വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

ബലഹീ​ന​ത​യിൽ ശക്തി കണ്ടെത്തു​ന്നു

ബലഹീ​ന​ത​യിൽ ശക്തി കണ്ടെത്തു​ന്നു

വെറും 29 കി​ലോ​ഗ്രാം മാത്രം ഭാരമുള്ള ഒരു ദുർബലശരീ​രവു​മായി വീൽചെയറി​ലിരി​ക്കുന്ന എന്നെ കണ്ടാൽ ഞാൻ ആരോ​ഗ്യവ​തിയാ​ണെന്ന് ആരും പറയില്ല. ശാരീ​രി​കബലം ക്ഷയി​ച്ചു​കൊ​ണ്ടിരി​ക്കു​കയാ​ണെങ്കി​ലും ആന്ത​രിക​ശക്തി മു​ന്നോ​ട്ടു പോകാൻ എന്നെ സഹാ​യി​ക്കുന്നു. ബലവും ബല​ഹീന​തയും എന്‍റെ ജീവിതം രൂപ​പ്പെടു​ത്തി​യത്‌ എങ്ങ​നെ​യെന്നു ഞാൻ വി​വരി​ക്കാം.

എനിക്കു നാലു വയസ്സുള്ളപ്പോൾ

തെക്കൻ ഫ്രാൻസി​ലെ നാട്ടിൻപുറ​ത്തുള്ള ഒരു കൊച്ചു വീട്ടിൽ മാ​താപി​താ​ക്കളോ​ടൊ​പ്പമാ​യി​രുന്നു എന്‍റെ കു​ട്ടിക്കാ​ലം. ആ നാളുകൾ മധു​രി​ക്കുന്ന ഓർമക​ളാണ്‌ എന്‍റെ മന​സ്സി​ലേക്കു കൊ​ണ്ടു​വരു​ന്നത്‌. പൂ​ന്തോട്ട​ത്തിലൂ​ടെ ഓടി​നട​ക്കുന്ന​തും അച്ഛൻ എനിക്കു വേണ്ടി ഒരു ഊഞ്ഞാൽ കെ​ട്ടിത്ത​ന്നതും എല്ലാം. 1966-ൽ യ​ഹോവ​യുടെ സാക്ഷികൾ ഞങ്ങളുടെ വീട്‌ സന്ദർശി​ച്ചു. അവർ അച്ഛ​നുമാ​യി നീണ്ട സം​ഭാഷ​ണങ്ങൾ നടത്തു​മാ​യിരു​ന്നു. ഏഴു മാസ​ത്തിനു​ള്ളിൽ അദ്ദേഹം യ​ഹോവ​യുടെ സാ​ക്ഷിക​ളിൽ ഒരാ​ളാ​കാൻ തീരു​മാ​നിച്ചു. പെ​ട്ടെന്നു​തന്നെ അമ്മയും അച്ഛന്‍റെ പാത പി​ന്തുടർന്നു. ഇങ്ങനെ ഊഷ്‌മള​മാ​യൊരു കു​ടും​ബാ​ന്തരീ​ക്ഷത്തി​ലാണ്‌ അവർ എന്നെ വളർത്തി​യത്‌.

മാതാ​പി​താ​ക്ക​ളു​ടെ സ്വ​ദേശ​മായ സ്‌പെയി​നിൽ തി​രി​ച്ചെത്തിയ ഉടനെ എനിക്ക് ആരോ​ഗ്യ​പ്രശ്‌നങ്ങൾ തുടങ്ങി. എന്‍റെ കൈയി​ലും കണ​ങ്കാലി​ലും തുള​ച്ചുക​യറുന്ന വേദന അനു​ഭവ​പ്പെട്ടു. രണ്ടു വർഷത്തോ​ളം, ഞങ്ങൾ പല ഡോക്‌ടർമാ​രെയും കണ്ടു. അതി​നു​ശേഷം പേ​രു​കേട്ട ഒരു വാത​രോ​ഗചി​കിത്സാ വി​ദഗ്‌ധനെ ഞങ്ങൾ കണ്ടെത്തി. അദ്ദേഹം ഗൗ​രവ​ത്തോടെ പറഞ്ഞു, “വളരെ വൈ​കി​പ്പോയി.” അതു കേട്ട എന്‍റെ അമ്മ കരയാൻതു​ടങ്ങി. കു​ട്ടി​കളെ ബാ​ധി​ക്കുന്ന ഒരു തരം വി​ട്ടുമാ​റാത്ത സന്ധി​വാത​മാണ്‌ ഇതെന്നും ശരീര​ത്തി​ന്‍റെ​ത​ന്നെ പ്രതി​രോ​ധവ്യ​വസ്ഥ ആ​രോഗ്യ​മുള്ള കലകളെ ആ​ക്രമിച്ച് നശിപ്പി​ക്കു​ന്ന​തി​ന്‍റെ ഫല​മായാ​ണു സന്ധി​ക​ളിൽ വേ​ദന​യും നീർക്കെ​ട്ടും ഉണ്ടാ​കു​ന്നതെ​ന്നും ഡോക്‌ടർ എന്‍റെ മാ​താ​പിതാ​ക്ക​ളോടു പറഞ്ഞു. ഒരു പത്തു​വ​യസ്സു​കാരി​യായ എനിക്കു കാ​ര്യമാ​യി ഒന്നും പി​ടി​കിട്ടി​യി​ല്ലെങ്കി​ലും കേട്ട വാർത്ത അത്ര നല്ല​ത​ല്ലെന്നു മന​സ്സിലാ​യി.

കുട്ടി​കൾക്കു​ള്ള ഒരു ആ​രോ​ഗ്യപ​രിപാ​ലന​കേ​ന്ദ്രത്തിൽ എന്നെ പ്ര​വേശി​പ്പി​ക്കാൻ ഡോക്‌ടർ നിർദേ​ശിച്ചു. അവിടെ എത്തിയ ഞാൻ ആ പരുക്കൻ കെട്ടിടം കണ്ടു ഭയ​ന്നു​പോയി. അച്ചടക്കം കർശ​നമാ​യിരു​ന്നു. അവി​ടെ​യുള്ള കന്യാസ്‌ത്രീ​കൾ എന്‍റെ മുടി മുറി​ക്കു​കയും എന്നെ പഴഞ്ചൻ മട്ടിലുള്ള ഒരു യൂ​ണി​ഫോറം ധരി​പ്പി​ക്കുക​യും ചെയ്‌തു. ‘ഇവിടെ എങ്ങനെ പിടി​ച്ചു​നിൽക്കും’ എന്നു ഞാൻ കണ്ണു​നീ​രോടെ ചിന്തിച്ചു.

യഹോ​വ​യു​ടെ കരുതൽ ഞാൻ തിരിച്ചറിയുന്നു

മാതാ​പി​താ​ക്കൾ എന്നെ യ​ഹോ​വയെ ആരാ​ധി​ക്കാൻ പഠി​പ്പി​ച്ചി​രുന്ന​തു​കൊണ്ട്, ആ ആ​രോഗ്യ​പരി​പാ​ലന​കേന്ദ്ര​ത്തിലെ ക​ത്തോ​ലിക്കാ​സഭ​യുടെ മതച​ടങ്ങു​കളിൽ പ​ങ്കെടു​ക്കാൻ ഞാൻ വി​സമ്മതി​ച്ചു. എന്നാൽ അവി​ടു​ത്തെ കന്യാസ്‌ത്രീ​കൾക്ക് ഞാൻ എന്തു​കൊ​ണ്ടാണ്‌ അവയിൽ പങ്കെ​ടുക്കാ​ത്ത​തെന്നു മന​സ്സിലാ​ക്കാൻ വളരെ ബു​ദ്ധി​മുട്ടാ​യി​രുന്നു. എന്നെ കൈ​വിട​രുതേ എന്നു ഞാൻ യഹോ​വ​യോടു കേ​ണപേ​ക്ഷിച്ചു. പെ​ട്ടെന്നു​തന്നെ സ്‌നേ​ഹവാ​നാ​യൊരു പിതാവ്‌ തന്‍റെ കുഞ്ഞിനെ മാ​റോ​ടു ചേർത്ത്‌ മു​റു​കെപ്പി​ടി​ക്കുന്ന​തു​പോലെ യ​ഹോവ​യുടെ സം​രക്ഷക​കരങ്ങൾ എനിക്ക് അനു​ഭവ​പ്പെട്ടു.

ശനിയാ​ഴ്‌ച​ക​ളിൽ കുറച്ചു സമയം എന്നെ സന്ദർശി​ക്കാൻ മാതാ​പി​താക്കൾക്ക് അനു​വാദ​മുണ്ടാ​യി​രുന്നു. എന്‍റെ വി​ശ്വാ​സം ശക്തമാക്കി നിറു​ത്തു​ന്നതിന്‌ അവർ ബൈ​ബിള​ധിഷ്‌ഠിത പ്രസി​ദ്ധീ​കര​ണങ്ങൾ കൊ​ണ്ടു​വന്നു. സാധാ​രണ​യായി കു​ട്ടികൾക്കു തങ്ങളുടെ പക്കൽ പുസ്‌ത​കങ്ങൾ വെക്കാൻ അനു​വാദ​മില്ലാ​യി​രുന്നു. എന്നാൽ ഞാൻ ദി​വസ​വും വാ​യിച്ചി​രുന്ന ബൈ​ബിളി​നോ​ടൊപ്പം ഈ പ്രസി​ദ്ധീ​കര​ണങ്ങൾ വെക്കാൻ കന്യാ​സ്‌ത്രീ​കൾ എന്നെ അനു​വദി​ച്ചു. ആരും രോ​ഗി​കളാ​യി​ത്തീരി​ല്ലാത്ത പറു​ദീ​സാ​ഭൂമി​യിൽ നിത്യം ജീ​വിക്കാ​നുള്ള എന്‍റെ പ്ര​ത്യാ​ശ​യെക്കു​റിച്ചു ഞാൻ മറ്റു പെൺകുട്ടി​ക​ളോടു പറയു​മാ​യിരു​ന്നു. (വെ​ളിപാട്‌ 21:3, 4) ചില സമ​യങ്ങ​ളിൽ എനിക്കു സങ്കടവും ഏകാ​ന്തത​യും അനു​ഭ​വപ്പെ​ട്ടെങ്കി​ലും, യഹോ​വയി​ലുള്ള എന്‍റെ വി​ശ്വാ​സവും ആ​ശ്രയത്വ​വും ബലിഷ്‌ഠമാ​യി​ക്കൊണ്ടി​രു​ന്നതിൽ ഞാൻ സന്തു​ഷ്ടയാ​യിരു​ന്നു.

നീണ്ട ആറു​മാസ​ങ്ങൾക്കു ശേഷം ഡോക്‌ടർമാർ എന്നെ വീട്ടി​ലേ​ക്കയച്ചു. രോഗ​ത്തി​ന്‍റെ കാ​ഠി​ന്യം കുറ​ഞ്ഞി​ല്ലെങ്കി​ലും മാ​താ​പിതാ​ക്ക​ളോ​ടൊപ്പം തിരികെ വീ​ട്ടിലാ​യി​രിക്കാ​നാ​യതിൽ എനിക്കു സന്തോഷം തോന്നി. എന്‍റെ സന്ധി​കൾക്കു കൂടുതൽ രൂ​പ​ഭേദം സംഭ​വി​ക്കുക​യും വേദന കൂടു​തലാ​കു​കയും ചെയ്‌തു. വളരെ ക്ഷീണി​ത​യായാണ്‌ ഞാൻ കൗമാ​ര​ത്തി​ലേക്കു കടന്നത്‌. എന്നിട്ടും, എന്‍റെ കഴിവി​ന്‍റെ പര​മാ​വധി സ്വർഗീ​യപി​താ​വിനെ സേ​വിക്കു​മെന്ന ദൃഢനി​ശ്ച​യ​ത്തോ​ടെ 14-‍ാ‍ം വയസ്സിൽ ഞാൻ സ്‌നാന​മേറ്റു. എങ്കിൽപ്പോ​ലും, ചില സാഹ​ചര്യ​ങ്ങളിൽ എനിക്കു യഹോ​വ​യോടു മുഷിവ്‌ തോന്നി. “എന്തു​കൊണ്ട് എനിക്ക് ഇങ്ങനെ? എ​ന്നെയൊ​ന്നു സുഖ​പ്പെടു​ത്താ​മോ? ഞാൻ എന്തു​മാ​ത്രം സഹി​ക്കു​ന്നെന്നു നീ കാ​ണുന്നി​ല്ലേ?” എന്നൊക്കെ ഞാൻ പ്രാർഥി​ച്ചു.

കൗമാരം എനിക്കു വളരെ ദുഷ്‌കരമാ​യി​രുന്നു. ഞാൻ സു​ഖ​പ്പെടു​കയി​ല്ലെന്ന് എനിക്ക് അം​ഗീ​കരി​ക്കേണ്ടി​വന്നു. നല്ല ആ​രോഗ്യ​വും ചുറു​ചു​റുക്കു​മുള്ള എന്‍റെ സുഹൃ​ത്തു​ക്ക​ളു​മാ​യി ഞാൻ എന്നെത്തന്നെ താ​രത​മ്യം ചെയ്‌തു​പോ​യി. അത്‌ എന്നിൽ അപകർഷതാ​ബോ​ധം ഉളവാ​ക്കു​കയും ഞാൻ ഉൾവ​ലി​യുക​യും ചെയ്‌തു. എന്നി​രുന്നാ​ലും, കുടും​ബാം​ഗ​ങ്ങളും സുഹൃ​ത്തു​ക്ക​ളും അ​പ്പോ​ഴും എന്നെ പി​ന്തു​ണച്ചു. എന്‍റെ ഉറ്റ സുഹൃ​ത്താ​യി​ത്തീർന്ന എന്നെക്കാൾ 20 വയസ്സു കൂ​ടുത​ലുള്ള അലീ​ഷ്യ​യെ ഞാൻ സ്‌നേ​ഹ​പൂർവം ഓർക്കു​ന്നു. എന്‍റെ രോ​ഗത്തെ​ക്കുറി​ച്ചും മറ്റു പ്രയാ​സങ്ങ​ളെക്കുറി​ച്ചും ചി​ന്തി​ച്ചു​കൊണ്ടി​രി​ക്കുന്ന​തിനു പകരം മറ്റു​ള്ളവ​രിൽ താത്‌പര്യ​മെടു​ക്കാൻ അവൾ എന്നെ സഹാ​യി​ച്ചു.

എന്‍റെ ജീവിതം അർഥ​പൂർണമാ​ക്കാൻ വഴികൾ കണ്ടെത്തുന്നു

എനിക്കു 18 വയ​സ്സായ​പ്പോൾ എന്‍റെ ആ​രോഗ്യ​നില മുമ്പ​ത്തേതി​ലും മോ​ശമാ​യി. ക്രിസ്‌തീ​യ​യോഗ​ങ്ങൾക്കു പോ​കു​ന്നതു​പോ​ലും എന്നെ വളരെ ക്ഷീ​ണിത​യാക്കി. എങ്കിലും വീട്ടി​ലാ​യിരി​ക്കെ എനിക്കു ലഭിച്ച ‘ഒഴി​വുസ​മയങ്ങൾ’ ബൈബിൾ പഠിക്കാൻ ഞാൻ പൂർണമാ​യി പ്ര​യോജ​നപ്പെ​ടുത്തി. യ​ഹോവ​യാം ദൈവം ഇന്ന് നമ്മുടെ ശാ​രീ​രികാ​വശ്യ​ങ്ങ​ളേക്കാൾ ആത്മീ​യാവ​ശ്യങ്ങൾക്കാ​യാണ്‌ പ്രധാ​നമാ​യും കരു​തുന്ന​തെന്നു മന​സ്സിലാ​ക്കാൻ ഇയ്യോ​ബി​ന്‍റെ പുസ്‌ത​കവും സങ്കീർത്തന​ങ്ങളും എന്നെ സഹാ​യി​ച്ചു. ഇടവി​ടാ​തെ​യുള്ള എന്‍റെ പ്രാർഥ​നകൾ എനിക്ക് “അസാ​മാന്യ​ശക്തി”യും “മനു​ഷ്യ​ബുദ്ധിക്ക് അതീ​ത​മായ ദൈ​വസമാ​ധാന”വും നൽകി.—2 കൊരി​ന്ത്യർ 4:7; ഫി​ലിപ്പി​യർ 4:6, 7.

22-‍ാ‍ം വയസ്സിൽ ഞാൻ വീൽചെയ​റിലാ​യി. ഒരു വീൽചെ​യറും അതിലെ ഒരു രോ​ഗി​യായ സ്‌ത്രീ​യും; അങ്ങനെ മാത്രമേ ആളുകൾ എന്നെ കാ​ണുക​യുള്ളൂ എന്നു ഞാൻ ഭയപ്പെട്ടു. എന്നി​രുന്നാ​ലും, വീൽചെ​യർ ഒരു പരി​ധി​വരെ എന്‍റെ സ്വാ​ത​ന്ത്ര്യം എനിക്കു തിരികെ നൽകി, അങ്ങനെ ആ ‘ശാപം’ എനി​ക്കൊ​രു അനു​ഗ്രഹമാ​യിത്തീർന്നു. എന്‍റെ കൂട്ടു​കാരി​യായി​രുന്ന ഇസ്‌ബെൽ ഒരു മാസം അവ​ളോ​ടൊപ്പം സു​വാർത്താ​പ്രസം​ഗവേ​ലയിൽ 60 മണിക്കൂർ ലക്ഷ്യം​വെച്ച് പ്ര​വർത്തി​ക്കാൻ എന്നെ പ്രോ​ത്സാ​ഹിപ്പി​ച്ചു.

എനിക്ക് അത്‌ ആദ്യം ബുദ്ധി​ശൂ​ന്യമാ​യി തോന്നി. എന്നാൽ ഞാൻ യഹോ​വ​യോടു സഹാ​യത്തി​നായി അപേ​ക്ഷി​ക്കുക​യും കു​ടും​ബാം​ഗങ്ങ​ളു​ടെയും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹാ​യ​ത്താൽ എന്‍റെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രുക​യും ചെയ്‌തു. തി​രക്കേ​റിയ ആ മാസം വളരെ പെട്ടെന്നു കടന്നു പോയി. അ​പ്പോ​ഴേക്കും എന്‍റെ ഭയവും ജാ​ള്യത​യും മറി​ക​ടന്നി​രുന്ന​തായി ഞാൻ തി​രിച്ച​റിഞ്ഞു. 1996-ൽ ഒരു സാധാരണ പയനി​യറാ​കാൻ, അതായത്‌ എല്ലാ മാസവും ഒരു നി​ശ്ചിത​സമയം ദൈ​വ​സേവന​ത്തിൽ ഏർപ്പെ​ടാൻ, ഞാൻ തീരു​മാ​നിച്ചു; കാരണം ആ വേല അ​ത്രയധി​കം ഞാൻ ആസ്വ​ദി​ച്ചിരു​ന്നു. എന്‍റെ ജീ​വിത​ത്തിലെ ഏറ്റവും മികച്ച ഈ തീ​രുമാ​നം എന്നെ ശാരീ​രി​കമാ​യി ബല​പ്പെടു​ത്തുക​യും യഹോ​വ​യി​ലേക്ക് അടു​പ്പി​ക്കുക​യും ചെയ്‌തു. ഇങ്ങനെ ദൈ​വവേ​ലയിൽ മുഴു​കി​യതി​നാൽ അനേ​കരു​മായി എന്‍റെ വി​ശ്വാ​സം പങ്കി​ടാ​നും ചിലരെ ദൈ​വവു​മായി സുഹൃ​ദ്‌ബ​ന്ധ​ത്തി​ലേ​ക്കു വരാൻ സഹാ​യിക്കാ​നും എനിക്കു കഴിഞ്ഞു.

യഹോവ എന്നെ ചേർത്തുപിടിച്ചിരിക്കുന്നു

2001-ലെ വേ​നൽക്കാ​ലത്ത്‌ ഒരു കാ​റപക​ടത്തിൽ എന്‍റെ രണ്ടു കാ​ലുക​ളും ഒടിഞ്ഞു. ആശു​പ​ത്രി​ക്കിട​ക്കയിൽ തീ​വ്രവേ​ദന​യോടെ കിടന്ന ഞാൻ ഹൃദയം നുറുങ്ങി നി​ശ്ശബ്ദമാ​യി ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, എന്നെ ഉപേ​ക്ഷിക്ക​രുതേ!” അ​പ്പോൾത്തന്നെ അടുത്ത കി​ടക്ക​യിൽ കി​ടന്നി​രുന്ന ഒരു സ്‌ത്രീ എന്നോട്‌ ചോ​ദി​ച്ചു, “നിങ്ങൾ യ​ഹോവ​യുടെ സാ​ക്ഷിയാ​ണോ?” അതിന്‌ ഉത്തരം പറയാൻ ശേഷി​യി​ല്ലായി​രുന്ന ഞാൻ തലയാട്ടി. “നിങ്ങ​ളെ​ക്കുറിച്ച് എനിക്ക് അറിയാം! ഞാൻ നി​ങ്ങളു​ടെ മാ​സി​കകൾ മി​ക്കപ്പോ​ഴും വായി​ക്കാ​റുണ്ട്,” അവർ പറഞ്ഞു. ആ വാക്കുകൾ എന്നെ വളരെ ആശ്വ​സി​പ്പിച്ചു. എന്‍റെ ഈ ദയനീ​യാ​വസ്ഥയി​ലും എനിക്കു യഹോ​വയ്‌ക്കു​വേണ്ടി ഒരു സാക്ഷ്യം നൽകാനാ​യി. എത്ര വലിയ ബഹുമതി!

എന്‍റെ അവസ്ഥ കുറച്ചു മെച്ച​പ്പെട്ട​പ്പോൾ ദൈ​വവേ​ലയിൽ കൂടുതൽ ഏർപ്പെ​ടാൻ ഞാൻ തീരു​മാ​നിച്ചു. പ്ലാസ്റ്ററിട്ട കാലു​ക​ളുമാ​യി ഇരുന്ന എന്നെ, അമ്മ വീൽചെ​യറിൽ ആശു​പ​ത്രിയി​ലെ വാർഡി​ലൂടെ കൊ​ണ്ടു​നടന്നു. ഒരോ ദി​വസ​വും ഞങ്ങൾ ഏതാനും രോ​ഗി​കളെ സന്ദർശിച്ച് അവരുടെ വി​ശേ​ഷങ്ങൾ ആരാ​യു​കയും അവർക്കു ബൈബിൾപ്രസി​ദ്ധീക​രണങ്ങൾ നൽകുക​യും ചെയ്‌തു. ഇത്ത​രത്തി​ലുള്ള സന്ദർശ​നങ്ങൾ ക്ഷീ​ണി​പ്പിക്കു​ന്നവ​യായി​രു​ന്നെങ്കി​ലും, ആവ​ശ്യ​മായ ശക്തി യഹോവ എനിക്കു നൽകി.

2003-ൽ എന്‍റെ മാതാപിതാക്കളോടൊപ്പം

കഴിഞ്ഞ ഏതാനും വർഷങ്ങളാ​യി എന്‍റെ വേ​ദന​യും പ്ര​യാസ​വും വർധി​ച്ചുവ​രിക​യാണ്‌. എന്‍റെ പിതാ​വി​ന്‍റെ വേർപാട്‌ ആ വേ​ദനയ്‌ക്ക് ആക്കം കൂട്ടി. എങ്കിലും, ഞാൻ ശുഭാപ്‌തി​വിശ്വാ​സം നി​ലനിർത്താൻ ശ്ര​മിക്കു​ന്നു. എങ്ങനെ? സാ​ധി​ക്കു​മ്പോ​ഴെല്ലാം ഞാൻ സുഹൃ​ത്തു​ക്ക​ളോ​ടും ബന്ധു​ക്കളോ​ടും ഒപ്പമാ​യി​രി​ക്കാൻ ശ്ര​മിക്കു​ന്നു. അത്‌ എന്‍റെ പ്രശ്‌നങ്ങ​ളിൽനിന്ന് ശ്രദ്ധ​തിരി​ക്കാൻ എന്നെ സഹാ​യി​ക്കുന്നു. കൂടാതെ തനി​യെയാ​യിരി​ക്കു​മ്പോൾ ഞാൻ ബൈബിൾ വായി​ക്കു​കയും പഠി​ക്കു​കയും മറ്റു​ള്ളവ​രോട്‌ ഫോ​ണി​ലൂടെ സാക്ഷീ​കരി​ക്കു​കയും ഒക്കെ ചെയ്യുന്നു.

പലപ്പോഴും ഞാൻ കണ്ണുകൾ അടച്ച്, ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ആ പുതിയ ഭൂമി​യി​ലേക്ക് മനസ്സിന്‍റെ ‘കി​ളിവാ​തിൽ’ തുറക്കാറുണ്ട്

എന്‍റെ മുഖം തഴുകുന്ന ഇള​ങ്കാ​റ്റും പൂ​ക്കളു​ടെ സു​ഗന്ധ​വും എല്ലാം ഞാൻ വളരെ ആസ്വ​ദി​ക്കുന്നു. എനിക്കു ദൈവത്തി​നു നന്ദി കരേറ്റാൻ ഈ കൊ​ച്ചു​കൊച്ചു കാര്യങ്ങൾ കാരണം നൽകുന്നു. നല്ല നർമ്മബോ​ധം അത്ഭുതങ്ങൾ പ്രവർത്തി​ക്കുന്നു. ഒരു ദിവസം പ്ര​സംഗ​വേല​യിലാ​യി​രിക്കെ, എന്നെ വീൽചെ​യറിൽ തള്ളി​ക്കൊ​ണ്ടു നടക്കു​കയാ​യി​രുന്ന കൂ​ട്ടുകാ​രി ഒരു കു​റി​പ്പെടു​ക്കാ​നായി ഒരു നിമി​ഷ​മൊന്നു നിന്നു. പെട്ടെന്ന് വീൽചെ​യർ നി​യ​ന്ത്രണം വിട്ട് ഇറ​ക്കത്തി​ലൂടെ ഉരുണ്ട് നിറു​ത്തി​യിട്ടി​രുന്ന ഒരു കാറിൽ ചെ​ന്നിടി​ച്ചു. ഞങ്ങൾ രണ്ടു​പേ​രും ഭയ​ന്നു​പോയി. എന്നാൽ കാ​ര്യമാ​യി ഒന്നും സംഭ​വി​ച്ചി​ല്ലെന്നു കണ്ടപ്പോൾ ഞങ്ങൾ പൊ​ട്ടി​ച്ചിരി​ച്ചു.

ജീവി​ത​ത്തിൽ എനിക്ക് ചെയ്യാൻ പറ്റാ​ത്തതാ​യി അനേകം കാ​ര്യങ്ങ​ളുണ്ട്. നി​റ​വേറാ​നിരി​ക്കുന്ന ആഗ്രഹങ്ങൾ എന്നാണ്‌ ഞാൻ അവയെ വി​ളിക്കു​ന്നത്‌. പല​പ്പോ​ഴും ഞാൻ കണ്ണുകൾ അടച്ച്, ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ആ പുതിയ ഭൂമി​യി​ലേക്ക് മനസ്സിന്‍റെ ‘കി​ളിവാ​തിൽ’ തു​റക്കാ​റുണ്ട്. (2 പത്രോസ്‌ 3:13) അവിടെ ആരോ​ഗ്യ​വതി​യായ, ഓടി​ച്ചാ​ടിന​ടക്കുന്ന, ജീവിതം പൂർണമാ​യും ആസ്വ​ദി​ക്കുന്ന ഒരു വ്യ​ക്തിയാ​യി ഞാൻ എന്നെത്തന്നെ സങ്കൽപ്പി​ക്കും. “യ​ഹോവ​യിങ്കൽ പ്രത്യാ​ശവെ​ക്കുക; ധൈ​ര്യ​പ്പെട്ടി​രിക്ക; നിന്‍റെ ഹൃദയം ഉറെ​ച്ചിരി​ക്കട്ടെ” (സങ്കീർത്ത​നം 27:14) എന്ന ദാവീദ്‌ രാജാ​വി​ന്‍റെ വാക്കുകൾ ഞാൻ ഹൃദയ​ത്തോ​ടു ചേർത്തു​വെക്കു​ന്നു. എന്‍റെ ശരീരം കൂടു​തൽക്കൂടു​തൽ ദുർബലമാ​കു​ന്നെങ്കി​ലും യഹോവ എന്നെ ബല​പ്പെടു​ത്തിയി​രി​ക്കുന്നു. എന്‍റെ ബല​ഹീന​തയിൽ ശക്തി ക​ണ്ടെത്തു​ന്നതിൽ ഞാൻ തു​ടരു​ന്നു. ▪ (w14-E 03/01)