വിവരങ്ങള്‍ കാണിക്കുക

ആ കത്തുകൾ അവർ വിലമ​തി​ച്ചു

ആ കത്തുകൾ അവർ വിലമ​തി​ച്ചു

 ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌ ബ്രൂക്ക്‌. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ കത്തുകൾ എഴുതി​ക്കൊ​ണ്ടാണ്‌ ബ്രൂക്ക്‌ സാക്ഷീ​ക​രി​ച്ചി​രു​ന്നത്‌. ഓരോ ആഴ്‌ച​യും ഒരുപാട്‌ കത്തുകൾ എഴുതു​മാ​യി​രു​ന്നു. എങ്കിലും ഒന്നര വർഷം കഴിഞ്ഞ​പ്പോൾ അവർക്കു നിരു​ത്സാ​ഹം തോന്നി. അത്രയും നാളാ​യി​ട്ടും ആകെ ഒരാളു​ടെ മറുപടി മാത്രമേ കിട്ടി​യു​ള്ളൂ. അതാ​ണെ​ങ്കിൽ വീണ്ടും കത്തുകൾ എഴുത​രുത്‌ എന്നു പറഞ്ഞു​കൊ​ണ്ടും. താൻ ചെയ്യു​ന്ന​തു​കൊ​ണ്ടൊ​ന്നും ഒരു പ്രയോ​ജ​ന​വു​മി​ല്ലെന്നു ബ്രൂക്കി​നു തോന്നി.

 അധികം നാൾ കഴിഞ്ഞില്ല, ബാങ്കിൽ ജോലി ചെയ്‌തി​രുന്ന ഒരു യഹോ​വ​യു​ടെ സാക്ഷി​യായ കിം, തന്റെ ബാങ്കിൽ വന്ന ഒരാ​ളോ​ടു സംസാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ ബ്രൂക്കി​നോ​ടു പറഞ്ഞു. ആ വ്യക്തി യഹോ​വ​യു​ടെ സാക്ഷികൾ എഴുതിയ ഒരു കത്ത്‌ തനിക്ക്‌ കിട്ടി​യെന്നു കിമ്മി​നോ​ടു പറഞ്ഞി​രു​ന്നു. പറഞ്ഞു​വ​ന്ന​പ്പോൾ അതു ബ്രൂക്ക്‌ എഴുതിയ കത്തായി​രു​ന്നു. പിറ്റെ ആഴ്‌ച​യും ആ വ്യക്തി ബാങ്കിൽ വന്നു. കിമ്മു​മാ​യി സംസാ​രി​ക്കു​ന്ന​തിന്‌ ഇടയിൽ അദ്ദേഹം പറഞ്ഞു, ഓൺ​ലൈ​നിൽ നടക്കുന്ന സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങിൽ പങ്കെടു​ക്കാൻ തനിക്ക്‌ താത്‌പ​ര്യ​മു​ണ്ടെന്ന്‌.

 കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഡേവിഡ്‌ എന്നു പേരുള്ള മറ്റൊരു സാക്ഷി, ബ്രൂക്കി​ന്റെ കത്ത്‌ കിട്ടിയ ഒരു സഹജോ​ലി​ക്കാ​ര​നെ​ക്കു​റിച്ച്‌ ബ്രൂക്കി​നോ​ടു പറഞ്ഞു. ബ്രൂക്ക്‌ തന്റെ സ്വന്തം കൈപ്പ​ട​യിൽ ആ കത്ത്‌ എഴുതി​യ​തു​കൊണ്ട്‌ ആ വ്യക്തിക്ക്‌ അത്‌ ഇഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഇതു​പോ​ലെ മറ്റുള്ള​വ​രു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കുന്ന ആളുകൾ ഇന്ന്‌ അധിക​മില്ല.” ഡേവിഡ്‌ അദ്ദേഹ​ത്തോ​ടു ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ സംസാ​രി​ക്കു​ക​യും വായി​ക്കാൻ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കാ​മെന്നു പറയു​ക​യും ചെയ്‌തു. ആ വ്യക്തി അതു സന്തോ​ഷ​ത്തോ​ടെ സമ്മതിച്ചു.

 യഹോ​വ​യു​ടെ സാക്ഷികൾ തിരി​ച്ച​റി​യുന്ന ഒരു കാര്യ​മാണ്‌, ശുശ്രൂ​ഷ​യിൽ അവർ വിതയ്‌ക്കുന്ന വിത്തുകൾ മുളയ്‌ക്കു​ന്നത്‌ അവർ എപ്പോ​ഴും തിരി​ച്ച​റി​യ​ണ​മെ​ന്നില്ല എന്നത്‌. (സഭാ​പ്ര​സം​ഗകൻ 11:5, 6) ഈ അനുഭവം ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ തനിക്കുള്ള പങ്കിനെ വിലമ​തി​ക്കാൻ ബ്രൂക്കി​നെ സഹായി​ച്ചു.—1 കൊരി​ന്ത്യർ 3:6.