വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം

ഇണയോട്‌ ആദര​വോ​ടെ ഇടപെ​ടുക

ഇണയോട്‌ ആദര​വോ​ടെ ഇടപെ​ടുക

വിൽ: a “എന്തെങ്കി​ലും വിഷമം ഉണ്ടായാൽ റെയ്‌ചൽ കുറേ​നേരം കരഞ്ഞു​കൊ​ണ്ടി​രി​ക്കും. ഇനി അതേക്കു​റിച്ച്‌ സംസാ​രി​ക്കാ​മെന്നു വെച്ചാ​ലോ? അവൾക്കാ​കെ ശുണ്‌ഠി​പി​ടി​ക്കും. അല്ലെങ്കിൽ പിന്നെ​യ​ങ്ങോട്ട്‌ മിണ്ടാ​വ്ര​ത​മാ​യി​രി​ക്കും. എന്തു​ചെ​യ്‌തി​ട്ടും ഒരു കാര്യ​വു​മില്ല. ആകെ മടുത്തു​പോ​കും.”

റെയ്‌ചൽ: “വിൽ വീട്ടിൽ വന്നപ്പോൾ ഞാൻ കരഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എന്താണു കാരണം എന്നു പറഞ്ഞു​മു​ഴു​മി​പ്പി​ക്കാൻപോ​ലും വിൽ എനിക്കു സമയം തന്നില്ല. ‘ഇത്‌ വെറും നിസ്സാരം, വിഷമി​ക്കാൻമാ​ത്രം അത്ര വലിയ കാര്യ​മൊ​ന്നു​മല്ല’ എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പക്ഷം. അതുകൂ​ടി കേട്ട​പ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു.”

വില്ലി​നും റെയ്‌ച​ലി​നും തോന്നി​യ​തു​പോ​ലെ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? അവർക്കു പരസ്‌പരം സംസാ​രി​ക്ക​ണ​മെ​ന്നുണ്ട്‌. പക്ഷേ കഴിയു​ന്നില്ല. എന്തായി​രി​ക്കും കാരണം?

വ്യത്യ​സ്‌ത രീതി​യി​ലാണ്‌ സ്‌ത്രീ​യും പുരു​ഷ​നും ആശയവി​നി​മയം നടത്തു​ന്നത്‌; ഇരുവ​രു​ടെ​യും ആവശ്യ​ങ്ങ​ളും വ്യത്യ​സ്‌തം. സ്‌ത്രീ​കൾ പൊതു​വെ കൂടുതൽ സംസാ​രി​ക്കുന്ന പ്രകൃ​ത​ക്കാ​രാണ്‌. വികാ​രങ്ങൾ അവർ അപ്പപ്പോൾ തുറന്നു പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ പുരു​ഷ​ന്മാ​രു​ടെ കാര്യം അങ്ങനെയല്ല. എത്രയും​വേഗം പ്രശ്‌നം പരിഹ​രിച്ച്‌ സമാധാ​നം സ്ഥാപി​ക്കാ​നും വലിയ കുഴപ്പങ്ങൾ ഒഴിവാ​ക്കാ​നും ആണ്‌ അവർ മിക്കവ​രും ആഗ്രഹി​ക്കു​ന്നത്‌. ഇത്തരം വ്യത്യാ​സങ്ങൾ മറിക​ടന്ന്‌ ആശയവി​നി​മയം നടത്താൻ ഭാര്യാ​ഭർത്താ​ക്ക​ന്മാർ എന്താണ്‌ ചെയ്യേ​ണ്ടത്‌? പരസ്‌പരം ആദര​വോ​ടെ ഇടപെ​ടുക.

മറ്റുള്ള​വ​രെ ആദരി​ക്കുന്ന ഒരു വ്യക്തി അവരെ വിലമ​തി​ക്കു​ക​യും അവരുടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്യും. അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രെ​യും മുതിർന്ന​വ​രെ​യും ഒക്കെ ബഹുമാ​നി​ക്കാൻ കുട്ടി​ക്കാ​ലം മുതൽക്കേ നിങ്ങൾ ശീലി​ച്ചി​ട്ടു​ണ്ടാ​കാം. എന്നാൽ വിവാ​ഹ​ജീ​വി​ത​ത്തിൽ, ഏറെക്കു​റെ തുല്യ​സ്ഥാ​ന​മുള്ള ഇണയെ ബഹുമാ​നി​ക്കുക എന്നത്‌ ഒരു വെല്ലു​വി​ളി​യാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ എട്ടുവർഷ​മായ ലിൻഡ പറയുന്നു: “മറ്റുള്ളവർ സംസാ​രി​ക്കു​മ്പോൾ ഫിൽ ക്ഷമയോ​ടെ കേൾക്കു​ക​യും ശ്രദ്ധി​ച്ചി​രി​ക്കു​ക​യും ചെയ്യും. അത്രയേ ഞാനും ആഗ്രഹി​ക്കു​ന്നു​ള്ളൂ, ഞാൻ പറയു​ന്നത്‌ ഒന്ന്‌ കേൾക്കുക.” സുഹൃ​ത്തു​ക്ക​ളോട്‌, എന്തിന്‌ അപരി​ചി​ത​രോ​ടു​പോ​ലും നിങ്ങൾ ആദര​വോ​ടെ സംസാ​രി​ച്ചേ​ക്കാം; അവർ പറയു​ന്നത്‌ നിങ്ങൾ ക്ഷമയോ​ടെ കേട്ടെ​ന്നു​വ​രും. എന്നാൽ ചിന്തി​ക്കുക: സ്വന്തം ഇണയുടെ കാര്യ​ത്തിൽ നിങ്ങൾ ആ പരിഗണന കാണി​ക്കാ​റു​ണ്ടോ?

കുടും​ബാം​ഗ​ങ്ങൾക്കി​ട​യി​ലുള്ള അനാദ​രവ്‌ സമ്മർദ​ങ്ങൾക്കും പിന്നീട്‌ വലിയ വാഗ്വാ​ദ​ങ്ങൾക്കും തിരി​കൊ​ളു​ത്തും. എന്നാൽ, ഭാര്യയെ ആദരി​ക്കാൻ അഥവാ ബഹുമാ​നി​ക്കാ​നാണ്‌ ഭർത്താ​വി​നോട്‌ ബൈബിൾ ആവശ്യ​പ്പെ​ടു​ന്നത്‌. (1 പത്രോസ്‌ 3:7) അതു​പോ​ലെ, ‘ഭാര്യ​യും ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കേ​ണ്ട​താണ്‌.’ (എഫെസ്യർ 5:33) ജ്ഞാനി​യായ ഒരു രാജാവ്‌ എഴുതി: “കലഹം നിറഞ്ഞ വീട്ടിലെ വിരു​ന്നി​നെ​ക്കാൾ അഭികാ​മ്യം സ്വസ്ഥത​യോ​ടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷ​ണ​മാണ്‌.”—സുഭാ​ഷി​തങ്ങൾ [സദൃശ​വാ​ക്യ​ങ്ങൾ] 17:1, പി.ഒ.സി. ബൈബിൾ.

പരസ്‌പരം ആദര​വോ​ടെ ആശയവി​നി​മയം നടത്താൻ ദമ്പതി​കൾക്ക്‌ എങ്ങനെ കഴിയും? ബൈബി​ളി​ലെ ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ഇതാ:

ഇണയ്‌ക്ക്‌ എന്തെങ്കി​ലും പറയാനുള്ളപ്പോൾ

പ്രതി​ബന്ധം:

കേൾക്കു​ന്ന​തി​നെ​ക്കാൾ സംസാ​രി​ക്കാ​നാണ്‌ മിക്കവർക്കും താത്‌പ​ര്യം. നിങ്ങൾ അങ്ങനെ ഒരാളാ​ണോ? “കേൾക്കും​മു​മ്പെ ഉത്തരം പറയു”ന്നത്‌ വിഡ്‌ഢി​ത്ത​മാ​ണെന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 18:13) അതു​കൊണ്ട്‌, സംസാ​രി​ക്കു​ന്ന​തി​നു​മുമ്പ്‌ ശ്രദ്ധി​ച്ചു​കേൾക്കുക. 26 വർഷം​മുമ്പ്‌ വിവാഹം കഴിച്ച കാര പറയുന്നു: “പ്രശ്‌നം ഉടനടി പരിഹ​രി​ക്കാൻ ശ്രമി​ച്ചി​ല്ലെ​ങ്കി​ലും എനിക്കു പറയാ​നു​ള്ളത്‌ ശ്രദ്ധി​ച്ചു​കേൾക്കാ​നും എന്റെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കാ​നും അദ്ദേഹം മനസ്സു​വെ​ച്ചാൽമാ​ത്രം മതി. ഞാൻ പറയു​ന്നത്‌ അംഗീ​ക​രി​ക്കു​ക​യോ പ്രശ്‌ന​ത്തിന്‌ കാരണം കണ്ടുപി​ടി​ക്കു​ക​യോ ചെയ്യണ​മെ​ന്നില്ല.”

മനസ്സി​ലു​ള്ളത്‌ വെളി​പ്പെ​ടു​ത്താൻ മടിയു​ള്ള​വ​രാണ്‌ മറ്റുചി​ലർ. ഉള്ളിലുള്ള വികാ​രങ്ങൾ തുറന്നു പറയാൻ നിർബ​ന്ധി​ച്ചാൽ അത്‌ അവരെ അലോ​സ​ര​പ്പെ​ടു​ത്തും. അത്ര എളുപ്പ​ത്തി​ലൊ​ന്നും വികാ​ര​ങ്ങ​ളു​ടെ കെട്ടഴി​ക്കാത്ത കൂട്ടത്തി​ലാണ്‌ തന്റെ ഭർത്താ​വെന്ന്‌ അടുത്തി​ടെ വിവാ​ഹി​ത​യായ ലൗറി കണ്ടെത്തി. അവൾ പറയുന്നു: “അദ്ദേഹ​ത്തി​ന്റെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെന്ന്‌ അറിയ​ണ​മെ​ങ്കിൽ ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കണം.”

പരിഹാ​രം:

വിയോ​ജി​പ്പു​ണ്ടാ​യേ​ക്കാ​വുന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ നിങ്ങൾക്ക്‌ സംസാ​രി​ക്കാ​നു​ള്ള​തെ​ങ്കിൽ പിരി​മു​റു​ക്ക​മി​ല്ലാ​തെ സ്വസ്ഥമാ​യി​രി​ക്കുന്ന സമയത്ത്‌ അതേക്കു​റി​ച്ചു ചർച്ച​ചെ​യ്യുക. എന്നാൽ ഇണ സംസാ​രി​ക്കാൻ വൈമ​ന​സ്യം കാണി​ക്കു​ന്നെ​ങ്കി​ലോ? ഈ ബൈബിൾ വാക്യം ഓർക്കു​ന്നത്‌ നന്നായി​രി​ക്കും: “മനുഷ്യ​മ​ന​സ്സി​ലെ ചിന്തകൾ ആഴത്തി​ലുള്ള വെള്ളം​പോ​ലെ​യാണ്‌; വിവേ​ക​മുള്ള മനുഷ്യൻ അത്‌ കോരി​യെ​ടു​ക്കും.” (സുഭാ​ഷി​തങ്ങൾ [സദൃശ​വാ​ക്യ​ങ്ങൾ] 20:5, ഓശാന ബൈബിൾ) കിണറ്റിൽനിന്ന്‌ വളരെ​വേ​ഗ​ത്തിൽ വെള്ളം കോരി​യെ​ടു​ത്താൽ എന്തായി​രി​ക്കും സംഭവി​ക്കുക? ബക്കറ്റിൽനിന്ന്‌ കുറേ വെള്ളം തൂകി​പ്പോ​കും. പെട്ടെന്ന്‌ കാര്യങ്ങൾ തുറന്നു പറയാൻ ഇണയെ നിർബ​ന്ധി​ക്കു​ന്ന​തും ഏതാണ്ട്‌ ഇതു​പോ​ലെ​യാ​യി​രി​ക്കും. ഹൃദയം തുറക്കാൻ ഇണ മടിക്കും, ഇണയുടെ ഉള്ളിലു​ള്ളത്‌ അറിയാ​നുള്ള അവസര​വും അതോടെ നഷ്ടമാ​കും. അതു​കൊണ്ട്‌ ആദരപൂർവം സൗമ്യ​മാ​യി കാര്യങ്ങൾ ചോദി​ച്ച​റി​യുക. നിങ്ങൾ ആഗ്രഹി​ക്കു​ന്നത്ര വേഗത്തിൽ മറുപടി കിട്ടു​ന്നി​ല്ലെ​ങ്കിൽ ക്ഷമ കാണി​ക്കുക.

ഇണ സംസാ​രി​ക്കു​മ്പോൾ ‘കേൾക്കാൻ തിടു​ക്ക​വും സംസാ​രി​ക്കാൻ സാവകാ​ശ​വും കാണി​ക്കുക; കോപ​ത്തി​നു താമസ​മു​ള്ള​വ​രും ആയിരി​ക്കുക.’ (യാക്കോബ്‌ 1:19) മറ്റൊ​രാൾ പറയുന്ന കാര്യം വെറുതെ കേട്ടി​രി​ക്കു​ന്ന​തി​നു​പ​കരം അത്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുന്ന വ്യക്തി​യാണ്‌ ഒരു നല്ല ശ്രോ​താവ്‌. അതു​കൊണ്ട്‌ ഇണ സംസാ​രി​ക്കു​മ്പോൾ അവരുടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കുക. നിങ്ങൾ അവരെ എത്രമാ​ത്രം ആദരി​ക്കു​ന്നു​ണ്ടെന്ന്‌ നിങ്ങൾ ശ്രദ്ധി​ക്കുന്ന വിധത്തിൽനിന്ന്‌ അവർക്കു തിരി​ച്ച​റി​യാൻ സാധി​ക്കും; അനാദ​ര​വി​ന്റെ എന്തെങ്കി​ലും സൂചന​യു​ണ്ടെ​ങ്കിൽ അതും.

എങ്ങനെ ശ്രദ്ധി​ക്ക​ണ​മെന്ന്‌ യേശു നമ്മെ പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, രോഗി​യായ ഒരു മനുഷ്യൻ സഹായ​ത്തി​നാ​യി യേശു​വി​നെ സമീപി​ച്ച​പ്പോൾ അവൻ ഉടനടി അയാളെ സൗഖ്യ​മാ​ക്കി​യില്ല. ആദ്യം യേശു ആ വ്യക്തി​യു​ടെ അപേക്ഷ ശ്രദ്ധിച്ചു. തുടർന്ന്‌, അയാളെ സൗഖ്യ​മാ​ക്കാൻ അത്‌ യേശു​വി​നെ പ്രേരി​പ്പി​ച്ചു. (മർക്കോസ്‌ 1:40-42) ഇണ നിങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ ഈ മാതൃക പിൻപ​റ്റുക. സഹാനു​ഭൂ​തി​യോ​ടെ​യുള്ള ഒരു സമീപ​ന​മാ​യി​രി​ക്കാം അവർക്കു വേണ്ടത്‌; അല്ലാതെ, പെട്ടെ​ന്നുള്ള ഒരു പ്രശ്‌ന​പ​രി​ഹാ​ര​മാ​യി​രി​ക്കില്ല. അതു​കൊണ്ട്‌ അവർ പറയു​ന്നത്‌ നന്നായി ശ്രദ്ധി​ക്കു​ക​യും അവരുടെ അതേ വികാ​രങ്ങൾ ഉൾക്കൊ​ള്ളാൻ ശ്രമി​ക്കു​ക​യും ചെയ്യുക. അതിനു​ശേ​ഷം​മാ​ത്രം പ്രശ്‌നം പരിഹ​രി​ക്കാൻ ശ്രമി​ക്കുക. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ അത്‌ ഇണയോ​ടുള്ള ആദരവാ​യി​രി​ക്കും.

ഇത്‌ ശ്രമി​ച്ചു​നോ​ക്കൂ: അടുത്ത തവണ ഇണ സംസാ​രി​ക്കു​മ്പോൾ പെട്ടെന്നു പ്രതി​ക​രി​ക്കാ​തെ, പറയു​ന്നത്‌ പൂർത്തി​യാ​ക്കാൻ അനുവ​ദി​ക്കുക; ഇണയുടെ വികാ​രങ്ങൾ ഉൾക്കൊ​ള്ളാ​നും ശ്രമി​ക്കുക. പിന്നീട്‌, “പറഞ്ഞതു മുഴുവൻ ഞാൻ ശ്രദ്ധി​ച്ചു​കേ​ട്ട​താ​യി തോന്നി​യോ” എന്ന്‌ ചോദിച്ച്‌ ഉറപ്പു​വ​രു​ത്തുക.

നിങ്ങൾക്ക്‌ എന്തെങ്കി​ലും പറയാനുള്ളപ്പോൾ

പ്രതി​ബന്ധം:

മുമ്പ്‌ പരാമർശിച്ച ലിൻഡ പറയുന്നു: “ടെലി​വി​ഷൻ പരിപാ​ടി​ക​ളിൽ, ഇണയെ പരിഹ​സി​ക്കു​ന്ന​തും നിന്ദി​ക്കു​ന്ന​തും അവരെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ക്കു​ന്ന​തും ഒക്കെ സാധാ​ര​ണ​സം​ഗ​തി​യാണ്‌.” ഇനി, കുടും​ബ​ത്തിൽത്തന്നെ ആദരവ്‌ കൽപ്പി​ക്കാത്ത സംസാ​ര​മാണ്‌ ചിലർ ചെറു​പ്പം​മു​തൽ കേട്ടു​വ​ള​രു​ന്നത്‌. പിന്നീട്‌ വിവാഹം കഴിക്കു​മ്പോൾ ആ രീതി ഒഴിവാ​ക്കാൻ അവർക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. കാനഡ​യിൽ താമസി​ക്കുന്ന ഐവി​യു​ടെ അനുഭവം അതാണ്‌. “കളിയാ​ക്ക​ലും ആക്രോ​ശ​വും പരിഹാ​സ​പ്പേ​രു​വി​ളി​യും പതിവായ ചുറ്റു​പാ​ടി​ലാണ്‌ ഞാൻ വളർന്നു​വ​ന്നത്‌,” അവൾ പറയുന്നു.

പരിഹാ​രം:

പങ്കാളി​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ സംസാ​രി​ക്കു​മ്പോൾ, “കേൾക്കു​ന്ന​വർക്കു ഗുണം ചെയ്യേ​ണ്ട​തിന്‌, ആത്മീയ​വർധ​ന​യ്‌ക്ക്‌ ഉതകു​ന്ന​തും സന്ദർഭോ​ചി​ത​വു​മായ നല്ല” കാര്യങ്ങൾ പറയുക. (എഫെസ്യർ 4:29) മറ്റുള്ള​വർക്ക്‌ നിങ്ങളു​ടെ ഇണയോട്‌ ആദരവ്‌ തോന്നാൻ ഇടയാ​കുന്ന വിധത്തി​ലാ​യി​രി​ക്കണം നിങ്ങളു​ടെ സംസാരം.

തനിച്ചാ​യി​രി​ക്കു​മ്പോൾപ്പോ​ലും പരസ്‌പരം കളിയാ​ക്കു​ന്ന​തും പരിഹാ​സ​പ്പേരു വിളി​ക്കു​ന്ന​തു​മൊ​ക്കെ ഒഴിവാ​ക്കുക. പുരാതന ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​ന്റെ ഭാര്യ​യായ മീഖൾ ഒരിക്കൽ ദേഷ്യം വന്നപ്പോൾ അവനെ പരിഹ​സി​ക്കു​ക​യും “നിസ്സാ​ര​ന്മാ​രിൽ ഒരുത്തൻ” എന്നു വിളിച്ച്‌ അധി​ക്ഷേ​പി​ക്കു​ക​യും ചെയ്‌തു. അവളുടെ വാക്കുകൾ ദാവീ​ദി​നെ മുറി​പ്പെ​ടു​ത്തി; അത്‌ ദൈവ​ത്തി​നും അനിഷ്ട​മാ​യി. (2 ശമൂവേൽ 6:20-23) ഇണയോട്‌ സംസാ​രി​ക്കു​മ്പോൾ വാക്കുകൾ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കണം എന്നല്ലേ ഈ അനുഭവം കാണി​ക്കു​ന്നത്‌. (കൊ​ലോ​സ്യർ 4:6) ഭാര്യ​യു​മാ​യി ഇപ്പോ​ഴും അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടാകാ​റു​ണ്ടെന്ന്‌ വിവാഹം കഴിഞ്ഞിട്ട്‌ എട്ടുവർഷ​മായ ഫിൽ പറയുന്നു. ചില​പ്പോ​ഴൊ​ക്കെ താൻ പറയുന്ന കാര്യ​ങ്ങ​ളാണ്‌ സാഹച​ര്യ​ത്തെ കൂടുതൽ വഷളാ​ക്കു​ന്ന​തെന്ന്‌ അദ്ദേഹം സമ്മതി​ക്കു​ന്നു. “സംസാ​രി​ച്ചു ‘ജയിക്കാൻ’ ശ്രമി​ക്കു​ന്നത്‌ വാസ്‌ത​വ​ത്തിൽ ഒരു തോൽവി​യാണ്‌. ഞങ്ങളുടെ ബന്ധത്തെ കരുത്തു​റ്റ​താ​ക്കി നിറു​ത്തു​ക​യാണ്‌ ഏറെ പ്രധാ​ന​വും സംതൃ​പ്‌തി​ക​ര​വും എന്ന്‌ ഞാൻ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.”

പുരാതന കാലത്ത്‌ ജീവി​ച്ചി​രുന്ന പ്രായ​മായ ഒരു വിധവ തന്റെ മരുമ​ക്കളെ ‘ഭർത്തൃ​ഗൃ​ഹ​ത്തിൽ സ്വസ്ഥത കണ്ടെത്താൻ’ ഉത്സാഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. (രൂത്ത്‌ 1:9, ഓശാന) ഇണകൾ പരസ്‌പരം മാനി​ക്കു​മ്പോൾ അവരുടെ ഭവനം “സ്വസ്ഥത”യുള്ളതാ​യി​രി​ക്കും.

ഇത്‌ ശ്രമി​ച്ചു​നോ​ക്കൂ: താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന കാര്യങ്ങൾ നിങ്ങളു​ടെ പങ്കാളി​യോട്‌ ചോദി​ക്കുക: “നിങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ മറ്റുള്ള​വ​രോട്‌ ആദര​വോ​ടെ​യാ​ണോ അതോ ഇടിച്ചു​താ​ഴ്‌ത്തുന്ന വിധത്തി​ലാ​ണോ സംസാ​രി​ക്കു​ന്നത്‌? ഞാൻ എങ്ങനെ​യാണ്‌ മെച്ച​പ്പെ​ടേ​ണ്ടത്‌?” ഇണയുടെ അഭി​പ്രാ​യങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കുക; അവ പ്രാവർത്തി​ക​മാ​ക്കാൻ ശ്രമി​ക്കുക.

പരസ്‌പര വൈജാ​ത്യ​ങ്ങൾ അംഗീകരിക്കുക

പ്രതി​ബന്ധം:

ഭാര്യ​യും ഭർത്താ​വും “ഏകശരീര”മായി​ത്തീ​രും എന്നു ബൈബിൾ പറയുന്നു. (മത്തായി 19:5) ഇതിനർഥം ഇരുവർക്കും ഏക അഭി​പ്രാ​യ​വും ഒരേ വ്യക്തി​ത്വ​വും ആയിരി​ക്കു​മെ​ന്നാ​ണോ? ചില നവദമ്പ​തി​കൾ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്നത്‌ അങ്ങനെ​യാണ്‌. പക്ഷേ, ആ ചിന്താ​ഗതി യാഥാർഥ്യ​ത്തി​നു​നേരെ കണ്ണടയ്‌ക്ക​ലാ​ണെന്ന്‌ താമസി​യാ​തെ അവർ തിരി​ച്ച​റി​യു​ന്നു. വിവാ​ഹ​ത്തി​നു​ശേഷം പലപ്പോ​ഴും അഭി​പ്രായ വ്യത്യാ​സങ്ങൾ പൊന്തി​വ​രു​ക​യും അത്‌ വാക്കു​തർക്ക​ങ്ങ​ളി​ലേക്ക്‌ നയിക്കു​ക​യും ചെയ്യുന്നു. ലിൻഡ പറയുന്നു: “ഉത്‌ക​ണ്‌ഠ​യ്‌ക്കി​ട​യാ​ക്കുന്ന കാര്യങ്ങൾ എന്നെ ബാധി​ക്കു​ന്നത്ര ഫില്ലിനെ ബാധി​ക്കാ​റില്ല എന്നതാണ്‌ ഞങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാ​സം. ഞാൻ വല്ലാത്ത പിരി​മു​റു​ക്ക​ത്തി​ലാ​യി​രി​ക്കു​മ്പോൾ അദ്ദേഹത്തെ ആ പ്രശ്‌ന​ങ്ങ​ളൊ​ന്നും അലട്ടാ​റില്ല. അതു കാണു​മ്പോൾ എനിക്കു ദേഷ്യം​വ​രും. കാര്യ​ങ്ങൾക്ക്‌ ഞാൻ കൊടു​ക്കു​ന്നത്ര ഗൗരവം അദ്ദേഹം കൊടു​ക്കി​ന്നി​ല്ല​ല്ലോ എന്ന്‌ എനിക്കു തോന്നി​പ്പോ​കും.”

പരിഹാ​രം:

പരസ്‌പരം അംഗീ​ക​രി​ക്കു​ക​യും വ്യത്യാ​സ​ങ്ങളെ മാനി​ക്കു​ക​യും ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, കണ്ണും ചെവി​യും ഒരു​പോ​ലെയല്ല പ്രവർത്തി​ക്കു​ന്നത്‌. പക്ഷേ അവ യോജി​ച്ചു പ്രവർത്തി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ റോഡ്‌ സുരക്ഷി​ത​മാ​യി മുറി​ച്ചു​ക​ട​ക്കാൻ നിങ്ങൾക്കു സാധി​ക്കു​ന്നത്‌. വിവാഹം കഴിഞ്ഞ്‌ ഏതാണ്ട്‌ 30 വർഷമായ ഏഡ്രിയൻ പറയുന്നു: “ഞങ്ങൾക്ക്‌ പലപ്പോ​ഴും വ്യത്യ​സ്‌ത​മായ അഭി​പ്രാ​യങ്ങൾ ഉണ്ടാകാ​റുണ്ട്‌. എന്നാൽ അവ ദൈവ​വ​ച​ന​ത്തിന്‌ എതിരാ​കാ​ത്തി​ട​ത്തോ​ളം ഞങ്ങൾ അത്ര കാര്യ​മാ​ക്കാ​റില്ല. വിവാ​ഹി​ത​രാ​ണെ​ന്നതു ശരിതന്നെ, പക്ഷേ, ഞങ്ങൾ ‘ക്ലോൺ’ ചെയ്യ​പ്പെ​ട്ട​വ​ര​ല്ല​ല്ലോ.”

ഇണയുടെ ഭാഗത്തു​നിന്ന്‌ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളോ പ്രതീ​ക്ഷി​ക്കാത്ത പ്രതി​ക​ര​ണ​ങ്ങ​ളോ ഉണ്ടാകു​മ്പോൾ നിങ്ങളു​ടെ ഇഷ്ടങ്ങളിൽമാ​ത്രം കടിച്ചു​തൂ​ങ്ങു​ന്ന​തി​നു​പ​കരം ഇണയുടെ വികാ​ര​ങ്ങ​ളും​കൂ​ടെ കണക്കി​ലെ​ടു​ക്കുക. (ഫിലി​പ്പി​യർ 2:4) ഏഡ്രി​യന്റെ ഭർത്താവ്‌ കൈൽ പറയുന്നു: “എല്ലായ്‌പോ​ഴും എല്ലാ കാര്യ​ങ്ങ​ളി​ലും ഭാര്യ​യു​ടെ അഭി​പ്രാ​യം മനസ്സി​ലാ​ക്കാ​നോ അതി​നോട്‌ യോജി​ക്കാ​നോ എനിക്ക്‌ കഴിയാ​റില്ല. എന്നാൽ ഞാൻ സ്‌നേ​ഹി​ക്കു​ന്നത്‌ എന്റെ അഭി​പ്രാ​യ​ത്തെയല്ല അവളെ​യാണ്‌ എന്ന കാര്യം ഞാൻ എപ്പോ​ഴും ഓർക്കു​ന്നു. അവളുടെ സന്തോ​ഷ​മാണ്‌ എന്റെയും സന്തോഷം.”

ഇത്‌ ശ്രമി​ച്ചു​നോ​ക്കൂ: നിങ്ങ​ളെ​ക്കാൾ മെച്ചമായ വിധത്തിൽ ഇണ കാര്യ​ങ്ങളെ കാണു​ന്ന​തോ അല്ലെങ്കിൽ കൈകാ​ര്യം ചെയ്യു​ന്ന​തോ എങ്ങനെ​യെന്ന്‌ ശ്രദ്ധി​ക്കുക.—ഫിലി​പ്പി​യർ 2:3.

പരസ്‌പ​ര​മുള്ള ആദരവാണ്‌ സന്തുഷ്ട​വും സുദീർഘ​വു​മായ ദാമ്പത്യ​ത്തി​ന്റെ ഒരു വിജയ​ര​ഹ​സ്യം. “ആദരവ്‌ വൈവാ​ഹിക ജീവി​ത​ത്തിന്‌ സംതൃ​പ്‌തി​യും കെട്ടു​റ​പ്പും നൽകും. തീർച്ച​യാ​യും വളർത്തി​യെ​ടു​ക്കേണ്ട ഒരു ഗുണം​തന്നെ,” ലിൻഡ പറയുന്നു.

a പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

നിങ്ങ​ളോ​ടു​തന്നെ ചോദിക്കുക

  • ഇണയ്‌ക്ക്‌ ഉണ്ടായി​രുന്ന വ്യത്യ​സ്‌ത​മായ വീക്ഷണം കുടും​ബ​ത്തിന്‌ ഗുണം​ചെ​യ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

  • ബൈബിൾ തത്ത്വങ്ങൾ ലംഘി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ ഇണയുടെ ഇഷ്ടങ്ങൾക്ക്‌ വഴങ്ങി​ക്കൊ​ടു​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?