വിവരങ്ങള്‍ കാണിക്കുക

ആരായി​രു​ന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻ?

ആരായി​രു​ന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻ?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തി​ന്റെ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻ. (ലൂക്കോസ്‌ 1:76) ബി.സി. 2-ലാണ്‌ അദ്ദേഹം ജനിച്ചത്‌. എ.ഡി. 32-ൽ മരിക്കു​ക​യും ചെയ്‌തു. മിശി​ഹ​യ്‌ക്ക്‌, അഥവാ ക്രിസ്‌തു​വി​നു വഴി​യൊ​രു​ക്കാ​നുള്ള നിയമനം ദൈവം അദ്ദേഹ​ത്തി​നു കൊടു​ത്തു. ജൂതന്മാർ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രു​ന്ന​തി​നു​വേണ്ടി ദൈവ​ത്തി​ന്റെ സന്ദേശം അവരെ അറിയി​ച്ചു​കൊണ്ട്‌ യോഹ​ന്നാൻ ഈ നിയമനം ചെയ്‌തു.—മർക്കോസ്‌ 1:1-4; ലൂക്കോസ്‌ 1:13, 16, 17.

 നസറെ​ത്തു​കാ​ര​നായ യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്നു മനസ്സി​ലാ​ക്കാൻ ആത്മാർഥ​ത​യു​ള്ള​വരെ യോഹ​ന്നാ​ന്റെ സന്ദേശം സഹായി​ക്കു​മാ​യി​രു​ന്നു. (മത്തായി 11:10) പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തി​നു മാനസാ​ന്ത​ര​പ്പെ​ടാ​നും അതിന്റെ അടയാ​ള​മാ​യി സ്‌നാ​ന​മേൽക്കാ​നും യോഹ​ന്നാൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ലൂക്കോസ്‌ 3:3-6) പലരെ​യും സ്‌നാ​ന​പ്പെ​ടു​ത്തി​യ​തു​കൊണ്ട്‌ അദ്ദേഹം സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്നും യോഹ​ന്നാൻ സ്‌നാ​പകൻ എന്നും അറിയ​പ്പെ​ടു​ന്നു. യോഹ​ന്നാൻ നടത്തിയ ഏറ്റവും പ്രധാ​ന​പ്പെട്ട സ്‌നാനം യേശു​വി​ന്റേ​താ​യി​രു​ന്നു. aമർക്കോസ്‌ 1:9.

ഈ ലേഖന​ത്തിൽ

 സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ പ്രത്യേ​ക​ത​യു​ള്ള​താ​ക്കി​യത്‌ എന്താണ്‌?

 യോഹ​ന്നാ​ന്റെ പ്രവർത്തനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ യഹോ​വ​യു​ടെ സന്ദേശ​വാ​ഹ​ക​നെ​ക്കു​റി​ച്ചുള്ള പ്രവചനം യോഹ​ന്നാൻ നിറ​വേറ്റി. (മലാഖി 3:1; മത്തായി 3:1-3) മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ അദ്ദേഹം ‘യഹോ​വ​യ്‌ക്കു​വേണ്ടി ഒരു ജനത്തെ ഒരുക്കി.’ അതായത്‌ ദൈവ​മായ യഹോ​വ​യു​ടെ പ്രധാ​ന​പ്ര​തി​നി​ധി​യായ യേശു​ക്രി​സ്‌തു​വി​ന്റെ സന്ദേശം സ്വീക​രി​ക്കാൻ അദ്ദേഹം സഹജൂ​ത​ന്മാ​രെ സഹായി​ച്ചു.—ലൂക്കോസ്‌ 1:17.

 യോഹ​ന്നാ​ന്റെ ശ്രേഷ്‌ഠത: യേശു പറഞ്ഞു: “സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​യി ആരും എഴു​ന്നേ​റ്റി​ട്ടില്ല. എന്നാൽ സ്വർഗ​രാ​ജ്യ​ത്തി​ലെ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാണ്‌.” (മത്തായി 11:11) യോഹ​ന്നാൻ ഒരു പ്രവാ​ചകൻ മാത്രമല്ല, മുൻകൂ​ട്ടി​പ്പറഞ്ഞ ‘സന്ദേശ​വാ​ഹ​ക​നും’ ആയിരു​ന്നു. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​നു മുമ്പുള്ള ഒരു ദൈവ​ദാ​സ​നെ​യും അദ്ദേഹ​ത്തെ​ക്കാൾ വലിയ​വ​നാ​യി കണക്കാ​ക്കാൻ പറ്റില്ല. യോഹ​ന്നാൻ സ്വർഗ​രാ​ജ്യ​ത്തിൽ ഉണ്ടായി​രി​ക്കി​ല്ലെ​ന്നും യേശു​വി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു. b യേശു സ്വർഗ​ത്തി​ലേ​ക്കുള്ള വഴി തുറക്കു​ന്ന​തി​നു മുമ്പു​തന്നെ ഈ വിശ്വ​സ്‌ത​പ്ര​വാ​ചകൻ മരിച്ചു. (എബ്രായർ 10:19, 20) എങ്കിലും ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കു​മ്പോൾ യോഹ​ന്നാൻ അവിടത്തെ ഒരു പ്രജയാ​യി​രി​ക്കും. പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള അവസര​വും ലഭിക്കും.—സങ്കീർത്തനം 37:29; ലൂക്കോസ്‌ 23:43.

 സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ മാതാ​പി​താ​ക്കൾ ആരായി​രു​ന്നു?

 സെഖര്യ​യും എലിസ​ബ​ത്തും ആയിരു​ന്നു യോഹ​ന്നാ​ന്റെ മാതാ​പി​താ​ക്കൾ. ഒരു ജൂതപു​രോ​ഹി​ത​നാ​യി​രു​ന്നു സെഖര്യ. യോഹ​ന്നാ​ന്റെ ജനനം ഒരു അത്ഭുത​മാ​യി​രു​ന്നു. കാരണം യോഹ​ന്നാ​ന്റെ അമ്മ വന്ധ്യയാ​യി​രു​ന്ന​തു​കൊണ്ട്‌ അവർക്കു മക്കൾ ഉണ്ടാകി​ല്ലാ​യി​രു​ന്നു. അവർ രണ്ടു​പേ​രും “നന്നേ വൃദ്ധരു​മാ​യി​രു​ന്നു.”—ലൂക്കോസ്‌ 1:5-7, 13.

 സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ മരണത്തി​നു പിന്നിൽ ആരായി​രു​ന്നു?

 യോഹ​ന്നാൻ കൊല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹെരോദ്‌ അന്തിപ്പാസ്‌ രാജാ​വാ​ണു യോഹ​ന്നാ​ന്റെ തല വെട്ടാ​നുള്ള കല്‌പന കൊടു​ത്തത്‌. ഭാര്യ​യായ ഹെരോ​ദ്യ​യു​ടെ പ്രേര​ണ​യാ​ലാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌. ഹെരോ​ദ്യ​യ്‌ക്കു യോഹ​ന്നാ​നോ​ടു വെറു​പ്പാ​യി​രു​ന്നു. ഹെരോ​ദ്യ​യും ജൂതനാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന ഹെരോ​ദും തമ്മിലുള്ള വിവാ​ഹ​ബന്ധം ജൂതനി​യ​മ​മ​നു​സ​രിച്ച്‌ ശരിയ​ല്ലെന്നു ഹെരോ​ദി​നോ​ടു യോഹ​ന്നാൻ പറഞ്ഞതാ​യി​രു​ന്നു കാരണം.—മത്തായി 14:1-12; മർക്കോസ്‌ 6:16-19.

 സ്‌നാ​പ​ക​യോ​ഹ​ന്നാ​നും യേശു​വും പരസ്‌പരം മത്സരി​ച്ചി​രു​ന്നോ?

 അതിന്റെ ഒരു സൂചന​പോ​ലും ബൈബി​ളി​ലില്ല. (യോഹ​ന്നാൻ 3:25-30) യേശു​വു​മാ​യി മത്സരി​ക്കുക എന്നതാ​യി​രു​ന്നില്ല യോഹ​ന്നാ​ന്റെ ഉദ്ദേശ്യം. ശരിക്കും പറഞ്ഞാൽ മിശി​ഹ​യ്‌ക്കു വഴി​യൊ​രു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​മാ​ണു തനിക്കു​ള്ള​തെന്നു യോഹ​ന്നാൻ തുറന്നു​സ​മ്മ​തി​ച്ചു. യോഹ​ന്നാൻ പറഞ്ഞു: “അദ്ദേഹത്തെ (യേശു​വി​നെ) ഇസ്രാ​യേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്തു​ന്ന​വ​നാ​യി വന്നത്‌.” തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “ഇദ്ദേഹ​മാ​ണു (യേശു​വാണ്‌) ദൈവ​പു​ത്രൻ.” (യോഹ​ന്നാൻ 1:26-34) യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ കേൾക്കു​ന്ന​തിൽ യോഹ​ന്നാ​നു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നു വ്യക്തമാണ്‌.

a യേശു “പാപം ചെയ്‌തില്ല.” (1 പത്രോസ്‌ 2:21, 22) അതു​കൊണ്ട്‌ മാനസാ​ന്ത​ര​ത്തി​ന്റെ തെളി​വാ​യി​ട്ടല്ല യേശു സ്‌നാ​ന​മേ​റ്റത്‌. പകരം ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ സ്വയം വിട്ടു​കൊ​ടു​ക്കു​ന്ന​തി​ന്റെ തെളി​വാ​യി​ട്ടാ​യി​രു​ന്നു. ആ ഇഷ്ടത്തിൽ ഉൾപ്പെ​ടുന്ന കാര്യ​മാ​ണു നമുക്കു​വേണ്ടി യേശു സ്വന്തം ജീവൻ നൽകി​യ​തും.—എബ്രായർ 10:7-10.

bആരാണ്‌ സ്വർഗ​ത്തിൽ പോകു​ന്നത്‌?” എന്ന ലേഖനം നോക്കുക.