വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യശയ്യ 60:1-ൽ പറഞ്ഞി​രി​ക്കുന്ന “സ്‌ത്രീ” ആരാണ്‌, അവൾ എങ്ങനെ​യാണ്‌ ‘എഴു​ന്നേൽക്കു​ന്ന​തും’ ‘പ്രകാശം ചൊരി​യു​ന്ന​തും?’

യശയ്യ 60:1 ഇങ്ങനെ പറയുന്നു: “സ്‌ത്രീ​യേ, എഴു​ന്നേറ്റ്‌ പ്രകാശം ചൊരി​യുക. നിന്റെ മേൽ പ്രകാശം വന്നിരി​ക്കു​ന്നു. യഹോ​വ​യു​ടെ തേജസ്സു നിന്റെ മേൽ ഉദിച്ചി​രി​ക്കു​ന്നു.” വാക്യ​ത്തി​ന്റെ സന്ദർഭ​ത്തിൽനിന്ന്‌ “സ്‌ത്രീ,” സീയോൻ അല്ലെങ്കിൽ അന്നത്തെ യഹൂദ​യു​ടെ തലസ്ഥാ​ന​മായ യരുശ​ലേം ആണെന്നു മനസ്സി​ലാ​ക്കാം. a (യശ. 60:14; 62:1, 2) യരുശ​ലേം നഗരം ഇസ്രാ​യേൽ ജനതയെ മുഴുവൻ പ്രതി​നി​ധീ​ക​രി​ച്ചു. യശയ്യയു​ടെ വാക്കുകൾ രണ്ടു ചോദ്യ​ങ്ങൾ ഉയർത്തു​ന്നു: (1) എപ്പോൾ, എങ്ങനെ​യാണ്‌ യരുശ​ലേം ‘എഴു​ന്നേ​റ്റ​തും’ ആത്മീയ​മാ​യി പ്രകാശം ചൊരി​ഞ്ഞ​തും? (2) യശയ്യയു​ടെ വാക്കു​കൾക്ക്‌ എന്തെങ്കി​ലും വലിയ നിവൃ​ത്തി​യു​ണ്ടോ?

എപ്പോൾ, എങ്ങനെ ആണ്‌ യരുശ​ലേം ‘എഴു​ന്നേ​റ്റ​തും’ ആത്മീയ​മാ​യി പ്രകാശം ചൊരി​ഞ്ഞ​തും? ജൂതന്മാർ ബാബി​ലോ​ണിൽ 70 വർഷം പ്രവാ​സ​ത്തി​ലാ​യി​രുന്ന സമയം മുഴുവൻ യരുശ​ലേ​മും ദേവാ​ല​യ​വും നശിച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോ​ണി​നെ കീഴട​ക്കി​യ​പ്പോൾ ബാബി​ലോൺ സാമ്രാ​ജ്യ​ത്തി​ലുള്ള എല്ലാ ഇസ്രാ​യേ​ല്യർക്കും അവരുടെ സ്വന്തം ദേശ​ത്തേക്കു തിരി​ച്ചു​വ​രാ​നും ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും അവസരം കിട്ടി. (എസ്ര 1:1-4) അങ്ങനെ ബി.സി. 537-ന്റെ തുടക്ക​ത്തിൽ 12 ഗോ​ത്ര​ങ്ങ​ളിൽനി​ന്നുള്ള വിശ്വ​സ്‌ത​രാ​യ​വ​രു​ടെ ഒരു കൂട്ടം മടങ്ങി​വന്നു. (യശ. 60:4) അവർ യഹോ​വ​യ്‌ക്കു യാഗങ്ങൾ അർപ്പി​ക്കാ​നും ഉത്സവങ്ങൾ ആഘോ​ഷി​ക്കാ​നും ദേവാ​ലയം പുനർനിർമി​ക്കാ​നും ആരംഭി​ച്ചു. (എസ്ര 3:1-4, 7-11; 6:16-22) അങ്ങനെ യഹോ​വ​യു​ടെ മഹത്ത്വം വീണ്ടും യരുശ​ലേ​മി​ന്റെ മേൽ, അതായത്‌ തിരികെ വന്ന ദൈവ​ജ​ന​ത്തി​ന്റെ മേൽ പ്രകാ​ശി​ക്കാൻ തുടങ്ങി. അതിലൂ​ടെ ദൈവ​ജ​ന​ത്തിന്‌, യഹോ​വയെ അറിയാ​തി​രുന്ന ചുറ്റു​മുള്ള ജനതക​ളു​ടെ മേൽ ആത്മീയ​പ്ര​കാ​ശം ചൊരി​യാൻ കഴിഞ്ഞു.

എന്നാൽ യശയ്യയു​ടെ പ്രവച​നങ്ങൾ അന്നത്തെ യരുശ​ലേ​മി​ന്റെ കാര്യ​ത്തിൽ ഭാഗി​ക​മാ​യേ നിറ​വേ​റി​യു​ള്ളൂ. കാരണം, ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി തുടർന്നില്ല. (നെഹ. 13:27; മലാ. 1:6-8; 2:13, 14; മത്താ. 15:7-9) പിന്നീട്‌ അവർ, മിശി​ഹ​യായ യേശു​ക്രി​സ്‌തു​വി​നെ​പ്പോ​ലും തള്ളിക്ക​ളഞ്ഞു. (മത്താ. 27:1, 2) എ.ഡി. 70-ൽ യരുശ​ലേ​മും ആലയവും വീണ്ടും നശിപ്പി​ക്ക​പ്പെട്ടു.

അവരുടെ ആ നാശം യഹോവ മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന​താണ്‌. (ദാനി. 9:24-27) ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. യശയ്യ 60-ാം അധ്യാ​യ​ത്തി​ലെ പുനഃ​സ്ഥാ​പ​ന​പ്ര​വ​ച​ന​ങ്ങ​ളു​ടെ എല്ലാ വിശദാം​ശ​ങ്ങ​ളും ഭൗമിക യരുശ​ലേ​മി​ന്റെ കാര്യ​ത്തിൽ നിറ​വേ​റി​ല്ലാ​യി​രു​ന്നു. അത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​മ​ല്ലാ​യി​രു​ന്നു.

യശയ്യയു​ടെ വാക്കു​കൾക്ക്‌ എന്തെങ്കി​ലും വലിയ നിവൃ​ത്തി​യു​ണ്ടോ? ഉണ്ട്‌. പക്ഷേ അതു മറ്റൊരു ആലങ്കാ​രിക സ്‌ത്രീ​യു​ടെ കാര്യ​ത്തി​ലാണ്‌ നിറ​വേ​റു​ന്നത്‌. ആ സ്‌ത്രീ “മീതെ​യുള്ള യരുശ​ലേം” ആണ്‌. അവളെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി: “അതാണു നമ്മുടെ അമ്മ.” (ഗലാ. 4:26) മീതെ​യുള്ള യരുശ​ലേം യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീയ ഭാഗമാണ്‌. വിശ്വ​സ്‌ത​രായ ആത്മജീ​വി​ക​ളാണ്‌ അതിലു​ള്ളത്‌. അവളുടെ മക്കളാണ്‌ യേശു​വും പൗലോ​സി​നെ​പ്പോ​ലെ സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള 1,44,000 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും. ഈ അഭിഷി​ക്ത​രാണ്‌ “വിശു​ദ്ധ​ജനത” അല്ലെങ്കിൽ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ.‘—1 പത്രോ. 2:9; ഗലാ. 6:16.

മീതെ​യു​ള്ള യരുശ​ലേം ‘എഴു​ന്നേൽക്കു​ക​യും’ ‘പ്രകാശം ചൊരി​യു​ക​യും’ ചെയ്‌തത്‌ എങ്ങനെ​യാണ്‌? അവൾ അതു ചെയ്‌തത്‌ ഭൂമി​യി​ലുള്ള തന്റെ അഭിഷിക്ത മക്കളി​ലൂ​ടെ​യാണ്‌. യശയ്യ 60-ലെ പ്രവച​നങ്ങൾ അഭിഷി​ക്ത​രു​ടെ കാര്യ​ത്തിൽ നിറ​വേ​റി​യത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ‘എഴു​ന്നേൽക്കേ​ണ്ടി​വ​ന്നത്‌’ എന്തു​കൊ​ണ്ടാണ്‌? കാരണം, മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന​തു​പോ​ലെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം വിശ്വാ​സ​ത്യാ​ഗം പടർന്നു​പി​ടി​ച്ച​പ്പോൾ അവർ ആത്മീയ അന്ധകാ​ര​ത്തി​ലേക്കു പോയി​രു​ന്നു. (മത്താ. 13:37-43) അങ്ങനെ അവർ വ്യാജ​മ​ത​ങ്ങ​ളു​ടെ ലോക​സാ​മ്രാ​ജ്യ​മായ ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തി​ലാ​യി. 1914-ൽ തുടങ്ങിയ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം​വരെ അവർ അടിമ​ത്ത​ത്തിൽ തുടർന്നു. (മത്താ. 13:39, 40) അധികം താമസി​ക്കാ​തെ 1919-ൽ അവർ സ്വത​ന്ത്ര​രാ​യി. പെട്ടെ​ന്നു​തന്നെ പ്രസം​ഗ​പ്ര​വർത്തനം ചെയ്‌തു​കൊണ്ട്‌ അവർ ആത്മീയ​വെ​ളി​ച്ചം പ്രകാ​ശി​പ്പി​ക്കാ​നും തുടങ്ങി. b അന്നുമു​തൽ ഇങ്ങോട്ട്‌ എല്ലാ ജനതക​ളി​ലു​മുള്ള ആളുകൾക്ക്‌ ആ വെളി​ച്ച​ത്തി​ലേക്കു വരാനാ​യി. അങ്ങനെ വരുന്ന​വ​രിൽ, യശയ്യ 60:3-ൽ “രാജാ​ക്ക​ന്മാർ” എന്നു വിളി​ച്ചി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ലെ ബാക്കി അംഗങ്ങ​ളും ഉൾപ്പെ​ടും.—യശ. 60:3; വെളി. 5:9, 10.

ഭാവി​യിൽ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ യഹോ​വ​യിൽനി​ന്നുള്ള വെളിച്ചം ഇതിലും വലി​യൊ​രു രീതി​യിൽ പ്രകാ​ശി​പ്പി​ക്കും. അത്‌ എങ്ങനെ​യാണ്‌? അവരുടെ ഭൂമി​യി​ലെ ജീവിതം അവസാ​നി​ക്കു​മ്പോൾ അവർ ‘പുതിയ യരുശ​ലേ​മി​ന്റെ’ ഭാഗമാ​കും. അതായത്‌ 1,44,000 പേർ ചേർന്ന ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യു​ടെ ഭാഗമാ​യി​ത്തീ​രും. അവരാണ്‌ ക്രിസ്‌തു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി സേവി​ക്കു​ന്നത്‌.—വെളി. 14:1; 21:1, 2, 24; 22:3-5.

യശയ്യ 60:1-ന്റെ നിവൃ​ത്തി​യിൽ പുതിയ യരുശ​ലേം പ്രധാ​ന​പ്പെട്ട ഒരു പങ്കുവ​ഹി​ക്കും. (യശയ്യ 60:1, 1, 3, 5, 11, 19, 20-നെ വെളി​പാട്‌ 21:2, 9-11, 22-26-മായി താരത​മ്യം ചെയ്യുക.) പുരാതന ഇസ്രാ​യേ​ലി​ന്റെ ഭരണ​കേ​ന്ദ്ര​മാ​യി​രു​ന്നു യരുശ​ലേം. അതു​പോ​ലെ ആലങ്കാ​രി​ക​മായ പുതിയ യരുശ​ലേ​മും ക്രിസ്‌തു​വും ചേർന്ന്‌, പുതിയ വ്യവസ്ഥി​തി​യു​ടെ ഭരണ​കേ​ന്ദ്രം അല്ലെങ്കിൽ ഗവൺമെന്റ്‌ ആയിത്തീ​രും. അങ്ങനെ​യെ​ങ്കിൽ, പുതിയ യരുശ​ലേം എങ്ങനെ​യാ​ണു ‘സ്വർഗ​ത്തിൽനിന്ന്‌, ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ ഇറങ്ങി​വ​രു​ന്നത്‌?’ അവർ ഭൂമി​യി​ലേക്കു ശ്രദ്ധ തിരി​ച്ചു​കൊണ്ട്‌ അതിനു​വേണ്ടി പ്രവർത്തി​ക്കും എന്ന അർഥത്തി​ലാണ്‌ അതു പറഞ്ഞി​രി​ക്കു​ന്നത്‌. എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ദൈവ​ഭ​ക്ത​രായ ആളുകൾ “ആ നഗരത്തി​ന്റെ വെളി​ച്ച​ത്തിൽ നടക്കും.” പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും പോലും അവർ മോചി​ത​രാ​കും. (വെളി. 21:3, 4, 24) അങ്ങനെ യശയ്യയും മറ്റു പ്രവാ​ച​ക​ന്മാ​രും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ പൂർണ​മാ​യും ‘എല്ലാ കാര്യ​ങ്ങ​ളും പൂർവ​സ്ഥി​തി​യി​ലാ​കും.’ (പ്രവൃ. 3:21) ആ വലിയ പുനഃ​സ്ഥി​തീ​ക​രണം യേശു രാജാ​വാ​യ​പ്പോൾ തുടങ്ങി. അത്‌ യേശു​വി​ന്റെ ആയിരം​വർഷ ഭരണത്തി​ന്റെ അവസാ​നം​വരെ നീളും.

a യശയ്യ 60:1-ൽ എബ്രാ​യ​യിൽ “എഴു​ന്നേൽക്കുക,” “പ്രകാശം ചൊരി​യുക” എന്നിവ​യു​ടെ ക്രിയാ​പ​ദങ്ങൾ സ്‌ത്രീ​ലിം​ഗ രൂപത്തി​ലാണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ആ ഭാഗത്ത്‌ “സീയോൻ,” “യരുശ​ലേം” എന്നൊ​ന്നും പറയാതെ “സ്‌ത്രീ” എന്നാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. വാക്യ​ത്തിൽ പറയു​ന്നത്‌ ഒരു ആലങ്കാ​രിക സ്‌ത്രീ​യെ​ക്കു​റി​ച്ചാ​ണെന്നു എളുപ്പം മനസ്സി​ലാ​ക്കാൻ വായന​ക്കാ​രനെ അതു സഹായി​ക്കും.

b 1919-ൽ നടന്ന ആത്മീയ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ യഹസ്‌കേൽ 37:1-14 ലും വെളി​പാട്‌ 11:7-12 ലും പറഞ്ഞി​ട്ടുണ്ട്‌. യഹസ്‌കേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞതു വളരെ നീണ്ട ഒരു കാലത്തെ അടിമ​ത്ത​ത്തി​നു ശേഷം എല്ലാ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും ആത്മീയ​മാ​യി പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നെ കുറി​ച്ചാണ്‌. എന്നാൽ വെളി​പാട്‌ പുസ്‌തകം പറഞ്ഞത്‌, നേതൃ​ത്വ​മെ​ടു​ക്കുന്ന ഒരു ചെറി​യ​കൂ​ട്ടം അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ ആത്മീയ​മാ​യി പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നെ അഥവാ ആലങ്കാ​രി​ക​മാ​യി പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​തി​നെ കുറി​ച്ചാണ്‌. കാരണം അവർ കുറച്ചു​കാ​ല​ത്തേക്ക്‌ അന്യാ​യ​മാ​യി ജയിലി​ലാ​ക്ക​പ്പെ​ട്ടി​രു​ന്നു. ആ സമയത്ത്‌ അവർക്കു പ്രവർത്തി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. 1919-ൽ അവരെ​യാണ്‌ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യാ​യി’ നിയമി​ച്ചത്‌.—മത്താ. 24:45; യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു! പേ. 118 കാണുക.