വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!

ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!

കെനിയയിലെ രണ്ടു പയനിയർമാർ വയൽസേവനം ചെയ്യുകയായിരുന്നു. ഒരു വീട്ടിൽ ചെന്നപ്പോൾ അവരെ അകത്തേക്ക്‌ ക്ഷണിച്ചു. വീടിനുള്ളിലെ കിടക്കയിൽ മെലിഞ്ഞുകുറുകിയ ഒരു കൊച്ചുമനുഷ്യൻ കിടക്കുന്നതു കണ്ട്‌ അവർ അമ്പരന്നു. തീരെ കുറിയ ഉടലും നീളം കുറഞ്ഞ കൈകളും ഉള്ള ഒരു മനുഷ്യൻ. “മുടന്തൻ മാനിനെപ്പോലെ ചാടും” എന്ന ദൈവത്തിന്റെ വാഗ്‌ദാനം അറിയിച്ചപ്പോൾ ആ മനുഷ്യന്റെ മുഖത്ത്‌ ഒരു വലിയ ചിരി വിടർന്നു.—യെശ. 35:6.

ഒനേസ്‌മസിന്‌ ജന്മനാതന്നെ ഓസ്റ്റിയോജനസസ്‌ ഇംപെർഫെക്‌റ്റ എന്ന രോഗമുണ്ടായിരുന്നു. എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന ഒരു പാരമ്പര്യരോഗമാണിത്‌. അസ്ഥികൾ അത്ര ലോലമായിരുന്നതിനാൽ ഒരു നിസ്സാരബലം ഏറ്റാലും അവ ഒടിഞ്ഞുപോകും. ഈ രോഗത്തിന്‌ പ്രതിവിധിയോ ഫലപ്രദമായ ചികിത്സയോ ഇല്ല. ശേഷിച്ച ജീവിതകാലം വേദന തിന്ന്‌ വീൽചെയറിൽ ഒതുങ്ങിക്കഴിയുകയേ നിവൃത്തിയുള്ളൂ എന്ന്‌ വിചാരിച്ചിരിക്കുകയായിരുന്നു അദ്ദേഹം.

ഒനേസ്‌മസ്‌ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. എന്നാൽ സഭായോഗങ്ങൾക്കു പോകുന്നതിനെ അദ്ദേഹത്തിന്റെ അമ്മ എതിർത്തു. എന്തെങ്കിലും പരിക്കോ കൂടുതലായ വേദനയോ ഉണ്ടായേക്കുമോ എന്ന ആശങ്കയായിരുന്നു അമ്മയ്‌ക്ക്‌. അതുകൊണ്ട്‌ സഹോദരന്മാർ യോഗപരിപാടികൾ റെക്കോർഡ്‌ ചെയ്‌തു കൊടുക്കുമായിരുന്നു. അദ്ദേഹം വീട്ടിലിരുന്ന്‌ യോഗപരിപാടികൾ ശ്രദ്ധിക്കും. അഞ്ച്‌ മാസത്തെ പഠനം കഴിഞ്ഞപ്പോൾ ഇനി എന്തുവന്നാലും സഭായോഗങ്ങളിൽ പങ്കെടുത്തിട്ടേയുള്ളൂ എന്ന്‌ അദ്ദേഹം തീരുമാനിച്ചു.

യോഗങ്ങൾക്ക്‌ പോയിത്തുടങ്ങിയപ്പോൾ ഒനേസ്‌മസിന്റെ ശാരീരികാസ്വാസ്ഥ്യങ്ങൾ വർധിച്ചോ? നേരെ മറിച്ചാണ്‌ സംഭവിച്ചത്‌. “എപ്പോഴുമുണ്ടായിരുന്ന വേദന യോഗസമയങ്ങളിൽ കുറയുന്നതായി എനിക്കു തോന്നി,” അദ്ദേഹം ഓർമിക്കുന്നു. തന്റെ അവസ്ഥ മെച്ചപ്പെടുന്നതിന്റെ കാരണം തനിക്കു ലഭിച്ച പുതിയ പ്രത്യാശയാണെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. മകന്റെ ആരോഗ്യനിലയിൽ വന്ന ഈ നല്ല മാറ്റം അമ്മയും ശ്രദ്ധിച്ചു. അമ്മയ്‌ക്കു വലിയ സന്തോഷമായി, ഒരു ബൈബിളധ്യയനവും സ്വീകരിച്ചു. “ദൈവത്തെ സേവിക്കുന്നതാണ്‌ എന്റെ മകന്റെ ഔഷധം,” അമ്മ പറയുമായിരുന്നു.

വൈകാതെ ഒനേസ്‌മസ്‌ ഒരു പ്രസാധകനായി. പിന്നീട്‌, സ്‌നാനമേൽക്കുകയും ചെയ്‌തു. ഇപ്പോൾ അദ്ദേഹം ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. കാലുകൾക്കും ഒരു കൈക്കും സ്വാധീനമില്ലെങ്കിലും യഹോവയുടെ സേവനത്തിൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. സഹായ പയനിയറിങ്‌ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും അപേക്ഷ കൊടുക്കാൻ മടിച്ചുനിന്നു. വീൽചെയർ തള്ളിക്കൊണ്ടുപോകുന്നത്‌ ഉൾപ്പെടെ എന്തിനും ഏതിനും മറ്റൊരാളെ നിരന്തരം ആശ്രയിക്കേണ്ടിവരുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്‌കണ്‌ഠ. ഇത്‌ സഹോദരങ്ങളെ അറിയിച്ചപ്പോൾ അവർ എല്ലാ സഹായവും ചെയ്‌തുകൊടുക്കാമെന്നേറ്റു. അങ്ങനെ അവരുടെ സഹായത്താൽ അദ്ദേഹം ഒരു സഹായ പയനിയറായി.

സാധാരണ പയനിയറാകാൻ ആഗ്രഹിച്ചപ്പോഴും അദ്ദേഹത്തിന്‌ ഇതേ ഉത്‌കണ്‌ഠതന്നെയുണ്ടായി. അങ്ങനെയിരിക്കെ, ഒരു ദിനവാക്യം അദ്ദേഹത്തെ ചിന്തിപ്പിച്ചു. “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” എന്ന സങ്കീർത്തനം 34:8 ആയിരുന്നു അത്‌. ഈ തിരുവെഴുത്തിനെക്കുറിച്ച്‌ മനസ്സിരുത്തി ചിന്തിച്ച ഒനേസ്‌മസ്‌ ഒടുവിൽ ഒരു സാധാരണ പയനിയറാകാൻ തീരുമാനിച്ചു. അദ്ദേഹം ഇപ്പോൾ ആഴ്‌ചയിൽ നാല്‌ ദിവസം വയലിൽ പോകും. അദ്ദേഹത്തിന്റെ ബൈബിൾവിദ്യാർഥികളിൽ പലരും നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു. 2010-ൽ അദ്ദേഹം പയനിയർ സേവന സ്‌കൂളിലും സംബന്ധിച്ചു. ഒനേസ്‌മസിനെ ആദ്യം സന്ദർശിച്ച സഹോദരന്മാരിൽ ഒരാൾ പയനിയർ സേവന സ്‌കൂളിൽ അധ്യാപകനായി വന്നപ്പോൾ ഒനേസ്‌മസിന്‌ എത്ര സന്തോഷമായെന്നോ!

ഇപ്പോൾ ഒനേസ്‌മസിന്‌ 40-നടുത്ത്‌ പ്രായമുണ്ട്‌. മാതാപിതാക്കൾ മരിച്ചുപോയി. അദ്ദേഹത്തിന്റെ നിത്യേനയുള്ള കാര്യാദികൾ സഭയിലെ സഹോദരങ്ങളാണ്‌ നോക്കിനടത്തുന്നത്‌. ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും അദ്ദേഹം അങ്ങേയറ്റം നന്ദിയുള്ളവനാണ്‌. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ആ കാലത്തിനായി അദ്ദേഹം കാത്തിരിക്കുന്നു!—യെശ. 33:24.