വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

അശ്ലീല​ത്തിൽനിന്ന്‌ നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കുക

അശ്ലീല​ത്തിൽനിന്ന്‌ നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കുക

 “അശ്ലീല​ത്തി​ന്റെ അപകട​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾക്കു നന്നായിട്ട്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ മകൾക്ക്‌ അത്‌, ഇത്ര എളുപ്പ​ത്തിൽ കാണാൻ പറ്റു​മെന്നു ഞങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.”—നിക്കോൾ.

ഈ ലേഖന​ത്തിൽ

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 വളരെ ചെറു​പ്രാ​യ​ത്തിൽത്തന്നെ കുട്ടികൾ അശ്ലീലം കാണാൻ ഇടയാ​യേ​ക്കാം. പഠനങ്ങൾ കാണി​ക്കു​ന്നത്‌ ആദ്യമാ​യി അശ്ലീലം കാണുന്ന കുട്ടി​ക​ളു​ടെ പ്രായ​ത്തി​ന്റെ ശരാശരി കണക്കെ​ടു​ത്താൽ അത്‌ 11 ആണെന്നാണ്‌.

 അശ്ലീല​ത്തി​നു​വേണ്ടി പരതേണ്ട ആവശ്യ​മില്ല, അത്‌ കുട്ടി​ക​ളു​ടെ അടു​ത്തേക്കു വന്നേക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഇന്റർനെ​റ്റിൽ എന്തെങ്കി​ലും സെർച്ച്‌ ചെയ്യു​മ്പോ​ഴോ സോഷ്യൽമീ​ഡി​യ​യിൽ എന്തെങ്കി​ലും കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തിന്‌ ഇടയി​ലോ അശ്ലീലം നിറഞ്ഞ കാര്യങ്ങൾ കടന്നു​വ​ന്നേ​ക്കാം. ഓൺലൈൻ വീഡി​യോ ഗെയി​മു​കൾ കളിക്കു​ന്ന​തിന്‌ ഇടയിൽ അശ്ലീലം നിറഞ്ഞ ചില പരസ്യങ്ങൾ പൊങ്ങി​വ​ന്നേ​ക്കാം. അശ്ലീലം പല രൂപത്തി​ലാ​യി​രി​ക്കും. സാധാരണ അത്‌ ഫോ​ട്ടോ​ക​ളാ​യി​രി​ക്കും, അല്ലെങ്കിൽ വീഡി​യോ​ക​ളാ​യി​രി​ക്കും. അതു​പോ​ലെ ഇന്റർനെ​റ്റിൽ അശ്ലീല​ച്ചു​വ​യുള്ള കഥകൾ വായി​ക്കാ​നും കേൾക്കാ​നും എളുപ്പ​ത്തിൽ ലഭിക്കും.

 മാതാ​പി​താ​ക്കൾ അറിഞ്ഞി​രി​ക്കേണ്ട മറ്റൊരു കാര്യം, മറ്റുള്ളവർ കുട്ടി​കൾക്ക്‌ ഫോണി​ലൂ​ടെ അശ്ലീല​ച്ചു​വ​യുള്ള മെസ്സേ​ജു​ക​ളും അയച്ചേ​ക്കാം എന്നതാണ്‌. 900-ത്തിലധി​കം​വ​രുന്ന ചെറു​പ്പ​ക്കാ​രെ ഉൾപ്പെ​ടു​ത്തിയ ഒരു പഠനം പറയു​ന്നത്‌, അതിൽ ഏകദേശം 90 ശതമാനം പെൺകു​ട്ടി​കൾക്കും 50 ശതമാനം ആൺകു​ട്ടി​കൾക്കും അവരുടെ സഹപാ​ഠി​ക​ളിൽനിന്ന്‌ സ്ഥിരമാ​യി നഗ്നചി​ത്ര​ങ്ങ​ളും വീഡി​യോ​ക​ളും ലഭിക്കു​ന്നുണ്ട്‌ എന്നാണ്‌.

 മിക്ക അശ്ലീല​ങ്ങ​ളി​ലും അക്രമം ഉൾപ്പെ​ടു​ന്നു. ഇന്ന്‌ കാണ​പ്പെ​ടുന്ന മിക്ക അശ്ലീല​ങ്ങ​ളി​ലും നിറഞ്ഞു​നിൽക്കു​ന്നത്‌, പല തരത്തി​ലുള്ള അക്രമ​ങ്ങ​ളാണ്‌. അതിൽ മിക്കതും സ്‌ത്രീ​കൾക്ക്‌ എതി​രെ​യാണ്‌.

 അശ്ലീലം കുട്ടി​കൾക്ക്‌ ദോഷം ചെയ്യുന്നു. ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നത്‌ അശ്ലീലം കാണുന്ന കുട്ടി​കൾക്കു പിൻവ​രുന്ന കാര്യങ്ങൾ സംഭവി​ച്ചേ​ക്കാം എന്നാണ്‌:

  •   പഠനത്തിൽ പിന്നോ​ട്ടു പോ​യേ​ക്കാം

  •   ഉത്‌കണ്‌ഠ, വിഷാദം, വില​കെ​ട്ട​വ​രാ​ണെന്ന തോന്നൽ എന്നിങ്ങ​നെ​യൊ​ക്കെ ഉണ്ടാ​യേ​ക്കാം

  •   തങ്ങളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ മറ്റുള്ള​വരെ നിർബ​ന്ധി​ക്കു​ന്നത്‌ ഒരു കുഴപ്പ​മ​ല്ലെന്നു തോന്നി​യേ​ക്കാം

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: കുട്ടികൾ അശ്ലീലം കാണു​ന്നെ​ങ്കിൽ അത്‌ അവരെ മോശ​മാ​യി​ത്തന്നെ ബാധി​ക്കും. അതു​പോ​ലെ അവരെ ഏറ്റവും നന്നായി സംരക്ഷി​ക്കാൻ പറ്റുന്നതു മാതാ​പി​താ​ക്കൾക്കാണ്‌.

 ബൈബിൾ തത്ത്വം: “ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം. നീ അവ ആവർത്തി​ച്ചു​പ​റഞ്ഞ്‌ നിന്റെ മക്കളുടെ മനസ്സിൽ പതിപ്പി​ക്കണം. നീ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം.”—ആവർത്തനം 6:6, 7.

 അശ്ലീലം കാണു​ന്ന​തിൽനിന്ന്‌ കുട്ടി​കളെ എങ്ങനെ സംരക്ഷി​ക്കാം?

 നിങ്ങൾതന്നെ അറിഞ്ഞി​രി​ക്കുക. നിങ്ങളു​ടെ കുട്ടി അശ്ലീലം കാണാൻ ഇടവ​ന്നേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, സ്‌കൂ​ളി​ലെ ഇടവേ​ള​ക​ളിൽ ആരു​ടെ​യും മേൽനോ​ട്ട​ത്തി​ല​ല്ലാ​തെ അവൻ ഇന്റർനെറ്റ്‌ സൗകര്യ​ങ്ങൾ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?

പല വഴിക​ളി​ലൂ​ടെ അശ്ലീലം കുട്ടി​യു​ടെ മുന്നി​ലെ​ത്തി​യേ​ക്കാം

 ഫോൺ സുരക്ഷി​ത​മാ​യി ഉപയോ​ഗി​ക്കാൻ സഹായി​ക്കുന്ന എന്തൊക്കെ സവി​ശേ​ഷ​തകൾ അവന്റെ a ഫോണി​ലു​ണ്ടെന്നു മനസ്സി​ലാ​ക്കുക. അതു​പോ​ലെ ഫോണിൽ ഉപയോ​ഗി​ക്കുന്ന ആപ്ലി​ക്കേ​ഷ​നു​ക​ളും കളിക്കുന്ന ഗെയി​മു​ക​ളും ഏതൊ​ക്കെ​യാ​ണെന്ന്‌ അറിഞ്ഞി​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മെസ്സേജ്‌ അയയ്‌ക്കാൻ ഉപയോ​ഗി​ക്കുന്ന ആപ്ലി​ക്കേ​ഷ​നു​ക​ളിൽ ഒരു മെസ്സേജ്‌ വന്നാൽ ഒരു നിശ്ചിത സമയത്തിന്‌ ഉള്ളിൽ ഡിലീറ്റ്‌ ആകുന്ന തരം സവി​ശേ​ഷ​ത​യുണ്ട്‌. (“disappearing message”) അത്തരം സവി​ശേ​ഷ​ത​ക​ളുള്ള ആപ്ലി​ക്കേ​ഷ​നു​ക​ളിൽ അശ്ലീലം നിറഞ്ഞ ഒരു മെസ്സേ​ജോ, വീഡി​യോ​യോ, ചിത്ര​മോ വന്നാൽ അതും ഒരു നിശ്ചിത സമയത്തിന്‌ ഉള്ളിൽ ഡിലീ​റ്റാ​യി പോകും. ഇന്ന്‌ ധാരാളം ഓൺലൈൻ വീഡി​യോ ഗെയി​മു​ക​ളിൽ കളിക്കു​ന്ന​വർക്ക്‌ അശ്ലീലം കാണാ​നും സാങ്കൽപ്പി​ക​മാ​യി ഗെയി​മി​ലൂ​ടെ​ത്തന്നെ അശ്ലീല​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടാ​നും കഴിയും.

 “എന്റെ അനുഭ​വ​ത്തിൽനിന്ന്‌ ഞാൻ പറയു​ക​യാണ്‌. നിങ്ങളു​ടെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ ഒരു മാതാ​വോ അല്ലെങ്കിൽ പിതാ​വോ എന്ന നിലയിൽ അത്‌ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കണം. ഫോണി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കുന്ന സെറ്റി​ങ്ങു​കൾ (parental controls) എങ്ങനെ ഉപയോ​ഗി​ക്കാ​മെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കണം. അതു​പോ​ലെ നിങ്ങളു​ടെ കുട്ടി ആ ഫോണിൽ എന്തൊ​ക്കെ​യാണ്‌ ചെയ്യു​ന്ന​തെന്ന്‌ അറിയാ​നും നിങ്ങൾക്കു കഴിയണം.”—ഡേവിഡ്‌.

 ബൈബിൾ തത്ത്വം: “വകതി​രി​വു​ള്ള​വന്റെ ഹൃദയം അറിവ്‌ നേടുന്നു.”—സുഭാ​ഷി​തങ്ങൾ 18:15.

 അശ്ലീലം കടന്നു​വ​രാൻ സാധ്യ​ത​യുള്ള വഴികൾ പരമാ​വധി തടയുക. അതിനു​വേണ്ടി നിങ്ങൾക്കു ചില കാര്യങ്ങൾ ചെയ്യാ​നാ​കും. കുട്ടി​യു​ടെ ഫോൺ ഉൾപ്പെടെ വീട്ടിലെ എല്ലാ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളി​ലും അശ്ലീലം കടന്നു​വ​രാ​തി​രി​ക്കാ​നുള്ള സെറ്റി​ങ്ങു​കൾ ക്രമീ​ക​രി​ക്കുക. കുട്ടി​കൾക്ക്‌ ഫോൺ കൊടു​ക്കു​മ്പോൾ കുട്ടി​ക​ളു​ടെ സുരക്ഷ​യ്‌ക്കു​വേണ്ടി മാതാ​പി​താ​ക്കൾ ഫോണിൽ ചില സെറ്റി​ങ്ങു​കൾ (parental controls) ചെയ്യുക. അതു​പോ​ലെ കുട്ടികൾ ഇട്ടിരി​ക്കുന്ന പാസ്‌വേ​ഡും അറിഞ്ഞി​രി​ക്കുക.

 “മൊ​ബൈൽ സെറ്റി​ങ്ങ്‌സി​ലെ പേരന്റൽ കൺ​ട്രോൾസ്‌ ഓൺ ചെയ്യു​ന്ന​തും അതു​പോ​ലെ സ്‌മാർട്ട്‌ ടിവി​യിൽ വരുന്ന പരിപാ​ടി​കൾക്ക്‌ നിയ​ന്ത്ര​ണങ്ങൾ വെക്കു​ന്ന​തും പിന്നെ മോന്റെ മൊ​ബൈ​ലി​ന്റെ പാസ്‌വേഡ്‌ അറിഞ്ഞി​രി​ക്കു​ന്ന​തും വളരെ ഉപകാ​ര​പ്ര​ദ​മാ​യി എനിക്കു തോന്നി​യി​ട്ടുണ്ട്‌.”—മൗറീ​ഷി​യോ.

 “വാതിൽ അടച്ച്‌ അവരുടെ മുറി​യിൽ ഇരുന്ന്‌ വീഡി​യോ​കൾ കാണാൻ ഞാൻ കുട്ടി​കളെ അനുവ​ദി​ക്കാ​റില്ല. അതു​പോ​ലെ ഉറങ്ങാൻപോ​കുന്ന സമയത്ത്‌ റൂമി​ലേക്കു മൊ​ബൈൽ കൊണ്ടു​പോ​കാ​നും ഞാൻ സമ്മതി​ക്കില്ല.”—ജാൻലൂക്ക.

 ബൈബിൾ തത്ത്വം: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 22:3.

 കുട്ടി​ക​ളെ മുന്നമേ തയ്യാറാ​ക്കുക. ഫ്ലാവിയ എന്ന ഒരു അമ്മ പറയുന്നു: “ചില മാതാ​പി​താ​ക്കൾ അശ്ലീലം​പോ​ലുള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ കുട്ടി​ക​ളോ​ടു സംസാ​രി​ക്കാ​റില്ല. കാരണം അവർ ചിന്തി​ക്കു​ന്നത്‌ എന്റെ കുട്ടിക്ക്‌ ഇങ്ങനെ​യുള്ള പ്രശ്‌ന​ങ്ങ​ളൊ​ന്നും നേരി​ടേ​ണ്ടി​വ​രില്ല എന്നാണ്‌.” എന്നാൽ ചില മാതാ​പി​താ​ക്ക​ളു​ടെ ചിന്ത അങ്ങനെയല്ല. ‘ഞാൻ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞാൽ അത്‌ എന്താ​ണെന്ന്‌ അറിയാൻ എന്റെ കുട്ടി ശ്രമി​ച്ചാ​ലോ എന്നാണ്‌.’ ഇത്തരം ചിന്തക​ളൊ​ക്കെ തെറ്റാണ്‌. ജ്ഞാനമുള്ള മാതാ​പി​താ​ക്കൾ അവരുടെ കുട്ടി അശ്ലീലം കാണാൻ ഇടയാ​കു​ന്ന​തി​നു മുമ്പു​തന്നെ അതിന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ടു​ക്കും. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

 ചെറിയ പ്രായ​ത്തി​ലുള്ള കുട്ടികൾ അശ്ലീല​ച്ചു​വ​യുള്ള കാര്യങ്ങൾ കാണാൻ ഇടയാ​യാൽ എന്തു ചെയ്യണ​മെന്നു പറഞ്ഞു​കൊ​ടു​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പെട്ടെന്ന്‌ അവരുടെ കണ്ണുകൾ അടക്കാൻ പറയാം. അല്ലെങ്കിൽ ആ ഉപകര​ണങ്ങൾ ഓഫ്‌ ചെയ്യാൻ പറയാം. അതു​പോ​ലെ അങ്ങനെ​യുള്ള എന്തെങ്കി​ലും കാര്യങ്ങൾ കാണാ​നോ കേൾക്കാ​നോ ഇടയാ​യാൽ അതു മാതാ​പി​താ​ക്ക​ളോ​ടു വന്നുപ​റ​യാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. b

 “ചെറു​പ്രാ​യം​മു​തൽത്തന്നെ ഞാൻ എന്റെ മകനോട്‌ അശ്ലീലം കാണു​ന്ന​തി​ന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​മാ​യി​രു​ന്നു. ഒരിക്കൽ അവന്‌ 11 വയസ്സു​ള്ള​പ്പോൾ സ്‌മാർട്ട്‌ഫോ​ണിൽ അവൻ കളിച്ചു​കൊ​ണ്ടി​രുന്ന ഗെയി​മിൽ അശ്ലീല​ച്ചു​വ​യുള്ള ചില പരസ്യങ്ങൾ പൊങ്ങി​വന്നു. അതി​നൊ​പ്പം അവന്റെ​തന്നെ ഫോട്ടോ അയച്ചു​കൊ​ടു​ക്കാ​നുള്ള മെസ്സേ​ജും വന്നു. ഇങ്ങനെ​യൊ​ക്കെ വന്നാൽ എന്തു ചെയ്യണ​മെന്നു നേരത്തേ പറഞ്ഞു​കൊ​ടു​ത്തി​രു​ന്ന​തു​കൊണ്ട്‌ അവൻ അപ്പോൾത്തന്നെ എന്റെ അടുത്തു​വന്ന്‌ സംഭവി​ച്ച​തെ​ല്ലാം പറഞ്ഞു.”—മൗറീ​ഷി​യോ.

 ബൈബിൾ തത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക; വയസ്സാ​യാ​ലും അവൻ അതു വിട്ടു​മാ​റില്ല.”—സുഭാ​ഷി​തങ്ങൾ 22:6.

 മുതിർന്ന കുട്ടി​കളെ അശ്ലീലം കാണാ​നോ കേൾക്കാ​നോ വായി​ക്കാ​നോ ഉള്ള പ്രലോ​ഭ​നത്തെ ചെറു​ക്കാൻ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, അവരു​മാ​യി ഒരു കരാർ ഉണ്ടാക്കുക. അശ്ലീലം കാണാൻ ഇടയാ​യാൽ എന്തു ചെയ്യണ​മെ​ന്നും എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യേ​ണ്ട​തെ​ന്നും അതിൽ എഴുതി​വെ​ക്കുക. അതിൽ അശ്ലീലം കാണു​ന്ന​തു​കൊ​ണ്ടുള്ള ഭവിഷ്യ​ത്തു​ക​ളും ഉൾപ്പെ​ടു​ത്തുക. ഉദാഹ​ര​ണ​ത്തിന്‌, ആത്മവി​ശ്വാ​സം നഷ്ടപ്പെ​ട്ടേ​ക്കാം, മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നഷ്ടപ്പെ​ട്ടേ​ക്കാം, ദൈവ​വു​മാ​യുള്ള ബന്ധം തകർന്നേ​ക്കാം. c

 “കുട്ടികൾ വളരു​മ്പോൾ, അശ്ലീലം കണ്ടാൽ ഉണ്ടാകുന്ന ദീർഘ​കാ​ല​ഭ​വി​ഷ്യ​ത്തു​ക്ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ അവരെ സഹായി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ അത്തരം പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ അവർക്ക്‌ അതിനെ ചെറു​ക്കാ​നാ​കും.”—ലോററ്റ.

 “അശ്ലീലം കാണു​ന്ന​തു​കൊ​ണ്ടുള്ള അപകടങ്ങൾ മാത്രമല്ല, അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും എന്നുകൂ​ടി മനസ്സി​ലാ​ക്കാൻ കുട്ടി​കളെ സഹായി​ച്ചാൽ അത്‌ അവർക്കൊ​രു സംരക്ഷ​ണ​മാ​യി​രി​ക്കും.”—ഡേവിഡ്‌.

 ബൈബിൾ തത്ത്വം: ‘ജ്ഞാനം ഒരു സംരക്ഷ​ണ​മാണ്‌.’—സഭാ​പ്ര​സം​ഗകൻ 7:12.

 കൂടെ​ക്കൂ​ടെ സംസാ​രി​ക്കുക. അശ്ലീലം​പോ​ലുള്ള ലൈം​ഗി​ക​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കാൻ കുട്ടികൾ ആഗ്രഹി​ക്കു​ന്നുണ്ട്‌. ഇംഗ്ലണ്ടി​ലെ കുട്ടി​ക​ളു​ടെ കമ്മീഷ​ണ​റായ റേച്ചൽ ഡിസൂസ പറയുന്നു: “കുട്ടി​കൾക്ക്‌ ഏറ്റവും ആവശ്യം, അവരോട്‌ നേരത്തേ സംസാ​രി​ക്കുക, കൂടെ​ക്കൂ​ടെ സംസാ​രി​ക്കുക എന്നതാണ്‌. ഈ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രായ​ത്തി​ന​നു​സ​രി​ച്ചുള്ള സംസാ​ര​മാണ്‌ കുട്ടികൾ ആഗ്രഹി​ക്കു​ന്നത്‌. കുട്ടികൾ വളർന്നു​വ​രു​മ്പോൾ ഈ വിഷയ​ത്തി​ന്റെ വിവി​ധ​വ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ അവർ ആഗ്രഹി​ക്കും.”

 “എന്റെ ചെറു​പ്പ​ത്തിൽ ചില വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും മാതാ​പി​താ​ക്കൾ എന്നോടു സംസാ​രി​ച്ചി​രു​ന്നില്ല. അവർ ഈ കാര്യ​ങ്ങ​ളൊ​ക്കെ എന്നോടു തുറന്ന്‌ സംസാ​രി​ച്ചി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആഗ്രഹി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ ഞാൻ ഒരു അമ്മയാണ്‌. എന്റെ കുട്ടി​ക​ളോ​ടു ലൈം​ഗി​ക​വി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു മടിയും​കൂ​ടാ​തെ കൂടെ​ക്കൂ​ടെ സംസാ​രി​ക്കാൻ ഞാൻ ശ്രമി​ക്കും.“—ഫ്ലാവിയ.

 നിങ്ങളു​ടെ കുട്ടി അശ്ലീലം കാണാൻ ഇടയാ​യെ​ങ്കി​ലോ

 ശാന്തരാ​യി​രി​ക്കുക. നിങ്ങളു​ടെ കുട്ടി അശ്ലീലം കാണാ​നോ, കേൾക്കാ​നോ, വായി​ക്കാ​നോ ഇടയാ​യെന്നു കണ്ടാൽ നിങ്ങൾ എടുത്തു​ചാ​ടി ഒന്നും ചെയ്യരുത്‌. അവൻ അതു കണ്ടതിന്റെ കുറ്റ​ബോ​ധ​ത്തി​ലാ​യി​രി​ക്കാം, അല്ലെങ്കിൽ അതിന്റെ ഞെട്ടലി​ലാ​യി​രി​ക്കാം. ഇങ്ങനെ വിഷമി​ച്ചി​രി​ക്കുന്ന സമയത്ത്‌ നിങ്ങൾ അവനോ​ടു ദേഷ്യ​പ്പെ​ട്ടാൽ അവനു കൂടുതൽ നിരാശ തോന്നു​കയേ ഉള്ളൂ. ഭാവി​യിൽ ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ അവനു മടി തോന്നി​യേ​ക്കാം.

 ബൈബിൾ തത്ത്വം: “അറിവു​ള്ളവൻ വാക്കുകൾ നിയ​ന്ത്രി​ക്കു​ന്നു; വകതി​രി​വു​ള്ളവൻ ശാന്തത പാലി​ക്കും.”—സുഭാ​ഷി​തങ്ങൾ 17:27.

 സത്യാവസ്ഥ മനസ്സി​ലാ​ക്കുക. എടുത്തു​ചാ​ടി ഒരു നിഗമ​ന​ത്തിൽ എത്തുന്ന​തി​നു മുമ്പ്‌ നിങ്ങളു​ടെ കുട്ടി അശ്ലീലം കാണാൻ ഇടയാ​യത്‌ എങ്ങനെ​യെന്ന്‌ അറിയാൻ ചോദ്യ​ങ്ങൾ ചോദി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ആരെങ്കി​ലും ഈ ചിത്രം അവന്‌ അയച്ചു​കൊ​ടു​ത്ത​താ​ണോ അതോ അവൻ സ്വയം കണ്ടെത്തി​യ​താ​ണോ? ആദ്യമാ​യി​ട്ടാ​ണോ ഇങ്ങനെ സംഭവി​ച്ചത്‌ അതോ ഇതിനു മുമ്പും അശ്ലീലം കണ്ടിട്ടു​ണ്ടോ? അവൻ ഉപയോ​ഗി​ക്കുന്ന ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ത്തിൽ പേരന്റൽ കൺ​ട്രോൾസ്‌ പോലുള്ള സെറ്റി​ങ്ങു​കൾ ക്രമീ​ക​രി​ച്ചി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ, അശ്ലീലം കാണാൻ അവൻ മറ്റ്‌ ഏതെങ്കി​ലും വഴി കണ്ടെത്തി​യ​താ​ണോ? ഓർക്കുക, നിങ്ങളു​ടെ പെരു​മാ​റ്റം ഒരു കുറ്റവാ​ളി​യെ ചോദ്യം ചെയ്യു​ന്ന​തു​പോ​ലെ ആയിരി​ക്ക​രുത്‌. മറിച്ച്‌, അവന്റെ മനസ്സി​ലു​ള്ളതു പുറത്തു​കൊ​ണ്ടു​വ​രാൻ അവനെ സഹായി​ക്കുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം.

 ബൈബിൾ തത്ത്വം: “മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ചിന്തകൾ ആഴമുള്ള വെള്ളം; എന്നാൽ വകതി​രി​വു​ള്ളവൻ അതു കോരി​യെ​ടു​ക്കും.”—സുഭാ​ഷി​തങ്ങൾ 20:5.

 വേണ്ടതു ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ കുട്ടി അബദ്ധവ​ശാ​ലാണ്‌ അശ്ലീലം കണ്ടതെ​ങ്കിൽ, അവന്റെ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ത്തിൽ പേരന്റൽ കൺ​ട്രോൾസ്‌ പോലുള്ള സെറ്റി​ങ്ങു​ക​ളിൽ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ന്നതു സഹായ​ക​മാ​യേ​ക്കാം.

 എന്നാൽ, അവൻ അറിഞ്ഞു​കൊ​ണ്ടാണ്‌ അശ്ലീലം കണ്ടതെന്നു നിങ്ങൾക്കു മനസ്സി​ലാ​യാൽ സ്‌നേ​ഹ​ത്തോ​ടെ ശക്തമായ തിരുത്തൽ നൽകുക. ഇയ്യോബ്‌ 31:1, സങ്കീർത്തനം 97:10, സങ്കീർത്തനം 101:3 പോലുള്ള തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അശ്ലീലത്തെ മറിക​ട​ക്കാ​നുള്ള ആഗ്രഹം ശക്തമാ​ക്കാൻ അവനെ സഹായി​ക്കുക. d അവൻ എത്ര​ത്തോ​ളം പുരോ​ഗതി വരുത്തി​യി​ട്ടു​ണ്ടെ​ന്നും ഇനി എന്തെങ്കി​ലും സഹായം ആവശ്യ​മു​ണ്ടോ എന്നും അറിയു​ന്ന​തി​നു​വേണ്ടി ഇനിവ​രുന്ന ഓരോ ആഴ്‌ച​യും അവനു​മാ​യി സംസാ​രി​ക്കാ​മെ​ന്നും പറയുക.

 ബൈബിൾ തത്ത്വം: “നിങ്ങളു​ടെ മക്കളെ പ്രകോ​പി​പ്പി​ക്കാ​തെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രുക.”—എഫെസ്യർ 6:4.

a ഈ ലേഖന​ത്തിൽ ആൺകു​ട്ടി​ക​ളെ​ക്കു​റി​ച്ചാണ്‌ പറയു​ന്ന​തെ​ങ്കി​ലും ഇതിലെ വിവരങ്ങൾ പെൺകു​ട്ടി​കൾക്കും ബാധക​മാണ്‌.

b പ്രായത്തിനനുസരിച്ച്‌ കുട്ടി​ക​ളോ​ടു സെക്‌സി​നെ​ക്കു​റിച്ച്‌ എങ്ങനെ സംസാ​രി​ക്കാ​നാ​കും? അതിനുള്ള നിർദേ​ശ​ങ്ങൾക്കാ​യി “സെക്‌സി​നെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാ​നാ​കും?” എന്ന ലേഖനം കാണുക.

c കരാറിൽ എന്തൊക്കെ ഉൾപ്പെ​ടു​ത്താം എന്നതി​നെ​ക്കു​റിച്ച്‌ അറിയാൻ “അശ്ലീലം എങ്ങനെ ഒഴിവാ​ക്കാം” (ഇംഗ്ലീഷ്‌) എന്ന അഭ്യാസം കാണുക.

dഅശ്ലീലം എന്തു​കൊണ്ട്‌ ഒഴിവാ​ക്കണം?” എന്ന ലേഖന​വും ഒരുമിച്ച്‌ ചർച്ച ചെയ്യാ​വു​ന്ന​താണ്‌.