വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലഹരി​യു​ടെ കുരു​ക്കിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ സഹായി​ക്കു​മോ?

ലഹരി​യു​ടെ കുരു​ക്കിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ സഹായി​ക്കു​മോ?

 മയക്കു​മ​രു​ന്നി​ന്റെ​യും മറ്റു ലഹരി പദാർഥ​ങ്ങ​ളു​ടെ​യും വലയിൽ കുരുങ്ങി ഓരോ വർഷവും ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ മരിക്കു​ന്നത്‌. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ ഈ പ്രശ്‌നം ഒന്നുകൂ​ടെ കൂടി​യി​ട്ടേ​യു​ള്ളൂ. എന്നാൽ ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​കൾക്ക്‌ ഇക്കാര്യ​ത്തിൽ പലരെ​യും സഹായി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. ലഹരി​യു​ടെ പിടി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ആഗ്രഹി​ക്കുന്ന ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ ബൈബി​ളി​നു നിങ്ങ​ളെ​യും സഹായി​ക്കാ​നാ​കും. a

ഈ ലേഖന​ത്തിൽ

 അഡിക്ഷൻ—സഹായ​ത്തി​നാ​യി ബൈബി​ളി​ലേക്കു നോ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ഏകാന്ത​ത​യും ടെൻഷ​നും ഉത്‌ക​ണ്‌ഠ​യും വിഷാ​ദ​വും ഒക്കെ അനുഭ​വി​ക്കു​ന്ന​വ​രാണ്‌ മിക്ക​പ്പോ​ഴും ലഹരി​യു​ടെ കുരു​ക്കിൽ പെടു​ന്ന​തെന്ന്‌ പല പഠനങ്ങ​ളും തെളി​യി​ക്കു​ന്നു. ഇത്തരം പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ പഠിച്ചാ​ലേ ലഹരി​യിൽനി​ന്നും പുറത്തു​ക​ട​ക്കാൻ കഴിയു​ക​യു​ള്ളൂ. ബൈബിൾ അതിനു നിങ്ങളെ സഹായി​ക്കും. നിങ്ങൾക്ക്‌ ആവശ്യ​മായ വിശ്വാ​സം വളർത്താൻ ബൈബി​ളി​നാ​കും. അതു​പോ​ലെ ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രി​ക്കാൻ എങ്ങനെ കഴിയു​മെന്ന്‌ അതു നിങ്ങൾക്കു കാണി​ച്ചു​ത​രും. (സങ്കീർത്തനം 25:14) ദൈവ​ത്തി​ന്റെ സഹായ​മു​ണ്ടെ​ങ്കിൽ ഒരിക്ക​ലും തനിയെ പരിഹ​രി​ക്കാൻ പറ്റി​ല്ലെന്നു തോന്നുന്ന പ്രശ്‌ന​ങ്ങൾപോ​ലും നിങ്ങൾക്കു പരിഹ​രി​ക്കാൻ കഴിയും.—മർക്കോസ്‌ 11:22-24.

 ആസക്തി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ബൈബിൾ പറയുന്ന നാലു കാര്യങ്ങൾ

  1.  1. ദൈവ​മായ യഹോവയെ b അറിയുക. (യോഹന്നാൻ 17:3) യഹോവ സ്രഷ്ടാ​വും അളവറ്റ ശക്തിയു​ടെ ഉറവി​ട​വും ആണ്‌. എന്നാൽ അതി​നെ​ക്കാ​ളും വലിയ കാര്യം, യഹോവ നിങ്ങളു​ടെ സ്‌നേ​ഹ​വാ​നായ സ്വർഗീയ പിതാ​വാണ്‌. നിങ്ങളു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രി​ക്കാ​നും നിങ്ങൾക്കു​വേണ്ടി തന്റെ ശക്തി ഉപയോ​ഗി​ക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. (യശയ്യ 40:29-31; യാക്കോബ്‌ 4:8) ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ നിങ്ങൾ ശ്രമി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കാ​യി മനോ​ഹ​ര​മായ ഒരു ഭാവി​യാണ്‌ ദൈവം കരുതി​വെ​ച്ചി​രി​ക്കു​ന്നത്‌.—യിരെമ്യ 29:11; യോഹ​ന്നാൻ 3:16.

  2.  2. യഹോ​വ​യോട്‌ സഹായം ചോദി​ക്കുക. നിങ്ങളെ സഹായി​ക്കണേ എന്നു ദൈവ​ത്തോട്‌ പ്രാർഥി​ക്കുക. ആസക്തി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നും അങ്ങനെ നിങ്ങൾ ദൈവ​ത്തി​നു ‘വിശു​ദ്ധ​രും സ്വീകാ​ര്യ​രും’ ആയിരി​ക്കാ​നും ദൈവം സഹായി​ക്കും. (റോമർ 12:1) പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയി​ലൂ​ടെ ദൈവം നിങ്ങൾക്ക്‌ “അസാധാ​ര​ണ​ശക്തി” തരും. (2 കൊരി​ന്ത്യർ 4:7; ലൂക്കോസ്‌ 11:13) ഈ ശക്തി ലഹരി​യു​ടെ പിടി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നും ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന “പുതിയ വ്യക്തി​ത്വം” വളർത്തി​യെ​ടു​ക്കാ​നും നിങ്ങളെ സഹായി​ക്കും.—കൊ​ലോ​സ്യർ 3:9, 10.

  3.  3. ദൈവ​ത്തി​ന്റെ ചിന്തകൾകൊണ്ട്‌ മനസ്സ്‌ നിറയ്‌ക്കുക. (യശയ്യ 55:9) നിങ്ങളു​ടെ ‘ചിന്താ​രീ​തി പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കാൻ’ ദൈവം സഹായി​ക്കും, അങ്ങനെ അഡിക്ഷ​നിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ നിങ്ങൾക്കാ​കും. (എഫെസ്യർ 4:23) ദൈവ​ത്തി​ന്റെ ചിന്തകൾ ഉള്ളത്‌ ബൈബി​ളി​ലാണ്‌. അതു​കൊണ്ട്‌ നിങ്ങൾ അത്‌ എന്നും വായി​ക്കണം. (സങ്കീർത്തനം 1:1-3) ബൈബിൾ പഠിപ്പി​ക്കു​ന്നതു മനസ്സി​ലാ​ക്കാൻ മറ്റുള്ള​വ​രു​ടെ സഹായം സ്വീക​രി​ച്ചതു പലർക്കും ഗുണം ചെയ്‌തി​ട്ടുണ്ട്‌. (പ്രവൃ​ത്തി​കൾ 8:30, 31) അത്തരത്തി​ലുള്ള ഒരു സൗജന്യ ബൈബിൾപ​ഠ​ന​പ​രി​പാ​ടി യഹോ​വ​യു​ടെ സാക്ഷി​കൾക്കുണ്ട്‌. കൂടാതെ ഞങ്ങളുടെ മീറ്റി​ങ്ങിൽ പങ്കെടു​ക്കാ​നും നിങ്ങളെ ക്ഷണിക്കു​ന്നു. ബൈബിൾ എന്താണു പറയു​ന്ന​തെ​ന്നും അതനു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെ​ന്നും ആണ്‌ ആ മീറ്റി​ങ്ങു​ക​ളിൽ ഞങ്ങൾ പഠിക്കു​ന്നത്‌.

  4.  4. നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുക. അഡിക്ഷ​നിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ നിങ്ങൾ തീരു​മാ​നി​ച്ചാ​ലും കൂട്ടു​കാർ നല്ലത​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ അതിന്‌ കഴിയാ​തെ​വ​രും. എന്നാൽ നല്ല കൂട്ടു​കാ​രാ​ണെ​ങ്കിൽ അവർ നിങ്ങളെ സഹായി​ക്കും. (സുഭാ​ഷി​തങ്ങൾ 13:20) അത്തരം കൂട്ടു​കാ​രെ ദൈവം തരുന്നുണ്ട്‌, തന്റെ ആരാധ​കർക്കി​ട​യിൽനിന്ന്‌. നിങ്ങൾ അവരെ കൂട്ടു​കാ​രാ​ക്കാ​നും അവരുടെ സൗഹൃ​ദ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാ​നും ആണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (സങ്കീർത്തനം 119:63; റോമർ 1:12) ഇനി നിങ്ങൾ ശ്രദ്ധി​ക്കേണ്ട മറ്റു ചില കൂട്ടു​കാ​രുണ്ട്‌. വിനോ​ദ​ത്തി​നു​വേണ്ടി നിങ്ങൾ കാണു​ക​യോ കേൾക്കു​ക​യോ വായി​ക്കു​ക​യോ ചെയ്യുന്ന കാര്യ​ങ്ങ​ളി​ലെ കഥാപാ​ത്ര​ങ്ങ​ളാണ്‌ അവർ. അതു​കൊണ്ട്‌ വിനോ​ദ​പ​രി​പാ​ടി​കൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ പ്രത്യേ​കം ശ്രദ്ധി​ക്കണം. ശരിയാ​യതു ചെയ്യാ​നുള്ള നിങ്ങളു​ടെ തീരു​മാ​നത്തെ ദുർബ​ല​മാ​ക്കുന്ന എന്തും ഒഴിവാ​ക്കുക.—സങ്കീർത്തനം 101:3; ആമോസ്‌ 5:14.

 അഡിക്ഷനെ മറിക​ട​ക്കാൻ സഹായി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ

 സങ്കീർത്തനം 27:10: “സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചാ​ലും യഹോവ എന്നെ സ്വീക​രി​ക്കും.”

 “എന്റെ അപ്പൻ ആരാ​ണെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. എനിക്ക്‌ എപ്പോ​ഴും നഷ്ടബോ​ധ​മാ​യി​രു​ന്നു. പക്ഷേ യഹോവ ഒരു യഥാർഥ​വ്യ​ക്തി​യാ​ണെ​ന്നും എന്നെ ഒരുപാട്‌ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും തിരി​ച്ച​റി​ഞ്ഞ​പ്പോൾമു​തൽ എന്റെ ജീവി​തം​കൊണ്ട്‌ എന്തൊ​ക്കെ​യോ ചെയ്യാ​നു​ണ്ടെന്ന്‌ എനിക്കു തോന്നി. അത്‌ ലഹരി​വ​സ്‌തു​ക്ക​ളു​ടെ പിടി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ എന്നെ സഹായി​ച്ചു.”—ഹെയ്‌റ്റി​യിൽനി​ന്നുള്ള വിൽബി.

 സങ്കീർത്ത​നം 50:15: “കഷ്ടകാ​ലത്ത്‌ എന്നെ വിളിക്കൂ! ഞാൻ നിന്നെ രക്ഷിക്കും.”

 “എന്റെ അഡിക്ഷനെ തോൽപ്പി​ക്കാൻ ഞാൻ ശ്രമി​ച്ചെ​ങ്കി​ലും പലപ്പോ​ഴും വീണു​പോ​യി. അപ്പോ​ഴൊ​ക്കെ മടുത്തു​പോ​കാ​തി​രി​ക്കാൻ ഈ വാക്യ​മാണ്‌ എന്നെ സഹായി​ച്ചത്‌. യഹോവ തന്റെ ആ വാക്കു പാലി​ക്കു​ക​തന്നെ ചെയ്‌തു.”—യു​ക്രെ​യി​നിൽനിന്ന്‌ സെർഹി.

 സുഭാ​ഷി​ത​ങ്ങൾ 3:5, 6: “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌. എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെ​യാ​ക്കും.”

 “എന്നെത്തന്നെ ആശ്രയി​ക്കു​ന്ന​തി​നു പകരം യഹോ​വ​യിൽ ആശ്രയി​ക്കാൻ ഈ വാക്യങ്ങൾ എന്നെ സഹായി​ച്ചു. യഹോ​വ​യു​ടെ ശക്തിയാൽ എന്റെ ജീവിതം അടിമു​ടി മാറ്റാൻ എനിക്കു കഴിഞ്ഞു.”—ഇറ്റലി​യിൽനിന്ന്‌ മിഖെല.

 യശയ്യ 41:10: “പേടി​ക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും, എന്റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.”

 “മയക്കു​മ​രുന്ന്‌ കിട്ടാ​താ​കു​മ്പോൾ എനിക്കാ​കെ ഭ്രാന്ത്‌ പിടി​ക്കു​മാ​യി​രു​ന്നു. അത്തരത്തിൽ ടെൻഷൻ എന്നെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ ദൈവം സഹായി​ക്കു​മെന്ന്‌ ഈ തിരു​വെ​ഴുത്ത്‌ എനിക്ക്‌ ഉറപ്പ്‌ നൽകി. ദൈവം സഹായി​ക്കു​ക​യും ചെയ്‌തു.”—സൗത്ത്‌ ആഫ്രി​ക്ക​യിൽനി​ന്നുള്ള ആൻഡി.

 1 കൊരി​ന്ത്യർ 15:33, അടിക്കു​റിപ്പ്‌: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. ചീത്ത കൂട്ടു​കെട്ടു നല്ല ധാർമി​ക​മൂ​ല്യ​ങ്ങളെ നശിപ്പി​ക്കു​ന്നു.”

 “മോശം കൂട്ടു​കാ​രാണ്‌ ലഹരി​യു​ടെ ലോക​ത്തേക്ക്‌ എന്നെ വലിച്ചു​കൊ​ണ്ടു​പോ​യത്‌. ആ കൂട്ടു​കെ​ട്ടൊ​ക്കെ ഒന്നു നിറുത്തി നല്ല ശീലങ്ങ​ളുള്ള ഫ്രണ്ട്‌സി​നെ പരിച​യ​പ്പെ​ട്ട​പ്പോ​ഴാണ്‌ എനിക്ക്‌ അതിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നാ​യത്‌.”—കെനി​യ​യിൽനിന്ന്‌ ഐസക്ക്‌.

 2 കൊരി​ന്ത്യർ 7:1: ‘ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കുക.’

 “ശരീരത്തെ ശുദ്ധീ​ക​രി​ക്കാ​നും ലഹരിക്ക്‌ അടി​പ്പെട്ട്‌ സ്വയം നശിക്കു​ന്നത്‌ ഒഴിവാ​ക്കാ​നും എന്നെ പ്രചോ​ദി​പ്പി​ച്ചത്‌ ഈ വാക്കു​ക​ളാണ്‌. അതു​കൊ​ണ്ടു​തന്നെ ഞാൻ ശ്രമം ഉപേക്ഷി​ച്ചില്ല.”—കൊളം​ബി​യ​യിൽനിന്ന്‌ റോസ.

 ഫിലി​പ്പി​യർ 4:13: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.”

 “ഇതിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ എന്നെ​ക്കൊണ്ട്‌ തന്നെ പറ്റി​ല്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എന്നെ സഹായി​ക്കണേ എന്ന്‌ ഞാൻ ദൈവ​ത്തോട്‌ പ്രാർഥി​ച്ചു. ദൈവം എനിക്ക്‌ ആവശ്യ​മായ ശക്തി തന്നു.”—ഇറ്റലി​യിൽനിന്ന്‌ പാട്രി​റ്റ്‌സിയ.

 ബൈബി​ളി​ന്റെ സഹായ​ത്താൽ ആസക്തി​യു​ടെ ചങ്ങല പൊട്ടി​ച്ചെ​റി​ഞ്ഞവർ

 ജോസഫ്‌ ഈരൻബോ​ഗൻ അക്രമം നിറഞ്ഞ ഒരു ചുറ്റു​പാ​ടിൽ വളർന്നു​വന്ന ആളായി​രു​ന്നു. മദ്യം, പുകയില, കഞ്ചാവ്‌, ഹെറോ​യിൻ എന്നിവ​യ്‌ക്ക്‌ അടിമ​യാ​യി​രു​ന്നു അദ്ദേഹം. ഇതി​ന്റെ​യൊ​ക്കെ അമിത​മായ ഉപയോ​ഗം കാരണം പല തവണ മരണത്തി​ന്റെ വക്കോളം എത്തി. തനിക്കു മാറ്റം വരുത്താൻ കഴിയു​മെന്ന്‌ അദ്ദേഹത്തെ ബോധ്യ​പ്പെ​ടു​ത്തി​യത്‌ ഒരു ബൈബിൾഭാ​ഗ​മാണ്‌. അദ്ദേഹ​ത്തി​ന്റെ ജീവി​തകഥ വായി​ക്കാൻ “സ്‌ത്രീ​കളെ ബഹുമാ​നി​ക്കാ​നും ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കാ​നും ഞാൻ പഠിച്ചു” എന്ന ലേഖനം കാണുക.

 ഡിമി​ട്രായ്‌ കോർഷ്‌നൗ മദ്യത്തിന്‌ അടിമ​യാ​യി​രു​ന്നു. കുടി​യൊന്ന്‌ നിറു​ത്താൻ പല തവണ ശ്രമി​ച്ചെ​ങ്കി​ലും അദ്ദേഹ​ത്തി​നു കഴിഞ്ഞില്ല. എന്നാൽ വിജയി​ക്കാൻ എന്താണ്‌ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്ന്‌ അറിയാൻ ‘ഞാൻ ജീവിതം മടുത്തു’ എന്ന വീഡി​യോ കാണുക.

 ബൈബി​ള​നു​സ​രിച്ച്‌ അഡിക്ഷനു ചികിത്സ തേടു​ന്നത്‌ തെറ്റാ​ണോ?

 അല്ല. ബൈബിൾ പറയുന്നു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.” (മത്തായി 9:12) ഇതി​നോ​ടു യോജി​ക്കു​ന്ന​താണ്‌ മയക്കു​മ​രുന്ന്‌ ആസക്തി​യു​മാ​യി ബന്ധപ്പെട്ട യു.എസ്‌. ദേശീയ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഈ പ്രസ്‌താ​വ​ന​യും: “മയക്കു​മ​രു​ന്നി​നോ​ടുള്ള ആസക്തി ഒരു രോഗ​മാണ്‌, സങ്കീർണ​മായ ഒന്ന്‌. ഉറച്ചതീ​രു​മാ​നം എടുത്ത​തു​കൊണ്ട്‌ മാത്രം പലപ്പോ​ഴും അതിൽനിന്ന്‌ പുറത്ത്‌ കടക്കാ​നാ​കില്ല.” നമ്മുടെ മനോ​ബ​ല​ത്തെ​ക്കാൾ ഒക്കെ വളരെ ശക്തമാണു ദൈവം തരുന്ന സഹായം എന്നതു ശരിയാണ്‌. എങ്കിലും ബൈബി​ളി​ന്റെ ഉപദേശം സ്വീക​രിച്ച്‌ ആസക്തി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ പുറത്തു​ക​ട​ന്നി​ട്ടുള്ള പലരും വൈദ്യ​സ​ഹാ​യം​കൂ​ടെ സ്വീക​രി​ച്ച​വ​രാണ്‌. c ഉദാഹ​ര​ണ​ത്തിന്‌ അലന്റെ കാര്യം ചിന്തി​ക്കുക. അദ്ദേഹം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ കുടി നിറു​ത്താൻ ശ്രമി​ച്ച​പ്പോൾ എന്റെ ശരീരം അതിനു സമ്മതി​ക്കു​ന്നു​ണ്ടാ​യി​രു​ന്നില്ല. വല്ലാത്ത വേദന​യും അസ്വസ്ഥ​ത​യും ഒക്കെ എനിക്ക്‌ അനുഭ​വ​പ്പെട്ടു. എനിക്കു കിട്ടുന്ന ആത്മീയ​സ​ഹാ​യ​ത്തോ​ടൊ​പ്പം വൈദ്യ​സ​ഹാ​യ​വും​കൂ​ടെ ഞാൻ സ്വീക​രി​ക്ക​ണ​മെന്ന്‌ അപ്പോ​ഴാണ്‌ എനിക്ക്‌ മനസ്സി​ലാ​യത്‌.”

 മയക്കു​മ​രുന്ന്‌ ചേർന്ന മരുന്നു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ തെറ്റാ​ണെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

 ഇല്ല. രോഗം ചികി​ത്സി​ക്കു​ന്ന​തി​നോ മരണക്കി​ട​ക്ക​യിൽ ആയിരി​ക്കു​ന്ന​വ​രു​ടെ വേദന ശമിപ്പി​ക്കു​ന്ന​തി​നോ ആയി മദ്യം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 31:6; 1 തിമൊ​ഥെ​യൊസ്‌ 5:23) ഇതു​പോ​ലെ, മയക്കു​മ​രുന്ന്‌ ചേർന്ന ചില മരുന്നു​കൾ വേദനാ​സം​ഹാ​രി​യാ​യി ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നാൽ മദ്യത്തി​ന്റെ കാര്യം​പോ​ലെ​തന്നെ ഇവയും വളരെ​യ​ധി​കം അഡിക്ഷൻ ഉണ്ടാക്കി​യേ​ക്കാം. അതു​കൊണ്ട്‌ നിങ്ങൾക്കു കുറി​ച്ചു​ത​രുന്ന വേദനാ​സം​ഹാ​രി​കൾ ഉപയോ​ഗി​ക്കു​മ്പോൾ, ഉണ്ടാ​യേ​ക്കാ​വുന്ന അപകടം മനസ്സി​ലാ​ക്കി ജാഗ്രത പാലി​ക്കു​ന്നത്‌ നല്ലതാണ്‌.—സുഭാ​ഷി​തങ്ങൾ 22:3.

a മയക്കുമരുന്ന്‌ ആസക്തിയെ എങ്ങനെ തരണം ചെയ്യാം എന്നതി​നെ​ക്കു​റി​ച്ചാണ്‌ ഈ ലേഖനം പ്രധാ​ന​മാ​യും പറയു​ന്ന​തെ​ങ്കി​ലും, ഏത്‌ ആസക്തി​യെ​യും മറിക​ട​ക്കാൻ ഇതിലെ ബൈബിൾത​ത്ത്വ​ങ്ങൾ നിങ്ങളെ സഹായി​ക്കും. മദ്യം, പുകയില, ഭക്ഷണം, ചൂതാട്ടം, അശ്ലീലം, സോഷ്യൽമീ​ഡിയ എന്നിവ​യൊ​ക്കെ അതിനുള്ള ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.

b ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “ആരാണ്‌ യഹോവ?” എന്ന ലേഖനം കാണുക.

c ഇതിനോടു ബന്ധപ്പെട്ട അനേകം ചികി​ത്സാ​കേ​ന്ദ്ര​ങ്ങ​ളും ഹോസ്‌പി​റ്റ​ലു​ക​ളും അഡിക്ഷ​നിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ സഹായി​ക്കുന്ന മറ്റു പരിപാ​ടി​ക​ളും നിലവി​ലുണ്ട്‌. എന്നാൽ ഇവ ഓരോ​ന്നും ശ്രദ്ധ​യോ​ടെ വിലയി​രു​ത്തി ഏറ്റവും നല്ലത്‌ ഏതാ​ണെന്ന്‌ ഓരോ​രു​ത്ത​രും തീരു​മാ​നി​ക്കണം.—സുഭാ​ഷി​തങ്ങൾ 14:15.