര​നായ റ്റാസി​റ്റസ്‌ സൂചി​പ്പി​ക്കു​ന്നുണ്ട്‌. ഇനി, എ.ഡി. 62-നും 64-നും ഇടയ്‌ക്ക്‌ എപ്പോ​ഴോ പത്രോസ്‌ റോമാ​സാ​മ്രാ​ജ്യ​ത്തി​ലെ​ങ്ങും ചിതറി​പ്പാർക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു തന്റെ ആദ്യത്തെ കത്ത്‌ എഴുതു​ന്ന​താ​യി കാണാം. സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​ഴേ​ക്കും വ്യാപ​ക​പ്ര​ചാ​രം നേടി​യി​രുന്ന “ക്രിസ്‌ത്യാ​നി” എന്ന പേര്‌ അവരെ മറ്റെല്ലാ വിഭാ​ഗ​ങ്ങ​ളിൽനി​ന്നും വേർതി​രി​ച്ചു​കാ​ട്ടി​യി​രു​ന്നു. (1പത്ര 1:1, 2; 4:16) യേശു​വി​ന്റെ അനുഗാ​മി​കൾക്കു ദൈവ​ത്തിൽനിന്ന്‌ ഇങ്ങനെ​യൊ​രു പേര്‌ ലഭിച്ച​തു​കൊണ്ട്‌, അവർ ജൂതമ​ത​ത്തി​ന്റെ ഏതോ ഉപവി​ഭാ​ഗ​മാ​ണെന്ന്‌ ആരും തെറ്റി​ദ്ധ​രി​ക്കി​ല്ലാ​യി​രു​ന്നു.

വലി​യൊ​രു ക്ഷാമം: ഏതാണ്ട്‌ എ.ഡി. 46-ൽ സംഭവിച്ച ഈ ദുരന്ത​ത്തെ​ക്കു​റിച്ച്‌ ജോസീ​ഫ​സും രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. റോമൻ ചക്രവർത്തി​യായ ക്ലൗദ്യൊ​സി​ന്റെ കാലത്ത്‌ ഉണ്ടായ “വലി​യൊ​രു ക്ഷാമ​ത്തെ​ക്കു​റിച്ച്‌” അദ്ദേഹ​ത്തി​ന്റെ രേഖക​ളിൽ കാണാം. പാവ​പ്പെ​ട്ട​വർക്കു പൊതു​വേ പണമോ ഭക്ഷ്യവ​സ്‌തു​ക്ക​ളോ കരുതി​വെ​ക്കാൻ വകയി​ല്ലാ​ത്ത​തു​കൊണ്ട്‌ ക്ഷാമം ഏറ്റവും അധികം വലച്ചി​രു​ന്നത്‌ അവരെ​യാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യഹൂദ്യ​യിൽ ദാരി​ദ്ര്യ​ത്തി​ന്റെ പിടി​യി​ലായ സഹോ​ദ​ര​ങ്ങൾക്ക്‌ അന്ത്യോ​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ദുരി​താ​ശ്വാ​സ സംഭാവന അയച്ചു​കൊ​ടു​ത്തത്‌.

ക്ലൗദ്യൊ​സി​ന്റെ ഭരണകാ​ലത്ത്‌: എ.ഡി. 41 മുതൽ എ.ഡി. 54 വരെ അധികാ​ര​ത്തി​ലി​രുന്ന റോമൻ ചക്രവർത്തി​യായ ക്ലൗദ്യൊസ്‌ ആദ്യ​മൊ​ക്കെ ജൂതന്മാ​രു​മാ​യി വളരെ സൗഹൃ​ദ​ത്തി​ലാ​യി​രു​ന്നു. എന്നാൽ ഭരണത്തി​ന്റെ അവസാ​ന​കാ​ല​മാ​യ​പ്പോ​ഴേ​ക്കും ആ ബന്ധം വഷളായി. അതോടെ അദ്ദേഹം ജൂതന്മാ​രെ​യെ​ല്ലാം റോമിൽനിന്ന്‌ ഓടിച്ചു. (പ്രവൃ 18:2) ക്ലൗദ്യോ​സി​ന്റെ നാലാ​മത്തെ ഭാര്യ വിഷക്കൂ​ണു​കൾ നൽകി അദ്ദേഹത്തെ കൊല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെന്നു പറയ​പ്പെ​ടു​ന്നു. തുടർന്ന്‌ നീറോ അധികാ​ര​ത്തി​ലെത്തി.

സഹായം: അഥവാ “ദുരി​താ​ശ്വാ​സം.” ലോക​ത്തി​ന്റെ മറ്റൊരു ഭാഗത്ത്‌ താമസി​ക്കുന്ന സഹക്രി​സ്‌ത്യാ​നി​കൾക്കു​വേണ്ടി സഹോ​ദ​രങ്ങൾ ദുരി​താ​ശ്വാ​സ​സ​ഹാ​യം എത്തിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. മിക്ക​പ്പോ​ഴും “ശുശ്രൂഷ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ഡയകൊ​നിയ എന്ന ഗ്രീക്കു​പദം പ്രവൃ 12:25-ൽ “ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ” എന്നും 2കൊ 8:4-ൽ “ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ” എന്നും അർഥം​വ​രുന്ന രീതി​യിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഡയകൊ​നിയ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന രീതി പരി​ശോ​ധി​ച്ചാൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ ശുശ്രൂ​ഷ​യ്‌ക്കു രണ്ടു വശങ്ങളു​ണ്ടെന്നു മനസ്സി​ലാ​കും. ഒന്ന്‌ “അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ (ഡയകൊ​നി​യ​യു​ടെ ഒരു രൂപം.)” ആണ്‌. പ്രസംഗ-പഠിപ്പി​ക്കൽ വേലയാണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (2കൊ 5:18-20; 1തിമ 2:3-6) മറ്റേതാ​കട്ടെ, ഈ വാക്യ​ത്തിൽ കാണു​ന്ന​തു​പോ​ലെ സഹവി​ശ്വാ​സി​കൾക്കു​വേ​ണ്ടി​യുള്ള ശുശ്രൂ​ഷ​യും. “ശുശ്രൂ​ഷകൾ (ഡയകൊ​നി​യ​യു​ടെ ബഹുവ​ച​ന​രൂ​പം.) പലവി​ധ​മുണ്ട്‌. എന്നാൽ കർത്താവ്‌ ഒന്നുത​ന്നെ​യാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. (1കൊ 12:4-6, 11) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യു​ടെ എല്ലാ വശവും “വിശു​ദ്ധ​സേ​വനം” ആണെന്നും അദ്ദേഹം വ്യക്തമാ​ക്കി.—റോമ 12:1, 6-8.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. ഇവിടെ ഈ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു ജൂതജ​ന​ത​യിൽപ്പെട്ട നേതാ​ക്ക​ന്മാ​രെ​യാണ്‌. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ.​—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, ഒരു സമൂഹ​ത്തി​ലോ രാഷ്‌ട്ര​ത്തി​ലോ അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​മേ​റിയ പുരു​ഷ​ന്മാ​രെ കുറി​ക്കാ​നും ഉപയോ​ഗി​ക്കാ​റുണ്ട്‌. (മത്ത 16:21-ന്റെ പഠനക്കു​റി​പ്പു കാണുക.) പുരാതന ഇസ്രാ​യേൽ ജനതയി​ലെ മൂപ്പന്മാർ അവരുടെ ഇടയിൽ നേതൃ​ത്വ​മെ​ടു​ക്കു​ക​യും ഭരണസം​ബ​ന്ധ​മായ കാര്യങ്ങൾ നോക്കി​ന​ട​ത്തു​ക​യും ചെയ്‌തി​രു​ന്നു. പലർ ചേർന്നാണ്‌ ഈ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ച്ചി​രു​ന്നത്‌. പ്രാ​ദേ​ശി​ക​ത​ല​ത്തി​ലും (ആവ 25:7-9; യോശ 20:4; രൂത്ത്‌ 4:1-12) ദേശീ​യ​ത​ല​ത്തി​ലും (ന്യായ 21:16; 1ശമു 4:3; 8:4; 1രാജ 20:7) ഇവരുടെ സേവനം ലഭ്യമാ​യി​രു​ന്നു. ക്രിസ്‌തീ​യ​സ​ഭ​യോ​ടുള്ള ബന്ധത്തിൽ ഈ പദം ആദ്യമാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഈ വാക്യ​ത്തി​ലാണ്‌. പുരാതന ഇസ്രാ​യേൽജ​ന​ത​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ​തന്നെ ആത്മീയ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാർക്കും സഭയ്‌ക്കു വഴികാ​ട്ടാ​നുള്ള ഉത്തരവാ​ദി​ത്വ​മു​ണ്ടാ​യി​രു​ന്നു. ഇവിടെ ദുരി​താ​ശ്വാ​സ സംഭാവന മൂപ്പന്മാ​രെ ഏൽപ്പി​ക്കു​ന്ന​താ​യാ​ണു നമ്മൾ വായി​ക്കു​ന്നത്‌. അത്‌ അവരുടെ മേൽനോ​ട്ട​ത്തിൽ യഹൂദ്യ​യി​ലെ സഭകൾക്കു വിതരണം ചെയ്യു​ക​യും ചെയ്‌തു.

ദൃശ്യാവിഷ്കാരം

യോപ്പ
യോപ്പ

മെഡി​റ്റ​റേ​നി​യൻ തീരത്തുള്ള യോപ്പ എന്ന തുറമു​ഖ​ന​ഗ​ര​മാണ്‌ ഈ വീഡി​യോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. കർമേൽ പർവത​ത്തി​നും ഗസ്സയ്‌ക്കും ഇടയിൽ, ഏതാണ്ട്‌ മധ്യഭാ​ഗ​ത്താ​യി​ട്ടാണ്‌ അതിന്റെ സ്ഥാനം. ആധുനിക യാഫോ​യെ (അറബി​യിൽ, ജാഫ.) 1950-ൽ ടെൽ അവീവി​ന്റെ ഭാഗമാ​ക്കി​യ​തു​കൊണ്ട്‌ പണ്ടത്തെ യോപ്പ നഗരത്തി​ന്റെ സ്ഥാനത്ത്‌ ഇന്നുള്ളതു ടെൽ അവീവ്‌-യാഫോ ആണ്‌. പാറ​ക്കെ​ട്ടു​കൾ നിറഞ്ഞ ഒരു കുന്നിൻമു​ക​ളിൽ ഏതാണ്ട്‌ 35 മീ. (115 അടി) ഉയരത്തി​ലാ​ണു യോപ്പ സ്ഥിതി ചെയ്‌തി​രു​ന്നത്‌. അതിന്റെ തീരത്തു​നിന്ന്‌ ഏതാണ്ട്‌ 100 മീ. (330 അടി) മാറി, പാറ​കൊ​ണ്ടുള്ള ഒരു വരമ്പുണ്ട്‌. അധികം ഉയരമി​ല്ലാത്ത ആ പാറ​ക്കെ​ട്ടു​കൾ അവിടെ ഒരു സ്വാഭാ​വി​ക​തു​റ​മു​ഖം തീർത്തി​രി​ക്കു​ന്നു. ശലോ​മോ​ന്റെ ദേവാ​ലയം പണിയു​ന്ന​തി​നു സോരി​ലു​ള്ളവർ ലബാ​നോൻ കാടു​ക​ളി​ലെ തടി ചങ്ങാട​ങ്ങ​ളാ​ക്കി ഒഴുക്കി​ക്കൊ​ണ്ടു​വ​ന്നതു യോപ്പ​യി​ലേ​ക്കാ​യി​രു​ന്നു. (2ദിന 2:16) പിൽക്കാ​ലത്ത്‌, തനിക്കു കിട്ടിയ നിയമ​ന​ത്തിൽനിന്ന്‌ ഓടി​യൊ​ളി​ക്കാൻ ആഗ്രഹിച്ച യോന പ്രവാ​ചകൻ തർശീ​ശി​ലേ​ക്കുള്ള കപ്പലിൽ കയറി​യ​തും യോപ്പ​യിൽനി​ന്നാണ്‌. (യോന 1:3) എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ യോപ്പ​യിൽ ഒരു ക്രിസ്‌തീ​യസഭ ഉണ്ടായി​രു​ന്നു. ആ സഭയിലെ ഒരംഗ​മാ​യി​രു​ന്നു പത്രോസ്‌ ഉയിർപ്പിച്ച ഡോർക്കസ്‌ (തബീഥ). (പ്രവൃ 9:36-42) ഇനി, ജനതക​ളിൽപ്പെട്ട കൊർന്നേ​ല്യൊ​സി​നോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പത്രോ​സി​നെ ഒരുക്കിയ ദിവ്യ​ദർശനം അദ്ദേഹ​ത്തി​നു ലഭിച്ച​തും യോപ്പ​യിൽവെ​ച്ചാണ്‌. അദ്ദേഹം അപ്പോൾ അവിടെ തോൽപ്പ​ണി​ക്കാ​ര​നായ ശിമോ​ന്റെ വീട്ടിൽ താമസി​ക്കു​ക​യാ​യി​രു​ന്നു.—പ്രവൃ 9:43; 10:6, 9-17.

ക്ലൗദ്യൊസ്‌ ചക്രവർത്തി
ക്ലൗദ്യൊസ്‌ ചക്രവർത്തി

റോമൻ ചക്രവർത്തി​യായ ക്ലൗദ്യൊ​സി​ന്റെ പേര്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ രണ്ടു പ്രാവ​ശ്യം കാണാം. (പ്രവൃ 11:28; 18:2) തന്റെ സഹോ​ദ​ര​പു​ത്ര​നായ കാലി​ഗു​ല​യ്‌ക്കു ശേഷം (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തി​യെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പരാമർശ​മൊ​ന്നു​മില്ല.) ക്ലൗദ്യൊസ്‌ റോമി​ലെ നാലാ​മത്തെ ചക്രവർത്തി​യാ​യി ഭരണം ഏറ്റെടു​ത്തു. എ.ഡി. 41 മുതൽ 54 വരെ അദ്ദേഹം റോമി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രു​ന്നു. എല്ലാ ജൂതന്മാ​രും റോം വിട്ടു​പോ​ക​ണ​മെന്ന്‌ എ.ഡി. 49-ലോ 50-ലോ ക്ലൗദ്യൊസ്‌ ഒരു കല്‌പന പുറ​പ്പെ​ടു​വി​ച്ചു. അതെത്തു​ടർന്നാണ്‌ അക്വി​ല​യും പ്രിസ്‌കി​ല്ല​യും അവി​ടെ​നിന്ന്‌ കൊരി​ന്തി​ലേക്കു പോയത്‌. അവി​ടെ​വെച്ച്‌ അവർ പൗലോസ്‌ അപ്പോ​സ്‌ത​ലനെ കണ്ടുമു​ട്ടി. എ.ഡി. 54-ൽ ക്ലൗദ്യൊ​സി​ന്റെ നാലാ​മത്തെ ഭാര്യ വിഷക്കൂ​ണു​കൾ നൽകി അദ്ദേഹത്തെ കൊല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെന്നു പറയ​പ്പെ​ടു​ന്നു. തുടർന്ന്‌ ചക്രവർത്തി​യാ​യി നീറോ അധികാ​ര​ത്തിൽ വന്നു.