വിവരങ്ങള്‍ കാണിക്കുക

മഹാമാ​രി​യു​ടെ സമയത്തും അവർ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു

മഹാമാ​രി​യു​ടെ സമയത്തും അവർ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു

 കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ ബൈബി​ളി​ലെ ആശ്വാസം തരുന്ന സന്ദേശം മറ്റുള്ള​വരെ അറിയി​ക്കുന്ന രീതി​ക​ളിൽ നമ്മുടെ സഹോ​ദ​രങ്ങൾ ചില മാറ്റങ്ങൾ വരുത്തി. പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തി​ലൂ​ടെ​യോ ആളുകളെ വീടു​ക​ളിൽ ചെന്ന്‌ കണ്ടു​കൊ​ണ്ടോ അല്ല അവർ സന്തോ​ഷ​വാർത്ത അറിയി​ച്ചത്‌, പകരം ടെലി​ഫോ​ണി​ലൂ​ടെ​യും കത്തുക​ളി​ലൂ​ടെ​യും ആണ്‌ അവർ പ്രധാ​ന​മാ​യും അതു ചെയ്‌തത്‌. a പല ആളുക​ളും ഇതിനെ വിലമ​തി​ക്കു​ന്നുണ്ട്‌. ആ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തും വ്യക്തമാ​യി കാണാം. (സുഭാ​ഷി​തങ്ങൾ 16:3, 4) ഒരു ദ്വീപ​രാ​ഷ്‌ട്ര​ത്തിൽനി​ന്നുള്ള ചില അനുഭ​വങ്ങൾ നോക്കാം.

 മഹാമാ​രിക്ക്‌ മുമ്പ്‌ ഹെലൻ ക്രമമാ​യിട്ട്‌ ഒരു സ്‌ത്രീ​യു​ടെ അടുത്ത്‌ പോകു​മാ​യി​രു​ന്നു. ബൈബിൾ പഠിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവരോ​ടു പറയു​മാ​യി​രു​ന്നു. അന്നൊ​ന്നും ആ സ്‌ത്രീക്ക്‌ താത്‌പ​ര്യം ഉണ്ടായി​രു​ന്നില്ല. എന്നാൽ ലോക്‌ഡൗൺ തുടങ്ങു​ന്ന​തി​ന്റെ തലേന്ന്‌ ഹെലൻ അവർക്ക്‌ ഒരു ബൈബി​ളും ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? എന്ന പുസ്‌ത​ക​വും കൊടു​ത്തു. എന്നിട്ട്‌ ലോക്‌ഡൗ​ണി​ന്റെ സമയത്ത്‌ ഹെലൻ വീണ്ടും ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ അവരോ​ടു പറഞ്ഞു. ആ പഠനം ഫോണി​ലൂ​ടെ​യാ​യി​രി​ക്കും നടത്തുക എന്നും പറഞ്ഞു. ഇത്തവണ ആ സ്‌ത്രീ​ക്കു താത്‌പ​ര്യ​മാ​യി​രു​ന്നു. ബൈബിൾപ​ഠനം തുടങ്ങി​യ​പ്പോൾ അവർക്ക്‌ അത്‌ ഒരുപാട്‌ ഇഷ്ടമായി. എല്ലാ ദിവസ​വും ബൈബിൾ പഠിച്ചാൽ കൊള്ളാ​മെ​ന്നാ​യി പിന്നെ അവർക്ക്‌. ഫോണി​ലൂ​ടെ അവർ ക്രമമാ​യി മീറ്റി​ങ്ങു​കൾ കൂടാൻതു​ടങ്ങി. അതു​പോ​ലെ ബൈബിൾ പഠിക്കു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ക്കാ​നും പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാ​നും തുടങ്ങി.

 ഒരു സഭയിലെ സഹോ​ദ​രങ്ങൾ ആ പ്രദേ​ശ​ത്തുള്ള പോലീ​സു​കാർക്ക്‌ അവരുടെ വിലപ്പെട്ട സേവന​ത്തി​നുള്ള നന്ദി അറിയി​ച്ചു​കൊണ്ട്‌ കത്തുകൾ എഴുതാൻ തീരു​മാ​നി​ച്ചു. ഈ കത്തുകൾ കിട്ടി​യ​പ്പോൾ പോലീ​സു​കാർ ശരിക്കും അതിശ​യി​ച്ചു​പോ​യി. ഒരു ഓഫീസർ സഭയിലെ മൂപ്പനായ ജെഫേ​ഴ്‌സോ​ണി​നോട്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “യഹോ​വ​യു​ടെ സാക്ഷികൾ പോലീ​സു​കാർക്ക്‌ എതിരാ​ണെ​ന്നാണ്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌.” അതൊ​രി​ക്ക​ലും അങ്ങനെ​യ​ല്ലെന്ന്‌ ജെഫേ​ഴ്‌സോൺ അദ്ദേഹ​ത്തിന്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. പോലീ​സു​കാ​രെ വിലമ​തി​ച്ചു​കൊ​ണ്ടുള്ള ആ കത്തുകൾ അവർക്ക്‌ ഒരുപാട്‌ ഇഷ്ടമായി. അതു​കൊണ്ട്‌ അവർ അത്‌ പോലീസ്‌ സ്റ്റേഷന്റെ മുൻവ​ശത്ത്‌ ഒട്ടിച്ചു​വെച്ചു. “ഇതു കാണു​മ്പോൾ മറ്റുള്ള​വർക്കും പോലീ​സു​കാ​രെ വിലമ​തി​ക്കാൻ തോന്നി​യാ​ലോ” എന്നാണ്‌ മറ്റൊരു ഓഫീസർ പറഞ്ഞത്‌.

 എഡ്‌ന​യും എഡ്‌നാ​ലി​നും സാധാരണ മുൻനി​ര​സേ​വ​ക​രാണ്‌. b അവരുടെ വീട്ടിൽ ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലാത്ത​തു​കൊണ്ട്‌ മീറ്റി​ങ്ങു​കൾ വീഡി​യോ കോൺഫ​റൻസ്‌ വഴി കൂടാൻ അവർക്കു സാധി​ക്കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അവർ തൊട്ട​ടു​ത്തുള്ള അയൽക്കാ​രി​യെ വിളി​ച്ചിട്ട്‌ അവിടത്തെ വൈ-ഫൈ ഉപയോ​ഗി​ച്ചോ​ട്ടേ എന്നു ചോദി​ച്ചു, അതിനുള്ള പണം കൊടു​ക്കാ​മെ​ന്നും പറഞ്ഞു. ആ സ്‌ത്രീ വളരെ ദയയുള്ള ആളായി​രു​ന്ന​തു​കൊണ്ട്‌ അവരോട്‌ പൈസ​യൊ​ന്നും ഇല്ലാ​തെ​തന്നെ നെറ്റ്‌ ഉപയോ​ഗി​ച്ചു​കൊ​ള്ളാൻ പറഞ്ഞു. എഡ്‌ന​യും എഡ്‌നാ​ലി​നും, മീറ്റിങ്ങ്‌ കൂടുന്നോ എന്ന്‌ ആ സ്‌ത്രീ​യോ​ടു ചോദി​ച്ച​പ്പോൾ അവർ അതിനു തയ്യാറാ​യി. ഇപ്പോൾ ആ അയൽക്കാ​രി​യും അവരുടെ മക്കളിൽ ഒരാളും രണ്ടു പേരക്കു​ട്ടി​ക​ളും ബൈബിൾ പഠിക്കു​ന്നുണ്ട്‌. അവർ മീറ്റി​ങ്ങു​ക​ളും ക്രമമാ​യി കൂടു​ന്നുണ്ട്‌.

 ചില സഹോ​ദ​രങ്ങൾ, വീഡി​യോ കോൺഫ​റൻസ്‌ വഴി നടത്തുന്ന ഒരു പൊതു​പ്ര​സം​ഗ​ത്തിന്‌ അയൽക്കാ​രെ​യും കൂടെ ജോലി ചെയ്യു​ന്ന​വ​രെ​യും മറ്റുള്ള​വ​രെ​യും ഒക്കെ ക്ഷണിച്ചു. ആശുപ​ത്രി​യിൽ ജോലി ചെയ്യുന്ന ഒരു സഹോ​ദ​രി​യാണ്‌ എലെയ്‌ൻ. കൂടെ ജോലി ചെയ്യു​ന്ന​വരെ ഈ പൊതു​പ്ര​സം​ഗ​ത്തിന്‌ വിളി​ക്ക​ണ​മെന്ന്‌ അവൾക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ അവിടത്തെ ചില ഡോക്ടർമാർക്കൊ​ന്നും സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അത്ര നല്ല അഭി​പ്രാ​യ​മി​ല്ലെന്ന്‌ എലെയ്‌നു തോന്നി. എന്നാലും അവരെ ക്ഷണിച്ചു​കൊണ്ട്‌ എലെയ്‌ൻ മെസേജ്‌ അയച്ചു. അപ്പോ​ഴും ദമ്പതി​ക​ളായ രണ്ടു ഡോക്ടർമാർക്ക്‌ മെസേജ്‌ അയയ്‌ക്കാൻ അവൾക്കു മടിയാ​യി​രു​ന്നു. എന്നാൽ അതെക്കു​റിച്ച്‌ നന്നായി ചിന്തി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌ത​ശേഷം അവരെ ക്ഷണിക്കാൻതന്നെ എലെയ്‌ൻ തീരു​മാ​നി​ച്ചു. എലെയ്‌ന്റെ ക്ഷണം കിട്ടി​യ​പ്പോൾ ആ ഭാര്യ തിരിച്ച്‌ ഇങ്ങനെ മെസേജ്‌ അയച്ചു: “എന്നെയും നിങ്ങളു​ടെ മതത്തിൽ ചേർക്കാൻവേ​ണ്ടി​യാ​ണോ?” യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ മാത്രമല്ല ആർക്ക്‌ വേണ​മെ​ങ്കി​ലും ഞങ്ങളുടെ മീറ്റി​ങ്ങി​നു വരാ​മെന്ന്‌ എലെയ്‌ൻ പറഞ്ഞു. പിറ്റേന്ന്‌ എലെയ്‌ൻ മീറ്റി​ങ്ങി​നു കയറി​യ​പ്പോൾ ഞെട്ടി​പ്പോ​യി. ആ ദമ്പതികൾ നേര​ത്തേ​തന്നെ മീറ്റി​ങ്ങിൽ ജോയിൻ ചെയ്‌തി​രി​ക്കു​ന്നു. എലെയ്‌ൻ പറയുന്നു: “മീറ്റിങ്ങ്‌ കഴിയു​ന്ന​തിന്‌ മുമ്പു​തന്നെ ആ സത്രീ എനിക്ക്‌ ഇങ്ങനെ മെസേജ്‌ അയച്ചു: ‘ഞാൻ ആദ്യമാ​യി​ട്ടാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മീറ്റിങ്ങ്‌ കൂടു​ന്നത്‌. കൊള്ളാം. ഇത്‌ എനിക്ക്‌ ഇഷ്ടപ്പെട്ടു. എന്നെ ക്ഷണിച്ച​തി​നു നന്ദി.’”

എലെയ്‌ൻ

 താൻ ക്ഷണിച്ച 20 ഡോക്ടർമാ​രിൽ 16 പേരും മീറ്റി​ങ്ങി​നു വന്നതു കണ്ടപ്പോൾ എലെയ്‌ന്‌ അതിശയം തോന്നി. അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കുകൾ കടമെ​ടു​ത്തു​കൊണ്ട്‌ എലെയ്‌ൻ പറയുന്നു: “‘ധൈര്യ​മാർജി​ച്ചു​കൊണ്ട്‌’ എന്റെ കൂടെ ജോലി ചെയ്യു​ന്ന​വ​രോട്‌ ‘ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത’ അറിയി​ക്കാ​നാ​യ​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌.”—1 തെസ്സ​ലോ​നി​ക്യർ 2:2.

 മഹാമാ​രി എല്ലാവർക്കും ബുദ്ധി​മുട്ട്‌ ഉണ്ടാക്കി​യി​ട്ടുണ്ട്‌. എന്നാൽ ഈ ദ്വീപി​ലും മറ്റു സ്ഥലങ്ങളി​ലും ഉള്ള നമ്മുടെ സഹോ​ദ​രങ്ങൾ നിരാ​ശ​യിൽ ആണ്ടു​പോ​യി​ട്ടില്ല. തങ്ങളാൽ കഴിയുന്ന വിധത്തിൽ മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ സന്തോഷം നിലനി​റു​ത്താ​നാ​കു​ന്നു.—പ്രവൃ​ത്തി​കൾ 20:35.

a യഹോവയുടെ സാക്ഷികൾ അവരുടെ ശുശ്രൂഷ നിർവ​ഹി​ക്കു​ന്നത്‌ നിലവി​ലുള്ള വിവര​സം​രക്ഷണ നിയമ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌.

b മുൻനിരസേവകർ എന്നു പറയു​ന്നതു മുഴു​സമയ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​ക​രെ​യാണ്‌.