വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം—അതിന്‌ ഇന്ന്‌ എന്തെങ്കി​ലും വിലയു​ണ്ടോ?

സത്യം—അതിന്‌ ഇന്ന്‌ എന്തെങ്കി​ലും വിലയു​ണ്ടോ?

 സത്യം ഏതാണ്‌, നുണ ഏതാണ്‌ എന്നു വേർതി​രി​ച്ച​റി​യാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നു​ണ്ടോ? സത്യത്തി​ന്റെ​യോ വസ്‌തു​ത​ക​ളു​ടെ​യോ അടിസ്ഥാ​ന​ത്തി​ലല്ല സ്വന്തം വികാ​ര​ങ്ങൾക്കും വിശ്വാ​സ​ങ്ങൾക്കും ചേർച്ച​യി​ലാണ്‌ പലരും ഇന്ന്‌ പ്രവർത്തി​ക്കു​ന്നത്‌. സത്യം എന്ന ഒന്ന്‌ ഇല്ലെന്നാണ്‌ ഇന്ന്‌ ലോക​ത്തുള്ള പലരു​ടെ​യും വിശ്വാ​സം.

 ഇതൊരു പുതിയ കാഴ്‌ച​പ്പാ​ടല്ല. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്‌ റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ യേശു​വി​നോട്‌ പുച്ഛ​ത്തോ​ടെ ഇങ്ങനെ ചോദി​ച്ചു: “എന്താണു സത്യം?” (യോഹ​ന്നാൻ 18:38) യേശു മറുപടി പറയു​ന്ന​തു​വരെ അദ്ദേഹം കാത്തു​നി​ന്നില്ല. എങ്കിലും വളരെ പ്രധാ​ന​പ്പെട്ട ഒരു ചോദ്യം​ത​ന്നെ​യാ​യി​രു​ന്നു അത്‌. അതിനുള്ള തൃപ്‌തി​ക​ര​മായ ഉത്തരം ബൈബിൾ തരുന്നു. സത്യം ഏതാ​ണെന്ന്‌ ഒരു എത്തും​പി​ടി​യും കിട്ടാത്ത ഈ ലോകത്ത്‌ ആ ഉത്തരം നിങ്ങളെ വളരെ​യ​ധി​കം സഹായി​ക്കും.

സത്യം എന്ന ഒന്നുണ്ടോ?

 ഉണ്ട്‌. ബൈബി​ളിൽ “സത്യം” എന്ന പദം വസ്‌തു​ത​ക​ളെ​യും നേരായ കാര്യ​ങ്ങ​ളെ​യും കുറി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു. സത്യത്തി​ന്റെ ഉറവ്‌ ദൈവ​മായ യഹോവയാണ്‌ a എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ യഹോ​വയെ ‘സത്യത്തി​ന്റെ ദൈവം’ എന്നാണ്‌ വിളി​ക്കു​ന്നത്‌. (സങ്കീർത്തനം 31:5) ആ ദൈവ​ത്തിൽനി​ന്നുള്ള സത്യങ്ങ​ളാണ്‌ ബൈബി​ളി​ലു​ള്ളത്‌. സംശയങ്ങൾ നിറഞ്ഞ ഈ ലോകത്ത്‌ മുന്നോ​ട്ടു​പോ​കാൻ ഈ സത്യങ്ങൾ സഹായി​ക്കു​ന്ന​തു​കൊണ്ട്‌ അതിനെ വെളി​ച്ച​ത്തോ​ടാണ്‌ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌.—സങ്കീർത്തനം 43:3; യോഹ​ന്നാൻ 17:17.

സത്യം എങ്ങനെ കണ്ടെത്താം?

 ബൈബി​ളി​ലെ സത്യങ്ങൾ നമ്മൾ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല. വികാ​ര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലല്ല, നമ്മുടെ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗിച്ച്‌ അതു പരി​ശോ​ധി​ക്കാ​നാണ്‌ ദൈവം നമ്മളോ​ടു പറയു​ന്നത്‌. (റോമർ 12:1) നമ്മൾ ദൈവത്തെ അറിയാ​നും ‘മുഴു​മ​ന​സ്സോ​ടെ’ ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ആണ്‌ ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന സത്യങ്ങൾ പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താൻ ദൈവം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—മത്തായി 22:37, 38; പ്രവൃ​ത്തി​കൾ 17:11.

നുണ—അത്‌ എവി​ടെ​നിന്ന്‌ വന്നു?

 നുണ തുടങ്ങി​യത്‌ ദൈവ​ത്തി​ന്റെ ശത്രു​വായ പിശാ​ചായ സാത്താ​നി​ലൂ​ടെ​യാണ്‌. ബൈബി​ളിൽ അവനെ ‘നുണയു​ടെ അപ്പൻ’ എന്നാണ്‌ വിളി​ക്കു​ന്നത്‌. (യോഹ​ന്നാൻ 8:44) ആദ്യമ​നു​ഷ്യ​രോട്‌ അവൻ ദൈവ​ത്തെ​ക്കു​റിച്ച്‌ നുണ പറഞ്ഞു. (ഉൽപത്തി 3:1-6, 13, 17-19; 5:5) അന്നുമു​തൽ ഇങ്ങോട്ട്‌ സാത്താൻ നുണകൾ പറഞ്ഞു​പ​ര​ത്തു​ക​യും ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മറച്ചു​വെ​ക്കു​ക​യും ചെയ്യു​ക​യാണ്‌.—വെളി​പാട്‌ 12:9.

നുണ പറയു​ന്നത്‌ ഇന്ന്‌ സാധാ​ര​ണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ‘അവസാ​ന​കാ​ലം’ എന്ന്‌ ബൈബിൾ വിളി​ക്കുന്ന ഇക്കാലത്ത്‌ സാത്താൻ മുമ്പെ​ന്ന​ത്തെ​ക്കാ​ളും ആളുകളെ സ്വാധീ​നി​ക്കു​ക​യും അവരെ വഴി​തെ​റ്റി​ക്കു​ക​യും ചെയ്യുന്നു. മറ്റുള്ള​വരെ വഴി​തെ​റ്റി​ക്കാ​നും അവരെ മുത​ലെ​ടു​ക്കാ​നും ആണ്‌ ഇന്ന്‌ ആളുകൾ സാധാരണ നുണ പറയു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1, 13) മിക്ക മതങ്ങൾക്കി​ട​യി​ലും ഇന്ന്‌ നുണകൾ സർവസാ​ധാ​ര​ണ​മാണ്‌. നമ്മുടെ കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ആളുകൾ ‘കാതു​കൾക്കു രസിക്കുന്ന കാര്യങ്ങൾ പറയുന്ന ഉപദേ​ഷ്ടാ​ക്ക​ന്മാ​രെ അവർക്കു ചുറ്റും വിളി​ച്ചു​കൂ​ട്ടി സത്യത്തി​നു നേരെ ചെവി അടയ്‌ക്കു​ന്നു.’—2 തിമൊ​ഥെ​യൊസ്‌ 4:3, 4.

സത്യം—അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 സത്യമു​ണ്ടെ​ങ്കി​ലേ ആളുകൾക്കു പരസ്‌പരം വിശ്വ​സി​ക്കാൻ കഴിയൂ. ആ വിശ്വാ​സ​മി​ല്ലെ​ങ്കിൽ സൗഹൃ​ദ​ങ്ങ​ളും സമൂഹ​വും ദൃഢമാ​യി നിൽക്കില്ല. ഇനി, ദൈവത്തെ നമ്മൾ സത്യത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ആരാധി​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. ബൈബി​ളിൽ ഇങ്ങനെ പറയുന്നു: “ദൈവത്തെ ആരാധി​ക്കു​ന്നവർ ദൈവാ​ത്മാ​വോ​ടെ​യും സത്യ​ത്തോ​ടെ​യും ആരാധി​ക്കണം.” (യോഹ​ന്നാൻ 4:24) അതു​പോ​ലെ, മതങ്ങൾക്കി​ട​യി​ലെ നുണകൾ തിരി​ച്ച​റി​യാ​നും അതിൽനിന്ന്‌ മാറി​നിൽക്കാ​നും ബൈബി​ളിൽനി​ന്നുള്ള സത്യം നിങ്ങളെ സഹായി​ക്കും. അതെക്കു​റിച്ച്‌ അറിയാൻ “ദൈവത്തെ വെറു​ക്കാൻ ഇടയാ​ക്കുന്ന നുണകൾ” എന്ന തലക്കെ​ട്ടി​നു കീഴി​ലുള്ള ലേഖനങ്ങൾ വായി​ക്കുക.

നമ്മൾ സത്യം അറിയാൻ ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 നമ്മൾ രക്ഷ നേടാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതിനു നമ്മൾ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അറിയണം. (1 തിമൊ​ഥെ​യൊസ്‌ 2:4) ശരിയും തെറ്റും സംബന്ധി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ നമ്മൾ പഠിക്കു​ക​യും അതിനു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്ക്‌ ദൈവ​വു​മാ​യി ഒരു അടുത്ത സൗഹൃദം നേടാൻ കഴിയും. (സങ്കീർത്തനം 15:1, 2) സത്യം പഠിക്കാൻ ആളുകളെ സഹായി​ക്കാ​നാണ്‌ ദൈവം യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. നമ്മൾ യേശു​വി​ന്റെ പഠിപ്പി​ക്ക​ലിന്‌ ശ്രദ്ധ​കൊ​ടു​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.—മത്തായി 17:5; യോഹ​ന്നാൻ 18:37.

ദൈവം നുണകൾ നീക്കം ചെയ്യു​മോ?

 ദൈവം അവ നീക്കം ചെയ്യും. മറ്റുള്ള​വരെ മുത​ലെ​ടു​ക്കാൻവേണ്ടി ആളുകൾ നുണ പറയു​ന്നത്‌ ദൈവ​ത്തി​നു വെറു​പ്പാണ്‌. നുണ പറയു​ന്ന​തിൽ തുടരു​ന്ന​വരെ ദൈവം ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കു​മെന്ന്‌ ഉറപ്പു​ത​ന്നി​രി​ക്കു​ന്നു. (സങ്കീർത്തനം 5:6) ദൈവം അതു ചെയ്യു​മ്പോൾ അതോ​ടൊ​പ്പം മറ്റൊരു വാഗ്‌ദാ​ന​വും നിറ​വേ​റ്റും: “സത്യം സംസാ​രി​ക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും.”—സുഭാ​ഷി​തങ്ങൾ 12:19.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.