വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“ആയോധനകലകളായിരുന്നു എന്റെ ഹരം”

“ആയോധനകലകളായിരുന്നു എന്റെ ഹരം”
  • ജനനം: 1962

  • രാജ്യം: അമേരി​ക്കൻ ഐക്യ​നാ​ടു​കൾ

  • ചരിത്രം: ആയോ​ധ​ന​ക​ല​യ്‌ക്കു​വേണ്ടി ജീവിതം മാറ്റി​വെ​ച്ചു

എന്റെ പഴയ കാലം

 എന്റെ എതിരാ​ളി​ക്കു​ണ്ടായ പരുക്ക്‌ ഞാൻ വിചാ​രി​ച്ച​തി​ലും വലുതായിരുന്നു. മത്സരത്തി​നി​ട​യിൽ അറിയാ​തെ ഞാൻ അദ്ദേഹ​ത്തി​ന്റെ മൂക്കി​ലാണ്‌ ഇടിച്ചത്‌. എനിക്ക്‌ കുറ്റ​ബോ​ധം തോന്നി. ആയോ​ധ​ന​ക​ലകൾ അഭ്യസി​ക്കു​ന്നത്‌ നിറു​ത്തി​യാ​ലോ എന്ന്‌ ഞാൻ ചിന്തിച്ചു. പക്ഷേ എന്തു​കൊ​ണ്ടാ​യി​രി​ക്കും ഈ ഒരു തെറ്റിന്റെ പേരിൽ ഈ കളിതന്നെ ഉപേക്ഷി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചത്‌? അത്‌ പറയു​ന്ന​തി​നു മുമ്പ്‌, ഞാൻ എങ്ങനെ​യാണ്‌ ഈ കായി​കാ​ഭ്യാ​സ​ത്തി​ന്റെ ലോക​ത്തി​ലേക്കു വന്നത്‌ എന്നു പറയാം.

 യു.എസ്‌.എ-യിലെ ന്യൂ​യോർക്കി​ലുള്ള ബഫല്ലോ​യി​ലാണ്‌ ഞാൻ വളർന്നത്‌. നല്ല ഭക്തിയുള്ള ഒരു കത്തോ​ലി​ക്കാ കുടും​ബ​മാ​യി​രു​ന്നു എന്റേത്‌. ഞാൻ സൺഡേ സ്‌കൂ​ളു​കൾക്ക്‌ പോയി​രു​ന്നു, പള്ളിയി​ലെ അൾത്താര ബാലനും ആയിരു​ന്നു. ഞാനും എന്റെ ചേച്ചി​യും ജീവി​ത​ത്തിൽ വിജയി​ക്ക​ണ​മെന്ന്‌ ഞങ്ങളുടെ മാതാ​പി​താ​ക്കൾ ആഗ്രഹി​ച്ചു. അതു​കൊ​ണ്ടു​തന്നെ പഠന​ത്തോ​ടൊ​പ്പം കായി​കാ​ഭ്യാ​സ​ങ്ങൾക്കു ചേരാ​നും പാർട്ട്‌ടൈം ആയി ജോലി ചെയ്യാ​നും അവർ അനുവ​ദി​ച്ചി​രു​ന്നു. പക്ഷേ പഠിത്ത​ത്തിൽ ഒരു കുറവും വരാൻ പാടി​ല്ലെന്നു മാത്രം. ഇതൊ​ക്കെ​ക്കൊണ്ട്‌ ചെറു​പ്പം​തൊ​ട്ടേ ഞാൻ നല്ല അച്ചടക്ക​ത്തോ​ടെ​യാണ്‌ വളർന്നത്‌.

 17 വയസ്സു​മു​തൽ ഞാൻ ആയോ​ധ​ന​ക​ലകൾ പഠിക്കാൻ തുടങ്ങി. കുറേ വർഷങ്ങൾ ആഴ്‌ച​യിൽ ആറു ദിവസം മൂന്നു മണിക്കൂർ വെച്ച്‌ ഞാൻ പ്രാക്ടീസ്‌ ചെയ്‌തി​രു​ന്നു. ഇനി മനസ്സി​ലും ഞാൻ പ്രാക്ടീസ്‌ ചെയ്യും, കളിക്കുന്ന രീതി​ക​ളെ​ക്കു​റി​ച്ചും വിദ്യ​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ ചിന്തി​ച്ചു​കൊണ്ട്‌. മെച്ച​പ്പെ​ടാൻ വേണ്ടി ഒരുപാട്‌ വീഡി​യോ​ക​ളും കാണു​മാ​യി​രു​ന്നു. കണ്ണു കെട്ടി പ്രാക്ടീസ്‌ ചെയ്യു​ന്നത്‌ എനിക്ക്‌ വലിയ ആവേശ​മാ​യി​രു​ന്നു. ആയുധങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടു​പോ​ലും അങ്ങനെ ചെയ്‌തി​രു​ന്നു. ഇഷ്ടിക​ക​ളും പലകക​ളും ഒക്കെ ഒറ്റ അടി​കൊണ്ട്‌ ഞാൻ തകർക്കും. ഞാൻ ഒരു താരമാ​യി, മത്സരങ്ങ​ളിൽ സമ്മാന​ങ്ങ​ളും ട്രോ​ഫി​ക​ളും ഒക്കെ വാരി​ക്കൂ​ട്ടി. അങ്ങനെ ആയോ​ധ​ന​ക​ല​ക​ളാ​യി പിന്നെ എന്റെ ജീവിതം.

 ജീവി​ത​ത്തിൽ ഞാൻ വിജയി​ച്ചെന്ന്‌ എനിക്കു തോന്നി. ഉയർന്ന റാങ്കോ​ടെ ഞാൻ യൂണി​വേ​ഴ്‌സി​റ്റി പഠനം പൂർത്തി​യാ​ക്കി. പ്രസി​ദ്ധ​മായ ഒരു കമ്പനി​യിൽ കമ്പ്യൂട്ടർ എൻജി​നീ​യ​റാ​യി ജോലി ചെയ്‌തു. സ്വന്തമാ​യി ഒരു വീട്‌, ഒരു ഗേൾഫ്രണ്ട്‌, അങ്ങനെ എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടിയ ജീവിതം. പുറ​മേ​നിന്ന്‌ നോക്കു​മ്പോൾ എന്റെ ജീവിതം എത്ര അടി​പൊ​ളി​യാ​ണെന്നു തോന്നും. പക്ഷേ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യ​ങ്ങൾ എന്റെ മനസ്സിനെ അലട്ടു​ക​യാ​യി​രു​ന്നു.

ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം

 എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടാൻ ഞാൻ ആഴ്‌ച​യിൽ രണ്ടു ദിവസം പള്ളിയിൽ പോകാൻ തുടങ്ങി. ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ക​യും ചെയ്‌തു. അങ്ങനെ​യി​രി​ക്കെ, എന്റെ ഒരു കൂട്ടു​കാ​രൻ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവി​ത​ത്തെ​ത്തന്നെ മാറ്റി​മ​റി​ച്ചു. ഞാൻ അവനോട്‌ ചോദി​ച്ചു: “ശരിക്കും ഈ ജീവി​ത​ത്തിന്‌ ഒരു അർഥമു​ണ്ടോ? ലോകം മുഴുവൻ പ്രശ്‌ന​ങ്ങ​ളും അനീതി​ക​ളും ആണ്‌.” അവനും അതേ ചോദ്യ​ങ്ങൾ ഉണ്ടായി​രു​ന്നെ​ന്നും ബൈബി​ളിൽനി​ന്നാണ്‌ അതി​നെ​ല്ലാം ഉത്തരം കിട്ടി​യ​തെ​ന്നും അവൻ പറഞ്ഞു. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും a എന്നൊരു പുസ്‌ത​ക​വും തന്നു. അവൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്നു​ണ്ടെ​ന്നും എന്നോടു പറഞ്ഞു. ആദ്യം എനിക്ക്‌ മടി തോന്നി. കാരണം ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌ വേറെ മതങ്ങളു​ടെ​യൊ​ന്നും പുസ്‌ത​കങ്ങൾ വായി​ക്ക​രുത്‌ എന്നായി​രു​ന്നു. എന്തായാ​ലും എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടാൻ ആഗ്രഹി​ച്ച​തു​കൊണ്ട്‌ ഞാൻ അത്‌ വായി​ക്കാൻ തീരു​മാ​നി​ച്ചു. സാക്ഷികൾ പഠിപ്പി​ക്കു​ന്ന​തിൽ കാര്യ​മു​ണ്ടോ എന്ന്‌ അറിയാ​മ​ല്ലോ’ എന്നു ഞാൻ കരുതി.

 ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ എന്നെ ശരിക്കും അതിശ​യി​പ്പി​ച്ചു. മനുഷ്യർ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നെന്നും ജീവി​ക്കണം എന്നതാണ്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മെ​ന്നും ആ ഉദ്ദേശ്യ​ത്തി​നു മാറ്റം വന്നിട്ടി​ല്ലെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. (ഉൽപത്തി 1:28) എന്റെ കൈയി​ലു​ണ്ടാ​യി​രുന്ന ജെയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം ബൈബി​ളിൽ യഹോവ എന്ന ദൈവ​നാ​മം കണ്ടപ്പോൾ എനിക്ക്‌ അതിശയം തോന്നി. കർത്താ​വി​ന്റെ പ്രാർഥന ചൊല്ലി​യ​പ്പോ​ഴെ​ല്ലാം ഈ പേരി​നെ​ക്കു​റി​ച്ചാ​ണ​ല്ലോ പ്രാർഥി​ച്ചത്‌ എന്ന്‌ അപ്പോ​ഴാണ്‌ ഞാൻ തിരി​ച്ച​റി​ഞ്ഞത്‌. (സങ്കീർത്തനം 83:18; മത്തായി 6:9) മനുഷ്യർ അനുഭ​വി​ക്കുന്ന ദുരി​തങ്ങൾ ദൈവം ഇപ്പോൾ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും എനിക്കു മനസ്സി​ലാ​യി. ആ കാര്യങ്ങൾ എല്ലാം കൃത്യ​മാ​ണെന്ന്‌ എനിക്കു ബോധ്യ​പ്പെട്ടു. അപ്പോൾ എനിക്ക്‌ വളരെ സന്തോഷം തോന്നി.

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങിന്‌ ആദ്യമാ​യി പോയത്‌ എനിക്ക്‌ ഒരിക്ക​ലും മറക്കാൻ പറ്റില്ല. നല്ല സ്‌നേ​ഹ​മുള്ള ആളുകൾ. എല്ലാവ​രും എന്നെ ഇങ്ങോട്ടു വന്ന്‌ പരിച​യ​പ്പെട്ടു. ഞാൻ പോയ ആദ്യത്തെ മീറ്റി​ങ്ങിൽ ഒരു പ്രത്യേക പൊതു​പ്ര​സം​ഗം ഉണ്ടായി​രു​ന്നു. ദൈവം കേൾക്കുന്ന പ്രാർഥ​ന​ക​ളെ​ക്കു​റിച്ച്‌ ആയിരു​ന്നു അത്‌. സഹായ​ത്തി​നാ​യി ഞാൻ ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ. അതു​കൊണ്ട്‌ ആ വിഷയം എനിക്ക്‌ ഇഷ്ടപ്പെട്ടു. പിന്നെ ഞാൻ പോയത്‌ യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ ആയിരു​ന്നു. ഈ മീറ്റി​ങ്ങു​ക​ളി​ലെ​ല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, കൊച്ചു​കു​ട്ടി​കൾപോ​ലും ബൈബിൾ എടുത്ത്‌ തിരു​വെ​ഴു​ത്തു​കൾ നോക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ വാക്യങ്ങൾ എടുക്കാൻ എനിക്ക്‌ കുറച്ചു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ആ സമയത്ത്‌ സാക്ഷികൾ എന്നെ ശരിക്കും സഹായി​ച്ചു, വാക്യങ്ങൾ എടു​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെന്ന്‌ എനിക്ക്‌ പഠിപ്പി​ച്ചു തന്നു.

 സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളിൽ അവർ പരിപാ​ടി​കൾ നടത്തുന്ന വിധം എനിക്ക്‌ ഇഷ്ടപ്പെട്ടു. ഓരോ തവണ മീറ്റി​ങ്ങി​നു പോയ​പ്പോ​ഴും അവരോ​ടുള്ള മതിപ്പ്‌ കൂടി​ക്കൂ​ടി വന്നു. മീറ്റി​ങ്ങു​ക​ളിൽനിന്ന്‌ ഞാൻ ഒരുപാട്‌ പഠിച്ചു. മീറ്റിങ്ങ്‌ കഴിഞ്ഞ്‌ പോരു​മ്പോൾ നല്ല ഉണർവും ഉന്മേഷ​വും ആണ്‌ തോന്നുക. അങ്ങനെ ഒരു യഹോ​വ​യു​ടെ സാക്ഷി എന്നെ ബൈബിൾ പഠിപ്പി​ക്കാൻ തുടങ്ങി.

 എന്റെ പള്ളിയിൽ കണ്ട കാര്യ​ങ്ങളേ അല്ല ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ കണ്ടത്‌. സാക്ഷി​ക​ളു​ടെ ഇടയിൽ ശരിക്കു​മുള്ള ഐക്യം ഉണ്ടായി​രു​ന്നു. ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ തങ്ങളുടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുന്ന ആത്മാർഥ​ത​യുള്ള ഒരു കൂട്ടമാണ്‌ അവരെന്ന്‌ എനിക്കു മനസ്സി​ലാ​യി. യഥാർഥ ക്രിസ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന പരസ്‌പര സ്‌നേഹം അവരുടെ ഇടയി​ലു​ണ്ടെന്ന്‌ എനിക്ക്‌ ശരിക്കും ബോധ്യമായി.—യോഹ​ന്നാൻ 13:35.

 ബൈബിൾ പഠിക്കു​ന്തോ​റും ഞാൻ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി തുടങ്ങി. കാരണം ബൈബി​ളി​ന്റെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. പക്ഷേ ആയോ​ധ​ന​ക​ലകൾ ഉപേക്ഷി​ക്കാൻ കഴിയു​മെന്ന്‌ എനിക്ക്‌ തോന്നി​യില്ല. കാരണം പരിശീ​ല​ന​വും മത്സരങ്ങ​ളും എല്ലാം ഞാൻ അത്രയ്‌ക്ക്‌ ആസ്വദി​ച്ചി​രു​ന്നു. ഇക്കാര്യം എന്നെ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി​യോട്‌ പറഞ്ഞ​പ്പോൾ അദ്ദേഹം പറഞ്ഞു: “കുഴപ്പ​മില്ല, ഇപ്പോൾ ബൈബിൾ പഠനവു​മാ​യി മുന്നോ​ട്ടു​പോ​കാം. എന്തായാ​ലും നീ ശരിയായ തീരു​മാ​നം എടുക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌” എന്ന്‌. ഞാൻ കേൾക്കാൻ ആഗ്രഹി​ച്ച​തും അതുത​ന്നെ​യാ​യി​രു​ന്നു. ബൈബിൾ പഠിക്കു​ന്തോ​റും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള എന്റെ ആഗ്രഹ​വും കൂടി​ക്കൂ​ടി വന്നു.

 അങ്ങനെ​യി​രി​ക്കു​മ്പോ​ഴാണ്‌ ഞാൻ തുടക്ക​ത്തിൽ പറഞ്ഞ ആ സംഭവം നടന്നത്‌. കളിക്കി​ട​യിൽ അറിയാ​തെ ഞാൻ എന്റെ എതിരാ​ളി​യു​ടെ മൂക്കിൽ ഇടിച്ചു. ആ സംഭവം എന്നെ ശരിക്കും ചിന്തി​പ്പി​ച്ചു. ആയോ​ധ​ന​ക​ലകൾ അഭ്യസി​ക്കുന്ന എനിക്ക്‌ ക്രിസ്‌തു​വി​ന്റെ സമാധാ​ന​പ്രി​യ​നായ ഒരു അനുഗാ​മി​യാ​കാൻ കഴിയു​മോ എന്ന്‌ ഞാൻ ചിന്തിച്ചു. യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ക്കുന്ന ആളുകൾ ‘ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കില്ല’ എന്ന്‌ യശയ്യ 2:3, 4 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ ഞാൻ പഠിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അന്യാ​യ​ത്തിന്‌ ഇരയാ​കു​മ്പോ​ഴും അക്രമ​ത്തി​ലൂ​ടെ തിരി​ച്ച​ടി​ക്ക​രു​തെന്ന്‌ യേശു​വും പഠിപ്പി​ച്ചി​ട്ടു​ണ്ട​ല്ലോ. (മത്തായി 26:52) അങ്ങനെ ഞാൻ ഏറ്റവും ഇഷ്ടപ്പെ​ട്ടി​രുന്ന ആ കായി​കാ​ഭ്യാ​സം ഞാൻ ഉപേക്ഷി​ച്ചു.

 അതിനു​ശേ​ഷം “ദൈവ​ഭ​ക്ത​നാ​കുക എന്ന ലക്ഷ്യം​വെച്ച്‌ നിന്നെ​ത്തന്നെ പരിശീ​ലി​പ്പി​ക്കുക” എന്ന ബൈബി​ളി​ന്റെ ഉപദേശം ഞാൻ അനുസ​രി​ക്കാൻ തുടങ്ങി. (1 തിമൊ​ഥെ​യൊസ്‌ 4:7) മുമ്പ്‌ കായി​കാ​ഭ്യാ​സ​ത്തി​നു​വേണ്ടി ചെലവ​ഴി​ച്ചി​രുന്ന സമയവും ശ്രമവും എല്ലാം ഇപ്പോൾ ഞാൻ ഉപയോ​ഗി​ക്കു​ന്നത്‌ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ വേണ്ടി​യാണ്‌. ഞാൻ ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യ​ങ്ങ​ളോട്‌ എന്റെ കാമു​കിക്ക്‌ യോജി​പ്പി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ പിരിഞ്ഞു. 1987 ജനുവരി 24-ന്‌ ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു. താമസി​യാ​തെ, ഞാൻ മുഴു​സമയ ശുശ്രൂഷ തുടങ്ങി. അങ്ങനെ മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാൻ എന്റെ സമയം ഉപയോ​ഗി​ച്ചു. അന്നുമു​തൽ ഞാൻ മുഴു​സമയ ശുശ്രൂ​ഷ​യിൽത്ത​ന്നെ​യാണ്‌. ഇപ്പോൾ കുറച്ചു കാലമാ​യി യു.എസ്‌.എ-യിലെ ന്യൂ​യോർക്കി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്ത്‌ പ്രവർത്തി​ക്കു​ന്നു.

എനിക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങൾ

 ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം ഞാൻ മനസ്സി​ലാ​ക്കി. ഞാൻ അന്വേ​ഷി​ച്ചു നടന്നത്‌ എനിക്ക്‌ കിട്ടി. പണ്ട്‌ തോന്നിയ ശൂന്യത ഇപ്പോൾ എനിക്കു തോന്നു​ന്നില്ല. ജീവി​ത​ത്തിന്‌ ഇപ്പോൾ ഒരു അർഥമുണ്ട്‌, ഉദ്ദേശ്യ​മുണ്ട്‌, ഭാവി​യെ​ക്കു​റിച്ച്‌ ഒരു പ്രത്യാ​ശ​യു​മുണ്ട്‌. ശരിക്കു​മുള്ള സന്തോഷം ഇപ്പോൾ ഞാൻ ആസ്വദി​ക്കു​ന്നു. ഞാൻ ഇപ്പോ​ഴും വ്യായാ​മ​മൊ​ക്കെ ചെയ്യാ​റുണ്ട്‌. പക്ഷേ അതി​നൊ​ന്നു​മല്ല ഞാൻ ജീവി​ത​ത്തിൽ ഏറ്റവും പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌. ഇന്ന്‌ യഹോ​വയെ സേവി​ക്കു​ന്ന​തി​നാണ്‌ എന്റെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം.

 ആയോ​ധ​ന​കല അഭ്യസി​ച്ചി​രുന്ന സമയത്ത്‌ ചുറ്റു​മുള്ള ആളുക​ളെ​ക്കു​റിച്ച്‌ എനിക്ക്‌ എപ്പോ​ഴും ഒരു ജാഗ്ര​ത​യു​ണ്ടാ​യി​രു​ന്നു. ആരെങ്കി​ലും എന്നെ ആക്രമി​ച്ചാൽ എങ്ങനെ സ്വയം സംരക്ഷി​ക്കാം എന്നായി​രു​ന്നു എപ്പോ​ഴും എന്റെ ചിന്ത. ഇന്നും ചുറ്റു​മുള്ള ആളുക​ളെ​ക്കു​റിച്ച്‌ എനിക്ക്‌ ചിന്തയുണ്ട്‌. പക്ഷേ അവരെ സഹായി​ക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെ ആണെന്നു മാത്രം. ഉദാര​മാ​യി കൊടു​ക്കുന്ന ഒരു വ്യക്തി ആകാൻ ബൈബിൾ എന്നെ സഹായി​ച്ചു, എന്റെ ഭാര്യ​യായ ബ്രൻഡ​യ്‌ക്ക്‌ നല്ലൊരു ഭർത്താ​വാ​കാ​നും.

 ഒരു കാലത്ത്‌ ആയോ​ധ​ന​ക​ലകൾ ആയിരു​ന്നു എന്റെ ഹരം. പക്ഷേ ഇന്ന്‌ എന്റെ മനസ്സ്‌ മുഴുവൻ ആത്മീയ​കാ​ര്യ​ങ്ങ​ളാണ്‌. ബൈബിൾ പറയു​ന്നത്‌ എത്ര ശരിയാണ്‌: “കായി​ക​പ​രി​ശീ​ലനം അൽപ്പ​പ്ര​യോ​ജ​ന​മു​ള്ള​താണ്‌. പക്ഷേ ദൈവ​ഭക്തി എല്ലാ കാര്യ​ങ്ങൾക്കും ഉപകരി​ക്കു​ന്നു. കാരണം അത്‌ ഇപ്പോ​ഴത്തെ ജീവിതം മാത്രമല്ല വരാനി​രി​ക്കുന്ന ജീവി​ത​വും വാഗ്‌ദാ​നം ചെയ്യുന്നു.”—1 തിമൊ​ഥെ​യൊസ്‌ 4:8.

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നത്‌. ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.