വിവരങ്ങള്‍ കാണിക്കുക

“ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക” എന്നാൽ എന്താണ്‌ അർഥം?

“ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക” എന്നാൽ എന്താണ്‌ അർഥം?

ബൈബി​ളി​ന്റെ ഉത്തരം

 പ്രസി​ദ്ധ​മായ മലയിലെ പ്രസം​ഗ​ത്തിൽ യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക.” (മത്തായി 5:44; ലൂക്കോസ്‌ 6:27, 35) യേശു​വി​ന്റെ ആ വാക്കു​ക​ളു​ടെ അർഥം, നമ്മളെ വെറു​ക്കു​ക​യോ നമ്മളോട്‌ അനീതി കാണി​ക്കു​ക​യോ ചെയ്യു​ന്ന​വ​രോട്‌ സ്‌നേ​ഹ​ത്തോ​ടെ പെരു​മാ​റണം എന്നാണ്‌.

 തന്നോട്‌ മോശ​മാ​യി പെരു​മാ​റി​യ​വ​രോട്‌ ക്ഷമിച്ചു​കൊണ്ട്‌ യേശു തന്റെ ശത്രു​ക്കളെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ കാണിച്ചു. (ലൂക്കോസ്‌ 23:33, 34) യേശു പഠിപ്പിച്ച ഈ കാര്യം, പഴയ നിയമം എന്ന്‌ പൊതു​വേ അറിയ​പ്പെ​ടുന്ന എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലും കാണാം.—പുറപ്പാട്‌ 23:4, 5; സുഭാ​ഷി​തങ്ങൾ 24:17; 25:21.

 “ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക, നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കുക.”മത്തായി 5:43, 44.

ഈ ലേഖന​ത്തിൽ

 ശത്രു​ക്കളെ സ്‌നേ​ഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  •   ദൈവം മാതൃക വെച്ചി​രി​ക്കു​ന്നു. ദൈവം ‘നന്ദി​കെ​ട്ട​വ​രോ​ടും ദുഷ്ടന്മാ​രോ​ടും ദയ കാണി​ക്കു​ന്ന​വ​നാണ്‌.’ (ലൂക്കോസ്‌ 6:35) ദൈവം ‘ദുഷ്ടന്മാ​രു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ന്നു.’—മത്തായി 5:45.

  •   സ്‌നേഹം ശത്രു​വിൽ മാറ്റം ഉണ്ടാക്കി​യേ​ക്കാം. ശത്രു​ക്ക​ളോ​ടു ദയയോ​ടെ ഇടപെ​ടാൻ ബൈബിൾ പറയുന്നു. അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ ‘അയാളു​ടെ തലയിൽ തീക്കനൽ കൂട്ടു​ക​യാണ്‌.’ (സുഭാ​ഷി​തങ്ങൾ 25:22) ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌. അയിര്‌ ചൂടാക്കി അതിൽനിന്ന്‌ വിലപ്പെട്ട ലോഹം പുറ​ത്തെ​ടു​ക്കുന്ന പ്രക്രി​യ​യെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ഇതു​പോ​ലെ നമ്മളെ വെറു​ക്കുന്ന ഒരാ​ളോട്‌ നമ്മൾ ദയയോ​ടെ ഇടപെ​ടു​മ്പോൾ അയാളു​ടെ ദേഷ്യം ഉരുക്കി​ക്ക​ള​യാ​നും അയാളു​ടെ ഉള്ളിലുള്ള നല്ലത്‌ പുറത്തു​കൊ​ണ്ടു​വ​രാ​നും നമുക്കു കഴി​ഞ്ഞേ​ക്കും.

 ശത്രു​ക്കളെ സ്‌നേ​ഹി​ക്കാ​നുള്ള ചില വഴികൾ ഏതൊ​ക്കെ​യാണ്‌?

  •   “നിങ്ങളെ വെറു​ക്കു​ന്ന​വർക്കു നന്മ ചെയ്യുക.” (ലൂക്കോസ്‌ 6:27) “നിന്റെ ശത്രു​വി​നു വിശക്കു​ന്നെ​ങ്കിൽ ഭക്ഷണം കൊടു​ക്കുക. ദാഹി​ക്കു​ന്നെ​ങ്കിൽ എന്തെങ്കി​ലും കുടി​ക്കാൻ കൊടു​ക്കുക” എന്നു ബൈബിൾ പറയുന്നു. (റോമർ 12:20) ശത്രു​ക്കളെ സ്‌നേ​ഹി​ക്കാൻ മറ്റു വഴിക​ളും ഉണ്ട്‌. അതിനു നമ്മൾ ഈ സുവർണ​നി​യമം അനുസ​രി​ച്ചാൽ മതി: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കും ചെയ്‌തു​കൊ​ടു​ക്കുക.”—ലൂക്കോസ്‌ 6:31.

  •   “നിങ്ങളെ ശപിക്കു​ന്ന​വരെ അനു​ഗ്ര​ഹി​ക്കുക.” (ലൂക്കോസ്‌ 6:28) നമ്മളോട്‌ മോശ​മാ​യി സംസാ​രി​ക്കുന്ന ഒരാ​ളോ​ടു​പോ​ലും തിരിച്ച്‌ ദയയോ​ടെ​യും പരിഗ​ണ​ന​യോ​ടെ​യും സംസാ​രി​ക്കു​മ്പോൾ അവരെ നമ്മൾ അനു​ഗ്ര​ഹി​ക്കു​ക​യാണ്‌. ബൈബിൾ പറയുന്നു: ‘അപമാ​നി​ക്കു​ന്ന​വരെ അപമാ​നി​ക്കാ​തെ അവരെ അനു​ഗ്ര​ഹി​ക്കുക.’ (1 പത്രോസ്‌ 3:9) വെറു​പ്പി​ന്റെ ചങ്ങല പൊട്ടി​ച്ചെ​റി​യാൻ ഈ ഉപദേശം നമ്മളെ സഹായി​ക്കും.

  •   “നിങ്ങളെ അപമാ​നി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കുക.” (ലൂക്കോസ്‌ 6:28) ആരെങ്കി​ലും നിങ്ങളെ അപമാ​നി​ച്ചാൽ ‘തിന്മയ്‌ക്കു പകരം തിന്മ ചെയ്യാ​തി​രി​ക്കുക.’ (റോമർ 12:17) പകരം ആ വ്യക്തി​യോ​ടു ക്ഷമിക്കണേ എന്നു ദൈവ​ത്തോ​ടു പ്രാർഥി​ക്കാം. (ലൂക്കോസ്‌ 23:34; പ്രവൃ​ത്തി​കൾ 7:59, 60) പ്രതി​കാ​രം ചെയ്യു​ന്ന​തിന്‌ പകരം കാര്യങ്ങൾ ദൈവ​ത്തിന്‌ വിട്ടു​കൊ​ടു​ക്കുക. ദൈവ​ത്തി​ന്റെ ഉയർന്ന നീതി​നി​ല​വാ​രം അനുസ​രിച്ച്‌ ഉചിത​മാ​യതു ദൈവം ചെയ്യും.—ലേവ്യ 19:18; റോമർ 12:19.

 “ശത്രുക്കളെ സ്‌നേ​ഹി​ക്കുക, നിങ്ങളെ വെറു​ക്കു​ന്ന​വർക്കു നന്മ ചെയ്യുക. നിങ്ങളെ ശപിക്കു​ന്ന​വരെ അനു​ഗ്ര​ഹി​ക്കുക, നിങ്ങളെ അപമാ​നി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കുക.” ലൂക്കോസ്‌ 6:27, 28.

  •   “ക്ഷമയും ദയയും” കാണി​ക്കുക. (1 കൊരി​ന്ത്യർ 13:4) 1 കൊരി​ന്ത്യർ 13-ാം അധ്യാ​യ​ത്തിൽ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കു​മ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഉപയോ​ഗി​ച്ചത്‌ അഗാപേ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ഒരു രൂപമാണ്‌. അഗാപേ എന്ന പദംത​ന്നെ​യാണ്‌ മത്തായി 5:44-ലും ലൂക്കോസ്‌ 6:27, 35-ലും ശത്രു​വി​നെ സ്‌നേ​ഹി​ക്കുക എന്നു പറയു​മ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ശത്രു​വി​നെ സ്‌നേ​ഹി​ക്കു​ന്ന​തിൽ പൗലോസ്‌ പറഞ്ഞതു​പോ​ലെ അവരോ​ടു ക്ഷമയും ദയയും കാണി​ക്കു​ന്ന​തും അസൂയ​പ്പെ​ടാ​തി​രി​ക്കു​ന്ന​തും അഹങ്കാ​ര​ത്തോ​ടെ​യും പരുഷ​മാ​യും ഇടപെ​ടാ​തി​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.

 “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌. സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല; വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല; മാന്യ​ത​യി​ല്ലാ​തെ പെരു​മാ​റു​ന്നില്ല; സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല; പ്രകോ​പി​ത​മാ​കു​ന്നില്ല; ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല. അത്‌ അനീതി​യിൽ സന്തോ​ഷി​ക്കാ​തെ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു. അത്‌ എല്ലാം സഹിക്കു​ന്നു; എല്ലാം വിശ്വ​സി​ക്കു​ന്നു; എല്ലാം പ്രത്യാ​ശി​ക്കു​ന്നു; എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു. സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല.”1 കൊരിന്ത്യർ 13:4-8.

 ശത്രു​ക്ക​ളോ​ടു പോരാ​ടു​ന്നതു ശരിയാ​ണോ?

 അല്ല. ശത്രു​ക്കൾക്ക്‌ എതിരെ പോരാ​ട​രു​തെ​ന്നാണ്‌ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, യരുശ​ലേ​മിന്‌ എതിരെ ഒരു ആക്രമണം ഉണ്ടാകു​മെന്ന്‌ യേശു മുന്നറി​യിപ്പ്‌ കൊടു​ത്ത​പ്പോൾ, അവി​ടെ​ത്തന്നെ തുടരാ​നും പോരാ​ടാ​നും അല്ല യേശു പറഞ്ഞത്‌ പകരം ഓടി​പ്പോ​കാ​നാണ്‌. (ലൂക്കോസ്‌ 21:20, 21) യേശു പത്രോസ്‌ അപ്പോ​സ്‌ത​ല​നോ​ടും ഇങ്ങനെ പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കു​ന്ന​വ​രെ​ല്ലാം വാളിന്‌ ഇരയാ​കും.” (മത്തായി 26:52) ബൈബിൾവി​വ​ര​ണ​ങ്ങ​ളും മറ്റു ചരി​ത്ര​വി​വ​ര​ണ​ങ്ങ​ളും പരി​ശോ​ധി​ച്ചാൽ ഒന്നാം നൂറ്റാ​ണ്ടി​ലെ യേശു​വി​ന്റെ അനുഗാ​മി​കൾ തങ്ങളുടെ ശത്രു​ക്ക​ളോ​ടു പോരാ​ടി​യി​ല്ലെന്ന്‌ നമുക്ക്‌ കാണാ​നാ​കും. a2 തിമൊ​ഥെ​യൊസ്‌ 2:24.

 ശത്രു​ക്കളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: ശത്രു​ക്കളെ വെറു​ക്കാൻ ദൈവ​ത്തി​ന്റെ നിയമം ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു.

 വസ്‌തുത: അങ്ങനെ ഒരു കല്പനയേ ദൈവ​നി​യ​മ​ത്തിൽ ഉണ്ടായി​രു​ന്നില്ല. പകരം അയൽക്കാ​രനെ സ്‌നേ​ഹി​ക്കാ​നാണ്‌ ഇസ്രാ​യേ​ല്യ​രോട്‌ ദൈവം ആവശ്യ​പ്പെ​ട്ടി​രു​ന്നത്‌. (ലേവ്യ 19:18) ശരിക്കും പറഞ്ഞാൽ “അയൽക്കാ​രൻ” എന്ന വാക്കിൽ എല്ലാ മനുഷ്യ​രും ഉൾപ്പെ​ടു​മാ​യി​രു​ന്നു. എന്നാൽ അയൽക്കാ​രിൽ ജൂതന്മാർ മാത്രമേ ഉൾപ്പെ​ടു​ന്നു​ള്ളൂ എന്നും മറ്റുള്ള​വ​രെ​ല്ലാം ശത്രു​ക്ക​ളാ​ണെ​ന്നും അവരെ വെറു​ക്ക​ണ​മെ​ന്നും ചില ജൂതന്മാർ വിശ്വ​സി​ച്ചു. (മത്തായി 5:43, 44) ഈ തെറ്റായ ചിന്ത തിരു​ത്താൻവേ​ണ്ടി​യാണ്‌ യേശു നല്ല ശമര്യ​ക്കാ​രന്റെ അഥവാ നല്ല അയൽക്കാ​ര​നായ ശമര്യ​ക്കാ​രന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌.—ലൂക്കോസ്‌ 10:29-37.

 തെറ്റി​ദ്ധാ​രണ: നമ്മൾ ശത്രു​ക്കളെ സ്‌നേ​ഹി​ക്കു​മ്പോൾ അവരുടെ മോശ​മായ പ്രവൃ​ത്തി​കൾ അംഗീ​ക​രി​ക്കു​ക​യാണ്‌.

 വസ്‌തുത: ഒരാളു​ടെ തെറ്റിനെ അംഗീ​ക​രി​ക്കാ​തെ​തന്നെ അയാളെ സ്‌നേ​ഹി​ക്കാൻ കഴിയു​മെന്ന്‌ ബൈബിൾ കാണി​ച്ചു​ത​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ യേശു അക്രമത്തെ കുറ്റം വിധി​ച്ചെ​ങ്കി​ലും തന്നെ വധിക്കാൻപോ​കുന്ന ആളുകൾക്കു​വേണ്ടി യേശു പ്രാർഥി​ച്ചു. (ലൂക്കോസ്‌ 23:34) നിയമ​ലം​ഘ​നത്തെ അല്ലെങ്കിൽ പാപത്തെ യേശു വെറു​ത്തെ​ങ്കി​ലും യേശു തന്റെ ജീവൻ നൽകി​യത്‌ പാപി​കൾക്കു​വേ​ണ്ടി​യാണ്‌.—യോഹ​ന്നാൻ 3:16; റോമർ 6:23.

a ക്രിസ്‌ത്യാനിത്വത്തിന്റെ ഉദയം (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ ഇ. ഡബ്ലിയു. ബാൻസ്‌ ഇപ്രകാ​രം എഴുതി: “ലഭ്യമായ എല്ലാ വിവര​ങ്ങ​ളു​ടെ​യും ഒരു സൂക്ഷ്‌മ അവലോ​കനം മാർക്കസ്‌ ഔറീ​ലി​യ​സി​ന്റെ കാലം വരെ [എ.ഡി. 161-180 വരെയുള്ള റോമൻ ചക്രവർത്തി] ഒരു ക്രിസ്‌ത്യാ​നി​യും പട്ടാള​ക്കാ​രൻ ആയിരു​ന്നില്ല എന്നു കാണി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​യായ ശേഷം ഒരു പട്ടാള​ക്കാ​ര​നും സൈനിക സേവന​ത്തിൽ തുടർന്നു​മില്ല.”